വരൂ; നമുക്ക് 'മസ്‌കനുകള്‍' നിര്‍മിക്കാം
മനുഷ്യര്‍ പാര്‍ക്കുന്ന ഇടങ്ങളെ 'മസ്‌കനുകള്‍' അഥവാ ശാന്തിവീടുകള്‍ എന്നാണ് ഖുര്‍ആന്‍ വിളിക്കുന്നത്. ആ വിളിയില്‍ ഇസ്‌ലാമിക കുടുംബജീവിതത്തിന്റെ സൗന്ദര്യം തിളങ്ങുന്നുണ്ട്. ഒറ്റക്ക് ഒരു മരം പൂത്തുനില്‍ക്കുന്ന പോലെ, ഒറ്റ വാക്കില്‍ ഒരു ജീവിതത്തെ വരക്കുന്നു ഖുര്‍ആന്‍. ദൈവദൂതന്മാരാണ് വീടുനിര്‍മാണത്തിന് നിത്യവെളിച്ചം പ്രദാനം ചെയ്തത്. എഞ്ചിനീയര്‍മാര്‍ കല്ലും സിമന്റും കമ്പിയും കൊണ്ട് വീടുകള്‍ പണിയുന്ന കലയാണ് പഠിപ്പിച്ചതെങ്കില്‍, പ്രവാചകന്മാര്‍ മൂല്യങ്ങള്‍ കൊണ്ട് വീടൊരുക്കുന്നതിന്റെ കലയാണ് പകര്‍ന്നു നല്‍കിയത്. ചെത്തിയെടുത്ത കല്ലും ഈത്തപ്പന മട്ടലുമുപയോഗിച്ച് പുരകെട്ടിയിരുന്ന അറേബ്യന്‍ ഗോത്രവര്‍ഗങ്ങളെ സനാതന മൂല്യങ്ങളാല്‍ ജീവിതം പടുത്തുയര്‍ത്താന്‍ പ്രാപ്തമാക്കുകയായിരുന്നു അന്ത്യ പ്രവാചകന്‍. അവിടുന്ന് പഠിപ്പിച്ച വീടുനിര്‍മാണത്തില്‍ ഏകദൈവ ബോധ്യത്തിന്റെ അടിത്തറയുണ്ടായിരുന്നു. പരലോക ചിന്തയുടെ മേല്‍ക്കൂരയും ചുമരുകളുമുണ്ടായിരുന്നു. മനഃശാന്തിയുടെ കുളിരുണ്ടായിരുന്നു. പ്രണയത്തിന്റെ അനുഭൂതി വര്‍ണങ്ങളുണ്ടായിരുന്നു. കരുണയുടെ കരുതലും കരുത്തുമുണ്ടായിരുന്നു. സര്‍വോപരി ഐശ്വര്യത്തിന്റെ നിലാവെളിച്ചമുണ്ടായിരുന്നു.
വിശ്വാസത്തിന്റെ മൂല്യം
അടിത്തറ ദുര്‍ബലപ്പെട്ടാല്‍ എടുപ്പുകള്‍ നിലംപൊത്തും. മേല്‍ക്കൂരയില്ലെങ്കില്‍ വീട് വീടല്ലാതാകും. വിശ്വാസി നിര്‍മിക്കുന്ന വീടിന്റെ അടിത്തറയും മേല്‍ക്കൂരയും വിശ്വാസമത്രെ. ഏകദൈവബോധവും പരലോകചിന്തയും. മനുഷ്യ മഹാ സഞ്ചയത്തിന്റെ ചരിത്രസാകല്യത്തെ ഒറ്റവാക്യത്തിലടയാളപ്പെടുത്തുമ്പോള്‍, 'നിങ്ങളുടെ മേല്‍ പടച്ചവന്റെ കണ്ണുണ്ട്' എന്നാണ് ഖുര്‍ആന്റെ ഓര്‍മപ്പെടുത്തല്‍ (4:1). 'കാര്യം കടുകു മണിയോളമാണെങ്കിലും പരലോക വിചാരണയില്‍ അതും കൊണ്ടുവരു'മെന്നുണര്‍ത്തുമ്പോള്‍, കുടുംബജീവിതത്തെയും സൂക്ഷ്മതയുടെ വസ്ത്രമണിയിക്കുന്നു ഖുര്‍ആന്‍ (31:16).
വിശ്വാസിയുടെ വീടുനിര്‍മാണ സങ്കല്‍പം പൂര്‍ണതയില്‍ പൂവണിയുന്നത് മരണാനന്തരമത്രെ. 'ആ പരലോക ഭവനം' (തില്‍കദ്ദാറുല്‍ ആഖിറ) എന്ന ഖുര്‍ആനിക പ്രയോഗമോര്‍ക്കുക. വിശ്വാസിനിയായ ഫിര്‍ഔന്റെ ഭാര്യ പ്രാര്‍ഥിച്ചത്; 'നാഥാ! സ്വര്‍ഗത്തില്‍ നിന്റെ ചാരത്തായി ഈയുള്ളവള്‍ക്ക് ഒരു വീടൊരുക്കേണമേ' (66:11) എന്നായിരുന്നു. ഒരിക്കല്‍, നബിശിഷ്യനായ അബൂദ്ദര്‍ദാഅ് തന്റെ വീടിന്റെ ലാളിത്യത്തില്‍ അമ്പരന്നുപോയ അതിഥികളോടായി പറഞ്ഞത്, 'ഞങ്ങളുടെ വീട് അവിടെയാണ്...' എന്നായിരുന്നു. മലയുടെ അപ്പുറത്ത് 'പണിപൂര്‍ത്തിയായിക്കൊണ്ടിരിക്കുന്ന' തങ്ങളുടെ പുതിയ വീടിനെക്കുറിച്ച് അദ്ദേഹം വാചാലനായിക്കൊണ്ടിരുന്നു. അവിടേക്കെത്താന്‍ മലകയറാനുണ്ടെന്നും കയറ്റം കയറുമ്പോള്‍ ഭാരങ്ങള്‍ ഒഴിവാക്കലല്ലേ നല്ലത് എന്നുമായിരുന്നു അദ്ദേഹത്തിന്റെ ചോദ്യം. ആ വാക്കുകള്‍ നബിസദസ്സില്‍നിന്ന് ജീവിതം ഗ്രഹിച്ചവന്റെ വാക്കുകളായിരുന്നു. അത് കാഴ്ചപ്പാടിന്റെ മനോഹരമായ മതാത്മകതയായിരുന്നു. ഭൗതികവാദത്തിന്റെ ഇടുങ്ങിയ അതിര്‍ത്തികളെ ഭേദിക്കുന്ന വിശ്വാസ വിഭാവനയായിരുന്നു. അബുദ്ദര്‍ദാഅ് ദുന്‍യാവിലിരുന്ന് പരലോകത്തേക്കുള്ള പാലം കെട്ടുകയായിരുന്നു. അത് ആയുഷ്‌കാലത്ത് അപൂര്‍വമായി മാത്രം തന്റെ മാളികയില്‍നിന്ന് പുറത്തിറങ്ങിയ എപിക്യൂറസിന്റെ സുഖഭോഗ സിദ്ധാന്തത്തിന്റെ നേര്‍വിപരീതമായിരുന്നു.
മനഃശാന്തിയുടെ മൂല്യം
മനഃശാന്തി(സകീനത്ത്) കളിയാടുന്ന ഇടമാണ് 'മസ്‌കന്‍' (ശാന്തിവീട്). അത് നബിപത്‌നി ഖദീജയുടെ പാര്‍പ്പിടത്തിന്റെ പര്യായമായിരുന്നു. 'എന്നെ പുതപ്പിക്കൂ... ഞാന്‍ ഇപ്പോള്‍ മരിക്കു'മെന്ന് ബേജാറായ പ്രിയതമന്റെ കാതില്‍ മനഃശാന്തിയുടെ തേന്‍മൊഴികള്‍ കൊണ്ട് തഴുകുകയായിരുന്നു ഖദീജ. ആ മൊഴിമുത്തുകള്‍ നബിമാനസത്തെ കുളിരണിയിച്ചു. ഇത്തരം പാരസ്പര്യങ്ങളാലത്രെ കേവലം മന്‍സിലുകള്‍ 'മസ്‌കനു'കളായിത്തീരുന്നത്.
നമ്മുടെ വീടകങ്ങള്‍ തീപ്പാറുന്ന അധികാരത്തര്‍ക്കത്തിന്റെ അങ്കത്തട്ടുകളാകുന്നതിനു പകരം, ശാന്തിമന്ദിരങ്ങളാക്കുന്നതെങ്ങനെയാണ്? അഥവാ ശാന്തിവീടുകളുടെ കെമിസ്ട്രിയെന്താണ്? ഇതിന് ദൈവദൂതന്മാരുടെ ഉത്തരങ്ങളെ 'ധര്‍മം' എന്ന ഒറ്റവാക്കില്‍ നമുക്ക് സംഗ്രഹിക്കാം. നമ്മള്‍ മറ്റുള്ളവര്‍ക്കായി കൊടുക്കേണ്ടത് എന്തോ അതാണ് ധര്‍മം. മറ്റുള്ളവരില്‍നിന്ന് കിട്ടേണ്ടത് അവകാശവും. കൊടുക്കേണ്ടത് കൊടുക്കുമ്പോള്‍ കിട്ടേണ്ടത് കിട്ടും. അവകാശബാധ്യതകളുടെ ഈ സന്തുലനത്തിലാണ് കുടുംബജീവിതത്തിന്റെ സൗന്ദര്യം. എന്നാല്‍ കിട്ടേണ്ടതിനെച്ചൊല്ലി മാത്രം കലമ്പുകയും കൊടുക്കേണ്ടത് മറക്കുകയും ചെയ്യുമ്പോഴത്രെ കുടുംബങ്ങളുടെ കുഴ തെറ്റുന്നതും ഗൃഹങ്ങള്‍ കാരാഗൃഹങ്ങളായി മാറുന്നതും.
പ്രണയത്തിന്റെ മൂല്യം
പ്രണയം ഒരശ്ലീല പദമല്ല. കാമം ഒരപരാധവുമല്ല. അനുഭൂതിദായകമാണവ. പക്ഷേ, വെക്കേണ്ടിടത്ത് തന്നെ വെക്കണമെന്ന് മാത്രം. 'സ്ഥാനം തെറ്റിച്ച പുസ്തകം നഷ്ടപ്പെട്ട പുസ്തക'മെന്ന ലൈബ്രറി അറിയിപ്പ് പോലെ സ്ഥാനം തെറ്റിവെക്കുമ്പോള്‍ പ്രണയവും അശ്ലീലമായിത്തീരും. വാസ്തവത്തില്‍, പ്രണയത്തിന്റെ സ്ഥാനം ഇണകള്‍ക്കിടയിലാണ് (ഖുര്‍ആന്‍ 30:21). ചരിത്രത്തിലെ പ്രവാചക ദാമ്പത്യം പ്രണയസുരഭിലമായിരുന്നു. നമ്മള്‍ കേട്ട എല്ലാ ഭ്രമാത്മക പ്രേമകഥകള്‍ക്കുമപ്പുറം ആഴം തൊട്ട ആത്മാര്‍ഥ പ്രണയാനുഭവങ്ങളായിരുന്നു അവ. 'താങ്കള്‍ ഇടപഴകുന്നവരില്‍ ഏറ്റവും സ്‌നേഹിക്കുന്നതാരെ?' എന്ന അംറുബ്‌നുല്‍ ആസ്വിന്റെ ചോദ്യത്തിന് 'എന്റെ പ്രിയതമയെ, ഖദീജയെ...' എന്നുത്തരം നല്‍കി പ്രവാചകന്‍. ഖദീജ വേര്‍പെട്ട് വര്‍ഷങ്ങള്‍ കഴിഞ്ഞും തന്റെ വീട്ടില്‍ ഒരു വിശിഷ്ടാഹാരം പാകം ചെയ്താല്‍ അതിന്റെ ഓഹരി ഖദീജയുടെ ആളുകള്‍ക്ക് കൊടുത്തയക്കുമായിരുന്നു തിരുനബി. മക്കാ വിജയനാളില്‍ കഅ്ബാലയത്തിലേക്ക് അടുക്കുമ്പോള്‍ പോലും ഖദീജ അന്ത്യനിദ്ര കൊള്ളുന്ന ദിക്കിലേക്ക് നന്ദിപൂര്‍വം നോക്കിക്കൊണ്ടിരുന്ന അവിടുത്തെ ഹൃദയത്തിലെ പ്രണയത്തിന്റെ അളവെത്രയാകാം! ജയപരാജയങ്ങളുടെ ഓരോ ഘട്ടത്തിലും ഖദീജയുടെ മുഖകമലം അവിടുത്തെ മനസ്സില്‍ തെളിഞ്ഞുവരുമായിരുന്നു. ഖദീജയുമായി ശബ്ദസാമ്യമുള്ള സഹോദരി ഹാലയുടെ സംസാരം കേള്‍ക്കവെ, ഖദീജയുടെ ഓര്‍മകളാല്‍ അവിടുത്തെ മുഖം വികസിക്കുമായിരുന്നു. ആഇശ കുടിച്ച ശേഷം വെള്ളപ്പാത്രം നല്‍കുമ്പോള്‍ അവര്‍ ചുണ്ടു വെച്ചേടത്ത് തന്റെ ചുണ്ടുകള്‍ ചേര്‍ത്തുവെച്ച് ഇണയോടുള്ള പ്രണയം പ്രകാശിപ്പിക്കുമായിരുന്നു പ്രവാചകന്‍. ഈ പ്രണയം ഇണകള്‍ക്കിടില്‍ ഇല്ലാതാകുമ്പോഴാണ് ദാമ്പത്യജീവിതത്തില്‍ മരുഭൂമികളും ഭൂകമ്പങ്ങളുമുണ്ടാകുന്നത്.
കാരുണ്യത്തിന്റെ മൂല്യം
ഒരു ഖുദ്‌സീ ഹദീസില്‍, കാരുണ്യവാനായ നാഥന്‍ തന്റെ നാമങ്ങളിലൊന്നെടുത്ത് കുടുംബത്തിന് നല്‍കിയെന്ന് പറയുന്നുണ്ട്. അഥവാ കാരുണ്യമാണ് കുടുംബത്തിന്റെ കാമ്പും കാതലും. കുടുംബജീവിതത്തിന്റെ അടിയൊഴുക്കായി കരുണയുടെ പുഴ ഒഴുകിക്കൊണ്ടേയിരിക്കണം. രക്ഷിതാക്കള്‍ വാര്‍ധക്യം പ്രാപിച്ചാല്‍ അനുചിതമായ ഒരു വാക്കിനാല്‍ പോലും അവരെ നോവിക്കരുതെന്നും കാരുണ്യത്താലുള്ള വിനയത്തിന്റെ ചിറക് അവര്‍ക്കായി വിടര്‍ത്തികൊടുക്കണമെന്നുമത്രെ ഖുര്‍ആന്റെ ആഹ്വാനം. ഒരിക്കല്‍ മാതാപിതാക്കളോടുള്ള ബാധ്യതകളെന്താണെന്ന ചോദ്യത്തിന്, 'അവരാണ് നിന്റെ സ്വര്‍ഗവും നരകവും' എന്നായിരുന്നു ആറ്റിക്കുറുക്കിയുള്ള പ്രവാചകന്റെ പ്രതികരണം.
ഒരിക്കല്‍ തന്നെക്കാള്‍ അല്‍പം മാത്രം ചെറുതായ അനുജനെ കഷ്ടപ്പെട്ട് എടുത്തുകൊണ്ട് റെയില്‍പാളം മുറിച്ച് കടക്കുകയായിരുന്നു ഒരു നാടോടി പെണ്‍കുട്ടി. അവളോട് കാഴ്ചക്കാരനായ ഒരാള്‍, 'കുട്ടീ അവന് നടക്കാമല്ലോ... നടത്തിച്ച് കൊണ്ടുപോകൂ, നല്ല ഭാരമില്ലേ' എന്ന് ചോദിച്ചു. 'ഭാരമോ? ഇവനെന്റെ അനുജനല്ലേ' എന്നായിരുന്നു അവളുടെ മറുപടി. ഉമ്മയാകുമ്പോള്‍, ഉപ്പയാകുമ്പോള്‍, കൂടപ്പിറപ്പുകളാകുമ്പോള്‍ ഭാരങ്ങള്‍ ഭാരങ്ങളല്ലാതായിത്തീരുന്ന ഇടമാണ് കുടുംബം. കുടുംബാംഗങ്ങള്‍ കരുണയോടെ പെരുമാറവെ, ആയാസങ്ങള്‍ ആശ്വാസങ്ങളായി മാറും. കണ്ണീര്‍കണങ്ങള്‍ പോലും കരുത്തായിത്തീരും.
ഐശ്വര്യത്തിന്റെ മൂല്യം
ഭൗതിക വിഭവങ്ങളുടെ ധാരാളിത്തത്തിലല്ല, മനസ്സിന്റെ ധന്യതയിലാണ് ഐശ്വര്യമെന്നത് പ്രവാചകപാഠം. ആത്മസംതൃപ്തിയുടെ സുഗന്ധമാണ് ഐശ്വര്യമെന്ന് ജുനൈദുല്‍ ബഗ്ദാദി. കേവല ഭൗതിക സൗകര്യങ്ങളുടെ ആധിക്യമാണ് ഐശ്വര്യമെന്ന മുതലാളിത്ത ചിന്തയെ ഖുര്‍ആന്‍ പൊളിച്ചടുക്കിയിട്ടുണ്ട്(6:44). എന്നാല്‍, വിശ്വാസവും സൂക്ഷ്മതയുമുണ്ടെങ്കില്‍ ആകാശഭൂമികളുടെ ഐശ്വര്യകവാടങ്ങള്‍ തുറക്കാമെന്നും ഖുര്‍ആന്‍ മോഹിപ്പിക്കുന്നുണ്ട് (7:96). അതിനുമപ്പുറം മൂല്യാധിഷ്ഠിത ജീവിതപാതയിലൂടെ സ്വര്‍ഗത്തിലേക്ക് സകുടുംബം എത്തിച്ചേരാമെന്ന ഉറപ്പും ഖുര്‍ആന്‍ നല്‍കുന്നു(13:23,24).
സഅ്ദിയുടെ ഒരു കഥയുണ്ട്. ഒരിക്കല്‍ അദ്ദേഹം ദമസ്‌കസിലെത്തിയപ്പോള്‍ ചെരുപ്പ് പൊട്ടിപ്പോയി. മറ്റൊന്ന് വാങ്ങാന്‍ പണമില്ല. ആത്മീയവഴിയില്‍ താനിത്ര മികവ് നേടിയിട്ടും ഒരു ചെരുപ്പ് വാങ്ങാന്‍ പോലുമാകാത്ത നിലയിലാണല്ലോ അല്ലാഹു തന്നെ എത്തിച്ചത് എന്ന ചിന്ത അദ്ദേഹത്തെ അലോസരപ്പെടുത്തിക്കൊണ്ടിരുന്നു ('ചെറുകാറ്റുകള്‍ മതി നമ്മുടെ മനസ്സുകള്‍ തൂവലുകള്‍ പോലെ ഇളകിയാടാന്‍' എന്ന് ഇമാം റാസി). അങ്ങനെ പള്ളിയിലേക്ക് ചെന്നപ്പോള്‍ കണ്ട കാഴ്ച അദ്ദേഹത്തെ പശ്ചാത്താപവിവശനാക്കി. എന്തെന്നാല്‍ രണ്ട് കാലുകളുമില്ലാത്ത ഒരാള്‍ അവിടെ ഇരിക്കുന്നുണ്ടായിരുന്നു. തന്നേക്കാള്‍ താഴെയുള്ളവരിലേക്ക് നോക്കാനത്രെ പ്രവാചകനിര്‍ദേശം. കിട്ടാത്തതിലുള്ള പരിഭവങ്ങള്‍ക്ക് പകരം കിട്ടിയതിലുള്ള കൃതാര്‍ഥതയാണ് ജീവിതത്തെ സന്തോഷഭരിതമാക്കുന്നത്.
****
'നിങ്ങളിലുത്തമര്‍ കുടുംബിനികളോട് ഉദാത്തമായി ഇടപഴകുന്നവരാണ്' എന്ന നബിമൊഴി ശ്രദ്ധേയമാണ്. ചെറുതല്ല ആ ചെറുവാക്യം. അത് എല്ലാവര്‍ക്കും സ്വയമളക്കാനുള്ള മാപിനിയായിത്തീരുന്നു. കരുണയിലും പ്രണയത്തിലും സഹനത്തിലും സൗമ്യതയിലും ഉദാരതയിലും ഉദാത്ത മാതൃകകള്‍ തീര്‍ത്തുകൊണ്ടാണ് വാമൊഴിയായി ആ വചനം തിരുനബിയുടെ നാവിന്‍തുമ്പത്ത് ഉതിര്‍ന്നുവീണത്.
വിവിധ ജീവിതരംഗങ്ങളില്‍ വിജയക്കൊടി പാറിച്ചവര്‍ പലരും പക്ഷേ, കുടുംബരംഗത്ത് ദയനീയമായി തോറ്റുപോയത് വിശകലനമര്‍ഹിക്കുന്ന വിഷയമാണ്. ലോകം കണ്ട വലിയ രാഷ്ട്രീയ പ്രതിഭയാണെങ്കിലും ഗാന്ധിജി നല്ല ഗൃഹസ്ഥനായിരുന്നില്ലെന്ന് സാക്ഷ്യപ്പെടുത്തിയത് അനുഭവസ്ഥനായ അദ്ദേഹത്തിന്റെ മകനായിരുന്നു. ലോകം കണ്ട വലിയ ശാസ്ത്രപ്രതിഭയായിരുന്ന ഐന്‍സ്റ്റൈന്റെ കലഹം നിറഞ്ഞ കുടുംബജീവിതത്തില്‍നിന്ന് ഭാര്യ മിലേവ, കുട്ടികളെയുമെടുത്ത് ഇറങ്ങിപ്പോവുകയായിരുന്നു. വലിയ കലാകാരനായിരുന്ന പാബ്‌ലൊ പിക്കാസോ, പരപീഡനാസക്തിയുള്ളവനായിരുന്നുവെന്ന് വെളിപ്പെടുത്തിയത് അദ്ദേഹത്തോടൊപ്പം ജീവിതം പങ്കിട്ടവള്‍ തന്നെയായിരുന്നു. സാഹിത്യസാമ്രാട്ടും നൊബേല്‍ ജേതാവുമായിരുന്ന വി.എസ് നെയ്‌പോളിന്റെ മനുഷ്യത്വരഹിതമായ പെരുമാറ്റത്തെക്കുറിച്ച് ലോകത്തെ അറിയിച്ചത് അര്‍ബുദരോഗിയായ അദ്ദേഹത്തിന്റെ ഭാര്യയായിരുന്നു.
പ്രബുദ്ധത സ്വയം പതിച്ചെടുത്ത കേരളത്തിലെ കുടുംബവ്യവസ്ഥക്ക് എന്താണ് സംഭവിച്ചുകൊണ്ടിരിക്കുന്നത്? ജി.കെ ചെസ്റ്റര്‍ട്ടണ്‍ നിരീക്ഷിച്ചതുപോലെ, കേരളത്തിലെ വിശ്വാസികള്‍ മതത്തെ തത്ത്വമായി ചുരുക്കി, അതിനെ പ്രണയമായി വളര്‍ത്തുന്നതില്‍ പരാജയപ്പെട്ടുകൊണ്ടിരിക്കുന്നു. കുടുംബശൈഥില്യങ്ങളുടെ കണക്ക് ഭീതിദമാംവിധം പെരുകിവരുന്നു. മണിക്കൂറില്‍ അഞ്ച് വിവാഹമോചനങ്ങളെങ്കിലും നടക്കുന്ന ഇടമായി ദൈവത്തിന്റെ സ്വന്തം നാട് അടയാളപ്പെട്ടുകഴിഞ്ഞിരിക്കുന്നു. പത്ത് വയസ്സായ പേരമകളുടെ മേല്‍ പരാക്രമം കാണിച്ച കുണ്ടറയിലെ മുത്തഛനും മൗനം പാലിച്ച കുടുംബാംഗങ്ങളും പതിനേഴുകാരിയുടെ ഗര്‍ഭത്തിനുത്തരവാദിയായ പന്ത്രണ്ടുകാരനും കുടുംബമെന്ന വിശ്വാസത്തെ വെല്ലുവിളിക്കുമ്പോള്‍, ഒറ്റവഴിയേ നമ്മുടെ മുന്നിലുള്ളൂ; വഴികാട്ടികളായ പ്രവാചകന്മാര്‍ കാണിച്ച വഴിയില്‍ ആഞ്ഞു നടക്കുക. മൂല്യങ്ങള്‍ കൊണ്ട് വീട് പണിയുന്ന ആ പഴയ കലാവിദ്യയെ വീണ്ടെടുക്കുക. വരൂ, പ്രവാചക മാതൃകയില്‍ നമുക്ക് 'മസ്‌കനുകള്‍' നിര്‍മിക്കാം.......
Comments