Prabodhanm Weekly

Pages

Search

2017 മെയ് 05

3000

1438 ശഅ്ബാന്‍ 08

ഖത്തര്‍ ഫൗണ്ടേഷന്‍ അറബിക് സംവാദം ശ്രദ്ധേയമായി

സുബൈര്‍ കുന്ദമംഗലം

ദോഹ: ഖത്തര്‍ ഫൗണ്ടേഷന്റെ കീഴിലുള്ള ഖത്തര്‍ ഡിബേറ്റ് സെന്റര്‍ ഏപ്രില്‍ രണ്ടാം വാരം ദോഹയില്‍ സംഘടിപ്പിച്ച അന്താരാഷ്ട്ര അറബിക് സംവാദം ശ്രദ്ധേയമായി. ഇത്തരം ഡിബേറ്റുകള്‍ വിവിധ രാജ്യങ്ങള്‍ക്കിടയില്‍ സാമൂഹിക-സാംസ്‌കാരിക സഹവര്‍ത്തിത്വവും സമന്വയവും വളര്‍ത്തുമെന്ന് ഡിബേറ്റ് ചാമ്പ്യന്‍ഷിപ്പ് മത്സരത്തില്‍ പങ്കെടുത്തവര്‍ അഭിപ്രായപ്പെട്ടു. ഖത്തര്‍ ഫൗണ്ടേഷന്‍ വൈസ് ചെയര്‍പേഴ്‌സനും സി.ഇ.ഒയുമായ ശൈഖ ഹിന്ദ് ബിന്‍ത് ഹമദ് ആല്‍ഥാനിയുടെ രക്ഷാകര്‍തൃത്വത്തിലാണ് ഡിബേറ്റ് നടന്നത്.

വ്യത്യസ്ത ചിന്താഗതിക്കാരെയും ആശയക്കാരെയും ഉള്‍ക്കൊള്ളാനും ആദരിക്കാനും ഡിബേറ്റ് ഉപകരിക്കുമെന്നതില്‍ സംശയമില്ല. വിശാല വീക്ഷണവും നൂതന സാംസ്‌കാരിക പരിപ്രേക്ഷ്യവും സൃഷ്ടിക്കാന്‍ ഇത്തരം ഡിബേറ്റുകള്‍ക്ക് സാധിക്കും. ലോകത്തിന്റെ നാനാ ഭാഗങ്ങളില്‍നിന്നുള്ള അറബി ഭാഷാ പഠിതാക്കളുടെയും ഭാഷാപ്രേമികളുടെയും സംഗമമായി ഡിബേറ്റ് വേദി. 

ഖത്തര്‍ നാഷ്‌നല്‍ കണ്‍വെന്‍ഷന്‍ സെന്ററില്‍ നടന്ന ഡിബേറ്റ് ചാമ്പ്യന്‍ഷിപ്പ് മത്സരത്തില്‍ ഏഷ്യ, ആഫ്രിക്ക, അമേരിക്ക, യൂറോപ്പ്, ആസ്‌ത്രേലിയ വന്‍കരകളില്‍നിന്നുള്ള 89 ടീമുകള്‍ മാറ്റുരച്ചു. 48 ലോക രാഷ്ട്രങ്ങളെ പ്രതിനിധീകരിച്ച് വിദ്യാര്‍ഥികളും സംവാദത്തിന്റെ ഭാഗമായി. ആധുനിക ലോകം അഭിമുഖീകരിക്കുന്ന സങ്കീര്‍ണ വിഷയങ്ങളാണ് ഡിബേറ്റില്‍ ചര്‍ച്ചയായത്. വാദങ്ങളും മറുവാദങ്ങളും പരിഹാര നിര്‍ദേശങ്ങളും പ്രസംഗകര്‍ ചടുലമായി അവതരിപ്പിച്ചു.

അറബ് നാടുകളില്‍നിന്ന് യൂറോപ്പ്, അമേരിക്ക പോലുള്ള പാശ്ചാത്യ നാടുകളില്‍ കുടിയേറിപ്പാര്‍ത്തവരും ഇന്ത്യ, ബംഗ്ലാദേശ്, പാകിസ്താന്‍, ചൈന പോലുള്ള രാജ്യങ്ങളില്‍നിന്നുള്ള അറബി ഭാഷാ പാരമ്പര്യമില്ലാത്തവരും അറബ് രാജ്യക്കാരും ഒരേ വേദിയില്‍ മാറ്റുരച്ചത് കൗതുകമുണര്‍ത്തി. അഞ്ച് റൗണ്ട് മത്സരത്തില്‍ ഇന്ത്യന്‍ ടീമുകള്‍ ഫൈനലില്‍ എത്തിയില്ലെങ്കിലും മൂന്നും നാലും റൗണ്ടുകളിലെത്തിയത് വലിയ നേട്ടമാണെന്ന് കാലിക്കറ്റ് യൂനിവേഴ്‌സിറ്റി അറബിക് വിഭാഗം തലവന്‍ ഡോ. എ.ബി മൊയ്തീന്‍ കുട്ടി പറഞ്ഞു. അല്‍പം ജാഗ്രതയും ശ്രദ്ധാപൂര്‍വമായ പരിശീലനവും ഉണ്ടെങ്കില്‍ കൂടുതല്‍ ടീമുകളെയും സ്ഥാപനങ്ങളെയും പങ്കെടുപ്പിക്കാനും വിജയിക്കാനും സാധിക്കുമെന്ന് അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു.

ഖത്തര്‍ ഫൗണ്ടേഷന്‍ നടത്തുന്ന നാലാമത്തെ ഡിബേറ്റാണിത്. കേരളത്തില്‍നിന്നുള്ള മത്സരാര്‍ഥികള്‍ ആദ്യമായി അറബിക് ഡിബേറ്റില്‍ പങ്കെടുത്തു. ദല്‍ഹി ജവഹര്‍ലാല്‍ നെഹ്‌റു യൂനിവേഴ്‌സിറ്റി, കാലിക്കറ്റ് യൂനിവേഴ്‌സിറ്റി, ചെമ്മാട് ദാറുല്‍ ഹുദാ തുടങ്ങിയ സ്ഥാപനങ്ങളിലെ വിദ്യാര്‍ഥികളാണ് ഇന്ത്യയെ പ്രതിനിധീകരിച്ചത്. 

യുവതലമുറയെ ശാക്തീകരിക്കുന്നതിനും സാംസ്‌കാരിക വിനിമയങ്ങള്‍ക്കും ഇത്തരം ഡിബേറ്റുകള്‍ ഉതകുമെന്ന് സമാപന ചടങ്ങില്‍ ശൈഖ ഹിന്ദ് ബിന്‍ത് ഹമദ് ആല്‍ഥാനി അഭിപ്രായപ്പെട്ടു. ഖത്തര്‍ ഡിബേറ്റ് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഡോ. ഹയാത്ത് അബ്ദുല്ല മആറഫി സംസാരിച്ചു. മത്സരത്തില്‍ ഖത്തര്‍ യൂനിവേഴ്‌സിറ്റി ടീമാണ് ജേതാക്കളായത്. മലേഷ്യന്‍ ഇന്റര്‍നാഷ്‌നല്‍ യൂനിവേഴ്‌സിറ്റി ടീം രണ്ടാം സ്ഥാനത്തും ഖത്തര്‍ യൂനിവേഴ്‌സിറ്റി വനിതാ വിഭാഗം മൂന്നാം സ്ഥാനത്തുമെത്തി. ശൈഖ ഹിന്ദ് ബിന്‍ത് ഹമദ് ആല്‍ഥാനി ജേതാക്കള്‍ക്ക് പുരസ്‌കാരങ്ങള്‍ സമ്മാനിച്ചു.

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-26 / അശ്ശുഅറാഅ് (72 - 77)
എ.വൈ.ആര്‍

ഹദീസ്‌

സത്യസന്ധത എന്ന ഉത്കൃഷ്ട മൂല്യം
സി.എം റഫീഖ് കോക്കൂര്‍