പരന്ന വായന തുറന്നുതന്ന കവാടങ്ങള്‍
പ്രായം എഴുപതു പിന്നിടുകയും ജീവിതസായാഹ്നം ഒരു പച്ചപ്പരമാര്‍ഥമായി മുന്നില്‍ വരികയും ചെയ്തിരിക്കെ മനസ്സിനെ പ്രയാസപ്പെടുത്തുന്ന ഒരു ചോദ്യമുണ്ട്: കണ്ണിന് കാഴ്ച മങ്ങി വായന എന്നെന്നേക്കുമായി മുടങ്ങിയാല്‍ എന്തു ചെയ്യും ഞാന്‍? വായിച്ചുകേള്‍പ്പിക്കാന്‍ മറ്റൊരാളെ ഏര്‍പ്പാടാക്കാമെന്നു വെച്ചാല്‍ പോലും അത് ഇതുവരെ ശീലിച്ചിട്ടില്ല. ശീലിക്കാമെന്നു വെച്ചാലും അപ്പണിക്ക് ആരെയും കിട്ടുകയുമില്ല. അങ്ങനെയൊരു ധര്‍മസങ്കടത്തിനവസരമുണ്ടാക്കരുതേ എന്ന് കരുണാവാരിധിയോട് ഉള്ളഴിഞ്ഞു പ്രാര്‍ഥിക്കുകയേ ഗതിയുള്ളൂ. വായന അത്രക്ക് ദൗര്‍ബല്യമായിപ്പോയി. പ്രൈമറി സ്‌കൂള്‍ വിദ്യാര്‍ഥിയായിരിക്കുമ്പോഴേ തുടങ്ങിയതാണ് വായന എന്ന 'രോഗം'. കടകളില്‍നിന്ന് സാധനങ്ങള്‍ പൊതിഞ്ഞുവരുന്ന പത്രത്താളുകള്‍വരെ വായിച്ചുനോക്കുമായിരുന്നു. വീട്ടില്‍ വരുന്ന ദിനപത്രവും അരിച്ചുപെറുക്കി വായിക്കുമായിരുന്നു. അന്ന് വായിച്ച ചില പ്രാദേശിക വാര്‍ത്തകള്‍ ഇപ്പോഴും ഓര്‍മയിലുണ്ട്. 'കക്കാട് മലയില്‍ നരിശല്യം' ഒരുദാഹരണം. പതിനൊന്നാം വയസ്സില്‍ അല്‍ മദ്‌റസത്തുല്‍ ഇസ്‌ലാമിയ്യ മൂന്നാം ക്ലാസ്സില്‍ ചേര്‍ന്നതുമുതല്‍ അതീവ ശുഷ്‌കമായ മദ്‌റസാ ലൈബ്രറിയിലും നാട്ടിലെ പൊതുജന വായനശാലയിലും കിട്ടുന്ന പഴയ മാസികകളും പുസ്തകങ്ങളുമൊക്കെ വായിച്ചുതീര്‍ക്കും. മദ്രാസില്‍നിന്ന് പുറത്തിറങ്ങിയ 'അമ്പിളി അമ്മാവന്‍' ബാലമാസിക മുതല്‍ ആഴ്ചപതിപ്പുകളിലെ ബാലപംക്തികള്‍ വരെ മെനുവില്‍ സ്ഥാനം നേടി. ഡിറ്റക്ടീവ് നോവലുകളുടെ അഡിക്റ്റായി മാറിയ ഒരു കാലവുമുണ്ടായിരുന്നു. പിന്നെ പിന്നെ ആ സ്ഥാനം മലയാള മനോരമ ആഴ്ചപ്പതിപ്പിലെ മസാലകള്‍ പിടിച്ചെടുത്തു. കാനം ഇ.ജെയുടെയും വിനയന്റെയും നാഗവള്ളി ആര്‍.എസ് കുറുപ്പിന്റെയുമൊക്കെ തുടര്‍ക്കഥകള്‍ വെട്ടിവിഴുങ്ങിയ കാലം. പക്ഷേ, അധികം നീില്ല. പിന്നെ മാതൃഭൂമി ആഴ്ചപ്പതിപ്പിനു പുറമെ പ്രമുഖ മലയാള സാഹിത്യകാരന്മാരുടെ രചനകളും ലോക ക്ലാസ്സിക്കുകളില്‍നിന്നുള്ള വിവര്‍ത്തനങ്ങളുമൊക്കെയായി വായനക്ക് ഒരു ഗൗരവം വന്നു. വിശ്വസാഹിത്യത്തിലെ 'അന്നാകരീന'(ടോള്‍സ്‌റ്റോയ്), 'നല്ല ഭൂമി' (പേള്‍ ബക്ക്), താരാശങ്കര്‍ ബാനര്‍ജിയുടെ ബംഗാളി നോവല്‍ 'ഗണദേവത', ഉറൂബിന്റെ 'സുന്ദരികളും സുന്ദരന്മാരും', എസ്.കെ പൊറ്റക്കാടിന്റെ 'ഒരു ദേശത്തിന്റെ കഥ', പാറപ്പുറത്തിന്റെ 'അരനാഴിക നേരം', കേശവദേവിന്റെ 'ഏണിപ്പടികള്‍', എന്‍.പി മുഹമ്മദിന്റെ 'ഹിരണ്യകശിപു' തുടങ്ങി ഒരുപാട് നോവലുകള്‍ വായിച്ചുതള്ളി. ബഷീര്‍ കൃതികള്‍ നേരത്തേതന്നെ വായിച്ചുകഴിഞ്ഞിരുന്നു. ജവഹര്‍ലാല്‍ നെഹ്‌റുവിന്റെ 'ഗ്ലിംപ്‌സസ് ഓഫ് വേള്‍ഡ് ഹിസ്റ്ററി', രാഹുല്‍ സാംകൃത്യായന്റെ 'വിശ്വദര്‍ശനങ്ങള്‍' തുടങ്ങിയ നോവലിതര രചനകളിലൂടെ കടന്നുപോയതും ഇക്കാലത്തുതന്നെ.
വിദ്യാര്‍ഥി ജീവിതത്തിന് വിരാമമിട്ട് പ്രബോധനത്തില്‍ പത്രപ്രവര്‍ത്തകനായി ചേര്‍ന്ന 1964-1972 കാലഘട്ടമാണ് വായനയുടെ പുഷ്‌കലകാലം എന്നു പറയാം. മലയാളത്തിലെ മിക്ക ആനുകാലികങ്ങള്‍ക്കും പുറമെ ദല്‍ഹി, ലഖ്‌നൗ, ലാഹോര്‍, കറാച്ചി മുതലായ നഗരങ്ങളില്‍നിന്ന് പുറത്തിറങ്ങിയ ഉര്‍ദു മാഗസിനുകളും വായനാതാല്‍പര്യത്തെ തൃപ്തിപ്പെടുത്തി. അല്‍ത്വാഫ് ഹസന്‍ ഖുറൈശിയുടെ ഉര്‍ദു ഡൈജസ്റ്റ്, മുജീബുര്‍റഹ്മാന്‍ ശാമി എഡിറ്ററായുള്ള സിന്ദഗി, ശോരിഷ് കശ്മീരിയുടെ ചഠാന്‍, കൗസര്‍ നിയാസിയുടെ ശിഹാബ്, പ്രഫസര്‍ ഖുര്‍ശിദ് അഹ്മദിന്റെ ചിരാഗെ റാഹ്, അമീന്‍ അഹ്‌സന്‍ ഇസ്‌ലാഹി, പ്രഫ. ഇസ്‌റാര്‍ അഹ്മദ് എന്നിവരുടെ മീസാഖ്, മാഹിറുല്‍ ഖാദിരിയുടെ ഫാറാന്‍, നഈം സിദ്ദീഖി എഡിറ്ററായിരുന്ന സയ്യാറ ഡൈജസ്റ്റ്, മുഹമ്മദ് സലാഹുദ്ദീന്റെ തക്ബീര്‍ തുടങ്ങിയ മത-രാഷ്ട്രീയ-സാംസ്‌കാരിക മാഗസിനുകളാണ് അതീവ സമ്പന്നമായ ഉര്‍ദു സാഹിത്യ-സാംസ്‌കാരിക ലോകത്തേക്കുള്ള വാതില്‍ തുറന്നുതന്നതെന്ന് കൃതജ്ഞതയോടെ അനുസ്മരിക്കേണ്ടതുണ്ട്. ശബിസ്താന്‍ ഡൈജസ്റ്റ് (ദല്‍ഹി), സിന്ദഗി (ദല്‍ഹി), ദഅ്‌വത്ത് (ദല്‍ഹി), തഅ്മീറെ ഹയാത്ത് (ലഖ്‌നൗ), നിദായെ മില്ലത്ത് (ലഖ്‌നൗ), അബ്ദുല്‍മാജിദ് ദര്‍യാബാദിയുടെ സിദ്‌ഖെ ജദീദ്, മൗലാനാ മന്‍സൂര്‍ നുഅ്മാനിയുടെ അല്‍ഫുര്‍ഖാന്‍ (ലഖ്‌നൗ), അമീര്‍ ഉസ്മാനിയുടെ തജല്ലി (ദയൂബന്ദ്), അബൂസലീം അബ്ദുല്‍ ഹയ്യിന്റെ അല്‍ ഹസനാത്ത് (റാംപൂര്‍) തുടങ്ങിയ ഇന്ത്യന്‍ ഉര്‍ദു പ്രസിദ്ധീകരണങ്ങളും വിവരസമ്പത്ത് പോഷിപ്പിക്കുന്നതില്‍ പ്രസ്താവ്യമായ പങ്കുവഹിച്ചു. അറുപതുകളില്‍ പരേതനായ വി.പി അബ്ദുല്ലാ സാഹിബ് പ്രബോധനം പ്രസ്സില്‍നിന്ന് അച്ചടിച്ചു പുറത്തിറക്കിയിരുന്ന ദ മെസേജ് ഇംഗ്ലീഷ് മാസികക്ക് എക്‌സ്‌ചേഞ്ചിന് വന്നുകൊണ്ടിരുന്ന ഇംഗ്ലീഷ് ആനുകാലികങ്ങളാണ് ആ ഭാഷയുടെ കവാടം തുറന്നുതന്നത്. അക്കൂട്ടത്തില്‍ മുസ്‌ലിം ന്യൂസ്, വോയ്‌സ് ഓഫ് ഇസ്‌ലാം (കറാച്ചി), മുസ്‌ലിം ഡൈജസ്റ്റ് (ഡര്‍ബന്‍) എന്നീ പേരുകള്‍ എടുത്തു പറയേണ്ടതാണ്. ദല്‍ഹി ജാമിഅ മില്ലിയ്യ കേന്ദ്രമാക്കി പുരോഗമനവാദികളായ മുസ്‌ലിം ബുദ്ധിജീവികള്‍ പ്രസിദ്ധീകരിച്ചുവന്ന ഇസ്‌ലാം ആന്റ് മോഡേണ്‍ ഏജ്' കനപ്പെട്ടതും വിലപ്പെട്ടതുമായ രചനകളുടെ സമാഹാരമായിരുന്നു; അതിലൂടെ പുറത്തുവന്ന അഭിപ്രായങ്ങളില്‍ പലതിനോടും യോജിക്കാന്‍ കഴിഞ്ഞിരുന്നില്ലെങ്കിലും (അറുപതുകളുടെ ഒടുവിലും എഴുപതുകളുടെ തുടക്കത്തിലുമായി കോഴിക്കോട്ട് പിറവിയെടുത്ത 'മോഡേണ്‍ ഏജ് സൊസൈറ്റി'യുടെ ശരീഅത്ത്‌വിരുദ്ധ കാമ്പയിനിനെ ഫലപ്രദമായി പ്രതിരോധിക്കാന്‍ ഏറെ പ്രയോജനപ്പെട്ടത് ഈ ത്രൈമാസികയായിരുന്നുവെന്നത് വൈരുധ്യാധിഷ്ഠിത പ്രതിഭാസമാണ്). ലണ്ടനില്‍നിന്നുള്ള ഇംപാക്ടും യു.എസ്.എയിലെ മുസ്‌ലിം വിദ്യാര്‍ഥി കൂട്ടായ്മകള്‍ പുറത്തിറക്കിയ അല്‍ ഇത്തിഹാദും ലണ്ടനില്‍നിന്നുതന്നെ പുറത്തിറങ്ങിയിരുന്ന ദ അറേബ്യയും വിശിഷ്ട വിഭവങ്ങളായിരുന്നുവെന്ന് ഓര്‍ക്കാതെ വയ്യ. കുവൈത്തിലെ ജംഇയ്യത്തുല്‍ ഇസ്വ്‌ലാഹ് പ്രസിദ്ധീകരിച്ചുവന്ന അല്‍ മുജ്തമഅ് വാരിക മാത്രമാണ് വായനയെ പരിപോഷിപ്പിച്ച ഒരേയൊരു അറബി മാഗസിന്‍ (അടുത്തകാലത്തായി അതിന്റെ അച്ചടി പതിപ്പ് നിര്‍ത്തലാക്കി).
മലയാള ആനുകാലികങ്ങളിലേക്ക് വന്നാല്‍ എം.സി ജോസഫിന്റെ 'യുക്തിവാദി' മാസികയും സലഫി പണ്ഡിതന്‍ കെ. ഉമര്‍ മൗലവിയുടെ സല്‍സബീലും ഒരുകാലത്ത് ലഘു വായനക്കുതകിയ ആനുകാലികങ്ങളാണ്. ജോലിയുടെ ഭാഗമായി സുന്നി ടൈംസ്, സുന്നി വോയ്‌സ്, ശബാബ്, അല്‍മനാര്‍, വിചിന്തനം, രിസാല, സത്യധാര തുടങ്ങിയ മത പ്രസിദ്ധീകരണങ്ങളും ശ്രദ്ധിക്കേണ്ടിവന്നു. അഹ്മദിയ്യ ജമാഅത്തിന്റെ സത്യദൂതന്‍ പതിറ്റാണ്ടുകളോളം കൃത്യമായി വായിച്ചിരുന്നു. സത്യദൂതനും ഇന്നുവരെ ഏറ്റവും നിഷ്‌കരുണമായി ആക്രമിച്ചത് സയ്യിദ് അബുല്‍ അഅ്‌ലാ മൗദൂദിയെയും ജമാഅത്തെ ഇസ്‌ലാമിയെയുമാണെന്നതുകൊണ്ടാവും അതിന്റെ പതിവു വായനക്കാരനായതെന്ന് തോന്നുന്നു.
മദ്രാസില്‍നിന്ന് ടി.വി.കെയുടെ പത്രാധിപത്യത്തില്‍ പ്രസിദ്ധീകരിച്ചുവന്ന അന്വേഷണം സാഹിത്യ മാസികയാണ് ഇന്നും ഓര്‍മയില്‍ തങ്ങിനില്‍ക്കുന്ന ഒരു ആനുകാലികം. വശ്യമനോഹരമായ ഉള്ളടക്കമാണ് അന്വേഷണത്തെ വ്യത്യസ്തമാക്കിയത്. ജി. ശങ്കരക്കുറുപ്പിന്റെ പത്രാധിപത്യത്തില്‍ എറണാകുളത്തു നിന്നിറങ്ങിയ തിലകം മാസിക, ചങ്ങനാശ്ശേരിയില്‍നിന്ന് പുറത്തിറങ്ങിയിരുന്ന കേരള ഡൈജസ്റ്റ്, തൃശൂരില്‍നിന്നുള്ള വിവേകോദയം, കൊല്ലത്തു നിന്നുള്ള മലയാളനാട് വാരിക എന്നിവയൊക്കെ ഭാഷയുമായും സാഹിത്യവുമായും ബന്ധപ്പെടുത്തിയ ആനുകാലികങ്ങളാണ്. ഇവയിലൊന്നും ഇന്ന് നിലവിലില്ല. പകരം കാക്കത്തൊള്ളായിരം മാഗസിനുകള്‍ ന്യൂസ് സ്റ്റാന്റുകളെയും പുസ്തകശാലകളെയും സമ്പന്നമാക്കുന്നുണ്ടെങ്കിലും മലയാളത്തിലെ വായനാ സംസ്‌കാരത്തെ അവ ഉദ്ദീപിപ്പിക്കുന്നതായി തോന്നുന്നില്ല. വര്‍ണവൈവിധ്യത്തിലും ലേ ഔട്ടിലും സാങ്കേതിക സംവിധാനത്തിലുമാണ് അവ മികവ് പുലര്‍ത്തുന്നത്. യുവ തലമുറകള്‍ക്കാകട്ടെ, ഇവയിലൊന്നും വലിയ താല്‍പര്യവുമില്ല. സോഷ്യല്‍ മീഡിയാ രംഗത്താണല്ലോ അവരുടെ സൈ്വരവിഹാരം.
കൃത്യമായ തെരഞ്ഞെടുപ്പോ വിഷയനിര്‍ണയമോ കൂടാതെയുള്ള പരന്ന വായന കൊണ്ട് എന്തു നേട്ടമുണ്ടായി എന്നു ചോദിച്ചാല്‍ എന്റെ മറുപടി ഇങ്ങനെ: ഒന്ന്, തെരഞ്ഞെടുപ്പ് ബോധപൂര്‍വമോ സുചിന്തിതമോ അല്ലെങ്കിലും മീഡിയാരംഗത്തെ സജീവമായ ഇടപെടലിന് പരന്ന വായന അനുപേക്ഷ്യമാണ്. പലതിനെക്കുറിച്ചും എഴുതേണ്ടിവരുമ്പോള്‍ എങ്ങോ എന്നോ വായിച്ച ഭാഗങ്ങള്‍ ഓര്‍മയില്‍ വരുന്നത് അവതരണം വസ്തുനിഷ്ഠവും താല്‍പര്യജനകവുമാക്കാന്‍ സഹായിക്കും. ഇസ്‌ലാമിക പ്രസ്ഥാനത്തിനെതിരെ ഇന്നും നിയന്ത്രണമില്ലാതെ തുടരുന്ന ബൗദ്ധികാക്രമണങ്ങളെ പ്രതിരോധിക്കുന്നതില്‍ വായനാനുഭവങ്ങള്‍ കുറച്ചൊന്നുമല്ല സഹായകമായത്. ഇന്ന് പേനയെടുക്കുമ്പോള്‍ ഓര്‍മകളുടെ കൃത്യതയില്ലായ്മയും മറവിയും ആധിയായി അനുഭവപ്പെടുകയും ചെയ്യുന്നു.
രണ്ട്, സംഘടനകളെയും പ്രസ്ഥാനങ്ങളെയും വിമര്‍ശിക്കുകയോ നിരൂപിക്കുകയോ ചെയ്യേണ്ടിവരുമ്പോള്‍ അവരുടെ ആധികാരികമായ സ്രോതസ്സുകളെത്തന്നെ അവലംബിക്കേണ്ടിവരും. അന്നേരം പഴയ വായന രക്ഷക്കെത്തും.
മൂന്ന്, വിദ്യാര്‍ഥി ജീവിതകാലത്ത് ഇംഗ്ലീഷ് പാഠപുസ്തകങ്ങളിലൊന്നിലെ 'ദ പ്ലഷര്‍ ഓഫ് റീഡിംഗി'ല്‍ വായിച്ച പോലെ, വായന നല്‍കുന്ന സംതൃപ്തിയും ആഹ്ലാദവും സീമാതീതമാണ്; നല്ലൊരു നേരമ്പോക്ക് കൂടിയാണ് വായന. 1998-ല്‍ എറണാകുളത്തെ ഒരു സ്വകാര്യ ആശുപത്രിയില്‍ കിഡ്‌നി സര്‍ജറി കഴിഞ്ഞ് വിശ്രമിക്കേ, സഹപ്രവര്‍ത്തകന്‍ സമ്മാനിച്ച ഒ.വി വിജയന്റെ തലമുറകള്‍ ഹൃദ്യമായ വായനാനുഭവം പകര്‍ന്നുതന്നതോര്‍ക്കുന്നു. ഏറ്റവുമൊടുവില്‍ പത്രപ്രവര്‍ത്തകയും കോളമിസ്റ്റുമായ ഹുംറ ഖുറൈശി പ്രതിഭാധനനായ ഖുശ്‌വന്ത് സിംഗുമായി നടത്തിയ സംഭാഷണങ്ങളുടെ സമാഹാരമായ 'ആബ്‌സല്യൂട്ട് ഖുശ്‌വന്ത്' ഒറ്റയിരിപ്പില്‍ വായിക്കാന്‍ പ്രചോദിപ്പിക്കുന്നതാണ്. അതില്‍ അദ്ദേഹം, ഇന്ത്യ കണ്ട ഏറ്റവും പ്രാപ്തനായ പ്രധാനമന്ത്രിയായി മന്‍മോഹന്‍ സിംഗിനെ ചിത്രീകരിക്കുമ്പോള്‍ ജവഹര്‍ലാല്‍ നെഹ്‌റുവിനെ സെക്യുലരിസത്തിന്റെ ഉറച്ച വക്താവായി പരിചയപ്പെടുത്തുന്നു. പ്രധാനമന്ത്രി പദത്തിന് ഭീഷണിയായി മുഹമ്മദലി ജിന്നയെ നെഹ്‌റു കണ്ടത് വിഭജനത്തിന്റെ കാരണങ്ങളിലൊന്നാണെന്ന സൂചനയുമു് പുസ്തകതത്തില്‍. ഹിന്ദു-മുസ്‌ലിം ഐക്യത്തിന്റെയും ഇന്ത്യ-പാകിസ്താന്‍ സഹകരണത്തിന്റെയും ശക്തനായ വക്താവായാണ് ഖുശ്‌വന്ത് പ്രത്യക്ഷപ്പെടുന്നത്. യൂറോപ്യന്‍ പത്രപ്രവര്‍ത്തകനും ഗ്രന്ഥകാരനുമായ മുഹമ്മദ് അസദിന്റെ 'മക്കയിലേക്കുള്ള പാത'(എം.എന്‍ കാരശ്ശേരിയുടെ മൊഴിമാറ്റം)യാണ് എക്കാലത്തും വായിച്ച മികച്ച ഗ്രന്ഥങ്ങളിലൊന്ന്. എന്നാല്‍ ബോസ്‌നിയന്‍ ബുദ്ധിജീവി അലിജാ അലി ഇസ്സത്ത് ബെഗോവിച്ചിന്റെ 'ഇസ്‌ലാം രാജമാര്‍ഗം' എന്ന എന്‍.പി മുഹമ്മദിന്റെ വിവര്‍ത്തനം സുഖകരമായ വായനയല്ല സമ്മാനിച്ചത്.
ഇപ്പറഞ്ഞതൊക്കെ പൊതുവായനയെക്കുറിച്ചാണ്. ജീവിതത്തിന് അര്‍ഥവും ദിശാബോധവും വകതിരിവും പ്രദാനം ചെയ്ത പഠനത്തിന്റേതായ ഒരു ലോകം വേറെയുണ്ട്. സയ്യിദ് അബുല്‍ അഅ്‌ലാ മൗദൂദിയുടെ തഫ്ഹീമുല്‍ ഖുര്‍ആനും മറ്റു പ്രധാന കൃതികളും ഇമാം അബൂ ഹാമിദുല്‍ ഗസാലിയുടെ ഇഹ്‌യാ ഉലൂമിദ്ദീനും ഡോ. യൂസുഫുല്‍ ഖറദാവിയുടെ ഗ്രന്ഥങ്ങളും ഈ പട്ടികയില്‍ വരുന്നു. ഈ മഹാന്മാരുടെ ഗവേഷണങ്ങളും സുചിന്തിതാഭിപ്രായങ്ങളും നല്‍കുന്ന വെളിച്ചം എന്നും ജീവിതപാതയില്‍ വഴിവിളക്കാവും. പത്രങ്ങളും ആനുകാലികങ്ങളും കൈയയില്‍ കിട്ടിയാല്‍ ആദ്യം കണ്ണോടിക്കുക കാര്‍ട്ടൂണുകളിലൂടെയാണെന്ന സത്യം അവസാനമായെങ്കിലും പരാമര്‍ശിക്കാതെ വയ്യ.
Comments