കാഠിന്യത്തില്‍നിന്ന് കാരുണ്യത്തിലേക്ക്
(കഴിഞ്ഞ ലക്കം തുടര്‍ച്ച)
സാത്വികന്റെ പ്രാര്‍ഥന അവസാനിച്ചതോടെ കിണറിന്റെ ഭിത്തി നെടുകെ പിളര്‍ന്നു. മനോഞ്ജവും പരിശുദ്ധവും പ്രൗഢവുമായ ഒരു പൂന്തോപ്പിലേക്ക് വഴിതുറക്കുന്ന ഒരു ജാലകം ആ പിളര്‍പ്പില്‍നിന്ന് രൂപപ്പെട്ടു. ഫണം വിടര്‍ത്തിയാടിയ ഭീകര സര്‍പ്പത്തിന്റെ വായായിരിക്കും ജാലകമായി രൂപാന്തരപ്പെട്ടത്. സിംഹവും സര്‍പ്പവും സാത്വികന്റെ മുന്നില്‍ സേവകരുടെ രൂപം പ്രാപിച്ചതുപോലെ. അവരിരുവരും ചേര്‍ന്ന് അയാളെ പൂന്തോപ്പിലേക്ക് മാടിവിളിക്കാന്‍ തുടങ്ങി.
അലസനായ മനുഷ്യാ
ഭാവനയിലെ സുഹൃത്തേ..
വരൂ, നമുക്കീ രണ്ടു സഹോദരന്മാരെയും താരതമ്യം ചെയ്തു നോക്കാം. നല്ലത് നല്ലതിനെയും ചീത്ത ചീത്തയെയും എങ്ങനെ ആകര്‍ഷിക്കുന്നു എന്നു തിരിച്ചറിയാം. ഇടത്തെ വഴിയിലൂടെ യാത്ര തിരിച്ച ഹതഭാഗ്യന്‍ ഏതു നിലക്കും സര്‍പ്പത്തിന്റെ വായില്‍ പെടാനും ഭയക്രാന്തനായി കിടന്നു പിടയാനുമുള്ള സര്‍വ സാധ്യതയുമുണ്ട്. പഴവൈവിധ്യങ്ങളാല്‍ കൗതുകജന്യവും സൗന്ദര്യധന്യവുമായ ഉദ്യാനത്തിലേക്കാണ് അതേസമയം ഭാഗ്യവാന്‍ ക്ഷണിക്കപ്പെടുന്നത്. വേദനിപ്പിക്കുന്ന ഭീതിയും അസ്വാസ്ഥ്യപ്പെടുത്തുന്ന ഉത്കണ്ഠയും കൊണ്ട് ഹതഭാഗ്യന്റെ ഹൃദയം ഛിന്നഭിന്നമാവുകയാണ്. ഭാഗ്യവാനാകട്ടെ അപ്പപ്പോളരങ്ങേറുന്ന സംഭവവികാസങ്ങളുടെ അസാധാരണത്വത്തിലേക്ക് നോക്കി അതിനകത്തുള്ള മധുരപാഠങ്ങളും സ്വാദിഷ്ഠമായ ഭീതിയും ഹൃദ്യമായ സത്യജ്ഞാനവും സ്വാംശീകരിക്കുകയാണ്. വന്യതയും ഏകാന്തതയും നിരാശയും നിസ്സംഗതയുമെല്ലാം ഒരുതരം ശിക്ഷയായി ഹതഭാഗ്യന്‍ അനുഭവിച്ചുതീര്‍ക്കുമ്പോള്‍ പ്രത്യാശയിലും പ്രതീക്ഷയിലും അഭിരമിച്ചുകൊണ്ട് സ്വസ്ഥതയുടെ മാധുര്യം നുകരുകയാണ് ഭാഗ്യവാന്‍.
വിനാശകാരികളായ പ്രാണികളുടെ ആക്രമണത്തിനിരയായി ഒരു തടവുകാരനെപ്പോലെ കഴിയേണ്ടിവന്നു നന്ദികെട്ട ഹതഭാഗ്യന്. മാന്യനായൊരു ആതിഥേയന്റെ പരിചരണത്തില്‍ സമാദരണീയനായൊരു അതിഥിയായി ജീവിക്കുകയായിരുന്നു അപ്പോള്‍ ഭാഗ്യവാന്‍. തന്റെ സേവകരുടെ അത്ഭുതാവഹമായ പെരുമാറ്റ രീതികള്‍ അയാള്‍ അനുഭവിച്ചുകൊണ്ടിരുന്നു. പുറമെ മധുരതരവും അകമേ വിഷലിപ്തവുമായ പഴങ്ങള്‍ വാരിവലിച്ചുതിന്നതു വഴി ഹതഭാഗ്യന്‍ നരകശിക്ഷ നേരത്തേ ഏറ്റുവാങ്ങുകയായിരുന്നു. യഥാര്‍ഥത്തില്‍ ആ പഴവൈവിധ്യങ്ങള്‍ ചില ഗുണപാഠങ്ങളായിരുന്നു. അവയുടെ യഥാര്‍ഥ ധര്‍മം അനുഭവിച്ചറിയാന്‍ വെറുതെയൊന്നു രുചിച്ചുനോക്കി ഉപേക്ഷിക്കേണ്ടതായിരുന്നു. മൃഗങ്ങളെപ്പോലെയാവരുതല്ലോ മനുഷ്യന്‍. ഭാഗ്യവാനാകട്ടെ സ്വയം ബോധ്യത്തോടെ പഴവൈവിധ്യങ്ങള്‍ രുചിച്ചുനോക്കുക മാത്രം ചെയ്തു. പിന്നീടാകാം അവയുടെ ഭോജനം എന്നയാള്‍ തീരുമാനിച്ചു.
ഹതഭാഗ്യന്‍ പക്ഷേ ആത്മദ്രോഹം ചെയ്യുകയായിരുന്നു. അന്ധകാരനിബിഢമായ ഊഹാപോഹങ്ങളുടെ പെരുമഴയേറ്റ് നിന്ദിതനായ അയാള്‍ പകല്‍പോലെ പ്രസന്നമായ യാഥാര്‍ഥ്യങ്ങള്‍ തിരിച്ചറിയാന്‍ കഴിയാതെ പോയതിനാലും സുസ്ഥാപിതവും സുമോഹനവുമായ നിയമാവലികള്‍ കണ്ടില്ലെന്നു നടിച്ചതിനാലും നരകത്തിലകപ്പെട്ടതുപോലുണ്ട്. പരാതി പറയാനുള്ള അര്‍ഹതയും ദയാവായ്പും നിഷേധിക്കപ്പെട്ട അയാളുടെ അവസ്ഥ എത്ര പരിതാപകരമാണ്!
വേനല്‍കാലത്തെ ആഘോഷമാക്കാന്‍ പോന്ന ഒരുത്സവ വേദി. ഉത്സവത്തോടനുബന്ധിച്ചൊരുക്കിയ മനോജ്ഞമായൊരു ആരാമം. ആരാമത്തിനകത്ത് സജ്ജമാക്കിയിരിക്കുന്ന പ്രൗഢമുഗ്ധമായ സദ്യ. സദ്യയുണ്ണാന്‍ കൂട്ടുകാരോടൊപ്പം അവരുടെ മധ്യത്തിലിരിക്കുന്ന യുവാവ്. ഏതാണ്ടവനെപ്പോലെയാണ് ഇപ്പോള്‍ നമ്മുടെ ഹതഭാഗ്യന്‍. അയാള്‍ പക്ഷേ, സമനില തെറ്റിയവനെപ്പോലെ, ആര്‍ത്തിപൂണ്ട് പരിധിവിട്ട് മദ്യക്കോപ്പകള്‍ മോന്തി ഉന്മാദിക്കാന്‍ തുടങ്ങി. പിന്നെ ലഹരിയില്‍ മതിമറന്ന് കുഴഞ്ഞുവീണു. വീണിടത്തു കിടന്നു അലമുറയിടാനും വിതുമ്പിക്കരയാനും ആരംഭിച്ചു. കനത്ത വേനലായിട്ടും കൊടും ശൈത്യത്തിന്റെ നടുവിലാണ് താനെന്ന് അയാള്‍ തെറ്റിദ്ധരിച്ചു. വേട്ടമൃഗങ്ങളുടെ മധ്യത്തിലകപ്പെട്ടുപോയ വിശപ്പാളിയുടെ അവസ്ഥയിലായിരുന്നു അയാള്‍. ദയയര്‍ഹിക്കാത്ത ആ ആത്മദ്രോഹി സഹപാഠികളെപ്പോലും വേട്ടമൃഗങ്ങളായി ക് പേടിച്ചരണ്ടു. എത്രമാത്രം അപമാനിതന്‍!
ഭാഗ്യവാന്‍ അപ്പോഴും യാഥാര്‍ഥ്യത്തെ അതിന്റെ ചാരുതയോടെ തിരിച്ചറിയുകയായിരുന്നു. യാഥാര്‍ഥ്യത്തെ അതിന്റെ സൗന്ദര്യത്തോടെ സ്വാംശീകരിക്കുക മാത്രമല്ല, അതിന്റെ ഉടമയുടെ അസ്തിത്വപൂര്‍ണതയെ മനസാ ആദരിക്കുകയായിരുന്നു.
''നിനക്ക് വന്നെത്തുന്ന ഏതൊരു നന്മയും അത് അല്ലാഹുവില്‍നിന്ന് വരുന്നതാണ്. ഇനി തിന്മയാണ് വരുന്നതെങ്കില്‍ നീ മനസ്സിലാക്കുക; അത് നീ ചെയ്ത ദുഷ്പ്രവര്‍ത്തനങ്ങളുടെ ഭവിഷ്യത്താണ്'' (അന്നിസാഅ് 79).
ഇവിടെ കണ്ട സംഭവങ്ങളെയും സമാന സംഭവങ്ങളെയും താരതമ്യം ചെയ്താല്‍ നമുക്ക് മനസ്സിലാവും; ഹതഭാഗ്യനും കുറ്റവാളിയുമായ ഒന്നാമന് താത്ത്വികമായി നരകമേതാണ്ട് സജ്ജമായി നില്‍ക്കുന്നുണ്ടെന്ന്, സാത്വികനും ഭാഗ്യവാനുമായ രണ്ടാമന്‍ തന്റെ നേര്‍വിചാരവും സല്‍സ്വഭാവവും ശുദ്ധഗതിയും കാരണമായി അപരിമേയമായ ആഹ്ലാദം അനുഭവിക്കുന്നുണ്ടെന്ന്.
ഈയാഖ്യാനം ശ്രദ്ധിച്ചുകേട്ട സുഹൃത്തേ, അഭിശപ്തനായ ആ ഹതഭാഗ്യനെപ്പോലെ ആകാതിരിക്കാന്‍ താങ്കള്‍ക്ക് മോഹമുണ്ടെങ്കില്‍, സാത്വികനായ സൗഭാഗ്യവാനെപ്പോലെയാകാന്‍ നിനക്കാഗ്രഹമുണ്ടെങ്കില്‍ വിശുദ്ധ ഖുര്‍ആന്‍ കേട്ട് മനസ്സിരുത്തുക. അതിന്റെ നിയമാവലികള്‍ പിന്തുടരുക. അതിന്റെ പാശം മുറുകെപ്പിടിക്കുക. അതിന്റെ ശാസനകള്‍ക്കനുസരിച്ച് പ്രവര്‍ത്തിക്കുക.
ഈ ഹ്രസ്വകഥകളില്‍ അന്തര്‍ഭവിച്ചു കിടക്കുന്ന യാഥാര്‍ഥ്യങ്ങള്‍ ഗ്രഹിക്കാന്‍ താങ്കള്‍ക്ക് സാധിക്കുമെങ്കില്‍ തീര്‍ച്ചയായും ദീനിനെയും ദുന്‍യാവിനെയും മാനവികതയെയും വിശ്വാസ ജീവിതത്തെയുമൊക്കെ പ്രസ്തുത യാഥാര്‍ഥ്യങ്ങളുടെ അടിത്തറയില്‍ കെട്ടിപ്പൊക്കാന്‍ താങ്കള്‍ക്കു കഴിയും.
ആഖ്യാനത്തില്‍ കണ്ട ഹതഭാഗ്യനും സൗഭാഗ്യവാനും ആരൊക്കെയെന്നു നമുക്ക് പരിശോധിക്കാം. ഒരാള്‍ വിശ്വാസിയുടെ ഹൃദയവും ആത്മാവുമാണെങ്കില്‍ അപരന്‍ നിഷേധിയുടെ ആത്മാവും ഹൃദയവുമാണ്. വലത്തോട്ടുള്ള വഴി ഖുര്‍ആന്റെയും വിശ്വാസത്തിന്റെയും വഴിയാണെങ്കില്‍ ഇടത്തോട്ടുള്ളത് നന്ദികേടിന്റെയും നിയമലംഘനത്തിന്റെയും വഴിയാണ്. വഴിയില്‍ കണ്ട ഉദ്യാനമാകട്ടെ താല്‍ക്കാലികമായ മനുഷ്യജീവിതം. ശുദ്ധാശുദ്ധങ്ങളും നന്മതിന്മകളും സന്തോഷ സന്താപങ്ങളും കൂടിച്ചേര്‍ന്ന ഐഹിക ജീവിതം. 'ശുദ്ധമായതെടുക്കുക, മലിനമായത് വര്‍ജിക്കുക' എന്ന സിദ്ധാന്തമനുസരിച്ച് പ്രവര്‍ത്തിക്കുന്നവനാണ് ഇവിടെ ബുദ്ധിമാന്‍. ഹൃദയശാന്തിയും ആത്മനിര്‍വൃതിയും അനുഭവിച്ചുകൊണ്ടാവും അവന്റെ യാത്ര. ആഖ്യാനത്തില്‍ കണ്ട മരുഭൂമി നാം ജീവിക്കുന്ന ഭൂമിയും ഈ ലോകവുമാണ്. ആയുസ്സും മൃത്യുവുമാണ് ഫണം വിടര്‍ത്തിയാടിയ സര്‍പ്പം. മനുഷ്യഗാത്രവും ജീവിതകാലയളവുമാണ് കിണര്‍. കിണറിന്റെ അറുപതടി ആഴം എന്നത് ആയുസ്സിന്റെ പൂര്‍ണതയിലേക്കുള്ള സൂചനയാണ്. അറുപത് വയസ്സ് എന്നൊക്കെ പറയുന്നതുപോലെ. ജീവിതോപാധിയും ആയുര്‍ദൈര്‍ഘ്യവുമാണ് മരം. കറുപ്പും വെളുപ്പും നിറത്തിലുള്ള മൃഗങ്ങള്‍ രാവും പകലുമാണ്. പരലോകത്തേക്കും ബര്‍സഖീ ജീവിതത്തിലേക്കും മലര്‍ക്കെ തുറന്നുകിടക്കുന്ന ഖബ്‌റിന്റെ പ്രാരംഭമാണ് സര്‍പ്പം!
ദുന്‍യാവിന്റെ തടവറയില്‍നിന്ന് വിശ്വാസിയെ സംബന്ധിച്ചേടത്തോളം സ്വര്‍ഗരാജ്യത്തിലേക്ക് തുറക്കുന്ന ജാലകം. ആഖ്യാനത്തില്‍ പറഞ്ഞ വിഷപ്രാണികള്‍ ദുന്‍യവിയായ പരീക്ഷണങ്ങളാണ്. വിശ്വാസിയെ സംബന്ധിച്ചേടത്തോളം അശ്രദ്ധയിലേക്കാണ്ടുപോകാതിരിക്കാനുള്ള ദൈവികമായ ഉണര്‍ത്തലുകളും ഇടപെടലുകളുമാണ്. അത്തി മരത്തില്‍ കണ്ട പഴവൈവിധ്യങ്ങള്‍ പാരത്രിക സുഖങ്ങളിലേക്കുള്ള സൂചനയെന്നോണം പ്രപഞ്ചനാഥന്‍ സംവിധാനിച്ച ദുന്‍യവിയായ അനുഗ്രഹങ്ങളാണ്. ഒരേ മരത്തില്‍തന്നെ വൈവിധ്യമാര്‍ന്ന പഴങ്ങള്‍ സംവിധാനിച്ചതുതന്നെ അല്ലാഹുവിന്റെ സ്വാശ്രയത്വത്തെയും രക്ഷാകര്‍തൃത്വത്തെയും ദൈവത്വത്തെയും ആവിഷ്‌കരിക്കുന്നുണ്ട്. 'സമസ്തവും ഒന്നില്‍നിന്ന്' എന്നതിന്റെ സാരം 'എല്ലാ ചെടികളും എല്ലാ പഴങ്ങളും ഒരേ മണ്ണില്‍നിന്ന്' എന്നാവും. ജീവജാലങ്ങളെല്ലാം ഒരേ വെള്ളത്തില്‍നിന്ന് എന്നു പറയുന്നതുപോലെ. 'ഒരേ വസ്തു എല്ലാറ്റില്‍നിന്നും' എന്നു പറയുമ്പോഴും ഇതേയവസ്ഥ തന്നെയാണല്ലോ.
വിശ്വാസത്തിന്റെ നിഗൂഢത കൊണ്ട് തുറക്കപ്പെടുന്ന സൃഷ്ടിപ്പിന്റെ യുക്തിരഹസ്യമാണ് ഈ ദൈവിക മന്ത്രം (അല്ലാഹു അവനല്ലാതെ ഒരു ആരാധ്യനില്ല. എന്നെന്നും ജീവിക്കുന്നവന്‍. നിലനില്‍ക്കുന്നവന്‍). ഫണം വിടര്‍ത്തിയാടിയ സര്‍പ്പത്തിന്റെ വായ ഉദ്യാനജാലകമായി രൂപപ്പെട്ടത് ഖബ്‌റിലേക്കുള്ള പ്രതീകമാണ്.
വന്യതയുടെയും തിരസ്‌കാരത്തിന്റെയും ഒറ്റപ്പെടലിന്റെയും അവഗണനയുടെയും ഞെരുക്കത്തിന്റെയും തടവറയാണ് ഖബ്ര്‍ എന്നതിന്റെ സൂചനയാണ്. അക്രമികള്‍ക്കും ധിക്കാരികള്‍ക്കും കഴിഞ്ഞുകൂടാനുള്ള സര്‍പ്പത്തിന്റെ ഉദരമാണ് ഖബ്ര്‍. വിശ്വാസത്തിന്റെയും ഖുര്‍ആന്റെയും വക്താക്കള്‍ക്കാകട്ടെ ഖബ്ര്‍ എന്നത് ദുന്‍യാവിന്റെ തടവറയില്‍നിന്ന് അനശ്വരപ്പൂന്തോപ്പിലേക്ക് വഴി തുറക്കുന്ന ജാലകമാണ്. പരീക്ഷണങ്ങളുടെ മൈതാനത്തുനിന്ന് സ്വര്‍ഗീയാരാമത്തിലേക്ക്, ജീവിതത്തിന്റെ കാഠിന്യത്തില്‍നിന്ന് പരമ ദയാനിധിയുടെ കാരുണ്യത്തിലേക്ക് വഴിതുറക്കുന്ന ജാലകം.
ആക്രമണോത്സുകനായ സിംഹത്തിന്റെ സേവകനായ കുതിരയിലേക്കുള്ള രൂപപരിണാമം മൃത്യുവിലേക്കുള്ള സൂചനയാണ്. പ്രിയപ്പെട്ടവരില്‍നിന്നുള്ള വേദനിപ്പിക്കുന്ന വേര്‍പാടാണ് ദുര്‍മാര്‍ഗികള്‍ക്ക് മരണം. ദുന്‍യാവിന്റെ വ്യാജസ്വര്‍ഗത്തില്‍നിന്ന് ഖബ്‌റിന്റെ വന്യമായ തടവറയിലേക്കുള്ള യാത്ര. സന്മാര്‍ഗികള്‍ക്കും ഖുര്‍ആന്റെ വക്താക്കള്‍ക്കും മരണമെന്നത് അന്ത്യനാളിലേക്കുള്ള പ്രയാണം. പൂര്‍വികരായ സുഹൃത്തുക്കളുമായി സംഗമിക്കാനുള്ള അസുലഭ സന്ദര്‍ഭം. യഥാര്‍ഥ രാജ്യത്തേക്കും അനശ്വര സൗഭാഗ്യത്തിലേക്കുമുള്ള പ്രവേശന കവാടം. ദുന്‍യാവിന്റെ തടവറയില്‍നിന്ന് സ്വര്‍ഗപൂന്തോപ്പിലേക്ക് വരാനുള്ള മഹത്തായ ക്ഷണക്കുറി. ദയാനിധിയായ നാഥന്റെ ഔദാര്യമെന്നോണം സേവന പ്രവര്‍ത്തനങ്ങള്‍ക്ക് കിട്ടാനിരിക്കുന്ന പ്രതിഫലത്തെക്കുറിച്ച പ്രതീക്ഷ.
ജീവിത പ്രാരാബ്ധങ്ങളില്‍നിന്നുള്ള വിമുക്തിയും ഉത്തരവാദിത്തങ്ങളില്‍നിന്നുള്ള വിടുതിയുമാണ് മരണം. അധ്യാപനങ്ങളുടെയും നിര്‍ദേശങ്ങളുടെയും പരീക്ഷണങ്ങളുടെയുമൊപ്പം ദൈവദാസ്യം ആവശ്യപ്പെടുന്ന ബാധ്യതകളും അവസാനിച്ചിരിക്കുന്നു എന്ന വിളംബരമാണ് മരണം.
വാല്‍ക്കഷ്ണം: നശ്വരമായ ഐഹിക ജീവിതമാണ് സര്‍വവും എന്ന് ധരിച്ചവര്‍ തത്ത്വത്തിലും പ്രയോഗത്തിലും നരകത്തിലാണ്. അനുഗ്രഹത്തിന്റെ ആഹ്ലാദ നിറവില്‍ കിടന്ന് ഒരുപക്ഷേ അവര്‍ അഭിരമിക്കുന്നുണ്ടെങ്കില്‍ പോലും. അനശ്വരമായ പാരത്രിക ജീവിതത്തില്‍ പ്രതീക്ഷയര്‍പ്പിച്ച് ഉത്സാഹത്തോടും ഉദ്ദേശ്യശുദ്ധിയോടും കൂടി അത്യധ്വാനം ചെയ്യുന്നവരെല്ലാം ഇഹപര സൗഭാഗ്യം നേടിയെടുത്ത വിജയികളാണ്. ചിലപ്പോള്‍ ദുന്‍യാവ് അവര്‍ക്ക് ദുര്‍വഹവും ദുസ്സഹവുമായി അനുഭവപ്പെട്ടിരിക്കാം. ആ സങ്കീര്‍ണാവസ്ഥയെ പക്ഷേ അവര്‍ ഹൃദ്യമായ മധുരാനുഭവം കണക്കെ ആസ്വദിച്ചു. സ്വര്‍ഗീയാരാമത്തിലേക്ക് പോകാന്‍ കാത്തിരിക്കുന്ന ഒരു ഓഡിറ്റോറിയത്തിലെത്തുന്നതുപോലെ ഐഹികജീവിതത്തെയവര്‍ നോക്കിക്കാണുകയായിരുന്നു.
അല്ലാഹുവേ, ഞങ്ങളെ നീ സൗഭാഗ്യത്തിന്റെയും സമാധാനത്തിന്റെയും ഉടമകളാക്കണേ, ഖുര്‍ആന്റെയും വിശ്വാസത്തിന്റെയും വാഹകരാക്കണേ....
വിവ: കുഞ്ഞുമുഹമ്മദ് പുലവത്ത്
Comments