Prabodhanm Weekly

Pages

Search

2017 മെയ് 05

3000

1438 ശഅ്ബാന്‍ 08

മനുഷ്യ വിഭവശേഷി മഹല്ലുകള്‍ ഉപയോഗപ്പെടുത്തണം

ശക്കീര്‍ പുളിക്കല്‍

സാമ്പത്തികവും വിദ്യാഭ്യാസപരവുമായി മുസ്‌ലിംകള്‍ പുരോഗമിക്കാന്‍ തുടങ്ങിയതു മുതല്‍ ഉയര്‍ന്നുകേള്‍ക്കുന്നതാണ് മഹല്ല് ശാക്തീകരണം. പലയിടത്തും ചര്‍ച്ചകള്‍ നടക്കുകയും ചില പദ്ധതികള്‍ നടപ്പാക്കുകയും ചെയ്തു. വിദ്യാഭ്യാസ-ജീവകാരുണ്യ മേഖലകളില്‍ കൊണ്ടുവന്ന പദ്ധതികള്‍ ചിലയിടത്ത് വിജയമാണ്. ചില മഹല്ലുകളില്‍ സാമ്പത്തിക ശാക്തീകരണമാണ് മുഖ്യമായും നടക്കുന്നത്. പ്രവാസി സംഘടനകളടക്കം ഈ വിഷയത്തില്‍ ഗണ്യമായ സംഭാവനകള്‍ നല്‍കിക്കൊിരിക്കുന്നു. ചിലയിടത്തെങ്കിലും മാതൃകാ മഹല്ലുകളുടെ പ്രഖ്യാപനവും നടന്നു.

ഇവിടെ ശ്രദ്ധിക്കപ്പെടാതെ പോകുന്ന ചില വിഷയങ്ങളുണ്ട്. പ്രവര്‍ത്തനങ്ങളുടെയും പദ്ധതികളുടെയും പരിപാടികളുടെയും ഓരോ ചുവടും തികച്ചും ദീനീപരമായിരിക്കാന്‍ നിഷ്‌കര്‍ഷ വെക്കണം. മഹല്ലുകളുടെയും പള്ളികളുടെയും പ്രവര്‍ത്തനങ്ങള്‍ പൊതുവെ സമ്പന്നരുടെ കൈകളില്‍ ഒതുക്കപ്പെടുന്നത് സാധാരണയാണ്. ദീനീനിഷ്ഠയുള്ളവരും പാണ്ഡിത്യമുള്ളവരും മിക്കവാറും പണവും പ്രതാപവും ഉള്ളവരുടെ താഴെയേ വരൂ. പണക്കാരന്റെ തീരുമാനങ്ങള്‍ ദീനീ ചിന്തകളെ പിന്നിലാക്കുകയോ, ദീനില്‍ വെള്ളം ചേര്‍ക്കാന്‍ ഇടവരുത്തുകയോ ചെയ്യാറു് ചിലപ്പോള്‍. ഈ അവസ്ഥ മാറണം. മഹല്ല്-പള്ളി നടത്തിപ്പിന്റെ ദീനീവത്കരണത്തില്‍നിന്നാണ് യഥാര്‍ഥ ശാക്തീകരണം ആരംഭിക്കേണ്ടത്. വിശുദ്ധ ഖുര്‍ആന്‍ സൂറഃ തൗബയില്‍ 18-ാം വാക്യത്തില്‍ അല്ലാഹുവിന്റെ ഭവനങ്ങള്‍ പരിപാലിക്കുന്നവരുടെ യോഗ്യതകള്‍ കൃത്യമായി പ്രതിപാദിച്ചിട്ടുണ്ട്: ''അല്ലാഹുവിന്റെ പള്ളികള്‍ പരിപാലിക്കേണ്ടത് അല്ലാഹുവിലും അന്ത്യദിനത്തിലും വിശ്വസിക്കുകയും നമസ്‌കാരം നിഷ്ഠയോടെ നിര്‍വഹിക്കുകയും സകാത്ത് നല്‍കുകയും അല്ലാഹുവെയല്ലാതെ ഒന്നിനെയും ഭയപ്പെടാതിരിക്കുകയും ചെയ്യുന്നവര്‍ മാത്രമാണ്. അവര്‍ നേര്‍വഴി പ്രാപിച്ചവരായേക്കാം.'' പള്ളി പരിപാലനത്തിന് ഇതിലും വലിയ മാര്‍ഗരേഖയില്ല. സകാത്ത് കൊടുക്കാത്തവന്‍ പള്ളിക്കമ്മിറ്റിയിലുണ്ടാവാന്‍ പാടില്ല എന്ന കര്‍ശന നിബന്ധന പാലിക്കാന്‍ ഇന്ന് എല്ലാ മഹല്ലുകള്‍ക്കും കഴിയുമോ? ദീനീ മാനദണ്ഡങ്ങള്‍ പാലിക്കാതെ പണവും പ്രതാപവുമുള്ളവരോ പൊതു പ്രവര്‍ത്തകരോ ആയ ആരെയും കമ്മിറ്റിയിലെടുക്കാന്‍ ഒരു മാതിരി മഹല്ലുകള്‍ക്കൊന്നും മടിയില്ല. ഒരു മഹല്ല്/ പള്ളി നടത്തിപ്പ് സമിതിയുടെ ശുദ്ധീകരണത്തില്‍ തുടങ്ങുന്ന ശാക്തീകരണങ്ങള്‍ക്കേ ഫലപ്രാപ്തിയിലെത്താന്‍ കഴിയൂ. പല മഹല്ല് കമ്മിറ്റികളും പുനഃസംഘടിപ്പിക്കുന്നത് കാണുമ്പോള്‍ നിരാശയാണ് തോന്നാറുള്ളത്. സാമ്പത്തിക, സാംസ്‌കാരിക രംഗത്ത് അത്ര നല്ല ഇമേജുള്ളവരല്ല പുതുതായി ഉള്‍പ്പെടുത്തപ്പെടുന്ന ചിലര്‍.

സംഘടനാ പ്രവര്‍ത്തനങ്ങളേക്കാള്‍ മഹല്ലുകളുടെ സ്വാധീനം ഓരോ മുസ്‌ലിം വീട്ടിലും വ്യക്തിയിലും ഉണ്ട് എന്നത് പ്രധാനമാണ്. ഈ സ്വാധീനത്തെ ദീനീപരമായ ഉയര്‍ച്ചക്ക് ഉപയോഗപ്പെടുത്തുക എന്ന രീതിയിലേക്ക് മഹല്ലുകളുടെയും മസ്ജിദുകളുടെയും പ്രവര്‍ത്തനങ്ങള്‍ മാറേണ്ടതുണ്ട്.

പ്രഫഷണലുകള്‍, അധ്യാപകര്‍, സര്‍ക്കാറുദ്യോഗസ്ഥര്‍ തുടങ്ങി മനുഷ്യ വിഭവശേഷി ധാരാളമുണ്ട് ഓരോ മഹല്ലിലും. പക്ഷേ, അത് എങ്ങനെ ഉപയോഗപ്പെടുത്താം എന്ന് ചിന്തിക്കാന്‍ പോലും നമ്മുടെ മഹല്ലുകള്‍ തുനിഞ്ഞിട്ടില്ല. ഇത്തരം വ്യക്തിത്വങ്ങള്‍ പലപ്പോഴും മഹല്ല് കമ്മിറ്റിക്ക് പുറത്തായിരിക്കും. വിവിധ രംഗങ്ങളില്‍ സജീവമായി പ്രവര്‍ത്തിക്കുന്നവര്‍ ഓരോ മഹല്ലിലും നിരവധിയുണ്ടാവും. കഴിവുള്ള വ്യക്തികളെ കണ്ടെത്തി ദീനീപരമായി ഉപയോഗപ്പെടുത്തുക എന്നത് മഹല്ലുകളുടെ അജണ്ടയാവണം.

മഹല്ല് പ്രവര്‍ത്തനങ്ങള്‍ക്ക് മുന്നില്‍ നില്‍ക്കേണ്ടത് മഹല്ല് ഖാദി തന്നെയാണ്. ഖാദി സ്ഥാനത്തേക്ക് നാട്ടിലുള്ളവരെ കണ്ടെത്തുന്നതാണ് ഏറ്റവും അഭികാമ്യം. ലോക ഇസ്‌ലാമിക സമൂഹം ഇന്നനുഭവിച്ചുകൊണ്ടിരിക്കുന്ന പ്രതിസന്ധികളുടെ മുഖ്യ കാരണങ്ങളിലൊന്നാണ് നേതൃത്വത്തിന്റെ അഭാവം. മുന്നില്‍ നടന്നു പ്രവര്‍ത്തിച്ച് മാതൃക കാണിക്കുക എന്നതാണ് ഇസ്‌ലാമിലെ നേതാവിന്റെ സവിശേഷത. മഹല്ലിലെ ഖാദി ആരാണെന്ന് പോലും മിക്ക മഹല്ല് നിവാസികള്‍ക്കും അറിയില്ല. ഖലീഫ ഉമറിന്റെ ഭരണത്തെക്കുറിച്ചും മറ്റും നാടുനീളെ പ്രഭാഷണങ്ങള്‍ നടത്തുന്ന എത്ര മുസ്‌ലിം നേതാക്കള്‍ മഹല്ലിലെ ജനക്ഷേമം തിരക്കി വീടുകള്‍ കയറിയിറങ്ങിയിട്ടുണ്ട്! ഇക്കാര്യത്തില്‍ ക്രിസ്ത്യന്‍ ഇടവകകള്‍ മുസ്‌ലിംകളേക്കാള്‍ ബഹുദൂരം മുന്നിലാണ്. മസ്ജിദുകള്‍ കേന്ദ്രീകരിച്ച് രൂപപ്പെടേണ്ടത് സജീവമായ ഒരു ഇസ്‌ലാമിക സാമൂഹികക്രമമാണ്. ഇസ്‌ലാമിക സമൂഹത്തിന്റെ പരിമളം മുസ്‌ലിംകള്‍ക്ക് മാത്രമല്ല, അവിടെ ജീവിക്കുന്ന സകല മനുഷ്യര്‍ക്കും ജീവജാലങ്ങള്‍ക്കും അനുഭവിക്കാനാവണം.

ശക്കീര്‍ പുളിക്കല്‍

മഹല്ല് ശാക്തീകരണത്തിന് പ്രായോഗിക അജണ്ടകള്‍

'മഹല്ല് ശാക്തീകരണത്തിന്റെ വേറിട്ട വഴികള്‍' (2017 എപ്രില്‍ 14) ലേഖനം ശ്രദ്ധേയമായി. പ്രായോഗിക പരിജ്ഞാനവും നിശ്ചയദാര്‍ഢ്യവുമുള്ള എസ്. മമ്മുവിനെപ്പോലുള്ളവരുണ്ടങ്കില്‍ മഹല്ലില്‍ സമൂലമാറ്റം വരുത്താമെന്ന് അനുഭവങ്ങള്‍ വരച്ചുകാണിക്കുന്നു. മഹല്ല് ശാക്തീകരണത്തിലേക്കുള്ള മാര്‍ഗരേഖയായി സംഭാഷണം.

മുഖ്യധാരാ മത, രാഷ്ട്രീയ സംഘടനയുടെ സഹകരണവും കൂട്ടായ്മയും തന്നെയാണ് നടുവില്‍ പോലുള്ള മഹല്ലുകളുടെ വിജയരഹസ്യം. ഇതിലും വലിയ ആസൂത്രണവും വിപുലമായ പദ്ധതികളുമുായിട്ടും ജനപങ്കാളിത്തത്തിന്റെ അഭാവം മൂലം ഫലം കാണാനായില്ലെന്നതാണ് പലയിടത്തെയും അനുഭവം. അതിനാല്‍ പ്രായോഗിക പരിജ്ഞാനവും അനുഭവസമ്പത്തുമുള്ള പ്രസ്ഥാന പ്രവര്‍ത്തകര്‍ സംഘടനാ പ്രവര്‍ത്തനങ്ങള്‍ക്കൊപ്പം തങ്ങള്‍ ജീവിക്കുന്ന മഹല്ലിലെ പ്രവര്‍ത്തനങ്ങളില്‍ സഹകരിക്കുകയും നേതൃപരമായ പങ്കുവഹിക്കുകയും ചെയ്യുന്നത് മാറ്റത്തിന് സഹായകമാകും.

സി.എച്ച് മുഹമ്മദലി കൂട്ടിലങ്ങാടി

 

സമുദായത്തില്‍ ആനയും ഉറുമ്പും കളി

കേരളത്തിലെ മുസ്‌ലിം ഭൂരിപക്ഷ പ്രദേശങ്ങളിലൂടെ സഞ്ചരിച്ചാല്‍ വല്ലാതെ സങ്കടം വരും. ചില പ്രദേശങ്ങളില്‍ ആനയും ഉറുമ്പും തമ്മിലുള്ള വ്യത്യാസമുണ്ട് ധനാഢ്യരായ മുസ്‌ലിംകളും ദരിദ്ര മുസ്‌ലിംകളും തമ്മില്‍. വലിയ കൊട്ടാരങ്ങളുടെയും കോടികള്‍ വാരിപ്പൂശിയ അഹങ്കാര മതിലുകളുടെയും താഴെ ദരിദ്രരുടെ പൊളിഞ്ഞുവീഴാറായ കുടിലുകള്‍. സമ്പന്നന്റെ വീടുകൂടല്‍ ഉത്സവങ്ങളും വിവാഹ മാമാങ്കങ്ങളും മനസ്സാക്ഷിക്കുത്തില്ലാതെ ആവര്‍ത്തിച്ചുകൊണ്ടിരിക്കുന്നു. മതത്തിന്റെ കാവല്‍ക്കാരായ പണ്ഡിതന്മാര്‍ ഉയില്ലാ തോക്കുമായി കാവലിരിക്കുന്നു്. ചില വീടുകളില്‍ ഒരുക്കുന്ന സല്‍ക്കാരങ്ങള്‍ക്ക് വിവിധതരം ഭക്ഷണ വിഭവങ്ങളും അവയോരോന്നും വിളമ്പാന്‍ വമ്പന്‍ കുടക്കീഴില്‍ ഒരുക്കുന്ന ആര്‍ഭാടങ്ങളും കണ്ടാല്‍ ഏതോ അറബിക്കഥയിലെ മാസ്മര ലോകത്താണ് എത്തിപ്പെട്ടതെന്നു തോന്നിപ്പോകും. കണക്കില്ലാത്ത ഭക്ഷണസാധനങ്ങള്‍ മുന്നില്‍ നിരന്നുകാണുമ്പോഴേക്കും സ്വന്തം വയറിനെക്കുറിച്ചോ ആരോഗ്യത്തെക്കുറിച്ചോ ബോധമില്ലാതെ എല്ലാം വാരിവലിച്ചു വിഴുങ്ങുന്നവര്‍.

പള്ളികളുടെ കാര്യം പറയാതിരിക്കുന്നതാണ് നല്ലത്. നമസ്‌കരിക്കാന്‍ പത്താളുകള്‍ പോലും എത്താത്ത കുഗ്രാമത്തില്‍ പോലും ആകാശം മൂടുന്ന മിനാരങ്ങളുമായി കോടികളുടെ മണിമന്ദിരങ്ങള്‍. ദരിദ്രരെ കൊഞ്ഞനം കുത്തുന്ന ഈ ആര്‍ഭാടമേടകള്‍ക്ക് അല്ലാഹുവിന്റെ ഭവനങ്ങള്‍ എന്നു പേര്!

നബിയുടെ സങ്കല്‍പത്തിലുള്ള മുസ്‌ലിം സമൂഹമെവിടെ! കാരുണ്യം വറ്റിയ, ധൂര്‍ത്തിലും ധിക്കാരത്തിലും മത്സരിക്കുന്ന, ഖുര്‍ആനെയും സുന്നത്തിനെയും ജീവിതം കൊണ്ട് പരിഹസിക്കുന്ന താന്തോന്നിക്കൂട്ടങ്ങളെവിടെ! പ്രമാണവും പ്രയോഗ മതവും തമ്മില്‍ വലിയ ബന്ധമൊന്നുമില്ല. സ്വര്‍ണ സിംഹാസനത്തിലിരുന്ന് ചെലവുചുരുക്കലിനെക്കുറിച്ച് ഉപദേശിക്കുന്നതുപോലെ പരിഹാസ്യമാണ് മതരംഗത്തെ കാഴ്ചകള്‍.

കെ.പി ഇസ്മാഈല്‍ കണ്ണൂര്‍

 

ആ കത്ത് ശരിയല്ല

ആദരണീയ ഗുരുനാഥന്റെ അപകടമരണത്തെത്തുടര്‍ന്ന് ഒരു നാട്  ഒന്നടങ്കം അച്ചടക്കമുള്ള  ജനസാഗരമായി മാറുകയും ജനാസയെ സമുചിതമായി യാത്രയാക്കുകയും ചെയ്തതിന്റെ തൊട്ടുടനെയാണ് തൗസീഫ് അലി എഴുതിയ 'മൃതദേഹം ബന്ധുക്കള്‍ക്ക് നല്‍കുക' എന്ന  കത്ത് പ്രബോധനത്തില്‍ ( ലക്കം 2998) വായിച്ചത്. മരണമടഞ്ഞ സഹപ്രവര്‍ത്തകന്റെ അന്ത്യകര്‍മങ്ങളില്‍  മനുഷ്യാവകാശലംഘനം നടന്നു   എന്ന വിവരണം വിശ്വാസത്തിലെടുത്ത്  പ്രസിദ്ധീകരിക്കുംമുമ്പ് വസ്തുത അന്വേഷിക്കേണ്ടിയിരുന്നു. മരണപ്പെട്ട വ്യക്തിയെയോ പ്രദേശത്തെയോ കത്തില്‍ പേരെടുത്തു പറഞ്ഞിട്ടില്ലെങ്കിലും സൂചനകളില്‍നിന്ന് ആ പ്രദേശത്തുകാര്‍ക്ക് സംഭവം വ്യക്തമാകും. എന്നാല്‍ കത്തില്‍ പറഞ്ഞപോലെയൊന്നുമല്ല അവിടെ നടന്നത്, തൗസീഫ് അലിയുടെ വിവരങ്ങള്‍ പലതും വ്യാജവും  പരാമര്‍ശങ്ങള്‍ അതിശയോക്തിപരവുമാണ്. സൂചിപ്പിച്ച സംഭവത്തെക്കുറിച്ച് കാമ്പോ പ്രസക്തിയോ ഉള്ള ഒന്നും കത്തിലില്ല. വ്യക്തിപരമായ  അനിഷ്ടങ്ങളെന്തെങ്കിലുമുണ്ടോ കുറിപ്പുകാരന് എന്നും സംശയം തോന്നുന്നു. ഒരു നാടിനെ വീര്‍പ്പുമുട്ടിച്ചുകൊണ്ട് ഒഴുകിയെത്തിയ ജനസഞ്ചയം സ്വയം നിയന്ത്രിതരായി പൂര്‍ണ അച്ചടക്കത്തില്‍ നിര്‍വഹിച്ച മഹദ്കര്‍മങ്ങളെ ഇകഴ്ത്തുന്നതാണ് പല വരികളും. മൃതദേഹം ബന്ധുക്കള്‍ക്ക് നല്‍കുക എന്ന മര്യാദ പാലിക്കാതെ സംഘാടകര്‍  ധൃതികാണിക്കുകയായിരുന്നു  എന്ന് സമര്‍ഥിക്കാനെഴുതിയ കുറിപ്പ് തുടങ്ങുന്നത് 'ഭാര്യക്കും മക്കള്‍ക്കും വേണ്ടി വീട്ടിലേക്കാണ് മയ്യിത്ത് ആദ്യം കൊണ്ടുവന്നത്' എന്ന് സമ്മതിച്ചുകൊണ്ടാണ്. ഈ വാചകം അദ്ദേഹത്തിന്റെ ആരോപണത്തെത്തന്നെ റദ്ദ് ചെയ്യുകയാണല്ലോ. 

അസാധാരണമായ തിരക്കിനിടെ വല്ല വീഴ്ചയും സംഭവിച്ചിട്ടുണ്ടെങ്കില്‍ പോലും മൊത്തം കാര്യങ്ങള്‍ പ്രശംസാര്‍ഹമായി നടന്നത് കാണാതെ  ദോഷൈകദൃക്കായി മാറുന്നത് നീതിയല്ല. രാവിലെ അപകടത്തില്‍പെട്ടു, ഉച്ചയോടെ മരിച്ചു, സന്ധ്യാസമയത്ത് ജനാസയെത്തി എന്നീ കാര്യങ്ങള്‍ അന്ത്യകര്‍മങ്ങളില്‍ പങ്കെടുത്തു എന്ന് പറയുന്ന സഹപ്രവര്‍ത്തകനായ കുറിപ്പുകാരന്‍ കൃത്യതയോടെ എഴുതുമ്പോഴും   പള്ളിയിലേക്ക് എടുക്കുന്നതുവരെയും കുടുംബാംഗങ്ങളുടെ സന്നിധിയിലായിരുന്നു ജനാസ എന്ന കാര്യം കാണാതെ പോകുന്നു. ചില തെറ്റിദ്ധാരണകളുടെ അടിസ്ഥാനത്തിലാണ് കത്ത് എഴുതിയത് എന്നും അതില്‍ ഖേദിക്കുന്നു എന്നുമാണ്   കുറിപ്പുകാരനോട് സംസാരിച്ചപ്പോള്‍ ബന്ധപ്പെട്ടവര്‍ക്ക്  ലഭിച്ച വിശദീകരണം എന്ന് അറിയാനായി. ഇത്തരം കത്തുകളുടെയും പ്രതികരണങ്ങളുടെയും കാര്യത്തില്‍ സൂക്ഷ്മത പുലര്‍ത്താന്‍ എഴുതുന്നവരും എഡിറ്റര്‍മാരും  ശ്രദ്ധിക്കുമല്ലോ.

കെ.പി യൂസുഫ്, പെരിങ്ങാല

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-26 / അശ്ശുഅറാഅ് (72 - 77)
എ.വൈ.ആര്‍

ഹദീസ്‌

സത്യസന്ധത എന്ന ഉത്കൃഷ്ട മൂല്യം
സി.എം റഫീഖ് കോക്കൂര്‍