വി.എന്‍ ഇസ്മാഈല്‍
മുണ്ടക്കയം സ്വദേശി വി.എന്‍ ഇസ്മാഈല്‍ സാഹിബ് കാഞ്ഞിരപ്പള്ളി പ്രാദേശിക ജമാഅത്ത് അംഗമായിരുന്നു. പോലീസ് ഡിപ്പാര്‍ട്ട്‌മെന്റിലായിരുന്നു ഔദ്യോഗിക ജീവിതം. ആരോടും പുഞ്ചിരിച്ചുകൊണ്ടുള്ള ഇടപെടല്‍. മുണ്ടക്കയം ജമാഅത്ത് ഘടകത്തിന്റെ സാരഥി, മാധ്യമം കോ-ഓര്‍ഡിനേറ്റര്‍, പെരുമ്പിലാവ് അന്‍സാര്‍ സ്‌കൂള്‍ മാനേജര്‍, തിരൂര്‍ക്കാട് ഓര്‍ഫനേജ് ഓഫീസ് ക്ലര്‍ക്ക്, മുണ്ടക്കയം മസ്ജിദ് വഫ പരിപാലന സമിതിയംഗം, കാഞ്ഞിരപ്പള്ളി ഹിം ഓഫീസ് സെക്രട്ടറി എന്നീ നിലകളില്‍ വിവിധ ഉത്തരവാദിത്തങ്ങള്‍ നിര്‍വഹിച്ചിട്ടുണ്ട്. ജമാഅത്ത് അംഗങ്ങളുടെ ഹൈദരാബാദ് സമ്മേളനത്തില്‍ പങ്കെടുത്തിരുന്നു. ഫെബ്രുവരി 12-ന് മുണ്ടക്കയത്ത് നടന്ന ജില്ലാ സമ്മേളനത്തില്‍ ട്രാഫിക്കിന്റെ ചുമതല അദ്ദേഹത്തിനായിരുന്നു. ആദ്യം നടന്ന സ്വാഗത സംഘം മീറ്റിംഗില്‍ പങ്കെടുക്കുകയും ചെയ്തു. പിന്നീടാണ് അസുഖ ബാധിതനായത്. മുണ്ടക്കയം ഖുര്‍ആന്‍ സ്റ്റഡീ സെന്ററിലെ പഠിതാവായിരുന്നു അദ്ദേഹം. മരണപ്പെടുമ്പോള്‍ തിരൂര്‍ക്കാട് ഓര്‍ഫനേജിലായിരുന്നു. ഭാര്യയും രണ്ട് മക്കളുമുണ്ട്.
എം.എം ഷാജി ആലപ്ര
അബ്ദുല്ലത്വീഫ്
റവന്യൂ വകുപ്പില്‍നിന്ന് തഹസില്‍ദാറായി വിരമിച്ച ശേഷം മഹല്ല് ശാക്തീകരണപ്രവര്‍ത്തനങ്ങളില്‍ സജീവമായിരുന്നു എറിയാട് അന്താറത്തറ പരേതനായ ഖാദറിന്റെ മകന്‍ അബ്ദുല്ലത്വീഫ് (72). ഉന്നത തസ്തികയിലിരുന്നപ്പോഴും ജോലിയില്‍ കൃത്യനിഷ്ഠ പാലിച്ചും ആത്മാര്‍ഥതയോടെയും കഴിയാവുന്ന സേവനങ്ങള്‍ ചെയ്തും സാധാരണക്കാര്‍ക്കിടയില്‍ ജീവിച്ചു. കടപ്പൂര് മഹല്ലിലെ യുവാക്കള്‍ ചേര്‍ന്ന് 'കടപ്പൂര് വെല്‍ഫെയര്‍ ട്രസ്റ്റി'ന് രൂപം നല്‍കുന്നതിനെക്കുറിച്ച് ആലോചിച്ചപ്പോള്‍ അതില്‍ പങ്കാളിയാവുകയും ട്രസ്റ്റിന്റെ പ്രഥമ ചെയര്‍മാന്‍ സ്ഥാനം ഏല്‍ക്കുകയും ചെയ്തു. വികസിത മഹല്ലിനെക്കുറിച്ചുള്ള സ്വപ്‌നങ്ങളും അദ്ദേഹത്തിനുണ്ടായിരുന്നു. മഹല്ലിന്റെ സര്‍വതോമുഖമായ പുരോഗതി ലക്ഷ്യമാക്കി ക്രിയാത്മകമായ ഒട്ടേറെ പദ്ധതികള്‍ അദ്ദേഹം വിഭാവനം ചെയ്യുകയുണ്ടായി.
സാധാരണക്കാരന്റെ തോളില്‍ കൈയിട്ട് നടക്കുകയും, ആരോടും സൗഹ്യദം പങ്കുവെക്കുകയും ചെയ്യുമായിരുന്നു. സംഘടനയുടെ അകത്തേക്ക് കടന്നില്ലെങ്കിലും പ്രസ്ഥാനത്തോടും നേതൃത്വത്തോടും പ്രവര്‍ത്തകരോടും പ്രത്യേകമായ മമതയും സ്‌നേഹവും അദ്ദേഹം പുലര്‍ത്തിയിരുന്നു. പ്രസ്ഥാനത്തിന്റെ എല്ലാ സേവന പ്രവര്‍ത്തനങ്ങളോടും സഹകരിച്ചിരുന്നു. ഗുണകാംക്ഷാപരമായ നിര്‍ദേശങ്ങളും പങ്കു വെക്കുമായിരുന്നു. ഏതാനും മാസങ്ങളായി രോഗബാധിതനായിരുന്നു.
സര്‍വീസിലിരിക്കെ ജോലിയില്‍ കാണിച്ചിരുന്ന ആത്മാര്‍ഥതയും കൃത്യനിഷ്ഠയും സുവിദിതമാണ്. അദ്ദേഹത്തിന്റെ നിര്യാണം മൂലം പ്രസ്ഥാനത്തിന് സ്‌നേഹനിധിയായ ഒരു ഗുണകാംക്ഷിയെയും, വീട്ടുകാര്‍ക്ക് സ്‌നേഹനിധിയായ പിതാവിനെയും, നാട്ടുകാര്‍ക്ക് നല്ലയൊരു വ്യക്തിത്വത്തെയുമാണ് നഷ്ടമായത്. അധ്യാപികയായി വിരമിച്ച സുഹ്‌റാബി ടീച്ചറാണ് ഭാര്യ. സഹീദ (അധ്യാപിക, സണ്‍റൈസ് സ്‌കൂള്‍, അബൂദബി), ആബിദ (ഇന്ത്യന്‍ സ്‌കൂള്‍, ബഹ്‌റൈന്‍), മുഹമ്മദ് മുസ്ത്വഫ എന്നിവരാണ് മക്കള്‍.
അബൂബക്കര്‍ സിദ്ദീഖ്, എറിയാട്
ചേരിയത്ത് മൊയ്തീന്‍ കുട്ടി
പുത്തനത്താണി ഏരിയയിലെ വാരണാക്കര ജമാഅത്ത് ഘടകത്തിലെ സജീവ പ്രവര്‍ത്തകനായിരുന്നു ചേരിയത്ത് മൊയ്തീന്‍ കുട്ടി എന്ന ബാപ്പുട്ടി സാഹിബ് (71). 1971-ല്‍ സുഹൃത്തുക്കളായ വി.സി അബ്ദുല്ല കോയ തങ്ങള്‍, കെ.കെ മമ്മദ് സാഹിബ്, ടി.എ സൈനുദ്ദീന്‍ കുരിക്കള്‍, പാറയില്‍ മൊയ്തീന്‍ കുട്ടി എന്നിവരിലൂടെ പ്രസ്ഥാനത്തെ മനസ്സിലാക്കുകയും പ്രവര്‍ത്തനങ്ങളില്‍ സഹകരിക്കുകയും ചെയ്തു. 1973-ല്‍ തിരൂരില്‍ നടന്ന ജമാഅത്തെ ഇസ്‌ലാമി മധ്യമേഖലാ സമ്മേളനം മുതല്‍ അസുഖബാധിതനായി കിടപ്പിലാകുന്നതുവരെ എല്ലാ പ്രസ്ഥാന പരിപാടികളിലും വളന്റിയര്‍ സേവനം ചെയ്തിട്ടുണ്ട്. സ്വദേശമായ ഇരിങ്ങാവൂര്‍ തിരുത്തുമ്മല്‍ മദ്‌റസയിലെ ആദ്യകാല അധ്യാപകനായ ബാപ്പുട്ടി സാഹിബ് പ്രസ്ഥാനവുമായി ബന്ധപ്പെട്ട കാരണത്താല്‍ തുടക്കത്തില്‍ പല പ്രയാസങ്ങളും നേരിടേണ്ടി വന്നിട്ടുണ്ട്. 1984-ല്‍ കാര്‍കുന്‍ ആയ ബാപ്പുട്ടി സാഹിബ് പ്രബോധനം, ഇസ്‌ലാമിക സാഹിത്യങ്ങള്‍, പഠന ക്ലാസ്സുകള്‍, വാരാന്ത യോഗങ്ങളിലെ സജീവ പങ്കാളിത്തം എന്നിവയിലൂടെ പ്രസ്ഥാനത്തെ ആഴത്തില്‍ മനസ്സിലാക്കി. അസുഖബാധിതനാകുന്നതുവരെ വാരണാക്കര ഘടകത്തിലെ സെക്രട്ടറിയായിരുന്നു. രോഗശയ്യയിലായതിനാല്‍ ഫെബ്രുവരി 11-ന് കോട്ടക്കലില്‍ നടന്ന ജില്ലാ സമ്മേളനത്തില്‍ പങ്കെടുക്കാന്‍ സാധിക്കാത്തതില്‍ അതീവ ദുഃഖിതനായിരുന്നു. ഏത് തിരക്കിനിടയിലും ജമാഅത്ത് നമസ്‌കാരത്തില്‍ കണിശതയും തഹജ്ജുദ്, മറ്റ് സുന്നത്ത് നമസ്‌കാരങ്ങള്‍ എന്നിവയില്‍ കൃത്യതയും പാലിച്ചിരുന്നു. വിശുദ്ധ ഖുര്‍ആനും പ്രബോധനം വാരികയും അദ്ദേഹത്തിന് സന്തത സഹചാരികളായിരുന്നു. 2 ആണ്‍മക്കളും 4 പെണ്‍മക്കളുമുണ്ട്.
ടി. സമീറ തിരുത്തുമ്മല്‍
എം.ടി കുഞ്ഞിഫാത്വിമ, ചെറുവാടി
പൊന്നാനി മഖ്ദൂം കുടുംബ ശാഖയില്‍പെട്ട വ്യക്തിത്വമായിരുന്നു വാഴക്കാട് മുസ്‌ലിയാരകത്ത് തോട്ടത്തില്‍ കുഞ്ഞിഫാത്വിമ (93). വാഴക്കാട്ടെ എം.ടി കുഞ്ഞമ്മദ് ഹാജിയുടെയും ആമക്കോട് പൂവാടിയില്‍ ആഇശയുടെയും പതിമൂന്നു മക്കളില്‍ പെണ്‍മക്കളില്‍ മൂത്തയാള്‍. പ്രസിദ്ധ സലഫി പണ്ഡിതന്‍ എം.ടി അബ്ദുര്‍റഹ്മാന്‍ മൗലവിയുടെ സഹോദരിയും ഇ.എന്‍ അഹ്മദ് മുസ്‌ലിയാരുടെ ഭാര്യയുമായിരുന്നു.
അക്കാലത്തെ അഞ്ചാം ക്ലാസ് സ്‌കൂള്‍ വിദ്യാഭ്യാസത്തിനു പുറമെ ഇസ്‌ലാമിക വിഷയങ്ങളിലുള്ള അറിവും പരന്ന വായനയും അവരെ സമകാലികരില്‍ വ്യതിരിക്തയാക്കി. ഹദീസ് പണ്ഡിതനായ മൂത്ത മകന്‍ ഇ.എന്‍ മുഹമ്മദ് മൗലവിയെ ഗര്‍ഭം ധരിച്ച നാളുകളില്‍ ഭര്‍ത്താവായ പ്രസിദ്ധ പണ്ഡിതന്‍ ഏഴിമല അഹ്മദ് മുസ്‌ലിയാരില്‍നിന്നും അവര്‍ 'തഫ്‌സീറുല്‍ ജലാലൈനി' ഓതിപ്പഠിക്കുകയായിരുന്നു. ഹദീസ് ഗ്രന്ഥമായ 'മിശ്കാത്തുല്‍ മസ്വാബീഹും' ഭര്‍ത്താവില്‍നിന്ന് പഠിക്കാന്‍ ഭാഗ്യം ലഭിച്ചു. വിവിധ വിഭാഗങ്ങളുടെ ഇസ്‌ലാമിക പ്രസിദ്ധീകരണങ്ങളും ആനുകാലികങ്ങളും വായിച്ചു ലഭിച്ച ബോധ്യങ്ങളാവണം ഭിന്ന സംഘടനാധാരകളിലുള്ള ഭര്‍ത്താവിനെയും മക്കളെയും സമര്‍ഥമായി രമ്യപ്പെടുത്താന്‍ അവരെ പ്രാപ്തയാക്കിയത്. 'പുറത്താക്കിയാല്‍ മക്കള്‍ മക്കളല്ലാതാവില്ല' എന്ന മറുപടി പ്രസ്ഥാനമാര്‍ഗത്തില്‍ നാട്ടില്‍നിന്നും വീട്ടില്‍നിന്നും ബഹിഷ്‌കൃതരായ മക്കള്‍ക്കുള്ള ശക്തമായ താങ്ങായിരുന്നു. മധ്യമ നിലപാടിലൂടെ കുടുംബത്തെ ഒന്നിപ്പിച്ചുനിര്‍ത്തുമ്പോഴും മാലപ്പാട്ടുകളോ നാട്ടാചാരങ്ങളായിത്തീര്‍ന്ന ഖുറാഫാത്തുകളോ അവരെ ഒട്ടും സ്വാധീനിക്കുകയുണ്ടായില്ല. ഖുര്‍ആന്‍ അര്‍ഥവും ആശയവും അറിഞ്ഞാസ്വദിക്കുമായിരുന്നു; അന്ത്യം വരെ. 'ലാഇലാഹ ഇല്ലല്ലാഹു'വിനപ്പുറം ഒരു 'സഹായതേട്ട'വും തൊണ്ണൂറ്റി മൂന്നാം വയസ്സിലും അവരുയര്‍ത്തിയില്ല. 2001 -ല്‍ എഴുതിച്ച് ഒരു വര്‍ഷം മുമ്പ് മക്കള്‍ക്ക് കോപ്പിയെടുത്ത് നല്‍കിയ വസ്വിയ്യത്തില്‍ മയ്യിത്ത് നമസ്‌കാരത്തിന് പ്രായക്രമത്തില്‍ ആണ്‍മക്കളും സ്ത്രീകളുടേതിന് മകള്‍ ആഇശയും സാധ്യമല്ലെങ്കില്‍ പേരക്കുട്ടികള്‍, മരുമക്കള്‍ എന്നീ ക്രമത്തിലും നേതൃത്വം കൊടുക്കണമെന്നും അവര്‍ എഴുതി.
സലഫീ വീക്ഷണക്കാരായ സഹോദരങ്ങളും 'സമസ്ത' വിഭാഗക്കാരായ ഭര്‍ത്താവും മൂന്നു മക്കളും ജമാഅത്തെ ഇസ്‌ലാമി പ്രവര്‍ത്തകരായ മറ്റു അഞ്ചു മക്കളുമടങ്ങുന്നതായിരുന്നു കുടുംബം. ഇവര്‍ക്കിടയില്‍ വലിയ പ്രശ്‌നങ്ങളില്ലാതെ കുടുംബം മുന്നോട്ടു നയിക്കാന്‍ അസാമാന്യ ക്ഷമയും അറിവും നയചാതുരിയും അവര്‍ പ്രകടിപ്പിച്ചു. വിപുലമായ കുടുംബ, അയല്‍പക്ക സൗഹൃദ ബന്ധങ്ങളം ദാനധര്‍മങ്ങളം സരസസംസാരവും അവരെ കൂടുതല്‍ പ്രിയങ്കരിയാക്കി. സ്ത്രീകള്‍ക്ക് പ്രത്യേകം സംവിധാനങ്ങളില്ലാതിരുന്ന കാലത്ത് വീട്ടില്‍ അയല്‍ക്കാരെയും മറ്റും കൂട്ടി പെരുന്നാള്‍ നമസ്‌കാരത്തിന് നേതൃത്വം നല്‍കിയിരുന്നു. മക്കള്‍ക്കും പേരക്കുട്ടികള്‍ക്കും ദീനീമാര്‍ഗത്തില്‍ പ്രോത്സാഹനവും പ്രചോദനവും നല്‍കുകയും കാര്യങ്ങള്‍ ചോദിച്ചറിയുകയും ചെയ്യുമായിരുന്നു. ആ പിന്തുണയാണ് മക്കളെ പണ്ഡിതരും നേതാക്കളുമൊക്കെയാക്കിത്തീര്‍ത്തത്. ജമാഅത്തിന്റെ ആദ്യകാല ശൂറാംഗം കെ. മൊയ്തു മൗലവി സഹോദരീ ഭര്‍ത്താവായിരുന്നു.
മക്കള്‍: പ്രസിദ്ധ ഹദീസ് പണ്ഡിതന്‍ ഇ.എന്‍ മുഹമ്മദ് മൗലവി, പരേതനായ ഇ.എന്‍ മഹ്മൂദ് മുസ്‌ലിയാര്‍, മേഖലാ നാസിമും അഖിലേന്ത്യാ പ്രതിനിധി സഭാംഗവും കേരള ശൂറാ മെമ്പറുമായിരുന്ന ഇ.എന്‍ അബ്ദുല്ല മൗലവി, ഗ്രന്ഥകാരനും പണ്ഡിതനുമായ ഇബ്‌റാഹീം മൗലവി, അബ്ദുല്‍ ഹമീദ് മുസ്‌ലിയാര്‍, പരേതനായ അബ്ദുല്‍ വഹാബ്, അബ്ദുല്‍ ജലീല്‍ (വാദീറഹ്മ), അബ്ദുര്‍റഹ്മാന്‍ ചെറുവാടി, ആഇശ. മരുമകന്‍: കെ.കെ അബൂബക്കര്‍ ഫൈസി വിളയില്‍.
ഇ.എന്‍ അബ്ദുര്‍റസ്സാഖ്
Comments