Prabodhanm Weekly

Pages

Search

2017 മെയ് 05

3000

1438 ശഅ്ബാന്‍ 08

അവനവന്റെ ജീവിതത്തിനു പുറമെ എത്രയെത്ര ജീവിതങ്ങളുണ്ട്!

മെഹദ് മഖ്ബൂല്‍

ഒട്ടും സമയം കിട്ടുന്നില്ലല്ലോ വായിക്കാന്‍ എന്ന പരിഭവങ്ങള്‍ കേള്‍ക്കാറുണ്ട്. വായിക്കാന്‍ സമയമില്ലെന്ന് പറയുന്നയാള്‍ ബുദ്ധിപരമായി ആത്മഹത്യ ചെയ്യുന്നു എന്നെഴുതിയത് തോമസ് ഡ്രൈയര്‍. എല്ലാം കഴിഞ്ഞിട്ടൊടുക്കം സമയം കിട്ടിയാല്‍ മാത്രം ചെയ്താല്‍ മതിയാവുന്ന ഒന്നാണോ വായന? 

വായനയില്‍ ഒരു ആത്മീയതയുണ്ട്, അകങ്ങളിലേക്ക് ആഴ്ന്നു താഴ്ന്നു പോകുന്ന ഒരു യാത്രാനുഭൂതി. പൊടുന്നനെ കയറിക്കൂടുന്ന ഓരോ അക്ഷരവും ആശയവും എത്രായിരം കിനാവുകളാണ് നമ്മില്‍ തുന്നിക്കൂട്ടുന്നത്! ഓരോ പുസ്തകം വായിച്ചിറങ്ങുമ്പോഴും നമുക്ക് പുതിയ കണ്ണുകളും കാഴ്ചകളും കിട്ടുന്നു. 

വായനയിലൂടെ നമുക്ക് കാടു കേറാം. ഉള്‍ക്കാട്ടില്‍ പാര്‍ക്കാം. അനേകം വര്‍ഷങ്ങളായി കൊഴിഞ്ഞുകൊണ്ടേയിരിക്കുന്ന ഇലകള്‍ വീണ് ദ്രവിച്ച കാട്ടുമണ്ണില്‍ തൊടാം. അതിലെ കോടിക്കണക്കിന് ചെറുജീവികളെ കാണാം. മരങ്ങളില്‍ പറ്റിപ്പിടിച്ച് വളരുന്ന ഒരായിരം സസ്യങ്ങളും മരക്കൂണുകളും പന്നല്‍ച്ചെടികളും ഓര്‍ക്കിഡുകളും മഹാമരങ്ങളും മരപ്പന്തലുകളും കണ്ടു കണ്ട് കണ്ണ് നിറക്കാം. പച്ച തന്നെ എത്രയെത്ര പച്ചയെന്ന് അത്ഭുതപ്പെടാം. 

ഇലകളില്‍ ചോരുന്ന ആകാശം എന്ന പുസ്തകം നമ്മെ കൈപിടിച്ച് കൊണ്ടുപോകുന്നത് ഇന്നേവരെ കണ്ടിട്ടില്ലാത്ത കാടകങ്ങളിലെ പടര്‍പ്പുകളിലേക്ക്. എന്തെല്ലാം ചെടികള്‍! ഇരുണ്ടു പച്ചിച്ച കാട്ടുവള്ളികള്‍, കരിങ്കദളികള്‍, തൊട്ടാല്‍വാടികള്‍, നീല നക്ഷത്രപ്പൂക്കള്‍, നൂറ് പേരറിയാപ്പൂക്കള്‍...

കണ്ണ് തൊടുന്നതും തൊടാത്തതുമായ സൂക്ഷ്മജീവികള്‍ മുതല്‍ കട്ടുറുമ്പും മണ്‍ചിലന്തിയും ചീവിടും മണ്ണിരയും ഒച്ചും അട്ടയും അരണയും തവളയും പാമ്പും കീരിയും മുള്ളന്‍പന്നിയും പുലിയും കാട്ടുപന്നിയും മാനും മ്ലാവും ആനക്കൂട്ടവും....

ആരുടെയൊക്കെ വീടാണ് ഈ കാടെന്ന് ബോധ്യം വരുന്നു, പതിയെ ശിരസ്സ് കുനിയുന്നു. രണ്ടു കൈകളും നീട്ടി ആകാശത്തേക്ക് തലയുയര്‍ത്തിപ്പിടിച്ച് പ്രാര്‍ഥനാനിരതനായി നില്‍ക്കുന്നു ഒരു മരം. 

കാടിനെ വായിച്ചിരിക്കെ തൊണ്ട വരളുമ്പോള്‍ ഒരു വനമനുഷ്യന്‍ പുസ്തകത്തിലേക്ക് തന്നെ കൂട്ടിക്കൊണ്ടുപോകുന്നു. അയാളൊരു കാട്ടുവള്ളി തേടിപ്പിടിച്ച് അരയിലെ കത്തിയൂരി അതിലൊന്ന് ചെരിച്ച് വെട്ടി ഒരറ്റം കൈയില്‍ തരുന്നു. ചുണ്ടില്‍ ചേര്‍ത്ത് വലിച്ചു കുടിക്കാം. കുഴലില്‍നിന്നെന്നപോലെ തെളിവെള്ളം ഒഴുകിവരുന്നു. ഇനി കാട്ടുചോലയില്‍ പോകണോ? അയാള്‍ ചോദിക്കുന്നു.

കാടിന്റെ രാത്രിസംഗീതത്തിന് കാത് കൊടുത്ത് ഉള്ള് കുളിരുന്ന തണുപ്പത്ത് നില്‍ക്കവെ പെട്ടെന്ന് താഴ്‌വരയിലെമ്പാടും വെളിച്ചം നിറയുന്നു. ഒരു നിമിഷം കൊണ്ട് തന്നെ അടിവാരത്ത് വീണ്ടും ഇരുള്‍ പരന്നു. പിന്നെയും വെളിച്ചം, ഇരുട്ട്- ശ്രദ്ധാപൂര്‍വം നോക്കി. മിന്നാമിന്നികളാണ്! ലക്ഷക്കണക്കിന് മിന്നാമിന്നികള്‍ താഴ്‌വരയിലാകെ നിറഞ്ഞിരിക്കുന്നു. അവയെല്ലാം ഒരേസമയം തെളിയുകയും അണയുകയും ചെയ്യുന്ന മായക്കാഴ്ച! 

പുസ്തകത്തില്‍നിന്ന് തിരികെ വീട്ടിലേക്ക് നടക്കുമ്പോള്‍ ചോരക്കാലിയെന്ന മരം കാണുന്നു. കാട്ടില്‍ എവിടെയൊക്കെ ചോരക്കാലിയുണ്ടോ അതിലൊക്കെയും കടുവമാന്തിയ പാടുകളുണ്ടാവും. കടുവ തന്റെ നഖം വൃത്തിയാക്കാനാണ് ഈ മാന്തല്‍ പ്രയോഗം നടത്തുന്നത്. പ്രഗത്ഭരായ സസ്യശാസ്ത്രജ്ഞന്മാര്‍ പോലും ചോരക്കാലിയെ തിരിച്ചറിയുന്നത് ഈ മാന്തല്‍പാട് കണ്ടിട്ടാണത്രെ! 

നാടും നഗരവും ദുഷിപ്പിച്ച ശ്വാസകോശങ്ങളില്‍ ശുദ്ധവായു  ഊതിനിറച്ച് സുഗത കുമാരിയുടെയും ബാലന്‍ മാധവന്റെയുമൊക്കെ കാടെഴുത്തുകള്‍ എത്ര പെട്ടെന്നാണ്  നമ്മെ ജീവസ്സുറ്റതാക്കുന്നത്. 

എല്ലാ വൃക്ഷങ്ങളും വീഴും എന്നതാണ് വനം തന്ന പാഠം എന്നെഴുതുന്നുണ്ട് അന്ധകാരനഴിയില്‍ ഇ. സന്തോഷ് കുമാര്‍. നോവലിലെ ശിവന്‍ എന്ന കഥാപാത്രം പറയുന്നു: ''ഈ വനത്തിലെ മരങ്ങളാണെന്നെ പലതും പഠിപ്പിച്ചത്, ഈട്ടിയും തേക്കും മഹാഗണിയും.. ആഞ്ഞിലിയും മരുതും പുന്നയും വാകയും.. കാട്ടില്‍ നാം നടാതെ തന്നെ വളര്‍ന്നുവന്ന മരങ്ങള്‍.... മഴയും വെയിലും കൊണ്ട് കിളിര്‍ത്ത് വളര്‍ന്ന മരങ്ങള്‍.. നിങ്ങള്‍ അവരെ ശ്രദ്ധിച്ചിട്ടുണ്ടോ..? ആര്‍ക്കുവേണ്ടിയും അവ കാത്തുനില്‍ക്കുന്നില്ല. അവ നിലനില്‍പിനുവേണ്ടി പരസ്പരം മത്സരിക്കുന്നു. വെള്ളത്തിനു വേണ്ടി പൊരുതുന്നു. വെളിച്ചത്തിനായി കുതിക്കുന്നു.'' 

വായനയെപ്പറ്റിയാണ് പറഞ്ഞു തുടങ്ങിയത്. അത് കാടുകേറി എങ്ങനെയോ ഉള്‍ക്കാട്ടിലെത്തുകയായിരുന്നു. വായനയുടെ സുഖം അതാണ്. ഏത് ആകാശത്തേക്കും ആശയലോകത്തേക്കും കാടുകേറാം. ഏത് പകലും പാതിരാത്രിയും പറന്നും നീന്തിയും യാത്ര പോകാം. അങ്ങനെ എപ്പോഴൊക്കെയോ നമ്മില്‍ പുതിയ നീരുറവകള്‍ ഉദയമെടുക്കുന്നു.

വായിക്കുക എന്നാല്‍ വേരിലേക്ക് താഴ്ന്നും പൂവിലേക്ക് പടര്‍ന്നും തന്നെത്തന്നെ കുഴിച്ചും മറ്റുള്ളവരിലേക്ക് കുതിച്ചും മനുഷ്യര്‍ നടത്തുന്ന അതിജീവനമാണെന്ന് സമൂഹം, സാഹിത്യം, സംസ്‌കാരം എന്ന പുസ്തകത്തില്‍ കെ.ഇ.എന്‍. 

 വായിച്ചിരിക്കുമ്പോള്‍ ഇത്രയേറെ വിസ്മയങ്ങളോ ഈ ലോകത്തെന്ന് അത്ഭുതം വരും. ഇത്ര അത്ഭുതങ്ങള്‍ പാത്തുവെച്ച ഈ ലോകത്തിന്റെ ഒരു കോണിലിരുന്ന്  അലസതയില്‍ പുതച്ചുറങ്ങി കാലം കഴിക്കുന്നത് മോശമല്ലേയെന്ന് ഉള്ളില്‍ ചോദ്യം വരും. ഇങ്ങനെ സ്വയം ചോദിച്ചും പറഞ്ഞുമാണ് നമുക്ക് വലുപ്പം വെക്കുന്നത്, നമ്മുടെ അകംലോകങ്ങള്‍ക്ക് വീര്‍പ്പ് വരുന്നത്, നമ്മള്‍ വിശാലമാകുന്നത്.

എത്ര വായിച്ചാലും തീരാത്ത രണ്ട് കൃതികളാണ് റെയില്‍വേ ടൈം ടേബിളും ടെലഫോണ്‍ ഡയറക്ടറിയും എന്നെഴുതിയത് ബാബു ഭരദ്വാജ്. ''ടെലഫോണ്‍ ഡയറക്ടറിയില്‍ ഉള്ളത്ര കഥാപാത്രങ്ങള്‍ വേറൊന്നിലും കാണില്ല, റെയില്‍വേ ടൈം ടേബിളിലുള്ളത്ര സ്ഥലങ്ങളും വഴികളും കാലവും സഞ്ചാരങ്ങളും കര്‍മങ്ങളും മറ്റൊന്നിലുമില്ല. ഇവ രണ്ടിലുമുള്ളത്ര സംഖ്യകള്‍ ഒരു എഞ്ചുവടിയിലും കാണില്ല. നിങ്ങള്‍ക്ക് സ്ഥലനാമങ്ങള്‍ കൊണ്ടും മനുഷ്യനാമങ്ങള്‍ കൊണ്ടും കളിക്കാം. ഇത്രപ്പോരം മനുഷ്യരോ, ഇത്രപ്പോരം സ്ഥലങ്ങളോ എന്ന് അത്ഭുതം കൂറാം..''

നക്ഷത്രങ്ങള്‍ക്ക് ലോകം മുഴുവനും കാണാം, പക്ഷേ എവിടെ പോകാനൊക്കും എന്ന് ചോദിക്കുന്നുണ്ട് മഹാരൗദ്രത്തില്‍ സൈമണ്‍ ബ്രിട്ടോ.  വായനക്ക് പക്ഷേ ആ പരിമിതിയില്ല. വായനയിലൂടെ നമുക്കെല്ലാം കാണാം, എല്ലായിടത്തും പോകാം! ആണ്ടുകള്‍ ഒട്ടേറെ മുന്നിലേക്കും പിന്നിലേക്കും നമ്മെ നടത്തിക്കുന്നു വായന. ഞാന്‍ മാത്രം ശരിയെന്ന തീര്‍പ്പുകളെല്ലാം ഒറ്റയടിക്ക് തേഞ്ഞുതീരുന്നു. 

നമ്മേക്കാള്‍ വലുപ്പമുള്ളവര്‍, അറിവുള്ളവര്‍, നന്മയും സ്‌നേഹവും മാത്രം നിറഞ്ഞ തണല്‍മരങ്ങള്‍... അങ്ങനെ എത്രായിരം പേര്‍. നമ്മെ മാത്രം കാണുന്ന കണ്ണാടിയാകരുത് ജീവിതമെന്ന് വായന നമ്മെ ഗുണദോഷിക്കുന്നു. എന്ത് ചെറുതാണ് ഞാനെന്ന് ബോധ്യം വരുന്നു. വായിച്ചു വായിച്ചിരിക്കെ നമ്മില്‍ ഊറിക്കൂടിയ ഹുങ്കും അഹന്തയുമെല്ലാം ഏത് മണല്‍ മണ്ണിലാണ് അലിഞ്ഞ് മാഞ്ഞത്?

അലമാരക്കകത്തിരിക്കുന്ന പുസ്തകം വെറുമൊരു സ്റ്റേഷനറി വസ്തു മാത്രമാണെന്നെഴുതുന്നുണ്ട് ബാലചന്ദ്രന്‍ വടക്കേടത്ത് വായനയുടെ ഉപനിഷത്ത് എന്ന പുസ്തകത്തില്‍. വായിക്കുന്ന നേരം മാത്രമാണ് ആ കൃതി ചലിക്കുന്നതെന്നദ്ദേഹം നിരീക്ഷിക്കുന്നു. സ്റ്റേഷനറി വസ്തുവിന്റെ ഓര്‍മയുണര്‍ത്തുന്ന ആ അവസ്ഥയില്‍നിന്ന് പുസ്തകം മറ്റൊന്നായി പരിണമിക്കുന്നത് വായിക്കുമ്പോള്‍ മാത്രമാണ്. 

അനിതാ പ്രതാപിന്റെ ചോര ചിന്തിയ ദ്വീപ് എന്ന പുസ്തകം ശ്രീലങ്കയുടെ ഉള്ളറകളിലൂടെയുള്ള ഒരു യാത്രപോക്കാണ്. പ്രഭാകരനും കരിമ്പുലികളും അവരുടെ കരുതല്‍ രീതികളുമെല്ലാം നമ്മില്‍ നടുന്നത് എന്തെല്ലാം നടുക്കങ്ങളാണ്! ബാബരി തകര്‍ച്ചാ കാലത്തെ ഒരനുഭവം കൂടി അവരതില്‍ പറയുന്നുണ്ട്. താക്കറെയുടെ അടുത്ത് അഭിമുഖത്തിനായി ചെന്നതാണ്. മുസ്‌ലിംകളെ എങ്ങനെ നിലക്കുനിര്‍ത്താം എന്നതിനെപ്പറ്റിയാണ് താക്കറെ സംസാരിക്കുന്നത്. അനിത പതിയെ വിഷയം മാറ്റി, താക്കറെയുടെ ഹെയര്‍ സ്റ്റൈലിനെ പ്രശംസിച്ചു. അഭിമാനപൂര്‍വം താക്കറെ പറഞ്ഞു: ''കാലങ്ങളായി ഒരേ ബാര്‍ബറുടെ അടുത്താണ് ഞാന്‍ പോകുന്നത്. അയാളൊരു മുസ്‌ലിമാണ്, മിടുക്കന്‍!''

ചോര മണക്കുന്ന വരികള്‍ക്കിടയിലും  ഇങ്ങനെ പതിഞ്ഞു കിടപ്പുണ്ടാകും ഒരു സമവാക്യങ്ങള്‍ക്കും പിടിതരാത്ത വൈരുധ്യങ്ങള്‍! 

വായിക്കാന്‍ ശീലിക്കും മുമ്പ് നമ്മള്‍ കണ്ടും കേട്ടും വളരുകയായിരുന്നു. മുതിര്‍ന്നവരില്‍നിന്ന് കേട്ട എത്രയേറെ കഥകള്‍! ഒരിടത്ത് ഒരു രാജാവുണ്ടായിരുന്നു, ആ രാജാവിന് അഞ്ച് മക്കളുണ്ടായിരുന്നു എന്ന് ഉപ്പയോ ഉമ്മയോ പറഞ്ഞു തുടങ്ങുമ്പോള്‍ തന്നെ നമുക്കറിയാം ഈ കഥ വികസിക്കുന്നത് 'കഥമതി'യിലേക്കാണെന്ന്. ഒരു കുട്ടിയും ഒരിക്കലും കേള്‍ക്കാന്‍ ആഗ്രഹിക്കാത്ത കഥയായിരിക്കും ഒരുപക്ഷേ ഈ രാജാവിന്റെയും മക്കളുടെയും കഥ. മുതിര്‍ന്നവരാല്‍ ഇങ്ങനെ നിരന്തരം പറ്റിക്കപ്പെടുമ്പോഴാണ് വായിക്കാന്‍ പഠിക്കണമെന്ന വാശി കുട്ടികളില്‍ നിറയുന്നത്. 

കഥയില്‍ ചോദ്യമില്ലെന്ന നിബന്ധന വെച്ചാണ് കഥകളെല്ലാം കുട്ടികള്‍ക്ക് കിട്ടുന്നത്. എല്ലാറ്റിലും ചോദ്യം വേണമെന്ന പോലെ കഥയിലും ചോദ്യം വേണം. ചോദ്യങ്ങളില്ലാതെ വരുമ്പോള്‍ എങ്ങോട്ടൊക്കെയോ ഉള്ള കിനാവാതിലുകള്‍ക്കാണ് പൂട്ടുവീഴുന്നത്. അഷിതയുടെ കഥകളില്‍ നിറയെ വൈകുന്നേരം വരെ നീളമുള്ള കഥകള്‍ കേള്‍ക്കാന്‍ ഓടി വരുന്ന കുട്ടികളെ കാണാം. കേള്‍ക്കുക മാത്രമല്ല അവര്‍ നിരന്തരം ചോദ്യമെറിയുകയും ചെയ്യും. 'എന്നിട്ടോ' എന്ന കഥയില്‍ രാജകുമാരനും രാജകുമാരിയും ഒടുക്കം ഒന്നിച്ച് ടാക്‌സീലങ്ങനെ പോകും എന്നു പറഞ്ഞ് കഥ അവസാനിപ്പിക്കാന്‍ മകള്‍ ഉമ സമ്മതിക്കുന്നില്ല. നായകനും നായികയും ഒന്നുചേരുന്നതോടെ കഥ അവസാനിച്ചെന്ന് വിശ്വസിക്കാത്ത, പൈങ്കിളിവല്‍ക്കരിക്കപ്പെടാത്ത ഒരു തലമുറയെ എഴുത്തുകാരി പരിചയപ്പെടുത്തുന്നു. 

കഥകളുടെ വന്‍കരകളിലൂടെ സഞ്ചരിക്കുന്നവന്‍ അവനവന്റെ ജീവിതത്തിനു പുറമെ എത്രയെത്ര ജീവിതങ്ങളാണ് ജീവിക്കുന്നത്! കഥയുടെയും കവിതയുടെയും സത്യം ശാസ്ത്രത്തിനും അപ്പുറം നില്‍ക്കുന്ന ഒന്നാണെന്ന് ഒരിക്കല്‍ അഷിതയെഴുതി. കഥകള്‍ നല്‍കുന്ന ഉള്‍നനവുകള്‍ ഏതു ശാസ്ത്രത്തിനാണ് കണ്ടെത്തിത്തരാനാവുക? 

'ഒരുവന്റെ ഓരോ നിമിഷവും കഥ മാത്രമാണ്. ആധികളിലേക്ക് തലയിട്ട് നടക്കുന്ന പെരുങ്കഥക്കാര്‍ നമ്മള്‍'- വിരുന്ന് മേശയിലേക്ക് നിലവിളികളോടെ എന്ന നോവലെറ്റില്‍ ടി.വി കൊച്ചുബാവ.

ഒരു തടവുപുള്ളി രക്ഷപ്പെടാന്‍ തുരങ്കം നിര്‍മിക്കലാണ്  എല്ലാ സാഹിത്യരചനയും എന്നെഴുതി കമലാ സുരയ്യ. 'രാത്രിയില്‍ രഹസ്യമായി നിലം തകര്‍ത്ത് ഒരു തുരങ്കം നിര്‍മിച്ച് പുസ്തകരചനയിലൂടെ രക്ഷാകവാടങ്ങള്‍ ചമക്കുകയാണത്.' 

കസാന്‍ദ്‌സാക്കിസിനെ വായിക്കാത്തവര്‍ നന്നേ കുറവായിരിക്കും. എന്തോ, ഇന്നേരം ആ ആശയലോകം  ഉള്ളിലേക്ക് പടര്‍ന്നു കയറുന്നു. പ്രതിഭയുടെ ഒരു കടലു തന്നെ ഹൃദയത്തിലുണ്ടായിരുന്ന മനുഷ്യന്‍ എന്നാണ് അദ്ദേഹത്തെ അര്‍ഷാദ് ബത്തേരിയുടെ കടലിനുമീതെ ഒരു ക്രിസ്തു എന്ന കഥയില്‍ പരിചയപ്പെടുത്തുന്നത്. കസാന്‍ദ്‌സാക്കിസിന്റെ സെന്റ് ഫ്രാന്‍സിസ് എന്ന നോവലില്‍ സ്വര്‍ഗകവാടത്തില്‍ വന്ന് മുട്ടുന്ന ഒരു ശലഭപ്പുഴുവുണ്ട്. എത്ര ഇഴഞ്ഞിഴഞ്ഞാണ് അത് അവിടെ എത്തിപ്പറ്റിയത്. അപ്പോള്‍ അകത്തുനിന്നുള്ള മറുപടി: 'ഇവിടെ പുഴുക്കള്‍ക്ക് പ്രവേശനമില്ല.' 

പുഴു ഭൂമിയിലേക്ക് തന്നെ മടങ്ങി. പിന്നെയും ഇഴഞ്ഞിഴഞ്ഞ്...

ശലഭമാവലാണ് ശലഭപ്പുഴുവിന്റെ ദൗത്യം. പുഴുവായി ചെന്നാല്‍ എങ്ങനെ സ്വര്‍ഗം കടക്കാനാണ്! 

'ആരാണീ ശലഭപ്പുഴു?'- കസാന്‍ദ്‌സാക്കിസ് ചോദിക്കുന്നു. 

''ഞാനാണ്, നീയാണ്, നമ്മളൊക്കെയാണ്, ഭൂമിയില്‍ ഇഴഞ്ഞുനടക്കുന്ന ഓരോ മനുഷ്യനും ശലഭപ്പുഴുവാണ്. ദൈവമേ, ഈ പുഴു ചിത്രവര്‍ണ ശലഭമാകുന്നതിനു മുമ്പ് എന്തെല്ലാം നേടണം.''

ശലഭമാകാതെ, സ്വന്തം ദൗത്യം ചെയ്യാതെ എങ്ങനെ സ്വര്‍ഗം കടക്കാനാണെന്ന ചോദ്യം ആരുടെയും അകം കലക്കും.. 

നോക്കണേ, വായന നമ്മെ കൊണ്ടെത്തിക്കുന്ന ആശയാകാശങ്ങള്‍!  

വായിക്കുന്നവന്റെ ആകാശത്തിന് മാത്രം കാണും വേണ്ടുവോളം വ്യാപ്തിയും വലുപ്പവും. അല്ലാത്തവന് അവനവന്റെ മേല്‍ക്കൂര തന്നെ ഏഴ് ആകാശവും.!

വായനയെപ്പറ്റി എഴുതാനിരുന്നിട്ട് എത്ര ഇഷ്ടപ്പെട്ട പുസ്തകങ്ങള്‍, എഴുത്തുകാര്‍, ചിന്തകര്‍, കഥകള്‍, കവിതകള്‍, അക്ഷരവിസ്മയങ്ങള്‍......

ആരിലേക്കും ഓടിയെത്താന്‍ പറ്റുന്നില്ലല്ലോ എന്നതൊരു സങ്കടമായി നില്‍ക്കുന്നു. 

ഫാഷിസം വല്ലാതെ കെട്ട് വാസനിക്കുന്ന ഈ കാലത്ത്  എം.എന്‍ വിജയന്‍ മാഷിന്റെ ധിഷണ എങ്ങനെ പങ്കുവെക്കാതിരിക്കും? ഭരണം ഒരു ജന്തുവും മനുഷ്യന്‍ അതിന്റെ ഇരകളുമായിത്തീരും എന്നെഴുതാന്‍ മാത്രം ദീര്‍ഘദൂരം കണ്ണെത്തിയ മനുഷ്യന്‍! 

കത്തുന്ന തീക്കൊള്ളികളുമായി പ്രാവുകളെല്ലാം തിരികെയെത്തുന്ന കാലം കിനാവ് കണ്ട് കഥ കെട്ടിയ എം. സുകുമാരന്‍, അന്ധവിശ്വാസത്തിന്റെ ആധുനിക കടുവാക്കുഴികളെ പരിചയപ്പെടുത്തിയ വൈക്കം മുഹമ്മദ് ബഷീര്‍, അന്ധനും അകലങ്ങള്‍ കാണുന്നവനും തമ്മിലുള്ള ദൂരം അളന്ന ഒ.വി വിജയന്‍, തെരഞ്ഞെടുക്കപ്പെട്ടവരുടെ ഏകാധിപത്യമാണ് ജനാധിപത്യമെന്നെഴുതിയ എന്‍.പി മുഹമ്മദ്, എം. മുകുന്ദന്‍, ഒര്‍ഹാന്‍ പമൂക്, ഡാന്‍ ബ്രൗണ്‍, ഖാലിദ് ഹൊസ്സേനി, ഷുസെ സരമാഗു, മാന്‍ലിയോ അര്‍ഗ്യൂട്ട... അങ്ങനെയങ്ങനെ തീവ്ര ദേശീയതയുടെയും ബ്രെക്‌സിറ്റുകളുടെയും ചിന്താവേലികള്‍ പൊളിച്ച് നമ്മിലേക്കെത്തുന്ന എവിടെയെല്ലാമുള്ള എഴുത്തുകാര്‍...

'എല്ലാ പര്‍വതങ്ങളുടെയും കീഴറ്റത്ത് ഒരേ ലാവ തന്നെ തിളയ്ക്കുന്നു. ദുര്‍ബലമായ പര്‍വതങ്ങളിലൂടെ അത് പുറത്തേക്ക് ചീറ്റിയെന്നിരിക്കും. അത്തരം പര്‍വതങ്ങളെ നമ്മള്‍ അഗ്നിപര്‍വതങ്ങള്‍ എന്ന് വിളിക്കുന്നു. തീയാളുന്ന ശിരസ്സുള്ള ചില മനുഷ്യരെ എഴുത്തുകാരെന്നും!'- മനുഷ്യന് ഒരു ആമുഖത്തില്‍ സുഭാഷ് ചന്ദ്രന്‍.

എഴുത്തുകാര്‍, പാട്ടുകാര്‍, ചിത്രകാരന്മാരെല്ലാം പറന്നുജീവിക്കാന്‍ സൃഷ്ടിക്കപ്പെട്ടവരാണെന്നെഴുതിയത് അരുന്ധതി റോയ് (യുദ്ധഭാഷണം).

വായിച്ചെത്താത്ത അറിവുകളും അക്ഷരങ്ങളും ഒരു കടലായി ആകാശഭൂമികളെ തൊട്ട് മുന്നില്‍ നീണ്ടുനിവര്‍ന്നങ്ങനെ കിടക്കുന്നു. എഴുതിത്തീരാത്തതിനെ പറ്റിയല്ല വായിച്ചെത്താത്തതിനെ പറ്റിയാണ് ആധിയും അങ്കലാപ്പും. വ്യാസനും വിഘ്‌നേശ്വരനും എന്ന പുസ്തകത്തില്‍ സ്മൃതിയും ശ്രുതിയും വിസ്മൃതിയിലേക്കും അവിടെ നിന്ന് മൃതിയിലേക്കും വിരമിക്കുമ്പോള്‍ കൃതി മാത്രം നിലനില്‍ക്കും എന്ന് ആനന്ദ് എഴുതുന്നുണ്ട്. കാലങ്ങളെ ബന്ധിച്ചുകൊണ്ട് പ്രവഹിക്കുന്നത് ലോകത്ത് സാഹിത്യം മാത്രമായതുകൊണ്ടാണ് സാഹിത്യ സൃഷ്ടികളെ കൃതികള്‍ എന്ന് വിളിക്കുന്നതത്രെ! ആനന്ദ് തുടര്‍ന്നെഴുതുന്നു: 

''സാഹിത്യം ഭാവനയാണ്, ഭാവന ഭാവിയാണ്, ഭാവിയില്ലാതെ, സ്വപ്‌നങ്ങളില്ലാതെ നമ്മളില്ല.''

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-26 / അശ്ശുഅറാഅ് (72 - 77)
എ.വൈ.ആര്‍

ഹദീസ്‌

സത്യസന്ധത എന്ന ഉത്കൃഷ്ട മൂല്യം
സി.എം റഫീഖ് കോക്കൂര്‍