Prabodhanm Weekly

Pages

Search

2017 മെയ് 05

3000

1438 ശഅ്ബാന്‍ 08

കാത്തിരിക്കൂ; വണ്ടി വരും

കെ.പി ഇസ്മാഈല്‍

ചെന്നൈ മെയില്‍ രണ്ടു മണിക്കൂര്‍ വൈകിയോടുന്നു എന്ന അറിയിപ്പ് വന്നതോടെ യാത്രക്കാര്‍ അസ്വസ്ഥരായി. എങ്കിലും വളരെ വേഗം അവര്‍ ശാന്തരായി. കാത്തിരിപ്പ് തുടര്‍ന്നു. തീവണ്ടി വരും, വൈകിയാലും സാരമില്ല. ലക്ഷ്യത്തിലെത്താമല്ലോ.

ജീവിതത്തിന്റെ ഭാഗം തന്നെയാണ് കാത്തിരിപ്പ്. നമ്മള്‍ പ്രതീക്ഷിക്കുന്ന കാര്യങ്ങള്‍ പ്രതീക്ഷിക്കുന്ന സമയത്ത് സംഭവിച്ചുകൊള്ളണമെന്നില്ല. അസ്വസ്ഥത പ്രകടിപ്പിച്ചതുകൊണ്ടും വികാരവിക്ഷോഭം നടത്തിയതുകൊണ്ടും കാര്യങ്ങള്‍ നേരെയാവില്ല. ചിലപ്പോള്‍ കൂടുതല്‍ വഷളായെന്നും വരാം.

എല്ലാം കാത്തിരുന്ന് കാണാമെന്ന നിലപാടാണ് സുഗമമായ മുന്നേറ്റത്തിന് ഉത്തമം. നാളെ എന്തു സംഭവിക്കുമെന്ന് പ്രവചിക്കാനാവില്ല. എല്ലാം മാറിമറിയാം, താളം തെറ്റാം, അട്ടിമറി സംഭവിക്കാം. ഏതു സാഹചര്യവും നേരിടാനുള്ള കരുത്താര്‍ജിക്കേണ്ടത് ജീവിത വിജയത്തിന് അത്യാവശ്യമാണ്. 'നല്ലത് പ്രതീക്ഷിക്കുക, ഏറ്റവും വഷളായത് നേരിടാന്‍ ഒരുങ്ങുക' എന്ന ആപ്തവാക്യം ശ്രദ്ധേയമാണ്.

ഇസ്‌ലാമിന്റെ വിജയം കാത്തിരിപ്പിന്റെ ഫലം കൂടിയാണ്. തന്നെയും കൂട്ടുകാരെയും മക്കയില്‍നിന്ന് ആട്ടിയോടിക്കുമ്പോഴും ത്വാഇഫില്‍ കല്ലേറുകൊള്ളുമ്പോഴും ശിഅ്ബ്അബീത്വാലിബില്‍ പച്ചില തിന്ന് ജീവിക്കേണ്ടിവന്നപ്പോഴും ഖുറൈശിക്കൂട്ടം വീടുവളഞ്ഞപ്പോഴുമെല്ലാം നബിയും കൂട്ടുകാരും കാത്തിരിക്കുകയായിരുന്നു; നല്ലൊരു നാളേക്കുവേണ്ടി.

ഹിജ്‌റയുടെ നാളില്‍, ഖുറൈശിനേതാക്കള്‍ പ്രഖ്യാപിച്ച സമ്മാനക്കൂമ്പാരം മോഹിച്ച് നബിയെ പിന്തുടര്‍ന്നെത്തിയ സുറാഖയോട് നബിയുടെ, രോമാഞ്ചജനകമായ ഒരു വര്‍ത്തമാനമുണ്ട്: 'സുറാഖ, നിന്റെ ഇരുകരങ്ങളിലും കിസ്‌റയുടെ സ്വര്‍ണവളകള്‍ അണിയിക്കുന്ന നിമിഷം വരുമ്പോള്‍ എങ്ങനെയിരിക്കും?' നബിയുടെ പ്രഖ്യാപനത്തിനു മുന്നില്‍ വിശ്വസിക്കാനാകാതെ കണ്ണുതള്ളി അമ്പരപ്പോടെ സുറാഖ ചോദിക്കുന്നു: 'എന്ത്? കിസ്‌റാ ചക്രവര്‍ത്തിയുടെ സ്വര്‍ണ വളകളോ?' 'അതേ' എന്ന ദൃഢമായ മറുപടി. ജന്മനാട്ടില്‍നിന്ന് ശത്രുക്കള്‍ ആട്ടിയോടിക്കുന്ന ഇരുട്ടു മുറ്റിയ വേളയിലാണ് സംശയത്തിന്റെ പുകപോലുമില്ലാത്ത മറുപടി! അതാണ് പ്രതീക്ഷ. ദൈവവിശ്വാസത്തിന്റെ പിന്‍ബലത്തോടു കൂടിയുള്ള ഉറച്ച തീരുമാനവും അതിനനുസരിച്ചുള്ള പ്രവര്‍ത്തനവുമാണ് പ്രതീക്ഷകളെ പൂവണിയിക്കുന്ന വെള്ളവും വളവും.

കാത്തിരിപ്പ് എന്നാല്‍ നിഷ്‌ക്രിയത്വമല്ലെന്ന് നബിയുടെ ഹിജ്‌റാ സംഭവത്തില്‍നിന്ന് ബോധ്യമാകും. ഇസ്‌ലാമിന്റെ സുവര്‍ണകാലം വരുമെന്ന് വെറുതെ സ്വപ്‌നം കണ്ടിരിക്കുകയായിരുന്നില്ല നബി. അതിനു വേണ്ടി ജീവിതം തന്നെ പകരം കൊടുക്കുകയായിരുന്നു. അല്ലാഹുവിന്റെ പ്രീതിക്കുവേണ്ടി എല്ലാം ത്യജിക്കാന്‍ തയാറാവുകയായിരുന്നു.

കാത്തിരിപ്പ് ചിലപ്പോള്‍ വലിയ ത്യാഗങ്ങള്‍ ആവശ്യപ്പെടുന്നുണ്ട്. കപ്പല്‍ പണിതുകൊണ്ട് നൂഹ് നബി കാത്തിരുന്നു; പുതിയ പ്രഭാതത്തിനു വേണ്ടി. ഫിര്‍ഔന്റെ മര്‍ദനം സഹിച്ചുകൊണ്ട് മൂസാ നബി കാത്തിരുന്നു; ഇസ്രാഈല്‍ മക്കളുടെ മോചനത്തിനു വേണ്ടി. നംറൂദ് അഗ്നിനാളങ്ങളൊരുക്കിയപ്പോള്‍ ഇബ്‌റാഹീം നബി കാത്തിരുന്നു; തൗഹീദിന്റെ സംസ്ഥാപനത്തിനു വേണ്ടി.

ലോക ചരിത്രത്തിലെ വിജയങ്ങളുടെയെല്ലാം പിന്നില്‍ കാത്തിരിപ്പിന്റെ കഥകള്‍ കൂടിയുണ്ടെന്ന് ചുരുക്കം. എല്ലാ കണ്ടുപിടിത്തങ്ങളുടെയും പിന്നില്‍ ശാസ്ത്രജ്ഞരുടെ ക്ഷമാപൂര്‍വമായ കാത്തിരിപ്പിന്റെ ചരിത്രമുണ്ട്.

പ്രയാസത്തിനു മേല്‍ പ്രയാസം സഹിച്ച് അമ്മ കാത്തിരിക്കുന്നു; അനിര്‍വചനീയമായ ആനന്ദവുമായിവരുന്ന സ്വന്തം കുഞ്ഞിന്റെ മുഖം കാണാന്‍. കാത്തിരിക്കാന്‍ തയാറില്ലാത്ത സ്ത്രീകള്‍ക്ക് മാതൃത്വത്തിന്റെ അനുപമമായ മാധുര്യം ആസ്വദിക്കാന്‍ ഭാഗ്യമുണ്ടാവുകയില്ലല്ലോ.

കാത്തിരിപ്പിന്റെ ആനന്ദം അനുഭവിക്കാന്‍ കഴിയുക ക്ഷമാലുക്കള്‍ക്കാണ്. 'നിങ്ങള്‍ ക്ഷമിക്കുക, നിശ്ചയം അല്ലാഹു ക്ഷമാലുക്കള്‍ക്കൊപ്പമാണ്' എന്ന ഖുര്‍ആന്‍ വചനം ഒരായിരം പ്രതീക്ഷകള്‍ പകര്‍ന്നുതരുന്നുണ്ട്. അല്ലാഹുവിന്റെ സഹായത്തോടുകൂടിയുള്ള ലക്ഷ്യപ്രാപ്തിയുടെ മധുരവും മഹത്വവും ഏതു വാക്കുകളിലാണ് വിവരിക്കാനാവുക!

പുഴു പൂമ്പാറ്റയായി വിരിയുന്നതുപോലുള്ള അത്ഭുതങ്ങള്‍ പ്രകൃതിയില്‍ നിരന്തരം നടക്കുന്നു. അറപ്പുളവാക്കുന്ന പുഴുവിനെ സഹിക്കാന്‍ തയാറാകാത്തവര്‍ക്ക് പൂമ്പാറ്റയുടെ ഭംഗി കാണാനാവില്ല. കാത്തിരിപ്പിന്റെ കനികളാണ് പ്രകൃതി കാഴ്ചവെക്കുന്നത്. മണ്ണില്‍ വിതക്കുന്ന വിത്തുകളാണ് മനോഹരമായ പൂക്കളായും സ്വാദിഷ്ടമായ പഴങ്ങളായും വേഷം മാറിവരുന്നത്. കര്‍ഷകന്റെ മാസങ്ങളോളമുള്ള കാത്തിരിപ്പിന്റെ ഫലങ്ങളാണ് നാം കഴിക്കുന്ന ഭക്ഷണവും ആസ്വദിക്കുന്ന പൂക്കളുമെല്ലാം.

ഹോട്ടലില്‍ കയറുന്ന യാത്രക്കാര്‍ ഭക്ഷണത്തിന് ഓര്‍ഡര്‍ നല്‍കി കാത്തിരിക്കുന്നു. ഭക്ഷണമെത്താന്‍ വൈകിയാല്‍ കോപാകുലനാവുകയും കുഴപ്പമുണ്ടാക്കുകയും ചെയ്യുന്ന യാത്രക്കാരന് വിലപ്പെട്ട പലതും നഷ്ടപ്പെടുന്നു. നിരാശയും കോപവും അട്ടഹാസവും അക്രമവും ഒരു പ്രശ്‌നത്തിന്റെയും പരിഹാരമല്ല. സൃഷ്ടിപരമായ കാത്തിരിപ്പിന്റെ വിത്താണ് ക്ഷമ. ഇന്നത്തെ ദുഃഖത്തിന്റെ മൂടല്‍മഞ്ഞിനു പിറകില്‍ നാളത്തെ പ്രഭാതത്തിന്റെ കിരണങ്ങള്‍ ഉയര്‍ന്നുവരുന്നുണ്ടാകും. നിരാശ ബാധിച്ച മനസ്സുകള്‍ പ്രഭാതം കാത്തുനില്‍ക്കാനുള്ള ക്ഷമ കാണിക്കാതെ ജീവിതം അവസാനിപ്പിക്കുന്നു. ക്ഷമയും ശാന്തതയുമാണ് സര്‍വ വിജയങ്ങളുടെയും മാതാവ് എന്ന സത്യം അംഗീകരിക്കുന്നവര്‍ക്കു മാത്രമേ ഉയരങ്ങളിലെത്താന്‍ കഴിയൂ.

കാത്തിരിപ്പുകളുടെ ആകത്തുകയാണ് ജീവിതം. ബോധമുദിച്ചതുമുതല്‍ പലതിനു വേണ്ടിയും നാം കാത്തിരിക്കുന്നു. എന്നാല്‍, ശരിയായ കാത്തിരിപ്പ് പരലോകജീവിതത്തിനു വേണ്ടിയാണ്; സ്വര്‍ഗത്തിനുവേണ്ടിയാണ്. ആ കാത്തിരിപ്പിനിടയില്‍ പലതും ഒരുക്കാനുണ്ട്. സല്‍ക്കര്‍മങ്ങളുടെ പാഥേയം കൂടെ കരുതേണ്ടതുണ്ട്. ടിക്കറ്റെടുക്കാതെ കാത്തിരിക്കുന്നവന് തീവണ്ടിയില്‍ കയറാനനുവാദമില്ല. സല്‍ക്കര്‍മങ്ങളുടെ ബാഗേജ് കരുതാത്തവന് അന്ത്യയാത്ര പ്രയാസകരമായിരിക്കും.

നന്മയുടെ മാര്‍ഗത്തിലുള്ള കാത്തിരിപ്പാകണം വിശ്വാസിയുടേത്. അപ്പോള്‍ നിഷ്ഫലമായ കാത്തിരിപ്പ് എന്ന് ഒന്നിനെക്കുറിച്ചും വിശ്വാസിക്ക് പറയാനാവില്ല. ഓരോ കാത്തിരിപ്പിനു പിന്നിലും തളരാത്ത പ്രതീക്ഷയുണ്ട്. കൊടിയ വേദനകള്‍ക്കിടയിലും ജീവിക്കാന്‍ പ്രേരണ നല്‍കുന്നത് പ്രതീക്ഷയാണ്. പ്രതീക്ഷകള്‍ നല്‍കുന്ന ഊര്‍ജമാണ് വേദനകള്‍ മറക്കാനും പ്രതിസന്ധികള്‍ മറികടക്കാനും മനുഷ്യനെ പ്രാപ്തമാക്കുന്നത്. ഏതു വേദനാജനകമായ കാത്തിരിപ്പിനും മധുരിക്കുന്ന ഫലമുണ്ടാകുമെന്ന പ്രതീക്ഷ അല്ലാഹുവിലുള്ള ദൃഢവിശ്വാസത്തിനു മാത്രം സമ്മാനിക്കാന്‍ കഴിയുന്ന സൗഭാഗ്യമാണ്.

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-26 / അശ്ശുഅറാഅ് (72 - 77)
എ.വൈ.ആര്‍

ഹദീസ്‌

സത്യസന്ധത എന്ന ഉത്കൃഷ്ട മൂല്യം
സി.എം റഫീഖ് കോക്കൂര്‍