Prabodhanm Weekly

Pages

Search

2017 മെയ് 05

3000

1438 ശഅ്ബാന്‍ 08

വായനയുടെ മൂവായിരം ലക്കങ്ങള്‍

വായന ഒരു പൂര്‍ണ മനുഷ്യനെ സൃഷ്ടിക്കുന്നു എന്ന് ഫ്രാന്‍സിസ് ബേക്കണ്‍. ധിഷണയെ വളര്‍ത്തുന്നതും ഭാവനയെ പരിപോഷിപ്പിക്കുന്നതും വായനയാണ്. തന്റെ മുറിയിലേക്ക് കയറി പുസ്തകം കൈയിലെടുക്കുന്ന വായനക്കാരന്‍ താന്‍ ഇരിക്കുന്നേടത്തുനിന്ന് ഒരിഞ്ച് അനങ്ങാതെ നവംനവങ്ങളായ ധൈഷണിക മണ്ഡലങ്ങളിലേക്കും മനുഷ്യാനുഭവങ്ങളുടെയും ഭാവനകളുടെയും വിചിത്ര ഭൂഖണ്ഡങ്ങളിലേക്കും തീര്‍ഥയാത്ര നടത്തുകയാണ്. അരിസ്‌റ്റോട്ടിലിനോട് ആരോ ചോദിച്ചു: 'നിങ്ങള്‍ ഒരു മനുഷ്യനെ അളക്കുന്നത് എങ്ങനെയാണ്?' അരിസ്‌റ്റോട്ടിലിന്റെ മറുപടി: 'ഞാന്‍ അയാളോട് ചോദിക്കും; എത്ര പുസ്തകങ്ങള്‍ വായിച്ചിട്ടുണ്ടെന്ന്, ഏതൊക്കെ പുസ്തകങ്ങളാണ് വായിച്ചതെന്നും.' മാനവകുലത്തെ ആരാണ് നയിക്കുക എന്ന് വോള്‍ട്ടയറോട് ചോദിച്ചപ്പോള്‍, 'എങ്ങനെ വായിക്കാം എന്ന് അറിയുന്നവര്‍' എന്നായിരുന്നു മറുപടി.

മനുഷ്യ നാഗരികതയും സംസ്‌കാരവുമെല്ലാം വായനയുടെ കൂടി ഉല്‍പന്നങ്ങളാണ്. എന്ത് വായിക്കുന്നു എന്നതും കൂടി പ്രധാനമാണ്. അതുകൊണ്ടാണ് 'വായിക്കൂ' എന്ന ആഹ്വാനത്തോടെ അവതീര്‍ണമായിത്തുടങ്ങിയ ഖുര്‍ആന്‍ രക്ഷിതാവിന്റെ നാമത്തിലായിരിക്കണം വായന എന്ന് അടിവരയിട്ടു പറഞ്ഞത്. അത്തരം വായന പ്രദാനം ചെയ്യുന്ന കൃതികള്‍ കാലദേശങ്ങളെ അതിജീവിക്കും. ജാഹിള് പറഞ്ഞു: 'ഒരു പുസ്തകം എല്ലാ ദേശത്തും വായിക്കപ്പെടും. എല്ലാ ഭാഷയിലും അത് പ്രത്യക്ഷപ്പെടും. ഏതു കാലത്തും അത് ലഭ്യമാവും. തത്ത്വജ്ഞാനി മരിച്ചാലും അയാളുടെ കൃതികള്‍ അവശേഷിക്കും; അയാളുടെ മസ്തിഷ്‌കം ഇല്ലാതായാലും അതിന്റെ അടയാളങ്ങള്‍ മാഞ്ഞുപോകില്ല.'

എല്ലാ നാഗരികതകളിലെയും സംസ്‌കാരങ്ങളിലെയും ധിഷണാശാലികളും പണ്ഡിതന്മാരും, ഒരിക്കലും കൈയൊഴിയരുതെന്ന് നമ്മെ ഉപദേശിച്ച വായന മരിക്കുകയാണോ? കുറേകാലമായി ഈ ചോദ്യം നമ്മെ അലട്ടിക്കൊണ്ട് വട്ടം കറങ്ങുന്നു്. വായന മരിക്കുന്നില്ല. പക്ഷേ ഗൗരവപൂര്‍ണമായ വായനയോ? അതാണ് മര്‍മപ്രധാനമായ ചോദ്യം. സോഷ്യല്‍ മീഡിയയിലെ ഇടപെടലുകള്‍ പുതുതലമുറയെ വായനയില്‍നിന്ന് അകറ്റുന്നുണ്ടോ? സോഷ്യല്‍ മീഡിയയിലെ ആഴം കുറഞ്ഞ വിശകലനങ്ങളും കമന്റുകളും അതിന്റെ സൂചനയല്ലേ?

ഈ ലക്കം പ്രബോധനം വായന തിരിച്ചുപിടിക്കാനുള്ള ഒരു എളിയ ആഹ്വാനമാണ്. മലയാളത്തില്‍ ആഴമുള്ള വായനക്ക് തുടക്കം കുറിച്ച പത്രങ്ങളില്‍ മുന്‍നിരയില്‍ നില്‍ക്കുന്ന പ്രബോധനത്തിന് അത്തരമൊരു ആഹ്വാനം നടത്താന്‍ എന്തുകൊണ്ടും അര്‍ഹതയുണ്ട്. വിവിധ തലമുറകളിലെ എഴുത്തുകാരുടെ വായനാനുഭവങ്ങളാണ് ഈ ലക്കത്തില്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്നത്. ആ അനുഭവങ്ങള്‍ തീര്‍ച്ചയായും വായനയിലേക്ക് തിരിച്ചുനടക്കാന്‍ നമ്മെ പ്രലോഭിപ്പിക്കും. പ്രബോധനത്തിന്റെ മൂവായിരാമത്തെ ലക്കമാണ് നിങ്ങളുടെ കൈകളിലിരിക്കുന്നത് എന്ന പ്രത്യേകതയും ഉണ്ട്. ഈ നേട്ടം എത്തിപ്പിടിച്ച പ്രസിദ്ധീകരണങ്ങള്‍ മലയാളത്തില്‍ തന്നെ അപൂര്‍വമാണ്. തങ്ങളുടേതല്ലാത്ത കാരണങ്ങളാല്‍ പ്രബോധനം രണ്ടു തവണ മുടങ്ങിയിരുന്നു; ഓരോ തവണയും രണ്ട് വര്‍ഷത്തോളം. അക്കാലങ്ങളില്‍ പ്രസിദ്ധീകരിച്ചിരുന്ന ബോധനം ഡൈജസ്റ്റോ വാരികയോ കണക്കില്‍ ഉള്‍പ്പെടുത്തിയിട്ടില്ല. ഉള്‍പ്പെടുത്തിയിരുന്നെങ്കില്‍ ലക്കങ്ങളുടെ എണ്ണം പിന്നെയും കൂടും. വായനയെ സ്‌നേഹിക്കുന്നവര്‍ക്കായി ഈ ലക്കം സമര്‍പ്പിക്കുന്നതില്‍ സന്തോഷമുണ്ട്. 

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-26 / അശ്ശുഅറാഅ് (72 - 77)
എ.വൈ.ആര്‍

ഹദീസ്‌

സത്യസന്ധത എന്ന ഉത്കൃഷ്ട മൂല്യം
സി.എം റഫീഖ് കോക്കൂര്‍