Prabodhanm Weekly

Pages

Search

2017 മെയ് 05

3000

1438 ശഅ്ബാന്‍ 08

വായന വന്ന വഴി

കെ.എസ് ഷമീര്‍

എളമക്കര

തിരൂരങ്ങാടിയിലെ അശ്‌റഫി ബുക്‌സും കോഴിക്കോടുള്ള എസ്.വൈ.എസ് ബുക്‌സും പുറത്തിറക്കിയ പുസ്തകങ്ങളാണ് വായനയെക്കുറിച്ചോര്‍ക്കുമ്പോള്‍ ആദ്യം മനസ്സിലെത്തുന്നത്. വാപ്പിച്ചി എറണാകുളം മാര്‍ക്കറ്റില്‍ സാധനമെടുക്കാന്‍ പോയി വരുമ്പോഴാണ് ഈ പുസ്തകങ്ങളുമായി വരിക. കഥാപുസ്തകങ്ങളാണ് അവയില്‍ അന്ന് തെരഞ്ഞെടുത്ത് വായിച്ചത്. നബിമാരുടെ ചരിത്രം, കുഞ്ഞാലി മരയ്ക്കാന്മാരുടെ ചരിത്രം, മുഹ്‌യിദ്ദീന്‍ മാല പരിഭാഷ, ഹുസ്‌നുല്‍ ജമാല്‍ ബദ്‌റുല്‍ മുനീര്‍. കൃത്യമായി കാലം ഓര്‍മയില്ല. സ്‌കൂള്‍ പഠനകാലത്ത് വായിച്ച പുസ്തകങ്ങളില്‍ ചിലതൊക്കെയാണിത്. വാപ്പിച്ചീടെ കടയില്‍ തൂക്കിയിട്ടിരുന്ന ആഴ്ചപ്പതിപ്പുകളെടുത്ത് വായിക്കാന്‍ തുടങ്ങിയാല്‍, 'വേണ്ടാത്തതൊന്നും വായിക്കണ്ട' എന്ന് കല്‍പന വരുമായിരുന്നു. എന്നിട്ടും ബാറ്റണ്‍ ബോസ് എന്ന പേര് ഓര്‍മിക്കാന്‍ മാത്രം ചില നോവലുകള്‍ കട്ടു വായിച്ചു. 

ഞായറാഴ്ചയാണ് ഏറ്റവും നല്ല ദിവസം. വീട്ടില്‍ ടെലിവിഷന്‍ ഉണ്ടായിരുന്നില്ല. കാര്‍ട്ടൂണുകള്‍ കാണാന്‍ കൂട്ടുകാരന്‍ അഭിയുടെ വീട്ടിലാണ് പോവുക. അഭിയുടെ ചേട്ടന്മാര്‍ മഹേഷും മനോജും പേപ്പറിടാന്‍ പോവുമായിരുന്നു. അതിന്റെ ബാക്കി ഇംഗ്ലീഷ് പത്രങ്ങള്‍ ധാരാളമുണ്ടാകും. ഇംഗ്ലീഷ് പത്രങ്ങളോട് അന്നേ ഇഷ്ടമാണ്; അതിലൊക്കെ വര്‍ണനിറത്തില്‍ മാന്‍ഡ്രേക്കും ഫാന്റവുമുണ്ടാകും. അഭിയുടെ അഛന്‍ ശെല്‍വന്‍ ചേട്ടന്‍ സ്‌പൈസസ് ബോര്‍ഡില്‍ ഉദ്യോഗസ്ഥനായിരുന്നു. മാന്‍ഡ്രേക്ക് കഥകള്‍ അതിമനോഹരമായി പരിഭാഷപ്പെടുത്തി തന്നത് ശെല്‍വന്‍ ചേട്ടനായിരുന്നു. അങ്ങനെ വലിയ വായനയൊന്നുമുണ്ടായിരുന്നില്ല. സ്‌കൂളും ഓത്തുപള്ളിയും ടി.വിയും ക്രിക്കറ്റും ട്യൂഷനും കശുമാങ്ങയേറും ഒക്കെ കഴിഞ്ഞുകിട്ടുന്ന സമയങ്ങളിലാണ് ചിതറിത്തെറിച്ച വായനക്കായി ഇടം കിട്ടിയത്. ഗൗരവമുള്ള കാര്യങ്ങള്‍ എഴുതുന്നവരോട് അന്നേ ബഹുമാനമുണ്ടായിരുന്നു. പി.എം.കെ ഫൈസി, കെ.വി.എം പന്താവൂര്‍, നജീബ് മൗലവി മമ്പാട്, കക്കാട് മുഹമ്മദ് ഫൈസി, എം.എ അബ്ദുല്‍ ഖാദര്‍ മുസ്‌ലിയാര്‍ എന്നീ പേരുകളൊക്കെ ഇന്നും ഓര്‍മയിലുണ്ട്. മദ്‌റസയില്‍ ഓത്ത് പഠിപ്പിച്ചിരുന്ന കൊണ്ടോട്ടിക്കാരന്‍ ഹസന്‍ സഖാഫി ഉസ്താദാണ് കോഴിക്കോട്ട് നിന്ന് വരുമ്പോള്‍ ഇവരുടെ പുസ്തകങ്ങളൊക്കെ കൊണ്ടുവരുന്നത്. വാപ്പിച്ചിക്ക് അടുപ്പമുണ്ടായത് മുസ്‌ലിം ലീഗിനോടും ഇ.കെ സമസ്തയോടും ആയിരുന്നെങ്കിലും, സഖാഫി ഉസ്താദ് കൊണ്ടുവന്ന പുസ്തകങ്ങളാണ് വീട്ടിലെ ഷെല്‍ഫില്‍ മുസ്വ്ഹഫുകളും മൗലിദ് കിത്താബും അദ്കാറും എമര്‍ജന്‍സി ലൈറ്റും റേഡിയോയും വെക്കാനുള്ള ചെറിയ അറയില്‍ സ്ഥിരമായി ഉണ്ടായിരുന്നത്. 

സ്‌കൂളില്‍ സംസ്‌കൃതം പഠിപ്പിച്ചിരുന്ന മാഷായിരുന്നു ലൈബ്രേറിയന്‍. അസിസ്റ്റന്റ് ലൈബ്രേറിയന്‍ അറബി മാഷും. ഏതാണ്ട് 90 ശതമാനം കുട്ടികളും രണ്ടാം ഭാഷയായി മലയാളം പഠിച്ചിരുന്ന സ്‌കൂളുകളില്‍ ഇവര്‍ക്ക് കാര്യമായ പണിയൊന്നും ഉണ്ടായിരുന്നില്ല. അതുകൊണ്ട് ഒഴിവുള്ള പിരീയഡുകളില്‍ വായന പ്രോത്സാഹിപ്പിക്കാന്‍ ഇരുവരും വന്ന് മഹാന്മാരുടെ ജീവചരിത്രങ്ങള്‍ വായിച്ചു തരുമായിരുന്നു. പക്ഷേ വായിക്കുന്നതിന്റെ രാഷ്ട്രീയത്തെക്കുറിച്ച് പേടിപ്പെടുത്തുന്ന ഓര്‍മയുണ്ടാകുന്നത് ബാര്‍ബര്‍ ഷാപ്പില്‍ വെച്ചാണ്. ഒരു ആര്‍.എസ്.എസ് അനുഭാവി നടത്തിയിരുന്ന ആ കടയിലിരുന്ന് കേസരിയും ലഘുലേഖകളും മറ്റും മറിച്ചുനോക്കുമ്പോള്‍ വായന സന്തോഷവും ആത്മവിശ്വാസവും മാത്രം നല്‍കുന്ന ഒരേര്‍പ്പാടല്ലെന്ന് മനസ്സിലായി. കേസരിയിലെ ബ്ലര്‍ബുകളില്‍നിന്ന് 1992-ന്റെ ആഹ്ലാദങ്ങളും വരാനിരിക്കുന്ന വന്‍കലാപങ്ങളുടെ ഭൂതോദതയങ്ങളും എന്നെ അസ്വസ്ഥപ്പെടുത്തി. ഞങ്ങളുടെ വീടിന്റെ ടെറസ്സില്‍ കയറി നിന്നാല്‍ സമീപത്തുള്ള കളിക്കളത്തില്‍ ശാഖ നടക്കുന്നത് കാണാമായിരുന്നു. ആദ്യമൊക്കെ വിചാരിച്ചത് അത് വെറും കളിയായിരുന്നു എന്നാണ്. അവരോടൊപ്പം കളിക്കാന്‍ കൊതിയുമുണ്ടായിരുന്നു. എന്നാല്‍ അത് വെറും കളിയല്ലെന്ന് മനസ്സിലാകാന്‍ ഏറെയൊന്നും സമയമെടുത്തില്ല. ശാഖയില്‍ പോകുന്ന പലരും എന്റെ കൂട്ടുകാരായിരുന്നു. പലരും കാക്കി ട്രൗസറിട്ട് വാപ്പിച്ചീടെ കടയില്‍നിന്ന് സര്‍ബത്ത് വാങ്ങി കുടിച്ചിട്ടാണ് പോവുക. വെള്ളം കുടിച്ചു കഴിഞ്ഞ് എപ്പോഴും സൈറ്റടിച്ച്, കളിയാക്കിച്ചിരിച്ച്, സലാമടിച്ച് അവര്‍ മടങ്ങും.  അന്നും ഇന്നും എനിക്കുത്തരം കിട്ടാത്ത ഒരു ചോദ്യം ഇതാണ്: എങ്ങനെയാണ് സൗഹൃദത്തിന്റെയും വിദ്വേഷത്തിന്റെയും വേഷം മാറിമാറി അണിയാന്‍ കഴിയുന്നത്? എന്തുകൊണ്ടാണ് ഒന്നര മണിക്കൂര്‍ നേരത്തെ ശാഖാപഠനം കൊണ്ടൊരാള്‍ അതിലേറെ സമയം ചെലവിടുന്ന സുഹൃത്തുക്കളോട് സംശയത്തിന്റെ അകലം പുലര്‍ത്തുന്നത്? എന്നാല്‍ അറബി മാഷ് ജീവചരിത്രങ്ങള്‍ പഠിപ്പിക്കുന്ന സമയത്ത് ഗാന്ധിജിയെ വധിച്ച നാഥുറാം ഗോഡ്‌സെ ആര്‍.എസ്.എസുകാരനായിരുന്നു എന്ന് പറഞ്ഞപ്പോഴോണ് മുസ്‌ലിംകള്‍ മാത്രമല്ല ശാഖാ പഠനത്തിന്റെ ഇരകള്‍ എന്ന് മനസ്സിലാക്കി ആശ്വസിച്ചത്.

 

അന്‍വാര്‍ശേരി

അന്‍വാര്‍ശേരിയിലെ ഗുരുനാഥന്മാര്‍ ദക്ഷിണ കേരള ജംഇയ്യത്തുല്‍ ഉലമയോട് അനുഭാവമുള്ളവരോ അതില്‍ അംഗത്വമുള്ളവരോ ആയിരുന്നു. വടക്കന്‍ കേരളത്തില്‍നിന്ന് വ്യത്യസ്തമായി തെക്കന്‍ കേരളത്തിലെ സുന്നികള്‍ക്കിടയില്‍ പ്രസിദ്ധീകരണാലയങ്ങളോ കാര്യമായ പ്രസിദ്ധീകരണങ്ങളോ ഉണ്ടായിരുന്നില്ല. അന്നസീം, അല്‍ബുസ്താന്‍ തുടങ്ങിയ മാസികകളാണ് ആകെയുള്ളത്. അതാണെങ്കില്‍ കാഴ്ചയിലും ഉള്ളടക്കത്തിലും അത്ര മെച്ചപ്പെട്ടതൊന്നുമല്ല. അതുകൊണ്ട് കുട്ടിക്കാലത്ത് പരിചയപ്പെട്ട ഗ്രന്ഥകാരന്മാര്‍ തന്നെയായിരുന്നു മതഗ്രന്ഥങ്ങള്‍ക്ക് പ്രാധാന്യമുണ്ടായിരുന്ന ലൈബ്രറിയില്‍ ഏറെയും. പി.എം.കെ ഫൈസിയുടെ പുസ്തകങ്ങളാണ് കൂടുതലായി അന്ന് വായിക്കുന്നത്; പൂങ്കാവനം ബുക്‌സിന്റെ പുസ്തകങ്ങളും. അന്ന് വായിച്ച് ഓര്‍മയില്‍ നില്‍ക്കുന്ന രണ്ട് പുസ്തകങ്ങള്‍ ഫൈസിയുടെ, ഹസ്രത്ത് ഹംസയുടെ ഘാതകനായ പില്‍ക്കാലത്ത് ഇസ്‌ലാം സ്വീകരിച്ച വഹ്ശിയെക്കുറിച്ചുള്ള ജീവചരിത്ര ഗ്രന്ഥവും, ശൈഖ് മുഹമ്മദ് കാരകുന്നിന്റെ ഹസ്രത്ത് ഉമറുല്‍ ഫാറൂഖിന്റെ ബൃഹത്തായ ജീവചരിത്രവുമാണ്.

വായനയില്‍ ഒരു വലിയ മാറ്റമുണ്ടാക്കിയത് മക്കട റഷീദ്ക്കയും കരുവമ്പൊയില്‍ മുജീബ്ക്കയുമാണ്. അന്‍വാര്‍ശേരിയുടെ അസിസ്റ്റന്റ് മാനേജറായും ഇംഗ്ലീഷ് അധ്യാപകനുമായിട്ടാണ് ഇരുവരും അവിടെ എത്തുന്നത്. സി. രാധാകൃഷ്ണന്റെ നോവലുകള്‍ വായിക്കാന്‍ പ്രേരിപ്പിക്കുന്നത് അവരാണ്. മുമ്പേ പറക്കുന്ന പക്ഷികള്‍ ഉള്‍പ്പെടെയുള്ള മുഴുവന്‍ നോവലുകളും പെട്ടെന്നുതന്നെ വായിച്ചുതീര്‍ത്തു. അപ്പു എന്ന കേന്ദ്ര കഥാപത്രത്തിലൂടെ അടിയന്തരാവസ്ഥ ഉള്‍പ്പെടെ ഇന്ത്യയില്‍ ഉള്‍ക്കിടിലമുണ്ടാക്കിയ സംഭവങ്ങളിലൂടെയുള്ള യാത്ര വായനക്കപ്പുറം രാഷ്ട്രീയവും സാമൂഹികവുമായ ബോധരൂപീകരണത്തിനുള്ള തുടക്കമായിരുന്നു.  അന്ന് സി. രാധാകൃഷ്ണന് തുടര്‍ച്ചയായി കത്തയക്കുമായിരുന്നു,  മാധ്യമം ആഴ്ചപ്പതിപ്പില്‍ അദ്ദേഹം കൈകാര്യം ചെയ്തിരുന്ന 'തുടക്കം' എന്ന പംക്തിയെക്കുറിച്ചായിരുന്നു ചോദ്യങ്ങളില്‍ പലതും. ഓരോ കത്തിനും കൃത്യമായി അദ്ദേഹം മറുപടി നല്‍കി, എങ്ങനെ വായിക്കണം, എഴുതിത്തുടങ്ങണം എന്നൊക്കെ വിശദീകരിച്ചുകൊണ്ട്. നോവല്‍ വായനയില്‍ പിന്നെ കൂടെക്കൂട്ടിയത് ഒ.വി വിജയനെയും സക്കറിയയെയും സാറാ ജോസഫിനെയുമാണ്. പുറത്ത് കോളേജില്‍ ക്ലാസിന് പോകുമ്പോള്‍ കോളേജ് ലൈബ്രറിയില്‍നിന്ന് റഷ്യന്‍ സാഹിത്യങ്ങളുടെ പരിഭാഷകള്‍ വായനക്കായി തെരഞ്ഞെടുത്തു. ഇവാന്‍ ഇല്യച്ചിന്റെ മരണം, കാരമസോവ് സഹോദരന്മാര്‍, കുറ്റവും ശിക്ഷയും, അന്നാകരിനീന തുടങ്ങിയ ക്ലാസിക്കുകള്‍ ബിരുദകാലത്തു തന്നെ വായിച്ചു.  ഓരോ പുനര്‍വായനയിലും പുതിയ കാലത്തെക്കുറിച്ചുള്ള ചിന്തകള്‍, വ്യഥകള്‍, സങ്കീര്‍ണമായ സങ്കടങ്ങള്‍ അങ്ങനെ പലതും മനസ്സില്‍ ഇട്ടുതന്ന് നവ്യമാകുന്ന ആഖ്യാനങ്ങളാണവ.  സ്ഥലകാലത്തുള്ള സംഭവങ്ങളുടെ അനാവരണം എന്നതിനപ്പുറം കഥാപാത്രങ്ങളുടെ മനസ്സിനകത്തെ സംഘര്‍ഷങ്ങള്‍ പ്രധാന ആഖ്യാനങ്ങളാകുന്നതാണ് ഇവയുടെ പ്രത്യേകത. നിര്‍ദയമായ മനുഷ്യാനുഭവങ്ങളിലേക്ക് മനസ്സ് തുറന്നുവെക്കുമ്പോള്‍ കാലാതീതമെന്ന് വിശേഷിപ്പിക്കപ്പെടാവുന്ന ചിന്തകളിലൂടെ അത് ചലിക്കും.  ഇവാന്‍ ഇല്യച്ച് ഒരു നൂറ്റാണ്ട് കഴിയുമ്പോള്‍ ഇനാരിറ്റുവിന്റെ ബ്യൂട്ടിഫുള്‍ എന്ന ചലച്ചിത്രത്തിന് പ്രേരകമാകുന്നത് അങ്ങനെയാണ്. 

വായന ഫിക്ഷനില്‍ തട്ടിത്തടഞ്ഞുനില്‍ക്കാതെ നോണ്‍ ഫിക്ഷനിലേക്ക് തിരിച്ചുവിടുന്നതും റഷീദ്ക്കയും മുജീബ്ക്കയുമാണ്. അലി ശരീഅത്തി, എം.എന്‍ വിജയന്‍,  അംബേദ്കര്‍ തുടങ്ങിയ, രാഷ്ട്രീയത്തെ ഇളക്കിമറിച്ച വായനയാണ് പിന്നീടുണ്ടായത്. അന്‍വാര്‍ശേരിയില്‍ ദലിത് സാഹിത്യങ്ങള്‍ വായിക്കാനുള്ള പ്രേരണ മഅ്ദനി ഉസ്താദില്‍നിന്നും കിട്ടി. ദലിത് വോയ്‌സ് പോലുള്ള മാസികകളും അംബേദ്കര്‍ സാഹിത്യവും വായിക്കുകയും ചര്‍ച്ച ചെയ്യുകയുമുായി.  ഇന്ത്യന്‍ രാഷ്ട്രീയം പല അടരുകളായുള്ള അടിസ്ഥാനവര്‍ഗത്തിന്റെ അടിമത്തമാണെന്ന ധാരണയുണ്ടാകുന്നത് അങ്ങനെയാണ്. സി.കെ അബ്ദുല്‍ അസീസിന്റെ ലേഖനങ്ങളും,  ഒരു മുസ്‌ലിം പൗരന്റെ വിയോജനക്കുറിപ്പുകള്‍ എന്ന പുസ്തകവും വായനക്ക് കൂട്ടായി. അതേ കാലത്തുതന്നെയാണ് എ.പി കുഞ്ഞാമു പരിഭാഷപ്പെടുത്തിയ അലക്‌സ് ഹാലിയുടെ മാല്‍ക്കം എക്‌സ് വായിക്കുന്നത്. അസീസ്‌ക്കായുമുള്ള സംഭാഷണങ്ങളും, അന്ന് അന്‍വാറില്‍ ട്യൂഷനെടുക്കാന്‍ വന്ന ഇടതുപക്ഷക്കാരനായ മുഹമ്മദ് മാഷിന്റെ നിര്‍ദേശങ്ങളും പരിഭാഷയിലൂടെ കമ്യൂണിസ്റ്റ് മാനിഫസ്റ്റോ വായിക്കാന്‍ പ്രേരകമായി. ദാസ് ക്യാപിറ്റല്‍ വായിച്ച് മുഹമ്മദ് മാഷ് കുറിച്ചുവെച്ച നോട്ടുപുസ്തകങ്ങളും വായനയെ ഇടത്തോട്ട് ചരിച്ചു. പില്‍ക്കാലത്താണ് ആ ചരിവ് അല്‍പമൊന്ന് നേരെയായത്, അദര്‍ ബുക്‌സില്‍ വന്ന ശേഷം. ഇടത് (എം.എന്‍ വിജയന്‍, കെ.ഇ.എന്‍, സി.കെ അബ്ദുല്‍ അസീസ്), ദലിത് (അംബദ്കര്‍, ദലിത് വോയ്‌സ്, ചെറായി രാംദാസ്), അമേരിക്കന്‍ ബ്ലാക്ക് രാഷ്ട്രീയം  (മാല്‍ക്കം എക്‌സ്, മുആമിയ അബൂജമാല്‍),  അലി ശരീഅത്തിയുടെ വിമോചന ദൈവശാസ്ത്രം, ചെഗുവേരയുടെ യാത്രകള്‍ എന്നിവയുടെ ഒരു അവിയലായിരുന്നു വായനയിലൂടെ ലഭിച്ച അന്നത്തെ രാഷ്ട്രീയം.

 

ഇടക്കാട് മോഹന്‍

ആദ്യമായി വായിച്ച ഇംഗ്ലീഷ് പുസ്തകം മുഹമ്മദ് അസദിന്റെ റോഡ് ടു മക്കയാണ്. അന്ന് ഇംഗ്ലീഷ് പഠിക്കാനാണ് ഒരു മത്സരത്തില്‍ സമ്മാനമായി ലഭിച്ച ആ പുസ്തകം അതിന്റെ മലയാള പരിഭാഷയുമായി ഒത്തുനോക്കി വായിക്കുന്നത്. എം.എന്‍ കാരശ്ശേരിയുടെ മലയാള വിവര്‍ത്തനം സരളവും വ്യക്തവുമായിരുന്നു. ഒരു പെന്‍സിലെടുത്ത് ഇംഗ്ലീഷ് പുസ്തകത്തിന്റെ അരികില്‍ അപരിചിതമായ വാക്കുകളുടെയും ശൈലികളുടെയും അര്‍ഥം എഴുതിയിട്ടു. എന്നാല്‍ പഠനത്തിന്റെ ഔപചാരികതക്കപ്പുറത്തേക്ക്, മണല്‍ക്കാറ്റിന്റെയും ഒട്ടകച്ചൂരിന്റെയും കയ്പുള്ള കാപ്പിയുടെയും അനുഭൂതിയിലേക്ക് ആ പുസ്തകം എന്നെ കൂട്ടിക്കൊണ്ടുപോയി. മണല്‍ക്കുന്നുകള്‍ക്കിടയില്‍ ഒരു നാഗരികത രൂപംകൊണ്ടതും  വിശ്വാസത്തിന്റെ കയറിനാല്‍ ബദവികളായ ഒരു ജനസമൂഹത്തിന്റെ മനസ്സ് ബന്ധിക്കപ്പെട്ടതും ഇന്നും മരുഭൂമിയുടെയും അറബികളുടെയും ദൃശ്യങ്ങള്‍ കാണുമ്പോള്‍ എന്റെ മനസ്സിലൂടെ ഓടിമറയും.

ഇടക്കാട് മോഹന്‍ എന്ന, ഒരുപക്ഷേ കേരളത്തിലെ  നിപുണരായ ഇംഗ്ലീഷ് അധ്യാപകരില്‍ ഒരാളായ മോഹന്‍ സാറാണ് ഇംഗ്ലീഷ് വായിക്കേണ്ടത് മലയാളവുമായി ഒത്തുനോക്കിയല്ല എന്നു പറഞ്ഞുതന്നത്. അങ്ങനെ വായിച്ചാല്‍ മലയാള ഭാഷയുടെ വ്യാകരണപരമായ അതിര്‍വരമ്പുകള്‍ക്കു പുറത്ത് കടക്കാനാകില്ല. ഓരോ ഭാഷക്കും അതിന്റെ വ്യവസ്ഥയും ചട്ടങ്ങളുമൊക്കെയുണ്ട്. മറ്റൊരു വ്യവസ്ഥയിലേക്ക് അതിനെ കീഴൊതുക്കുന്നത് പഠനത്തെ സഹായിക്കില്ല. ഓരോ ഭാഷയിലും വാക്കുകള്‍ വാചകങ്ങളായി രൂപപ്പെടുന്ന വിദ്യ ഏകാഗ്രതയോടെ മനസ്സിലാക്കുകയാണ് വേണ്ടത്.  ഇതൊക്കെയായിരുന്നു മോഹന്‍ സാറിന്റെ നിര്‍ദേശങ്ങള്‍. മതപഠന വേളയില്‍ തര്‍ക്കീബ് ഇഅ്‌റാബ് എന്നൊരു അനുശീലനമുണ്ട്.  അത് ശീലിച്ചാല്‍ ഏത് ഭാഷാപഠനവും എളുപ്പമാകുമെന്ന ഷാജിറുദ്ദീന്‍ ദാഈ ഉസ്താദിന്റെ ഉപദേശം ശരിയായിരുന്നു. അറബി കിതാബ് വായിക്കുമ്പോള്‍ വാചകത്തിലെ ഇന്ന വാക്ക് കര്‍ത്താവാണ്  (ഫാഇല്‍), ഇന്നത് കര്‍മമാണ് (മഫ്ഊല്‍), ഇന്നത് വസ്ഫാണ്  (നാമവിശേഷണം), ഇന്നത് സാഹചര്യത്തെ ധ്വനിപ്പിക്കുന്ന ഉപവാക്യമാണ് (ഹാല്‍) എന്നൊക്കെ മനസ്സിലാക്കുകയാണ് വേണ്ടത്. അറബി കിത്താബുകളുടെ വിശദീകരണ കുറിപ്പുകളില്‍ (ശറഹ്) അത് കൃത്യമായി എഴുതിയിരിക്കും. ഇതേ രീതി ഇംഗ്ലീഷ് വായനയിലേക്ക് മാറ്റിപ്പാര്‍പ്പിക്കുകയാണുണ്ടായത്.  പൂര്‍ണ വാചകം (Independent Clause) അപൂര്‍ണ വാചകം  (Participle Clause) എന്നിങ്ങനെ വാചകാടിസ്ഥാനത്തിലും നാമം, ക്രിയ എന്നിങ്ങനെ വാക്കുകളുടെ തലത്തിലും, Subject, Verb എന്നിങ്ങനെ വാക്കുകളുടെ ധര്‍മത്തിന്റെ (Function of Words) തലത്തിലും വാചകങ്ങളെ കീറിമുറിച്ചു (Scansion). ഇന്നും ഇടക്കിടെ ഇത്തരത്തിലുള്ള വായന ശീലിച്ചുനോക്കാറുണ്ട്. റോബര്‍ട്ടോ ബൊളാനോയുടെ  2666 എന്ന നോവലിന്റെ ഇംഗ്ലീഷ് പരിഭാഷയില്‍ അതിസങ്കീര്‍ണമായ വാചകമുണ്ട്. അതിങ്ങനെയാണ്: It was a silly thing to say and to argue it would have been to wade directly into a swamp of sentimentalism. അപ്പുറവുമിപ്പുറവും രണ്ട് വാചകങ്ങളാണെന്നും to  argue എന്നത് രണ്ടാം വാചകത്തിന്റെ കര്‍ത്താവും would have been എന്നത് ക്രിയയാണെന്നും മനസ്സിലാക്കുമ്പോഴേ, 'പറയാനെളുപ്പമാണ്; തര്‍ക്കിക്കാന്‍ നിന്നാല്‍ അതിവൈകാരികതയുടെ ചതുപ്പിലേക്ക് തെന്നിമാറേണ്ടിവരും' എന്ന് അര്‍ഥം കിട്ടൂ. വളരെ മെല്ലെയാണ് ഈ വായന മുന്നോട്ടുപോവുക. ക്രമേണ അതിന് വേഗതയും കൃത്യതയും കൈവരും.

 

മുട്ടാണിശ്ശേരില്‍ കോയാക്കുട്ടി 

വായനയുടെ ദിശയെ ക്ലാസിക്കിലേക്ക് മാറ്റിയത് മുട്ടാണിശ്ശേരില്‍ കോയാക്കുട്ടി ഉസ്താദാണ്. ചവറുകള്‍ വായിക്കരുതെന്നാണ് അദ്ദേഹം ആദ്യമായി പറഞ്ഞുതന്ന ഉപദേശം. എന്നിട്ട് അരുന്ധതി റോയുടെ God of Small Things എന്ന പുസ്തകമെടുത്ത് അതിന്റെ നടുഭാഗത്തും അവസാന ഭാഗത്തും അദ്ദേഹം സ്റ്റേപ്ലര്‍ കൊണ്ട് ക്ലിപ്പിട്ടു. 'ഇതിലെ ചവറൊക്കെ ഞാന്‍ ക്ലിപ്പിട്ടിരിക്കുവാ. അല്ലാത്തതിന് ക്ലാസിക്കാകാനുള്ള യോഗ്യതയുണ്ടുതാനും. ദാ കൊണ്ട് പോയി വായിക്ക്.' ക്ലിപ്പഴിച്ച് ലൈംഗിക വിവരണങ്ങളുള്ള  'ചവറു' വായിക്കുകയാണ് ആദ്യം ചെയ്തത്. വീണ്ടും ക്ലിപ്പടിച്ച് ക്ലാസിക്കാകാന്‍ യോഗ്യതയുള്ള ഭാഗങ്ങള്‍ വായിച്ചു തിരിച്ചേല്‍പിച്ചപ്പോള്‍ ചുണ്ടിന്റെ അറ്റത്ത് ചിരിയൊതുക്കി ഉസ്താദ് ചോദിച്ചു: 'ചവറാണോ, അല്ലാത്തതാണോ ആദ്യം വായിച്ചത്?' 'ചവറാണ്.' 'എല്ലാ നിയമങ്ങള്‍ക്കും ഒരു പ്രശ്‌നമുണ്ട്. ചുവപ്പു കണ്ടാല്‍ നിര്‍ത്തണമെന്നല്ല. ഒരു സെക്കന്റിനകം പരമാവധി വേഗതയില്‍ അത് മറികടക്കണമെന്നാണ് ആലോചന. ആലോചനയുള്ള മനസ്സിലേക്ക് ക്ലാസിക്കല്‍ അറിവുകള്‍ ഇറങ്ങുകയില്ല.' ഗൗരവത്തോടെ അദ്ദേഹം പറഞ്ഞു. വി.എസ് നെയ്‌പോളിന്റെ ഭാഷ ക്ലാസിക്കല്‍ സ്വഭാവം പുലര്‍ത്തുന്നതാണെന്നും, രാഷ്ട്രീയമായി വിയോജിക്കുമ്പോഴും 'പഹയനെ വായിക്കണമെന്നും' പറഞ്ഞുതന്നത് ഉസ്താദാണ്. സമാനമായ അഭിപ്രായം റുഡിയാഡ് ക്ലിപ്പിംഗിന്റെ കിമ്മിനെ കുറിച്ച് എഡ്വേഡ് സൈദും പറയുന്നുണ്ട്. വേര്‍നറുടെയും ക്ലിപ്പിംഗിന്റെയും രാഷ്ട്രീയം സാമ്രാജ്യത്വ വലതുപക്ഷ അനുഭാവമുള്ളതാണ്. പക്ഷേ സംഗീതത്തിലും സാഹിത്യത്തിലും ഇരുവരും മാസ്റ്റര്‍മാരെണെന്നാണ് സൈദ് താരിഖ് അലിയോട് പറഞ്ഞത്. പില്‍ക്കാലത്ത് ഹൈഡഗര്‍, നിത്‌ഷേ, ഫൂക്കോ, കാള്‍ഷ്മിറ്റ് തുടങ്ങിയവരെ  അവരുടെ ഫാഷിസ്റ്റ് സയണിസ്റ്റ് ചങ്ങാത്തം കൊണ്ട് മടിച്ചു നില്‍ക്കാതെ പരിചയപ്പെടാന്‍ ഈ ഉപദേശം കാരണമായി.

വായന അനായാസമായി ഒരിടത്ത് ചാരിയിരുന്നുകൊണ്ട് ചെയ്യേണ്ട സുഖകരമായ വിനോദമല്ലെന്ന് മനസ്സിലായി തുടങ്ങിയത് മുട്ടാണിശ്ശേരി ഉസ്താദ് പരിഭാഷ ചെയ്ത മുഖദ്ദിമ വായിക്കാന്‍ തുടങ്ങിയപ്പോഴാണ്. ഇബ്‌നു ഖല്‍ദൂന്റെ ആ മഹത് ഗ്രന്ഥം പല ഭാഗങ്ങളായി ഉസ്താദ് ക്ലാസ്സെടുത്തുവെങ്കിലും പുസ്തകമായി വായിച്ചു തുടങ്ങിയപ്പോഴാണ് വായനക്കാരന്റെ ഏകാഗ്രതയും ക്രിയാത്മകമായ സംഭാവനയുമില്ലാതെ വായന മുന്നോട്ടുപോവുകയില്ലെന്ന് മനസ്സിലായത്. നോണ്‍ ഫിക്ഷന്‍ കൃതികള്‍ മാത്രമല്ല, ജെയിംസ് ജോയിസിന്റെ യുളിസസ്, ജെഡിസാലിംഗറുടെ കാചര്‍ ഇന്‍ദ റൈ, ജോസഫ് ഹെല്ലറുടെ കാച്22, ഈ അടുത്ത കാലത്ത് വായിച്ച പോള്‍ബെറ്റിയുടെ സെല്ലൗട്ട് തുടങ്ങിയ കൃതികളും അങ്ങനെയാണ്. മുഖദ്ദിമ വായിക്കുമ്പോഴെല്ലാം ഓരോ ഖണ്ഡിക പിന്നിടുമ്പോഴും ഉറങ്ങിപ്പോയിരുന്നു.  സമാനമായ അനുഭവമാണ് സൈദിന്റെ ഓറിയന്റലിസം, അല്ലാമാ ഇഖ്ബാലിന്റെ Reconstruction of Religious Thought in Islam, ദെറീദയുടെ ഗിഫ്റ്റ് ഓഫ് ഡെത്ത്, ഡെല്യൂസിന്റെ ആന്റി ഈഡിപ്പസ്, ഫൂക്കോയുടെ ഹിസ്റ്ററി ഓഫ് സെക്ഷ്വാലിറ്റി,  ഫ്രോയിഡിന്റെ ജോക്ക്, ഫസ്‌ലുര്‍റഹ്മാന്റെ മുല്ലാസദറ, എലനോര്‍ കീറ്റന്റെ റിഹേഴ്‌സല്‍ തുടങ്ങിയ പുസ്തകങ്ങള്‍ നല്‍കിയത്. ഓരോ ഉറക്കത്തിനു ശേഷമുള്ള ഉണര്‍ച്ചയായിരുന്നു അന്ന് വായന. ഹെഗലിന്റെ പ്രാഥമികമായ കൃതികളും, അദ്ദേഹത്തെക്കുറിച്ചുള്ള ദ്വിതീയ സ്രോതസ്സുകളും ശരിക്കൊന്നു വായിച്ചാല്‍ ഇന്‍സോമ്‌നിയ സുഖപ്പെടും എന്നു തോന്നിയിട്ടുണ്ട്.  എന്നാല്‍ ഹെഗലിന്റെ ചരിത്രവികാസത്തെ ആധുനിക ലിബറല്‍ ജനാധിപത്യത്തിന്റെ മൂലമാതൃകയാക്കുന്ന ഫ്രാന്‍സിസ് ഫുക്കുയാമയുടെ പുസ്തകം  (End of History) അങ്ങനെയല്ല, എന്റെ അനുഭവത്തില്‍. എംപയറിന്റെ ഭാഷക്ക് ഏതുറക്കവും കെടുത്താനുള്ള കഴിവുണ്ട്.

 

സ്റ്റീഫന്‍ ഡെഡാലുസ്

കാലദേശങ്ങള്‍ക്കപ്പുറത്തേക്ക് നമ്മെ പരിവര്‍ത്തനപ്പെടുത്താനുള്ള കഴിവ് നോവലുകള്‍ക്കുണ്ട്. ഒന്നുകില്‍ ഒരു കഥാപാത്രം, അല്ലെങ്കില്‍ ഒരവസ്ഥയോ സാഹചര്യമോ,  അല്ലെങ്കില്‍ ഒരാശയം നമ്മെ കുറേ നേരത്തേക്ക് നാമല്ലാതാക്കുന്നു. എനിക്ക് അത്തരത്തിലൊരു താദാത്മ്യം ഉണ്ടായ കഥാപാത്രം സ്റ്റീഫന്‍ ഡെഡാലുസാണ്, ജെയിംസ് ജോയിസിന്റെ പോര്‍ട്രയിറ്റ് ഓഫ് ആന്‍ ആര്‍ടിസ്റ്റ് ആസ് എ യങ്മാനിലെ ഡെഡാലുസ്.  അയാളുടെ അലസതയും നിഷേധവും അന്യതാബോധവും  ക്രമാനുഗതമായി മാറുന്ന ലോകത്തോടുള്ള പ്രതികരണമായി അയാളില്‍ കല വികസിക്കുന്നതും എന്റെ തന്നെ എന്ന് ഞാന്‍ കരുതി. അസാധാരണമായ ജീവിതം നയിക്കുന്നവരായതുകൊണ്ടാവാം രാധാകൃഷ്ണന്റെ അപ്പുവോ ദെസ്‌തേയവ്‌സ്‌കിയുടെ റാസ്‌കള്‍നിക്കോഫോ മോബിഡിക്കിലെ ക്യാപ്റ്റന്‍ ഇഹാബോ യൂഗോവിന്റെ ജീന്‍വാല്‍ജീനോ ഞാനാണെന്ന് ഒരിക്കലും തെറ്റിദ്ധരിച്ചില്ല. പക്ഷേ ഓര്‍വല്ലിന്റെ 1984 എപ്പോഴും നമുക്ക് സംജാതമായേക്കാവുന്ന രാഷ്ട്രീയാവസ്ഥയുടെ ഓര്‍മപ്പെടുത്തലായി.  വല്യേട്ടനെപ്പോലെ എല്ലാം നിരീക്ഷിക്കുന്ന, പ്രത്യേകിച്ച് തെറ്റൊന്നും ചെയ്തില്ലെങ്കിലും പിടിച്ചകത്തിടുന്ന ആധുനിക ദേശരാഷ്ട്രങ്ങള്‍ ഈ നോവലിനെ എന്നും സമകാലികമാക്കുന്നു. ആശയങ്ങള്‍കൊണ്ട് നോവല്‍ കെട്ടിയുയര്‍ത്തുന്നതില്‍ വിരുതന്മാരാണ് കുന്ദേരയും ജൂലിയന്‍ ബാര്‍നെസും. നിത്‌ഷേയുടെ ശാശ്വതമായ അനുവര്‍ത്തനം (Eternal Recurrence)  കുന്ദേര തന്റെ Unbearable Lightness of Being-ന് ആധാരമാക്കിയത് നോക്കുക. ഗുസ്താവ് ഫ്‌ളോബറിന്റെ ജീവചരിത്രത്തിലെ വിചിത്രമായ മുഹൂര്‍ത്തങ്ങളാണ് ബാര്‍നെസിന്റെ ഫ്‌ളൊബേര്‍സ് പാരറ്റിന്റെ ഇതിവൃത്തം. ഇസ്താംബൂളിനോടും തുര്‍ക്കിയോടും മറുദേശ പ്രണയം നല്‍കിയ ആളാണ് പാമുക്ക്. കെയ്‌റാസ്തമിയും  വാതിലിനകത്തെ ചിത്രീകരണത്തിന്റെ മാസ്റ്ററായ ഫര്‍ഹാദിയും ഇറാനെ പ്രണയിപ്പിക്കുന്നതുപോലെ, പാമുക്കിന്റെ സൂക്ഷ്മമായ വാക്കുകള്‍ ഒരു ദേശത്തിന്റെ ഓര്‍മയില്‍നിന്നാണ്,  ആ ദേശത്തിലേക്കാണ് നമ്മെ കൂട്ടിക്കൊണ്ടുപോകുന്നത്. 

 

അദര്‍ ബുക്‌സ്

അദര്‍ ബുക്‌സ് പുസ്തകങ്ങളുടെയും വായനക്കാരുടെയും വലിയൊരു പ്രപഞ്ചം തന്നെയായിരുന്നു. അദര്‍ ബുക്‌സിനകത്ത് ഔസാഫ്ക്കയുടെ പുസ്തകശേഖരം വേറെയുണ്ടായിരുന്നു. കൂട്ടുകൂടിയുള്ള ചായകുടിയും ബിരിയാണി തീറ്റയും പുസ്തകചര്‍ച്ചയും കഴിഞ്ഞ് ഈ പുസ്തകങ്ങള്‍ വായിക്കുകയാണ് മുടങ്ങാതെ ചെയ്ത ഒരു കാര്യം. ലൈബ്രറിയുടെ മണം പിടിച്ച് പൊന്നാനിയില്‍നിന്ന് ഹുദൈഫയും വണ്ടികേറും.  എത്ര ശ്രമിച്ചിട്ടും പറിച്ചുമാറ്റാനാകാത്ത പ്രണയമാണ് ഇന്ന് അദര്‍ ബുക്‌സിനോടുള്ളത്. ഫസ്‌ലുര്‍റഹ്മാന്റെ ഖുര്‍ആന്‍ പഠനങ്ങള്‍ ആദ്യമായി പരിചയപ്പെടുത്തിയത് ഹുദൈഫയാണ്. പിന്നീട് Major Themes of the Quran വിവര്‍ത്തനം ചെയ്തു (ഇനിയും പ്രസിദ്ധീകരിച്ചിട്ടില്ല). ലൂയി മാസ്‌നിയോണിന്റെ പാഷന്‍ ഓഫ് ഹല്ലാജ്, ആന്‍മേരി ഷിമ്മലിന്റെ പുസ്തകങ്ങള്‍, വില്യം ചിറ്റികിന്റെ ഹെയര്‍ റ്റു ദ പ്രൊഫെറ്റ്, മാര്‍ട്ടിന്‍ ലിംഗ്‌സിന്റെ മുഹമ്മദ്, എലവന്‍ത് അവര്‍ തുടങ്ങി സൂഫിസത്തിലെ ക്ലാസിക്കുകള്‍ പരിചയപ്പെടുന്നത് ഔസാഫ്ക്കയുടെ സ്വകാര്യശേഖരത്തില്‍നിന്നാണ്. അദര്‍ ബുക്‌സ് തന്നെയാണ് ദലിത് സാഹിത്യത്തിലെ നൂതന പഠനങ്ങളോടും ഗെയ്ല്‍ ഓംവെദ്,  ഗോപാല്‍ ഗുരു, പാണ്ഡ്യന്‍ തുടങ്ങിയവരുടെ കൃതികളോടും ഇസ്‌ലാമിക് ഫെമിനിസത്തിലെ പ്രധാന കൃതികളോടും ആമിന വദൂദ്, അസ്മ ബര്‍ലാസ്, കെസിയ അലി തുടങ്ങിയവരോടുമൊക്കെ അഭിനിവേശമുണ്ടാക്കിയത്. ഖുര്‍ആന്‍ പഠനം വ്യവസ്ഥാപിതമായി തുടര്‍ന്നതും അദര്‍ ബുക്‌സില്‍ ചേര്‍ന്നതിനു ശേഷമാണ്. ആര്‍ബറിയുടെയും ത്വരീഫ് ഖലീദിയുടെയും മനോഹരവും അറബിക് ശൈലിയോട് ചേര്‍ന്നുനില്‍ക്കുന്നതുമായ ഇംഗ്ലീഷ് വിവര്‍ത്തനങ്ങള്‍,  ജേന്‍മക്ഒഫി, ശൗഖത്ത് തൊറാവ, ആന്‍ജലികന്യൂവിര്‍ത്ത്, ആന്‍ഡ്രൂറിപ്പിന്‍ തുടങ്ങിയവരുടെ ഖുര്‍ആന്റെ ഉള്ളടക്കത്തെക്കുറിച്ചും ശൈലിയെക്കുറിച്ചും വായനയെക്കുറിച്ചുമൊക്കെയുള്ള പഠനങ്ങള്‍ ക്ലാസിക്കല്‍ ഖുര്‍ആനിക പഠനത്തിലേക്കാണ് എന്നെ മടക്കിക്കൊണ്ടുപോയത്. അതായത് സുയൂത്വിയിലേക്കും മറ്റും. വൈവിധ്യമാര്‍ന്ന വായനാഭിരുചികളുള്ള ഔസാഫ്ക്കയുടെ ലൈബ്രറി ഉണ്ടായിരുന്നില്ലെങ്കില്‍ അത് സാധ്യമാകുമായിരുന്നില്ല. 

അദര്‍ ബുക്‌സില്‍ പ്രവര്‍ത്തിക്കുന്ന കാലത്താണ് കെ.സി സലിംക്ക തുടങ്ങിയ ഇസ്‌ലാം ഇന്ററാക്ടീവ് എന്ന വെബ്മാഗസിന്റെ പ്രവര്‍ത്തനങ്ങളില്‍ സജീവമാകുന്നത്. അക്കാലത്ത് ആമിന വദൂദ് കോഴിക്കോട് സന്ദര്‍ശിച്ചിരുന്നു. അവര്‍ മുന്‍കൈയെടുത്ത് ഇന്ററാക്ടീവിന്റെ ഓഫീസില്‍ കേരള കമ്യൂണിറ്റി ഓഫ് ബുക് എന്ന പേരില്‍ പ്രതിവാര പുസ്തക ചര്‍ച്ച സംഘടിപ്പിച്ചിരുന്നു. ആ ചര്‍ച്ചകള്‍ക്കിടയിലാണ് ഖാലിദ് അബൂല്‍ഫദല്‍, മുഹമ്മദ് അല്‍ഫദല്‍, അബ്ദുല്ലാഹ് അഹ്മദ് അന്നഈം, ഷെര്‍മന്‍ ജാക്‌സണ്‍, ഫരീദ് ഇസ്ഹാഖ് തുടങ്ങിയവരെ വായിക്കുന്നതും ചര്‍ച്ച ചെയ്യുന്നതുമൊക്കെ. എന്നാല്‍ ഈ വായനക്ക് വിമര്‍ശനാത്മകമായ വികാസമുണ്ടാകുന്നത് എസ്.ഐ.ഒ മുന്‍കൈയെടുത്ത് സംഘടിപ്പിച്ച ഡികൊളോണിയല്‍ പാഠശാലയില്‍ വെച്ചാണ്. സെപ്റ്റംബര്‍ 11-നു ശേഷമുള്ള ഇസ്‌ലാംഭീതിയുടെ സന്ദര്‍ഭത്തില്‍ മാപ്പപേക്ഷയായി പല ആഖ്യാനങ്ങളും ഉപയോഗപ്പെടുത്തപ്പെടുന്ന സന്ദര്‍ഭത്തിലാണ് വാഇല്‍ ഹല്ലാഖ്, എറിക് വിംഗ്ള്‍, ശബാബ് അഹ്മദ് തുടങ്ങിയവരുടെ കൊളോണിയല്‍ അധിനിവേശത്തിനു മുമ്പുള്ള ക്ലാസിക്കല്‍ ഇസ്‌ലാമിക് പാരമ്പര്യത്തിന്റെ വൈവിധ്യമാര്‍ന്ന ലോകത്തെക്കുറിച്ചുള്ള പ്രതീക്ഷയുണര്‍ത്തുന്ന ചര്‍ച്ച വായിക്കുന്നത്. പലപ്പോഴും പുതുതലമുറയിലെ ഇസ്‌ലാം ഗ്രന്ഥകാരന്മാരുടെ വ്യാഖ്യാനങ്ങള്‍ ക്രിയാത്മകവും പിഴവറ്റതുമായിരുന്നെങ്കിലും അപകൊളോണിയല്‍ ആഭിമുഖ്യമുള്ളവരുടെ ചിന്തകള്‍,  ആ പഠനങ്ങളൊക്കെയും ഇസ്‌ലാമിക പാരമ്പര്യത്തിന് എന്തോ കുറവുണ്ടെന്ന് നിരീക്ഷിക്കുന്ന (Islam misses something  that the mainstream west intrinsically has)   പുതിയ രാഷ്ട്രീയ നിലപാടുകളോട് രാജിയാകുന്നതാണെന്ന വസ്തുത തുറന്നുകാട്ടി. 


പിയറി ബയാര്‍ഡ്

പുസ്തകവായന താളൊന്നു മുതല്‍ അവസാനം വരെ കുത്തിയിരുന്നുള്ള വായന ഒരു മോശം ഏര്‍പ്പാടാണെന്ന് മനസ്സിലായത് പിയറി ബയാഡിന്റെ How to Talk about the Books One has not Read  വായിച്ചപ്പോഴാണ്. ഓസ്‌കാര്‍ വൈല്‍ഡിനെപ്പോലുള്ള രസികന്‍ എഴുത്തുകാര്‍ക്ക് വായനയോട് ഈര്‍ഷ്യ ഉണ്ടായിരുന്നത്രെ. പുസ്തകം,  ഗ്രന്ഥകാരന്‍ തുടങ്ങിയ ആധുനിക കമ്പോളവിഗ്രഹങ്ങളെ ഫെറ്റിഷ് ആയി പൂജിക്കേണ്ട ഒരു കാര്യവുമില്ലെന്ന് ബയാര്‍ഡ് പറയുന്നു. എഴുത്തുകാരന്‍ മീതെയും വായനക്കാരന്‍ താഴെയുമായുള്ള അധികാരവിഭജനത്തെ പുതിയ കാലത്തെ അറിവിനെത്തേടിയുള്ള അന്വേഷണങ്ങള്‍ ചോദ്യംചെയ്യുന്നുണ്ട്. ഇന്നര്‍ ലൈബ്രറി എന്നൊരു സങ്കല്‍പം ബയാര്‍ഡ് അവതരിപ്പിക്കുന്നുണ്ട്.  ഓരോ വ്യക്തിയുടെയും മനസ്സില്‍ ഒരു ലൈബ്രറിയുണ്ട്.  വായിച്ച പുസ്തകം മാത്രമല്ല, കേട്ട പുസ്തകങ്ങളും മറന്നുപോയ പുസ്തകങ്ങളും പകുതി വായിച്ച പുസ്തകങ്ങളും ഒക്കെകൂടിക്കലര്‍ന്ന് പുസ്തകങ്ങള്‍ക്കപ്പുറത്തെ ഉള്ളടക്കത്തിനപ്പുറം ഓരോ വ്യക്തിയുടെയും ഉള്‍ബോധമായി പരിവര്‍ത്തനപ്പെടുന്നു. പുസ്തകങ്ങള്‍ അങ്ങനെ പുതിയ പുതിയ പുസ്തകങ്ങളായി പുനര്‍ജനിക്കുകയാണ് വേണ്ടത്. വായിക്കാത്തവന്‍ ഒരു പുസ്തകത്തെപ്പറ്റി സംസാരിക്കുന്നത് വായിച്ചവനെപ്പോലെ  'ആധികാരികമായിട്ടായിരിക്കില്ല.' പക്ഷേ ആ പുസ്തകത്തിന്റെ ക്രിയാത്മകമായ പുനര്‍ജനനം സാധ്യമാക്കുന്നത് ആധികാരികമല്ലാത്ത പറച്ചില്‍കൊണ്ടായിരിക്കും.

പുതിയ കാലത്തെ ചെറുപ്പക്കാരുടെ അറിവിന്റെ അന്വേഷണത്തെ ക്രിയാത്മകമായി വിലയിരുത്തണമെങ്കില്‍ ബയാര്‍ഡിനെ വായിക്കണം. പണ്ടത്തെപ്പോലെ ഇന്ന് പുസ്തകം തേടിപ്പിടിക്കണമെങ്കില്‍ സമയമോ പണമോ ആവശ്യമില്ല.  സൗജന്യമായ ഇ-ബുക്കുകള്‍ ടൊറന്റുകളിലൂടെ നല്‍കുന്ന വെബ്‌സൈറ്റുകള്‍ നിരവധിയാണ്. ഒരു പുസ്തകം വായിക്കുകയൊന്നും വേണ്ട, അതിലെന്താണ് പറഞ്ഞിരിക്കുന്നത് എന്ന് സൂക്ഷ്മമായി അറിയാന്‍. എഴുത്തുകാരന്റെ സമാന വിഷയത്തിലുള്ള ലേഖനങ്ങള്‍, ബ്ലോഗുകള്‍ എന്നിവയെല്ലാം ഇന്ന് സൗജന്യമായി ലഭ്യമാണ്. അക്കാദമിയ, സ്‌ക്രിബിഡ് തുടങ്ങിയ സോഷ്യല്‍ മാധ്യമങ്ങള്‍, സൗജന്യമായി ഇ-പുസ്തകങ്ങള്‍ ലഭ്യമാക്കുന്ന ഫേസ് ബുക്ക് ഗ്രൂപ്പുകള്‍ എന്നിവയെല്ലാം  'ആധികാരികമായ വായന'യെക്കുറിച്ചുള്ള വരേണ്യ സങ്കല്‍പങ്ങളെ തകര്‍ക്കുന്നുണ്ട്. മറ്റൊന്ന് ഞാന്‍ വായിച്ചു തുടങ്ങുന്ന കാലത്ത് മുതിര്‍ന്നവര്‍ ഞങ്ങള്‍ കാണാതെ പുസ്തകങ്ങള്‍ ഒളിപ്പിച്ചുവെക്കുമായിരുന്നു. ലൈബ്രേറിയന്മാര്‍ വരെ അക്കൂട്ടത്തില്‍പെടും (ഏത് പുസ്തകവും ആര്‍ക്കും ഒരു മടിയുമില്ലാതെ കൈമാറുന്ന സമകാലിക മലയാളം വാരിക മുന്‍ എഡിറ്റര്‍ എസ്. ജയചന്ദ്രന്‍ നായര്‍,  എന്‍.എം ഹുസൈന്‍ തുടങ്ങിയ ചിലര്‍ ഇതിന് അപവാദമാണ്. ഇന്ത്യന്‍ എക്‌സ്പ്രസില്‍ ജോലി ചെയ്യുന്ന കാലത്ത് ഞാന്‍ വായിച്ച പുസ്തകങ്ങളേറെയും ഇരുവരുടെയും സ്വകാര്യ ശേഖരത്തിലുള്ളതായിരുന്നു). എന്നാല്‍ പുതിയ തലമുറയുടെ സ്വഭാവം പുസ്തകങ്ങള്‍ ഷെയര്‍ ചെയ്യലാണ്. ലണ്ടനില്‍ പഠിക്കുന്ന അബ്ദുല്‍വാജിദ് അവന്റെ പക്കലുള്ള ആയിരക്കണക്കിന് പുസ്തകങ്ങളടങ്ങിയ ഗൂഗ്ള്‍െ്രെഡവ് തന്നെ ഷെയര്‍ ചെയ്യുന്നു. ഒരു തീവണ്ടി യാത്രാവേളയിലാണ് അരീക്കോട് ഫസലുക്ക (എ.വി.എം ഫസലുല്ല) എങ്ങും കിട്ടാനില്ലാത്ത സുആദ് അബ്ദുല്‍ കബീറിന്റെ Muslim Cool എന്ന പുസ്തകം ഞൊടിയിടയില്‍ കൈമാറിയത്. ആവശ്യപ്പെട്ടില്ലെങ്കിലും പുതിയ, വ്യത്യസ്തമായ പഠനങ്ങള്‍ ഹുദൈഫ റഹ്മാന്‍ മെയില്‍ അയക്കുന്നു. മീഡിയാ വണ്ണിലെ ഉബൈദും ജോഹന്നാസ്‌ബെര്‍ഗിലെ അശ്‌റഫും പുതിയ പുസ്തകങ്ങളെക്കുറിച്ചുള്ള വര്‍ത്തമാനങ്ങള്‍ പുസ്തകങ്ങളോടൊപ്പം അയച്ചുതരുന്നു. പൂനൂര്‍ മര്‍കസ് ഗാര്‍ഡന്‍, ചെമ്മാട് ദാറുല്‍ ഹുദ തുടങ്ങിയ സ്ഥാപനങ്ങളിലും അറിവ് പങ്കുവെക്കുന്ന പണ്ഡിതന്മാര്‍ വളര്‍ന്നുവരുന്നു. പുതിയ തലമുറയുടെ അന്വേഷണങ്ങള്‍ പ്രതീക്ഷയുണര്‍ത്തുന്നതാണ്.


Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-26 / അശ്ശുഅറാഅ് (72 - 77)
എ.വൈ.ആര്‍

ഹദീസ്‌

സത്യസന്ധത എന്ന ഉത്കൃഷ്ട മൂല്യം
സി.എം റഫീഖ് കോക്കൂര്‍