Prabodhanm Weekly

Pages

Search

2017 മെയ് 05

3000

1438 ശഅ്ബാന്‍ 08

പുസ്തകപ്പുറത്തേറിയ യാത്രകള്‍

മുഹമ്മദ് ശമീം

ഒരു വായനക്കാരന്‍ അയാള്‍ മരിക്കുന്നതിനു മുമ്പ് ആയിരം ജീവിതങ്ങള്‍ ജീവിക്കുമ്പോള്‍ വായിക്കാത്ത ആള്‍ക്ക് കിട്ടുന്നത് ഒരേയൊരു ജീവിതം മാത്രമാണെന്ന് ജോര്‍ജ് ആര്‍.ആര്‍ മാര്‍ട്ടിന്റെ ഒരു കഥാപാത്രം പറയുന്നുണ്ട്. പല ജീവിതങ്ങള്‍ ജീവിച്ചു തീര്‍ക്കാന്‍ അവസരം ലഭിച്ചതിന്റെ കൃതാര്‍ഥതയാണ് ഈ വരി ഉദ്ധരിക്കുമ്പോള്‍ ഇതെഴുതുന്നയാള്‍ക്കുള്ളത്. മറ്റു ബാധ്യതകളൊന്നും അലോസരപ്പെടുത്താതിരുന്ന, ചുരുങ്ങിയ ഒരു ജീവിതകാലയളവില്‍ പുസ്തകങ്ങളോട് സൗഹൃദവും പിന്നെ പ്രണയവും സ്ഥാപിച്ചതില്‍നിന്നാണ് ഞാനറിയുന്ന ഞാന്‍ പിറവി കൊണ്ടതെന്ന് കരുതുന്നു. ജീവിതത്തെ യാത്രയെന്ന് വിശേഷിപ്പിക്കാമെങ്കില്‍, ഒരുപാട് യാത്രകള്‍ ഞാന്‍ ചെയ്തിട്ടുണ്ട്, ഒട്ടേറെ സ്വപ്‌നങ്ങള്‍ എന്നെ നിര്‍മിക്കുന്നതിന് സഹായകമായിട്ടുമുണ്ട്. ചിലപ്പോഴവ ഭ്രമകല്‍പനകളായി അമ്പരപ്പിക്കുകയും ദുഃസ്വപ്‌നങ്ങളായി പേടിപ്പെടുത്തുകയും ചെയ്യുന്നു. പുസ്തകപ്പുറമേറിയുള്ള യാത്രകള്‍. സ്വപ്‌നങ്ങള്‍ക്ക് തെളിച്ചം പകരുന്നതും പുസ്തകങ്ങള്‍ തന്നെ. ചിലപ്പോള്‍ ദിവസങ്ങളോളം നീണ്ടുനില്‍ക്കുന്ന വിഷാദങ്ങളും തരും പുസ്തകങ്ങള്‍. അതിനാല്‍തന്നെ, വായനയെക്കുറിച്ച എന്റെ വിചാരങ്ങള്‍ എന്റെ ആത്മകഥയായിത്തീരുന്നു. ജീവിതത്തിന്റെ മുഖ്യമായ ചേരുവകളെല്ലാം ഞാന്‍ കണ്ടെടുത്തത് പുസ്തകങ്ങളില്‍നിന്നാണ്. 

സ്വയം ചിന്തിക്കുന്നത് ഒഴിവാക്കാനുള്ള ഉപായമാണ് വായന എന്നാരോ പറഞ്ഞിട്ടുണ്ട്. അതേസമയം അനുഭവസമ്പന്നരായ ആളുകളുമായുള്ള സംഭാഷണം പോലെയായിരിക്കും നല്ല പുസ്തകങ്ങളുടെ വായന എന്നാണ് റെനെ ദെക്കാര്‍ത്തെയുടെ അഭിപ്രായം. അനുഭവങ്ങളെ സ്വാനുഭവങ്ങളായും ചിന്തകളെ സംവാദങ്ങളായും പരിവര്‍ത്തിപ്പിക്കാത്തേടത്താണ് ഇതിലെ ആദ്യത്തെ പ്രസ്താവന ശരിയാകുന്നത്. സത്യത്തില്‍ ഓരോ വായനയും ഓരോ കണ്ടെത്തലാണ്. വിവിധങ്ങളായ ജീവിതങ്ങളെയും ചിന്തകളെയും അനുഭവിക്കാനും അറിയാനുമുള്ള ഉപാധിയാണത്. അതിലൂടെയാണ് അവബോധങ്ങള്‍ വികാസം പ്രാപിക്കുക. അതിനാകട്ടെ, പുസ്തകങ്ങളെ പൂര്‍ണമായി ആശ്രയിക്കുകയല്ല, മറിച്ച് അവബോധത്തെ വികസിപ്പിക്കുന്നതിനുള്ള ഉപകരണങ്ങളായി അവയെ സമീപിക്കുകയാണ് വേണ്ടത്. 

അതിസങ്കീര്‍ണമായ മാനസികപ്രക്രിയയാണ് ഒരര്‍ഥത്തില്‍ വായന. അക്ഷരങ്ങളെയും അടയാളങ്ങളെയും അര്‍ഥവത്തായ കാര്യങ്ങളാക്കി പരിവര്‍ത്തിപ്പിക്കലാണത്. അക്ഷരം അതിലൂടെ പുതിയ അര്‍ഥവും സ്വത്വവും കണ്ടെത്തുകയാണ്. മറ്റൊരു വിധത്തില്‍ എഴുത്തുകാരനും വായനക്കാരനും തമ്മിലുള്ള സംവാദത്തിലൂടെയാണ് അക്ഷരം സ്വയം കണ്ടെത്തുന്നത്, അഥവാ അത് അക്ഷരം -ക്ഷരമല്ലാത്തത് അഥവാ നാശമില്ലാത്തതാണല്ലോ അക്ഷരം- ആയിത്തീരുന്നത്. ചെറിയ പദങ്ങളില്‍ വലിയ പ്രപഞ്ചങ്ങളെ ഒളിപ്പിക്കുന്ന ഹൈക്കുകളുടെ മായാജാലങ്ങള്‍ മുതല്‍ ജീവതത്ത്വങ്ങളുടെ ബൃഹദാഖ്യാനങ്ങള്‍ വരെയായി വൈവിധ്യമുള്ള അനുഭവങ്ങളിലൂടെയാണ് അക്ഷരങ്ങള്‍ വായനക്കാരനെ കൊണ്ടുപോകുന്നത്. നന്നായി ചെവിയോര്‍ക്കുന്നവനെ ഒരു കുമ്പിള്‍ വെള്ളത്തില്‍ ഒരു കടലിരമ്പം കേള്‍പ്പിക്കുന്ന (സി. രാധാകൃഷ്ണന്‍) ഇന്ദ്രജാലമാണ് ഓരോ അക്ഷരവും കരുതിവെക്കുന്നത്. വായിക്കുന്നവന് പ്രകൃതിബോധമുണ്ടാകുമെന്ന് ടോള്‍സ്റ്റോയി പറയുന്നു. എഴുത്തിന്റെ ലക്ഷ്യങ്ങളെ കങ് ഫ്യൂ ചിസ് നിര്‍വചിക്കുന്നതും അങ്ങനെയാണ്; അത് സമൂഹത്തോടുള്ള ബാധ്യത ഓര്‍മിപ്പിക്കുകയും പ്രകൃതിയുടെ ഭാഷ പരിചയപ്പെടുത്തുകയും ചെയ്യുന്നു എന്ന്. 

എഴുത്തുകാരനില്‍നിന്ന് വീണ്ടും മുന്നോട്ടുപോകണം വായനക്കാരന്‍. പോസ്റ്റ് മോഡേണ്‍ ലിറ്റററി തിയറിസ്റ്റ് റൊളാങ് ബാര്‍ത് (ഞീഹമിറ ആമൃവേല)െ തന്റെ കൃതിക്കൊപ്പം മരിച്ചുപോയവനാണ് എഴുത്തുകാരന്‍ എന്ന് പറയുന്നുണ്ടല്ലോ. അതേസമയം വായനക്കാരന്‍ സ്രഷ്ടാവുമാണ്. എഴുത്തുകാരന്റെ മരണത്തെക്കുറിച്ച ഈ സിദ്ധാന്തത്തെ അതുപോലെ അംഗീകരിക്കാന്‍ പ്രയാസമുണ്ടെങ്കിലും, എഴുത്തുകാരന്റെ സര്‍ഗാത്മകതയെ അറിയുന്നതിലുപരി സ്വന്തം സര്‍ഗാത്മകതയെ കണ്ടെടുക്കുകയാണ് യഥാര്‍ഥ വായനക്കാരന്‍ ചെയ്യുന്നത് എന്നത് സത്യമാണ്. ഇത് എന്റെ വായനയുടെ കഥയാണ്. എന്റെ വായനയുടെ കഥ എന്റെ ജീവിതത്തിന്റെ മുഴുവന്‍ കഥയുമാണ്. 

ദ ഗോസ്റ്റ് ഹു വാക്‌സ് 

ഒരുപക്ഷേ, എല്ലാവരെയും പോലെ ബാലമാസികകളില്‍നിന്ന് തുടങ്ങിയെങ്കിലും ഒരു മുഴുനീളന്‍ ഒറ്റക്കഥ എന്ന നിലക്ക് ഞാനാദ്യം വായിച്ച പുസ്തകം ടിപ്പുസുല്‍ത്താന്‍ എന്ന പൂമ്പാറ്റ അമര്‍ ചിത്രകഥയായിരുന്നു. ഒരു വീരകഥാപാത്രമായി അവിടം മുതല്‍ക്ക് ടിപ്പു എന്റെ മനസ്സില്‍ ചേക്കേറി. അന്ന് ഞാന്‍ മൂന്നാം ക്ലാസ്സിലാവണം പഠിക്കുന്നത്. യു.പി സ്‌കൂളിലേക്ക് വന്നതോടെ, അവിടത്തെ ചെറിയ സ്‌കൂള്‍ ലൈബ്രറിയിലെ കഥാപുസ്തകങ്ങള്‍ വായിച്ചു തുടങ്ങി. ചിത്രകഥകളല്ലാത്ത പുസ്തകങ്ങളിലേക്ക് ശ്രദ്ധ പോകുന്നത് അങ്ങനെയാണ്. എന്നാലും ആ സമയത്ത് ബാലമാസികകളും ചിത്രകഥകളും ഉപേക്ഷിച്ചില്ല. അതിപ്പോഴും വിട്ടിട്ടില്ല എന്നതാണ് സത്യം. ബാലമാസികകള്‍ കണ്ടാല്‍ ആര്‍ത്തിയോടെ വായിച്ചു തീര്‍ക്കുന്ന സ്വഭാവം അല്‍പസ്വല്‍പം ഗൗരവത്തോടെ വായനയെ സമീപിക്കുന്ന ഇന്നുമുണ്ട്. അക്കാലത്ത് നിയോ കോമിക്‌സ്, ഇന്ദ്രജാല്‍ കോമിക്‌സ്, വിദ്യാര്‍ഥിമിത്രം കോമിക്‌സ്, റീഗല്‍ കോമിക്‌സ് തുടങ്ങിയ കമ്പനികള്‍ ഇറക്കുന്ന രസകരങ്ങളായ ഡിറ്റക്ടീവ് ചിത്രകഥകള്‍ വരാറുണ്ടായിരുന്നു. ഇന്ദ്രജാലിലും വിദ്യാര്‍ഥിമിത്രത്തിലും ലീഫോക്കിന്റെ ഫാന്റം, മാന്ത്രികനായ മാന്‍ഡ്രേക്ക്, അലക്‌സ് റേമണ്ടിന്റെ ഫ്‌ളാഷ് ഗോഡന്‍ തുടങ്ങിയ കോമിക്‌സും വരും. അന്ന് മലയാള മനോരമ പത്രത്തില്‍ സ്ഥിരം കോമിക് സ്ട്രിപ്പായി മാന്‍ഡ്രേക്കും സണ്‍ഡേ സപ്ലിമെന്റില്‍ ഫാന്റവും പ്രസിദ്ധീകരിക്കപ്പെടാറുണ്ട്. അങ്ങനെയാണ് ഞാന്‍ സ്വയം ഒരു വീരപുരുഷനായി മാറിയത്. ചില നേരങ്ങളില്‍ ആഫ്രിക്കന്‍ വനാന്തരങ്ങളില്‍ ജീവിക്കുന്ന, നീതിയുടെ പോരാളിയായ നടക്കും ഭൂതം. സഹചരരായി ഡയാനയും റെക്‌സും ഹീറോ എന്ന കുതിരയും ഡെവിള്‍ എന്ന നായയും. മറ്റു ചില നേരങ്ങളില്‍ സവിശേഷമായ കോട്ടും ഹാറ്റുമൊക്കെയണിഞ്ഞ്, സാമൂഹികവിരുദ്ധരായ ആളുകളെ ഇന്ദ്രജാലങ്ങള്‍ കൊണ്ടമ്പരപ്പിച്ച് പരാജയപ്പെടുത്തുന്ന മഹാമാന്ത്രികന്‍, കൂടെ നര്‍ദ എന്ന സുന്ദരിപ്പെണ്ണും ലോതര്‍ എന്ന തടിയന്‍ ചങ്ങാതിയും.  അമര്‍ ചിത്രകഥകള്‍ എന്റെ ഭാവനകളെ ത്രസിപ്പിച്ചു. 

 

ജോണി മാഷും കുട്ട്യോളും 

ഇങ്ങനെ കോമിക്കുകള്‍ സൃഷ്ടിക്കുന്ന ഭ്രമങ്ങളില്‍ ജീവിക്കുമ്പോഴും 'അല്‍പം വലിയ' വായനകളും കൂടി നടന്നു കൊണ്ടിരുന്ന, യു.പി സ്‌കൂള്‍ ജീവിതകാലത്ത് വായന ഉള്‍പ്പെടെയുള്ള കാര്യങ്ങളില്‍ പ്രോത്സാഹനം നല്‍കിക്കൊണ്ടിരുന്ന ഒരധ്യാപകനുണ്ടായിരുന്നു. ജോണി മാഷ് എന്ന് നാട്ടുകാര്‍ വിളിക്കുന്ന ജോര്‍ജ് തറയില്‍. ആഴ്ചയിലൊരിക്കല്‍, തന്റെയൊരു പിരീയഡ് പല വിഷയങ്ങളിലുമുള്ള ചര്‍ച്ചകള്‍ക്കും കുട്ടികളുടെ സര്‍ഗാത്മകപ്രകടനങ്ങള്‍ക്കും വേണ്ടി നീക്കിവെക്കും ജോണി മാഷ്. പല കാര്യങ്ങളിലും മാതൃകയാക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്ന വ്യക്തിയാണ് ജോണി മാഷ്. ജോണി പാപ്പിനിശ്ശേരി എന്ന തൂലികാനാമത്തില്‍ എഴുതാറുണ്ട് അദ്ദേഹം. അദ്ദേഹത്തിന്റെ പരിമളം എന്ന കഥാസമാഹാരം ആയിടെ പുറത്തിറങ്ങി. പരിചയമുള്ള രക്ഷിതാക്കളെയൊക്കെ കണ്ട് അദ്ദേഹം അതിന്റെ കോപ്പികള്‍ വിറ്റപ്പോള്‍ ഉപ്പയും ഒരെണ്ണം വാങ്ങി എനിക്ക് തന്നു. സത്യത്തില്‍ ഞാന്‍ വായിക്കുന്നത് ഉപ്പാക്ക് ഇഷ്ടമല്ല. കൂടുതല്‍ വായിച്ചാല്‍ തലയുടെ പിരിയിളകും എന്നായിരുന്നു അദ്ദേഹത്തിന്റെ സിദ്ധാന്തം. ഒരുപക്ഷേ, അന്നത്തെ ആധുനിക എഴുത്തുകാരുടെയും ബുദ്ധിജീവികളുടെയുമൊക്കെ പ്രകൃതം അങ്ങനെയായതുകൊണ്ടായിരിക്കാം. 

ഹൈസ്‌കൂള്‍ ജീവിതത്തിലേക്ക് പ്രവേശിച്ചതോടെ പുതിയ ചങ്ങാതിമാര്‍, പുതിയ വിഷയങ്ങള്‍, ചര്‍ച്ചകള്‍, യുവജനോത്സവം (അന്ന് ഹൈസ്‌കൂള്‍ കലോത്സവം യുവജനോത്സവമാണ്) എന്നിങ്ങനെ സജീവമായി. കൂട്ടത്തില്‍ പുതിയ വായന, പുതിയ പുസ്തകങ്ങള്‍. പുസ്തകങ്ങള്‍ സ്വന്തമായി വാങ്ങാനുള്ള ആഗ്രഹവും അക്കാലത്തുണ്ടായതാണ്. 

 

സഫലമീ യാത്ര 

സിനിമ കാണണം, പുസ്തകങ്ങള്‍ വാങ്ങണം. അതിന് സ്വന്തമായല്‍പം വരുമാനമുണ്ടാക്കണം. അതിനുള്ള അന്വേഷണത്തിലായി ഞാന്‍. മാവ് കായ്ച്ചു കഴിഞ്ഞാല്‍ ഞാനും മൂത്തമ്മാന്റെ മോന്‍ നാസറും ചെറിയ തോതില്‍ മാവുകള്‍ പാട്ടത്തിനെടുക്കുന്നയാളെ കണ്ട് മാങ്ങ പറിച്ചുകൊടുക്കാമെന്ന കരാറുണ്ടാക്കും. അതിന് സാധാരണഗതിയില്‍ എത്രയാണ് കൂലി വാങ്ങുക എന്നൊന്നും ഞങ്ങള്‍ക്കറിയില്ല. പണിയെടുപ്പിക്കുന്നയാള്‍ പറയുന്ന കൂലി ഞങ്ങളങ്ങ് സമ്മതിക്കും. അയാള്‍ക്കത് വളരെ ലാഭമാണ്. ഞാനന്ന് ഏത് മരത്തിലും വലിഞ്ഞു കേറുമായിരുന്നു. കിട്ടുന്ന കാശ് ഞാനും നാസറും പങ്കിട്ടെടുക്കും. വീട്ടിലറിഞ്ഞാല്‍ ഭൂകമ്പം നടക്കും. അതേസമയം പുസ്തകം വാങ്ങണമെങ്കില്‍ ഇങ്ങനെ ചിലതല്ലാതെ വേറെ വഴിയില്ല. 

എന്തുകൊണ്ടോ, അന്നെന്നെ ഏറ്റവും ആകര്‍ഷിച്ച കവിയാണ് എന്‍.എന്‍ കക്കാട്. കക്കാടിന്റെ സഫലമീ യാത്രയാണ് ഞാന്‍ വിലകൊടുത്തു വാങ്ങിയ ആദ്യത്തെ പുസ്തകം. കക്കാടിന്റെ കവിതകളില്‍ ആത്മീയതയും വിപ്ലവവുമുണ്ട്. 1987-ല്‍ ഐഹികജീവിതം അവസാനിപ്പിച്ച അദ്ദേഹത്തിന്റെ കവിതകള്‍ ഇന്നും എനിക്കിഷ്ടമാണ്. 

ഹൈസ്‌കൂളിലെ സുഹൃത്തുക്കളിലും അവിടത്തെ അധ്യാപകരിലും കൂടുതലും ഇടതു ചിന്താഗതിക്കാരാണ്. സി.പി.എം പ്രവര്‍ത്തകരാണ് അധ്യാപകരില്‍ പലരും. പാപ്പിനിശ്ശേരി പഞ്ചായത്തിന്റെ കീഴില്‍ എയ്ഡഡ് സ്‌കൂളായിരുന്നു അന്ന്. ഇന്നത് ഇ.എം.എസ് സ്മാരക ഗവണ്‍മെന്റ് ഹയര്‍ സെക്കന്ററി സ്‌കൂളാണ്. നല്ല വായനക്കാരാണ് അന്നത്തെ അവിടത്തെ അധ്യാപകര്‍ മിക്കവരും. രസതന്ത്രം പഠിപ്പിക്കുന്ന വിജയന്‍ മാഷ് ആ സമയത്ത് ശാസ്ത്ര സാഹിത്യ പരിഷത്തിന്റെ പ്രവര്‍ത്തകനായിരുന്നു. അദ്ദേഹത്തിലൂടെ ഞാന്‍ യുറീക്ക, ശാസ്ത്രകേരളം തുടങ്ങിയവയുടെയും പരിഷത്ത് പുസ്തകങ്ങളുടെയും വായനക്കാരനായി. പരിഷത്തിന്റെ ചില വാന നിരീക്ഷണ ക്ലാസ്സുകളില്‍ പങ്കെടുത്തതോടെ രാത്രികളില്‍ ആകാശം നോക്കി നടക്കല്‍ ഹരമായി. ചങ്ങാതിമാരായ ശമീറും രഞ്ജിയും വിനുവുമൊക്കെ പുസ്തകങ്ങളോട് കമ്പമുള്ളവരാണ്. വായനയോടൊപ്പം പുസ്തകങ്ങളെക്കുറിച്ച സജീവ ചര്‍ച്ചകളും നടന്നു. ആ ചര്‍ച്ചകള്‍ ആനുകാലിക സാമൂഹിക സാംസ്‌കാരിക പ്രശ്‌നങ്ങളിലേക്കൊക്കെ നീണ്ടു. 

 

വലിയ ലോകവും ചെറിയ മനുഷ്യരും 

ഇതിനൊക്കെയല്‍പം മുമ്പ്, എന്റെ വലിയ വീട്ടിന്റെ താഴത്തെ നിലയിലുള്ള ഒരു മുറി അന്‍വര്‍ എന്ന ഒരു ചെറുപ്പക്കാരന്‍ പഠനാവശ്യത്തിന് വാടകക്കെടുത്തു. ഞാന്‍ അയാളുമായി കമ്പനിയായി. അയാളില്‍നിന്നാണ് മാതൃഭൂമി ആഴ്ചപ്പതിപ്പ് ആദ്യമായി കാണുന്നത്. അരവിന്ദന്റെ 'ചെറിയ ലോകം വലിയ മനുഷ്യര്‍' എന്ന കാര്‍ട്ടൂണ്‍ പരമ്പര മാതൃഭൂമിയില്‍ പ്രസിദ്ധീകരിച്ചുവരുന്ന കാലമായിരുന്നു അത്. മാതൃഭൂമി ആഴ്ചപ്പതിപ്പ് വായിക്കുന്നവരാണ് അന്ന് ബുദ്ധിജീവികള്‍.

ഇടമറുകിന്റെ, ക്രിസ്തുവും കൃഷ്ണനും ജീവിച്ചിരുന്നില്ല എന്ന പുസ്തകം എനിക്ക് തന്നത് ആരാണെന്ന് ഓര്‍മയില്ല. ഖുര്‍ആന്‍ ഒരു വിമര്‍ശനപഠനം ശമീറിന്റെ കൈയില്‍നിന്നാണ് കിട്ടിയതെന്ന് തോന്നുന്നു. എന്റെ തറവാട്ടുകാര്‍ മൊത്തത്തില്‍ മതാഭിമുഖ്യമുള്ളവരായിരുന്നെങ്കിലും മതം, തത്സംബന്ധമായ ആചാരങ്ങള്‍ തുടങ്ങിയവയുമായി എനിക്കന്ന് വലിയ ബന്ധമൊന്നുമില്ല. മക്കളെ അധികം പുറത്തെങ്ങും വിടാത്ത പ്രകൃതമായിരുന്നു ഉപ്പയുടേത്. അതിനാലായിരിക്കാം സ്‌കൂളില്‍ പോകുന്നതിനു പുറമെ മദ്‌റസയും കൂടി ആവശ്യമില്ലെന്ന് അദ്ദേഹം തീരുമാനിച്ചത്. ഗുണമായാലും ദോഷമായാലും ചെറുപ്രായത്തിലുള്ള മതബോധനത്തിന് ഞാന്‍ വിധേയനായതേയില്ല. യു.പി കാലം മുതല്‍ക്കുള്ള വായനാഭിമുഖ്യത്തെത്തുടര്‍ന്ന്, പ്രത്യേകിച്ചും അന്നത്തെ വായനയുടെ സ്വഭാവം തന്നെ ഏതാണ്ട് മതവിരുദ്ധം ആയതുകൊണ്ടാവാം മതവിരുദ്ധ യുക്തിവാദം ചെറുപ്പം മുതല്‍ക്കേ ചിന്തകളെ സ്വാധീനിച്ചു. ജോണി മാഷ് കറകളഞ്ഞ ക്രിസ്തുമത വിശ്വാസിയായിരുന്നെങ്കിലും കുട്ടികളില്‍ സ്വതന്ത്രമായ ചിന്തയുടെ വിത്തുകള്‍ പാകാന്‍ ശ്രമിച്ചിരുന്നു. 

ഇന്ത്യന്‍ എതീസ്റ്റ് പബ്ലിഷേഴ്‌സിന്റെ തന്നെ മറ്റു ചില പുസ്തകങ്ങളും കൂടി പിന്നീട് തേടിപ്പിടിച്ചു വായിച്ചു. എ.ടി കോവൂരിന്റെ സമ്പൂര്‍ണകൃതികള്‍ അക്കൂട്ടത്തില്‍പെടുന്നു. കോവൂരിന്റെ മതവിമര്‍ശങ്ങള്‍ക്ക് കുറേക്കൂടി തെളിച്ചമുണ്ട്. അദ്ദേഹത്തിന്റെ കേസ് ഡയറിയില്‍ കുറിച്ചിട്ടിട്ടുള്ള അനുഭവങ്ങള്‍ അന്ന് നിലനിന്നിരുന്ന, ഇന്നും ബാധകളായും ജിന്ന്, കുട്ടിച്ചാത്തന്‍ ചികിത്സകളായും നിലനില്‍ക്കുന്ന അന്ധവിശ്വാസങ്ങളെ തൂത്തെറിയാന്‍ പര്യാപ്തമാണ്. അക്കാലത്തെ എന്റെ വളരെയടുത്ത സുഹൃത്തായ ശമീര്‍ എട്ടാം ക്ലാസ് വരെ ചേന്ദമംഗല്ലൂര്‍ ഇസ്‌ലാഹിയയിലായിരുന്നു പഠിച്ചിരുന്നത്. ഒമ്പതു മുതല്‍ അവന്‍ നാട്ടില്‍ എന്റെ സ്‌കൂളില്‍തന്നെ ചേര്‍ന്നു. പുസ്തകങ്ങളോടുള്ള മമതയല്ലാതെ ശമീറിന് പ്രത്യേകിച്ച് യുക്തിവാദാഭിമുഖ്യമൊന്നുമുണ്ടായിരുന്നില്ല.  

 

നിന്ദിതരും പീഡിതരും 

വിനുവുമൊത്തുള്ള വര്‍ത്തമാനങ്ങളിലൂടെയാണ് ലോക ക്ലാസിക് സാഹിത്യങ്ങളിലൂടെ സഞ്ചരിച്ചു തുടങ്ങിയത്. വിശ്വസാഹിത്യമാല എന്ന പേരില്‍ അന്ന് ഡി.സി ബുക്‌സ് ക്ലാസിക് കൃതികളുടെ സംഗൃഹീത പുനരാഖ്യാനങ്ങള്‍ പ്രസിദ്ധീകരിച്ചിരുന്നു. സ്‌കൂള്‍ ലൈബ്രറിയില്‍നിന്നും ആ സീരീസില്‍പെട്ട പുസ്തകങ്ങള്‍ പലതും എടുത്ത് വായിച്ചു. പിന്നീട് അവയില്‍ പലതും സ്വന്തമായി വാങ്ങുകയും ചെയ്തു. വിക്തോര്‍ യൂഗോവിന്റെ The Hunchback of Notre dame -D‑w Less Miserables‑ഉം വായിച്ചത് ഈ സംഗ്രഹവിവര്‍ത്തനങ്ങളിലൂടെയാണെങ്കിലും അത്തരം പുസ്തകങ്ങളുടെ പൂര്‍ണവിവര്‍ത്തനങ്ങള്‍ പിന്നീട് വായിച്ചു. നോത്ര് ദാം പള്ളിയില്‍ മണിയടിക്കുന്ന കൂനന്‍ ക്വാസിമൊദോയും എസ്മറാള്‍ഡ എന്ന സുന്ദരിയായ ജിപ്‌സിപ്പെണ്ണും മനസ്സ് പിളര്‍ന്നു കയറിയ കഥാപാത്രങ്ങളാണ്. പാവങ്ങള്‍ എന്ന പേരില്‍ നാലപ്പാട്ട് നാരായണ മേനോന്‍ വിവര്‍ത്തനം ചെയ്ത ലെ മിറാബിള്‍ ഹൃദയത്തെ മുറിപ്പെടുത്തുകയും ആത്മാവിനെ കരുണയില്‍ പൊതിയുകയും ചെയ്യുന്നു. അതിനെപ്പറ്റി യൂഗോ തന്നെ പറയുന്ന ചില കാര്യങ്ങളുണ്ട്. സാഹിത്യത്തെ ജീവിതവുമായി ബന്ധപ്പെടുത്തുന്ന ദര്‍ശനങ്ങളാണവ. ഇറ്റാലിയന്‍ ഭാഷയില്‍ ലെ മിറാബിള്‍ പ്രസിദ്ധീകരിച്ച മൊസ്യൂ ഡെയിലിക്ക് അദ്ദേഹം അയച്ച കത്താണത്. പാവങ്ങള്‍ ഫ്രഞ്ചുകാരുടെ പുസ്തകമല്ലെന്ന് അതില്‍ പറയുന്നു. അത് ലോകത്തിന്റെ പുസ്തകമാണ്. അടിമകള്‍ നിലനില്‍ക്കുന്ന ജനാധിപത്യ രാജ്യങ്ങള്‍ എന്നതുപോലെ അടിയാന്മാരുള്ള രാജഭരണപ്രദേശങ്ങളും കേള്‍ക്കണം എന്ന് കരുതിത്തന്നെയാണ് താന്‍ പുസ്തകം എഴുതിയതെന്നും യൂഗോ സാക്ഷ്യപ്പെടുത്തുന്നു. 

യൂഗോയെപ്പോലെ ഫയദോര്‍ ദസ്തയെവ്‌സ്‌കിയും ടോള്‍സ്റ്റോയിയും ഷെയ്ക്‌സ്പിയറും ചാള്‍സ് ഡിക്കന്‍സുമൊക്കെ ആദ്യം വിശ്വസാഹിത്യമാലയിലൂടെ കടന്നുവന്ന് പിന്നീട് കൂടുതല്‍ വിപുലമായ വായനയിലൂടെ ഹൃദയത്തില്‍ പ്രതിഷ്ഠ നേടി. നാം ദുരിതങ്ങളിലകപ്പെട്ടിരിക്കുമ്പോഴാണ് ദസ്തയെവ്‌സ്‌കിയെ വായിക്കേണ്ടത് എന്ന് ഹെര്‍മന്‍ ഹെസ്സേ പറയുന്നുണ്ട്. നിന്ദിതരും പീഡിതരും (Humiliated and Insulted) അദ്ദേഹത്തിന്റെ ഏഴാമത്തെ നോവലാണെങ്കിലും ദസ്തയെവ്‌സ്‌കിയെ വായിക്കുന്നവര്‍ ആദ്യം വായിക്കേണ്ട പുസ്തകം അതത്രെ. ആ പുസ്തകവും Crime and Punishment (കുറ്റവും ശിക്ഷയും), The Brothers Karamazov (കരമസോവ് സഹോദരന്മാര്‍), Demons‑ þ aka The Possessed (ഭൂതാവിഷ്ടര്‍) എന്നീ നോവലുകളും സാഹിത്യ പ്രവര്‍ത്തക സഹകരണ സംഘം വിവര്‍ത്തനം ചെയ്ത് പ്രസിദ്ധീകരിച്ചിരുന്നു. ജീവിതത്തില്‍ ഒരേയൊരു പുസ്തകം വായിക്കാനേ ഒരാള്‍ക്ക് അവസരമുള്ളൂവെങ്കില്‍ അത് ലെ മിറാബിളോ ബ്രദേര്‍സ് കരമസോവോ ആയിരിക്കണം എന്ന് പറയാറുണ്ട്. 

ക്ലേശങ്ങള്‍ നിറഞ്ഞ ജീവിതകാലത്ത് തന്നെയാണ് ഷാങ് വാല്‍ ഷാങ്ങിനെയും ഫന്‍തീനെയും കൊസെത്തിനെയും (ലെ മിറാബ്ള്‍) റസ്‌കോള്‍നിക്കവിനെയും സോഫിയ സെമിയോവ്‌നയെയും (ക്രൈം ആന്റ് പണിഷ്‌മെന്റ്) ഒക്കെ ഞാനും കണ്ടുമുട്ടിയതും പരിചയപ്പെട്ടതും. ക്രൈം ആന്റ് പണിഷ്‌മെന്റിലെ അല്യോന ഇവാനവ്‌ന എന്ന പലിശക്കാരിയെയും ഞാന്‍ ജീവിതത്തില്‍ ഒട്ടേറെത്തവണ അഭിമുഖീകരിച്ചിട്ടുണ്ട്. വായിക്കുന്ന കഥകളും കഥാപാത്രങ്ങളും ജീവിതാനുഭവങ്ങള്‍ തന്നെയായിരുന്ന ആ കാലത്താണ് വായന ഭ്രാന്തമായ ഒരു സാധനയായി മാറിയത്. ബഷീറിന്റെ ശബ്ദങ്ങളും വിശപ്പും ജന്മദിനവും ജീവിതനിഴല്‍പ്പാടുകളും ഒക്കെ വായിക്കുന്നതും ആ കാലത്തു തന്നെ. ബഷീര്‍ കൃതികളും അദ്ദേഹത്തെയും അദ്ദേഹത്തിന്റെ സാഹിത്യത്തെയും കുറിച്ചുള്ള രചനകളുമൊക്കെ എന്റെയും ചങ്ങാതിമാരുടെയും ചില ഒത്തുകൂടലുകളിലെ പ്രധാന ചര്‍ച്ചകളായിരുന്നു.  കാരൂരും ഒ.വി വിജയനും എം. മുകുന്ദനും പുനത്തിലും സി. രാധാകൃഷ്ണനും സച്ചിദാനന്ദനും ഡി. വിനയചന്ദ്രനുമൊക്കെ വര്‍ത്തമാനങ്ങളില്‍ നിറഞ്ഞുനിന്നു. 

 

വിഗ്രഹഭഞ്ജകര്‍ 

ക്രൈം ആന്റ് പണിഷ്‌മെന്റിലെ റസ്‌കോള്‍നിക്കവിന്റെ ജീവിതം അസ്തിത്വാനുഭവങ്ങളിലൂടെയുള്ള സഞ്ചാരത്തിലേക്കാണ് നയിച്ചത്. അവിടന്നങ്ങോട്ട് ഫ്രാന്‍സ് കാഫ്കയും (Franz Kafka) അബ്‌സേഡിസ്റ്റ് ഫിക്ഷനുമൊക്കെ ജീവിതത്തിലേക്ക് കടന്നുവന്നു. ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യപാതിയില്‍ യൂറോപ്യന്‍ സാഹിത്യത്തെ ചലിപ്പിച്ച അസംബന്ധസാഹിത്യവും (Absurdist Fiction) അസ്തിത്വവാദവും  (Existentialism) ഒക്കെ അറുപത് എഴുപതുകളില്‍ ഒരു ഹരമായി മാറിയിരുന്നു. എന്റെ ജീവിതത്തിലേക്ക് പക്ഷേ ഇതെല്ലാം കടന്നുവരുന്നത് എണ്‍പതുകളിലും തൊണ്ണൂറുകളിലുമാണ്. കാഫ്കയുടെ Metamorphosis, The Trial, The Castle ഒക്കെ പല സമയങ്ങളിലായി ആവേശത്തോടെ വായിച്ചു തീര്‍ത്തിട്ടുണ്ട്. അല്‍ബേര്‍ കമൂവിന്റെ (Albert Camus)  അപരിചിതന്‍, ഴാങ് പോള്‍ സാര്‍ത്രിന്റെ (Jean Paul Sartre) ചില കഥകള്‍ തുടങ്ങിയവയും ഈയിനത്തില്‍ അപ്പോഴും പിന്നീടുമായി വായിച്ചു. 

പിന്നീടെപ്പോഴോ ഞാന്‍ പോഞ്ഞിക്കര റാഫിയും സെബീനാ റാഫിയും ചേര്‍ന്നെഴുതിയ കലിയുഗം വായിക്കുകയുണ്ടായി. ഹിപ്പികളെയും അവരുടെ തത്ത്വശാസ്ത്രത്തെയും കുറിച്ച പുസ്തകമായിരുന്നു അത്. അബ്‌സേഡിസ്റ്റ് സാഹിത്യം, സാര്‍ത്രിന്റെ അസ്തിത്വവാദം, ജാക് കെറ്വോക്കിനെപ്പോലുള്ള (Jack Kerouac) വിഗ്രഹഭഞ്ജകന്മാരുടെ (Iconoclasts)  സാഹിത്യങ്ങള്‍, ജാസ് സംഗീതം, ഹിപ്പിയിസം തുടങ്ങിയവയെ തമ്മില്‍ ബന്ധപ്പെടുത്തിക്കൊണ്ടുള്ള പഠനമാണ് കലിയുഗം. ഹിപ്പി സംഗീതം നേരത്തേ തന്നെ എനിക്കിഷ്ടമാണ്. 

തത്ത്വചിന്തയില്‍ താല്‍പര്യം ജനിച്ചപ്പോള്‍ പലരെയും വായിച്ച കൂട്ടത്തില്‍ സോറന്‍ കീര്‍ക്കിഗറിനെയും (Soren Kierkegaard) വായിച്ചു. അസ്തിത്വാനുഭവത്തിന്റെ മൂന്ന് ഘട്ടങ്ങളെ വിവരിക്കുന്നുണ്ട് കീര്‍ക്കിഗര്‍. ക്രിസ്തുമതവിശ്വാസിയും ദൈവശാസ്ത്രജ്ഞനും കൂടിയാണദ്ദേഹം. മൂന്ന് ഘട്ടങ്ങള്‍ക്കു ശേഷം ദൈവത്തിന്റെ തുറന്ന കരങ്ങളിലേക്കുള്ള എടുത്തു ചാട്ടമാണ്. ഈ ഘട്ടങ്ങളെ റസ്‌കോള്‍നിക്കവിന്റെ അനുഭവങ്ങളോട് താദാത്മ്യപ്പെടുത്തിയിട്ടുണ്ട് ജസ്റ്റിന്‍ ഗാര്‍ഡറുടെ Sophie's World  എന്ന പുസ്തകത്തില്‍. മറ്റു ചില ആസ്വാദനാനുഭവങ്ങളെക്കൂടി മുന്‍നിര്‍ത്തി, നഫ്‌സിന്റെ വികാസത്തിന്റെ മൂന്ന് ഘട്ടങ്ങളെക്കുറിച്ച ഖുര്‍ആനിക ചിന്തയോട് ചേര്‍ത്ത് എന്റെ മക്ക കാഴ്ചയില്‍നിന്ന് ഹൃദയത്തിലേക്ക് എന്ന പുസ്തകത്തില്‍ അതിനെ പരിപാലിച്ചിട്ടുണ്ട്. 

 

ചുവന്ന ചട്ടയുള്ള പുസ്തകങ്ങള്‍ 

സോവിയറ്റ് നാട് എന്ന് മലയാളത്തിലുംSoviet Union  എന്ന് ഇംഗ്ലീഷിലും പ്രസിദ്ധീകരിക്കപ്പെടുന്ന ഒരു മാസികയുണ്ടായിരുന്നു. തിളങ്ങുന്ന ആര്‍ട് പേപ്പറില്‍ അച്ചടിക്കുന്ന ആ മാസിക സ്‌കൂള്‍ കാലത്ത് പല കുട്ടികളും പുസ്തകം പൊതിയാന്‍ ഉപയോഗിച്ചുവന്നു. സോവിയറ്റ് നാടിലെ ചിത്രങ്ങളും അച്ചടിയുമൊക്കെ ആകര്‍ഷകങ്ങളാണ്. സോവിയറ്റ് യൂനിയനില്‍നിന്ന് അച്ചടിച്ച് പല ഭാഷകളില്‍ പല നാടുകളില്‍ വിതരണം ചെയ്യപ്പെടുന്ന പ്രസിദ്ധീകരണമാണത്. സി.പി.ഐയുടെ ഉടമസ്ഥതയിലുള്ള പ്രഭാത് ബുക് ഹൗസാണ് കേരളത്തില്‍ അത് വിതരണം ചെയ്തിരുന്നത്. പ്രഭാത് ബുക് ഹൗസില്‍ മോസ്‌കോയില്‍നിന്നും പ്രസാധനം ചെയ്യപ്പെടുന്ന ധാരാളം പുസ്തകങ്ങള്‍ കിട്ടും. നല്ല കടലാസ്, നല്ല അച്ചടി. അതേസമയം വില വളരെ തുഛം. കമ്യൂണിസ്റ്റ് പുസ്തകങ്ങളും റഷ്യന്‍ സാഹിത്യവുമൊക്കെ പ്രചരിപ്പിക്കുന്നതിനു വേണ്ടി സോവിയറ്റ് ഗവണ്‍മെന്റിന്റെ സഹായത്തോടെ പ്രസാധനം ചെയ്യപ്പെട്ടിരുന്ന പുസ്തകങ്ങളായിരുന്നു അവ. 1991-ല്‍ സോവിയറ്റ് യൂനിയന്‍ തകരുന്നതുവരെ ഇത്തരം പുസ്തകങ്ങള്‍ പ്രഭാത് ബുക് ഹൗസ് വഴി വിതരണം ചെയ്യപ്പെട്ടു. സ്‌കൂളില്‍ പഠിക്കുമ്പോള്‍ കണ്ണൂരിലെ ഒരു എക്‌സിബിഷനില്‍ വെച്ച് എന്റെ ഉമ്മയുടെ അനിയത്തിയുടെ ഭര്‍ത്താവ് അഛന്റെ ബാല്യം എന്ന് പേരുള്ള ഒരു സോവിയറ്റ് പുസ്തകം വാങ്ങിത്തന്നിരുന്നു. ആരാണ് അതെഴുതിയത് എന്നോര്‍മയില്ല. അറിയപ്പെടുന്ന ഏതോ റഷ്യന്‍ എഴുത്തുകാരന്റെ അഛന്‍ പറഞ്ഞുകൊടുത്ത, അദ്ദേഹത്തിന്റെ ബാല്യകാലകഥകള്‍ ക്രോഡീകരിച്ചതാണ്. 

ഏതെങ്കിലും വഴിക്ക് അല്‍പം പണം കൈയില്‍ വന്നാല്‍ കണ്ണൂരിലെ പ്രഭാത് ബുക് ഹൗസില്‍ പോയി പുസ്തകങ്ങള്‍ വാങ്ങല്‍ ശീലമായി. കുറഞ്ഞ പണം കൊണ്ട് ധാരാളം പുസ്തകങ്ങള്‍ കിട്ടും. നല്ല കഥകളും കവിതകളും നോവലുകളുമൊക്കെ. മാര്‍ക്‌സിസ്റ്റ് പുസ്തകങ്ങള്‍ വായിച്ചു തുടങ്ങിയതും അക്കാലത്തുതന്നെ. സ്‌കൂളില്‍ ഞാന്‍ കെ.എസ്.യു പ്രവര്‍ത്തകനായിരുന്നു. അതിനു കാരണം എന്റെ വീട് പൊതുവെ കോണ്‍ഗ്രസ് അനുകൂലമായിരുന്നുവെന്നതോടൊപ്പം തന്നെ അക്കാലത്തെ എന്റെ ദേശീയബോധത്തിന്റെ സ്വഭാവവും കൂടിയായിരുന്നു. അതേസമയം, കമ്യൂണിസത്തെപ്പറ്റി കുറച്ചൊക്കെ മനസ്സിലാക്കിത്തുടങ്ങിയതോടെ, ഒരു തൊഴിലാളിയുടെ മകന്‍ എന്ന നിലക്ക് എന്റെ പ്രത്യയശാസ്ത്രം അതാണെന്ന ബോധവുമുണ്ടായി. ആ ബോധത്തിലേക്കാണ് മോസ്‌കോയില്‍നിന്നുള്ള പുസ്തകങ്ങള്‍ വന്നിറങ്ങിയത്. ഛി ഞലഹശഴശീി  എന്ന പേരില്‍ കാള്‍ മാര്‍ക്‌സിന്റെയും ഫ്രെഡറിക് എംഗല്‍സിന്റെയും ലേഖനങ്ങള്‍ സമാഹരിച്ചുകൊണ്ട് മോസ്‌കോയിലെ പ്രോഗ്രസ് പബ്ലിഷേഴ്‌സ് ഒരു പുസ്തകമിറക്കിയിരുന്നു. മാര്‍ക്‌സിന്റെ A Contribution to the Critique of Hegel's Philosophy of Rights,  എംഗല്‍സിന്റെ Anti Dhuring തുടങ്ങിയ ക്ലാസ്സിക്കുകളില്‍നിന്നുള്ള ലേഖനങ്ങളും അവര്‍ പരസ്പരവും മറ്റു ചിലര്‍ക്കും എഴുതിയ കത്തുകളുമൊക്കെയായിരുന്നു ആ പുസ്തകത്തില്‍ ക്രോഡീകരിച്ചിരുന്നത്. മതത്തെയും വിശ്വാസത്തെയും കുറിച്ചുള്ള അക്കാലത്തെ ബോധ്യങ്ങള്‍ ഉറപ്പിക്കുന്നതിനും അതെല്ലാം സഹായകമായി (ബോധ്യം എന്നു തന്നെയാണ് പറയേണ്ടത്. ഒരിക്കലും എന്റെ തിരിച്ചറിവുകളോട് ഞാന്‍ അന്യായം പ്രവര്‍ത്തിച്ചിട്ടില്ല. പില്‍ക്കാലത്തുണ്ടാകുന്ന അനുഭവങ്ങളും അറിവുകളും മുന്‍കാല ബോധ്യങ്ങളെ തിരുത്തുന്നതില്‍ ഇതുവരെ അസ്വാസ്ഥ്യം അനുഭവപ്പെട്ടിട്ടുമില്ല). അതേസമയം മതത്തെക്കുറിച്ച മാര്‍ക്‌സിസ്റ്റ് സമീപനം ഇടമറുകിന്റെയും സോ കോള്‍ഡ് യുക്തിവാദികളുടെയും വിമര്‍ശത്തില്‍നിന്ന് വ്യത്യസ്തമായിരുന്നു. ചരിത്രത്തെ സമീപിക്കുന്നതിലുള്ള സത്യസന്ധതയായിരുന്നു പ്രധാന ഘടകം. ഒരു ഐഡിയോളജി എന്ന നിലക്ക് മാര്‍ക്‌സിസത്തിന്റെ സമീപനത്തില്‍ കൃത്യതയും വ്യക്തതയുമുണ്ട്. ഡയലക്ടിക്കലായ സമീപനം (ഒരു തത്ത്വശാസ്ത്രത്തെ സത്യസന്ധമാക്കുന്നത് വൈരുധ്യാത്മക സമീപനമാണ്) വെച്ചുപുലര്‍ത്തുന്നതിനാല്‍, മതത്തെ അതിലെ നന്മയെയും ചരിത്രത്തില്‍ അത് വഹിച്ച പങ്കിനെയും അംഗീകരിച്ചുകൊണ്ടുതന്നെ വിലയിരുത്താനും വിമര്‍ശിക്കാനും മാര്‍ക്‌സിസത്തിന് സാധിക്കുന്നു. എന്തായാലും കമ്യൂണിസ്റ്റ് മാനിഫെസ്റ്റോയും ദാസ് ക്യാപിറ്റലിന്റെ ആമുഖവും ഡയലക്ടിക്‌സ് ഒഫ് നേച്ചറുമൊക്കെ അത്ര അഗാധമായല്ലെങ്കിലും അക്കാലത്ത് വായിച്ചു. അന്ന് വാങ്ങിയ സോവിയറ്റ് പുസ്തകങ്ങളില്‍ അപൂര്‍വം ചിലത് ഇന്നും എന്റെ ശേഖരത്തിലുണ്ട്. മൗ ദ്‌സെദോങ്ങിന്റെ On Contradiction-ഉം അക്കാലത്ത് വായിച്ചു. ലെനിനും മൗയും ചെ ഗുവേരയും മുതല്‍ ചാരു മജുംദാറും വര്‍ഗീസും വരെയുള്ളവര്‍ ദൈവങ്ങളായി കുറച്ചു കാലം മനസ്സില്‍ കുടിയിരുന്നു. 

ചില വൈകുന്നേരങ്ങളില്‍ ശമീറും ഞാനും സൈക്കിളോടിച്ച് രഞ്ജിയുടെ വീട്ടിലേക്ക് പോകും. അവന്റെ വീടിനടുത്ത് ഒരു ലൈബ്രറിയുണ്ട്. അവിടെനിന്ന് പുസ്തകവും കൂടി എടുത്തുകൊണ്ടാവും തിരിച്ചുവരല്‍. ചിലപ്പോള്‍ ഒറ്റക്കായിരിക്കും സഞ്ചാരം. സൈക്കിള്‍ കാരിയറിന്മേല്‍ ഒരു പുസ്തകം. ആകാശത്തെ നക്ഷത്രങ്ങളെ നോക്കിക്കൊണ്ടുകൂടിയാവും സവാരി. പരിഷത്തിന്റെ ക്ലാസ്സുകളിലൂടെ ഓറിയനും റീഗലും സിറിയസും തിരുവാതിരയും സപ്തര്‍ഷിമാരുമൊക്കെ കൂട്ടുകാരും വഴികാട്ടികളുമായി മനസ്സില്‍ കുടിയേറിയിരുന്നു. നിങ്ങള്‍ കലാപകാരിയായിരിക്കുമ്പോഴും പ്രണയിയായിരിക്കുമ്പോഴും നക്ഷത്രങ്ങളേക്കാള്‍ നല്ല കൂട്ടില്ല. ചിലപ്പോഴവ അഗാധ ദര്‍ശനത്തിലേക്ക് വഴികാട്ടും. മറ്റു ചിലപ്പോള്‍ പ്രണയാനുഭവങ്ങളിലേക്കുണര്‍ത്തും. അപ്പോക്കില്‍ ചിലപ്പോള്‍ സമത്വസുന്ദരസ്വപ്‌നങ്ങളെക്കുറിച്ച ചിന്തകള്‍, അതിനുവേണ്ടിയുള്ള കലാപങ്ങള്‍. കലാപം സ്വപ്‌നത്തിലേയുള്ളൂ, പ്രായോഗികമായി ഞാനൊരു ഭീരുവാണ്. 

മാര്‍ക്‌സിസത്തോടുള്ള അഭിനിവേശം കത്തിനില്‍ക്കുന്ന ആ സമയത്തും ഒരു അനാര്‍ക്കിസ്റ്റ് സ്വഭാവം തന്നെയാണ് എന്റെ ചിന്തകള്‍ക്കുണ്ടായിരുന്നത്. പ്രീ ഡിഗ്രിക്ക് പഠിക്കുന്ന കാലമാണത്. ക്ലാസ്സില്‍ അറ്റന്റ് ചെയ്യാറില്ല. ഒന്നുകില്‍ കോളേജ് ലൈബ്രറി, അല്ലെങ്കില്‍ അടുത്തുള്ള ഏതെങ്കിലും സിനിമാ തിയേറ്റര്‍. ഇതാണ് ദിനചര്യ. അവസാനം പരീക്ഷ പോലും അറ്റന്റ് ചെയ്തില്ല. കോളേജില്‍ പോകുന്ന പരിപാടി തന്നെ അവിടെയങ്ങവസാനിപ്പിച്ചു. 

 

അരാജകം 

ഒരര്‍ഥത്തില്‍, വ്യവസ്ഥിതിക്കെതിരെ ചിന്തിക്കുന്നവരെയാണ് അനാര്‍ക്കിസ്റ്റുകള്‍ എന്നു വിളിക്കുക. സമ്പ്രദായങ്ങളെ നിരാകരിച്ചവരാണ് ഗാന്ധിയും മാര്‍ക്‌സുമെല്ലാം. ഗാന്ധിയുടെ രാഷ്ട്രീയ പ്രചോദനങ്ങളില്‍ ഒരാളായിരുന്ന ഹെന്റി ഡേവിഡ് തോറോയുടെ സിദ്ധാന്തം അറിയപ്പെട്ടതുതന്നെ പസിഫിസ്റ്റ് അനാര്‍ക്കിസം അഥവാ അനാര്‍ക്കോ പസിഫിസം എന്നാണ്. അഹിംസാധിഷ്ഠിത സാമൂഹിക വിപ്ലവം എന്ന ആശയം യഥാര്‍ഥത്തില്‍ അനാര്‍ക്കോ പസിഫിസത്തിന്റേതാണ്. പിയര്‍ ഴൂസെഫ് പ്രൂഥോ (PierreJoseph Proudhon) ആണല്ലോ തന്റെ സാമൂഹികചിന്തയെ അനാര്‍ക്കിസം എന്ന് ആദ്യമായി വിളിക്കുന്നത്. അദ്ദേഹത്തിന്റെ The Philosophy of Povetry (aka The System of Economic Contradictions) എന്ന പുസ്തകത്തെ വിമര്‍ശിച്ചുകൊണ്ട് കാള്‍ മാര്‍ക്‌സ് The Povetry of Philosophy  എന്ന പുസ്തകമെഴുതിയിട്ടുണ്ട്. എന്നാല്‍ പ്രൂഥോയുടെ ചിന്തയെ മാര്‍ക്‌സ് തന്നെയും വിശേഷിപ്പിച്ചത് അനാര്‍ക്കോ കമ്യൂണിസ്റ്റ് എന്നായിരുന്നു. പ്രൂഥോയെ മാത്രമല്ല, തികച്ചും കയോട്ടിക് ആയ വിപ്ലവസിദ്ധാന്തങ്ങള്‍ ഉന്നയിച്ച റഷ്യന്‍ റവലൂഷനറി അനാര്‍ക്കിസ്റ്റ് മിഖയേല്‍ ബാക്കുനിനെയും മാര്‍ക്‌സ് തള്ളിക്കളഞ്ഞു. ഖുര്‍ആനില്ലാത്ത മുഹമ്മദിന്റെ പുറകെ പോകുന്നവര്‍ എന്ന് ബാക്കുനിനിസ്റ്റുകള്‍ക്ക് നല്ലൊരു വിശേഷണവും അദ്ദേഹം നല്‍കുന്നുണ്ട്. ഒരു അടിത്തറയിലും നിലപാടിലും നിന്നു കൊണ്ട് പരിവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കാനാണല്ലോ മുഹമ്മദ് നബിയും ശ്രമിച്ചത്. അതേസമയം നിലനില്‍ക്കുന്ന സമ്പ്രദായത്തെയും വ്യവസ്ഥയെയും അദ്ദേഹവും നിരാകരിച്ചു. ഈ നിരാകരണത്തിന്റെ തലത്തില്‍ പ്രവാചകന്മാരും അനാര്‍ക്കിസ്റ്റുകളാണ്. അതേസമയം വിപ്ലവം ഉണ്ടാകുന്നതാണ്, അതിന് അച്ചടക്കവും സംഘവുമൊന്നും വേണമെന്നില്ല എന്ന ചിന്താഗതിയും അരാജക വ്യക്തിവാദവും അവര്‍ക്ക് സ്വീകാര്യമായിരുന്നില്ല. ഈ തലത്തിലായിരുന്നു മാര്‍ക്‌സിന്റെയും അരാജകത്വവിമര്‍ശങ്ങള്‍. 

അലഞ്ഞു തിരിഞ്ഞങ്ങനെ നടക്കുന്ന നേരത്ത് ഉപ്പ എനിക്കൊരു ജോലി ശരിയാക്കിത്തന്നു. പയ്യന്നൂരിലെ തേജസ് വസ്ത്രാലയത്തില്‍ കണക്കെഴുത്താണ് പണി. താമസവും പയ്യന്നൂരില്‍തന്നെ. മൂന്നര വര്‍ഷത്തോളം പയ്യന്നൂര്‍ അയോധ്യ ലോഡ്ജില്‍ താമസിച്ചു. ജീവിതം അവ്യവസ്ഥിതത്വത്തിന്റെ ഉച്ചിയിലേക്ക് പോയതും വായനയിലും ജീവിതത്തിലും വലിയൊരു വഴിത്തിരിവുണ്ടായതും അവിടെ വെച്ചാണ്. 

മാസവാടകക്ക് ദീര്‍ഘകാലം താമസിക്കുന്നവരായതു കൊണ്ടുതന്നെ 'അയോധ്യ'യില്‍ എല്ലാവരും തമ്മില്‍ നല്ല ബന്ധമാണ്. അധിക പേരും സര്‍ക്കാര്‍ ജീവനക്കാരും ബാങ്ക്, ഇന്‍ഷുറന്‍സ് തുടങ്ങിയ സ്ഥാപനങ്ങളില്‍ ജോലി ചെയ്യുന്നവരുമൊക്കെയായതുകൊണ്ട് ഔദ്യോഗിക അവധി ദിനങ്ങളില്‍ അവരെല്ലാം നാട്ടില്‍ പോകും. അപ്പോഴവിടെ ഒരുതരം ശ്മശാനമൂകത ഫീല്‍ ചെയ്യും. എനിക്കാണെങ്കില്‍ ഞായറാഴ്ചകള്‍ കഴിഞ്ഞാല്‍ രണ്ട് പെരുന്നാളുകളും ഓണവും വിഷുവും ക്രിസ്മസും മാത്രമാണ് അവധിദിനങ്ങള്‍. ഏകാന്തവേളകളില്‍ ഒരുതരം വിഷാദം എന്നെ ബാധിക്കാറുണ്ട്. എന്റെ തൊട്ടടുത്ത മുറിയില്‍ താമസിക്കുന്നയാളെ പുറത്തെങ്ങും അധികം കാണാറില്ല. എന്നുതന്നെയല്ല, ആള്‍ ജോലിക്കെങ്ങും പോകുന്നതും കണ്ടിട്ടില്ല. ചിലപ്പോള്‍ മുറിയും പൂട്ടി പുറത്തേക്കൊരു പോക്ക് പോകും. പിന്നെ കുറച്ച് ദിവസം കഴിഞ്ഞേ വരൂ. അന്വേഷിച്ചപ്പോള്‍, എഴുത്തുകാരനാണ് എന്ന് മനസ്സിലായി. ഒരു വേദാന്തചിന്തകനാണ്. ശ്രീകാന്ത് എന്നാണ് പേര്. പുസ്തകങ്ങള്‍ എഴുതി സ്വന്തമായി പബ്ലിഷ് ചെയ്യുന്നു. ഇന്റഗ്രല്‍ ബുക്‌സ് എന്നാണ് പ്രസാധനശാലയുടെ പേര്. അതിന്റെ ഓഫീസും വിതരണശാലയുമൊക്കെ ആ മുറിയാണ്. 

ഒരു ദിവസം ഞാന്‍ അദ്ദേഹത്തിന്റെ വാതില്‍ക്കല്‍ ഒന്ന് മുട്ടി. വാതില്‍ തുറന്ന് ആകര്‍ഷകമായ പുഞ്ചിരിയോടെ അദ്ദേഹം അകത്തേക്ക് ക്ഷണിച്ചു. ഒരു പുസ്തകം തരാമോ വായിക്കാന്‍ എന്ന് എന്തെങ്കിലും പറയണമല്ലോ എന്നു കരുതി ഞാന്‍ ചോദിച്ചു. അദ്ദേഹം തന്നത് ദേബീപ്രസാദ് ചതോപാധ്യായയുടെ ഇന്ത്യന്‍ ഫിലോസഫി എന്ന പുസ്തകമാണ്. അതെന്നെ അത്ഭുതപ്പെടുത്തി. ഇടതു ചിന്തകനും ഭൗതികവാദിയുമാണ് ദേബീപ്രസാദ്. ഇന്ത്യന്‍ തത്ത്വചിന്തയുടെ വേര് ലോകായതമാണെന്ന് സ്ഥാപിക്കുന്നയാള്‍ (പ്രാചീന ഭാരതത്തിലെ നിരീശ്വരവാദിയും ഹേതുവാദിയുമായ ചാര്‍വാകന്റെ ദര്‍ശനമാണ് ലോകായതം). ഒരു വേദാന്തിയായ ഇദ്ദേഹം തന്റെ ചിന്തയുടെ നേരെ എതിര്‍പക്ഷത്തുള്ള പുസ്തകമാണല്ലോ തന്നത് എന്ന അത്ഭുതം ഞാന്‍ മറച്ചുവെച്ചില്ല. അതു സാരമില്ല, അദ്ദേഹം പറഞ്ഞൂ. അത് വായിക്കൂ. വായിച്ചു കഴിഞ്ഞ് നമുക്ക് ചര്‍ച്ച ചെയ്യാമല്ലോ. 

 

വേദാന്ത വായനകള്‍ 

അതാണ് തുടക്കം. ഞങ്ങള്‍ക്കിടയില്‍ സവിശേഷബന്ധം വളര്‍ന്നു. അദ്ദേഹം തിരുവനന്തപുരം സ്വദേശിയാണ്. ബാലചന്ദ്രന്‍ നായര്‍ എന്നാണ് ശരിയായ പേര്. ശ്രീകാന്ത് തൂലികാ നാമമാണ്. കോളേജ് വിദ്യാഭ്യാസം കൊല്‍ക്കത്തയിലായിരുന്നു. അവിടെത്തന്നെ കുറേക്കാലം താമസിച്ചു. ആനുകാലികങ്ങളിലും പത്രങ്ങളിലും എഴുതി. പിന്നീടാണ് പയ്യന്നൂരില്‍ വരുന്നത്. മുറിയില്‍ അദ്ദേഹം എഴുതി പ്രസിദ്ധീകരിച്ച പുസ്തകങ്ങളുടെ കോപ്പികളുടെ കെട്ടുകള്‍. ആയിടെ എഴുതിയ Power in Temples A Modern Perspective  ആണ് പ്രധാനമായും ഉള്ളത്. Alphabet of Reality എന്ന പേരില്‍ ഒരു പരമ്പരയുമുണ്ട്. Sri Ganesha, Soorya the Sun God എന്നിവയാണ് അതില്‍ ആ സമയത്ത് പ്രസിദ്ധീകരിച്ചിരുന്നത്. അകപ്പൊരുള്‍ എന്ന പേരില്‍ പൊട്ടന്‍ തെയ്യത്തെക്കുറിച്ച ഒരു പഠനം മലയാളത്തിലും ഉണ്ട്. 

അദ്ദേഹത്തിന്റെ മുറിയില്‍ ഞാന്‍ നിത്യസന്ദര്‍ശകനായി. അവിടെ വേറെയും ആളുകള്‍ വരാറുണ്ട്. വരുന്നവര്‍ക്കെല്ലാം എന്നെ പരിചയപ്പെടുത്താന്‍ അദ്ദേഹം ഉത്സാഹിക്കുകയും ചെയ്തു. എപ്പോഴും ആധ്യാത്മിക ചര്‍ച്ചകള്‍ നടക്കും. ചിലപ്പോള്‍ സാമൂഹികമായ വിഷയങ്ങളും. പഠനം തുടരാനും ഡിഗ്രി നേടാനും ശ്രീകാന്ത് എന്നെ പ്രേരിപ്പിച്ചു. ഉപനിഷത്തുകളുടെയും മറ്റും വ്യാഖ്യാനങ്ങളും അനുബന്ധ രചനകളുമൊക്കെയായി ധാരാളം പുസ്തകങ്ങളുണ്ട് അദ്ദേഹത്തിന്റെ പക്കല്‍. അതില്‍ ചിലതൊക്കെ ഞാനും വായിച്ചു. അലക്‌സി കാറലിന്റെ (Alexis Carrel) Man, The Unknown  എന്ന പുസ്തകം അദ്ദേഹം എന്നെക്കൊണ്ട് വായിപ്പിച്ചു. അതിലെ ഉള്ളടക്കമൊന്നും എനിക്കിപ്പോള്‍ ഓര്‍മയില്ല. ഫ്രിത്യോഫ് കാപ്രയുടെ (Fritjof Capra) ചിന്തകളെപ്പറ്റി അദ്ദേഹം ധാരാളം പറഞ്ഞിരുന്നെങ്കിലും എന്തുകൊണ്ടോ കാപ്രയുടെ പുസ്തകങ്ങളൊന്നും ഞാന്‍ വായിച്ചില്ല. താവോ ഒഫ് ഫിസിക്‌സും ടേണിംഗ് പോയിന്റുമൊക്കെ അദ്ദേഹത്തിന്റെ ശേഖരത്തില്‍തന്നെ ഉണ്ടായിരുന്നെങ്കിലും. അതേസമയം കാപ്രയെക്കുറിച്ച വിമര്‍ശങ്ങള്‍ പില്‍ക്കാലത്ത് പലേടത്തുമായി വായിച്ചിട്ടുണ്ട്. ശ്രീകാന്തിന്റെ സദസ്സുകളിലെ ചര്‍ച്ചകളും പുതിയ വായനകളും ആത്മീയതയെയും മതത്തെയുമൊക്കെ അതിന്റെ തന്നെ പക്ഷത്തു നിന്നുകൊണ്ട് പഠിക്കണം എന്ന ചിന്ത എന്നിലുളവാക്കി. ആദ്യം എതീസ്റ്റുകളിലൂടെയും പിന്നെ മാര്‍ക്‌സിയന്‍ ചിന്തകളിലൂടെയുമൊക്കെയാണല്ലോ ഞാനതു വരെ മതത്തെ കണ്ടിരുന്നത്. കോഴിക്കോട്ടെ മള്‍ബെറി ബുക്‌സ് വളര്‍ന്നുവരുന്ന സമയമാണ്. പുതിയ പല ചിന്തകളും മലയാളത്തിലേക്ക് കൊണ്ടുവരാന്‍ ഉത്സാഹിച്ചിരുന്നു അവര്‍. അതിന്റെ ഒരു ഏജന്റ് ഇടക്കൊക്കെ ഞങ്ങളുടെ കടയില്‍ വരും. മറ്റ് പ്രസാധകരുടെ പുസ്തകങ്ങളും അവരുടെ പക്കലുണ്ടാവും. എറിക് ഫ്രോമിന്റെയും വില്‍ഹെം റീഹിന്റെയുമൊക്കെ പുസ്തകങ്ങള്‍ക്കൊപ്പം പുതിയ ആത്മീയ ചിന്തകളെക്കുറിച്ചുള്ളവയും ഞാന്‍ വാങ്ങിത്തുടങ്ങി. സെന്‍ ബുദ്ധിസവുമായി ബന്ധപ്പെട്ട പുസ്തകങ്ങള്‍ എനിക്കിഷ്ടമായിരുന്നു. സെന്‍ പഠിക്കാന്‍ അമേരിക്കന്‍ എഴുത്തുകാരനായ പോള്‍ റെപ്‌സിന്റെ പുസ്തകങ്ങള്‍ വളരെ പ്രയോജനപ്രദമാണ്. 

ശ്രീകാന്ത് ഇടക്കിടെ ആനന്ദാശ്രമത്തില്‍ ധ്യാനത്തിന് പോകും. മെഡിറ്റേഷനെപ്പറ്റി ഞങ്ങള്‍ ചര്‍ച്ച ചെയ്യാറുണ്ടായിരുന്നു. ചില ദിവസങ്ങളില്‍ വെളുപ്പിനെഴുന്നേറ്റ് ഞാനും ധ്യാനത്തിലേര്‍പ്പെടും. എന്നാല്‍പിന്നെ പരമ്പരാഗതമായ മുസ്‌ലിം നമസ്‌കാരം ആയാലെന്താ എന്നായി പിന്നെ ചിന്ത. പയ്യന്നൂരിലെ വികാസ് ബുക് സെന്ററില്‍നിന്നും ഞാന്‍ ഖുര്‍ആന്‍ ഭാഷ്യം എന്ന പുസ്തകം വാങ്ങിച്ചു. എന്റെ വകയിലൊരു മൂത്താപ്പയായ സി.വി അബൂബക്കര്‍ എന്നൊരാള്‍ വളപട്ടണത്തുണ്ടായിരുന്നു. 'പ്രബോധനം സി.വി' എന്ന് തന്നെ അറിയപ്പെടുന്ന അദ്ദേഹം പ്രബോധനം വാരികയുടെയും ഐ.പി.എച്ച് പുസ്തകങ്ങളുടെയും പ്രചാരണത്തിനായി ജീവിതം ഉഴിഞ്ഞു വെച്ചതാണ്. അദ്ദേഹത്തില്‍നിന്ന് ചിലതൊക്കെ ചിലപ്പോള്‍ കേട്ടിട്ടുണ്ടെന്നല്ലാതെ അബുല്‍ അഅ്‌ലാ മൗദൂദിയെ അതുവരെ ഞാനറിഞ്ഞിട്ടില്ല. ഖുര്‍ആന്‍ ഭാഷ്യവും അദ്ദേഹത്തെ അറിയാന്‍ പര്യാപ്തമായ പുസ്തകമല്ല. നമസ്‌കാരത്തിനു വേണ്ടി ചില സൂറകള്‍ പഠിക്കാന്‍ ഞാന്‍ ശ്രമിച്ചു. നാലാം ക്ലാസ് വരെ മാപ്പിള എല്‍.പി സ്‌കൂളില്‍ സ്‌പെഷ്യല്‍ ലാംഗ്വേജായി പഠിച്ച അറബിയേ കൈയിലുള്ളൂ. അതിനു ശേഷം അതുമായി യാതൊരു ബന്ധവുമില്ലായിരുന്നു താനും. ഒരായത്ത് കഷ്ടി ഓതി അതിന്റെ അര്‍ഥവും വായിക്കണമെങ്കില്‍ ശരാശരി അര മണിക്കൂറെടുക്കും. 

 

കിഴക്കിനും പടിഞ്ഞാറിനും മധ്യേ ഒരു രാജമാര്‍ഗം 

അധികകാലം ഇങ്ങനെ ധ്യാനനിമഗ്നനായി മുന്നോട്ടു പോകാന്‍ കഴിഞ്ഞില്ല. മൗവിനെയും ചെയെയും മജുംദാറിനെയുമൊക്കെ ആത്മാവില്‍ പ്രതിഷ്ഠിച്ച് പൂജിച്ചിരുന്ന എന്റെ ഉള്ളിലെ കലാപകാരി അസ്വസ്ഥനായിത്തുടങ്ങി. വൈയക്തികമായി ധ്യാനത്തേക്കാള്‍ ആനന്ദം 'അയോധ്യ'യിലെ ചെറുപ്പക്കാരായ അന്തേവാസികളോടൊത്തുള്ള കമ്പനിയും അത് മൂക്കുമ്പോഴുള്ള ഗസല്‍ ആലാപനവും തരുന്നുണ്ടോ എന്നായി പിന്നെ സംശയം. ശ്രീകാന്തിനോടുള്ള പിതൃനിര്‍വിശേഷബന്ധം പോലെ പ്രിയപ്പെട്ടതാണ് അയോധ്യയിലെ ഉണ്ണിയും സുശിയുമായുള്ള ചങ്ങാത്തവും. എന്തായാലും ഈ അസ്വാസ്ഥ്യത്തിന്റെ മൂര്‍ഛയിലാണ് യാദൃഛികമായി ഒരു പുസ്തകത്തിന്റെ പരസ്യം ശ്രദ്ധയില്‍പെട്ടത്. മാതൃഭൂമി ദിനപത്രത്തിലാണ് അത് കണ്ടതെന്നാണ് ഓര്‍മ. പുസ്തകം ഐ.പി.എച്ച് പ്രസിദ്ധീകരിച്ചതാണ്. കൈയിലുള്ള ഖുര്‍ആന്‍ ഭാഷ്യവും അവരുടേതാണ്.  അതാകട്ടെ, ഖുര്‍ആന്‍ സൂക്തങ്ങളുടെ ആശയവിവര്‍ത്തനം മാത്രമാണ്. ഇസ്‌ലാമിക ദര്‍ശനത്തെ ആഴത്തില്‍ അറിയാന്‍ പര്യാപ്തമായിരുന്നില്ല അത്.  

ഇസ്‌ലാം രാജമാര്‍ഗം എന്നായിരുന്നു ആ പുസ്തകത്തിന്റെ പേര്. സത്യത്തില്‍ പ്രിയപ്പെട്ട എഴുത്തുകാരന്‍ എന്‍.പി മുഹമ്മദാണ് അത് വിവര്‍ത്തനം ചെയ്തത് എന്നതാണ് എന്നെ കൂടുതല്‍ അതിലേക്ക് ആകര്‍ഷിച്ചത്. പില്‍ക്കാലത്ത് ബോസ്‌നിയ ഹെര്‍സെഗോവിനയുടെ പ്രസിഡന്റായിത്തീര്‍ന്ന അലിജാ അലി ഇസ്സത്ത് ബെഗോവിച്ച് എഴുതിയ Islam between East and West എന്ന പുസ്തകത്തിന്റെ പരിഭാഷയായിരുന്നു അത്. 

ആത്മീയതയുമായ ബന്ധപ്പെട്ട പുതിയ അഭിനിവേശങ്ങള്‍ അസംബന്ധങ്ങളായി അനുഭവപ്പെട്ടുകൊണ്ടിരിക്കുകയാണ്. ചിന്തയും പുതിയ അഭിനിവേശങ്ങളും തമ്മില്‍ സംഘര്‍ഷം രൂപപ്പെട്ടു. ആശ്രമത്തില്‍ ഭജനയിരിക്കുമ്പോഴും സ്വാസ്ഥ്യം ലഭിക്കുന്നില്ല. മനുഷ്യനെയും ലോകത്തെയും ചരിത്രത്തെയും വിശദീകരിക്കുന്നതിന് പര്യാപ്തമായ ഏകദര്‍ശനം അന്ന് എന്നെ സംബന്ധിച്ചേടത്തോളം ഡയലക്ടിക്കല്‍ മെറ്റീരിയലിസം തന്നെ. ഈ സംഘര്‍ഷത്തിലേക്കാണ് ബെഗോവിച്ച് ഇറങ്ങിവന്നത്. അദ്ദേഹം മുന്നോട്ടുവെച്ച ഏറ്റവും ശക്തമായ ആശയം Islam; Bipolariy  എന്നതായിരുന്നു. ഇതിനെ എന്‍.പി ഇസ്‌ലാം; ദ്വിധ്രുവത എന്നാണ് തര്‍ജമപ്പെടുത്തിയത്. സത്യത്തില്‍ രണ്ട് Extreme-കളെ സമന്വയിപ്പിക്കാനുള്ള മതത്തിന്റെ ശേഷിയെക്കുറിച്ച് ഞാനാദ്യമായി ചിന്തിക്കുന്നതും അറിയുന്നതും അപ്പോഴാണ്. ബെഗോവിച്ചിന്റെ ഗ്രന്ഥത്തിന്റെ തുടക്കം തന്നെ - സൃഷ്ടിയും പരിണാമവും എന്ന അധ്യായത്തിലെ ഡാര്‍വിനും മൈക്കലാഞ്ചലോയും എന്ന ഉപശീര്‍ഷകം- എന്നെ ആകര്‍ഷിച്ചു. മനുഷ്യജീവിതത്തിന്റെ തുടക്കത്തെക്കുറിച്ചുള്ള ഖുര്‍ആനികാഖ്യാനത്തെ (സൂറഃ അല്‍ അഅ്‌റാഫ് 172 കാണുക) ബെഗോവിച്ച് ഖാലൂ ബലാ സംഭവം എന്നു വിളിക്കുന്നു. ഈ സംഭവം മുതല്‍ക്ക് ഏകധ്രുവത്തില്‍ നിലനിന്നുകൊണ്ടുള്ള ജീവിതം അപ്രായോഗികവും അര്‍ഥരഹിതവുമായിത്തീര്‍ന്നു എന്നാണ് അദ്ദേഹത്തിന്റെ കാഴ്ചപ്പാട്. മെറ്റീരിയലിസത്തെ നിരാകരിച്ചുകൊണ്ടും അതേസമയം തന്നെ മാറ്ററിനെ ഉള്‍ക്കൊണ്ടുകൊണ്ടുമുള്ള ഒരു ഡയലക്ടിസിസം, ആശയലോകവും ഭൗതികലോകവും തമ്മിലുള്ള വൈരുധ്യാത്മകബന്ധത്തെക്കുറിച്ച പാഠം മതദര്‍ശനത്തില്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്ന തിരിച്ചറിവ് കൂടുതല്‍ ആ വഴിക്ക് ചിന്തിക്കാന്‍ എന്നെ പ്രേരിപ്പിച്ചു. പിന്നീടുണ്ടായ എന്റെ ഇസ്‌ലാം പഠനത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട ഘടകം തന്നെ അതിന്റെ ഡയലക്ടിസിസത്തിലും മധ്യമസ്വഭാവത്തിലും ഊന്നി നില്‍ക്കുന്നതായിരുന്നു. രണ്ടറ്റങ്ങളുടെ ശക്തമായ സമന്വയം. ചരിത്രത്തിലെ ദ്വന്ദാത്മകതയെക്കുറിച്ചുള്ള പാഠവും നിരാകരണത്തിന്റെ നിരാകരണത്തെക്കുറിച്ച സിദ്ധാന്തവുമെല്ലാം (Law of Negation of the Negation) ഇതില്‍നിന്നാണ് തുടങ്ങേണ്ടതെന്ന ചിന്ത ആ പുസ്തകം സമ്മാനിച്ചു. 

ഇതേത്തുടര്‍ന്നുണ്ടായ മതാന്വേഷണ കൗതുകമാണ് എന്നെ വികാസ് ബുക് സെന്ററില്‍ നിത്യസന്ദര്‍ശകനാക്കി മാറ്റിയത്. ചങ്ങനാശ്ശേരിയിലെ ഇബ്‌റാഹീം സാഹിബാണ് പയ്യന്നൂരില്‍ വികാസ് ബുക് സെന്റര്‍ നടത്തുന്നത്. ജമാഅത്തെ ഇസ്‌ലാമി അംഗമാണ് അദ്ദേഹം. അവിടെനിന്ന് പ്രബോധനം, യുവസരണി, വിവേകം എന്നീ പ്രസിദ്ധീകരണങ്ങള്‍ നിത്യവും വാങ്ങി വായിച്ചു തുടങ്ങി. ഇബ്‌റാഹീം സാഹിബുമായുള്ള ബന്ധം ജമാഅത്തിന്റെ ചില ക്ലാസ്സുകളില്‍ പങ്കെടുക്കുന്നതിലേക്കും എന്നെ നയിച്ചു. എന്നാല്‍ അതിനേക്കാളൊക്കെ ജമാഅത്തുമായി എന്നെ അടുപ്പിച്ചത് പാപ്പിനിശ്ശേരിയിലെ ശാദുലി മാസ്റ്ററുമായുള്ള ബന്ധമായിരുന്നു. അലഞ്ഞു തിരിയുന്ന കാലത്തേ അദ്ദേഹത്തെ ഞാനറിയും. എന്നാല്‍ എന്റെ മാറ്റങ്ങളെ അദ്ദേഹം സൂക്ഷ്മമായി പിന്തുടരുന്നുണ്ടായിരുന്നു എന്ന് അടുത്തപ്പോഴാണ് അറിഞ്ഞത്. അങ്ങനെയാണ് ആ മനുഷ്യന്‍. ചുറ്റുപാടുമുള്ള ചെറുപ്പക്കാരുമായി നല്ല ബന്ധം സ്ഥാപിക്കും. അവരുടെ ചിന്താഗതികളെ പിന്തുടരും. അവരുമായി നിരന്തരം സംവദിക്കും. അത്തരം സംവാദങ്ങളിലൂടെയാണ് ഞാനും പാപ്പിനിശ്ശേരിയിലെ ഇപ്പോഴത്തെ പ്രാദേശിക ജമാഅത്ത് അമീര്‍ വി.എന്‍ ഹാരിസും മറ്റൊരുപാട് പേരും പ്രസ്ഥാനത്തിലേക്ക് കടന്നുവന്നത്. എന്റെ അടുത്ത സുഹൃത്തുക്കളിലൊരാളായ ജഅ്ഫറും ഞാനും എന്നും മാഷുമായി ഒത്തുചേരും. പ്രബോധനം വാരികയിലെ ലേഖനങ്ങളും ഫീച്ചറുകളുമൊക്കെ ഞങ്ങളുടെ ഒത്തുചേരലിലെ മുഖ്യചേരുവയായി. പിതൃവാത്സല്യത്തിന്റെ ആള്‍രൂപമാണ് ശാദുലി മാസ്റ്റര്‍. അത് നല്‍കുന്ന ആനന്ദം അനുഭവിച്ചുതന്നെ അറിയണം. വലിയൊരു പുസ്തകശേഖരം അദ്ദേഹത്തിനും സ്വന്തമായുണ്ടായിരുന്നു. തഫ്ഹീമുല്‍ ഖുര്‍ആന്‍ മുതല്‍ ദേവീ സഹസ്രനാമം വരെ ഞാനാ ശേഖരത്തില്‍ കണ്ടിട്ടുണ്ട്. 

അങ്ങനെ സയ്യിദ് അബുല്‍ അഅ്‌ലാ മൗദൂദി, അലി ശരീഅത്തി തുടങ്ങിയവര്‍ എന്റെ വായനയിലേക്ക് കടന്നുവന്നു. എന്റെ ധാരണകളെയാകെ അട്ടിമറിക്കാനും യാഥാര്‍ഥ്യത്തെക്കുറിച്ച അവബോധം നേടാനും വളരെ സഹായകമായിട്ടുള്ള പുസ്തകങ്ങളാണ് ശരീഅത്തിയുടെ സാമൂഹികശാസ്ത്ര ലേഖനങ്ങളും മൗദൂദിയുടെ ഖിലാഫത്തും രാജവാഴ്ചയും തുടങ്ങിയ പുസ്തകങ്ങളും. 

എന്തായാലും അവിടന്നിങ്ങോട്ട് പ്രബോധനം വാരിക ജീവിതത്തിലെ നിത്യസാന്നിധ്യമാണ്. ചില കഥാ-കവിതാ മത്സരങ്ങള്‍ക്ക് വേണ്ടിയൊക്കെ എഴുതിയിട്ടുണ്ടെങ്കിലും എന്നെ ഒരെഴുത്തുകാരനാക്കിയത് പ്രബോധനം വാരിക തന്നെയാണ്. കുറേക്കൂടി കൃത്യമായി പറഞ്ഞാല്‍ പ്രബോധനം എക്‌സിക്യൂട്ടീവ്  എഡിറ്ററായിരുന്ന ആര്‍ യൂസഫ്. ഇതോടെ പുതിയ ചില മേഖലകളിലേക്കു കൂടി വായന വികസിച്ചു. മനുഷ്യനെ നിര്‍മിക്കുന്നതില്‍ മതം വഹിച്ചിട്ടുള്ള പങ്കിനെക്കുറിച്ച് കൂടുതല്‍ വായനകള്‍ നടത്തിത്തുടങ്ങി. മതത്തിന്റെയും തത്ത്വചിന്തയുടെയും വഴികളിലൂടെയുള്ള സഞ്ചാരം വളരെ ഹരമുള്ളതാണ്. പുതിയ ഒട്ടേറെ തിരിച്ചറിവുകള്‍ അത് പ്രദാനം ചെയ്യുന്നു. പല മുന്‍ധാരണകളെയും തകര്‍ക്കുകയും ചെയ്യുന്നു. 

ഇപ്പോഴും വായിക്കുന്നു. ഗബ്രിയേല്‍ ഗാര്‍ഷ്യ മാര്‍ക്വിസ്, മരിയോ വര്‍ഗാസ് യോസ, ചിന്വ അച്ചാബെ, കെന്‍ സാരോവീവ, ഉംബര്‍തോ എകോ, പാബ്ലോ നെരൂദ, ഗാരി സ്‌നീഡര്‍, ഓര്‍ഹാന്‍ പാമുക്, മഹ്മൂദ് ദര്‍വേശ് തുടങ്ങി കെ.ആര്‍ മീരയും എന്‍.എസ് മാധവനും വരെയുള്ളവരെ സ്വപ്‌നങ്ങളില്‍ കൂട്ടുചേര്‍ക്കാന്‍ ശ്രമിക്കുന്നു. സോക്രട്ടീസും ദെക്കാര്‍ത്തെയും തൊട്ട് അന്റോണിയോ ഗ്രാംഷിയും ദെറിദയും വരെയുള്ളവരെ ചിന്തയോടൊട്ടിച്ചുനിര്‍ത്താനും. ഇവരില്‍ പലരെയും നേരിട്ട് വായിച്ചതാണെങ്കില്‍ ഒരു പാടാളുകളെ മറ്റുള്ളവരില്‍നിന്ന് വായിച്ചറിഞ്ഞതാണ്. ശ്രമങ്ങളാണ്, പലതും ഇപ്പോഴും പൂര്‍ണമായും മനസ്സിലാവാറില്ല. ഒരു പുസ്തകവും പൂര്‍ണമായി മനസ്സിലാവണമെന്ന് നിര്‍ബന്ധം പിടിക്കാറില്ല, എനിക്ക് മനസ്സിലാവാത്തതിനെ വിമര്‍ശിക്കാറുമില്ല. അതേസമയം, സത്യസന്ധമായ ഒരു മനസ്സുണ്ടെങ്കില്‍, പരിശ്രമിക്കാനുള്ള സന്നദ്ധതയുണ്ടെങ്കില്‍ നമ്മുടെ ആകാശത്തെയും ഭൂമിയെയും അനന്തവിശാലമാക്കാനുള്ള ശേഷി പുസ്തകങ്ങള്‍ക്കുണ്ട്. മുഹമ്മദ് അസദ് മുതല്‍ ഇസ്മാഈല്‍ റാജി ഫാറൂഖി വരെയുള്ളവരെ പരിചിതരാക്കിയത് പ്രബോധനവും ഐ.പി.എച്ചും തന്നെ. ഇസ്‌ലാമിക ചിന്തയില്‍ കനപ്പെട്ട സംഭാവനകള്‍ അര്‍പ്പിച്ചിട്ടുള്ള പലരെയും പിന്നീട് അറിയാന്‍ കഴിഞ്ഞു. പഴയതും പുതിയതുമായ ചിന്തകന്മാര്‍. അല്‍ ഗസാലി മുതല്‍ ഹുസൈന്‍ നസ്ര്‍ വരെ. 

ഒരു പുസ്തകം കൈയിലുണ്ടെങ്കില്‍ നിങ്ങള്‍ തനിച്ചാവുകയേയില്ല. മാത്രവുമല്ല, പുസ്തകങ്ങള്‍ ജീവിതത്തിന് ബഹുതലങ്ങളും മാനങ്ങളും നല്‍കുകയും ചെയ്യുന്നു. 

മതപരമായ ചില ബോധ്യങ്ങളിലാണ് ഇപ്പോള്‍ ഞാന്‍ നിലകൊള്ളുന്നത്. അതേസമയം ഈ ബോധ്യങ്ങള്‍ തത്ത്വശാസ്ത്രപരമായ അന്വേഷണങ്ങളെ തടയുന്ന ഒന്നല്ല. നിലകൊള്ളുന്ന പ്രതലത്തിന് പുറത്തു നിന്നു കൊണ്ടുള്ള അന്വേഷണങ്ങള്‍ക്കും നാം മുതിരണം. ചോദ്യങ്ങള്‍ക്കാണ് ഉത്തരങ്ങളേക്കാള്‍ പരിവര്‍ത്തനശേഷിയുള്ളതെന്ന സോക്രട്ടീസിന്റെ അധ്യാപനം എക്കാലത്തും പ്രസക്തമാകുന്നു. 

കളിച്ചീട്ടുകളുടെ ഒരു ഉപമയെ മുന്‍നിര്‍ത്തിക്കൊണ്ട് ജസ്റ്റിന്‍ ഗാര്‍ഡര്‍ ചോദ്യങ്ങളുടെ രാഷ്ട്രീയത്തെയും തത്ത്വശാസ്ത്രത്തെയും വിവരിക്കുന്നുണ്ട്. ചുവപ്പും കറുപ്പും നിറമുള്ള കളിച്ചീട്ടുകള്‍ രണ്ടു മനോഭാവങ്ങളെയാണ് പ്രതിഫലിപ്പിക്കുന്നത്. എല്ലാമറിയാമെന്നു നടിച്ച് ഈ ലോകത്തെയും അവനവനെത്തന്നെയും വിഡ്ഢികളാക്കുകയെന്നതാണൊന്ന്. രണ്ടാമത്തേത് ചോദ്യങ്ങള്‍ക്കു നേരെ കണ്ണടച്ച് മനുഷ്യപുരോഗതിയെത്തന്നെ തടയലുമാണ്. അങ്ങനെ ആളുകള്‍ രണ്ടായിത്തിരിയുന്നു. ഉറച്ചതെങ്കിലും തെറ്റാവാനിടയുള്ള ധാരണകള്‍ പുലര്‍ത്തുന്നവരാണൊന്ന്. രണ്ടാമത്തെ വിഭാഗമാകട്ടെ, പുരോഗതിയോട് വിമുഖരായിരിക്കുന്നവരും.

തമ്മില്‍ ഇടഞ്ഞും പിണഞ്ഞും അവസാനം നിരയൊത്തും വീണ്ടും കുഴഞ്ഞുമറിഞ്ഞും നില്‍ക്കുന്ന, കറുത്തതും ചുവന്നതുമായ ഈ ചീട്ടുകള്‍ തന്നെയാണ് ജീവിതം. ചിലപ്പോള്‍ മാത്രം ഇടയിലൊരു ജോക്കര്‍ പ്രത്യക്ഷപ്പെടും. ക്ലാവറോ ഓഡിനോ സ്‌പേഡോ ഡയമണ്ടോ അല്ലാത്ത ഒന്നാണത്. ഒന്നു മുതല്‍ പൂജ്യം വരെയുള്ള അക്കങ്ങളൊന്നുകൊണ്ടും അവന്റെ മൂല്യം അളക്കാനൊക്കില്ല. രാജാവും റാണിയും ഗുലാനും അവന്റെ മുമ്പില്‍ നിഷ്പ്രഭം. ഒരു ചീട്ടുകെട്ടില്‍ ക്ലാവറും സ്‌പേഡുമൊക്കെ ഒരു പാടുണ്ടാവും. എന്നാല്‍ ജോക്കര്‍ ഒന്നു മാത്രം. അവന്‍ പ്രത്യക്ഷപ്പെടുന്നതോടെ മറ്റെല്ലാത്തിനും വില നഷ്ടപ്പെടും. രാജാവും റാണിയും നിഷ്പ്രഭരും നിസ്സഹായരുമായിത്തീരും. 

അവന്‍ ചോദ്യം ചോദിക്കുന്നവനാണ്. ശരിയായ അറിവിലേക്ക് മറ്റുള്ളവരെ നയിക്കുന്നവനുമാണ്. വ്യവസ്ഥയെ അഴിച്ചുപണിയുന്നവനും ആധിപത്യത്തെ ചോദ്യം ചെയ്യുന്നവനുമാണ്. അവന്‍ ചിരിക്കുകയും ചിരിപ്പിക്കുകയും ചിരിയെ ഒരു രാഷ്ട്രീയ പ്രവര്‍ത്തനമായി വികസിപ്പിക്കുകയും ചെയ്യുന്നു.

 

കലാപകാരിയാണ് ജോക്കര്‍ 

സാമൂഹികബോധവും യുക്തിയും മറ്റാരുടേതുമെന്ന പോലെ എന്റെയും ഫിത്‌റയില്‍ (പ്രകൃതത്തില്‍) ഉള്ളതാണെങ്കിലും അതിനെ വികസിപ്പിക്കുന്നതില്‍ ഏറ്റവുമധികം സഹായകമായത് പുസ്തകങ്ങളാണ്. അത് യുക്തിയെ ഉറപ്പിക്കുന്നു. എന്റെ യുക്തിയിലാണ് എന്റെ ദൈവമുള്ളത്, എന്റെ യുക്തിയാണ് എന്റെ വിശ്വാസം. വചനം ദൈവമാണ് എന്ന ബൈബിള്‍ വാക്യം എനിക്കേറെ ഇഷ്ടമാണ്. 

എന്തെന്നാല്‍ ഞാന്‍ വിശ്വസിക്കുന്നത്, അവിശ്വസിക്കുക അസാധ്യമായതിനാലാണ്.


Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-26 / അശ്ശുഅറാഅ് (72 - 77)
എ.വൈ.ആര്‍

ഹദീസ്‌

സത്യസന്ധത എന്ന ഉത്കൃഷ്ട മൂല്യം
സി.എം റഫീഖ് കോക്കൂര്‍