പ്രബോധനം വായനയോട് ചെയ്തത്; ചെയ്യേണ്ടതും
എഴുത്ത്, സംസാരം, ചലിക്കുന്നതും അല്ലാത്തതുമായ ചിത്രങ്ങള്‍ എന്നിവ ജീവികളില്‍ മനുഷ്യനു മാത്രം സാധ്യമായ സംവേദനമാധ്യമങ്ങളാണ്. വായന, കേള്‍വി, കാഴ്ച എന്നിവയിലൂടെയാണ് ഇത് വിനിമയം ചെയ്യപ്പെടുന്നത്. ഇവ മൂന്നും മനുഷ്യനില്‍ സ്വാധീനം ചെലുത്തുമെങ്കിലും സ്വാധീനത്തിന്റെ സ്വഭാവത്തിലും രീതിയിലും വ്യത്യാസമുണ്ട്. വായന പൊതുവെ മനുഷ്യന്റെ ചിന്തയെ കൂടുതല്‍ സ്വാധീനിക്കുമ്പോള്‍ സംസാരവും ചിത്രങ്ങളും മനുഷ്യന്റെ വികാരങ്ങളെയാണ് സ്വാധീനിക്കുന്നത്. അതിന്റെ അര്‍ഥം വായന മനുഷ്യനിലെ വികാരങ്ങളെയും സംസാരവും ചിത്രങ്ങളും മനുഷ്യചിന്തകളെയും തീരെ സ്വാധീനിക്കുന്നില്ല എന്നല്ല. അതുപോലെ ചിന്തയിലാകട്ടെ, വികാരങ്ങളിലാകട്ടെ ഇവ മൂന്നിന്റെയും സ്വാധീനം ആളുകളുടെ സ്വഭാവമനുസരിച്ച് വ്യത്യാസപ്പെട്ടുകൊണ്ടിരിക്കുകയും ചെയ്യും. പ്രഭാഷണങ്ങളും പ്രസംഗങ്ങളും ധാരാളമായി കേള്‍ക്കുകയും സിനിമകള്‍ ധാരാളമായി കാണുകയും എന്നാല്‍ വായനയില്‍ തീരെ താല്‍പര്യമെടുക്കാതിരിക്കുകയും ചെയ്യുന്ന എത്രയോ ആളുകളുണ്ട.് ചിന്താശേഷി തീരെയില്ലാത്ത വികാര ജീവികളൊന്നുമല്ല അവര്‍. അതുപോലെ വായനയില്‍ മാത്രം താല്‍പര്യമെടുക്കുകയും പ്രസംഗം കേള്‍ക്കാനോ സിനിമ കാണാനോ തീരെ ഇഷ്ടപ്പെടാത്തവരുമുണ്ട്. വികാരം തീരെയില്ലാത്ത ബുദ്ധിജീവികള്‍ മാത്രവുമല്ല അത്തരക്കാര്‍.
അതേസമയം മനുഷ്യനെ പെട്ടെന്ന് വികാരഭരിതമാക്കാനും ആവേശത്തിന്റെ കൊടുമുടിയിലെത്തിക്കാനുമുള്ള കഴിവ് വായനയേക്കാള്‍ പ്രസംഗത്തിനും ചിത്രങ്ങള്‍ക്കുമുണ്ട് എന്നത് സത്യമാണ്. ഒരുവേള ബുദ്ധിയെ അന്ധമാക്കാനും അവക്ക് കഴിയും. ഫാഷിസ്റ്റ് പ്രകൃതമുള്ള ചരിത്രത്തിലെയും വര്‍ത്തമാനത്തിലെയും എല്ലാ ഏകാധിപതികളുടെയും പ്രധാന ആയുധം പ്രസംഗമായത് വെറുതെയല്ല. അതുപോലെ സിറിയയിലെ യുദ്ധഭൂമിയില്‍നിന്ന് ജീവനും കൊണ്ടോടുന്നതിനിടയില്‍ കടലില്‍ വിണ് മരിച്ച, ഒടുവില്‍ തുര്‍ക്കി തീരത്ത് മണലില്‍ പുതഞ്ഞു കിടന്ന ഐലന്‍ കുര്‍ദിയെന്ന പിഞ്ചു ബലന്റെ ആരോ പകര്‍ത്തിയ ചലനമറ്റ ശരീരദൃശ്യം നമ്മിലുണര്‍ത്തുന്ന സ്‌നേഹ-ജീവകാരുണ്യ വികാരം എഴുത്തിനേക്കാളും പ്രസംഗത്തേക്കാളും എത്രയോ കൂടുതലായിരിക്കും. എന്നുവെച്ച് പ്രസംഗമോ വായനയോ ഇല്ലാതാകുകയില്ല. ഓരോന്നും അതതിന്റെ മണ്ഡലത്തില്‍ വളര്‍ന്നുകൊണ്ടേയിരിക്കും. വായനയുടെ സ്വാധീനം മറ്റു രണ്ടിനെയും അപേക്ഷിച്ച് സാവധാനത്തിലും കൂടുതല്‍ ആഴത്തിലുള്ളതുമായിരിക്കും. അതുകൊണ്ടുതന്നെ അത് ആവര്‍ത്തനത്തെ തേടുകയും ചെയ്യും. വായന വികാരത്തേക്കാള്‍ വിചാരത്തെ സ്വാധീനിക്കുന്നതുകൊണ്ടാണിത്.
എത്ര നല്ല പ്രസംഗമായാലും ഒരേ പ്രസംഗം ഒന്നിലധികം തവണ കേട്ടുനില്‍ക്കാനാവില്ല. ചിത്രങ്ങളുടെയും അവസ്ഥ അതുതന്നെ. എന്നാല്‍ നല്ല പുസ്തകങ്ങള്‍, അത് ഫിക്ഷനായാലും വൈജ്ഞാനിക ഗ്രന്ഥമായാലും അതു പല തവണ വായിച്ചാലും സാധാരണഗതിയില്‍ യാതൊരു മടുപ്പും ഉണ്ടാക്കുകയില്ല. ഓരോ തവണ വായിക്കുമ്പോഴും വ്യത്യസ്തമായ അനുഭൂതികളും ജ്ഞാനവെളിച്ചവും അത് നല്‍കിക്കൊണ്ടിരിക്കുകയും ചെയ്യും. ഖുര്‍ആന്‍, ബൈബിള്‍ തുടങ്ങിയ വേദഗ്രന്ഥങ്ങളും മഹാഭാരതം, രാമായണം തുടങ്ങിയ ഇതിഹാസങ്ങളും ആളുകള്‍ ആവര്‍ത്തിച്ച് പാരായണം ചെയ്യുന്നത് അതുകൊണ്ടാണ്. ഇത്രത്തോളമില്ലെങ്കിലും ലോക ക്ലാസിക്കുകളായി അറിയപ്പെട്ട മറ്റു പല ഗ്രന്ഥങ്ങള്‍ക്കും ഈ സവിശേഷതയുണ്ട്. ഇസ്‌ലാമിക നാഗരികതയുടെ ചരിത്രം മനോഹരമായ അറബിയില്‍ പരിചയപ്പെടുത്തുന്ന ഡോ. അഹ്മദ് അമീന്റെ ബൃഹദ് വാല്യങ്ങളുള്ള ഫജ്‌റുല്‍ ഇസ്‌ലാമും ളുഹല്‍ ഇസ്‌ലാമും താന്‍ പത്തു തവണ വായിച്ചിട്ടുണ്ടെന്ന് വിഖ്യാത പണ്ഡിതനായ അബുല്‍ ഹസന്‍ അലി നദ്‌വി പണ്ട് ക്ലാസില്‍ പറഞ്ഞത് ഇവിടെ ഓര്‍ത്തുപോവുകയാണ്. പുതിയ സാങ്കേതിക വിദ്യയുടെ കടന്നുവരവോടെ കാഴ്ചയുടെയും കേള്‍വിയുടെയും മഹാ പ്രളയമുണ്ടായിട്ടും താരതമ്യേന ആയാസമുള്ള വായന അതില്‍ ഒലിച്ചുപോകാതിരിക്കുന്നത് ചിന്തയെ സ്വാധീനിക്കാനുള്ള വായനയുടെ ഈ കഴിവുകൊണ്ട് മാത്രമാണ്.
ഈ വായനാ ശീലം എവിടെനിന്ന് കിട്ടി എന്നാലോചിക്കുമ്പോഴാണ് പ്രബോധനം വാരിക കടന്നുവരുന്നത്. നിസ്സംശയം അതിന്റെ ക്രഡിറ്റ് പ്രബോധനം വാരികക്ക് മാത്രമാണ്. ദിനപത്രം വായിച്ച് തുടങ്ങുന്നതിനു മുമ്പ് തന്നെ പ്രബോധനം വായിച്ചുശീലിച്ചവനാണ് ഞാന്‍. വീട്ടിലെ സാഹചര്യമായിരുന്നു അതിന് കാരണം. ഇസ്‌ലാമിക പ്രസ്ഥാനത്തില്‍ ആവേശം കയറി തീപ്പിടിച്ച വായനയുമായി നടക്കുന്ന രണ്ട് മുതിര്‍ന്ന സഹോദരന്മാര്‍ക്കിടയിലായിരുന്നു എന്റെ ബാല്യ-കൗമാരങ്ങള്‍. ടാബ്ലോയിഡ് രൂപത്തിലുള്ള പ്രബോധനം മുടങ്ങാതെ വരും. കൂടാതെ ഐ.പി.എച്ച് പുസ്തകങ്ങള്‍, നോവലുകള്‍, നെഹ്‌റുവിന്റെയും എച്ച്.ജി വെല്‍സിന്റെയും ലോക ചരിത്രം, ഡൊമിനിക് ലാപിയറിന്റെയും ലാറി കോളിന്‍സിന്റെയും സ്വാതന്ത്ര്യം അര്‍ധരാത്രിയില്‍, കെ. ദാമോദരന്റെ ഭാരതത്തിന്റെ ആത്മാവ്, കമ്യൂണിസ്റ്റ് മാനിഫെസ്റ്റോയും മൂലധനവും അടക്കമുള്ള കമ്യൂണിസ്റ്റ് കൃതികള്‍ എല്ലാം വീട്ടിലുണ്ടായിരുന്നു. കുടുംബഭാരം ഏറ്റെടുക്കേണ്ടിവന്നതിനാല്‍ ഔപചാരിക വിദ്യാഭ്യാസം ഇടക്ക് മുടങ്ങിയെങ്കിലും മൂത്ത ജ്യേഷ്ഠന്‍ അബ്ദുസ്സലാം വായിച്ച അത്രയും മലയാളത്തിലെ ഇസ്‌ലാമിക പുസ്തകങ്ങള്‍ ഞാന്‍ വായിച്ചിട്ടുണ്ടോ എന്ന് സംശയമാണ്. കൂടാതെ തമിഴ് പുസ്തകങ്ങളും അദ്ദേഹം വായിക്കും.
എസ്.ഐ.ഒയുടെ ദേശീയ-സംസ്ഥാന നേതൃത്വത്തില്‍ ഉണ്ടായിരുന്ന രണ്ടാമത്തെ ജ്യേഷ്ഠന്‍ അബ്ദുര്‍റഹ്മാന്‍ നദ്‌വി വിദ്യാഭ്യാസ സാമൂഹിക പ്രവര്‍ത്തനത്തിനിടയില്‍ നേരിടേണ്ടിവന്നിരുന്ന കടുത്ത മാനസിക സംഘര്‍ഷങ്ങളെ അതിജീവിച്ചിരുന്നത് വായനയിലൂടെയായിരുന്നു. വായന മാത്രമല്ല, വായിച്ച പുസ്തകങ്ങളെയും രാഷ്ട്രീയവും പ്രാസ്ഥാനികവുമായ വിഷയങ്ങളെയും കുറിച്ച ചര്‍ച്ചയും വീട്ടില്‍ സദാ നടക്കുമായിരുന്നു. രാത്രിയില്‍ ഭക്ഷണത്തിന് ഇരുന്നാല്‍ ഉമ്മ ഇടപെട്ടാലേ ഈ ചര്‍ച്ച നില്‍ക്കൂ. ഇങ്ങനെയുള്ള സാഹചര്യത്തില്‍ വളരുന്ന ഒരാള്‍ക്ക് വായനാശീലമുണ്ടാകുന്നതില്‍ അത്ഭുതമില്ല. മാത്രമല്ല, ജ്യേഷ്ഠന്മാരുടെ റോള്‍ മോഡലുകള്‍ പ്രബോധനത്തിലെ എഴുത്തുകാരായിരുന്നു; ടി. മുഹമ്മദ്, ഒ. അബ്ദുര്‍റഹ്മാന്‍, ഒ. അബ്ദുല്ല, വി.എ കബീര്‍, ടി.കെ ഉബൈദ്, കലീം തുടങ്ങിയവര്‍. ഇവരെ വായിച്ച് ക്രമേണ അവര്‍ എന്റെയും റോള്‍ മോഡലുകളായി. ഒരെഴുത്തുകാരനാവുക എന്നത് വലിയ മോഹമായി മാറിയെന്നതായിരുന്നു അതിന്റെ ഫലം. അന്നത്തെ അവസ്ഥയില്‍ എസ്.എസ്.എല്‍.സിക്ക് സാമാന്യം നല്ല മാര്‍ക്കുണ്ടായിട്ടും ചില അഭ്യുദയകാംക്ഷികളുടെ പ്രേരണ കാരണം പ്രീഡിഗ്രിക്ക് മാത്‌സില്‍ ചെറിയൊരു ഭാഗ്യപരീക്ഷണം നടത്തിയതിനു ശേഷം അതുപേക്ഷിച്ച് അടുത്ത വര്‍ഷം നേരെ ശാന്തപുരത്ത് ചേര്‍ന്നത് ഈ മോഹം മനസ്സിലുള്ളതുകൊണ്ടാണ്. അതിനാല്‍ ശാന്തപുരത്ത് വായന തുടരാന്‍ യാതൊരു പരപ്രേരണയും ആവശ്യമില്ലായിരുന്നു. അവിടെ ചുമര്‍പത്രങ്ങളിലും കൈയെഴുത്ത് മാസികകളിലും ധാരാളമായി എഴുതിയിരുന്നെങ്കിലും ഒരു സൃഷ്ടി അച്ചടിച്ചുവരാന്‍ ഡിഗ്രി ക്ലാസിലെത്തുന്നതുവരെ കാത്തുനില്‍ക്കേണ്ടിവന്നു. സെക്കന്ററി ക്ലാസില്‍ പഠിക്കുമ്പോഴേ സഹപാഠികളായ വി. എം ഇബ്‌റാഹീം (മാധ്യമം എക്‌സിക്യൂട്ടീവ് എഡിറ്റര്‍), മഹ്ബൂബലി പത്തപ്പിരിയം (പ്രവാസി സാംസ്‌കാരിക വേദിയുടെ ജിദ്ദയിലെ നേതാവ്), ചങ്ങനാശ്ശേരിക്കാരനായ ഷാജി തുടങ്ങിയവര്‍ ചന്ദ്രികയിലെഴുതി പേരെടുത്ത എഴുത്തുകാരായി മാറിയിരുന്നു. അതും എഴുതണമെന്ന വാശി വര്‍ധിപ്പിച്ചു. എന്റെ ആദ്യത്തെ ലേഖനം അച്ചടിച്ചു വന്നത് പുതിയ എഴുത്തുകാര്‍ക്ക് ബാലികേറാമലയാണെന്ന് കരുതപ്പെട്ടിരുന്ന പ്രബോധനത്തില്‍ തന്നെയായത് ഇന്നും അഭിമാനത്തോടെ ഓര്‍ക്കുന്ന കാര്യമാണ്. അപ്പോഴേക്കും പ്രബോധനം പത്രാധിപന്മാര്‍ കുറെകൂടി വിനയാന്വിതരായി മാറിയതു കാരണം 'പ്രോത്സാഹനാര്‍ഥം' എന്ന തലക്കെട്ടില്‍നിന്ന് എന്റെ ആദ്യസൃഷ്ടി രക്ഷപ്പെടുകയും ചെയ്തു! പ്രബോധനം പ്രതിപക്ഷ പത്രമായിരുന്ന കാലത്ത് ശാന്തപുരം വിദ്യാര്‍ഥികളുടെ ലേഖനം കൊടുക്കുമ്പോള്‍ അതിനു മുകളില്‍ 'പ്രോത്സാഹനാര്‍ഥം' എന്ന് എഴുതുമായിരുന്നുവെന്ന് ആരോ എഴുതിയത് വായിച്ച ഓര്‍മയില്‍നിന്നാണ് ഇത് കുറിക്കുന്നത്.
കാരശ്ശേരിയുടെ 'തിരുവരുള്‍' എന്ന ഹദീസ് പരിഭാഷാ സമാഹാരത്തെ രൂക്ഷമായി വിമര്‍ശിച്ചുകൊണ്ട് ജമാല്‍ മലപ്പുറം 'തിരുവരുളിന്റെ എഴുതാപ്പുറം' എഴുതിയത്, എന്‍.പി മുഹമ്മദ് അടക്കം ഇടപെട്ട് വന്‍ സംവാദമായി വികസിച്ചപ്പോള്‍ അതില്‍ ഇടപെട്ടുകൊണ്ടുള്ള പ്രതികരണമായിരുന്നു എന്റെ ആദ്യ സൃഷ്ടി. മതവിജ്ഞാനീയങ്ങളിലും അറബി ഭാഷയിലുമുള്ള അസൂയാര്‍ഹമായ ആധികാരികത ജമാല്‍ മലപ്പുറത്തിനും, മലയാള ഭാഷയിലും ആധുനിക വിജ്ഞാനീയങ്ങളിലുമുള്ള ആധികാരികത എന്‍.പി മുഹമ്മദിനും നല്‍കിയ ശൈലീപരമായ ധാര്‍ഷ്ഠ്യത്തെ വിമര്‍ശിക്കുന്നതായിരുന്നു എന്റെ പ്രതികരണം. പിന്നീട് ഒരു വാര്‍ഷികാവലോകനം കവര്‍ സ്റ്റോറിയായും പ്രബോധനത്തില്‍ വന്നു. ശാന്തപുരം പഠനത്തിനു ശേഷം ലഖ്‌നൗവില്‍ ഉപരിപഠനം നടത്തുമ്പോള്‍ ലഖ്‌നൗവിലെ നദ്‌വത്തുല്‍ ഉലമയില്‍ നടന്ന മുസ്‌ലിം പേഴ്‌സണല്‍ ലോ ബോര്‍ഡിന്റെ മീറ്റിംഗിനായി വന്ന അന്നത്തെ ജമാഅത്ത് അസിസ്റ്റന്റ് അമീര്‍ മൗലാനാ ശഫീഅ് മൂനിസ് സാഹിബുമായി നടത്തിയ ഒരഭിമുഖവും പ്രബോധനത്തില്‍ പ്രസിദ്ധീകരിച്ചുവന്നു. പിന്നീട് വെള്ളിമാട് കുന്നില്‍ ഐ.പി.എച്ച് ഡയറക്ടറേറ്റില്‍ ജോലിയില്‍ പ്രവേശിച്ചതിനു ശേഷമാണ് പ്രബോധനവുമായുള്ള എഴുത്തു ബന്ധം കൂടുതല്‍ ശക്തിപ്പെട്ടത്. ഇപ്പോഴും പ്രബോധനം എഡിറ്ററായ ടി.കെ ഉബൈദ് സാഹിബ് അന്ന് നല്‍കിയ ഒരുപദേശം എന്റെ വായനയെയും എഴുത്തിനെയും എങ്ങനെ സ്വാധീനിച്ചുവെന്നുകൂടി പറയേണ്ടതുണ്ട്. ''എഴുതാന്‍ വേണ്ടി ഒന്നും എഴുതരുത്. എന്തെങ്കിലും പുതിയ കാഴ്ചപ്പാടോ ആശയമോ പറയണമെന്ന് തോന്നുമ്പോള്‍ മാത്രം എഴുതുക. അല്ലാത്ത സമയം ഇതര ഭാഷകളിലെ ലേഖനങ്ങളോ പുസ്തകങ്ങളോ മനസ്സിരുത്തി വായിക്കുകയും അത് പരിഭാഷ ചെയ്യാന്‍ പറ്റുമോ എന്ന് നോക്കുകയും ചെയ്യുക''- ഇതായിരുന്നു ഉബൈദ് സാഹിബിന്റെ ഉപദേശം. പ്രമുഖ ഖുര്‍ആന്‍ പണ്ഡിതനായിരുന്ന മൗലാനാ ഹമീദുദ്ദീന്‍ ഫറാഹിയുടെ ഖുര്‍ആനെ കുറിച്ച ദീര്‍ഘമായ ഒരു ലേഖനം പരീക്ഷണാര്‍ഥം പരിഭാഷപ്പെടുത്താനായി അദ്ദേഹം നല്‍കുകയും മതിയായ എഡിറ്റിംഗോടെ ഒരു നോമ്പുകാല ലക്കത്തില്‍ കവര്‍ സ്റ്റോറിയായി അത് പ്രസിദ്ധീകരിക്കുകയും ചെയ്തു. അല്‍ജിഹാദു ഫില്‍ ഇസ്‌ലാമും മുഹമ്മദ് മനുഷ്യസ്‌നേഹത്തിന്റെ പ്രവാചകനും അടക്കം അര ഡസനോളം കൃതികള്‍ മലയാളത്തില്‍ മൊഴിമാറ്റാന്‍ എന്നെ പ്രാപ്തനാക്കിയ അദ്ദേഹത്തിന്റെ ആ ഉപദേശവും ശിക്ഷണവും ഒരിക്കലും മറക്കാനാവില്ല. എഴുതുന്നതിനേക്കാള്‍ കൂടുതല്‍ വായിക്കണം എന്ന വിചാരം അതുണ്ടാക്കിയെന്നതാണ് ആ ഉപദേശത്തിലെ കാതല്‍.
എന്റെ വായനയെ പ്രത്യേകിച്ചും, വായനയെ പൊതുവിലും പ്രബോധനം എങ്ങനെ സ്വാധീനിച്ചുവെന്ന് പറയാനാണ് ഞാന്‍ ശ്രമിക്കുന്നത്. പ്രബോധനം കൈകാര്യം ചെയ്യാത്ത വിഷയങ്ങളില്ല. ആരാധനകള്‍, അനുഷ്ഠാനങ്ങള്‍, ചരിത്രം, സംസ്‌കാരം, രാഷ്ട്രീയം, സാമ്പത്തിക ശാസ്ത്രം, സാമൂഹിക സിദ്ധാന്തങ്ങള്‍, പ്രവണതകള്‍ തുടങ്ങിയവ എല്ലാ കാലത്തും ഏറ്റക്കുറവുകളോടെ പ്രബോധനം കൈകാര്യം ചെയ്തിട്ടുണ്ട്. അത് അങ്ങനെ കൈകാര്യം ചെയ്തുവെന്നതല്ല പ്രബോധനത്തിന്റെ പ്രത്യേകത. കാരണം ഇതെല്ലാം കൈകാര്യം ചെയ്യുന്ന വേറെയും പ്രസിദ്ധീകരണങ്ങള്‍ മലയാളത്തിലുണ്ട്. മറിച്ച് ഇസ്‌ലാമികമായ ഒരു സാമൂഹിക വീക്ഷണത്തിന്റെ അടിത്തറയിലാണ് അതെല്ലാം കൈകാര്യം ചെയ്യപ്പെട്ടത് എന്നതാണ് അതിന്റെ പ്രത്യേകത. അതായത് ഇസ്‌ലാമിന് ഇതര മതങ്ങളെ പോലെ അഭൗതിക ലോകത്ത് നേടിയെടുക്കാനുള്ള ലക്ഷ്യം മാത്രമല്ല ഉള്ളത്. അതിനോടൊപ്പം ഇഹലോകത്തും ചിലത് നേടിയെടുക്കാനുണ്ട് എന്നും അത് ലോകത്ത് ശാന്തിയും സമാധാനവും മാത്രമല്ല നീതിയും കൂടി ലക്ഷ്യം വെക്കുന്നുവെന്നതുമാണ് പ്രബോധനം മുന്നോട്ടുവെച്ച സാമൂഹിക വീക്ഷണത്തിന്റെ അടിത്തറ. പ്രബോധനം ഏറ്റവും കൂടുതല്‍ ഇസ്‌ലാമിനോട് ചേര്‍ത്ത് ആവര്‍ത്തിച്ചിട്ടുള്ള സമഗ്ര ജീവിത വ്യവസ്ഥ, ലോകവീക്ഷണം, പ്രസ്ഥാനം തുടങ്ങിയ വ്യവഹാരങ്ങള്‍ പ്രബോധനം അടിത്തറയാക്കിയ ഈ സാമൂഹിക വീക്ഷണത്തെയാണ് പ്രതിനിധാനം ചെയ്യുന്നത്.
രാജ്യത്തോ ലോകത്തോ ഉണ്ടായിക്കൊണ്ടിരിക്കുന്ന ഏതൊരു പുതിയ സാമൂഹിക, രാഷ്ട്രീയ സംഭവവികാസങ്ങളിലും പ്രബോധനം വായിക്കുന്നത് ശീലമാക്കിയവര്‍ക്ക് നീതിയലധിഷ്ഠിതമായ ഒരു നിലപാടുണ്ടായിരിക്കുമെന്നതാണ് ഈ സാമൂഹിക വീക്ഷണത്തിന്റെ ശക്തി. വര്‍ഗസിദ്ധാന്തം ലോകത്തെ നോക്കിക്കാണാന്‍ കമ്യൂണിസ്റ്റുകാരന് പ്രത്യേകമായൊരു ശേഷി നല്‍കുന്നതുപോലെ തന്നെയാണിത്. ഇസ്‌ലാമിനെ ഒരു മത മീമാംസയായിട്ടല്ല, മറിച്ച് ഒരു സാമൂഹിക ശാസ്ത്രമായിട്ടാണ് പ്രബോധനം അവതരിപ്പിച്ചത്. പ്രബോധനത്തിന്റെ ഈ വ്യതിരിക്തത ഇതര മുസ്‌ലിം പ്രസിദ്ധീകരണങ്ങളുടെ ഉള്ളടക്കത്തെയും സ്വാധീനിച്ചിട്ടുണ്ട്. ആരാധനകളും അനുഷ്ഠാനങ്ങളും സംഘടനാപരമായ തര്‍ക്കങ്ങളും മാത്രം വിഷയമായ ഒറ്റ മുസ്‌ലിം പ്രസിദ്ധീകരണവും ഇന്നില്ല. സാമ്രാജ്യത്വവും ഫാഷിസവും ആഗോളവല്‍ക്കരണവും പരിസ്ഥിതിയും ഇന്ന് എല്ലാ മുസ്‌ലിം പ്രസിദ്ധീകരണങ്ങളുടെയും വിഷയമാണ്. അതുകൊണ്ടുതന്നെ ഇന്ന് കേരളത്തിലെ ഏറ്റവും വലിയ വായനാ സമൂഹം മുസ്‌ലിംകളാണ്. പണ്ട് ഇടതുപക്ഷമായിരുന്നു ഏറ്റവും വലിയ വായനാ സമൂഹം. ഈ വളര്‍ച്ചയുടെ പിന്നില്‍ തീര്‍ച്ചയായും ഇസ്‌ലാമിനെ ഒരു സാമൂഹിക പ്രസ്ഥാനമായി അവതരിപ്പിച്ച പ്രബോധനത്തിലെ എഴുത്തുകള്‍ക്ക് പങ്കുണ്ട്.
ആശയസംവേദനത്തിന് വരമൊഴിയേക്കാള്‍ വാമൊഴിയായിരുന്നു കേരള മുസ്‌ലിംകളില്‍ കൂടുതല്‍ പ്രചാരത്തിലുണ്ടായിരുന്നത്. വഅഌകളായിരുന്നല്ലോ കേരളത്തില്‍ പണ്ടുണ്ടായിരുന്ന പ്രധാന ആശയവിനിമയ മാധ്യമം. ഇസ്‌ലാഹി പ്രസ്ഥാനവും ആശയപ്രചാരണത്തിന് പ്രധാനമായും ആശ്രയിച്ചത് പ്രസംഗങ്ങളെയും ഖണ്ഡന മണ്ഡനങ്ങളെയുമാണ്. മഖ്തി തങ്ങളും വക്കം മൗലവിയും കെ.എം മൗലവിയുമെല്ലാം പ്രസിദ്ധീകരണങ്ങള്‍ നടത്തിയിരുന്നുവെന്നത് നേരാണെങ്കിലും അതിന്റെ പ്രചാരം എത്രയായിരുന്നുവെന്നറിഞ്ഞാല്‍ അതിന്റെ സ്വാധീനവൃത്തം എത്ര പരിമിതമായിരുന്നുവെന്ന് മനസ്സിലാക്കാം. എന്നാല്‍ ജമാഅത്തെ ഇസ്‌ലാമി പ്രബോധനം പത്രം ആരംഭിച്ചതില്‍പിന്നെ ആശയപ്രചാരണത്തിന് പ്രബോധനത്തെയും പുസ്തകങ്ങളെയുമാണ് പ്രധാനമായും ആയുധമാക്കിയത്. ഇത് യഥാര്‍ഥത്തില്‍ കേരള മുസ്‌ലിംകളുടെ ഓറല്‍ ട്രഡീഷനില്‍നിന്നും വായനയിലേക്കുള്ള ഒരു പാരഡൈം ഷിഫ്റ്റായിരുന്നുവെന്നു പറയാം. ഈ പാരഡൈം ഷിഫ്റ്റാണ് യഥാര്‍ഥത്തില്‍ ഇന്ന് കേരളത്തിലെ ഏറ്റവും വലിയ വായനാസമൂഹം എന്ന അവസ്ഥ സൃഷ്ടിക്കുംവിധമുള്ള വളര്‍ച്ച സമുദായത്തില്‍ സാധ്യമാക്കിയത്.
പ്രബോധനത്തിന്റെ ഉള്ളടക്കത്തിന് മാത്രമല്ല അതിന്റെ ഭാഷക്കും മുസ്‌ലിം സമുദായത്തിന്റെ വായനാ സംസ്‌കാരത്തെ പ്രബുദ്ധമാക്കാന്‍ കഴിയുംവിധമുള്ള വ്യതിരക്തിയുണ്ടായിരുന്നു. കരുത്തും സൗന്ദര്യവും ഒരുപോലെ ഒത്തിണങ്ങിയ ശുദ്ധ മലയാളമായിരുന്നു പ്രബോധനത്തിന്റേത്. ഭാഷ ലളിതമാകണമെന്നത് ശരിതന്നെ. പക്ഷേ കൈകാര്യം ചെയ്യപ്പെടുന്ന വിഷയത്തെ ഉള്‍ക്കൊള്ളാനുള്ള ശേഷി കൂടി അതിനുണ്ടാകണം. കേവല ലാളിത്യത്തിനു വേണ്ടി ഇക്കാര്യത്തില്‍ വിട്ടു വീഴ്ച ചെയ്യാന്‍ പ്രബോധനം മെനക്കെട്ടിട്ടില്ല. അതിനാല്‍ ആദ്യവായനയില്‍ മനസ്സിലാക്കാന്‍ സ്വല്‍പം പ്രയാസമുള്ള താരതമ്യേന ഉയര്‍ന്ന ഭാഷ തന്നെയാണ് പ്രബോധനത്തിന്റേത്. പതിയേ പതിയേ ഗൗരവമായ വായനയിലേക്ക് വായനക്കാരെ വഴിനടത്തുകയായിരുന്നു പ്രബോധനം അതിലൂടെ. ഉള്ളടക്കത്തോടൊപ്പം ഭാഷയിലെ ഈ പ്രത്യേകത കൂടി ഉള്ളതുകൊണ്ടാണ് പ്രബോധനത്തിന് പൊതുസമൂഹത്തില്‍ ഇസ്‌ലാമിന്റെ ഏക വക്താവായി മാറാന്‍ കഴിഞ്ഞത്. സാഹിത്യകാരനായ എന്‍.പി മുഹമ്മദ് ജമാഅത്തെ ഇസ്‌ലാമിയെ 'സര്‍ഗാത്മക ന്യൂനപക്ഷം' എന്ന് വിശേഷിപ്പിച്ചത് മാധ്യമം പിറക്കുന്നതിന് മുമ്പാണ്. ജമാഅത്തെ ഇസ്‌ലാമിക്കാരുമായുള്ള അടുപ്പം കൊണ്ടോ അവരുടെ പ്രവര്‍ത്തനങ്ങള്‍ മനസ്സിലാക്കിയിട്ടോ അല്ല എന്‍.പി ഇങ്ങനെ പറഞ്ഞത്. മറിച്ച് പ്രബോധനത്തിന്റെ വായന മാത്രമാണ് എന്‍.പിയെ കൊണ്ട് അങ്ങനെ പറയിപ്പിച്ചത്. പൊതുവെ തനിക്ക് പരിചയമുള്ള പ്രബോധനത്തിന് അന്യമായ ഭാഷയിലും ശൈലിയിലും ജമാല്‍ മലപ്പുറം 'തിരുവരുളി'നെ വിമര്‍ശിച്ചുവെന്ന് തോന്നിയപ്പോള്‍ അതിന് ഖണ്ഡനം എഴുതാന്‍ എന്‍.പി പ്രബോധനം തന്നെ തെരഞ്ഞെടുത്തതും പ്രബോധനത്തെ പൊതുമണ്ഡലം എങ്ങനെ നോക്കിക്കണ്ടുവെന്നതിന്റെ തെളിവാണ്.
എഴുപതുകളിലും എണ്‍പതുകളിലും പ്രബോധനവും ദേശാഭിമാനിയും പല വിഷയങ്ങളിലും പലപ്പോഴും കൊമ്പ് കോര്‍ക്കാറുണ്ടായിരുന്നു. ഇസ്‌ലാമിന്റെയും കമ്യൂണിസത്തിന്റെയും സാമൂഹിക വീക്ഷണങ്ങള്‍ തമ്മിലുള്ള ആരോഗ്യകരമായ ഏറ്റുമുട്ടലായിരുന്നു അത്. ഭൗതിക വ്യവസ്ഥകളോട് ഇസ്‌ലാമികാടിത്തറയില്‍നിന്നുകൊണ്ട് വ്യക്തതയോടും ആത്മവിശ്വാസത്തോടും കൂടിയ സംവാദം കാണണമെങ്കില്‍ പ്രബോധനത്തിന്റെയും ദേശാഭിമാനിയുടെയും പഴയ ലക്കങ്ങള്‍ പരതിയാല്‍ മതി. ഇന്നത്തെ പോലെ തീവ്രവാദ-മത രാഷ്ട്രവാദ ആരോപണം അന്നുണ്ടായിരുന്നില്ല. പ്രബോധനത്തില്‍ എ.ആറും ദേശാഭിമാനിയില്‍ ഹമീദ് ചേന്ദമംഗല്ലൂരും തന്നെയായിരുന്നു ഇരുപക്ഷത്തെയും പോരാളികള്‍. പക്ഷേ ഇന്നത്തെ മാതൃഭൂമിയിലെ ഹമീദ് ചേന്ദമംഗല്ലൂരായിരുന്നില്ല ദേശാഭിമാനിയിലെ ജമാഅത്ത് വിമര്‍ശകനായിരുന്ന ഹമീദ്. എന്തൊക്കെ പറഞ്ഞാലും ദേശാഭിമാനിയിലെ ഹമീദിന് ഒരു നിലപാടു തറയുണ്ടായിരുന്നു. അത് കമ്യൂണിസ്റ്റ് സാമൂഹിക വീക്ഷണമായിരുന്നു. അല്ലാതെ ഇന്നത്തെ പോലെ സംഘ്പരിവാറിന്റെയും സാമ്രാജ്യത്വ ഇസ്‌ലാമോഫോബുകളുടെയും മെഗഫോണല്ലായിരുന്നു അന്ന് അദ്ദേഹം. പൊതുമണ്ഡലം ശ്രദ്ധിക്കുന്ന ഏക മുസ്‌ലിം പ്രസിദ്ധീകരണം പ്രബോധനമായിരുന്നുവെന്ന് സൂചിപ്പിക്കാനാണ് ആ പഴയ സംവാദം ഇവിടെ എടുത്തുപറഞ്ഞത്. അതുപോലെ ഇസ്‌ലാമും മുസ്‌ലിംകളുമായി നേര്‍ക്കു നേരെ ബന്ധമില്ലാത്ത വിഷയങ്ങളില്‍ പോലും മാതൃഭൂമിയെ പോലുള്ള വാരികകള്‍ പ്രബോധനം എഴുത്തുകാരെക്കൊണ്ട് ലേഖനങ്ങള്‍ എഴുതിപ്പിക്കുമായിരുന്നു. എണ്‍പതുകളുടെ മധ്യത്തില്‍ ആര്‍.എസ്.എസിനെ കുറിച്ച് മാതൃഭൂമി വാരിക നടത്തിയ ഒരു ചര്‍ച്ചാ പരമ്പരയില്‍ മുസ്‌ലിം എഴുത്തുകാരായുണ്ടായിരുന്നത് ഒ. അബ്ദുര്‍റഹ്മാനും വി. എ കബീറുമായിരുന്നു. ഏതാണ്ട് അതേകാലത്തു തന്നെ കേരള ഭാഷാ ഇന്‍സ്റ്റിറ്റിയൂട്ട് പ്രസിദ്ധീകരിച്ച ഇസ്‌ലാം ദര്‍ശനത്തിലെ പ്രധാന ലേഖകര്‍ പ്രബോധനം എഴുത്തുകാരായ കെ. എ സിദ്ദീഖ് ഹസന്‍, വി.എ കബീര്‍, അബ്ദുല്ല ഹസന്‍ തുടങ്ങിയവരായിരുന്നു. മാധ്യമത്തിനു മുമ്പ് തന്നെ പ്രബോധനവും പ്രബോധനം എഴുത്തുകാരും പൊതുമണ്ഡലത്തിന്റെ വായനയെ ആകര്‍ഷിക്കുകയും സ്വാധീനിക്കുകയും ചെയ്തിരുന്നു വെന്നാണ് ഇതെല്ലാം വ്യക്തമാക്കുന്നത്. പ്രബോധനത്തിന്റെ ഉള്ളടക്കത്തെ പോലെ അതിന്റെ ഭാഷയും മലയാളത്തിലെ മുഖ്യധാരാ എഴുത്തുമണ്ഡലത്തിന് സ്വീകാര്യമായിരുന്നതുകൊണ്ടാണ് ഇങ്ങനെ സംഭവിച്ചത്.
ഉള്ളടക്കത്തെ പോലെ ഭാഷയിലും പ്രബോധനവും മറ്റു മുസ്‌ലിം പ്രസിദ്ധീകരണങ്ങളും തമ്മില്‍ ഇന്ന് പറയത്തക്ക വ്യത്യാസമൊന്നുമില്ല. തെളിഞ്ഞതും ശുദ്ധവുമായ മലയാളത്തില്‍ തന്നെയാണ് ഇന്ന് ഏറക്കുറെ എല്ലാ മുസ്‌ലിം പ്രസിദ്ധീകരണങ്ങളും പുറത്തിറങ്ങുന്നത്. പ്രബോധനം മുസ്‌ലിം വായനയില്‍ ചെലുത്തിയ സ്വാധീനം തന്നെയാണ് ഇത് കാണിക്കുന്നത്. ഉള്ളടക്കത്തിലും ഭാഷയിലും മാധ്യമം വാരികയെയും മാതൃഭൂമി വാരികയെയും അനുകരിച്ചുകൊണ്ട് പ്രബോധനത്തോട് മത്സരിക്കുന്ന മുസ്‌ലിം പ്രസിദ്ധീകരണങ്ങള്‍ വരെ ഇന്നുണ്ട്. എങ്കിലും പ്രബോധനത്തെ പോലെ ഒരു സാമൂഹിക വീക്ഷണമില്ലാത്തത് അവയുടെ പോരായ്മയായി നിലനില്‍ക്കുകയാണ്.
മുസ്‌ലിംകള്‍ക്കിടയിലെ ശാഖാപരമായ തര്‍ക്കങ്ങളിലും സംവാദങ്ങളിലും വല്ലാതെ ഇടപെടാതെ ഇസ്‌ലാമിന്റെ ചിന്താ-കര്‍മവ്യവസ്ഥയെ തെളിമയോടെ അവതരപ്പിക്കാന്‍ കെട്ടും മട്ടും നന്നായിട്ടും പ്രബോധനത്തെ പോലെ മറ്റു മുസ്‌ലിം പ്രസിദ്ധീകരണങ്ങള്‍ക്കൊന്നും ഇപ്പോഴും സാധിക്കാത്തത് പ്രബോധനത്തെ പോലെ വിപ്ലവകരമായ ഒരു സാമൂഹിക വീക്ഷണം അവക്കൊന്നും ഇല്ലാത്തതുകെണ്ടാണ്. ഇസ്‌ലാമിനും ഇസ്‌ലാമിക ശരീഅത്തിനുമെതിരെ യുക്തിവാദികളും നിരീശ്വരവാദികളും ഹിന്ദുത്വവാദികളും മുസ്‌ലിം മോഡേണിസ്റ്റുകളും ആക്രമണമഴിച്ചുവിടുമ്പോള്‍ അതിനെ എല്ലാവര്‍ക്കുമായി പ്രതിരോധിക്കാന്‍ പ്രബോധനത്തിന് കഴിയുന്നതും അതുകൊണ്ടാണ്. മറ്റെല്ലാ മുസ്‌ലിം പ്രസിദ്ധീകരണങ്ങള്‍ക്കും സംഘടനാ താല്‍പര്യം മുഖ്യ പരിഗണനയാകുമ്പോള്‍ പ്രബോധനത്തിന് ഇസ്‌ലാമാണ് മുഖ്യ പരിഗണനയെന്നുള്ളതും അതിനൊരു കാരണമാണ്.
മുസ്‌ലിം മത പ്രഭാഷകരില്‍ പ്രബോധനം ചെലുത്തിയ സ്വാധീനവും എടുത്തുപറയേണ്ടതുണ്ട്. ഇസ്‌ലാമിനെ ഒരു സമഗ്ര ജീവിതവ്യവസ്ഥയായി അവതരിപ്പിക്കുന്ന ധാരാളം സുന്നീ പ്രഭാഷകര്‍ ഇന്നുണ്ട്. പ്രബോധനവും ഐ.പി.എച്ച് സാഹിത്യവുമാണ് തങ്ങളുടെ പ്രധാന അവലംബം എന്ന് അവരില്‍ പലരും തുറന്നുസമ്മതിച്ചിട്ടുമുണ്ട്. പ്രബോധനം പുറത്തിറക്കിയ മുഹമ്മദ് നബി വിശേഷാല്‍ പതിപ്പിലെ സയ്യിദ് സുലൈമാന്‍ നദ്‌വിയുടെ 'എല്ലാം തികഞ്ഞ പ്രവാചകന്‍' എന്ന ലേഖനം വള്ളിപുള്ളി വ്യത്യാസമില്ലാതെ അതേപടി ഒരു മഹാസമ്മേളനത്തില്‍ പ്രസംഗിച്ച ഒരു പ്രഭാഷകനെ എനിക്കറിയാം.
ലോകത്ത് പൊതുവെയും മുസ്‌ലിം ലോകത്ത് പ്രത്യേകിച്ചും നടക്കുന്ന സാമൂഹികവും രാഷ്ടീയവുമായ സംഭവ വികാസങ്ങളെ വിശകലനത്തോടുകൂടി അവതരിപ്പിച്ച് മലയാളി മുസ്‌ലിമിന്റെ വായനാ ചക്രവാളം വികസിപ്പിച്ചതില്‍ പ്രബോധനത്തിന്റെ പങ്ക് അനിഷേധ്യമാണ്. കേരളത്തിനു വെളിയിലും ഇന്ത്യക്കു പുറത്തുമുള്ള അറബ്, ഉര്‍ദു, ഇംഗ്ലീഷ് എഴുത്തുകാരെ എറ്റവും കൂടുതല്‍ മലയാളത്തില്‍ അവതരിപ്പിച്ചതും പ്രബോധനമാണ്.
സാമൂഹികമാറ്റത്തിന് ചാലകമാകുംവിധം ഒരു സാമൂഹിക പ്രസ്ഥാനമായി ഇസ്‌ലാമിനെ അവതരിപ്പിച്ചതാണ് പ്രബോധനത്തിന്റെ ഏറ്റവും വലിയ സവിശേഷതയെന്ന് പറഞ്ഞല്ലോ. അതിനാല്‍ നീതിയിലധിഷ്ഠിതമായ ഇസ്‌ലാമിന്റെ സാമൂഹിക-രാഷ്ട്രീയ-സാമ്പത്തികക്രമം ഭംഗിയായി അവതരിപ്പിക്കുന്നതില്‍ പ്രബോധനം വിജയിക്കുകയും ചെയ്തു. എന്നാല്‍, ഇക്കാര്യത്തിലെ അതീവ ശ്രദ്ധ ഇസ്‌ലാമിനെ ഒരു നാഗരികതയായും സംസ്‌കാരമായും അവതരിപ്പിക്കുന്നതില്‍ പ്രബോധനത്തിന് പരിമിതികളുമുണ്ടാക്കിയിട്ടുണ്ട് എന്ന് പറഞ്ഞാല്‍ തെറ്റാവില്ല. തല്‍ഫലമായി ഇസ്‌ലാമിക വിജ്ഞാനീയങ്ങള്‍ക്കും തദ്വാരാ ഇസ്‌ലാമിക സംസ്‌കാരത്തിനും കനത്ത സംഭാവന ചെയ്ത ഇമാം ഗസാലി, അബ്ദുല്‍ ഖാദിര്‍ ജീലാനി, ഇബ്‌നു അറബി, ജലാലുദ്ദീന്‍ റൂമി, അലി ഹുജ്‌വീരി, ഷാ വലിയുല്ലാഹിദ്ദഹ്‌ലവി തുടങ്ങിയവരും അവരുടെ ക്ലാസിക്ക് രചനകളും പ്രബോധനം മാത്രം വായിക്കുന്ന വായനാ സമൂഹത്തിന് അപരിചിതമാണ്. പ്രബോധനം ഗസാലി പതിപ്പ് പ്രസിദ്ധീകരിച്ചത് മറന്നുകൊണ്ടല്ല ഇത് പറയുന്നത്. ഇഹ്‌യാ ഉലൂമിദ്ദീനും ഷാ വലിയ്യുല്ലാദ്ദഹ്‌ലവിയുടെ ഹുജ്ജത്തുല്ലാഹില്‍ ബാലിഗയുമെങ്കിലും പ്രബോധനം ശ്രദ്ധിച്ചിരുന്നെങ്കില്‍ അത് രണ്ടിന്റെയും സുന്ദരമായ പരിഭാഷ മലയാളത്തിന് ലഭിക്കുമായിരുന്നു. ഈ മഹാന്മാര്‍ ഒരിക്കലും പൊറുത്തുകൊടുക്കാന്‍ ഇടയില്ലാത്തവിധം വിലക്ഷണമായ പരിഭാഷകളാണ് ആ രണ്ട് കൃതികള്‍ക്കും ഇന്ന് മലയാളത്തിലുള്ളത്. പല തരത്തില്‍ വിമര്‍ശിക്കപ്പെട്ടിട്ടുണ്ടെങ്കിലും ഇബ്‌നു അറബിയും റൂമിയും ഒരിക്കലും അവഗണിക്കേണ്ടവരല്ല. ഇപ്പോള്‍ പടിഞ്ഞാറന്‍ ബുദ്ധിജീവികളില്‍ പലരെയും ഇസ്‌ലാമിലേക്ക് ആകര്‍ഷിച്ചുകൊണ്ടിരിക്കുന്നത് ഇബ്‌നു അറബിയുടെയും മറ്റും രചനകളാണ്. ദെറീദയും ഫൂക്കോയും പോലുള്ള ഉത്തരാധുനിക ചിന്തകരെ വായിച്ച് വിശ്വാസപരമായ സന്ദേഹത്തില്‍ പെട്ടുപോയ യുവാക്കളുടെ വിശ്വാസം ഉറപ്പിക്കുന്നതില്‍ ഇബ്‌നു അറബിയുടെ എഴുത്തുകള്‍ക്ക് വലിയ പങ്കുള്ളതും നാം കാണാതിരുന്നുകൂടാ.
പ്രബോധനത്തെ കുറിച്ച എന്റെ ഒരു സ്വപ്നം കൂടി പങ്കുവെച്ച് ഈ കുറിപ്പ് അവസാനിപ്പിക്കാം. പ്രബോധനം ജമാഅത്തെ ഇസ്‌ലാമിയുടെ ഒരു മുഖപത്രമാണെന്നത് ശരി തന്നെ. മുഖപത്രത്തിന്റെ പരിമിതിയെക്കുറിച്ച് അറിയുകയും ചെയ്യാം. എന്നാലും അത് മുസ്‌ലിം സംഘടനകളുടെയും അവരുടെ പത്രങ്ങളുടെയും മാത്രം മുന്നില്‍ നടന്നാല്‍ പോരാ. പ്രസ്ഥാനത്തിന്റെയും മുന്നില്‍ നടക്കാന്‍ അതിനു കഴിയണം. എങ്കില്‍ മാത്രമേ മേല്‍ പറഞ്ഞവരെ മാത്രമല്ല ഇസ്‌ലാമിക ലോകത്തെ പുതിയ എഴുത്തുകാരെയും അവരുടെ ചിന്തകളെയും കൈരളിക്ക് പരിചയപ്പെടുത്താന്‍ പ്രബോധനത്തിന് കഴിയൂ. ഇസ്‌ലാമിക പ്രസ്ഥാനം എന്ന വ്യവഹാരം തന്നെ ഇന്ന് പണ്ടത്തെ പോലെ ഏകശിലാത്മകമല്ലല്ലോ.
Comments