മാതൃകാ വിപ്ലവത്തിന്റെ മാധ്യമ വിപ്ലവം
ഈജിപ്ഷ്യന്‍ വിപ്ലവത്തെ മാതൃകാ വിപ്ലവമെന്നാണ് അറബ് വസന്ത സ്‌നേഹികള്‍ വിശേഷിപ്പിക്കുന്നത്. ജീവഹാനിയും മാനഹാനിയും ഏറ്റവും കുറഞ്ഞ, ആഭ്യന്തര കലഹത്തിലേക്ക് വഴുതിവീഴാതെ റെക്കോര്‍ഡ് സമയത്തിനകം ഏറ്റവും വലിയ ഏകാധിപത്യ ഭരണകൂടങ്ങളിലൊന്നിനെ പൊളിച്ചിടാന്‍ സാധിച്ചുവെന്നതാണ് വിശേഷണത്തിനാധാരം. ജനമുന്നേറ്റത്തിന്റെ മിടിപ്പുകളും തുടിപ്പുകളും ജനവിരുദ്ധപാളയത്തിന്റെ കുതന്ത്രങ്ങളും കുത്സിത ശ്രമങ്ങളും യഥാസമയം ലോകത്തെ അറിയിച്ച് വിപ്ലവത്തെ വഴിതെറ്റാതെ മാതൃകായോഗ്യമാക്കിയതില്‍ അല്‍ജസീറയെപ്പോലുള്ള മാധ്യമങ്ങള്‍ വലിയ പങ്കാണ് വഹിച്ചത്.
മാധ്യമങ്ങള്‍ വിപ്ലവം സൃഷ്ടിച്ച ഈജിപ്തില്‍ ഇപ്പോള്‍ വിപ്ലവം മാധ്യമങ്ങളെ സൃഷ്ടിച്ചുകൊണ്ടിരിക്കുകയാണ്. മുബാറകിന്റെ ഏകാധിപത്യം വീണ് മാസങ്ങള്‍ പിന്നിടുമ്പോഴേക്ക് ദശക്കണക്കിന് പുതിയ സ്വകാര്യ ടി.വി ചാനലുകളും പ്രിന്റ്-ഇലക്‌ട്രോണിക് മാധ്യമങ്ങളും വെബ് സൈറ്റുകളും രംഗപ്രവേശം ചെയ്തുകഴിഞ്ഞു. ദിനന്തോറും അവയുടെ എണ്ണം പെരുകിവരികയാണ്. നവജാത വാര്‍ത്താ ചാനലുകള്‍ സ്വീകരിച്ച പേരുകള്‍ക്ക് അറബ് വസന്തത്തിന്റെ ചൂരും ചുവയുമുണ്ട്. '25 ജനുവരി'യാണ് കൂട്ടത്തില്‍ പ്രഥമന്‍. വിപ്ലവം ആരംഭിച്ച തീയതി തന്നെ ചാനലിന്റെ പേരാക്കിയതിലൂടെ മാധ്യമലോകത്ത് ഒരു പുതുയുഗപ്പിറവിയാണ് തങ്ങള്‍ അടയാളപ്പെടുത്തുന്നതെന്നാണ് ചാനലധികൃതരുടെ അവകാശവാദം. വിമോചനമെന്നര്‍ഥമുള്ള തഹ്‌രീര്‍ ആണ് മറ്റൊന്ന്. 'ധിഷണകളെ മോചിപ്പിക്കാന്‍ ജനങ്ങളാഗ്രഹിക്കുന്നു'വെന്നാണ് ചാനലിന്റെ മുദ്രാവാക്യം. മുബാറക്‌വിരുദ്ധ ജനമുന്നേറ്റം അലയടിച്ച നാളുകളില്‍ ഏറെ പ്രസിദ്ധിയാര്‍ജിച്ച 'ഭരണകൂടത്തെ വീഴ്ത്താന്‍ ജനങ്ങളാഗ്രഹിക്കുന്നു'വെന്ന മുദ്രാവാക്യത്തിന്റെ പാരഡിയാണത്. അന്നഹാര്‍ (പകല്‍), സി.ബി.സി, മോഡേണ്‍ ഹുര്‍റിയ്യ (നവസ്വാതന്ത്ര്യം), റൊട്ടാന മിസ്വ്‌രിയ്യ, അല്‍ മിസ്വ്‌റാവിയ്യ, മിസ്വ്‌റുല്‍ ഹുര്‍റ (സ്വതന്ത്ര ഈജിപ്ത്), അല്‍ മിസ്വ്‌രി (ദി ഈജിപ്ഷ്യന്‍), അസ്സ്വഈദി (ദി അപ്പര്‍ ഈജിപ്ത്) തുടങ്ങിയവയാണ് മറ്റു വാര്‍ത്താ ചാനലുകള്‍. ക്രൈസ്തവ രാഷ്ട്രീയ പാര്‍ട്ടിയായ അല്‍ മിസ്വ്‌രിയ്യൂന്‍ അല്‍ അഹറാറിന്റെ സ്ഥാപകനും വ്യവസായ പ്രമുഖനുമായ നജീബ് സാവേര്‍സ് ആരംഭിച്ച 'റമദാന്‍' പോലുള്ള വിവിധ വിഭവ ചാനലുകള്‍ അര ഡസന്‍ വേറെയുമുണ്ട്.
പത്ര മാധ്യമരംഗത്ത് ചില ദിനപത്രങ്ങളുടെ രംഗപ്രവേശം ശ്രദ്ധേയം. അല്‍യൗമുസ്സാബിഅ് (ഏഴാം പക്കം), പ്രമുഖ മാധ്യമ പ്രവര്‍ത്തകന്‍ ഇബ്‌റാഹീം ഈസ മുഖ്യപത്രാധിപരായ 'അത്തഹ്‌രീര്‍' എന്നിവ കൂട്ടത്തില്‍ പെടുന്നു. പുതിയതും പഴയതുമായ എല്ലാ ചാനലുകളും പ്രസിദ്ധീകരണങ്ങളും രേഖാ ചിത്രസംയോജനത്തിനും ദൃക്‌സാക്ഷി വിവരണത്തിനും മറ്റുമായി മൊബൈല്‍, ഫേസ്ബുക്, ട്വിറ്റര്‍ തുടങ്ങിയ സങ്കേതങ്ങളെ വ്യാപകമായി ഉപയോഗിക്കാന്‍ തുടങ്ങിയിരിക്കുന്നുവെന്നതും കൗതുകകരമാണ്.
ഗുണപരമായ മാറ്റങ്ങളും മാധ്യമങ്ങളില്‍ ദൃശ്യമായിത്തുടങ്ങിയിരിക്കുന്നു. പുതുമയാര്‍ന്ന പരിപാടികളും ജനപ്രിയ മുഖങ്ങളും പ്രേക്ഷകര്‍ക്ക് കാണാനാവുന്നുണ്ട്. മുന്‍ ഭരണകൂടത്തെ എതിര്‍ത്തിരുന്ന പ്രതിപക്ഷ നേതാക്കള്‍, വിപ്ലവം നയിച്ച യുവാക്കള്‍, പതിറ്റാണ്ടുകളായി മാധ്യമവേദികള്‍ നിഷേധിക്കപ്പെട്ടിരുന്ന ഇസ്‌ലാമിസ്റ്റുകള്‍ തുടങ്ങിയവര്‍ ചാനല്‍ ചര്‍ച്ചകളില്‍ സജീവമായി പങ്കെടുക്കുന്നതിനു പുറമെ ചിലപ്പോഴെങ്കിലും പരിപാടികള്‍ അവതരിപ്പിക്കുകയും ചെയ്യുന്നു.
ഈജിപ്ഷ്യന്‍ മാധ്യമരംഗത്ത് സംജാതമായിട്ടുള്ള കിടമത്സരത്തിന് മൂന്ന് കാരണങ്ങളുണ്ടെന്ന് കയ്‌റോ യൂനിവേഴ്‌സിറ്റിയിലെ മീഡിയാ വിഭാഗം പ്രഫസര്‍ ഡോ. സ്വഫ്‌വത്ത് നിരീക്ഷിക്കുന്നു. പുതിയ രാഷ്ട്രീയ ശക്തികള്‍ രംഗത്ത് വന്നതാണ് അതിലൊന്ന്. അടുത്തിടെ രൂപവത്കരിക്കപ്പെട്ട പാര്‍ട്ടികളും പ്രവര്‍ത്തന സ്വാതന്ത്ര്യം നിഷേധിക്കപ്പെട്ടിരുന്ന പഴയ പാര്‍ട്ടികളും ഇപ്പോള്‍ പൂര്‍ണ സ്വാതന്ത്ര്യത്തോടെ രാഷ്ട്രീയ ഗോദയിലുണ്ട്. എല്ലാവരും ആസന്നവും നിര്‍ണായകവുമായ പാര്‍ലമെന്റ്-പ്രസിഡന്റ് തെരഞ്ഞെടുപ്പുകള്‍ക്കായി ഗൃഹപാഠം ചെയ്തുകൊണ്ടിരിക്കുകയാണ്. അനുകൂലമായ പൊതുജനാഭിപ്രായ രൂപവത്കരണം എല്ലാവര്‍ക്കും മുഖ്യ അജണ്ടയാവുന്നത് എത്രയും സ്വാഭാവികം. അതിന് വാര്‍ത്താ മാധ്യമങ്ങളേക്കാള്‍ പറ്റിയ സങ്കേതം മറ്റെന്തുണ്ട്?
ചില കുത്തകകളുടെ സാമ്പത്തിക താല്‍പര്യങ്ങളാണ് രണ്ടാമത്തെ കാരണം. വിപ്ലവാനന്തര രാഷ്ട്രീയ സാഹചര്യത്തില്‍ നിലനില്‍പ് അപകടത്തിലായേക്കുമെന്നാശങ്കയുള്ള പഴയ ചില താപ്പാനകള്‍ ചാനലുകളുള്‍പ്പെടെയുള്ള വാര്‍ത്താ മാധ്യമങ്ങളെയാണ് തങ്ങളുടെ സുരക്ഷാ ചുമതല ഏല്‍പിക്കാന്‍ തീരുമാനിച്ചിട്ടുള്ളത്.
വിപ്ലവാനന്തരമുള്ള രാഷ്ട്രീയവും നിയമപരവുമായ മരവിപ്പിനെ ചൂഷണം ചെയ്ത് എത്രയും വേഗം സ്വന്തമായ മാധ്യമ സ്ഥാപനം ഉണ്ടാക്കിയെടുക്കാന്‍ ചിലര്‍ കിണഞ്ഞു ശ്രമിക്കുന്നതാണ് മൂന്നാമത്തെ കാരണം. തെരഞ്ഞെടുക്കപ്പെട്ട സര്‍ക്കാര്‍ വന്ന് മാധ്യമങ്ങളെ സംബന്ധിച്ച പുതിയ നിയമങ്ങളും നിയന്ത്രണങ്ങളും അടിച്ചേല്‍പിക്കുന്നതിന് മുമ്പായി നിലവിലെ അരാജകാവസ്ഥ ഉപയോഗപ്പെടുത്തുന്നതായിരിക്കും ബുദ്ധിയെന്ന് അവര്‍ മനസ്സിലാക്കിയിരിക്കുന്നു. 'ഭൂനിയമങ്ങള്‍ വരുന്നതിന് മുമ്പേ കൃഷി നിലത്ത് കൂറ്റന്‍ കെട്ടിടം പണിത് നില ഭദ്രമാക്കുന്നതുപോലെ' എന്നാണ് ഡോ. സ്വഫ്‌വത്തിന്റെ അടിക്കുറിപ്പ്.
സ്വകാര്യ മാധ്യമരംഗത്ത് വമ്പിച്ച വിപ്ലവം അരങ്ങുതകര്‍ക്കുമ്പോഴും ദേശീയ ടി.വി ചാനലുകളും പത്രങ്ങളും അതൊന്നും അറിഞ്ഞ മട്ടില്ല. രാജ്യം ഇപ്പോഴും ഹുസ്‌നി മുബാറക് തന്നെയാണ് ഭരിക്കുന്നത് എന്ന വിചാരമാണ് അധികൃതര്‍ക്ക്. ഡോ. മുഹമ്മദുല്‍ ബറാദഈ, ഡോ. അഹ്മദ് സുവൈല്‍, ബിലാല്‍ ഫദ്ല്‍, ഹംദി ഖിന്തീല്‍ തുടങ്ങി മുബാറക് യുഗത്തില്‍ അനഭിമതരായിരുന്ന പല പ്രശസ്ത കോളമിസ്റ്റുകളും പത്രത്താളുകളിലേക്ക് തിരിച്ചുവന്നിട്ടുണ്ടെന്നത് നേരാണെങ്കിലും ദേശീയ പത്രങ്ങള്‍ വിപ്ലവപൂര്‍വാവസ്ഥയെ കൈവിടുന്നില്ല. എന്നല്ല, വിപ്ലവത്തെ ഗര്‍ഭഛിദ്രം നടത്താനും പ്രതിവിപ്ലവം കൊണ്ടുവരാനുമൊക്കെ അവ ശ്രമിക്കുന്നുണ്ടോയെന്നു കൂടി സംശയിക്കേണ്ടിയിരിക്കുന്നു.
Comments