Prabodhanm Weekly

Pages

Search

2011 ഡിസംബര്‍ 3

ബ്രദര്‍ഹുഡ് ലിബിയയിലും ശക്തി പ്രാപിക്കുന്നു

ഇബ്റാഹീം ശംനാട്

മുഅമ്മര്‍ ഖദ്ദാഫിയുടെ കിരാത ഭരണത്തില്‍ കഴിഞ്ഞ നാല് ദശാബ്ദത്തോളമായി അടിച്ചമര്‍ത്തപ്പെട്ടിരുന്ന, അറബ് ലോകത്തുടനീളം വേരുകളും സ്വാധീനവുമുള്ള മുസ്ലിം ബ്രദര്‍ഹുഡ് അറബ് വസന്തത്തിന്റെ പ്രഭാതകുളിരേറ്റ് ശക്തിപ്രാപിച്ച് വരികയാണ്. ഇരുപത്തിയഞ്ച് വര്‍ഷത്തിന് ശേഷമാണ് ഇഖ്വാന് ലിബിയയില്‍ ഒരു പൊതുസമ്മേളനം നടത്താന്‍ സാധിച്ചത്. നവംബര്‍ 18-ന് യോഗം ഉദ്ഘാടനം ചെയ്യവെ 'ഞങ്ങളെയും ലിബിയന്‍ ജനതയെയും സംബന്ധിച്ചേടത്തോളം ഇത് ഒരു ചരിത്ര സുദിന'മാണെന്ന് അതിന്റെ നേതാവ് സുലൈമാന്‍ അബ്ദുല്‍ ഖാദറിനെ കൊണ്ട് പറയിച്ചതും മറ്റൊന്നായിരുന്നില്ല.
ഖദ്ദാഫിയുടെ ഭരണകാലത്ത് അടിച്ചമര്‍ത്തപ്പെടുമെന്ന ഭയത്താല്‍ രഹസ്യമായോ വിദേശത്ത് വെച്ചോ യോഗം ചേര്‍ന്നിരുന്നെങ്കിലും ലിബിയക്കകത്ത്വെച്ച് കാല്‍ നൂറ്റാണ്ടിനിടയില്‍ മുസ്ലിം ബ്രദര്‍ഹുഡിന്റെ ആദ്യ സമ്മേളനമായിരുന്നു ഇതെന്ന് സംഘടനയുടെ ഭാരവാഹികള്‍ വ്യക്തമാക്കി. ഇപ്പോള്‍ അധികാരത്തിലിരിക്കുന്ന താല്‍ക്കാലിക ഭരണസമിതിയിലെ ഉത്തരവാദപ്പെട്ട ഉദ്യോഗസ്ഥന്മാര്‍ക്ക് പുറമെ ഇസ്ലാമിക കാര്യാലയ മന്ത്രി സാലിം അല്‍ ശൈഖലി, പ്രതിരോധ മന്ത്രി ജലാല്‍ അല്‍ ദിഗൈലി എന്നിവരും ബിന്‍ഗാസിയില്‍ ചേര്‍ന്ന ഇഖ്വാന്റെ സമ്മേളനത്തില്‍ പങ്കെടുക്കുകയുണ്ടായി. നേതാവിനെ തെരെഞ്ഞെടുക്കാനും രാഷ്ട്രീയ പാര്‍ട്ടി രൂപവത്കരണം സംബന്ധിച്ച നയപരമായ തീരുമാനങ്ങള്‍ കൈകൊള്ളുന്നതിനും വേണ്ടിയായിരുന്നു സമ്മേളനം വിളിച്ച് ചേര്‍ത്തത്. ഇസ്ലാമിക മൂല്യങ്ങളോട് പ്രതിബദ്ധതയുള്ള ഒരു സിവില്‍ സ്റേറ്റ് എന്ന ആശയത്തെ ബ്രദര്‍ഹുഡ് പിന്താങ്ങുമെന്ന് അദ്ദേഹം പറഞ്ഞു. ഈ രാജ്യം അതിലുള്ള എല്ലാ വിഭാഗം ജനങ്ങള്‍ക്കും അവകാശപ്പെട്ടതാണ്. അതിന്റെ നിര്‍മാണത്തില്‍ എല്ലാവരും ഭാഗഭാക്കാവേണ്ടതുണ്ടെന്നും അദ്ദേഹം ഓര്‍മിപ്പിച്ചു.
ഇഖ്വാനുല്‍ മുസ്ലിമൂന്‍ നേതാവ് സുലൈമാന്‍ അബ്ദുല്‍ ഖാദര്‍, ഖദ്ദാഫിക്കെതിരെ നടന്ന ഈ വിപ്ളവത്തെ മുക്തകണ്ഠം പ്രശംസിക്കുകയും ലിബിയയിലെ വിവിധ കക്ഷികള്‍ യോജിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. ലിബിയയുടെ പുനര്‍നിര്‍മാണം ഒരു മഹാ യത്നം തന്നെയാണ്. അത് ഏതെങ്കിലും ഒരു ഗ്രൂപ്പിന് ഒറ്റക്ക് ചെയ്യാന്‍ കഴിയുന്നതല്ല. ഒരോരുത്തരുടെയും കഴിവനുസരിച്ച് അതില്‍ ഭാഗഭാക്കാവണം. ബിന്‍ഗാസിയിലെ ഒരു കല്യാണമണ്ഡപത്തില്‍ 700 ഓളം പേര്‍ പങ്കെടുത്ത യോഗത്തില്‍ അദ്ദേഹം പറഞ്ഞു. സംഘടനയുടെ മിതവാദ നിലപാടിനെ അദ്ദേഹം ശക്തമായി ഊന്നിപ്പറഞ്ഞു. ഒരു മര്‍ദക ഭരണത്തെ മറ്റൊന്ന് കൊണ്ട് പകരം വെക്കാന്‍ നാം ഉദ്ദേശിക്കുന്നില്ല. എല്ലാറ്റിനുമുപരി നിത്യജീവിതത്തില്‍ ഇസ്ലാമിന്റെ മിതവാദ നിലപാട് സ്വീകരിക്കുന്ന ഒരു പൊതുസമൂഹത്തിന്റെ നിര്‍മിതിയാണ് നാം ഉദ്ദേശിക്കുന്നത്. ഇപ്പോള്‍ നമ്മുടെ എല്ലാവരുടെയും കൂട്ടായ ഉത്തരവാദിത്വം ലിബിയയെ സംരക്ഷിക്കുക എന്നതാണ്. പരസ്പരം പോരാടുന്നതിന് പകരം നാം ആശയ വിനിമയം നടത്തുകയാണ് വേണ്ടത്.
അടുത്ത ജൂണ്‍ മാസത്തില്‍ നിയമസഭ തെരെഞ്ഞെടുപ്പ് നടത്താന്‍ ബാധ്യസ്ഥമായ ഇടക്കാല മന്ത്രിസഭയില്‍ ബ്രദര്‍ഹുഡ് അംഗങ്ങള്‍ പങ്കാളിത്തം വഹിക്കുമോ എന്ന റോയിട്ടറുടെ ചോദ്യത്തിന് അദ്ദേഹം ഇങ്ങനെ പറഞ്ഞു: "ചിലര്‍ അവരുടെ യോഗ്യതയും കഴിവുമനുസരിച്ച് അതില്‍ ചേര്‍ന്നെന്ന് വരാം. പക്ഷേ ഒരു സംഘടന എന്ന നിലയില്‍ ഈ ഘട്ടത്തില്‍ ഞങ്ങള്‍ ചേരുന്നില്ല.''
പുതിയ നേതൃത്വം വരുമ്പോള്‍ ഇപ്പോഴത്തെ നേതൃത്വം താഴെ ഇറങ്ങുമെന്നും ലിബിയ ജനാധിപത്യത്തിലേക്ക് നീങ്ങുമ്പോള്‍ പാര്‍ട്ടി സ്വീകരിക്കേണ്ട നയനിലപാടുകളെ കുറിച്ച് ചര്‍ച്ച ചെയ്യുമെന്നും അദ്ദേഹം വ്യക്തമാക്കി. അടുത്ത വര്‍ഷത്തെ തെരെഞ്ഞെടുപ്പില്‍ മറ്റു ഇസ്ലാമിക സംഘടനകളുമായി ചേര്‍ന്ന് സംഖ്യമുണ്ടാക്കുമോ എന്ന ചോദ്യത്തോട് പ്രതികരിക്കാന്‍ അദ്ദേഹം വിസമ്മതിച്ചു. ലിബിയന്‍ ജനതയുടെ ആഗ്രഹാഭിലാഷങ്ങള്‍ യാഥാര്‍ഥ്യമാക്കുന്നവരെ ഞങ്ങള്‍ പിന്തുണക്കുമെന്ന് അദ്ദേഹം പറഞ്ഞു.
ലിബിയ തീവ്ര മുസ്ലിം രാഷ്ട്രമായി പരിവര്‍ത്തിതമാവുമോ എന്നതിനെ കുറിച്ച ആശങ്ക നിലനില്‍ക്കുന്നുണ്ടായിരുന്നു. കഴിഞ്ഞ മാസം താല്‍ക്കാലിക ഭരണകൂടത്തിന്റെ നേതാവ് മുസ്ത്വഫ അബ്ദുല്‍ ജലീല്‍ പുതിയ ലിബിയ ഇസ്ലാമിക ശരീഅത്ത് നിയമം അനുസരിച്ചുള്ള രാഷ്ട്രമായിരിക്കും എന്ന് പ്രസ്താവിച്ചത് പാശ്ചാത്യ രാഷ്ട്രങ്ങളില്‍ വലിയ അങ്കലാപ്പ് സൃഷ്ടിച്ചിരുന്നു. പിന്നീട് അദ്ദേഹം അത് ഇങ്ങനെ തിരുത്തി പറയുകയും ചെയ്തു: "ലിബിയ ഒരു തീവ്ര ഇസ്ലാമിക രാഷ്ട്രമായിരിക്കുകയില്ല. മധ്യമ ഇസ്ലാമാണ് ഞങ്ങളുടേത്.''

Comments

Other Post

ഖുര്‍ആന്‍ ബോധനം

ഖുര്‍ആന്‍ ബോധനം