മദ്യം ഒരു കറവപ്പശു
മദ്യം മനുഷ്യന്റെ ശാരീരികവും മാനസികവുമായ ആരോഗ്യത്തിന് ഹാനികരമാകുന്നു എന്ന കാര്യത്തില്‍ മതങ്ങള്‍ക്കിടയിലോ മതേതര ദര്‍ശനങ്ങള്‍ക്കിടയിലോ തര്‍ക്കമില്ല. മറ്റു പല തിന്മകളെയും പോലെ മദ്യപാനവും പുരാതന കാലം മുതലേ മനുഷ്യരില്‍ സ്വാധീനം നേടിയിട്ടുണ്ട്. സമൂഹത്തിന്റെ സുസ്ഥിതിക്കും സാംസ്‌കാരിക പുരോഗതിക്കും ഈ ദുശ്ശീലം നിര്‍മാര്‍ജനം ചെയ്യേണ്ടത്, ചുരുങ്ങിയ പക്ഷം നിയന്ത്രിക്കുകയെങ്കിലും ചെയ്യേണ്ടത് - ദരിദ്ര സമൂഹങ്ങളില്‍ വിശേഷിച്ചും- അനിവാര്യമാണെന്നതിലുമില്ല രണ്ടഭിപ്രായം. രാഷ്ട്രപിതാവ് മഹാത്മാ ഗാന്ധി സ്വാതന്ത്ര്യ സമരകാലത്ത് അഹിംസയോളം തന്നെ പ്രാധാന്യം കല്‍പിച്ചിരുന്ന ആശയമാണ് മദ്യവര്‍ജനം. ബ്രിട്ടീഷ് അധികാരികള്‍ക്കെതിരിലെന്ന പോലെ മദ്യഷാപ്പുകള്‍ക്കെതിരിലും അന്ന് കോണ്‍ഗ്രസ്സുകാര്‍ സത്യഗ്രഹമനുഷ്ഠിച്ചിരുന്നു. വിദേശാധിപത്യത്തില്‍നിന്ന് മാത്രമല്ല, മദ്യത്തില്‍ നിന്നു കൂടി മുക്തമായ മാതൃഭൂമിയായിരുന്നു അവരുടെ സ്വപ്നം. ഈ സ്വപ്നം കണക്കിലെടുത്തുകൊണ്ടാണ് ഭരണഘടനാ ശില്‍പികള്‍ മദ്യനിരോധനം രാഷ്ട്രത്തിന്റെ മാര്‍ഗദര്‍ശക തത്ത്വങ്ങളിലൊന്നായി രേഖപ്പെടുത്തിയത്. പക്ഷേ, ഈ മാര്‍ഗദര്‍ശക തത്ത്വം കടലാസിലൊതുങ്ങിയതാണ് പില്‍ക്കാല അനുഭവം.
കാലങ്ങളായി നിലനില്‍ക്കുന്ന ഒരു സമ്പ്രദായം ഒറ്റയടിക്ക് നിരോധിക്കുക അപ്രായോഗികമാണ് എന്നായിരുന്നു ആദ്യകാല നിലപാട്. കൂടാതെ മദ്യോല്‍പാദനവും വിതരണവുമായി ബന്ധപ്പെട്ട തൊഴിലുകളിലേര്‍പ്പെട്ട ആയിരക്കണക്കിനാളുകളുടെ പുനരധിവാസവും സാവകാശമേ സാധ്യമാകൂ. അതുകൊണ്ട് മദ്യപാനം നിയന്ത്രണങ്ങളിലൂടെ കുറച്ചു കൊണ്ടുവന്ന് ക്രമേണ പൂര്‍ണ വിരാമത്തിലെത്തിക്കുകയാണ് കരണീയമെന്നംഗീകരിക്കപ്പെട്ടു. പക്ഷേ, കേരള സംസ്ഥാനം രൂപവത്കരിച്ചിട്ട് അരനൂറ്റാണ്ട് പിന്നിട്ടു. ഇതിനകം മാറി മാറി വന്ന ഗവണ്‍മെന്റുകള്‍ ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങളുടെ ഫലമെന്താണ്? വര്‍ഷം തോറും മദ്യത്തിന്റെ ഉല്‍പാദനവും വിതരണവും വര്‍ധിച്ചുവരുന്നു. ജനങ്ങള്‍ കൂടുതല്‍ കൂടുതല്‍ മദ്യാസക്തരായി കൊണ്ടിരിക്കുന്നു. ഇന്ന് രാജ്യത്ത് ഏറ്റവുമധികം മദ്യപാനികളുള്ള സംസ്ഥാനമാണ് കേരളം. ഇവിടെ നടക്കുന്ന സാമൂഹിക വിരുദ്ധ-മാഫിയാ പ്രവര്‍ത്തനങ്ങളിലും കവര്‍ച്ചയിലും കൊള്ളയിലും സ്ത്രീപീഡനത്തിലും പെണ്‍വാണിഭത്തിലുമെല്ലാം മദ്യത്തിന് വലുതായ സ്ഥാനമുണ്ട്. നാട്ടില്‍ വര്‍ധിച്ചുവരുന്ന റോഡപകടങ്ങളില്‍ 40 ശതമാനവും മദ്യപിച്ച് വാഹനമോടിക്കുന്നതു മൂലമുണ്ടാകുന്നതാണെന്ന് റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നു.
നിയമങ്ങളും നിയന്ത്രണങ്ങളും ഏറെയുണ്ടായിട്ടും മദ്യാസക്തിയും അതിന്റെ ദൂഷ്യങ്ങളും നാള്‍ക്കുനാള്‍ വളരുന്നതെന്തുകൊണ്ടാണ്? ഉത്തരം ലളിതമാണ്. നിയമങ്ങളുടെയും നിയന്ത്രണങ്ങളുടെയും യഥാര്‍ഥ ലക്ഷ്യം മദ്യവര്‍ജനമല്ല. ജനങ്ങളുടെ മദ്യവിരുദ്ധ വികാരം മുതലെടുത്ത് മദ്യപാനികളെ ചൂഷണം ചെയ്യുകയാണ്. ചൂഷിതരുടെ എണ്ണം പെരുകുകയാണ് ചൂഷകര്‍ക്കാവശ്യം. കേരള സംസ്ഥാനം രൂപം കൊള്ളുമ്പോള്‍ മലബാര്‍ മദ്യനിരോധിത പ്രദേശമായിരുന്നു. ഈ നിരോധം തിരുകൊച്ചിയിലേക്ക് വ്യാപിപ്പിക്കുന്നതിനു പകരം തിരുകൊച്ചിയിലെ മദ്യാനുവാദം മലബാറിലേക്ക് വ്യാപിപ്പിക്കുകയാണ് കമ്യൂണിസ്റ്റ് സര്‍ക്കാര്‍ ചെയ്തത്. ബഹുതല ലാഭമുള്ള ഏര്‍പ്പാടാണ് മദ്യവ്യവസായം. മദ്യ വ്യാപാരിക്കും വിതരണക്കാരനും ലാഭം. സര്‍ക്കാര്‍ ഖജനാവിന് നികുതി. ഉദ്യോഗസ്ഥര്‍ക്ക് കൈക്കൂലി. രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് വന്‍ സംഭാവനകള്‍. എ.കെ ആന്റണിയുടെ ചാരായനിരോധനം മാറ്റിനിര്‍ത്തിയാല്‍ ഈ ലാഭങ്ങളൊക്കെ നിലനിര്‍ത്താനും പോഷിപ്പിക്കാനുമുള്ള വിദ്യകളാണ് സര്‍ക്കാര്‍ കൊണ്ടുവരുന്ന നിയമങ്ങളും നിയന്ത്രണങ്ങളും. ഈ രീതിയിലുള്ള ജനവഞ്ചനയുടെ ഏറ്റവും പുതിയതും പ്രകടവുമായ ഉദാഹരണമാണ് ഇപ്പോഴത്തെ യു.ഡി.എഫ് ഗവണ്‍മെന്റ് അതിന്റെ ആദ്യ മാസങ്ങളില്‍ കാഴ്ചവെച്ചിരിക്കുന്നത്.
മദ്യത്തിന്റെ ഉല്‍പാദനവും വിതരണവും നിയന്ത്രിക്കുക, പുതിയ മദ്യശാലകള്‍ അനുവദിക്കാതിരിക്കുക, മദ്യവിതരണം അനുവദിക്കുന്നതില്‍ തദ്ദേശ ഭരണസ്ഥാപനങ്ങള്‍ക്ക് അധികാരം നല്‍കുന്ന പഞ്ചായത്തീ രാജ് - നഗരപാലിക നിയമത്തിലെ 232, 247 വകുപ്പുകള്‍ പുനഃസ്ഥാപിക്കുക, വിപലുമായ മദ്യവിരുദ്ധ ബോധവത്കരണം സംഘടിപ്പിക്കുക തുടങ്ങിയ ഒട്ടേറെ വാഗ്ദാനങ്ങള്‍ നല്‍കിക്കൊണ്ടാണ് യു.ഡി.എഫ് ജനങ്ങളുടെ വോട്ട് നേടിയത്. അധികാരമേറ്റ ഗവണ്‍മെന്റിന്റെ ആദ്യത്തെ നൂറിന പരിപാടിയില്‍ ഇപ്പറഞ്ഞതൊന്നും സ്ഥാനം പിടിച്ചില്ല. എന്നല്ല, പ്രഖ്യാപിത നയം അടുത്ത വര്‍ഷത്തേക്ക് നീട്ടിവെച്ചുകൊണ്ട് പുതിയ മദ്യശാലകള്‍ക്കനുമതി നല്‍കുന്നതില്‍ അതിവേഗം ബഹുദൂരം മുന്നേറുന്നതാണ് കണ്ടത്. അഞ്ചു കൊല്ലം കൊണ്ട് എല്‍.ഡി.എഫ് ഗവണ്‍മെന്റ് കൊടുത്തതിലേറെ ലൈസന്‍സുകള്‍ അര കൊല്ലം കൊണ്ട് കൊടുക്കാന്‍ ശ്രമിക്കുകയായിരുന്നു ഉമ്മന്‍ചാണ്ടി ഗവണ്‍മെന്റ്.
ഒടുവില്‍ കോണ്‍ഗ്രസ് നേതാവ് വി.എം സുധീരനും യു.ഡി.എഫ് ഘടകകക്ഷിയായ മുസ്‌ലിം ലീഗിനും മുസ്‌ലിം-ക്രൈസ്തവ മത സംഘടനകളുമെല്ലാം അതിനെതിരെ രംഗത്തു വരേണ്ടിവന്നു. യു.ഡി.എഫ് ഉപസമിതി യോഗം ചേര്‍ന്ന്, പുതുതായി മദ്യശാലകള്‍ക്ക് ലൈസന്‍സ് നല്‍കുന്നത് നിര്‍ത്തിവെക്കാന്‍ ഗവണ്‍മെന്റിനോട് ശിപാര്‍ശ ചെയ്തത് അവരുടെ പ്രതിഷേധത്തിന്റെ വിജയമാണ്. പക്ഷേ, ഉപസമിതിയുടെ ശിപാര്‍ശ പാലിക്കപ്പെടുമോ, അതോ മദ്യനയം തുരങ്കം വെക്കപ്പെട്ടതുപോലെ അതും തുരങ്കം വെക്കപ്പെടുമോ എന്ന ആശങ്ക ബാക്കി നില്‍ക്കുന്നുണ്ട്.
മദ്യവ്യവസായത്തെ ഒരു കറവപ്പശുവായി കണക്കാക്കുന്ന സമ്പ്രദായം സര്‍ക്കാറും അവരെ വാഴിക്കുന്ന രാഷ്ട്രീയ കക്ഷികളും അവസാനിപ്പിക്കാതെ മദ്യാസക്തിയെ കേരളീയ സമൂഹത്തെ ബാധിച്ച മാരക രോഗമായി പരിഗണിക്കാനോ യഥാര്‍ഥ ചികിത്സാ നടപടികള്‍ സ്വീകരിക്കാനോ കഴിയില്ല. മദ്യനികുതിയിലൂടെ ഭരണമാഘോഷിക്കുന്ന ഗവണ്‍മെന്റിനും മദ്യ രാജാക്കന്മാരിലൂടെ പോഷണം നേടുന്ന രാഷ്ട്രീയക്കാര്‍ക്കും എങ്ങനെയാണ് യഥാര്‍ഥ മദ്യവര്‍ജനത്തെക്കുറിച്ച് ആത്മാര്‍ഥമായി ആലോചിക്കാനാവുക? ആര്‍ജവവും ഇഛാശക്തിയുമുള്ള നടപടികളെടുക്കാനാവുക? ഇതൊക്കെ സര്‍ക്കാറുകളിലുണ്ടാവണമെങ്കില്‍ ആദ്യം അവരെ നിയമിക്കുന്ന പാര്‍ട്ടികളിലുണ്ടാവണം. പാര്‍ട്ടികളില്‍ അതുണ്ടാക്കേണ്ടത് ജനങ്ങളാണ്. ജനങ്ങള്‍ക്ക് അത് കഴിയുമോ? കുറച്ചൊക്കെ കഴിയുമെന്നതിന്റെ സൂചനയാണ് യു.ഡി.എഫ് ഉപസമിതിയുടെ ശിപാര്‍ശ.
Comments