Prabodhanm Weekly

Pages

Search

2011 ഡിസംബര്‍ 3

നാല്‍പതാം ദേശീയദിനം ആഘോഷിക്കുന്ന യു.എ.ഇ

നാസര്‍ ഊരകം

ഐക്യ അറബ് എമിറേറ്റ്‌സ് എന്ന രാജ്യം രൂപീകൃതമായിട്ട് നാല്‍പതാണ്ടുകള്‍ പിന്നിടുകയാണ്. രാഷ്ട്ര പിതാവ് ശൈഖ് സായിദ് അല്‍ നഹ്‌യാന്റെ ശക്തമായ നേതൃത്വത്തില്‍ 1971-ലാണ് ഏഴ് എമിറേറ്റ്‌സുകളെ ഏകീകരിച്ച് ഒറ്റ രാഷ്ട്രമാക്കിയത്. കൂട്ടായ്മയുടെ രാഷ്ട്രീയ വിജയമാണ് യു.എ.ഇയുടെ വിജയദിനം. പാശ്ചാത്യ കോളനിയായിരുന്ന ഈ പ്രദേശത്തെ ഒരു രാഷ്ട്രമായി പരിവര്‍ത്തിപ്പിക്കുക വളരെ പ്രയാസകരമാണെന്നായിരുന്നു എല്ലാവരുടെയും കണക്കുകൂട്ടല്‍. ക്രാന്തദര്‍ശിയായ രാഷ്ട്ര നേതാക്കളുടെ വിട്ടുവീഴ്ച മനസ്സും ഭാവനാപൂര്‍ണമായ നടപടികളുമാണ് രാഷ്ട്രം എന്ന സ്വപ്നം സാക്ഷാത്കരിച്ചതും അതിനെ മധ്യപൂര്‍വ ദേശത്തെ വ്യാപാര തലസ്ഥാനമാക്കി പുരോഗതിപ്പെടുത്തിയതും.
ക്രമസമാധാനം, ആരോഗ്യം, വിദ്യാഭ്യാസം, സ്ത്രീ ശാക്തീകരണം തുടങ്ങിയ മേഖലകളിലെല്ലാം രാഷ്ട്രം വന്‍ കുതിച്ചുചാട്ടമാണ് നടത്തിയിരിക്കുന്നത്. അന്താരാഷ്ട്ര തലത്തിലും അറബ് ഗള്‍ഫ് മേഖലകളിലും രാഷ്ട്രം സ്വന്തവും മാന്യവുമായ ഒരിടം കണ്ടെത്തി.
സ്വദേശികളെപ്പോലെ വിദേശികളും ഇവിടത്തെ നിയമങ്ങളിലും ഭരണ പരിഷ്‌കാരങ്ങളിലും സംതൃപ്തരാണ്. സ്വന്തം നാട്ടിലെന്ന പോലെ പ്രവാസി സമൂഹത്തിനു സ്വതന്ത്രമായി ജീവിക്കാന്‍ കഴിയുന്ന ഗള്‍ഫ് രാജ്യങ്ങളിലൊന്നാണ് യു.എ.ഇ. ഈയിടെ അമേരിക്കന്‍ വിദേശകാര്യ വകുപ്പ് ലോക മനുഷ്യാവകാശം സംബന്ധിച്ച് പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടില്‍ യു.എ.ഇക്ക് മുന്തിയ സ്ഥാനം നല്‍കുകയുണ്ടായി. ഭൂരിപക്ഷം വരുന്ന പ്രവാസിസമൂഹത്തിന് വലിയ സുരക്ഷാബോധമാണ് രാഷ്ട്രം നല്‍കുന്നത്.
സ്ത്രീകള്‍ക്ക് സമൂഹത്തില്‍ മാന്യമായ സ്ഥാനവും പരിഗണനയും ലഭിക്കണമെന്നും അതിനാല്‍ സ്ത്രീവിദ്യാഭ്യാസത്തെ പ്രോത്സാഹിപ്പിക്കണമെന്നും രാഷ്ട്രപിതാവ് ശൈഖ് സായിദ് വിഭാവന ചെയ്തതിന്റെ സദ്ഫലങ്ങള്‍ രാജ്യത്ത് ഏതൊരാള്‍ക്കും ദര്‍ശിക്കാവുന്നതാണ്. വനിതാ മന്ത്രിമാരും അംബാസഡര്‍മാരും പാര്‍ലമെന്റ് മെമ്പര്‍മാരുമെല്ലാം ഗള്‍ഫ് രാഷ്ട്രങ്ങളില്‍ യു.എ.ഇക്ക് മാത്രം അവകാശപ്പെടാവുന്ന ഒന്നാണ്. ഗവണ്‍മെന്റ് ഓഫീസുകളിലും സ്വകാര്യ സ്ഥാപനങ്ങളിലുമെല്ലാം സ്ത്രീകള്‍ക്ക് മുന്തിയ പരിഗണനയാണുള്ളത്.
പൂര്‍വികരുടെ കപ്പല്‍വഴികളും ഒട്ടകവഴികളും മറക്കാതെയും പാരമ്പര്യത്തെയും പൈതൃകത്തെയും കൈവിടാതെയുമാണ് പുതിയ ഭരണകര്‍ത്താക്കള്‍ രാജ്യത്തെ നയിക്കുന്നത്. വന്യമൃഗ സംരക്ഷണത്തിന് ഉത്സാഹം കാണിക്കുന്ന ഭരണാധികാരികള്‍ മരുഭൂമിയെ പച്ച പുതപ്പിക്കാനും അതീവ ശ്രദ്ധ പുലര്‍ത്തുന്നത് യു.എ.ഇയിലെത്തുന്ന ഏതൊരു സഞ്ചാരിക്കും ബോധ്യപ്പെടും.
ജീവകാരുണ്യ പ്രവര്‍ത്തനങ്ങളില്‍ യു.എ.ഇ എപ്പോഴും മുന്നിലാണ്. സോമാലിയയിലും സുഡാനിലും പട്ടിണി കിടക്കുന്നവര്‍ക്ക് അന്നം നല്‍കാനും പ്രകൃതി ദുരന്തങ്ങളില്‍ പെട്ട് ദുരിതം പേറുന്നവര്‍ക്ക് സാന്ത്വനം നല്‍കാനും യു.എ.ഇ ഓടിയെത്താറുണ്ട്. യു.എ.ഇയുടെ മേല്‍നോട്ടത്തില്‍ സ്ഥാപിച്ച മസ്ജിദുകളും വിദ്യാലയങ്ങളും അനാഥാലയങ്ങളും ലോകത്തെമ്പാടും കാണാം.
അമ്പലവും ചര്‍ച്ചും നിര്‍മിച്ചു നല്‍കി എല്ലാ മതവിശ്വാസികള്‍ക്കും ആരാധനാ സ്വാതന്ത്ര്യം നല്‍കി മതസൗഹാര്‍ദ രംഗത്തും യു.എ.ഇ തനതായ മുദ്ര പതിപ്പിച്ചിട്ടുണ്ട്.
അഞ്ചു പതിറ്റാണ്ട് കാലം അധ്വാനത്തിന്റെയും ആഹ്ലാദത്തിന്റെയും കുഴല്‍ വിളികളുമായി കേരളീയരുടെ ജീവിതത്തിന്റെ തൊട്ടിലായി നിലകൊണ്ട ഒരു രാജ്യം ഇനിയും എത്രയോ കാലം തങ്ങള്‍ക്ക് താങ്ങാവുമെന്ന പ്രത്യാശയിലാണ് ഇവിടത്തെ പ്രവാസി സമൂഹം.

Comments

Other Post

ഖുര്‍ആന്‍ ബോധനം

ഖുര്‍ആന്‍ ബോധനം