Prabodhanm Weekly

Pages

Search

2011 ഡിസംബര്‍ 3

അറബ് വസന്തം: പുതിയ പ്രതീക്ഷകള്‍; പുതിയ സര്‍ക്കാറുകള്‍

അറബ് വസന്തം:  പുതിയ പ്രതീക്ഷകള്‍; പുതിയ സര്‍ക്കാറുകള്‍

വടക്കന്‍ ആഫ്രിക്കയിലെ അറബ് രാജ്യങ്ങളില്‍ ഡിസംബറിന്റെ ശൈത്യത്തിലും വസന്തം തുടരുകയാണ്. തുനീഷ്യയിലും ലിബിയയിലും പുതുതായി സ്ഥാനമേറ്റ ഇടക്കാല സര്‍ക്കാറുകള്‍ പുതിയ പ്രതീക്ഷകളാണ് രാജ്യത്തെ ജനങ്ങള്‍ക്ക് നല്‍കിയിരിക്കുന്നത്. അയല്‍ രാജ്യങ്ങളായ മൊറോക്കോവില്‍ നവംബര്‍ 25-നും ഈജിപ്തില്‍ 28-നും നടക്കുന്ന തെരഞ്ഞെടുപ്പിലൂടെ പുതിയ പാര്‍ലമെന്റുകള്‍ നിലവില്‍ വരും. സ്വതന്ത്രവും നിഷ്പക്ഷവുമായ തെരഞ്ഞെടുപ്പ് നടക്കുന്ന മുസ്‌ലിം രാജ്യങ്ങളില്‍ ഇസ്‌ലാമിക പാര്‍ട്ടികള്‍ക്കാണ് നേട്ടം കൈവരിക്കാനായത് എന്നതാണ് പച്ചയായ സത്യം.

 

ത്രികക്ഷി ഭരണത്തിലൂടെ തുനീഷ്യയില്‍ ഐക്യസര്‍ക്കാര്‍
അറബ് വസന്തം ആരംഭിച്ച തുനീഷ്യയില്‍ നടന്ന ആദ്യ ജനാധിപത്യ തെരഞ്ഞെടുപ്പില്‍ ഭൂരിപക്ഷം നേടിയ അന്നഹ്ദ പാര്‍ട്ടി, കോണ്‍ഗ്രസ് പാര്‍ട്ടി ഫോര്‍ റിപ്പബ്ലിക്ക്, തകത്തുല്‍ എന്നീ കക്ഷികളെ കൂട്ടുപിടിച്ചാണ് സര്‍ക്കാര്‍ രൂപവത്കരിച്ചത്. അന്നഹ്ദയുടെ സെക്രട്ടറി ജനറലായ ഹമ്മാദി അല്‍ജിബാലി പ്രധാനമന്ത്രിയായപ്പോള്‍ കോണ്‍ഗ്രസ്സിന്റെ മുന്‍സിഫ് മര്‍സൂഖി പ്രസിഡന്റായും തകത്തുലിന്റെ മുസ്ത്വഫ ജഅ്ഫര്‍ ഭരണഘടനാസഭ മേധാവിയായും നവംബര്‍ 21-ന് സ്ഥാനമേറ്റു.
ഒക്‌ടോബര്‍ 23-ന് നടന്ന തെരഞ്ഞെടുപ്പില്‍ അന്നഹ്ദ 217-ല്‍ 89 സീറ്റ് നേടി ഏറ്റവും വലിയ കക്ഷിയായപ്പോള്‍ മറ്റു രണ്ട് പാര്‍ട്ടികള്‍ക്കും യഥാക്രമം 29, 20 സീറ്റുകളാണ് ലഭിച്ചിരുന്നത്. മുന്നണി രൂപവത്കരണത്തിലൂടെ രൂപപ്പെട്ട ധാരണയുടെ അടിസ്ഥാനത്തില്‍ പ്രധാനമന്ത്രി സ്ഥാനത്തേക്ക് 62കാരനായ ഹമ്മാദിയെയും പ്രസിഡന്റ് സ്ഥാനത്തേക്ക് 66കാരനായ മര്‍സൂഖിയെയും ഐക്യകണ്‌ഠേനയാണ് തെരഞ്ഞെടുത്തത്. ഭരണഘടനാസഭ മേധാവി സ്ഥാനത്തേക്ക് മുസ്ത്വഫ ജഅ്ഫറിന് 217-ല്‍ 145 വോട്ടുകള്‍ ലഭിച്ചു. 71കാരനായ ജഅ്ഫറിന്റെ നേതൃത്വത്തിലാണ് 1959 മുതല്‍ രാജ്യത്ത് നിലവിലുള്ള ഭരണഘടന പരിഷ്‌കരിക്കുക. ഒരു വര്‍ഷത്തിനകം ജനകീയ സര്‍ക്കാറിന് ഭരണം കൈമാറലാണ് പുതിയ സര്‍ക്കാറിന്റെ മുഖ്യ ദൗത്യം.

 

ലിബിയ: എട്ട് മാസത്തേക്കുള്ള ഇടക്കാല സര്‍ക്കാര്‍ സ്ഥാനമേറ്റു
അബ്ദുര്‍റഹ്മാന്‍ അല്‍കേബിന്റെ നേതൃത്വത്തിലുള്ള ഇടക്കാല സര്‍ക്കാറാണ് വിപ്ലവാനന്തര ലിബിയയില്‍ നവംബര്‍ 22-ന് സ്ഥാനമേറ്റത്. ഖദ്ദാഫിയുടെ ഏകാധിപത്യത്തിനെതിരെയുള്ള പോരാട്ടത്തില്‍ പങ്കെടുത്ത എല്ലാ വിഭാഗങ്ങള്‍ക്കും രാജ്യത്തിന്റെ വിവിധ പ്രദേശങ്ങള്‍ക്കും അര്‍ഹമായ പ്രാതിനിധ്യം നല്‍കി ഇടക്കാല സര്‍ക്കാറിന് പരമാവധി ജനസ്വീകാര്യത നേടിയെടുക്കാനാണ് അല്‍കേബ് ശ്രമിക്കുന്നത്. സന്‍താനില്‍ സൈനിക മേധാവിയായിരുന്ന ഉസാമ അല്‍ജുവൈലിക്ക് പ്രതിരോധം, മസര്‍റാതില്‍ നിന്നുള്ള നാഷ്‌നല്‍ ട്രാന്‍സിഷന്‍ കൗണ്‍സില്‍ (എന്‍.ടി.സി) അംഗം ഫൗസി അബ്ദുല്‍ ആലിക്ക് വിദേശകാര്യം, അബ്ദുര്‍റഹ്മാന്‍ ബിന്‍ യസ്സക്ക് പെട്രോള്‍, ഉര്‍ജം എന്നിങ്ങനെയാണ് മുഖ്യ വകുപ്പുകള്‍ നല്‍കിയിരിക്കുന്നത്. യോഗ്യതയും മുന്‍ പരിചയവും പരിഗണിച്ച് ലിബിയയുടെ എല്ലാ പ്രദേശത്തെയും പ്രതിനിധീകരിക്കുന്ന സര്‍ക്കാര്‍ രൂപവത്കരിക്കാനാണ് താന്‍ ശ്രമിച്ചിട്ടുള്ളതെന്ന് അല്‍കേബ് വ്യക്തമാക്കി.


യുവാക്കളെ അണിനിരത്തി മൊറോക്കോ ഇസ്‌ലാമിസ്റ്റുകള്‍

ത്തുടര്‍ന്ന് ജൂലൈ മാസത്തില്‍ ഭരണഘടനാ പരിഷ്‌കരണത്തിലൂടെ പുതിയ തെരഞ്ഞെടുപ്പിനെ നേരിടുകയാണ് മൊറോക്കോ. 30-ലധികം പാര്‍ട്ടികള്‍ മാറ്റുരക്കുന്ന പാര്‍ലമെന്റിലെ 395 സീറ്റില്‍ ഇസ്‌ലാമിക പാര്‍ട്ടിയായ ജസ്റ്റിസ് ആന്റ് ഡവലപ്‌മെന്റ് മേല്‍കൈ നേടുമെന്നാണ് പ്രതീക്ഷിക്കുന്നത്. എന്നാല്‍ ഇതിനെതിരെ രാജ്യത്തെ എട്ട് ഇടത്, വലത് കക്ഷികള്‍ 'എട്ട്കൂട്ട'വും മൂന്ന് പാര്‍ട്ടികള്‍ ചേര്‍ന്ന് മറ്റൊരു മുന്നണിയും ഒരുക്കിയിട്ടുണ്ട്. 395-ല്‍ 305 സീറ്റിലേക്കാണ് തെരഞ്ഞെടുപ്പ് നടക്കുക. ബാക്കി സീറ്റുകളിലേക്ക് സ്ത്രീകളടങ്ങുന്ന പ്രതിനിധികളെ നാമനിര്‍ദേശം ചെയ്യും. ഏറ്റവും കൂടുതല്‍ സീറ്റ് കിട്ടുന്ന പാര്‍ട്ടിയെ രാജാവ് മുഹമ്മദ് ആറാമന്‍ സര്‍ക്കാര്‍ രൂപവത്കരിക്കാന്‍ ക്ഷണിക്കുന്നതാണ് മൊറോക്കോവിലെ രീതി.
യുവാക്കളെയും വിദ്യാസമ്പന്നരെയും പുതുമുഖങ്ങളെയും അണിനിരത്തിയാണ് ജസ്റ്റിസ് ആന്റ് ഡവലപ്‌മെന്റ് പാര്‍ട്ടി ജനവിധി തേടുന്നത്. തങ്ങളുടെ സ്ഥാനാര്‍ഥികളുടെ ശരാശരി പ്രായം 43 ആണെന്ന് സെക്രട്ടറി ജനറല്‍ അബ്ദുല്‍ ഇലാഹ് ബിന്‍ കീറാന്‍ പറഞ്ഞു. 20 വയസ്സുള്ള ഹുസൈന്‍ ഇദ്‌രീസിയാണ് ഏറ്റവും പ്രായം കുറഞ്ഞ സ്ഥാനാര്‍ഥി. 23 ശതമാനം പേര്‍ക്ക് ഡോക്ടറേറ്റ്, 54 ശതമാനം പേര്‍ക്ക് മാസ്റ്റര്‍ ഡിഗ്രി, 16 ശതമാനം പേര്‍ക്ക് ബിരുദം, 6 ശതമാനം പേര്‍ക്ക് സെക്കന്ററി എന്നിങ്ങനെയാണ് പാര്‍ട്ടിയിലെ സ്ഥാനാര്‍ഥികളുടെ വിദ്യാഭ്യാസ യോഗ്യത.
നിലവിലെ പ്രധാനമന്ത്രി അബ്ബാസ് അല്‍ഫാസി നേതൃത്വം നല്‍കുന്ന ഇന്‍ഡിപെന്റന്റ് പാര്‍ട്ടി, മുന്‍ ധനകാര്യ മന്ത്രി സലാഹുദ്ദീന്‍ മസ്‌വാര്‍ നേതൃത്വം നല്‍കുന്ന നാഷ്‌നല്‍ ലീഗ് ഫോര്‍ ഇന്‍ഡിപെന്റന്റ് എന്നിവയാണ് ജസ്റ്റിസ് ആന്റ് ഡവലപ്‌മെന്റ് പാര്‍ട്ടിയുടെ മുഖ്യ പ്രതിയോഗികള്‍.
സ്വതന്ത്രവും നിഷ്പക്ഷവുമായ തെരഞ്ഞെടുപ്പ് നടന്നാല്‍ 80 മുതല്‍ 90 വരെ സീറ്റുകള്‍ തങ്ങള്‍ക്ക് ലഭിക്കുമെന്നാണ് ബിന്‍ കീറാന്‍ പ്രതീക്ഷിക്കുന്നത്.


സൈനികഭരണത്തിനെതിരെ താക്കീത്
ഭരണത്തില്‍ സൈന്യത്തിനുള്ള സ്വാധീനം അരക്കിട്ടുറപ്പിക്കുന്ന ഭരണഘടനയുമായി നവംബര്‍ 28-ലെ തെരഞ്ഞെടുപ്പിനെ നേരിടാനുള്ള നീക്കത്തിനെതിരെയാണ് ജനലക്ഷങ്ങള്‍ വീണ്ടും കയ്‌റോവിലെ തഹ്‌രീര്‍ ചത്വരത്തില്‍ തടിച്ചുകൂടിയത്. ദശക്കണക്കിനാളുകള്‍ക്ക് ജീവന്‍ നഷ്ടപ്പെടാനും നൂറുക്കണക്കിന് പേര്‍ക്ക് പരിക്കേല്‍ക്കാനും പ്രക്ഷോഭം കാരണമായി. ഇതേത്തുടര്‍ന്ന് ഇസാം ശറഫിന്റെ ഇടക്കാല സര്‍ക്കാര്‍ രാജിവെച്ചപ്പോള്‍ കാവല്‍ മന്ത്രിസഭക്ക് രൂപം നല്‍കാനുള്ള ഒരുക്കത്തിലാണ് സൈനിക നേതൃത്വം. പ്രക്ഷോഭകരെ അടച്ചമര്‍ത്താന്‍ ശ്രമിച്ചതാണ് പ്രശ്‌നം കൂടുതല്‍ പ്രദേശങ്ങളിലേക്ക് പടരാന്‍ കാരണം. പ്രകടനക്കാര്‍ക്കെതിരെ വെടിയുതിര്‍ത്തവരെ വിചാരണ ചെയ്യണമെന്നും കൊല്ലപ്പെട്ടവരുടെ കുടുംബത്തിന് നഷ്ടപരിഹാരം നല്‍കണമെന്നും തടവിലാക്കിയവരെ ഉടന്‍ മോചിപ്പിക്കണമെന്നും ഫ്രീഡം ആന്റ് ജസ്റ്റിസ് പാര്‍ട്ടി നേതാവ് മുഹമ്മദ് മുര്‍സി ആവശ്യപ്പെട്ടിട്ടുണ്ട്.
നവംബറില്‍ ഈജിപ്ഷ്യന്‍ പാര്‍ലമെന്റിലേക്കും ജനുവരിയില്‍ ശൂറാ കൗണ്‍സിലിലേക്കും തെരഞ്ഞെടുപ്പ് നടത്തുമെന്ന് നേരത്തെ പ്രഖ്യാപിച്ചതാണ്. തഹ്‌രീര്‍ ചത്വരത്തില്‍ ജനങ്ങള്‍ തടച്ചുകൂടിയതോടെ അടുത്ത വര്‍ഷം മധ്യത്തില്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പ് നടത്തുമെന്നും സൈനിക നേതൃത്വത്തില്‍ നിന്ന് സിവില്‍ ഭരണത്തിലേക്കുള്ള മാറ്റം വേഗത്തിലാക്കുമെന്നും നേതൃത്വം പ്രഖ്യാപിച്ചിട്ടുണ്ട്. പാര്‍ലമെന്റിലേക്ക് 498 പേരെയും ശൂറാ കൗണ്‍സിലിലേക്ക് 270 പ്രതിനിധികളെയുമാണ് വിധിയെഴുത്തിലൂടെ തെരഞ്ഞെടുക്കുക. മൂന്ന് പതിറ്റാണ്ട് നീണ്ട മുബാറക് ഏകാധിപത്യത്തിന് ശേഷം നടക്കുന്ന ആദ്യ സ്വതന്ത്ര തെരഞ്ഞെടുപ്പില്‍ ഇഖ്‌വാനുല്‍ മുസ്‌ലിമൂന്‍ നേതൃത്വം നല്‍കുന്ന ഫ്രീഡം ആന്റ് ജസ്റ്റിസ് പാര്‍ട്ടി മികച്ച വിജയം നേടുമെന്നാണ് നിരീക്ഷകര്‍ പ്രതീക്ഷിക്കുന്നത്. ജനവിധി ഇഖ്‌വാന് അനുകൂലമാണെങ്കില്‍ അത് അംഗീകരിക്കാന്‍ തങ്ങള്‍ സന്നദ്ധമാണെന്ന് അമേരിക്ക സൂചിപ്പിച്ചിട്ടുണ്ട്.

Comments

Other Post

ഖുര്‍ആന്‍ ബോധനം

ഖുര്‍ആന്‍ ബോധനം