Prabodhanm Weekly

Pages

Search

2011 ഡിസംബര്‍ 3

പ്രതിഷേധ കൊടുങ്കാറ്റുയര്‍ത്തി സോളിഡാരിറ്റിയുടെ സെക്രട്ടറിയേറ്റ് ഉപരോധം

സാമിര്‍ ജലീല്‍ ഉള്ള്യേരി

തിരുവനന്തപുരം: അധിനിവേശ വിരുദ്ധ പോരാട്ടത്തിന്റെ കരുത്തുറ്റ പാരമ്പര്യം നെഞ്ചോട് ചേര്‍ത്ത് പിടിച്ച് മലബാറിലെ യുവത വികസന അസന്തുലിതത്വത്തിനെതിരെ നടത്തിയ സെക്രട്ടറിയേറ്റ് ഉപരോധം ഭരണസിരാകേന്ദ്രത്തെ അക്ഷരാര്‍ഥത്തില്‍ പിടിച്ചു കുലുക്കി. സെക്രട്ടറിയേറ്റ് സമരങ്ങളുടെ മുന്‍കാല ചരിത്രങ്ങള്‍ തിരുത്തിക്കുറിച്ച് പുലര്‍ച്ചെ തന്നെ നിരോധിത മേഖലയായ കണ്‍ടോണ്‍മെന്റ് ഗേറ്റിലേക്ക് ഇരച്ചെത്തി മുദ്രാവാക്യം വിളികളുമായി ഉപരോധം തുടങ്ങിയപ്പോള്‍ തന്നെ പോലീസ്- ഭരണ ആസ്ഥാനങ്ങളിലേക്ക് സമരത്തിന്റെ തീക്ഷ്ണതയെ കുറിച്ചുള്ള സന്ദേശങ്ങള്‍ പോയിക്കഴിഞ്ഞിരുന്നു.
മലബാര്‍ മേഖലയോട് പതിറ്റാണ്ടുകളായി ഭരണാധികാരികള്‍ കാണിക്കുന്ന വികസന വിവേചനത്തിനെതിരെ സോളിഡാരിറ്റി സംഘടിപ്പിച്ച സെക്രട്ടറിയേറ്റ് ഉപരോധം പ്രതിഷേധത്തിന്റെ കൊടുങ്കാറ്റായി മാറുകയായിരുന്നു. നാല് കവാടങ്ങളും സെക്രട്ടറിയേറ്റ് അനക്സും ഉപരോധിച്ച് നടത്തിയ പ്രതിഷേധത്തില്‍ ഭരണസിരാകേന്ദ്രം സ്തംഭിച്ചു. സ്ത്രീകളും കുട്ടികളുമടക്കം ആയിരങ്ങള്‍ പങ്കെടുത്ത പ്രതിഷേധം വിവേചനങ്ങള്‍ക്കെതിരായ താക്കീതായി. കണ്‍ടോണ്‍മെന്റ് ഗേറ്റിലെ സമരക്കാരെ നീക്കിയ ശേഷമാണ് ജീവനക്കാരില്‍ കുറച്ചുപേര്‍ക്കെങ്കിലും സെക്രട്ടറിയേറ്റിനകത്ത് കടക്കാന്‍ കഴിഞ്ഞത്.
മലബാറിനോട് ഇരുമുന്നണികളും കാട്ടുന്ന പൊറുക്കാനാവാത്ത വിവേചനത്തിനെതിരെ ഉയര്‍ന്നു വരുന്ന പ്രക്ഷോഭം വിപ്ളവ കൊടുങ്കാറ്റാവുമെന്നും അത് രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ക്ക് വെല്ലുവിളി ഉയര്‍ത്തുമെന്നും ഉപരോധം ഉദ്ഘാടനം ചെയ്തുകൊണ്ട് ജമാഅത്തെ ഇസ്ലാമി സംസ്ഥാന ജന. സെക്രട്ടറി പി. മുജീബുര്‍റഹ്മാന്‍ പറഞ്ഞു. മലബാര്‍ ജില്ലകളുടെ പിന്നാക്കാവസ്ഥ പരിഹരിക്കാന്‍ സ്പെഷ്യല്‍ പാക്കേജ് പ്രഖ്യാപിക്കണമെന്നും ഇതിനായി സര്‍ക്കാര്‍ കമീഷനെ നിയോഗിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. പതിറ്റാണ്ടുകളായി വികസന പിന്നാക്കാവസ്ഥ നേരിടുന്ന മലബാറിന്റെ വിഷയം ഗൌരവമായി സമീപിക്കാന്‍ സര്‍ക്കാര്‍ തയാറായില്ലെങ്കില്‍ ഗുരുതരമായ പ്രത്യാഘാതങ്ങള്‍ ഉണ്ടാവും. ഈ സമരം ഒരു മേഖലയുടെ സാമൂഹിക നീതിക്കു വേണ്ടിയുള്ള പോരാട്ടമാണ്. ഭരണകൂടങ്ങള്‍ക്കും മുഖ്യധാരാ രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ക്കും ഏറെ കാലം ഇത് കണ്ടില്ലെന്ന് നടിക്കാന്‍ കഴിയില്ല. ജനങ്ങള്‍ തെരുവിലിറങ്ങി ഭരണാധികാരികളില്‍നിന്ന് അവകാശങ്ങള്‍ പിടിച്ചുവാങ്ങുന്ന കാലമാണ് ഇതെന്ന് ഓര്‍ക്കണം. നാടിന്റെ സ്വാതന്ത്യ്രത്തിനുവേണ്ടി അധിനിവേശ ശക്തികളോട് നടത്തിയ പതിറ്റാണ്ടുകള്‍ നീണ്ടുനിന്ന തീക്ഷ്ണമായ സ്വാതന്ത്യ്ര സമര പോരാട്ടമാണ് മലബാര്‍ വികസന പരമായി പിന്നാക്കമാവാന്‍ ഒരു കാരണമെങ്കില്‍ ഇഛാശക്തിയും ആര്‍ജവവും ഉള്ള രാഷ്ട്രീയ നേതൃത്വം മലബാറില്‍ ഇല്ലാതെ പോയതാണ് മറ്റൊരു കാരണം. മലബാറിന് കേരള വികസനത്തില്‍ ചെലവല്ലാതെ വരവില്ല എന്നതാണ് വസ്തുത. സെക്രട്ടറിയേറ്റ് അനക്സ് കോഴിക്കോട് സ്ഥാപിക്കാന്‍ സര്‍ക്കാര്‍ തയാറാവണം. അഴിമതിക്കെട്ടുമായി പടിയിറങ്ങുന്ന മന്ത്രിമാര്‍ക്കാണ് ഹൈക്കോടതി ബെഞ്ച് തിരുവനന്തപുരത്ത് വന്നാല്‍ പ്രയോജനമുണ്ടാവുക. വിദ്യാഭ്യാസ വകുപ്പ് ദീര്‍ഘകാലം കൈകാര്യം ചെയ്തത് മലബാറിലെ ലീഗ് മന്ത്രിമാരാണ്. എന്നാല്‍ വിദ്യാഭ്യാസ രംഗത്ത് മലബാര്‍ ഇന്നും വട്ടപ്പൂജ്യമാണ്. സായിപ്പിന്റെ മനസുമായി ഇന്നും സെക്രട്ടറിയേറ്റില്‍ വാഴുന്ന കറുത്ത സായിപ്പുമാരെ ജനം പിടിച്ചിറക്കുക തന്നെ ചെയ്യും. കേരളീയ സമൂഹത്തെ സമരം പഠിപ്പിച്ച സോളിഡാരിറ്റിയുടെ പ്രക്ഷോഭം കണ്ടില്ലെന്ന് നടിക്കുന്നവര്‍ക്ക് വികസനത്തിനും അവകാശങ്ങള്‍ക്കും വേണ്ടി തെലുങ്കാനയിലും ഝാര്‍ഖണ്ഡിലും ഉയര്‍ന്നുവരുന്ന പ്രക്ഷോഭങ്ങള്‍ പാഠമാവണമെന്നും മുജീബുര്‍റഹ്മാന്‍ പറഞ്ഞു.
സംസ്ഥാന ജനസംഖ്യയുടെ ദരിദ്രരില്‍ 30 ശതമാനവും മലബാറിലാണെന്ന യാഥാര്‍ഥ്യം ഗൌരവമുള്ളതാണെന്നും മലബാര്‍ നേരിടുന്ന രൂക്ഷമായ വികസന പ്രതിസന്ധിയാണ് ഇത് കാണിക്കുന്നതെന്നും അധ്യക്ഷത വഹിച്ച സോളിഡാരിറ്റി സംസ്ഥാന പ്രസിഡന്റ് പി.ഐ നൌഷാദ് പറഞ്ഞു. മലബാറുകാരെ രണ്ടാംകിട പൌരന്മാരായി കാണുന്ന ഉദ്യോഗസ്ഥ ദുഷ്പ്രഭുത്വവും രാഷ്ട്രീയ നേതൃത്വവും അവരുടെ നിലപാട് തിരുത്തണം. തുടര്‍ച്ചയായി നീതി നിഷേധിക്കപ്പെടുമ്പോള്‍ ഒരു ജനത അക്രമാസക്തരായി മാറാനാണ് സാധ്യതയെന്ന് മുഖ്യന്ത്രി ഓര്‍ക്കണമെന്നും പി.ഐ നൌഷാദ് പറഞ്ഞു.
തുല്യനീതി ജനാധിപത്യ സംവിധാനത്തില്‍ അനിവാര്യമാണെന്ന് മാധ്യമപ്രവര്‍ത്തകന്‍ ഭാസുരേന്ദ്രബാബു പറഞ്ഞു. അധികാര കേന്ദ്രങ്ങളെ ജനാധിപത്യപരമായി ഉപരോധിക്കുന്നതിലൂടെ ലോകത്തെമ്പാടുമുള്ള ജനകീയ പ്രക്ഷോഭങ്ങളില്‍ കണ്ണിചേരുകയാണ് മലബാറിലെ ജനത ചെയ്യുന്നത്. സംസ്ഥാന വികസനത്തിന്റെ ഏറിയ പങ്കും തിരുകൊച്ചിയില്‍ മാത്രം കേന്ദ്രീകരിക്കുന്നതിലൂടെ നിര്‍ദാക്ഷിണ്യമായ അധികാരശക്തിയാണ് നടപ്പിലാകുന്നത്. ഇത് ജനാധിപത്യ സംവിധാനത്തിന് ചേര്‍ന്നതല്ല. മലബാര്‍ നിവര്‍ത്തന പ്രക്ഷോഭം ഉയര്‍ത്തിപ്പിടിക്കുന്നത് അവകാശ ബോധത്തിന്റെ രാഷ്ട്രീയമാണെന്നും ഹൈക്കോടതി ബഞ്ച് സ്ഥാപിക്കേണ്ടത് കോഴിക്കോട്ടാണെന്നും അദ്ദേഹം പറഞ്ഞു. പ്രക്ഷോഭങ്ങളുടെ മടിത്തട്ടിലാണ് ലോകം. അധികാര കേന്ദ്രങ്ങളെ ജനകീയ ഇഛാശക്തിയില്‍ വളയുകയും ജനം അവകാശങ്ങള്‍ പിടിച്ചെടുക്കുകയും ചെയ്യുന്ന പൂക്കാലമാണിതെന്നും ഭാസുരേന്ദ്രബാബു പറഞ്ഞു.
മലബാറിലെ ജനത ഇന്ന് ഏതെങ്കിലും അര്‍ഥത്തില്‍ സുഭിക്ഷത അനുഭവിക്കുന്നുവെങ്കില്‍ അത് പ്രവാസത്തിന്റെ പിന്‍ബലത്തില്‍ മാത്രമാണെന്നും ഇതിന്റെ പങ്ക് പറ്റാന്‍ ഒരു രാഷ്ട്രീയ കക്ഷിക്കും അവകാശമില്ലെന്നും പി.ഡി.പി വര്‍കിംഗ് കമ്മിറ്റി ചെയര്‍മാന്‍ അഡ്വ. അക്ബറലി പറഞ്ഞു.
മലബാറുകാരന്റെ ആത്മാഭിമാനത്തെ ചോദ്യം ചെയ്യുന്ന ധിക്കാരങ്ങള്‍ വെച്ചുപൊറുപ്പിക്കാന്‍ ജനങ്ങള്‍ തയാറാവില്ലെന്ന് ഭരണ മാടമ്പിമാര്‍ മനസ്സിലാക്കണമെന്ന് സോളിഡാരിറ്റി സംസ്ഥാന ജന: സെക്രട്ടറി ടി. മുഹമ്മദ് വേളം പറഞ്ഞു. മലബാറിന്റെ വികസന പിന്നാക്കാവസ്ഥ പരിഹരിക്കാന്‍ എന്‍.വൈ.എല്‍ പ്രക്ഷോഭത്തിനിറങ്ങുമെന്ന് ഐ.എന്‍.എല്‍ സംസ്ഥാന പ്രസിഡന്റ് ബുഹാരി മന്നാനി പറഞ്ഞു. ബാറുകള്‍ക്കും മദ്യഷാപ്പുകള്‍ക്കും ലൈസന്‍സ് അനുവദിക്കുന്നതില്‍ മാത്രമാണ് സര്‍ക്കാര്‍ മലബാറിനോട് വിവേചനം കാണിക്കാത്തതെന്ന് മദ്യനിരോധന സമിതി സംസ്ഥാന ജന. സെക്രട്ടറി ഇയ്യച്ചേരി കുഞ്ഞികൃഷ്ണന്‍ പറഞ്ഞു. മലബാര്‍ വികസന പ്രക്ഷോഭത്തെ വിഘടനവാദമായി മുദ്രകുത്താനും അതിന്റെ മറവില്‍ ന്യായമായ സമരത്തെ ഇല്ലായ്മചെയ്യാനുമാണ് ചിലര്‍ ശ്രമിക്കുന്നതെന്ന് എസ്.ഐ.ഒ സംസ്ഥാന പ്രസിഡന്റ് ശിഹാബ് പൂക്കോട്ടൂര്‍ പറഞ്ഞു.
സോളിഡാരിറ്റി സംസ്ഥാന സമിതിയംഗം കെ.എ ശഫീഖ്, സംസ്ഥാന സെക്രട്ടറി റസാഖ് പാലേരി എന്നിവര്‍ സംസാരിച്ചു.
കാസര്‍കോട്ടെ എന്‍ഡോസള്‍ഫാന്‍ വിക്ടിംസ് ഫോറം പ്രവര്‍ത്തകര്‍ സമരത്തിന് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ച് പ്രകടനം നടത്തി. മലബാര്‍ വിവേചനം പ്രമേയമാക്കി സോളിഡാരിറ്റി എറണാകുളം കീരന്‍കുന്ന് യൂനിറ്റ് പ്രവര്‍ത്തകര്‍ അവതരിപ്പിച്ച ഓട്ടന്‍തുള്ളല്‍, നവാസ് പാലേരിയും സംഘവും അവതരിപ്പിച്ച നാടന്‍ പാട്ടുകള്‍. ചെണ്ടമേളം തുടങ്ങിയവ സമരത്തിന് ആരവമേകി. മലബാര്‍ വിവേചനത്തിലെ ഏറ്റവും വലിയ ബലിയാടായ കാസര്‍കോട് ജില്ലയിലെ വടക്കേ അറ്റത്തുള്ളവര്‍ കന്നടഭാഷയില്‍ മുദ്രാവാക്യം വിളിച്ച് നടത്തിയ പ്രകടനം നിരന്തര അവഗണനക്കെതിരെയുള്ള കനത്ത താക്കീതായിരുന്നു.
വിവിധ ഗേറ്റുകളില്‍ നടത്തിയ ഉപരോധത്തിന് ജില്ലാ പ്രസിഡന്റുമാരായ അബ്ദുല്ല കാസര്‍കോട്, ഫൈസല്‍ ബത്തേരി, എ.ടി ശറഫുദ്ദീന്‍, ശിഹാബുദ്ദീന്‍ ഇബ്നുഹംസ, കളത്തില്‍ ഫാറൂഖ്, ഫാറൂഖ് ഉസ്മാന്‍ എന്നിവരും എം. സാജിദ്, സി. ദാവൂദ്, മഖ്ബൂല്‍ കണ്ണൂര്‍, എം. മുഹമ്മദ് ഉമ്മര്‍, വി.എ അബൂബക്കര്‍, എന്‍.കെ സലാം, ജലീല്‍ മോങ്ങം, കെ.എ ഫൈസല്‍ എന്നിവരും നേതൃത്വം നല്‍കി.

Comments

Other Post

ഖുര്‍ആന്‍ ബോധനം

ഖുര്‍ആന്‍ ബോധനം