മലബാര്‍ വികസനം ഇന്നും കൊളോണിയല്‍ രീതിയില്‍
സോളിഡാരിറ്റിയുടെ മലബാര്‍ നിവര്‍ത്തന പ്രക്ഷോഭത്തിന്റെ ഭാഗമായി പ്രബോധനം പ്രസിദ്ധീകരിച്ച 'വിവേചനത്തിന്റെ കടലാഴങ്ങള്‍' (പ്രബോധനം, ഒക്ടോബര്‍ 15) എന്ന ലേഖനത്തിലെ വസ്തുതകള്‍ ഏതു സാമൂഹിക ശാസ്ത്രജ്ഞനെയും ഇരുത്തിചിന്തിപ്പിക്കുന്നു. വളരെ മുമ്പുതന്നെ ഇത്തരം ആശയങ്ങള്‍ ഈ പ്രദേശത്ത് ഉരുത്തിരിഞ്ഞുവരികയും വികസനം സംബന്ധിച്ച് ചില സംഘടനകള്‍ ശബ്ദമുയര്‍ത്തുകയും ചെയ്തത് ഓര്‍മിച്ചുപോകുന്നു. ഈ ലേഖകന്‍ തന്നെ 2008-ല്‍ ഷാര്‍ജയിലെ ഒരു വിദ്യാഭ്യാസ സമ്മേളനത്തിലും 2011 ജൂലൈ 4-ന് കോഴിക്കോട്ട് നടന്ന പ്രവാസികളുടെ ഒരു വിദ്യാഭ്യാസ സെമിനാറിലും ഇവിടത്തെ പിന്നാക്കാവസ്ഥയെപ്പറ്റി സംസാരിച്ചതോര്‍ക്കുന്നു.
എന്നാല്‍, പ്രശ്നം സംബന്ധിച്ച ഈ ആശയത്തിന് രാഷ്ട്രീയതലത്തില്‍ വോട്ടുബാങ്കുമായി ബന്ധപ്പെടുത്തി ഏതു വിധത്തില്‍ ഉത്തരം കണ്ടെത്താന്‍ കഴിയുമെന്നതാണ് പ്രത്യയശാസ്ത്രപരമായ അടിസ്ഥാന തത്ത്വം. എയര്‍ഇന്ത്യ ഓരോ അവസരവും മലബാറിലെ പാവപ്പെട്ട തൊഴിലാളികളില്‍ നിന്ന് കവര്‍ന്നെടുക്കുന്ന വന്‍ ടിക്കറ്റ് ചാര്‍ജിനെപ്പറ്റി 2008-ല്‍ ഷാര്‍ജയിലെ യോഗത്തില്‍ മന്ത്രി വയലാര്‍ രവിക്ക് കൊടുത്ത മെമ്മോറാണ്ടം ഈ വിഷയത്തില്‍ ഓര്‍ത്തുപോകുന്നു. 2011-ല്‍ കോഴിക്കോട് പ്രവാസി സമ്മേളനത്തിലും ഇതേ മെമ്മോറാണ്ടം അവര്‍ നല്‍കുന്നു. ഗാന്ധിയന്‍ ഉപ്പുസമരം പോലെ എന്താണ് കര്‍മപദ്ധതിയെന്നതാണ് ഇവിടെ അടിസ്ഥാന പ്രശ്നം.
മലബാര്‍ 1792 മുതല്‍ 1947 വരെ ബ്രിട്ടന്റെ കോളനിവാഴ്ചയിലായിരുന്നു. ഇവിടത്തെ റയറ്റുവാരി ഭൂനിയമവും കൂടിയായ്മകളും അബ്കാരി നിയമവും എല്ലാം ഒത്തുചേര്‍ന്ന് യാതൊരുവിധ മൂലധന ശേഖരണത്തിനും സാധ്യതയില്ലാതാക്കി. റയറ്റുവാരിയില്‍ തന്നെ കാസര്‍കോട്ടെ കൃഷിക്കാര്‍ ഉല്‍പാദനത്തിന്റെ 60 ശതമാനം വരെ നികുതി കൊടുത്തു പട്ടിണി കിടന്നു. കുരുമുളക് 28 റാത്തല്‍ അഥവാ ഒരു കണ്ടിക്ക് 1792 മുതല്‍ 1939 വരെ, വില നൂറ് രൂപ മാത്രമായിരുന്നു. മയ്യഴിയിലെ ഫ്രഞ്ചുകാര്‍ 1800-ല്‍ ഒരു കണ്ടിക്ക് 212 രൂപ മയ്യഴിയില്‍ കൊടുത്തിരുന്നു. പക്ഷേ, കുരുമുളക് ബ്രിട്ടീഷുകാര്‍ക്ക് മാത്രം നല്‍കണം. തെക്കെ മലബാറിലെ കലാപങ്ങള്‍, പഴശ്ശിസമരങ്ങള്‍, എല്ലാം ഇത്തരം പശ്ചാത്തലത്തിലായിരുന്നു.
ഇതിന്റെ ചുരുക്കം, മലബാര്‍-കാസര്‍കോടില്‍ സാമ്പത്തിക മിച്ചം ഇല്ലാതാവുകയും പൊതുവെ വന്‍ ദാരിദ്യ്രം നിലനില്‍ക്കുകയും ചെയ്തു. എന്നാല്‍, തിരു-കൊച്ചി നാട്ടുരാജാക്കന്മാര്‍ 1800 മുതല്‍ കമ്പനിയുടെ രാഷ്ട്രീയാധികാരത്തിനു കീഴില്‍ അവരുടെ റസിഡന്റിനെ സ്വീകരിച്ചുകൊണ്ടാണെങ്കിലും മറ്റു പല കാര്യങ്ങളിലും സ്വതന്ത്രരായിരുന്നു. അവര്‍ കമ്പനിക്ക് കൃത്യമായി കൊടുക്കേണ്ട കപ്പം കൊടുത്തു കഴിഞ്ഞാല്‍ ദൈനംദിന ഭരണത്തില്‍ സ്വന്തം താല്‍പര്യങ്ങള്‍ സംരക്ഷിച്ചു. അതുപോലെ കൃത്യമായ വിലയ്ക്ക് കുരുമുളക് നല്‍കിവന്നു. ഇത് നിശ്ചിതമായ ഒരു തൂക്കം മാത്രം. രാജ്യത്തിന്റെ പൊതുവായ സമ്പത്ത് വെള്ളിയും സ്വര്‍ണവും മറ്റുമാക്കി ശ്രീപത്മനാഭ ക്ഷേത്രത്തില്‍ നിലവറയില്‍ ട്രഷറിയിലെന്ന പോലെ സൂക്ഷിക്കുകയും ചെയ്തു.
അവിടെ 1866 മുതല്‍ കാണംകുടിയാന്മാര്‍ക്ക് സ്ഥിരാവകാശം നല്‍കുകയാല്‍ കാര്‍ഷികമായ ഉല്‍പാദനം വര്‍ധിച്ചു. ഇത്തരത്തില്‍ വികസനപരമായ കാര്യത്തില്‍ തിരുകൊച്ചിക്ക് പല കാര്യങ്ങളിലും സ്വന്തമായി മുന്നോട്ടുപോകാന്‍ കഴിഞ്ഞു. അതായത് 1947-ല്‍ മലബാര്‍ ഏറ്റവും പിന്നാക്കാവസ്ഥയിലും തിരുകൊച്ചി ഭരണപരമായും സാമൂഹികനീതിയുടെ കാര്യത്തിലും മുന്നാക്കവുമായിരുന്നു. അവിടെ ജാതിവ്യവസ്ഥിതി രൂഢമൂലമായിരുന്നു. എന്നാല്‍, കോളനിഭരണത്തില്‍ ജാതിവ്യവസ്ഥ ശിഥിലമായി. തിയ്യ സമൂഹവും മറ്റും മലബാറില്‍ അന്ന് മുന്നാക്കക്കാരായിരുന്നു.
സോളിഡാരിറ്റി ഔദ്യോഗികമായി വിവരിക്കുന്ന എല്ലാ സ്ഥിതിവിവരക്കണക്കുകളും 2010ലേതാണ്. ഈ കണക്കുകള്‍ 1957 മുതല്‍ പരിശോധിക്കുന്നതായാല്‍ കേരളം എന്ന സംസ്ഥാനത്തില്‍ കൊളോണിയല്‍ മലബാര്‍ ഏറ്റവും പിന്നാക്കമായി നില്‍ക്കുന്ന ഒരു പ്രദേശമാണെന്ന് കാണാം.
ഇത്തരം വികസനപരമായ പിന്നാക്കാവസ്ഥ മറ്റു സംസ്ഥാനങ്ങളിലും നമുക്ക് കാണാം. ഛത്തീസ്ഗഢ്, മേഘാലയ, ബീഹാര്‍, ഒറീസ, കര്‍ണാടക തുടങ്ങി പലേടത്തും അത് രാഷ്ട്രീയമായ തീവ്രവാദത്തിന് ഇടവരുത്തുന്നത് കാണാം. ആന്ധ്രയില്‍ തെലുങ്കാനാ സംസ്ഥാനത്തിനുള്ള സമരം ഈ വികസനപരമായ പിന്നാക്കാവസ്ഥയില്‍ നിന്ന് ഉയര്‍ന്നുവന്നതാണ്. കര്‍ണാടകയിലെ ബീജാപ്പൂര്‍ ജില്ല മറ്റൊരു ഉദാഹരണമാണ്. വിദര്‍ഭയാകട്ടെ കര്‍ഷക മരണങ്ങളുടെ ജില്ലയാണ്.
മലബാറില്‍ തന്നെ കാസര്‍കോട്, വയനാട്, പാലക്കാട് ഏറ്റവും പിന്നാക്ക ജില്ലകളാണ്. ആ പട്ടികയില്‍ നിന്ന് മലപ്പുറം മുന്നോട്ടുവന്നത് പ്രത്യേക ജില്ല രൂപവത്കരിച്ചതിന്നും വിദ്യാഭ്യാസ രംഗത്ത് കാലിക്കറ്റ് യൂനിവേഴ്സിറ്റി സ്ഥാപിച്ചതിന്നും ശേഷമാണ്.
ഇതെല്ലാം പ്രാദേശികവാദത്തിന് പ്രോത്സാഹനമായി പറയുന്നതല്ല. കേന്ദ്ര സര്‍ക്കാര്‍ തന്നെ ത്രിതല പഞ്ചായത്തുകളുടെ എണ്ണം നോക്കിയും ജനസംഖ്യാടിസ്ഥാനത്തിലും മറ്റും ഫണ്ടുകള്‍ അനുവദിക്കുമ്പോള്‍ ഇത്തരം ഭരണപരമായ സ്ഥാപനങ്ങള്‍ എണ്ണം കുറഞ്ഞ പ്രദേശങ്ങളില്‍ ആവശ്യമായ ഫണ്ട് ലഭിക്കാതെ പോകുന്നു. ജനാധിപത്യത്തില്‍ സങ്കടകരമായ പ്രവര്‍ത്തന ശൈലി നിലനില്‍ക്കുന്നുവെന്ന് എടുത്തു പറയാതിരിക്കാനാവില്ല.
കല്‍പറ്റയില്‍ വെച്ച് 2006-ല്‍ പ്ളാനിംഗ് ബോര്‍ഡ് വൈസ് ചെയര്‍മാന്‍ പ്രഫ. പ്രഭാത് പട്നായക് ഉദ്യോഗസ്ഥരുടെയും വിദഗ്ധരുടെയും ഒരു യോഗം വിളിച്ചിരുന്നു. അതില്‍ തിരുകൊച്ചിയില്‍ നിന്ന് വ്യത്യസ്തമായി ഒരു മലബാര്‍ പാക്കേജ് ആവശ്യമാണെന്ന് ഈ ലേഖകന്‍ പ്രത്യേകം ആവശ്യപ്പെട്ടതോര്‍ക്കുന്നു. എന്നാല്‍ പിന്നീടറിഞ്ഞത് ആ പാക്കേജ് -1500 കോടി രൂപ- നടപ്പിലാക്കാന്‍ ആവശ്യമായ വിദഗ്ധരില്ലാത്തതിനാല്‍ ഭൂരിഭാഗവും തിരുകൊച്ചിയിലേക്കുതന്നെ ഉദ്യോഗസ്ഥ തലത്തില്‍ വകുപ്പ് മാറ്റി ചെലവഴിച്ചുവെന്നതാണ്.
വിദ്യാഭ്യാസപരമായ തുല്യതയും ഫണ്ട് ലഭിക്കലും സ്ഥാപനങ്ങളുടെ ഗുണനിലവാരവും എല്ലാം വികസനത്തിന്റെ അടിസ്ഥാന പ്രമാണങ്ങളാണ്. തിരുവനന്തപുരം പട്ടണത്തില്‍ ഒരു കോളേജില്‍ മാത്രം മുപ്പതിലധികം പി.ജി കോഴ്സുകള്‍ നിലവിലുള്ളപ്പോള്‍ കാസര്‍കോട്ടും വയനാട്ടിലും അത് ഏഴ് ആണെന്ന് പറയുമ്പോള്‍ വിവേചനത്തിന്റെ ശൂന്യാകാശ ദൂരമാണ് കാണുന്നത്.
ലഭ്യമായ ഫണ്ട് ഉപയോഗപ്പെടുത്തി കാര്യങ്ങള്‍ ഭംഗിയായി ചെയ്യുന്നതിലും മലബാറിലെ ഉദ്യോഗസ്ഥ വൃന്ദം പലപ്പോഴും പരാജയപ്പെടുന്നു. ബഡ്ജറ്റ് തുക ഫൈനാന്‍സില്‍ നിന്ന് അനുവദിച്ചുകിട്ടാനുള്ള ഭഗീരഥ പ്രയ്തനം ഓര്‍ത്താല്‍ അതിന്നു പലരും മുന്നോട്ടു വരുന്നില്ല. ഏതുപക്ഷം ഭരിക്കുമ്പോഴും അധികാര വികേന്ദ്രീകരണമില്ലാത്ത ഒരു ജനാധിപത്യ ഭരണത്തിലാണ് പ്രവര്‍ത്തിക്കുന്നതെന്നു പറയാം.
ഉദ്യോഗസ്ഥരുടെ വികസനപരമായ കാഴ്ചപ്പാടിനു വലിയ പ്രാധാന്യമുണ്ടെന്നതിന് ചില ഉദാഹരണങ്ങള്‍ പറയട്ടെ. കാലിക്കറ്റ് സര്‍വകലാശാലയിലെ എല്ലാ സ്വാശ്രയ ബി.എഡ് കേന്ദ്രങ്ങളും (നാലെണ്ണം) പൂട്ടാന്‍ കേന്ദ്ര ശിപാര്‍ശ കമീഷന്‍ കല്‍പനയിട്ടപ്പോള്‍ ഹൈക്കോടതിയെ സമീപിച്ച് സ്റേ വാങ്ങുകയും കണക്കുകള്‍ ഉദ്ധരിച്ച് പിന്നീട് ആറെണ്ണം കൂടി സ്ഥാപിച്ചതും ഓര്‍ത്തുപോകുന്നു. കൂടാതെ 1999-ല്‍ 18 സ്വാശ്രയ എഞ്ചിനീയറിംഗ് കോളേജ് അംഗീകരിച്ചപ്പോള്‍ മലബാറിന് ലഭിച്ചത് മൂന്നെണ്ണം മാത്രമായിരുന്നു. അപ്പോള്‍ കോഴിക്കോട് കലാശാലയില്‍ നേരിട്ട് ഒരു സ്വാശ്രയ എഞ്ചിനീയറിംഗ് സ്ഥാപിച്ചത് ഈ ലേഖകന്റെ കഠിനാധ്വാനത്തിലായിരുന്നു. അതിനു ലഭിച്ച വിമര്‍ശനങ്ങള്‍ വായനക്കാര്‍ക്ക് അറിയാവുന്നതാണ്. കൂടാതെ 1990-ല്‍ കലാശാലക്ക് 200 എം.ബി.എ സീറ്റുകള്‍ ലഭിച്ചപ്പോള്‍ അവിടെ 1999 വരെ മുപ്പത് സീറ്റുകള്‍ മാത്രമാണ് നടപ്പിലുണ്ടായിരുന്നത്. അതായത് 170 കുടുംബങ്ങളുടെ വികസനം കലാശാല നഷ്ടപ്പെടുത്തി. അതുപോലെ 1999 വരെ 30 പാര്‍ട്ട്ടൈം എം.സി.എ മാത്രമായിരുന്നു നിലവിലുണ്ടായിരുന്നത്. അത് 2002-ന് മുമ്പ് 500ലധികമായി എം.സി.എ, എം.എസ്.സി എന്ന ലവലില്‍ ഉയര്‍ത്തിയത് ഓര്‍ത്തു പോകുന്നു. ഒരു ജനാധിപത്യത്തില്‍ ഉദ്യോഗസ്ഥര്‍ക്ക് ചെയ്യാവുന്ന കാര്യങ്ങളും ഉത്തരവാദിത്വവും പൂര്‍ത്തിയാക്കാന്‍ കഠിനാധ്വാനം ചെയ്യുന്നവരെ കണ്ടെത്തേണ്ടതും വികസനപരമായ ആവശ്യമാണ്.
വ്യാവസായിക വികസനത്തിന്റെ കാര്യം പറയുമ്പോള്‍, ഭൂമിയില്ലെന്നു പറയുന്ന ഒരു അനുപല്ലവി ഇവിടെ സ്ഥിരമാണ്. കാസര്‍കോഡ്, കയ്യൂര്‍ ഗ്രാമത്തില്‍ മാത്രം 1500 ഏക്കര്‍ വരുന്ന ഒരു സര്‍ക്കാര്‍ പാറസ്ഥലമുണ്ട്. താഴെ കാര്യങ്കോട് പുഴ, ഹൈവേ സമീപം, ചെറുവത്തൂര്‍ റയില്‍ സ്റേഷന്‍. എല്ലാ വികസനവും കൊച്ചിയില്‍ ആകണം എന്നത് ഒരു നിര്‍ബന്ധമാണ്. ബാംഗ്ളൂരില്‍ ചില സ്ഥലങ്ങളില്‍ ഏഴ് നില ഫ്ളാറ്റുകള്‍ അനുവദിക്കുമ്പോള്‍ അത് കൊച്ചിയില്‍ ചതുപ്പുനിലത്ത് 18-20 അതിലധികം എന്നതാണ് കണക്ക്. സ്ഥാപനങ്ങള്‍ എവിടെ വരണം, എവിടെ സ്ഥാപിക്കണം എന്നതെല്ലാം വികസനപരമായി ചിന്തിക്കുന്നത് മറ്റു പല കാരണങ്ങളെ, താല്‍പര്യങ്ങളെ അടിസ്ഥാനമാക്കിയാണ്.
മോസ്കോ വികസിച്ചു വികസിച്ചു വന്നപ്പോള്‍, ഉസ്ബക്കിസ്താനും ഖസാകിസ്താനും കാസര്‍കോട് പോലെ പിന്നാക്കം പിന്നാക്കം നിന്നു. തെലുങ്കാന മറ്റൊരു പിന്നാക്ക പ്രദേശമായി. ജനാധിപത്യം നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി വികസനത്തിന്റെ സന്തുലിതാവസ്ഥ ഉണ്ടാക്കുകയെന്നതാണ്. അതിന്റെ പരാജയം പ്രശ്നങ്ങളെ കൂടുതല്‍ സങ്കീര്‍ണമാക്കുന്നു. സോളിഡാരിറ്റി യൂത്ത് മൂവ്മെന്റ് ഏറ്റെടുത്ത ദൌത്യം തികച്ചും ചരിത്രപരമാണ്. അതിന്റെ വിജയം മലബാറിന്റെ വികസനത്തിന്റെ വിജയമാണ്. അത് ഷാര്‍ജയിലെ വിമാന ടിക്കറ്റിന്റെ കാര്യം പോലെ ആകാതിരിക്കട്ടെ!
Comments