നമ്മുടെ കാലത്തെ സാമ്പത്തിക നിയമങ്ങളുടെ പുനഃക്രമീകരണം
കാലം മാറിയെന്ന് നാം സമ്മതിക്കാതിരുന്നിട്ട് കാര്യമില്ല. ലോകത്തിന്റെ സാംസ്‌കാരികവും സാമ്പത്തികവുമായ തലങ്ങളില്‍ ഒരു വന്‍ വിപ്ലവം തന്നെയാണ് സംജാതമായിട്ടുള്ളത്. ധനകാര്യ-വ്യാപാര വിനിമയങ്ങളെ ആ വിപ്ലവം അടിമുടി മാറ്റിത്തീര്‍ത്തിട്ടുണ്ട്. അതിനാല്‍, ഖുര്‍ആനിലും ഹദീസിലും കൃത്യമായ വിധിനിര്‍ണയം വന്നിട്ടില്ലാത്ത വിഷയങ്ങളില്‍ ആ രണ്ട് പ്രാമാണിക സ്രോതസ്സുകളെയും അടിസ്ഥാനമാക്കി മുന്‍ നൂറ്റാണ്ടുകളിലെ ഇസ്‌ലാമിക നിയമജ്ഞന്മാര്‍ നിര്‍ധാരണം ചെയ്‌തെടുത്ത ഇജ്തിഹാദീ (ഗവേഷണ) നിയമങ്ങള്‍ക്ക് നമ്മുടെ കാലത്തെ പ്രശ്‌നങ്ങളെ കൃത്യമായി അഭിമുഖീകരിക്കാന്‍ കഴിയണമെന്നില്ല. ഹിജാസ്, ഇറാഖ്, സിറിയ, ഈജിപ്ത് പോലുള്ള നാടുകളില്‍ അക്കാലത്ത് നിലനിന്നിരുന്ന സവിശേഷമായ സാമ്പത്തിക സാംസ്‌കാരിക ചുറ്റുപാടുകളിലാണ് അത്തരം നിയമങ്ങളുടെ പിറവി. ഓരോ കാലത്തെയും നിയമജ്ഞന്മാര്‍ അവരവരുടെ കാലത്തെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാനാണ് ശ്രമിച്ചിട്ടുള്ളത്. ആ ചുറ്റുപാടുകളെല്ലാം വളരെയധികം മാറിക്കഴിഞ്ഞതിനാല്‍ അവരുടെ വിധിതീര്‍പ്പുകള്‍ പലതും ഇന്ന് പ്രസക്തമല്ല. അന്നില്ലാത്ത ഒട്ടുവളരെ പുതിയ പ്രശ്‌നങ്ങള്‍ നമ്മുടെ കാലത്ത് ഉയര്‍ന്നുവരികയും ചെയ്തിരിക്കുന്നു. അതിനാല്‍ പഴയ ഫിഖ്ഹ് പുസ്തകങ്ങളില്‍ കാണുന്ന ധനകാര്യ-വ്യാപാര നിയമങ്ങളും കൊടുക്കല്‍-വാങ്ങല്‍ രീതികളുമെല്ലാം തന്നെ നാം ഗണ്യമായ തോതില്‍ വികസിപ്പിക്കുകയും വിപുലപ്പെടുത്തുകയും ചെയ്യേണ്ടിവരും. ഇത്തരം നിയമപുസ്തകങ്ങള്‍ പുനര്‍വായിക്കുകയും പുനഃക്രോഡീകരിക്കുകയും ചെയ്യണമെന്ന കാര്യത്തില്‍ ആര്‍ക്കും തര്‍ക്കമില്ല. അത് ഏത് രീതിയില്‍ ചെയ്യണം എന്ന കാര്യത്തിലേ അഭിപ്രായ വ്യത്യാസമുള്ളൂ.
നവീകരണം എങ്ങനെ?
നമ്മുടെ കൂട്ടത്തിലെ ചില ലിബറല്‍ ചിന്താഗതിക്കാര്‍ തന്നിഷ്ട പ്രകാരം ഈ നിയമങ്ങളൊക്കെ പുതുക്കിക്കളയാം എന്നു വിചാരിക്കുന്നുണ്ട്. അത് പുനഃക്രമീകരണമല്ല, ശരീഅത്തിനെ വികൃതമാക്കലാണ്. സാമ്പത്തിക ജീവിതത്തില്‍ നാം മതവിരുദ്ധത കൈകൊള്ളുന്നതിന് തുല്യമായിരിക്കും അത്. ഇസ്‌ലാമിക പ്രത്യയശാസ്ത്രത്തിനും അതിന്റെ അടിസ്ഥാന തത്ത്വങ്ങള്‍ക്കും ഒട്ടും ചേരാത്ത മറ്റേതോ ദിശയിലേക്കാണ് ലിബറലുകള്‍ എന്നറിയപ്പെടുന്ന ഈ വിഭാഗം നമ്മെ കൊണ്ടുപോകുന്നത്. മാന്യമോ അമാന്യമോ ആയ ഏത് രീതിയിലാണെങ്കിലും പണം സമ്പാദിക്കണമെന്നേ അവര്‍ക്കുള്ളൂ. ഇസ്‌ലാമിന്റെ രീതിയാവട്ടെ, നിയമവിധേയമായി മാത്രമേ ധനം സമ്പാദിച്ചുകൂടൂ എന്നും. നിയമാനുസൃതവും നിയമവിരുദ്ധവും നോക്കാതെ മില്യനുകളും ബില്യനുകളും സമ്പാദിക്കാനാണ് അവര്‍ ഇറങ്ങിപ്പുറപ്പെട്ടിരിക്കുന്നത്. ഇതൊന്നും ഇസ്‌ലാമിന് അനുവദിക്കാനാവില്ല. മറ്റുള്ളവരുടെ അവകാശങ്ങള്‍ ഹനിച്ചുകൊണ്ടുള്ള നിയമവിരുദ്ധ ധനസമ്പാദന മാര്‍ഗങ്ങള്‍ ഇസ്‌ലാം വിലക്കുന്നു. അയാള്‍ മില്യനറായോ ഇല്ലേ എന്നത് അവിടെയൊരു പ്രശ്‌നമേ അല്ല.
ഈ വിഭാഗത്തിന്റെ നോട്ടത്തില്‍, കഴിയുന്നേടത്തോളം പണം വാരിക്കൂട്ടുന്നവനും ധനാഗമ മാര്‍ഗങ്ങള്‍ വിപുലപ്പെടുത്തിക്കൊണ്ടിരിക്കുന്നവനും അത് ഉപയോഗിച്ച് പരമാവധി അധികാരവും ആഡംബരവും സ്ഥാനമാനങ്ങളും വിലയ്ക്ക് വാങ്ങുന്നവനുമാണ് ഏറ്റവും വലിയ വിജയി. സ്വാര്‍ഥത കാണിച്ചും അന്യന്റേത് കൈയേറിയും നുണ പറഞ്ഞും വഞ്ചിച്ചും മറ്റുള്ളവരുടെ അവകാശം കവര്‍ന്നെടുത്തും അങ്ങനെ സമൂഹത്തെ ധാര്‍മികമായും സദാചാരപരമായും തകര്‍ത്തുമൊക്കെയാണ് ആ പണം നേടിയതെങ്കിലും ശരി.1
സത്യസന്ധമായി, പരസ്പര വിശ്വാസം മുറുകെ പിടിച്ച്, തന്റെ സഹജീവികളുടെ അവകാശങ്ങളെ കുറിച്ച് കണിശമായ അവബോധം പുലര്‍ത്തിക്കൊണ്ട് ജീവിതായോധന മാര്‍ഗങ്ങള്‍ തേടുന്നവനാരോ അയാളാണ് ഇസ്‌ലാമിന്റെ വീക്ഷണത്തില്‍ യഥാര്‍ഥ വിജയി. ഈ വിധത്തിലുള്ള ഒരു സംരംഭത്തിലൂടെ ആ വ്യക്തി ഒരു കോടീശ്വരനായി തീരുകയാണെങ്കില്‍ അതൊരു ദൈവാനുഗ്രഹമായാണ് കണക്കാക്കപ്പെടുക. ഇനി ഈ സംരംഭത്തിലൂടെ കഷ്ടിച്ച് ജീവിച്ച് പോകാനുള്ളതേ കിട്ടുന്നുള്ളൂ, വില കുറഞ്ഞ വസ്ത്രങ്ങള്‍ വാങ്ങാനും ഒരു കൂര തരപ്പെടുത്തിയെടുക്കാനും മാത്രമേ കഴിഞ്ഞുള്ളൂ എങ്കില്‍ പോലും അയാള്‍ നഷ്ടം പറ്റിയവനായി കണക്കാക്കപ്പെടുകയില്ല. ഈ വ്യത്യാസമൊന്നും കാണാതെ, നാം നേരത്തെ സൂചിപ്പിച്ച ഒരു വിഭാഗം, ആളുകളെ ഇസ്‌ലാംവിരുദ്ധമായ ശുദ്ധ മുതലാളിത്ത ചിന്താഗതിയിലേക്ക് നയിക്കുകയാണ്. അവരിപ്പറയുന്ന ഇളവുകളും വിട്ടുവീഴ്ചകളും അനുവാദങ്ങളുമൊന്നും ഇസ്‌ലാമിക ശരീഅത്ത് പ്രകാരം നിയമാനുസൃതമായിട്ടുള്ളതല്ല. നിയമങ്ങളും ചട്ടങ്ങളും അവര്‍ ഏതറ്റം വരെയും വലിച്ചു നീട്ടിക്കൊള്ളട്ടെ. പക്ഷേ, അതൊക്കെയും ഇസ്‌ലാമികമാണ് എന്ന് വാദിക്കുന്നേടത്താണ് കുഴപ്പം. മുതലാളിത്ത പാത പിന്തുടരണമെന്നുള്ളവര്‍ സ്വന്തത്തെയും ലോകത്തെയും വഞ്ചിക്കുന്നത് നിര്‍ത്തി, യൂറോപ്പിലും അമേരിക്കയിലുമുള്ള സാമ്പത്തിക ക്രയവിക്രയങ്ങളാണ് തങ്ങള്‍ക്ക് സ്വീകാര്യം എന്ന് പരസ്യമായി പ്രഖ്യാപിക്കുകയാണ് വേണ്ടത്. അല്ലാതെ അതിനെയൊക്കെ ഇസ്‌ലാമിന്റെ മേലങ്കി അണിയിക്കുകയല്ല.
ഖുര്‍ആനിലും നബിചര്യയിലും വിശ്വാസമര്‍പ്പിക്കുകയും പ്രായോഗിക ജീവിതം ആ അധ്യാപനങ്ങള്‍ക്കൊത്ത് ചിട്ടപ്പെടുത്തണമെന്ന് ആഗ്രഹിക്കുകയും ചെയ്യുന്ന യഥാര്‍ഥ മുസ്‌ലിംകളെ സംബന്ധിച്ചേടത്തോളം, മുതലാളിത്ത സ്ഥാപനങ്ങളുടെ ആനുകൂല്യം കൈപറ്റാനല്ല നിയമങ്ങള്‍ പുനഃക്രോഡീകരിക്കണമെന്ന് അവര്‍ വാദിക്കുന്നത്. ഇസ്‌ലാമിക നിയമസംഹിതയില്‍ വലിയ വിട്ടുവീഴ്ചകള്‍ ചെയ്ത് വന്‍ വ്യവസായികളോ ബിസിനസ് മാഗ്‌നറ്റുകളോ ബാങ്കര്‍മാരോ ആകാനുമായിരിക്കില്ല. നിലവിലുള്ള സവിശേഷ സാമ്പത്തിക സാഹചര്യങ്ങളില്‍ യഥാര്‍ഥ ഇസ്‌ലാമിക സ്പിരിറ്റ് ഉള്‍ക്കൊണ്ട് കൊണ്ട് തന്നെ മുന്നോട്ട് പോകുന്നതിന് ഒരു മാര്‍ഗരേഖ തയാറാക്കുകയാണ് പുനഃക്രോഡീകരണം കൊണ്ട് അവര്‍ ഉദ്ദേശിക്കുന്നത്. അന്താരാഷ്ട്ര ക്രയവിക്രയങ്ങളിലൊക്കെ അഭിമുഖീകരിക്കുന്ന യഥാര്‍ഥ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണുന്നതിന് ഇസ്‌ലാമിക നിയമം എത്രത്തോളം ഇളവ് അനുവദിക്കുമെന്നാണ് അവര്‍ അന്വേഷിക്കുന്നത്. നിയമസംഹിതയുടെ പുനഃക്രോഡീകരണത്തിലൂടെ മാത്രമേ ഇത് സാധ്യമാവൂ. ഇസ്‌ലാമിക പണ്ഡിതന്മാര്‍ അവരുടെ ഊര്‍ജം ഈ അന്വേഷണ മേഖലയിലേക്ക് തിരിച്ചുവിടാന്‍ ബാധ്യസ്ഥരുമാണ്.
പുനഃക്രോഡീകരണത്തിന്റെ
ആവശ്യകത
ഒരു പ്രത്യേക ചരിത്ര പശ്ചാത്തലത്തില്‍ ക്രോഡീകരിക്കപ്പെട്ട ഇസ്‌ലാമിക നിയമം എല്ലാ കാലത്തേക്കും ദേശത്തേക്കും മതിയാവും വിധത്തില്‍ നിശ്ചലമായും ഒരു മാറ്റത്തിനും വിധേയപ്പെടാതെയും നില്‍ക്കുകയല്ല ചെയ്യുന്നത്. അങ്ങനെയൊരു ധാരണ ആര്‍ക്കെങ്കിലുമുണ്ടെങ്കില്‍ അത് തെറ്റാണെന്ന് മാത്രമല്ല, അയാള്‍ ഇസ്‌ലാമിക നിയമത്തിന്റെ യഥാര്‍ഥ അന്തസ്സത്ത ഉള്‍ക്കൊണ്ടിട്ടില്ല എന്നും പറയേണ്ടിവരും. യുക്തിയിലും നീതിബോധത്തിലും അധിഷ്ഠിതമാണ് ഇസ്‌ലാമിക ശരീഅത്ത്. നിയമനിര്‍മാണത്തിന്റെ യഥാര്‍ഥ ലക്ഷ്യം താഴെ പറയുന്ന വിധം ജനങ്ങളുടെ കാര്യങ്ങളും അവര്‍ക്കിടയിലെ ബന്ധങ്ങളും ക്രമീകരിക്കുക എന്നതാണ്.
എ) ജനങ്ങള്‍ക്കിടയില്‍ മത്സരവും സംഘര്‍ഷവും ഉണ്ടാക്കുന്നതിന് പകരം അവര്‍ തമ്മില്‍ സഹകരണവും അനുകമ്പയും വളര്‍ത്തിയെടുക്കുക.
ബി) അവരുടെ അവകാശങ്ങളും ബാധ്യതകളും നീതിപൂര്‍വമായും സന്തുലിതമായും നിര്‍ണയിക്കുക.
സി) ഓരോ പൗരനും തന്റെ കഴിവുകള്‍ പൂര്‍ണമായി വികസിപ്പിക്കാനുള്ള അവസരമൊരുക്കുക. അത് സ്വന്തം വളര്‍ച്ചക്ക് മാത്രമല്ല, മറ്റുള്ളവരുടെ വളര്‍ച്ചക്കും സഹായകരമാവണം. ഏറ്റവും ചുരുങ്ങിയത് ഒരാളുടെയും വളര്‍ച്ചക്ക് വിലങ്ങുതടികള്‍ സൃഷ്ടിച്ച് സംഘര്‍മുണ്ടാക്കാതിരിക്കുകയെങ്കിലും വേണം.
മനുഷ്യസ്വഭാവത്തെക്കുറിച്ച് പരമമായി അറിയുന്ന പ്രപഞ്ചനാഥന്‍ ഈ ലക്ഷ്യത്തിനായി ജീവിതത്തിന്റെ ഓരോ മണ്ഡലത്തിലേക്കും വ്യക്തമായ നിര്‍ദേശങ്ങള്‍ നല്‍കിയിട്ടുണ്ട്. ഈ നിയമനിര്‍ദേശങ്ങള്‍ എങ്ങനെ സാക്ഷാത്കരിക്കാം എന്നതിന് മുഹമ്മദ് നബി(സ)യുടെ ജീവിതമാതൃകയും നമ്മുടെ മുമ്പിലുണ്ട്.
ഒരു പ്രത്യേക ചരിത്ര ഘട്ടത്തിലെ ഒരു പ്രത്യേക സമൂഹത്തിലാണ് ഈ നിയമങ്ങളത്രയും പ്രയോഗവത്കരിച്ചതെങ്കിലും, ആ നിയമങ്ങളുടെ പദാവലിയും പ്രവാചകന്‍ അവ നടപ്പാക്കുന്നതിന് സ്വീകരിച്ച രീതികളും പരിശോധിച്ചാല്‍ എല്ലാകാലത്തും ഏത് സാഹചര്യത്തിലും നീതി പുലരുന്ന ഒരു സാമൂഹിക സംവിധാനം സൃഷ്ടിക്കാന്‍ പര്യാപ്തമാവുന്ന സമഗ്രവും സര്‍വസ്പര്‍ശിയുമായ ചില അടിസ്ഥാന തത്ത്വങ്ങള്‍ അവയില്‍ നിന്ന് ഉരുത്തിരിച്ചെടുക്കാന്‍ പ്രയാസമില്ല. ഈ അടിസ്ഥാന തത്ത്വങ്ങള്‍ക്ക് മാത്രമാണ് മാറ്റമില്ലാത്തത്. ഈ തത്ത്വങ്ങളെ അടിസ്ഥാനപ്പെടുത്തി ഓരോ കാലത്തേക്കും യോജിച്ചതും നിയമദാതാവിന്റെ ഉദ്ദേശ്യ ലക്ഷ്യങ്ങള്‍ പൂര്‍ത്തീകരിക്കുന്നതുമായ നിയമസംഹിത രൂപകല്‍പന ചെയ്യേണ്ട ബാധ്യത അതത് കാലത്തെ മുജ്തഹിദുകളുടെ (ഖുര്‍ആനിലും സുന്നത്തിലും അവഗാഹമുള്ള ഗവേഷകരുടെ) ബാധ്യതയാണ്.
ശരീഅത്തിന്റെ അടിസ്ഥാന തത്ത്വങ്ങള്‍ മാറുകയില്ല. അവയെ അടിസ്ഥാനപ്പെടുത്തി മനുഷ്യചിന്ത നിര്‍ധാരണം ചെയ്‌തെടുക്കുന്ന നിയമങ്ങളാണ് മാറ്റങ്ങള്‍ക്കും പുനരാലോചനകള്‍ക്കും വിധേയമാവുക. ആദ്യത്തേത് ദൈവദത്തവും രണ്ടാമത്തേത് മനുഷ്യനിര്‍മിതവും ആണ് എന്നതാണ് കാരണം.
പുനഃക്രോഡീകരിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ടത്
നിയമപരിഷ്‌കരണത്തിന് ഇസ്‌ലാമില്‍ വലിയ സാധ്യതകളുണ്ടെന്നാണ് പറഞ്ഞുവരുന്നത്. ഓരോ കാലത്തിനും അനുയോജ്യമായ വിധത്തില്‍ പരിഷ്‌കരണമാവാം. അടിസ്ഥാന ശരീഅത്ത് തത്ത്വങ്ങള്‍ക്ക് അത് അനുരൂപമാവണമെന്ന് മാത്രം. ഈ പരിഷ്‌കരണത്തിനും പുനഃക്രോഡീകരണത്തിനും നായകത്വം വഹിക്കാനുള്ള അവകാശം ഓരോ നാട്ടിലെയും മുജ്തഹിദിന് ഉണ്ട്. ഒരു ഘട്ടത്തില്‍ ജീവിച്ച പണ്ഡിതന്മാര്‍ക്കേ ഈ അവാകശമുള്ളൂവെന്നും പിന്നീടുള്ള യുഗങ്ങളില്‍ ജീവിക്കുന്ന പണ്ഡിതന്മാര്‍ക്ക് അതില്ലെന്നും പറയുന്നതില്‍ യാതൊരു ന്യായവുമില്ല. ആര്‍ക്കും എങ്ങനെയും തങ്ങളുടെ താല്‍പര്യങ്ങള്‍ക്കൊത്ത് ശരീഅത്തിനെ വ്യാഖ്യാനിക്കാനുള്ള ഫ്രീ ലൈസന്‍സ് അല്ല ഇതെന്നും മനസ്സിലാക്കേണ്ടതുണ്ട്. ഇജ്തിഹാദ് (ഗവേഷണം) നടത്തുന്നതിന് ചില വ്യവസ്ഥകള്‍ നിര്‍ബന്ധമായും പാലിച്ചിരിക്കണം. അവയില്‍ ചിലത് മാത്രം ഇവിടെ സൂചിപ്പിക്കാം.
(തുടരും)
1. മുതലാളിത്തം നിയമാനുസൃതവും ഇസ്‌ലാമിക തത്ത്വങ്ങള്‍ക്ക് അനുരൂപവുമാണെന്ന് വാദിച്ച ഒരു വിഭാഗത്തെക്കുറിച്ചാണ് പരാമര്‍ശം. നേര്‍ എതിര്‍ദിശയില്‍ നില്‍ക്കുന്ന കമ്യൂണിസ്റ്റുകാരാവട്ടെ, സോഷ്യലിസ്റ്റ് തത്ത്വങ്ങളുമായി സമരസപ്പെട്ടുപോവുന്നതാണ് ഇസ്‌ലാം എന്നും വാദിച്ചു. ഈ രണ്ട് വിഭാഗത്തിന്റെയും അബദ്ധധാരണകളെ തുറന്നു കാട്ടുകയാണ് ലേഖകന്‍.
Comments