Prabodhanm Weekly

Pages

Search

2011 ഡിസംബര്‍ 3

ഹിജ്‌റ ഒരു ഇറങ്ങിപ്പോക്കാണ്

ടി. മുഹമ്മദ് വേളം

ഏറെ വേദനയോടെയുള്ള നാടുപേക്ഷിക്കലാണ് ഹിജ്‌റ. പിറന്ന മണ്ണ് ഉപേക്ഷിക്കാന്‍ ശത്രുക്കള്‍ സത്യസംഘങ്ങളെ നിര്‍ബന്ധിതരാക്കുകയായിരുന്നു. ശത്രുവിനാല്‍ ഉന്മൂലനാശം വരുത്തപ്പെടുന്നതിനു മുന്നില്‍ ദൈവം തന്നെ മുന്നോട്ടുവെക്കുന്ന സാധ്യതയാണ് ഹിജ്‌റ. ആദര്‍ശപരമായ അതിജീവനത്തിന്റെ സാധ്യത തേടിയാണ് ഓരോ പലായകനും പുറപ്പെടുന്നത്. പരമാവധി സുരക്ഷിതത്വം ഉറപ്പാക്കി സുരക്ഷിതത്വത്തിലേക്ക് യാത്ര തിരിക്കുകയാണവര്‍ ചെയ്യുന്നത്. അസത്യത്തിനു മുന്നില്‍ തലവെച്ചുകൊടുക്കുന്ന പോഴത്തത്തിന്റെ പേരല്ല സത്യമെന്നത്. സത്യം അതിജീവനത്തിനു വേണ്ടിയുള്ള നിരന്തര അന്വേഷണം കൂടിയാണ്. അതിജീവനത്തിനു വേണ്ടി അത് ആദര്‍ശത്തെ പണയം വെക്കുന്നില്ലെന്നു മാത്രം. സത്യത്തോടൊപ്പം സ്ഥൈര്യം കൂടി സമം ചേരുമ്പോഴാണ് സത്യം അതിജീവനക്ഷമമാകുന്നത്. അതൊരു രാഷ്ട്രീയ ശക്തിയാവുന്നത്. അതുകൊണ്ടാണ് നിങ്ങള്‍ സത്യം കൊണ്ടും സ്ഥൈര്യം കൊണ്ടും പരസ്പരം ഉപദേശിക്കുക എന്നു ഖുര്‍ആന്‍ പറഞ്ഞത് (അല്‍ അസ്വ്ര്‍). ഡോ. യൂസുഫുല്‍ ഖറദാവി ചൂണ്ടികാട്ടിയതുപോലെ, സ്ഥൈരമില്ലാത്ത സത്യത്തിന് നിലനില്‍പ്പില്ല. സ്ഥൈര്യമുള്‍ച്ചേര്‍ന്ന സത്യത്തിന്റെ അതിജീവന യാത്രയാണ് ഹിജ്‌റ.
ഇസ്‌ലാമിന്റേതല്ലാത്ത സാമൂഹികക്രമങ്ങള്‍ നല്‍കുന്ന സുരക്ഷിതത്വത്തെ അത് പരമാവധി പ്രയോജനപ്പെടുത്തിയിട്ടുണ്ട്. തങ്ങളുടെ സുരക്ഷിതത്വത്തിനും നാടിന്റെ പൊതുവായ സുരക്ഷിതത്വത്തിനും അത് ഉപകരിക്കുമെന്നതു കൊണ്ടാണത്. സത്യത്തിന്റെ വളര്‍ച്ചക്കനുസൃതമായി ശത്രുതയും വളരുക തന്നെയായിരുന്നു. ശത്രുതയുടെ പരിണാമഗുപ്തിയില്‍ പ്രവാചകന്മാരെ കൊന്നുകളയാനാണവര്‍ തീരുമാനിക്കുന്നത്. തങ്ങള്‍ എത്രയോ കാലമായി പിന്തുടര്‍ന്നു വരുന്ന സാമൂഹിക മര്യാദകള്‍, രാഷ്ട്രീയ നിയമങ്ങള്‍ പോലും ഇസ്‌ലാമിന്റെ കാര്യത്തില്‍ പാലിക്കേണ്ടതില്ല എന്നവര്‍ തീരുമാനിക്കുന്നു. അങ്ങനെയാണ് പ്രവാചകന്‍ മുഹമ്മദിനെ മാത്രമല്ല, പല പൂര്‍വ പ്രവാചകന്മാരെയും വധിക്കാന്‍ ശത്രുക്കള്‍ തീരുമാനമെടുക്കുന്നത്. മുഹമ്മദ് നബിയെ ഉന്മൂലനാശം വരുത്താന്‍ ശത്രുക്കള്‍ ഗൂഢാലോചന നടത്തിക്കൊണ്ടിരിക്കുന്ന പശ്ചാത്തലത്തില്‍ സ്വാലിഹ് നബി(അ)ക്കെതിരെ ശത്രുക്കള്‍ നടത്തിയ വധാലോചന ഖുര്‍ആന്‍ വിവരിക്കുന്നുണ്ട്. സ്വാലിഹിന്റെ നാട്ടില്‍ ഒമ്പത് ഗോത്രങ്ങളുടെ ഒമ്പത് ഗുണ്ടാസംഘങ്ങളുണ്ടായിരുന്നു. ഒരു സംസ്‌കരണ പ്രവര്‍ത്തനവും നടത്താത്ത, നാട്ടില്‍ കുഴപ്പമുണ്ടാക്കുന്ന ഒമ്പത് സംഘങ്ങള്‍. അവര്‍ ഗൂഢാലോചന നടത്തി. നിങ്ങള്‍ ദൈവത്തിന്റെ പേരില്‍ സത്യം ചെയ്യുക, സ്വാലിഹിനെയും കുടുംബത്തെയും നാം പാതിരാക്കൊല നടത്തുമെന്ന്. എന്നിട്ട് അവന്റെ ഗോത്ര രക്ഷാകര്‍ത്താവിനോട് പറയണം, തന്റെ ആള്‍ക്കാരുടെ നാശത്തിന് ഞങ്ങള്‍ സാക്ഷികളായിട്ടില്ല, തീര്‍ച്ചയായും ഞങ്ങള്‍ സത്യം പറയുന്നവരാണ്. അവര്‍ ഒരു തന്ത്രം പ്രയോഗിച്ചു. നാമും ഒരു തന്ത്രം പ്രയോഗിച്ചു. അവരത് അറിയുന്നുണ്ടായിരുന്നില്ല (അന്നംല് 48- 50).
അവര്‍ ചതിപ്രയോഗിക്കാന്‍ തീരുമാനിച്ചത് പ്രവാചകനെതിരെ മാത്രമായിരുന്നില്ല. അവരുടെ നിയമത്തിനെതിരെ കൂടിയായിരുന്നു. അവരുടെ നാട്ടുമര്യാദകള്‍ക്കെതിരെയായിരുന്നു. ഭൗതികമായി ഗോത്രവ്യവസ്ഥകളുടെ സംരക്ഷണത്തിലാണ് സ്വാലിഹ് നബിയും അതേപോലെ മുഹമ്മദ് നബിയും ഇത്രയും കാലം മുന്നോട്ടുപോയത്. അതവസാനിച്ചിരിക്കുന്നു എന്നായപ്പോള്‍ ദൈവം സത്യത്തിന്റെ നിലനില്‍പ്പിനും വളര്‍ച്ചക്കും നല്‍കിയ മറ്റൊരു വഴിയാണ് പലായനം. വഴിമുട്ടിപ്പോയവന്റെ പുതിയ വഴിയാണ് ഹിജ്‌റ. അനുചരന്മാരുടെ കാര്യത്തിലെങ്കിലും ആ വ്യവസ്ഥിതിതന്നെ അനുവദിക്കുന്ന ഒരു സാധ്യതയായിരുന്നു പലായനം.
ഖുമൈനിയുടെയും ഖറദാവിയുടെയും ഗനൂശിയുടെയും പ്രവാസങ്ങളില്‍ അടങ്ങിയിരിക്കുന്ന ആന്തരിക സത്തയും ഹിജ്‌റയുടേത് തന്നെയാണ്. സ്തംഭിപ്പിക്കാനോ നശിപ്പിക്കാനോ ഉള്ള ശത്രുവിന്റെ നീക്കത്തിനു മുന്നില്‍ തലവെച്ചു കൊടുക്കാതെ പ്രവര്‍ത്തനത്തിന്റെയും അതിജീവനത്തിന്റെയും പുതിയ ഭൂഖണ്ഡങ്ങളും ചക്രവാളങ്ങളും തേടിപ്പോവുക. ഹിജ്‌റയുടെ അത്മാവ് തന്നെയാണ് ഇവിടെയും അലയടിക്കുന്നത്. ഇസ്‌ലാമിക ജീവിതത്തിലും ചരിത്രം അങ്ങനെത്തന്നെ ആവര്‍ത്തിക്കുകയല്ല ചെയ്യുന്നത്, പ്രവാചക മാതൃകകള്‍ വഴിക്ക് വെളിച്ചമാവുകയാണ്. ചരിത്രത്തിന് ചൂട്ടാവുകയാണ്.
ഹിജ്‌റ വേദനയോടെയുള്ള ഒരു വേരുപറിച്ചു പോക്കാണ്. ഒപ്പം പ്രതിഷേധപൂര്‍വമുള്ള ഒരു ഇറങ്ങിപ്പോക്ക് കൂടിയാണ്. നിങ്ങള്‍ക്ക് ഒരു സമൂഹമെന്ന നിലക്ക് ഇനി നിലനില്‍ക്കാന്‍ അര്‍ഹതയില്ലെന്ന പ്രഖ്യാപനത്തോടെയുള്ള ഇറങ്ങിപ്പോക്ക്. സത്യത്തെ സ്വീകരിക്കുകയോ സ്വീകരിക്കാതിരിക്കുകയോ ചെയ്യുക എന്നത് ഓരോരുത്തരുടെയും വ്യക്തിപരമായ കാര്യമാണ്. ഒരു സമൂഹത്തിനു തന്നെ  വേണമെങ്കില്‍ സത്യത്തെ തിരസ്‌കരിക്കാം. അതും അവരുടെ സ്വാതന്ത്ര്യത്തിന്റെ ഭാഗമാണ്. പക്ഷേ, സത്യത്തെ നിലനില്‍ക്കാന്‍, പ്രവര്‍ത്തിക്കാന്‍ സമ്മതിക്കില്ല എന്നു തീരുമാനിക്കാന്‍ ഒരു സമൂഹത്തിനും അധികാരമില്ല. അങ്ങനെ തീരുമാനിക്കുന്ന, നടപ്പിലാക്കുന്ന സമൂഹങ്ങളുടെ ശവപ്പെട്ടിയുടെ അവസാനത്തെ ആണികൂടിയാണ് അവര്‍ അടിച്ചുറപ്പിക്കുന്നത്.
അവരോട് ഒരക്രമവും ചെയ്തിട്ടില്ലാത്ത പ്രവാചകന്മാരെ പുറത്താക്കി സ്വസ്ഥമായിരിക്കാം എന്നു കരുതിയവര്‍ക്ക് തെറ്റുപറ്റുകയായിരുന്നു എന്നതാണ് ചരിത്രം. പ്രവാചകന്മാരെ പുറന്തള്ളിയ, പ്രവാചകന്മാര്‍ ഇറങ്ങിപ്പോന്ന, പ്രവാചകന്മാര്‍ ഇറങ്ങിപ്പോരേണ്ടി വന്ന നാടുകളും നാഗരികതകളും പിന്നെ ഏറെക്കാലം നിലനിന്നിട്ടില്ല. ഇത് ഖുര്‍ആന്‍ മുഹമ്മദ് നബിയുടെ ഹിജ്‌റക്ക് മുമ്പേ നടത്തിയ ഒരു പ്രസ്താവനയും പ്രവചനവുമാണ്. പലായനത്തിന്റെ ഒരു വര്‍ഷം മുമ്പവതീര്‍ണമായ രാപ്രയാണമെന്ന പേരുള്ള അധ്യായത്തില്‍ ദൈവം പറയുന്നു: ''നിന്നെ മക്കയില്‍ നിന്ന് പറിച്ചെടുത്ത് പുറത്തെറിയണമെന്ന് അവര്‍ തീരുമാനിച്ചിരിക്കുന്നു. അങ്ങനെ സംഭവിച്ചാല്‍ നിനക്കുശേഷം അല്‍പകാലമല്ലാതെ അവരവിടെ അവശേഷിക്കാന്‍ പോകുന്നില്ല. നിനക്ക് മുമ്പ് നാം അയച്ച നമ്മുടെ ദൂതന്മാരുടെ കാര്യത്തിലുണ്ടായ നടപടിക്രമം തന്നെയാണിത്. നമ്മുടെ നടപടിക്രമങ്ങളില്‍ ഒരു വ്യത്യാസവും നിനക്ക് കാണാന്‍ കഴിയില്ല'' (76-77).
പുറത്താക്കപ്പെട്ട, അല്ലെങ്കില്‍ ഇറങ്ങിപ്പോന്ന പ്രവാചകന്മാര്‍ക്ക് പിന്നില്‍ ആ നാടുകള്‍ തളിരിട്ട് വളരുകയല്ല ചെയ്തത്.  കരിഞ്ഞുണങ്ങിപ്പോവുകയാണ് ചെയ്തത്. ചിലപ്പോള്‍  നാടു മൊത്തമായി തന്നെയാവാം. ഹൂദിന്റെയും സ്വാലിഹിന്റെയും ലൂത്വിന്റെയും ശുഐബിന്റെയും ജനതയുടെ കാര്യത്തില്‍ സംഭവിച്ച പോലെ. അല്ലെങ്കില്‍ അവരുടെ നാഗരികത മാത്രമാവാം. ഇബ്‌റാഹീം, മൂസ, ഈസ, മുഹമ്മദ് നബിമാരുടെ കാര്യത്തില്‍ സംഭവിച്ചതു പോലെ. മൂസയുടെ പലായനത്തോടെ ഫറോവയുടെ അന്ത്യവും സംഭവിക്കുകയാണ്. മൂസയെയും അനുയായികളെയും വെച്ചുപൊറുപ്പിക്കുകപോലും ചെയ്യില്ലെന്ന ഫറോവയുടെ ഒടുവിലത്തെ തീരുമാനം ഫറോവയുടെ ഒടുക്കത്തിലാണ് ചെന്നു കലാശിച്ചത്. പലായനവും പതനവും ഒരൊറ്റ സ്ഥലത്ത് ഒരൊറ്റ നിമിഷത്തില്‍ ഇത്ര ഭാവതീവ്രമായി സംഭവിച്ചത് മൂസയുടെയും ഫറോവയുടെയും കാര്യത്തില്‍ തന്നെയാവും.
സത്യത്തിന്റെ കാര്യത്തില്‍ ജനാധിപത്യമര്യാദകള്‍ പോലും പാലിക്കാത്തവര്‍ക്ക് ലോകത്ത് നിലനില്‍ക്കാന്‍ അര്‍ഹതയില്ലെന്നാണ് അല്ലാഹു പറയുന്നത്. ആധുനിക ജനാധിപത്യമര്യാദകളുടെ പൂര്‍വരൂപമായ സ്വന്തം ഗോത്രമര്യാദകള്‍ പോലും പ്രവാചകന്റെ കാര്യത്തില്‍ പാലിക്കാതിരുന്നപ്പോഴാണ് പ്രവാചകന്‍ ഇറങ്ങിപ്പോരേണ്ടി വന്നത്. ആ ഇറങ്ങിപ്പോക്കിന്റെ പ്രഖ്യാപനം നിങ്ങളുടെ നിലനില്‍ക്കാനുള്ള ന്യായം അവസാനിച്ചിരിക്കുന്നു എന്നുകൂടിയാണ്. ജനാധിപത്യമര്യാദകള്‍ പോലും പാലിക്കാത്ത ഒരു സമൂഹത്തിന് നിലനില്‍പ് അസാധ്യമാണ്.
ഇസ്‌ലാമിന്റെയും മുസ്‌ലിംകളുടെയും കാര്യത്തില്‍ അത്തരം പൊതുമര്യാദകള്‍, നാട്ടുചട്ടങ്ങള്‍ പാലിക്കാന്‍ അവര്‍ സന്നദ്ധമായില്ല എന്ന് ഖുര്‍ആന്‍ പിന്നെയും പറയുന്നത് കാണാന്‍ കഴിയും: ''നിങ്ങളുടെ കാര്യത്തില്‍ കുടുംബബന്ധമോ സന്ധിവ്യവസ്ഥകളോ അവര്‍ പരിഗണിക്കുകയില്ല'' (അത്തൗബ 8). ജൈവികമോ രാഷ്ട്രീയമോ ആയ ഒരു മര്യാദയും അവര്‍ നിങ്ങളുടെ കാര്യത്തില്‍ പാലിച്ചിട്ടില്ല എന്നര്‍ഥം.
ഖുര്‍ആന്‍ പേരെടുത്ത് ശപിച്ച മക്കയിലെ ഏക എതിരാളി അബൂലഹബാണ്. അതിനു കാരണം പിതൃവ്യന്‍ എന്ന നിലയിലുള്ള ബന്ധമോ മര്യാദയോ പോലും പ്രവാചകന്റെ കാര്യത്തില്‍ പാലിച്ചിട്ടില്ല എന്നു മാത്രമല്ല, അത്തരം സുരക്ഷിതത്വങ്ങള്‍ പ്രവാചകനു ലഭിക്കാതിരിക്കാന്‍ നിരന്തരം പ്രവര്‍ത്തിക്കുകയും ചെയ്തു എന്നതാണ്.
സത്യം, അസത്യം മുതലായ പരികല്‍പനകള്‍ മാറ്റിവെച്ചാല്‍ തന്നെയും ഏതൊരു സമൂഹവും നിലനില്‍ക്കണമെങ്കില്‍ അവര്‍ക്കുണ്ടായിരിക്കേണ്ട അടിസ്ഥാന മാനവിക ഗുണങ്ങളില്‍ ഏറ്റവും പ്രധാനമായതാണ് ജനാധിപത്യ സംസ്‌കാരമെന്നത്. അത് എത്ര ആഴത്തിലും ആരോഗ്യത്തിലും വേരോടിയിട്ടുണ്ടോ അത്രയും ശക്തമായിരിക്കും ആ സമൂഹത്തിന്റെ നിലനില്‍പിന്റെ അടിത്തറ; അവര്‍ ഏതാദര്‍ശത്തെ പിന്തുടരുന്നവരാണെങ്കിലും.

Comments

Other Post

ഖുര്‍ആന്‍ ബോധനം

ഖുര്‍ആന്‍ ബോധനം