വിമര്‍ശവിചാരവും വിമോചനവും
മലബാര്‍ കലാപത്തെ പുനര്‍വായിച്ചു കൊണ്ട് സമദ് കുന്നക്കാവ് നടത്തിയ പ്രബോധനം വാരികയിലെ നീണ്ട വിശകലന പഠനം ഏറെ ബഹുജന ശ്രദ്ധ നേടുകയുണ്ടായി. മലബാര്‍ കലാപത്തെക്കുറിച്ചും അതിന്റെ ധീരവിധാതാക്കളായ മാപ്പിളമാരെക്കുറിച്ചും മുമ്പ് എം.ടി അന്‍സാരി നടത്തിയതു പോലുള്ള പ്രതിനിധാനങ്ങളെയും പാഠങ്ങളെയും വ്യവഹാര വിശകലനം ചെയ്യുന്ന ഈ സംവാദാത്മകമായ ലേഖന പരമ്പര തീര്‍ച്ചയായും വിമര്‍ശ വീക്ഷണങ്ങളും വിപുലമായ ചര്‍ച്ചകളും ആശയരൂപവത്കരണ പരിശ്രമങ്ങളും ആവശ്യപ്പെടുന്നു. ഈ ലേഖന പരമ്പരയുടെ മുഖ്യ നിരീക്ഷണങ്ങളെ ഊന്നുമ്പോള്‍ തന്നെ അതിന്റെ വാദമുഖങ്ങളിലെ ചില പരിമിതികളും പുറന്തള്ളലുകളും വെളിവാക്കാനും വിമര്‍ശിക്കാനുമുള്ള ശ്രമമാണിവിടെ നടത്തുന്നത്.
മലബാറിലെ മുസ്‌ലിം സമുദായത്തിന്റെ സാമൂഹിക രൂപവത്കരണത്തിന്റെ ചരിത്ര പശ്ചാത്തലങ്ങളും സന്ദര്‍ഭങ്ങളും ലേഖകന്‍ വളരെ ആഴത്തില്‍ തന്നെ വീണ്ടെടുക്കുന്നുണ്ട്. സവര്‍ണ അധികാര ഘടനയില്‍ മൈസൂര്‍ പോരാട്ടങ്ങള്‍ നടത്തിയ മാറ്റങ്ങളെ കുറിച്ച് നവചരിത്രവാദത്തിന്റെയും വംശാവലി പഠനങ്ങളുടെയും പൊതുവായ സമീപന മാതൃകകളെ ഉപയോഗപ്പെടുത്തിക്കൊണ്ട് ഇസ്‌ലാമികമായ വിജ്ഞാന വിനിമയ സംസ്‌കാരത്തോടെ ലേഖകന്‍ തുറന്ന അന്വേഷണം നടത്തുന്നു. മലബാറില്‍ സാധ്യമായ ഇസ്‌ലാമിന്റെ ഉയിര്‍പ്പിനെ അതിന്റെ കീഴാളമായ അടിത്തട്ടില്‍ നിന്നുള്ള വിമോചന പ്രക്രിയയായി വിശദീകരിക്കുന്നതില്‍ പഠനം നൈതികമായ ജാഗ്രതയും വ്യതിരിക്തതയും പുലര്‍ത്തുന്നു.
ജാതിബദ്ധമായ ഒരു സമൂഹത്തില്‍ ഇസ്‌ലാമിന്റെ ജനായത്തപരവും നൈതികവുമായ സാഹോദര്യ സംസ്‌കാരം നടത്തുന്ന സൂക്ഷ്മതലസ്പര്‍ശിയായ ഇടപെടലുകളെയും വിമോചനവിദ്യയെയും കുറിച്ച് താത്ത്വികമായി വെളിച്ചം വിതറുന്നതാണ് ഈ പ്രകരണത്തിലുള്ള വിശകലനം. ജാതി വ്യവസ്ഥിതിയെക്കുറിച്ചും ടിപ്പുസുല്‍ത്താന്റെ ധീരമായ അധിനിവേശവിരുദ്ധ പോരാട്ടങ്ങളെ കുറിച്ചും (ബാഹ്യവും ആന്തരികവുമായ അധിനിവേശങ്ങള്‍ക്കെതിരെ) കേരളസമൂഹത്തില്‍, വിശേഷിച്ച് മലബാറില്‍ നടത്തിയ വിപ്ലവകരമായ മാറ്റങ്ങളെ കുറിച്ചും പി.കെ ബാലകൃഷ്ണന്‍ നടത്തിയ പഠനങ്ങളുടെ മുന്‍വഴി നാം ഇവിടെ ഓര്‍മിക്കും.
ആന്തരാധിനിവേശമാകുന്ന ഹിന്ദുകൊളോണിയലിസത്തെ കുറിച്ചുള്ള കൂടുതല്‍ വിപുലമായ വിമര്‍ശവീക്ഷണങ്ങള്‍ കൂടി ഇത്തരം പാഠസന്ദര്‍ഭങ്ങളില്‍ വിന്യസിക്കാമായിരുന്നു എന്നു തോന്നുന്നു. തീര്‍ച്ചയായും സൂചനകളും പാഠാന്തര പരാമര്‍ശങ്ങളും ഹിന്ദുത്വത്തിന്റെ ബൃഹദാഖ്യാനത്തെ ചെറുക്കുന്നതിലേക്കായി ഉപയോഗിക്കുന്നുവെങ്കിലും അധീശത്വത്തിന്റെ ഇന്ത്യന്‍ മാതൃകയെ കുറിച്ചുള്ള ജ്ഞാനസിദ്ധാന്തപരമായ വിശദവിമര്‍ശം ഒരപര്യാപ്തതയായി മാറുന്നു. തുടര്‍ന്നു വരുന്ന, ദേശീയവാദത്തിന്റെ വിമര്‍ശത്തിലേക്കുള്ള ഒഴിച്ചുകൂടാനാവാത്ത ഒരാവശ്യകതയുമാണിത് എന്നു മനസ്സിലാക്കുമ്പോഴാണ് ആന്തരാധിനിവേശ വിമര്‍ശത്തിന്റെ പ്രാധാന്യം ഏറുന്നത്.
മലയാള ഭാഷാസംസ്‌കാര ഭൂമികയായ കേരളത്തിന്റെ സ്വത്വരൂപവത്കരണത്തിലും രാഷ്ട്രീയ അബോധ നിര്‍മിതിയിലും നിര്‍ണായക പങ്കുവഹിച്ച മഹാകവികളുടെ കാവ്യവ്യവഹാരങ്ങളില്‍ ദേശീയവാദവും ബ്രാഹ്മണിക മൂല്യമണ്ഡലവും നടത്തിയ സ്വാധീനങ്ങളെ കുറിച്ചുള്ള വിശകലനം ഏറെ പ്രസക്തമാണ്. ദേശീയവാദത്തിന്റെ അപരങ്ങളും ദമനങ്ങളും എങ്ങനെയാണ് ന്യൂനപക്ഷ-കീഴാള സമൂഹങ്ങളെ പുറന്തള്ളുന്നതെന്നും പ്രസ്തുത ഭാവുകത്വത്തിനുള്ളില്‍ പ്രവര്‍ത്തിച്ച കാവ്യവ്യവഹാരങ്ങള്‍ കൃത്യമായ മുസ്‌ലിംവിരുദ്ധതയുടെ ആഖ്യാനങ്ങളായി മാറുന്നുവെന്നുമുള്ള നിരീക്ഷണം മണ്ഡല്‍, മസ്ജിദ്, ഗുജറാത്ത് അനന്തര ഇന്ത്യയില്‍ വിശദമായ ചര്‍ച്ച അര്‍ഹിക്കുന്നു.
വള്ളത്തോളിനെയും ആശാനെയും കുറിച്ചുള്ള വിമര്‍ശ വിചാരങ്ങളുടെ പ്രാധാന്യം ഇവിടെയാണ്. മലയാള ഭാഷാസംസ്‌കാരത്തിന്റെ ഭാവനാഭൂപടം ചിത്രമെഴുതിയ അഗ്രഗാമികള്‍ എന്ന നിലയില്‍ നമ്മുടെ ബോധാബോധങ്ങളെ വര്‍ത്തമാനഭാവികളില്‍ രൂപപ്പെടുത്തുന്നതില്‍ ഈ മനുഷ്യകഥാനുഗായികളുടെ കാവ്യാഖ്യാന പാഠങ്ങള്‍ വഹിച്ച പങ്ക് നിര്‍ണായകമാണ്. അധീശത്വം ഈ വാങ്മയങ്ങളെ നിര്‍ണയിച്ചതെങ്ങനെ എന്നും ഈ പാഠങ്ങള്‍ എങ്ങനെ വരേണ്യാധീശ വ്യവഹാരങ്ങളെ പുനരുല്‍പ്പാദിപ്പിക്കുന്നു എന്നുമുള്ള അന്വേഷണം സാഹിത്യനിരൂപണപരമായി വിധ്വംസകവും നൈതികമായി അടിയന്തരവുമാണ്.
ആശാനെ കുറിച്ച് ലഭ്യമായ ആധുനികോത്തര വിമര്‍ശവീക്ഷണങ്ങളെ വിപുലമായി ഉപയോഗിച്ചുകൊണ്ട് ലേഖകന്‍ നടത്തുന്ന സങ്കലിതമായ വിമര്‍ശം സാധുവാണെന്നു മാത്രമല്ല കാലത്തിന്റെ അനിവാര്യതയുമാണ്. വിമര്‍ശവിശകലനങ്ങളിലൂടെയാണ് എഴുത്തുകാരുടെ പാഠാന്തര ലോകങ്ങളും വായനാലോകവും വികസിക്കുന്നത്. എന്നാല്‍ ദുരവസ്ഥയിലെ മുസ്‌ലിംവിരുദ്ധം എന്നു വ്യാഖ്യാനിക്കപ്പെടുന്ന പരാമര്‍ശങ്ങളെ അപഗ്രഥിക്കുന്ന ആശാന്‍ വിമര്‍ശം അനാരോഗ്യകരമായ ആവര്‍ത്തനപഥത്തിലേക്ക് ചുവടുമാറുന്നു. ഈ പ്രകട പാഠസന്ദര്‍ഭങ്ങളെ വിട്ട് ഇപ്പോഴും വിമര്‍ശ ശ്രദ്ധയേല്‍ക്കാതെ കിടക്കുന്ന പ്രകരണങ്ങളെ പുതിയ രീതിയിലും സമീപനത്തിലും പരിശോധിക്കുന്നത് ഉചിതമാകുമെന്നു തോന്നുന്നു.
കേവലവും പ്രകടവുമായ സാഹിത്യ പരാമര്‍ശങ്ങള്‍ക്കുപരിയായി ഭാവത്തിലും അബോധത്തിലും ബിംബാവലിയിലും പ്രതിനിധാനത്തിന്റെ സൂക്ഷ്മവ്യവഹാരങ്ങളിലും പാഠാന്തര സൂചനകളിലും മറ്റും പ്രവര്‍ത്തിക്കുന്ന അധീശത്വ മനോനിലകളെയും അപരഭീതികളെയും ന്യൂനവിദ്വേഷങ്ങളെയും കീഴാളഹിംസാ കാമനകളെയും കൂടുതല്‍ ഗാഢവും വിമോചനാത്മകവുമായ വ്യതിരിക്ത വായനകളിലൂടെ പുറത്തു കൊണ്ടുവരികയും ബഹുജനങ്ങള്‍ക്കിടയില്‍ വിനിമയം ചെയ്യുകയും ചെയ്യുക എന്നതാണ് പുതിയ വിമര്‍ശം നേരിടുന്ന വെല്ലുവിളി. അത്തരം വിഛേദങ്ങളിലേക്കും വിധ്വംസകമായ വിമര്‍ശ വായനകളിലേക്കുമുള്ള സാര്‍ഥകമായ ചുവടുവെയ്പായി ലേഖകന്റെ വിമര്‍ശ പഠനങ്ങളെ കാണാവുന്നതാണ്. സംവാദാത്മകതയുടെയും പുനര്‍വിചിന്തനത്തിന്റെയും ബഹുസ്വരമായ പ്രതീക്ഷകള്‍ക്ക് ഇത്തരം കാലികമായ വിമര്‍ശോദ്യമങ്ങള്‍ ജീവന്‍ പകരുന്നു. ചെറിയ ശബ്ദങ്ങളുടെ തെളിച്ചവും കാഴ്ചയും അതു മലയാളത്തിന്റെ സംസ്‌കാര രാഷ്ട്രീയത്തിനു കൊടുക്കുന്നു. നമ്മുടെ സമൂഹത്തിനും ഭാഷാസംസ്‌കാരങ്ങള്‍ക്കും നൈതികോര്‍ജവും സംതുലനവും പ്രദാനം ചെയ്യാനും ജീവിതത്തെയും സംസ്‌കാരത്തെയും ചരിത്രത്തെയും വീണ്ടുവിചാരം ചെയ്യുന്ന ഇത്തരം പുതുവിമര്‍ശം അവസരം ഒരുക്കുന്നു. കാലസന്ദര്‍ഭങ്ങള്‍ ആവശ്യപ്പെടുന്ന ഈ സാംസ്‌കാരിക ദൗത്യം ഏറ്റെടുത്ത യുവവിമര്‍ശകനെ നമുക്കഭിനന്ദിക്കാം.
9895797798
[email protected]
Comments