Prabodhanm Weekly

Pages

Search

2011 ഡിസംബര്‍ 3

കാലത്തിനതീതമായി അല്ലാഹു നമ്മെ വെല്ലുവിളിക്കുന്നു

ഫഹീമാ റഹ്മാന്‍

വിരസമായ ഒരു തിങ്കളാഴ്ചയിലെ മധ്യാഹ്നം. അന്നത്തെ അവസാന ക്ലാസ് കഴിഞ്ഞ് ഞാന്‍ മടങ്ങുകയായിരുന്നു. പതിവില്ലാതെ പഠിപ്പിച്ച പാഠഭാഗങ്ങളില്‍ ചിലത് എന്നില്‍ പുതിയ വെളിച്ചം പകരുന്നതായി അനുഭവപ്പെട്ടു. ജലതന്മാത്രകളെക്കുറിച്ചുള്ള ആ ക്ലാസ് എനിക്ക് പുതുമയുള്ളതോ എന്റെ വിദ്യാര്‍ഥികള്‍ക്ക് ഏതെങ്കിലും അര്‍ഥത്തില്‍ ആവേശം നല്‍കുന്ന ഒന്നോ ആയിരുന്നില്ല. എന്നിട്ടും എന്തൊക്കെയോ കാരണങ്ങള്‍ കൊണ്ട്, ജലതന്മാത്രയെ കുറിച്ചും പ്രത്യേകിച്ച് കോണോടുകൂടിയ കൗതുകകരമായ അതിന്റെ ഘടനയെക്കുറിച്ചും എനിക്ക് ചിന്തിക്കാതിരിക്കാന്‍ കഴിഞ്ഞില്ല... എത്ര ഉത്കൃഷ്ടനാണ് അതിന്റെ സ്രഷ്ടാവ്!
നമുക്കറിയാവുന്നതുപോലെ, ജലം ജീവന്റെ നിലനില്‍പിന്റെ അടിസ്ഥാനമാണ്. ലക്ഷോപലക്ഷം വര്‍ഷങ്ങളായി ഭൂമിയില്‍ ജീവന്‍ നിലനില്‍ക്കുന്നതിന്റെ കാരണം തന്നെ ജലതന്മാത്രയുടെ പ്രത്യേകമായ രാസഘടനയാണ്. ജലതന്മാത്രകള്‍ രൂപംപ്രാപിച്ചത് ഒരു ഓക്‌സിജന്‍ ആറ്റം രണ്ട് ഹൈഡ്രജന്‍ ആറ്റങ്ങള്‍ക്ക് മധ്യേ ഒന്ന് മറ്റൊന്നിന്റെ ഇലക്‌ട്രോണുകളെ പരിഗണിച്ച് പരസ്പരം പങ്കുവെച്ച് കരുതലോടെ ബന്ധിക്കപ്പെടുമ്പോഴാണ്. എങ്ങനെയായിരുന്നാലും പ്രകൃതിയിലെ ഏറ്റവും നൈസര്‍ഗികമായ നിര്‍മിതി കൂടിയാണിത്. എന്നാല്‍ ജലതന്മാത്രയിലെ ഓക്‌സിജന്‍ ആറ്റം ഹൈഡ്രജന്‍ ആറ്റത്തേക്കാള്‍ കുറച്ചധികം 'സ്വാര്‍ഥന്‍' ആണെന്ന് കാണാന്‍ കഴിയും. കാരണം, ഓക്‌സിജന്‍ ആറ്റം ഹൈഡ്രജന്‍ ആറ്റത്തില്‍ നിന്ന് ഇലക്‌ട്രോണുകളെ ആകര്‍ഷിക്കുന്നു. തന്മൂലം ഒരു ജലതന്മാത്ര ചാര്‍ജുള്ളതായിത്തീരുന്നു. ചെറിയ ഒരു നെഗറ്റീവ് ചാര്‍ജ് ഓക്‌സിജന്‍ ആറ്റത്തിനും പോസിറ്റീവ് ചാര്‍ജ് ഹൈഡ്രജന്‍ ആറ്റത്തിനും. സുബ്ഹാനല്ലാഹ്! ആത്യന്തികമായി ജലതന്മാത്രക്കകത്തുള്ള ഈ കൊടുക്കല്‍ വാങ്ങലുകളാണ് ജീവന്റെ ആധാര ശിലയാക്കി അതിനെ മാറ്റിയത്.
അറിഞ്ഞേടത്തോളം ദ്രാവകരൂപത്തില്‍ ജലസാന്നിധ്യമുള്ള ഒരേയൊരു ഗ്രഹം ഭൂമിയാണ്. മാത്രമല്ല, ഭൂമിയുടെ 70 ശതമാനവും ജലസാന്നിധ്യമാണ്. എന്തുകൊണ്ടാണ് ജലം ദ്രാവകരൂപത്തില്‍ നിലനില്‍ക്കുന്നത് എന്ന ചോദ്യം യുക്തിമാനായ അതിന്റെ സ്രഷ്ടാവിലേക്ക് നമ്മുടെ ശ്രദ്ധ ക്ഷണിക്കുന്നു. ചാര്‍ജുള്ള ജലതന്മാത്രകള്‍ക്കിടയില്‍ രൂപപ്പെടുന്ന തീവ്രമായ കൊടുക്കല്‍ വാങ്ങലുകള്‍ അവക്കിടയിലുള്ള അതിവ്യാപകമായ ആകര്‍ഷണ വലയങ്ങള്‍ക്ക്, അതായത് ഹൈഡ്രജന്‍ ബന്ധനങ്ങള്‍ക്ക് കാരണമായിത്തീരുന്നു. ഇത്തരം ബന്ധനങ്ങളാണ് ജലത്തിന്റെ ഉയര്‍ന്ന തിളനിലക്കും ജലം ദ്രാവകരൂപത്തില്‍ നിലനില്‍ക്കുന്നതിനും കാരണം (തിളനില എന്നാല്‍ ജലം നീരാവിയാകുന്നതിന്, ദ്രാവകം വാതകമാകുന്നതിന് ആവശ്യമായ ഊഷ്മാവാണ്. ഈ ഉയര്‍ന്ന ഊഷ്മാവില്‍ ജലതന്മാത്രകളുടെ ചലനോര്‍ജം വര്‍ധിക്കുകയും ഹൈഡ്രജന്‍ ബന്ധനങ്ങള്‍ മുറിഞ്ഞുപോവുകയും തന്മൂലം അവക്ക് ജലോപരിതലത്തില്‍ നിന്ന് പുറത്തേക്ക് വരാനുള്ള പ്രവണത അധികരിക്കുകയും ചെയ്യുന്നു). ചിന്തിച്ചു നോക്കൂ, ഭൂമിയിലുള്ള മുഴുവന്‍ ജലവും വാതകരൂപത്തിലായിത്തീര്‍ന്നാല്‍ എന്ത് സംഭവിക്കും!
എന്നാല്‍ ജലത്തിന് വാതകാവസ്ഥ കൂടിയുണ്ട്. അല്ലാഹുവിന് സ്തുതി! അതും ഒരു മഹത്തായ അനുഗ്രഹം തന്നെയല്ലോ. ജലമാണ് രണ്ടാമത്തെ ഏറ്റവും വിശിഷ്ട താപധാരിതയുള്ളതും അതോടൊപ്പം ഉയര്‍ന്ന ബാഷ്പീകരണ താപമുള്ളതുമായ സംയുക്തം (ഒരു യൂനിറ്റ് ജലത്തിന്റെ ഊഷ്മാവ് ഒരു ഡിഗ്രി സെല്‍ഷ്യസ് ഉയര്‍ത്തുന്നതിന് ആവശ്യമായ താപത്തെയാണ് വിശിഷ്ട താപധാരിത എന്നു പറയുന്നത്). ഈ രണ്ട് ഭൗതിക സവിശേഷതകളും മേല്‍ സൂചിപ്പിച്ച, ജലതന്മാത്രകള്‍ക്കിടയിലുള്ള അതിവ്യാപകമായ ഹൈഡ്രജന്‍ ബന്ധനങ്ങള്‍ മൂലം ഉണ്ടായതാണ്. ഈ രണ്ട് അസാധാരണമായ സവിശേഷതകള്‍ ജലത്തെ, അതിന്റെ തനത് ഊഷ്മാവ് നിലനിര്‍ത്തിക്കൊണ്ട് തന്നെ അന്തരീക്ഷത്തിലെ ഊഷ്മാവിലുള്ള വ്യതിയാനങ്ങളെ ആഗിരണം ചെയ്യാന്‍ പ്രാപ്തമാക്കുന്നു. ഇതുമൂലം ഭൗമോപരിതലത്തിലെ കാലാവസ്ഥ ക്രമീകരിക്കപ്പെടുന്നു.
ഇനി ജലം തണുത്തുറഞ്ഞാലുള്ള അവസ്ഥ ഒന്നാലോചിച്ചു നോക്കൂ. ഈ പ്രതിഭാസത്തെ വ്യത്യസ്തമായ മറ്റൊരു രീതിയിലേ വിശദീകരിക്കാന്‍ കഴിയൂ. മറ്റു വസ്തുക്കളില്‍ നിന്ന് വ്യത്യസ്തമായി ഖരാവസ്ഥയോടടുക്കുമ്പോള്‍ ജലത്തിന്റെ സാന്ദ്രത കുറയുന്നു. ജലതന്മാത്രകള്‍ക്കിടയിലുള്ള ഹൈഡ്രജന്‍ ബന്ധനങ്ങള്‍ പുനഃക്രമീകരിക്കപ്പെടുന്നതിലൂടെ ജലം സാന്ദ്രത കുറഞ്ഞ് ഖരാവസ്ഥ പ്രാപിച്ച് (ഐസ് രൂപത്തിലായി) ജലോപരിതലത്തില്‍ പൊങ്ങിക്കിടക്കുന്നു. ഈ പ്രത്യേകത മൂലം മഞ്ഞുകാലങ്ങളില്‍ ജലസ്രോതസ്സുകളില്‍ വെള്ളം തണുത്തുറഞ്ഞ് ഖരരൂപത്തിലായാല്‍ അത് ജലോപരിതലത്തില്‍ മാത്രം സംഭവിക്കുകയും (ഐസ് പൊങ്ങിക്കിടക്കുകയും) മൊത്തം ജലത്തിന്റെ വലിയൊരു ഭാഗവും ദ്രാവകരൂപത്തില്‍ താഴ്ഭാഗത്ത് അവശേഷിക്കുകയും ചെയ്യുന്നു. ഇത് ജലജീവികളുടെ ആവാസവ്യവസ്ഥ നിലനിര്‍ത്താന്‍ സഹായകമായിത്തീരുന്നു. ശീതകാലത്ത് ജലസ്രോതസ്സുകള്‍ മുഴുവന്‍ മഞ്ഞുകട്ടയായിത്തീര്‍ന്നാല്‍ അത് എത്ര ഭയാനകമായിരിക്കും!
 ജലതന്മാത്രകള്‍ക്കിടയിലെ ശക്തമായ ആകര്‍ഷണബലം മൂലം ജലത്തിന്റെ പ്രതലബലവും ക്യാപില്ലറി ഊര്‍ജവും വര്‍ധിക്കുന്നു. ഗുരുത്വാകര്‍ഷണ ബലത്തിനെതിരായി ജലത്തിന് ഒരു നേര്‍ത്ത തന്തുവിലൂടെ മുകളിലോട്ട് ചലിക്കാനുള്ള കഴിവിനെയാണ് ക്യാപില്ലറി ഊര്‍ജം എന്നു പറയുന്നത്. സമാനമായ ഗുണവിശേഷം എല്ലാ സസ്യങ്ങളും വൃക്ഷങ്ങളും പ്രകടിപ്പിക്കാറുണ്ട് (സസ്യങ്ങളുടെ വേരുകളിലൂടെയും കാണ്ഡങ്ങളിലൂടെയും ധാതുക്കളുടെ പ്രവാഹം സാധ്യമാക്കുന്നത് ജലമാണ്. ഇത്തരം പ്രവാഹങ്ങള്‍ ഗുരുത്വാകര്‍ഷണബലത്തിന് എതിര്‍ദിശയിലാണ് സംഭവിക്കുന്നത്). നമുക്കറിയാവുന്നത് പോലെ സസ്യങ്ങളാണ് ഭക്ഷ്യശൃംഖലയിലെ പ്രഥമ കണ്ണി. ചിന്തിച്ചു നോക്കൂ, ജലത്തിന്റെ ഗുരുത്വാകര്‍ഷണ ബലത്തിനെതിരായ ചലനശേഷിയെങ്ങാനും ഇല്ലാതായാല്‍ സസ്യങ്ങളില്‍ ഭക്ഷ്യോല്‍പാദനവും വിതരണവും എങ്ങനെ സാധ്യമാകുമെന്ന്!
ജലം സാര്‍വത്രിക ലായനിയാകുന്നത് ജലതന്മാത്രകള്‍ക്കിടയിലുള്ള ചാര്‍ജ് വിഭജനം കാരണമാണ്. ജലത്തിന് ഒരു ലായനിയുടെ സവിശേഷത ഉള്ളതുകൊണ്ടാണ് അതിന് ജീവശാസ്ത്രത്തില്‍ മര്‍മപ്രധാനമായ സ്ഥാനമുള്ളത്. ഒട്ടേറെ ജൈവിക രാസപ്രവര്‍ത്തനങ്ങള്‍ സംഭവിക്കുന്നത് ജലസാന്നിധ്യത്തിലാണ്. ഇതിനു പുറമെ ജലം ജൈവിക തന്മാത്രകളെ ആവശ്യാനുസരണം ശരീരത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് വഹിക്കുകയും അതുവഴി ഉപാപചയ പ്രവര്‍ത്തനങ്ങള്‍ ത്വരിതപ്പെടുത്തുകയും ചെയ്യുന്നു.
തീര്‍ച്ചയായും അല്ലാഹുവിന്റെ ചെറിയ ഈ അത്ഭുതത്തെ കുറിച്ച് ചിന്തിക്കുന്നതുപോലും നമ്മെ വിനയാന്വിതരാക്കുന്ന അനുഭവമാണ്. കാലത്തിനതീതമായി അല്ലാഹു നമ്മെ വെല്ലുവിളിക്കുന്നു: ''ഏഴു ആകാശങ്ങളെ അടുക്കുകളായി സൃഷ്ടിച്ചവനാകുന്നു അവന്‍. പരമകാരുണികന്റെ സൃഷ്ടിപ്പില്‍ യാതൊരു ഏറ്റക്കുറവും നീ കാണുകയില്ല. എന്നാല്‍ നീ ദൃഷ്ടി ഒന്നുകൂടി തിരിച്ചുകൊണ്ടുവരൂ. വല്ല വിടവും നീ കാണുന്നുണ്ടോ? പിന്നീട് രണ്ട് തവണ നീ കണ്ണിനെ തിരിച്ചുകൊണ്ടുവരൂ. നിന്റെ അടുത്തേക്ക് ആ കണ്ണ് പരാജയപ്പെട്ട നിലയിലും പരവശമായിക്കൊണ്ടും മടങ്ങിവരും'' (അല്‍മുല്‍ക് 3,4). ജലതന്മാത്രയിലുള്ള ഏറ്റവും ഭാരം കുറഞ്ഞ ഇലക്‌ട്രോണുകളുടെ അസന്തുലിതമായ പങ്കുവെക്കലുകളാണ് വിശാലമായ അനേക സംഗതികള്‍ അടങ്ങിയ നമ്മുടെ ലോകത്തിന്റെ പരിപൂര്‍ണതക്ക് നിദാനം. സത്യമായും എന്റെ കണ്ണുകള്‍ പരാജയപ്പെട്ട നിലയില്‍ മടങ്ങിയിരിക്കുന്നു. അല്ലാഹ്, തീര്‍ച്ചയായും നീ ഉത്കൃഷ്ടനായ സ്രഷ്ടാവ് തന്നെ. ''ഞങ്ങളുടെ രക്ഷിതാവേ, നീ നിരര്‍ഥകമായി സൃഷ്ടിച്ചതല്ല ഇത്. നീ എത്രയോ പരിശുദ്ധന്‍'' (ആലുഇംറാന്‍ 191).
(ബ്രിട്ടനില്‍ കെമിസ്ട്രി അധ്യാപികയാണ് മലയാളിയായ ലേഖിക. [email protected])
വിവ: നിഷാദ് പുതുക്കോട്‌

Comments

Other Post

ഖുര്‍ആന്‍ ബോധനം

ഖുര്‍ആന്‍ ബോധനം