ഗുണമേന്മയുള്ള ഇസ്‌ലാമിക സമൂഹം ഒരു പൊതു ആവശ്യമാണ്
![](https://www.archive.prabodhanam.net/storage/uploads/bookno68_issueno25/a_ali.jpg)
സാമുദായികത, മതേതരത്വം ഇടയിലെ ജമാഅത്തെ ഇസ്‌ലാമി -2
സാമുദായികതക്കും മതേതരത്വത്തിനും ഇടയിലെ ജമാഅത്തെ ഇസ്‌ലാമിയെയാണ് താങ്കള്‍ ഇതുവരെ വ്യക്തമാക്കാന്‍ ശ്രമിച്ചത്. പക്ഷേ, അപ്പോഴും മുസ്‌ലിം സമുദായവുമായുള്ള ജമാഅത്തെ ഇസ്‌ലാമിയുടെ ബന്ധം എന്താണ് എന്ന ചോദ്യം നിലനില്‍ക്കുന്നുണ്ട്. എങ്ങനെയാണ് പ്രസ്ഥാനം മുസ്‌ലിം സമുദായത്തെ കാണുന്നത്?
മുസ്‌ലിം സമുദായത്തോടുള്ള ജമാഅത്തെ ഇസ്‌ലാമിയുടെ നിലപാട്, എല്ലാ ഘട്ടത്തിലും അതിന്റെ പോളിസിയിലൂടെ വ്യക്തമാക്കിയിട്ടുണ്ട്. പ്രാഥമികമായി, ജമാഅത്തെ ഇസ്‌ലാമി മുന്നോട്ട് വെക്കുന്ന ദര്‍ശനമായ ഇസ്‌ലാമിനെ നല്ല അളവില്‍ അംഗീകരിച്ചിരിക്കുന്ന വിഭാഗമാണ് മുസ്‌ലിം സമുദായം. എന്നും ജമാഅത്തെ ഇസ്‌ലാമി ആ പരിഗണന മുസ്‌ലിം സമൂഹത്തിന് കൊടുത്തിട്ടുണ്ട്. നല്ല അളവില്‍ എന്നു പറഞ്ഞത് ഒരു ന്യൂനോക്തിയാണ്. ഇസ്‌ലാമിനെ വളരെ ഹൃദയം തുറന്ന് സ്‌നേഹിക്കുകയും, ഇസ്‌ലാമനുസരിച്ചാണ് ജീവിക്കുന്നത് എന്ന് ഓരോ നിമിഷവും ഉറപ്പ് വരുത്തിക്കൊണ്ടിരിക്കുകയും ചെയ്യുന്ന ഒരുപാട് മനുഷ്യര്‍ മുസ്‌ലിം സമുദായത്തില്‍ ഉണ്ട്. അത്തരമൊരു സമൂഹത്തെ കാണാതിരിക്കാന്‍ ജമാഅത്തെ ഇസ്‌ലാമിക്ക് സാധിക്കില്ല. മുസ്‌ലിം സൗഹൃദവേദിയിലും മുസ്‌ലിം മജ്‌ലിസെ മുശാവറയിലും ജമാഅത്ത് അംഗമാകുന്നതും, ആഭ്യന്തരമായി എന്തെങ്കിലും ഭിന്നതയുണ്ടെങ്കില്‍ രമ്യതക്ക് ശ്രമിക്കുന്നതും, മുസ്‌ലിം പ്രശ്‌നങ്ങളില്‍ ഇടപെടുന്നതും ഒക്കെ അതിന്റെ അടിസ്ഥാനത്തിലാണ്.
രണ്ടാമത്തെ കാര്യം, സ്വാതന്ത്ര്യത്തിനു ശേഷം ഇന്ത്യയില്‍ ഏറ്റവും അധികം പിന്നോട്ട് തള്ളപ്പെട്ട ജനവിഭാഗമാണ് മുസ്‌ലിംകള്‍ എന്നതാണ്. രാഷ്ട്രത്തിന്റെ പുനര്‍നിര്‍മാണത്തില്‍ ക്രിയാത്മക പങ്കുവഹിക്കാന്‍ അവരെ പാകപ്പെടുത്തുക എന്നുള്ളത് ഒരു ദേശീയ ആവശ്യമായിട്ടാണ് ജമാഅത്തെ ഇസ്‌ലാമി കാണുന്നത്; അത് വെറും ഒരു സാമുദായിക ആവശ്യമല്ല. 20 കോടിയോളം വരുന്ന മുസ്‌ലിം സമുദായത്തെ വിദ്യാഭ്യാസപരമായും സാംസ്‌കാരികമായും വളര്‍ത്തിയെടുക്കുക വഴി ദേശത്തിന്റെ പുനര്‍നിര്‍മാണ പ്രക്രിയയില്‍ ക്രിയാത്മകമായി പങ്കാളിത്തം വഹിക്കാന്‍ അവരെ പ്രാപ്തരാക്കുക എന്ന നിലക്കുള്ള വമ്പിച്ച പദ്ധതികള്‍ തന്നെ ജമാഅത്തെ ഇസ്‌ലാമി മുന്നോട്ട് വെച്ചുകൊണ്ടിരിക്കുന്നുണ്ട്. ദേശീയ തലത്തില്‍, വിഷന്‍ 2016 ചെയ്തുകൊണ്ടിരിക്കുന്ന കാര്യങ്ങള്‍ അതിന്റെ ഏറ്റവും നല്ല ഉദാഹരണമാണ്.
പൊതു സമൂഹത്തില്‍ ഒരുപാട് സുഹൃത്തുക്കള്‍ ഉള്ള ഒരു പ്രസ്ഥാനമായ ജമാഅത്തെ ഇസ്‌ലാമിക്ക് മുസ്‌ലിം സമുദായത്തിനകത്ത്് സുഹൃത്തുക്കള്‍ കുറവാകാന്‍ കാരണം? ഇതില്‍ വലിയൊരു വൈരുധ്യമില്ലേ?
വളരെ മൗലിക പ്രസക്തിയുള്ള ഒരു ചോദ്യമാണിത്. അതിന്റെ ഉത്തരം കൃത്യമായി അന്വേഷിക്കപ്പെടേണ്ടതാണ്. ഞാന്‍ മനസ്സിലാക്കുന്നത്, അധഃസ്ഥിതാവസ്ഥയിലുള്ള സമൂഹങ്ങളില്‍, ആ ഘട്ടത്തില്‍ ഏറ്റവും പ്രകടമായി കാണുന്ന പ്രവണതകള്‍ അവര്‍ക്കകത്തെ ഛിദ്രതയും പരസ്പര ശത്രുതയും ആയിരിക്കും എന്നാണ്. അത് ഖുര്‍ആന്‍ തന്നെ പല മാതൃകകളിലൂടെ നമുക്ക് മുമ്പില്‍ വരച്ച് കാണിച്ചു തന്നിട്ടുള്ളതാണ്. ഇവിടത്തെ മുസ്‌ലിം സമൂഹം, കുറച്ച് കാലങ്ങളായി, ഈ ഛിദ്രതയിലും പരസ്പര ശത്രുതയിലുമാണ് നില കൊള്ളുന്നത്. ഇ.കെ നായനാര്‍ മരണപ്പെട്ട സന്ദര്‍ഭത്തില്‍ ശൈഖ് മുഹമ്മദ് കാരകുന്ന് പ്രബോധനത്തില്‍ എഴുതിയ ഒരു കുറിപ്പ് ഞാന്‍ സന്ദര്‍ഭവശാല്‍ ഓര്‍ക്കുകയാണ്. രാഷ്ട്രീയ നേതാക്കളുടെ പരസ്പര സഹകരണവും സൗഹൃദവും മാനുഷിക ബന്ധവും ഒക്കെ പരാമര്‍ശിച്ചുകൊണ്ടുള്ള കുറിപ്പില്‍ സൗഹൃദത്തിന്റെ പ്രവാചക ചര്യ പിന്‍പറ്റുന്നത് മുസ്‌ലിം പണ്ഡിതരേക്കാള്‍ കൂടുതല്‍ രാഷ്ട്രീയ നേതാക്കളാണ് എന്ന് അദ്ദേഹം പറയുകയുണ്ടായി. അത്തരത്തിലുള്ള, പരസ്പര ഭിന്നതയെ മറികടക്കുന്ന മാനുഷിക സൗഹൃദങ്ങള്‍ മുസ്‌ലിം സമുദായത്തിനകത്ത് ഇപ്പോള്‍ കാണാന്‍ സാധിക്കുന്നില്ല. ജമാഅത്തെ ഇസ്‌ലാമിയുടെ ഒരു പ്രഗത്ഭനായ നേതാവ് മരിച്ചാല്‍ മറ്റു സംഘടനകളില്‍ നിന്ന് ഒന്നാംനിര നേതാക്കളാരും തന്നെ വളരെ അപൂര്‍വമായല്ലാതെ സന്ദര്‍ശനം നടത്തുകയില്ല. പിളര്‍പ്പ് അടുത്തിടെ സംഭവിച്ച മുസ്‌ലിം സംഘടനാ വിഭാഗങ്ങള്‍ക്കിടയില്‍ തന്നെ പരസ്പരബന്ധത്തില്‍ സൗഹൃദം അറ്റുപോകുന്ന ഭീകരമായ ഒരു അവസ്ഥയാണ് കാണാന്‍ സാധിക്കുന്നത്. ഇത് യഥാര്‍ഥത്തില്‍ ഒരു വലിയ പ്രശ്‌നം തന്നെയാണ്. അപ്പോള്‍ ഇത് ജമാഅത്തെ ഇസ്‌ലാമിയുടെ മാത്രം പ്രശ്‌നമല്ല; ജമാഅത്തെ ഇസ്‌ലാമി ഉള്‍പ്പെടുന്ന മുസ്‌ലിം സമുദായത്തിന്റെ മൊത്തം അധഃസ്ഥിതാവസ്ഥയുടെ ഒരു ലക്ഷണമായിട്ടേ ഞാനതിനെ കാണുന്നുള്ളൂ. ഇത് പരിഹരിക്കാനുള്ള ശ്രമം ജമാഅത്തെ ഇസ്‌ലാമി നിരന്തരം നടത്തുന്നുണ്ട്. ജമാഅത്ത് കേരളത്തിലെ എല്ലാ സമുദായ നേതാക്കളുമായും സൗഹൃദം പുലര്‍ത്താറുണ്ട്, ജമാഅത്തിന്റ മുന്‍കൈയില്‍ സൗഹൃദ ശ്രമങ്ങള്‍ നടക്കാറുണ്ട്, സന്തോഷാവസരങ്ങളില്‍ അത് പങ്കിടാറുണ്ട്, ദുഃഖത്തിന്റെ സന്ദര്‍ഭങ്ങളില്‍ ആശ്വസിപ്പിക്കാന്‍ ശ്രമിക്കാറുണ്ട്.... ഈ ഒരു സ്വഭാവം മുസ്‌ലിം സമുദയത്തിനകത്ത് വര്‍ധിച്ചുവരേണ്ടിയിരിക്കുന്നു. ഞാന്‍ മനസ്സിലാക്കുന്നത്, മുസ്‌ലിം യുവ സമൂഹത്തിനകത്ത് ഉണ്ടായിക്കൊണ്ടിരിക്കുന്ന ഇന്നത്തെ ഉണര്‍വ് നിലനില്‍ക്കുകയാണെങ്കില്‍ ഒരു പതിറ്റാണ്ടിനകം മുസ്‌ലിം സമുദായത്തിന്റെ ഈ പതിതാവസ്ഥയില്‍ നിന്നുള്ള മോചനം സാധ്യമാകും എന്നു തന്നെയാണ്.
പുതിയ പ്രവര്‍ത്തനകാലയളവിലേക്കായി രൂപപ്പെടുത്തിയ ജമാഅത്തിന്റെ പോളിസിയില്‍ മുസ്‌ലിം സമുദായത്തെ അഭിസംബോധന ചെയ്യുന്ന ഊന്നലുകള്‍ എന്തൊക്കെയാണ്?
ഈ പ്രവര്‍ത്തനകാലയളവില്‍ ജമാഅത്തെ ഇസ്‌ലാമിയുടെ ഏറ്റവും മുന്‍ഗണനയുള്ള കാര്യം, മുസ്‌ലിം സമുദായത്തിനകത്തേക്ക് കൂടുതല്‍ ഇറങ്ങിച്ചെല്ലുക എന്നുള്ളത് തന്നെയാണ്. അവരെ ഇസ്‌ലാമിക ആദര്‍ശത്തിനനുസരിച്ച് സംസ്‌കരിക്കുന്നതിനും ലോകതലത്തിലുള്ള ഇസ്‌ലാമിക ഉണര്‍വുകള്‍ അവരിലേക്ക് കൈമാറ്റം ചെയ്യുന്നതിനും ഇസ്‌ലാമിനു വേണ്ടി അവരുടെ പരിശ്രമങ്ങള്‍ ഉപയോഗപ്പെടുത്തുന്നതിനുമുള്ള പ്രവര്‍ത്തന പദ്ധതികള്‍ ആവിഷ്‌കരിക്കുക എന്നതാണ് അതിന്റെ ഉദ്ദേശ്യം. അവരോട് ധാരാളം സംസാരിക്കുക, അവരുടെ ഭാഷയില്‍ സംവദിക്കാന്‍ ശ്രമിക്കുക, അവരില്‍ നിന്ന് ധാരാളം കേള്‍ക്കുക, അവരുടെ വികാരത്തെ സ്വാംശീകരിക്കുക, അവരുടെ വികാരത്തെ ഇസ്‌ലാമികാദര്‍ശത്തിന് യോജിക്കുന്ന വിധത്തില്‍ പൊതുസമൂഹത്തില്‍ പ്രതിനിധീകരിക്കാന്‍ ശ്രമിക്കുക എന്നുള്ളതാണ് അവരിലേക്ക് ഇറങ്ങിച്ചെല്ലുക എന്നതിന്റെ അര്‍ഥം. മുസ്‌ലിം സമുദായത്തെ, ദേശീയവും പ്രാദേശികവുമായ തലത്തില്‍ രൂപപ്പെടുത്തിയെടുത്ത ഘടകങ്ങളെ പ്രത്യേക ഗവേഷണവിഷയമായെടുത്ത് പഠിക്കുക എന്നത് സമുദായത്തിലേക്ക് ഇറങ്ങിച്ചെല്ലുന്നതിനുള്ള പ്രധാന വഴിയാണ്. മുസ്‌ലിം പണ്ഡിത പാരമ്പര്യവും സാംസ്‌കാരികവും രാഷ്ട്രീയപരവും തത്ത്വശാസ്ത്രപരവും കര്‍മശാസ്ത്രപരവുമായ മേഖലയില്‍ അവര്‍ സമൂഹത്തിനും സമുദായത്തിനും നല്‍കിയ സംഭാവനകളും ഇതില്‍ മുഖ്യ സ്ഥാനത്ത് വരുന്നു. പൊതുമുസ്‌ലിം സമൂഹത്തിന്റെ സാംസ്‌കാരികവും രാഷ്ട്രീയവുമായ പാരമ്പര്യത്തെയും ഇന്നത്തെ മുസ്‌ലിം സമൂഹത്തെ നിര്‍ണയിച്ച എല്ലാ ഘടകങ്ങളെയും വിശകലനം ചെയ്തതിന്റെ അടിസ്ഥാനത്തില്‍ മുസ്‌ലിം സമുദായത്തിന്റെ ആത്മാവിനോട് സംവദിച്ചുകൊണ്ട് അവരെ സാമൂഹികമാറ്റത്തിനുള്ള ഇസ്‌ലാമിന്റെ സഹകാരികളാക്കുന്നതിന് നാം പരിശ്രമിക്കും. ഇതുവരെ ജമാഅത്തെ ഇസ്‌ലാമി വിവിധ സംഘടനകളുടെ നേതാക്കളുമായുള്ള ബന്ധത്തിനാണ് ശ്രദ്ധകൊടുത്തിരുന്നതെങ്കില്‍, അതില്‍ നിന്ന് ഏറെ വികസിച്ച് മുസ്‌ലിം ജനസാമാന്യവുമായുള്ള നേരിട്ടുള്ള ബന്ധത്തിനാണ് ഈ കാലയളവില്‍ കൂടുതല്‍ ശ്രദ്ധകൊടുക്കുന്നത്. അവരെയാണ് ഈ കാലയളവില്‍ പ്രസ്ഥാനം ഏറ്റവും പ്രധാനമായും അഭിസംബോധന ചെയ്യുന്നത്.
കേരളീയ മുസ്‌ലിം സമൂഹത്തിലെ മതസംസ്‌കരണ പ്രവര്‍ത്തനങ്ങള്‍ പലപ്പോഴായി സാമൂഹിക സഹവര്‍ത്തിത്വത്തിന് വെല്ലുവിളിയാകുന്നതായും ഛിദ്രതക്ക് കാരണമാകുന്നതായും കാണുന്നുണ്ടല്ലോ. അതിനെ ജമാഅത്തെ ഇസ്‌ലാമി എങ്ങനെയാണ് നിരീക്ഷിക്കുന്നത്?
കേരളം വളരെ ശക്തമായ ഒരു ബഹുസ്വര സമൂഹമാണ്. ലോകത്തിന്റെ മറ്റു ഏതു ഭാഗത്തുള്ളതിനേക്കാള്‍ കൂടുതല്‍ മതസൗഹാര്‍ദം സ്വന്തം ജീവിതചര്യയായി സ്വീകരിച്ച ജനവിഭാഗം കൂടിയാണ് കേരളീയര്‍. അതിനെതിരായ ചെറിയ പ്രവണതകളെ പോലും തിരസ്‌കരിക്കാനും നിരാകരിക്കാനും കേരളീയ സമൂഹം ജാഗ്രത പുലര്‍ത്തിപ്പോന്നിട്ടുണ്ട്. അതേസമയം, മുസ്‌ലിം സമുദായത്തിലോ ഇതര സമൂഹങ്ങളിലോ ഉയര്‍ന്നുവന്നുകൊണ്ടിരിക്കുന്ന മതപരമായ ഉണര്‍വുകളെ കുറിച്ച് വലിയ തെറ്റിദ്ധാരണ വെച്ചു പുലര്‍ത്തുന്ന രീതികളും ഈ പ്രതിഭാസത്തിന്റെ തന്നെ ഭാഗമായി ഉയര്‍ന്നുവരുന്നുണ്ട്. ഹിജാബ് അതിന് ഉദാഹരണമാണ്. ഹിജാബിന്റെ വ്യാപനം മതബോധത്തിന്റെയും വിശ്വാസത്തിന്റെയും വ്യാപനത്തിന്റെ ലക്ഷണം തന്നെയാണ്. അതിന് വര്‍ഗീയതയുമായി യാതൊരു ബന്ധവുമില്ല. പക്ഷേ, അതിനെ വര്‍ഗീയതയുടെ വ്യാപനത്തിന്റെ കാരണമായി കാണാനുള്ള തെറ്റായ പ്രവണത കേരളീയ പൊതു സമൂഹത്തില്‍ നിലനില്‍ക്കുന്നുണ്ട്. അതൊരിക്കലും മറുവിഭാഗത്തിന്റെ വര്‍ഗീയ മനസ്സ് കൊണ്ടാണെന്നും ഞാന്‍ വിശ്വസിക്കുന്നില്ല. കേരളത്തിന്റെ മതസൗഹാര്‍ദത്തിന് ഹിജാബിന്റെ വ്യാപനം കോട്ടം തട്ടിച്ചേക്കുമോ എന്ന ഭയമാണ് ഹിജാബിനെ എതിര്‍ക്കാന്‍ പൊതുസമൂഹത്തെ പ്രേരിപ്പിക്കുന്നത് എന്ന് ഞാന്‍ വിശ്വസിക്കുന്നു.
ഇസ്‌ലാമിക സമൂഹത്തില്‍ മതസൗഹാര്‍ദ പാരമ്പര്യത്തിന് കോട്ടം തട്ടുന്ന വിധത്തിലുള്ള രണ്ട് ഘടകങ്ങള്‍ വളര്‍ന്നുവരുന്നുണ്ടോ എന്ന് ഗൗരവത്തില്‍ വീക്ഷിക്കേണ്ടതായുണ്ട്. ഒന്ന്, അവകാശം നിഷേധിക്കപ്പെട്ടവരാണ് എന്ന ബോധം നിരന്തരമായി വളര്‍ത്തിയെടുത്തുകൊണ്ട്, അവകാശങ്ങള്‍ തിരിച്ചുപിടിക്കാന്‍ രാഷ്ട്രീയ ഇടപെടലുകള്‍ പര്യാപ്തമല്ലെന്നും നിയമവ്യവസ്ഥയെ വെല്ലുവിളിക്കണമെന്നും ഉള്ള സിദ്ധാന്തം. പക്ഷേ വൈകാരികമായ ഈ പ്രവണതയെ സ്വയം ഇല്ലായ്മ ചെയ്യാന്‍ മുസ്‌ലിം സമൂഹത്തിന് പക്വതയുണ്ട് എന്നതാണ് ശരി. രണ്ടാമത്തെ ഘടകം, മതപരമായ അസഹിഷ്ണുതയാണ്. ഇതിന് വ്യാപനം നല്‍കുന്നത്, മുമ്പ് പുരോഗമനവാദികളായിരുന്നവര്‍ കക്ഷികളായി വേര്‍പിരിഞ്ഞപ്പോള്‍ അതില്‍ നവയാഥാസ്ഥിതിക സ്വഭാവം കൈകൊണ്ട ഒരു കൂട്ടം മതനേതൃത്വമാണ്. പെട്ടെന്ന് യുവതലമുറയുടെ മതബോധത്തിലേക്ക് വ്യാപിക്കാന്‍ സാധ്യതയുള്ള ഒരു പ്രവണതയാണിതെന്ന് ഞാന്‍ ഭയക്കുന്നു. മതത്തെ പരമാവധി സ്വാംശീകരിക്കുക എന്നതിനര്‍ഥം തീവ്രമായ സമീപനം സ്വീകരിക്കുക എന്നതാണെന്ന് യുവതലമുറ തെറ്റിദ്ധരിക്കും. ഉദാഹരണമായി, ഒരു പ്രത്യേക വേഷവിധാനം സ്വീകരിക്കുക, ആ വേഷവിധാനത്തിലൂടെ സഹോദര സമൂഹങ്ങള്‍ക്ക് അകല്‍ച്ച ഉണ്ടാവുകയാണെങ്കില്‍ ആ അകല്‍ച്ചയില്‍ അഭിമാനിക്കുക, ഇസ്‌ലാമിനോടുള്ള സ്‌നേഹം എന്ന് തെറ്റിദ്ധരിച്ച് പൊതു ഇടങ്ങളെ നിരാകരിക്കുക, ആഘോഷങ്ങളില്‍ പരസ്പര പങ്കാളിത്തം നിഷേധിക്കുക, സുഹൃദ്‌വലയങ്ങളില്‍ പോലും സന്തോഷമുഹൂര്‍ത്തങ്ങളില്‍ പരസ്പരം ആശംസ അര്‍പ്പിക്കാന്‍ പാടില്ലെന്ന് മതവിധി പുറപ്പെടുവിക്കുക തുടങ്ങിയ തീവ്രവാദ ചിന്തകള്‍ വളരുന്നത്, അത് നേരത്തെ ഉല്‍പതിഷ്ണുക്കളായി അറിയപ്പെട്ടിരുന്ന വിഭാഗങ്ങളിലാവുമ്പോള്‍ പ്രത്യേകിച്ചും, നാം ഗൗരവത്തോടെ ചികിത്സിക്കേണ്ട രോഗമാണ്. മതബോധത്തെ കുറിച്ച ഈ തെറ്റായ ധാരണകളെ അടിയന്തരമായി ചികിത്സിച്ചില്ലെങ്കില്‍ സാമൂഹിക ബന്ധത്തിന്റെ ആരോഗ്യം വഷളാവുകയും അതുവഴി അല്ലാഹുവിന്റെ കോപം വരുത്തിവെക്കുകയുമാണ് ചെയ്യുക.
ബഹുസ്വരമായ സാമൂഹിക വ്യവസ്ഥക്കകത്ത് ജീവിക്കുമ്പോള്‍ നമ്മള്‍ പാലിക്കേണ്ട മര്യാദകളും നിലപാടുകളും എന്താണ് എന്ന കൃത്യമായ, ദീനിന്റെ അടിസ്ഥാനത്തിലുള്ള ബോധ്യം ഉണ്ടെങ്കില്‍ മാത്രമേ ഇതിനെ നേരിടാന്‍ കഴിയൂ. അതിന് ശ്രമിക്കുകയെന്നതാണ് ജമാഅത്തിന്റെ മതസംസ്‌കരണ പദ്ധതിയിലെ ഒരു പ്രധാന ഭാഗം.
സമുദായ സംസ്‌കരണത്തിന് ഊന്നല്‍ നല്‍കും എന്ന് ജമാഅത്തെ ഇസ്‌ലാമി പോളിസിയില്‍ പ്രഖ്യാപിക്കുന്നുണ്ടല്ലോ. അതേസമയം സമുദായ സംസ്‌കരണം (ഇസ്‌ലാഹ്) എന്നു പറയുമ്പോള്‍ മുസ്‌ലിം സമുദായത്തിന് കണ്ടും കേട്ടും പരിചയമുള്ള ചില രീതികളുണ്ട്. ചിരപരിചിതമായ ഈ രീതികളില്‍ നിന്ന് വല്ല വ്യത്യസ്തതകളും ജമാഅത്തിന്റെ സംസ്‌കരണ രീതിയിലുണ്ടാകുമോ?
ഇത് വളരെ വിശാലമായ ഒരു അന്വേഷണ മേഖലയാണ്. അതില്‍ ആദ്യമായി സൂചിപ്പിക്കേണ്ട ഒരു കാര്യം, ഇസ്‌ലാഹീ പ്രവര്‍ത്തനം/ സംസ്‌കരണ പ്രവര്‍ത്തനം എന്നതിന് ജമാഅത്ത് നല്‍കുന്ന വിവക്ഷയാണ്. മുസ്‌ലിം സമുദായത്തെ അന്ധവിശ്വാസങ്ങളില്‍ നിന്നും അനാചാരങ്ങളില്‍ നിന്നും മോചിപ്പിച്ചെടുക്കുക എന്ന അര്‍ഥം ജമാഅത്ത് അംഗീകരിക്കുമ്പോള്‍ തന്നെ, ചിലത് കൂട്ടിച്ചേര്‍ക്കാനും തിരുത്താനും കൂടി ഉണ്ട്. ഒരു ഫിഖ്ഹീ സരണിയില്‍ നിന്ന് മറ്റൊരു ഫിഖ്ഹീ സരണയിലേക്ക് ഒരാളെ മാറ്റിയെടുക്കുന്നതിനെ ഇസ്‌ലാഹീ പ്രവര്‍ത്തനമായി ജമാഅത്ത് കണക്കാക്കുന്നില്ല. അഥവാ ആദ്യകാലം മുതലേ ഭിന്നത നിലനില്‍ക്കുന്ന ഒരു വിഷയത്തില്‍, ഭിന്നതക്ക് സാധുത ഉണ്ടായിരിക്കെ, ഒരു അഭിപ്രായത്തില്‍ നിന്ന് മറ്റൊരു അഭിപ്രായത്തിലേക്ക് ഒരാളെ മാറ്റിയെടുക്കുന്ന പ്രക്രിയയാണ് ഇസ്‌ലാഹ് എന്ന ലഘൂകരണത്തെ ജമാഅത്ത് അംഗീകരിക്കുകയില്ല. നമസ്‌കാരത്തില്‍ കൈ കെട്ടുന്ന സ്ഥലം മാറ്റിച്ചതുകൊണ്ടോ, ഖുനൂത്ത് ഓതുന്നവനെകൊണ്ട് അത് നിര്‍ത്തിച്ചത് കൊണ്ടോ ഇസ്‌ലാഹ് നടക്കുന്നതായി കരുതുന്നത് തെറ്റാണ്. നമ്മള്‍ ഇസ്‌ലാഹീ പ്രവര്‍ത്തനത്തിന്റെ ഭാഗമായി കാണുന്നത് വിശ്വാസപരമായ വൈകല്യങ്ങളെ നിസ്സാരമായി കാണാതെ, അവയെ നേരെയാക്കിയെടുക്കുന്നതിനെയാണ്. അല്ലാഹുവില്‍ പങ്ക് ചേര്‍ക്കല്‍, ഖബ്ര്‍ ആരാധന, അല്ലാഹുവല്ലാത്തവരോട് സഹായം തേടല്‍ മുതലായവ തുടച്ച് നീക്കപ്പെടേണ്ടവ തന്നെയാണ്. ഈ വിശ്വാസ വൈകല്യങ്ങള്‍ കാരണമായി വന്നു ചേരുന്ന ജീര്‍ണതകളില്‍ നിന്നാണ് സിദ്ധന്മാര്‍ പൊട്ടിമുളക്കുന്നതും ഖബ്ര്‍ പൂജ വ്യാപകമാകുന്നതുമൊക്കെ. എന്നാല്‍ അവയെ ഉന്മൂലനം ചെയ്യേണ്ടത് ആ വിഭാഗങ്ങളോട് ശത്രുത പ്രഖ്യാപിച്ചുകൊണ്ടല്ല, മറിച്ച് സൗഹൃദവും സ്‌നേഹവും നിലനിര്‍ത്തി തന്നെ അവരിലുള്ള രോഗത്തെ ചികിത്സിച്ചുകൊണ്ടാണ്. രോഗിയെ ശത്രുവായി പ്രഖ്യാപിച്ച് ഒരു ഡോക്ടര്‍ക്കും ചികിത്സിക്കാന്‍ കഴിയില്ല. മുസ്‌ലിം സമുദായത്തിലെ ഒരു വിഭാഗം അന്ധവിശ്വാസം വെച്ചു പുലര്‍ത്തുന്നു എന്നതുകൊണ്ട് അവരോട് ശത്രുത പുലര്‍ത്തുക എന്ന സമീപനം ജമാഅത്തെ ഇസ്‌ലാമി തുടക്കം മുതലേ സ്വീകരിച്ചിട്ടില്ല.
സാമുദായിക സംസ്‌കരണ രംഗത്ത് പുതിയ പ്രവര്‍ത്തന കാലയളവിലേക്ക് നിശ്ചയിച്ചിരിക്കുന്ന മറ്റു പ്രവര്‍ത്തന പദ്ധതികള്‍ എന്തൊക്കെയാണ്?
മതബോധത്തെ സംബന്ധിച്ച ജമാഅത്തെ ഇസ്‌ലാമി മുന്നോട്ട് വെക്കുന്ന ആശയങ്ങള്‍ പ്രചരിപ്പിക്കുകയും നിലനില്‍ക്കുന്ന കാഴ്ചപ്പാടുകളുടെ വൈകല്യങ്ങള്‍ തിരുത്താനാവശ്യമായ വൈജ്ഞാനിക പ്രവര്‍ത്തനങ്ങളിലേര്‍പ്പെടുകയും ചെയ്യും എന്ന് നേരത്തെ വിശദീകരിച്ചല്ലോ. അതിനു പുറമെ, പോളിസിയിലെ ശ്രദ്ധേയമായ മറ്റൊരു ഊന്നല്‍ കുടുംബം എന്ന അടിസ്ഥാന പ്രാധാന്യമുള്ള മേഖലയിലാണ്.
കുടുംബവുമായി ബന്ധപ്പെട്ട ഇസ്‌ലാമിക നിയമങ്ങളെക്കുറിച്ച് മുസ്‌ലിം സമുദായത്തെ ബോധവ്തകരിച്ച് ഇസ്‌ലാമിക കുടുംബസംസ്‌കാരം ഉറപ്പുവരുത്തുക, ഭദ്രമായ കുടംബസംവിധാനം നിലനിര്‍ത്താനാവശ്യമായ പദ്ധതികള്‍ ആവിഷ്‌കരിക്കുക തുടങ്ങിയവയാണ് പോളിസിയില്‍ ഊന്നിയിട്ടുള്ളത്. സാമൂഹിക ഘടനയിലെ ഏറ്റവും ചെറിയ യൂനിറ്റ് എന്ന നിലക്ക് കുടുംബം വളരെ മൗലിക പ്രാധാന്യം അര്‍ഹിക്കുന്ന ഒന്നാണ്. അതുകൊണ്ടുതന്നെ കൂടുതല്‍ ശ്രദ്ധ അതിന് നല്‍കാന്‍ പ്രസ്ഥാനം ആലോചിച്ചിട്ടുണ്ട്. മനുഷ്യവിഭവത്തിന് ജന്മം നല്‍കുക, ശൈശവത്തില്‍ സംരക്ഷണം നല്‍കുക, വിദ്യാഭ്യാസം നല്‍കുക, ആരോഗ്യം ഉറപ്പ് വരുത്തുക, സംസ്‌കാരം നല്‍കുക, ആദര്‍ശം നല്‍കുക, സന്തോഷവും സംതൃപ്തിയും സ്‌നേഹവും നല്‍കുക തുടങ്ങിയ വിലമതിക്കാനാവാത്ത പലതും കുടുംബത്തിന്റെ സേവനങ്ങളാണ്. ആ സേവനങ്ങള്‍ ഓരോ കുടുംബത്തില്‍ നിന്നും ലഭ്യമാകുന്ന സാഹചര്യം ഉറപ്പ് വരുത്തുക എന്നതാണ് ഇക്കാലയളവിലെ സംസ്‌കരണ പരിപാടിയിലെ പ്രധാന ഊന്നല്‍. മനഃശാന്തി, സ്‌നേഹം, പരിചരണം, ലൈംഗിക സംതൃപ്തി തുടങ്ങിയവയൊക്കെ കുടുംബത്തില്‍ നിന്ന് തന്നെ ലഭ്യമാക്കേണ്ടവയാണ്. കുടുംബത്തില്‍ നിന്ന് ഇവ ലഭ്യമാകാതാവുകയും കുടുംബം ശിഥിലമാവുകയും ചെയ്യുമ്പോള്‍ കമ്പോളവത്കരിക്കപ്പെടുകയാണ് ചെയ്യുന്നത്. മാര്‍ക്കറ്റിനെ ശക്തിപ്പെടുത്താനായി കുടുംബത്തെ ഈവിധം ശിഥിലീകരിക്കാനുള്ള ശ്രമങ്ങളാണ് തല്‍പരകക്ഷികള്‍ നടത്തുന്നത്. അതിനെ പ്രതിരോധിക്കുകയെന്നതും ഈ പ്രവര്‍ത്തന പദ്ധതിയില്‍ ഉള്‍പ്പെടുന്നു. കേരളത്തിലെ മുസ്‌ലിം സമൂഹം, പ്രത്യേകിച്ച് മലബാറിലെ മുസ്‌ലി സമൂഹം, ഇതുവരെ ഇത് തകരാതെ സൂക്ഷിച്ചിരുന്നുവെങ്കിലും അടുത്തിടെ അശുഭകരമായ പ്രവണതകള്‍ അവിടെയും സജീവമാകുന്നുണ്ട്. അതിന്റെ കാരണങ്ങള്‍ കണ്ടെത്തുകയും പരിഹാര ശ്രമങ്ങള്‍ ഊര്‍ജിതപ്പെടുത്തുകയും വേണം എന്ന് ജമാഅത്തെ ഇസ്‌ലാമി മനസ്സിലാക്കുന്നു.
പള്ളികള്‍ മുസ്‌ലിം സമൂഹത്തിന്റെ മര്‍മപ്രധാന കേന്ദ്രങ്ങളാണ്. മുസ്‌ലിം സമൂഹത്തിനകത്ത് പലതരം പ്രവണതകള്‍ സൃഷ്ടിക്കാനുള്ള കരുത്ത് അതിനുണ്ട്. മുസ്‌ലിം സമുദായ സംസ്‌കരണത്തിന് ഊന്നല്‍ നല്‍കുമ്പോള്‍ പ്രസ്ഥാനം പള്ളികളെ എങ്ങനെ നോക്കിക്കാണുന്നു എന്നത് പ്രസക്തമല്ലേ?
പള്ളികളെ സംബന്ധിച്ച പ്രാഥമികമായ ഒരു തീരുമാനം അവയെ സംഘടനാവത്കരിക്കുന്നതിനെ നിയന്ത്രിക്കുകയും എല്ലാവര്‍ക്കും ബന്ധം പുലര്‍ത്താന്‍ കഴിയുന്ന സമുദായത്തിന്റെ പൊതു സ്ഥാപനമായി അവയെ മാറ്റാന്‍ ശ്രമിക്കുകയും ചെയ്യും എന്നതാണ്. പള്ളിയുടെ പ്രഥമ ഗുണഭോക്താക്കള്‍ മുസ്‌ലിം സമുദായം മൊത്തത്തിലാണ്. യാതൊരു വിധത്തിലുള്ള കക്ഷിത്വമോ പക്ഷപാതിത്വമോ പള്ളിയുടെ സേവനം ലഭ്യമാകുന്നതില്‍ ഒരാള്‍ക്കും അനുഭവപ്പെടാന്‍ പാടില്ല. ഏതു വിഭാഗം ആളുകള്‍ക്കും പള്ളിയില്‍ കയറിവരാനും മാനസികമായ മടുപ്പില്ലാതെ നമസ്‌കാരാദി അനുഷ്ഠാനങ്ങള്‍ നിര്‍വഹിക്കാനും സാധിക്കേണ്ടതുണ്ട്. പലപ്പോഴും സമുദായത്തിന്റെ പല പള്ളികളിലും അത് സാധ്യമാകാറില്ല. കാരണം ഏതു വിഭാഗത്തിന്റേതാണ് എന്ന് അടയാളപ്പെടുത്തുന്ന ചിഹ്നങ്ങള്‍ ആ പള്ളിയുടെ പേരിലോ ബോര്‍ഡിലോ ചുരുങ്ങിയ പക്ഷം ചുമരില്‍ തൂക്കിയിട്ടിരിക്കുന്ന കലണ്ടറിലെങ്കിലും ഉണ്ടാകും. സംഘടനാ പോസ്റ്ററുകളും അറിയിപ്പുകളും പലപ്പോഴും പള്ളി പരിസരത്തെ വീര്‍പ്പുമുട്ടിക്കുന്നുണ്ടാവും. പള്ളിയുടെ നിര്‍മാണത്തിലും കൈകാര്യകര്‍തൃത്വത്തിലും ചില സംഘടനകള്‍ക്ക് പ്രാമുഖ്യം സാഹചര്യവശാല്‍ ഉണ്ടാകാം. അതേസമയം പള്ളി നടത്തിപ്പുകാരായ സംഘടനയോട് വിയോജിപ്പുള്ളവര്‍ക്കും അതില്‍ താല്‍പര്യമില്ലാത്തവര്‍ക്കും തങ്ങളുടേത് കൂടിയാണെന്ന് തോന്നാവുന്നവിധം പള്ളിയുടെ അന്തരീക്ഷം മാറേണ്ടിയിരിക്കുന്നു. ഇത് ജമാഅത്ത് പ്രവര്‍ത്തകരോട് ആഭ്യന്തരതലത്തില്‍ വളരെ കര്‍ശനമായി തന്നെ നിര്‍ദേശിക്കപ്പെട്ടിട്ടുണ്ട്. സഹോദര സംഘടനകളും അത്തരം സമീപനങ്ങള്‍ പുലര്‍ത്താന്‍ തയാറാകുമെന്ന് നാം പ്രതീക്ഷിക്കുന്നു.
സാമൂഹിക പ്രശ്‌നങ്ങള്‍ പരിഹരിക്കാനുള്ള ഇസ്‌ലാമിന്റെ ആദര്‍ശപരായ അജയ്യതയും ദാര്‍ശനിക സൗന്ദര്യവും പ്രബോധനം ചെയ്യുന്നതോടൊപ്പം തന്നെ, ഒരു വ്യക്തി ഇസ്‌ലാം കൊണ്ടെന്ത് നേടും എന്ന വിഷയവും ആ അര്‍ഥത്തില്‍ പരിഗണിക്കപ്പെടേണ്ടതുതന്നെയല്ലേ?
ഇസ്‌ലാമിന്റെ സാമൂഹികതക്ക് നല്‍കുന്ന പ്രാധാന്യത്തോടൊപ്പം തന്നെ, വ്യക്തിയുടെ ആത്മീയവും ഭൗതികവുമായ വിജയത്തിന് ഇസ്‌ലാം എങ്ങനെ സഹായകരമാകുന്നു എന്ന തരത്തിലുള്ള വിദ്യാഭ്യാസ പ്രവര്‍ത്തനത്തിനും ഈ പ്രവര്‍ത്തന കാലയളവില്‍ കൂടുതല്‍ പ്രാധാന്യം നല്‍കാന്‍ ഉദ്ദേശിക്കുന്നു. ഇസ്‌ലാം തന്റെ വ്യക്തിപരമായ വിജയങ്ങള്‍ക്കും നേട്ടങ്ങള്‍ക്കും നിമിത്തമാണെന്ന് ഓരോരുത്തര്‍ക്കും ബോധ്യപ്പെടുകയും ഇസ്‌ലാമിന്റെ സൗന്ദര്യം വ്യക്തിജീവിതത്തില്‍ അനുഭവപ്പെടുകയും ചെയ്യണം. പ്രബോധന മേഖലയില്‍ വ്യക്തിനിഷ്ഠമായ ബന്ധങ്ങള്‍ കൂടുതല്‍ സജീവമാക്കാന്‍ പ്രായോഗികകവും വൈജ്ഞാനികവുമായ നടപടികള്‍ എടുക്കുമെന്നതും ശ്രദ്ധിക്കേണ്ടതാണ്.
ജമാഅത്തിന്റെ പൊതുവായ പ്രതിനിധാനത്തെ കുറിച്ച ഒരു ആശയക്കുഴപ്പം കൂടി മുന്നില്‍ വെക്കുകയാണ്. വിവിധ മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന പോഷകസംഘടനകളിലൂടെയും മാധ്യമ സംരംഭങ്ങളിലൂടെയും സാംസ്‌കാരിക പദ്ധതികളിലുടെയും സേവന പ്രവര്‍ത്തനങ്ങളിലുടെയും ആണ് ജമാഅത്തെ ഇസ്‌ലാമി സമൂഹത്തില്‍ പ്രതിനിധീകരിക്കപ്പെടുന്നത്. എന്താണ് ജമാഅത്തെ ഇസ്‌ലാമിയുടെ യഥാര്‍ഥ പ്രവര്‍ത്തന മണ്ഡലം?
മഹത്തായ ദൗത്യങ്ങള്‍ നിര്‍വഹിക്കുന്ന, മഹത്തായ ദര്‍ശനത്തില്‍ പടുത്തുയര്‍ത്തപ്പെട്ട പ്രസ്ഥാനങ്ങളുടെ സ്വാഭാവികമായ പ്രതിനിധാനം അങ്ങനെയാണ് എന്നു മാത്രമേ അതിന് മറുപടി പറയാന്‍ കഴിയൂ. വ്യത്യസ്ത തലത്തിലുള്ള പ്രതിനിധാനങ്ങള്‍ ചേര്‍ന്ന് ഒരു മഹത്തായ ദര്‍ശനത്തിന്റെ ഊര്‍ജത്തില്‍ പ്രവര്‍ത്തിക്കുമ്പോഴാണ് അതിന്റെ ഏകീകരണത്തെ നാം പ്രസ്ഥാനം എന്നു വിളിക്കുന്നത്.
ജമാഅത്തെ ഇസ്‌ലാമിയുടെ അടിസ്ഥാന പ്രവര്‍ത്തന മണ്ഡലം എന്ത് എന്നു ചോദിച്ചാല്‍, ഇസ്‌ലാമിക ദര്‍ശനത്തെ നമ്മുടെ കാലഘട്ടത്തില്‍ ആധികാരികമായി എല്ലാ മേഖലകളിലും പ്രതിനിധാനം ചെയ്യുക എന്നുള്ളതാണ്. ചില മേഖലകളില്‍ ജമാഅത്തെ ഇസ്‌ലാമി നേരിട്ട് പ്രത്യക്ഷപ്പെടുമ്പോള്‍ ചില ഇടങ്ങളില്‍ പ്രാതിനിധ്യ സ്വഭാവത്തില്‍ ഇടപെടുന്നു. ഒറ്റവാക്കില്‍, ജമാഅത്തെ ഇസ്‌ലാമി ഈ കാലഘട്ടത്തിലെ ഈ രാജ്യത്തെ ഇസ്‌ലാമിക ദര്‍ശനത്തിന്റെയും ഇസ്‌ലാമിക ജീവിത പദ്ധതിയുടെയും ഒരു പ്രതിനിധാനം ആണ്.
ഈ നിലക്ക് ജമാഅത്തിന്റെ പ്രവര്‍ത്തനം വിലയിരുത്തുന്നതിനും കൂടുതല്‍ കാര്യക്ഷമമായ രീതിയില്‍ ഈ ദൗത്യം നിര്‍വഹിക്കുന്നതിനും വേണ്ടിയാണ് നാല് വര്‍ഷത്തേക്കുള്ള പ്രവര്‍ത്തനകാലയളവിലേക്ക് പോളിസി ചര്‍ച്ചകള്‍ നടത്തുന്നത്. അത്തരം പോളിസി വിശകലനങ്ങള്‍ വമ്പിച്ച തോതില്‍ പ്രസ്ഥാനത്തിന് നവോന്മേഷം പകരുന്നു. എല്ലാ സിരകളിലൂടെയും പുതിയ രക്തം ഓടുന്ന അനുഭവം നയപരിപാടികളുടെ നവീകരണത്തിലൂടെ സാധ്യമാകുന്നുണ്ട്. അതുകൊണ്ട് തന്നെയാണ് 70 വയസ്സായിട്ടും ഒരു തരത്തിലുളള വാര്‍ധക്യവും ബാധിക്കാതെ പ്രസരിപ്പോടെ പ്രസ്ഥാനത്തിന് നിലകൊള്ളാന്‍ സാധിക്കുന്നത്. പോളിസി പ്രോഗ്രാം വിലയിരുത്തുക വഴി, നിങ്ങള്‍ ചോദിച്ചതുപോലെ, ജമാഅത്തെ ഇസ്‌ലാമി എന്ത് എന്ന് പ്രസ്ഥാനം തന്നെ സ്വയം വിലയിരുത്തുകയാണ്. ഒരു ആത്മവിശകലന പ്രക്രിയയാണ് അത്. ഇപ്പോള്‍ എവിടെ എത്തിനില്‍ക്കുന്നു? ദൗത്യനിര്‍വഹണത്തില്‍ എത്രമുന്നോട്ട് പോകാനുണ്ട്? ഇനിയങ്ങോട്ടുള്ള നിലപാടുകള്‍ എന്ത്? ഇവ വിശകലനം ചെയ്യപ്പെടുകയാണ് നാലു വര്‍ഷത്തിലൊരിക്കല്‍.
ഇതില്‍ ആവര്‍ത്തിച്ച് വിശകലനം ചെയ്യപ്പെടുന്നത്, പ്രസ്ഥാനം പൊതുമണ്ഡലത്തിലും ഇസ്‌ലാമിക സമൂഹത്തിലും ഇസ്‌ലാമിക ദര്‍ശനത്തിന്റെ ആധികാരികമായ പ്രതിനിധാനമായി നിലനില്‍ക്കുന്നുണ്ടോ എന്നതാണ്. ഇടക്കാലത്ത് അതിന്റെ നിര്‍വഹണത്തില്‍ എന്തെങ്കിലും ഇടിവുകളോ കോട്ടങ്ങളോ സംഭവിച്ചിട്ടുണ്ടെങ്കില്‍ അവ പരിഹരിച്ചുകൊണ്ട് കൂടുതല്‍ തിളക്കമുള്ള പ്രതിനിധാനമായി ദേശീയതലത്തിലും പ്രാദേശിക തലത്തിലും ഉയര്‍ന്നുനില്‍ക്കണമെന്ന് ജമാഅത്തെ ഇസ്‌ലാമി ആഗ്രഹിക്കുന്നു. പൊതുസമൂഹത്തിനു മുമ്പില്‍ ജമാഅത്തെ ഇസ്‌ലാമി നടത്തുന്ന അഭിപ്രായ പ്രകടനം യാതൊരു വിധ സങ്കുചിത ഭൗതിക താല്‍പര്യങ്ങളാലും പ്രേരിതമല്ലെന്നും, മൗലികമായ ഇസ്‌ലാമിക പ്രതിനിധാനം തന്നെയാണെന്നും ബോധ്യപ്പെടുന്ന സാഹചര്യം വരണം എന്നാണ് ഓരോ പോളിസിയിലും ജമാഅത്ത് ഊന്നുന്നത്. ഓരോ പ്രശ്‌നത്തിലും ജമാഅത്തെ ഇസ്‌ലാമിയുടെ നിലപാട് എന്താണ് എന്ന് ജനം ജിജ്ഞാസയോടെ കാത്തിരിക്കുന്ന അവസ്ഥ സംജാതമാകുമ്പോള്‍ മാത്രമേ ജമാഅത്ത് ആ ദൗത്യത്തില്‍ വിജയിക്കുകയുള്ളൂ. അങ്ങനെ വളരണമെന്ന് ആഗ്രഹിക്കുമ്പോള്‍ ജമാഅത്തെ ഇസ്‌ലാമിക്ക് ചെയ്യാനുള്ളത് എല്ലാ വിഷയങ്ങളെയും ഇസ്‌ലാമിന്റെ മൗലികമായ അടിത്തറകളില്‍ നിന്നുകൊണ്ട് പഠിക്കുകയും അതോടൊപ്പം ലോകത്തെ തുറന്ന കണ്ണുകള്‍ കൊണ്ട് വീക്ഷിക്കുകയും ചെയ്യുക എന്നുള്ളതാണ്. എസ്.ഐ.ഒ പ്രഖ്യാപിച്ച ഇസ്‌ലാമിക് കോണ്‍ഫറന്‍സ് ആ അര്‍ഥത്തിലുള്ള നീക്കങ്ങള്‍ക്ക് കരുത്ത് പകരുമെന്ന് പ്രതീക്ഷിക്കാം.
പുതിയ പ്രവര്‍ത്തന കാലയളവിലെ പദ്ധതിയില്‍ ഉള്‍പെട്ട രണ്ടു പ്രധാന പരിപാടികളായ പണ്ഡിത സംഘടനയുടെ രൂപവത്കരണവും നവമാധ്യമരംഗത്തെ (new media) പ്രവര്‍ത്തനങ്ങളുടെ ക്രോഡീകരണവും ഈ ദിശയിലെ ജമാഅത്തിന്റെ ആഗ്രഹങ്ങള്‍ക്ക് ഊര്‍ജം പകരുമെന്ന് പ്രതീക്ഷിക്കുന്നു.
അവസാനമായി ചോദിക്കട്ടെ, ജമാഅത്തെ ഇസ്‌ലാമി പ്രതിനിധാനം ചെയ്യുന്ന ഈ ആശയം പൊതുജനസമക്ഷം എത്തിക്കുന്നതില്‍ എത്രകണ്ട് വിജയം വരിച്ചു എന്നാണ് താങ്കള്‍ കരുതുന്നത്?
ജമാഅത്തെ ഇസ്‌ലാമിക്ക് അക്കാര്യത്തെക്കുറിച്ച് നല്ല ബോധമുണ്ട്. ജമാഅത്തെ ഇസ്‌ലാമിയുടെ ശത്രുക്കള്‍ നടത്തുന്ന പ്രചാരണങ്ങളുടെ അത്ര ശക്തിയില്‍ അതിന്റെ സന്ദേശം പൊതുജനങ്ങളിലേക്കെത്തിക്കാന്‍ ജമാഅത്തെ ഇസ്‌ലാമിക്ക് സാധിച്ചിട്ടില്ല. അത്രയും വിഭവങ്ങളോ അനുയായികളോ ജമാഅത്തെ ഇസ്‌ലാമിക്കില്ല എന്നതാണ് കാരണം. എന്നാല്‍, ജമാഅത്തെ ഇസ്‌ലാമി മുന്നോട്ട് വെക്കുന്ന ചില ആശയങ്ങള്‍ നമ്മുടെ കൈയിലുള്ള മാധ്യമങ്ങള്‍ വഴി ജനങ്ങളിലേക്കെത്തിയിട്ടുമുണ്ട്. മാധ്യമസംവിധാനങ്ങള്‍ കൂടുതല്‍ വിപുലപ്പെടുത്താനുള്ള ശ്രമത്തിലാണ് ഇപ്പോള്‍ പ്രസ്ഥാനം.
അതേയവസരത്തില്‍ ജമാഅത്തെ ഇസ്‌ലാമി ഉയര്‍ത്തിപ്പിടിക്കുന്ന ആശയങ്ങള്‍ ജമാഅത്തിന്റെ നേരിട്ടുള്ള മുന്‍കൈയില്‍ അല്ലാതെ തന്നെ മുസ്‌ലിം സമൂഹത്തിലേക്കും ഇതര സമൂഹങ്ങളിലേക്കും പ്രസരിപ്പിക്കപ്പെടുന്നുണ്ട് എന്നതും യാഥാര്‍ഥ്യമാണ്. ദേശീയ-അന്തര്‍ദേശീയ രംഗത്തുണ്ടാകുന്ന പല മാറ്റങ്ങളും സംഭവ വികാസങ്ങളും പലപ്പോഴും ജമാഅത്തെ ഇസ്‌ലാമി പ്രബോധനം ചെയ്തുകൊണ്ടിരിക്കുന്ന ആശയങ്ങളെ സമൂഹത്തിലേക്കെത്തിക്കുന്നതിന് നിമിത്തമായി തീരുന്നുണ്ട്. പലിശരഹിത ബാങ്കിംഗ് സംവിധാനത്തെക്കുറിച്ച് ദേശീയ തലത്തില്‍ നടക്കുന്ന ചര്‍ച്ചകള്‍ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ്. പലിശരഹിത സമ്പദ്‌വ്യവസ്ഥയെക്കുറിച്ച് പതിറ്റാണ്ടുകളായി ജമാഅത്തെ ഇസ്‌ലാമി ഈ രാജ്യത്ത് പ്രചാരണം നടത്തിക്കൊണ്ടിരിക്കുന്നു. പരിമിതമെങ്കിലും പ്രായോഗികമായ ചില ചുവടുവെപ്പുകളും പ്രസ്ഥാനം നടത്തിയിട്ടുണ്ടായിരുന്നു. ഇതിനിടയിലാണ് കേന്ദ്ര സര്‍ക്കാര്‍ ആ ദിശയില്‍ ശുഭകരമായ ചില നീക്കങ്ങള്‍ നടത്തുന്നത്. ആ നീക്കവും അതിനെത്തുടര്‍ന്ന് ഉയര്‍ന്നു വന്ന ചര്‍ച്ചകളും ജമാഅത്തെ ഇസ്‌ലാമി ഉയര്‍ത്തിയ ആശയങ്ങള്‍ സമൂഹത്തിലെത്തിക്കാന്‍ നിമിത്തമായിട്ടുണ്ട്.
ജമാഅത്തെ ഇസ്‌ലാമി പ്രതിനിധാനം ചെയ്യുന്ന ആശയഗതികളുടെ വളര്‍ച്ച ലോകതലത്തില്‍ ഒരു ഘട്ടം പിന്നിട്ടു കഴിഞ്ഞു എന്നു കാണാവുന്നതാണ്. മതമൂല്യങ്ങളെയും മതവിശ്വാസത്തെയും സാമൂഹികജീവിതത്തില്‍ നിന്ന് അടര്‍ത്തി മാറ്റണം എന്നു സിദ്ധാന്തിച്ച കാലഘട്ടത്തിലാണ് അതിനെ എതിര്‍ത്തുകൊണ്ട് ജമാഅത്തെ ഇസ്‌ലാമി പ്രവര്‍ത്തനം ആരംഭിക്കുന്നത്. ജമാഅത്തിന്റെയോ സമാന ദര്‍ശനത്തിന്റെ വക്താക്കളായ ഇഖ്‌വാന്റെയോ മാത്രം പ്രവര്‍ത്തന ഫലമായിട്ടല്ലെങ്കിലും ഒരു പോസ്റ്റ് സെക്യുലര്‍ ലോകം രൂപം കൊള്ളുകയുണ്ടായിട്ടുണ്ട്. അഥവാ, ജമാഅത്തെ ഇസ്‌ലാമി എന്താശയം സ്ഥാപിക്കാനാണോ പരിശ്രമിച്ചത് ആ ആശയം മറ്റുകാരണങ്ങളാല്‍ സ്ഥാപിതമായ അവസ്ഥ വന്നു. ഈ രണ്ട് ഘട്ടങ്ങള്‍ക്കും സാക്ഷിയായി ജമാഅത്തെ ഇസ്‌ലാമി നിലകൊള്ളുന്നു. ജമാഅത്തെ ഇസ്‌ലാമിയുടെ ആശയങ്ങള്‍ക്ക് സ്വീകാര്യത എളുപ്പമാക്കുന്ന ഒരു ലോക സാഹചര്യം നിലവില്‍ വന്നിരിക്കുന്നത് പ്രസ്ഥാന പ്രവര്‍ത്തനത്തെ ത്വരിതപ്പെടുത്തും എന്നു തന്നെയാണ് പ്രതീക്ഷിക്കുന്നത്.
തയാറാക്കിയത്:
മുഹ്‌സിന്‍ പരാരി, ടി. ശാക്കിര്‍
Comments