Prabodhanm Weekly

Pages

Search

2011 ഡിസംബര്‍ 3

നാടിനെ ധന്യമാക്കിയ ചിലര്‍

ജമാലുദ്ദീന്‍
പാലേരി

ചില നാട് അറിയപ്പെടുന്നത് അവിടെയുള്ള ചില വ്യക്തികളുടെയോ സ്ഥാപനങ്ങളുടെയോ പേരിലായിരിക്കും. നമുക്ക് ചിരപരിചിതമായ പേരുകള്‍ മേല്‍പറഞ്ഞ രൂപത്തിലായിരിക്കും അറിയപ്പെടാനിടയായത്. അത്തരം വ്യക്തികളുടെ വിയോഗം ആ നാടിനും സമൂഹത്തിനും തീരാ നഷ്ടമാണ് വരുത്തിവെക്കുക. അങ്ങനെയുള്ള ഒരു നാടാണ് എന്റേത്. കൊച്ചു ഗ്രാമമായ പാലേരിയില്‍ നിന്ന് മൂന്ന് വ്യക്തികള്‍ വിടവാങ്ങുകയുണ്ടായി. ഞങ്ങളുടെ നാടിനെ ആത്മീയവും സാംസ്‌കാരികവും വൈജ്ഞാനികവുമായി ധന്യമാക്കിയവരായിരുന്നു അവര്‍.
ടി.കെയുടെ ആത്മകഥയില്‍ പറയുന്ന ഇ.ജെ കുഞ്ഞബ്ദുല്ല ഹാജിയാണ് അവരിലൊരാള്‍. അദ്ദേഹത്തെ പറ്റി സൂചിപ്പിക്കുക മാത്രമേ ചെയ്തിട്ടുള്ളൂ. തൂവെള്ള വേഷവും പാല്‍പുഞ്ചിരിയുമായി പ്രത്യക്ഷപ്പെടാറുള്ള ഇ.ജെ എല്ലാ മത-രാഷ്ട്രീയ വിഭാഗക്കാര്‍ക്കും സ്വീകാര്യനായിരുന്നു. അതുകൊണ്ട് തന്നെ കുടുംബപരവും വ്യക്തിപരവും അയല്‍പക്ക സംബന്ധവുമായ മിക്ക പ്രശ്‌നങ്ങള്‍ക്കും ഇ.ജെയുടെ സാന്നിധ്യം അനിവാര്യമായിരുന്നു. അദ്ദേഹത്തിന്റെ മധ്യസ്ഥത സ്വീകരിക്കാത്തവരുണ്ടായിരുന്നില്ല. അതിനു വേണ്ടിതന്നെ നീളത്തില്‍ ഒരു വലിയ ഓഫീസ് റൂം നിര്‍മിച്ചിരുന്നു. വ്യക്തികള്‍ തമ്മിലോ കുടുംബങ്ങള്‍ തമ്മിലോ വല്ല പ്രശ്‌നങ്ങളുണ്ടാകുമ്പോള്‍ 'വാ, ഇ.ജെയുടെ വീട്ടില്‍ പോകാം' എന്നു പറയുന്നത് ഞാന്‍ പലതവണ കേട്ടിട്ടുണ്ട്.
പണ്ഡിതനും എഴുത്തുകാരനും ചിന്തകനുമായ  ഇ.വി അബ്ദുവിന്റെ അകാല വിയോഗമാണ് നാടിനെ അനാഥമാക്കിയ രണ്ടാമത്തേത്. ജുമുഅത്ത് പള്ളിയുടെ പുനര്‍നിര്‍മാണത്തിന് അദ്ദേഹത്തിന്റെ പങ്ക് വളരെ വലുതാണ്. കുട്ടികളുടെ പ്രസിദ്ധീകരണമായ മലര്‍വാടിക്ക് പ്രചാരണവും പ്രശസ്തിയും കൈവന്നത് ഇ.വി എഡിറ്ററായിരുന്നപ്പോഴാണല്ലോ. ഇ.ജെ കുഞ്ഞബ്ദുല്ല ഹാജിയുടെ വീടിനടുത്ത് തന്നെയായിരുന്നു ഇ.വിയുടെ വീടും.
പ്രമുഖ മതപ്രഭാഷകനും ജമാഅത്തെ ഇസ്‌ലാമി നേതാവുമായിരുന്ന കെ.എന്‍ അബ്ദുല്ല മൗലവിയുടെ വിയോഗമാണ് മൂന്നാമതായി ഞങ്ങളെ തീരാ ദുഃഖത്തിലാഴ്ത്തിയത്. കെ.എന്നിനെ പറ്റി വിശദീകരിക്കുന്നത് അധികപറ്റായിരിക്കും. അത്രമാത്രം ഓരോ പ്രസ്ഥാന പ്രവര്‍ത്തകന്റെയും മനസ്സില്‍ വളരെ ആഴത്തില്‍ വേരൂന്നിയ നേതാവാണല്ലോ അദ്ദേഹം. പ്രൗഢഗംഭീരവും വാക്കുകള്‍ കോര്‍ത്തിണക്കിക്കൊണ്ടുമുള്ള ആകര്‍ഷകമായ പദപ്രയോഗവും അദ്ദേഹത്തിന്റെ പ്രഭാഷണത്തിന്റെ പ്രത്യേകതയായിരുന്നു. ആരെയും പിടിച്ചിരുത്തുകയും ചിന്തിപ്പിക്കുകയും കരയിപ്പിക്കുകയും ചെയ്യുന്ന പ്രഭാഷണങ്ങള്‍. ഗള്‍ഫിലെ കാസറ്റ് കടകളില്‍ നിന്ന് അദ്ദേഹത്തിന്റെ പ്രഭാഷണ കാസറ്റുകള്‍ വില്‍പന നടത്തുന്നത് ഞാന്‍ കണ്ടിട്ടുണ്ട്. എന്റെ അയല്‍വാസിയായ അമുസ്‌ലിം സുഹൃത്ത് മരണം വരെ കെ.എന്നിന്റെ വഅ്‌ള് കേള്‍ക്കാന്‍ പോയിരുന്നു.
ഈ മൂന്നു പേരുടെയും വിയോഗം ഞങ്ങളുടെ നാടിനെ അക്ഷരാര്‍ഥത്തില്‍ ദരിദ്രമാക്കുകയായിരുന്നു.

 

അറബ് ജനകീയ വിപ്ലവങ്ങള്‍ വിജയക്കൊടി നാട്ടുന്നു; സാമ്രാജ്യത്വം പത്തി താഴ്ത്തുന്നു
റഹ്മാന്‍ മധുരക്കുഴി

സാമ്രാജ്യത്വത്തിനെതിരെയുള്ള തങ്ങളുടെ കുരിശുയുദ്ധത്തില്‍ മുഖ്യ പങ്ക് വഹിക്കാന്‍ കഴിയുന്ന ജനശക്തി മുസ്‌ലിം സമൂഹമാണെന്ന് സംഭവലോകത്തെ യാഥാര്‍ഥ്യങ്ങളില്‍ നിന്ന് തിരിച്ചറിഞ്ഞവരാണ് മാര്‍ക്‌സിസ്റ്റ് ബുദ്ധിജീവികള്‍. അമേരിക്കന്‍ പ്രതിഷ്ഠിത ഏകാധിപത്യ ഭരണാധികാരികള്‍ക്കെതിരെ മുസ്‌ലിം രാഷ്ട്രങ്ങളിലെങ്ങും അലയടിച്ചുയരുന്ന പ്രതിഷേധങ്ങളുടെയും ജനകീയ സമരങ്ങളുടെയും ശക്തിസ്രോതസ്സ് അവിടങ്ങളിലെ ഇസ്‌ലാമിക പ്രസ്ഥാനങ്ങളാണെന്ന തിരിച്ചറിവാണ്, ധീരോദാത്തമായ ഈ മുസ്‌ലിം പോരാട്ട പ്രസ്ഥാനങ്ങളോട് കൈകോര്‍ക്കാന്‍ മാര്‍ക്‌സിസ്റ്റ് ഇടതുപക്ഷങ്ങള്‍ ഉദ്യുക്തരായത്.
ഹുസ്‌നി മുബാറക് എന്ന ഏകാധിപതിയുടെ അതിക്രൂരമായ മര്‍ദനങ്ങളെയും അടിച്ചമര്‍ത്തലുകളെയും അതിജീവിച്ച് മുന്നേറിയ ഈജിപ്തിലെ ഏറ്റവും പ്രബല ഇസ്‌ലാമിക പ്രസ്ഥാനമായ ഇഖ്‌വാനുല്‍ മുസ്‌ലിമൂന് ഈജിപ്ഷ്യന്‍ ജനകീയ വിപ്ലവത്തിലുള്ള അനിഷേധ്യ പങ്ക് തിരിച്ചറിഞ്ഞ ഇന്ത്യയിലെ മാര്‍ക്‌സിസ്റ്റ് നേതാവ് പറഞ്ഞതെന്തെന്നോ? ''മതനിരപേക്ഷ ജനാധിപത്യ ശക്തികള്‍ക്കും ഇസ്‌ലാമിനും സഹവര്‍ത്തിത്വത്തോടെ ഒന്നിച്ചുനീങ്ങാന്‍ കഴിയുമെന്നതിന്റെ ഉദാത്തമായ ഉദാഹരണമാണ് ഈജിപ്ത് മുന്നേറ്റം'' (ദേശാഭിമാനി 14.2.2011).
''കഴിഞ്ഞ 10 വര്‍ഷമായി സാമ്രാജ്യത്വത്തിനെതിരെ ആത്മാര്‍ഥതയോടെ ശബ്ദമുയര്‍ത്തുന്നത് മുസ്‌ലിംകള്‍ മാത്രമാണ്. ഇസ്‌ലാമിക സമൂഹമുണ്ടായിരുന്നില്ലെങ്കില്‍ ലോകത്ത് അമേരിക്കന്‍ ആധിപത്യം എന്നോ യാഥാര്‍ഥ്യമാകുമായിരുന്നു.'' പ്രശസ്ത മനുഷ്യാവകാശ പരിസ്ഥിതി പ്രവര്‍ത്തകന്‍ ക്ലോഡ് അല്‍വാരിസിന്റെ നിരീക്ഷണമാണിത്.
എന്നാല്‍, സോഷ്യലിസ്റ്റ് ചേരി മാത്രമല്ല, ഇസ്‌ലാമിന്റെയും മുസ്‌ലിം സമൂഹത്തിന്റെയും ബദ്ധവൈരികളായി അരങ്ങ് തകര്‍ക്കുന്ന പാശ്ചാത്യ മുതലാളിത്ത ചേരിയും അവരുടെ നിവൃത്തികേട് മൂലം ഇസ്‌ലാമിക പ്രസ്ഥാനങ്ങളുമായി കൈകോര്‍ക്കാന്‍ നിര്‍ബന്ധിതമായ കാഴ്ചയാണ് അഭിനവലോകം കണ്ടുകൊണ്ടിരിക്കുന്നത്.
''മുസ്‌ലിം സമൂഹത്തിനെതിരെ നടന്നുകൊണ്ടിരിക്കുന്നതുപോലുള്ള, ഇത്രമാത്രം വിഷവും വിദ്വേഷവും നിരന്തരവും അനിയന്ത്രിതവും നടുക്കമുളവാക്കുന്നതുമായ ഫാഷിസ്റ്റ് പദപ്രയോഗങ്ങളും സാങ്കല്‍പികവും അതിശയോക്തിപരവുമായ അധിക പ്രസംഗങ്ങളും എനിക്കൊരിക്കലും അറിയില്ലായിരുന്നു'' (ദി ഹിന്ദു 30.5.2004). ബ്രിട്ടനിലെ ഏറ്റവും ആദരണീയരായ മനുഷ്യാവകാശ അഭിഭാഷകരിലൊരാളായ ശാരെത് പെയിഴ്‌സിന്റെ മുകളിലുദ്ധരിച്ച വാക്കുകള്‍ സാമ്രാജ്യത്വം മുസ്‌ലിം സമൂഹത്തിന് നേരെ വെച്ചുപുലര്‍ത്തുന്ന വിദ്വേഷാധിക്യത്തിന്റെ പാരമ്യമാണ് വിളിച്ചോതുന്നത്. കമ്യൂണിസത്തിന്റെ തകര്‍ച്ചക്ക് ശേഷം ലോകത്തിന് ഏറ്റവുമധികം ഭീഷണി ഉയര്‍ത്തുന്നത് ഇസ്‌ലാമാണെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രിയായിരുന്ന മാര്‍ഗരറ്റ് താച്ചര്‍ തന്നോട് പറഞ്ഞുവെന്ന പ്രശസ്ത മാധ്യമ പ്രവര്‍ത്തകന്‍ കുല്‍ദീപ് നയാറുടെ വെളിപ്പെടുത്തല്‍ (പഴിക്കേണ്ടത് മുസ്‌ലിംകളെ മാത്രമോ?- കുല്‍ദീപ് നയാര്‍, മാധ്യമം 24.7.2007) പാശ്ചാത്യ മനസ്സ് എന്തുമാത്രം മുസ്‌ലിം വിദ്വേഷ ജഡിലമാണെന്ന് നമ്മെ ബോധ്യപ്പെടുത്തുന്നു.
ലോകഗതി അതിവേഗം മാറിക്കൊണ്ടിരിക്കുന്നു. മുസ്‌ലിം രാഷ്ട്രങ്ങളില്‍  തങ്ങളുടെ പാദസേവകരായി പ്രതിഷ്ഠിക്കപ്പെട്ട ഏകാധിപതികളെ മലര്‍ത്തിയടിച്ച് ഇസ്‌ലാമിസ്റ്റുകളുടെ സജീവ പങ്കാളിത്തത്തിലുള്ള ജനകീയ സമരങ്ങള്‍ വിജയപതാക നാട്ടിക്കൊണ്ടിരിക്കുന്ന ദൃശ്യങ്ങള്‍ അധിനിവേശ ശക്തികളെ കിടിലം കൊള്ളിക്കുകയാണ്. രാജ്യത്തിന്റെ ഗതിയും ഭാവിയും നിര്‍ണയിക്കുന്നതില്‍ സുപ്രധാന പങ്ക് വഹിക്കുന്ന ഇസ്‌ലാമിക പ്രസ്ഥാനങ്ങളോട് സൗഹൃദത്തിന്റെയും അനുനയത്തിന്റെയും മാര്‍ഗം പിന്തുടരാതെ തങ്ങള്‍ക്കിനി നിലനില്‍പില്ലെന്ന് ബന്ധപ്പെട്ടവര്‍ ഹൃദയമിടിപ്പോടെ തിരിച്ചറിഞ്ഞിരിക്കുന്നു.
''അക്രമ മാര്‍ഗം കൈവെടിഞ്ഞ് ഏത് ഇസ്‌ലാമിക സംഘടനകളുമായും ഞങ്ങള്‍ ചര്‍ച്ചക്ക് തയാറാണെന്നും ഇസ്‌ലാമിക പ്രസ്ഥാനങ്ങളെ പിശാചുക്കളായി ചിത്രീകരിച്ച് അറബ് ഭരണകര്‍ത്താക്കള്‍ ഞങ്ങളെ വഞ്ചിക്കുകയായിരുന്നുവെന്നു''മുള്ള ഫ്രഞ്ച് വിദേശകാര്യമന്ത്രി അലന്‍ ജൂപ്പെയുടെ വാക്കുകള്‍ അതാണ് വ്യക്തമാക്കുന്നത്. പാരീസിലെ അറബ് വേള്‍ഡ് ഇന്‍സ്റ്റിറ്റിയൂട്ടില്‍ ഫ്രഞ്ച് വിദേശകാര്യമന്ത്രാലയം ഇസ്‌ലാമിക പ്രസ്ഥാനങ്ങളുമായുള്ള വിശദമായ ചര്‍ച്ചകള്‍ക്ക് വേദിയൊരുക്കിക്കൊണ്ടിരിക്കുന്ന വാര്‍ത്തയും ഇതൊന്നിച്ച് വായിക്കാവുന്നതാണ്.


യോജിപ്പിന് തുരങ്കം വെക്കുന്നവര്‍
എ.വി ഫിര്‍ദൗസ്

ഇസ്‌ലാമിക സന്ദേശങ്ങളുടെ പ്രബോധന-പ്രചാരണ-പ്രയോഗ പദ്ധതികള്‍ക്കായുള്ള സംവിധാനങ്ങളെന്ന നിലയിലാണ് മുസ്‌ലിം പ്രസ്ഥാനങ്ങള്‍ മതപരമായ സാധൂകരണം നേടുന്നത്. എന്നാല്‍, കാലാന്തരത്തില്‍ സംഭവിച്ച സ്ഥാപനവത്കരണവും സ്വാര്‍ഥതയില്‍ അധിഷ്ഠിതമായ നയവൈകല്യങ്ങളും അവയെ പരസ്പരം പോരടിക്കുന്ന ആള്‍ക്കൂട്ടങ്ങളാക്കി മാറ്റി. എതിര്‍പ്പിലൂടെ ശക്തി നേടുക എന്ന സംഘടനാ തന്ത്രവും അണികളെ പിടിച്ചു നിര്‍ത്താനുള്ള അപര വിമര്‍ശനവും സംഘടനകളെ യഥാര്‍ഥവും പ്രവിശാലവുമായ 'ഉമ്മത്തീ' താല്‍പര്യങ്ങളില്‍ നിന്ന് ദൂരേക്കു നയിച്ചിരിക്കുന്നു. ജമാഅത്ത് വിമര്‍ശനം മുഖ്യ അജണ്ടയാക്കി മാറ്റിയ സലഫികള്‍ പിളര്‍പ്പിനു ശേഷവും യാഥാര്‍ഥ്യബോധത്തിലെത്തിയിട്ടില്ല. സംഘടനകള്‍ വളരുന്നത് ഒരുതരം ജാതിവത്കരണത്തിന്റെ ദിശയിലേക്കാണ്. ഈ ദിശയില്‍ ടി.കെയുടെ വെളിപ്പെടുത്തലുകള്‍ പൊള്ളുന്ന യാഥാര്‍ഥ്യങ്ങളാണ്.

 

കാലം ബാക്കി നിര്‍ത്തുന്ന ചില ഓര്‍മകള്‍
പി. സൂപ്പി
കുറ്റിയാടി


ടി.കെയുടെ ആത്മകഥനത്തില്‍ പരാമര്‍ശിച്ച, കുറ്റിയാടിയുടെ നവോത്ഥാന നായകനായ അബ്ദുല്ലക്കുട്ടി മൗലവി, കേരളത്തില്‍ ഇസ്‌ലാമിക പ്രചാരണത്തിനായി പൊന്നാനിയില്‍ എത്തിയ സയ്യിദ് മഖ്ദൂം കുടുംബത്തിലെ കണ്ണിയായിരുന്നു. കുറ്റിയാടിയിലെ പ്രമുഖ വിദ്യാഭ്യാസ സ്ഥാപനങ്ങളായ കുറ്റിയാടി ഇസ്‌ലാമിയാ കോളേജ്, വനിതാ കോളേജ് കുറ്റിയാടി, ഹയര്‍ സെക്കന്ററി സ്‌കൂള്‍, ഐഡിയല്‍ പബ്ലിക് സ്‌കൂള്‍ തുടങ്ങിയ സ്ഥാപനങ്ങള്‍ ഉയര്‍ന്നുവന്നതിന്റെ പിന്നില്‍ പി.സി മാമുഹാജി, പി.എം ബാവാച്ചി ഹാജി എന്നിവരുടെ നേതൃത്വമാണ്.
മുസ്‌ലിം സമുദായത്തിന്റെ വിദ്യാഭ്യാസ, ധാര്‍മിക പിന്നാക്കാവസ്ഥ പരിഹരിക്കാന്‍ നമ്മുടെ മക്കളെ ഉന്നത മതവിദ്യാഭ്യാസം നേടാന്‍ പറഞ്ഞയക്കണമെന്ന പി.സി മാമുഹാജിയുടെയും ബാവാച്ചി ഹാജിയുടെയും തീരുമാനപ്രകാരമാണ് അദ്ദേഹത്തിന്റെ മക്കളെ മതപഠനത്തിനായി അയക്കുന്നത്. അതില്‍ മാമു ഹാജിയുടെ മകന്‍ വി.എ കബീര്‍ ഇസ്‌ലാമിക പണ്ഡിതനും പ്രബോധനത്തിലെ മുഖ്യ എഴുത്തുകാരനുമായിത്തീര്‍ന്നു.
കുറ്റിയാടിയുടെ ചരിത്രത്തില്‍ ബാവാച്ചി ഹാജി ഒരത്ഭുത പ്രതിഭാസമാണ്. തനിക്കാരോഗ്യമുള്ള കാലത്ത് തന്നെ തന്റെ ഖബ്‌റിടം കുറ്റിയാടി ജുമാ മസ്ജിദ് ഖബ്‌റിസ്ഥാനത്തില്‍ കുഴിപ്പിച്ച അത്ഭുത വ്യക്തിത്വം. മാത്രമല്ല, തന്റെ ഖബ്‌റിടത്തിനെതിരെ ഒരു തേക്കു മരവും അദ്ദേഹം നട്ടുവളര്‍ത്തി. ഈ ഖബ്‌റിന്നടുത്താണ് 1925-ല്‍ വാഴക്കാട് നിന്ന് കുറ്റിയാടിയില്‍ എത്തിയ അബ്ദുല്ലക്കുട്ടി മൗലവിയുടെയും ഖബ്‌റിടം. കുറ്റിയാടിയില്‍ അലി ബ്രദേഴ്‌സ് സ്മാരക ലൈബ്രറിയും പിന്നീടുണ്ടായ ഇര്‍ശാദുല്‍ അനാം വായനശാലയുമാണ് കുറ്റിയാടിയിലെ ആദ്യകാല വായനശാലകള്‍.
നാദാപുരം നിയോജകമണ്ഡലത്തില്‍ ആദ്യമായി കോണ്‍ഗ്രസ്സില്‍ ചേര്‍ന്ന മുസ്‌ലിം പൗര പ്രമുഖനായിരുന്നു വരപ്പുറത്ത് കുഞ്ഞഹമ്മദാജി. സമ്പന്നനും ഒപ്പം ദീനീനിഷ്ഠയില്‍ ജീവിച്ച കെ.പി.സി.സി മെമ്പറുമായിരുന്നു അദ്ദേഹം. അസംബ്ലി തെരഞ്ഞെടുപ്പില്‍ മത്സരിച്ച് 1000 വോട്ടിന് തോറ്റു. രണ്ടുതവണ ഡിസ്ട്രിക് ബോര്‍ഡ് തെരഞ്ഞെടുപ്പില്‍ മത്സരിച്ചു വിജയിക്കുകയും ചെയ്തു. ഏതു മനുഷ്യനും, അവരേത് സമുദായത്തിലും പാര്‍ട്ടിയിലും പെട്ടവരാണെങ്കിലും അദ്ദേഹത്തെ സമീപിച്ച് കാര്യങ്ങള്‍ പറയാമായിരുന്നു. അദ്ദേഹത്തിന്റെ വീട്ടില്‍ സന്ദര്‍ശകര്‍ക്കായി ഒരു ചെറിയ നിസ്‌കാര പള്ളിയുണ്ടായിരുന്നു. ഒരിക്കലദ്ദേഹം പറഞ്ഞു: ''ഈ പള്ളിയും ഇവിടെ നിസ്‌കാരവും ബാങ്കും ഇസ്‌ലാമിന്റെ ശബ്ദവും കെട്ടുപോകാതെ എന്നും നിലനില്‍ക്കണം. എനിക്ക് ശേഷമുള്ളവരുടെ മനസ്സും അങ്ങനെയാവട്ടെ.'' അദ്ദേഹത്തിന്റെ മരണശേഷം അവകാശികളില്‍ നിന്ന് പുരയും  പറമ്പും കുറ്റിയാടി ഇസ്‌ലാമിയാ കോളേജ് കമ്മിറ്റി വിലയ്ക്ക് വാങ്ങി. അവിടെ കുല്ലിയ്യത്തുല്‍ ഖുര്‍ആന്‍ എന്ന സ്ഥാപനവും ജുമുഅക്ക് പള്ളിയും സ്ഥാപിച്ചു. അതുവഴി അദ്ദേഹത്തിന്റെ ആഗ്രഹം അല്ലാഹു സഫലീകരിച്ചു.

Comments

Other Post

ഖുര്‍ആന്‍ ബോധനം

ഖുര്‍ആന്‍ ബോധനം