സ്‌നേഹം പ്രകടിപ്പിച്ചാലെന്താണ്...
സ്‌നേഹം സ്വഭാവത്തിലൂടെയും പെരുമാറ്റത്തിലൂടെയും പ്രകടിപ്പിക്കപ്പെടേണ്ട വികാരമാണ്. നിശ്ശബ്ദമായി കുഴിച്ചുമൂടിയാല്‍ അധികം ഫലം തരാത്ത ഒന്ന്. എന്നാല്‍, ഭാര്യാഭര്‍ത്താക്കള്‍ക്കിടയില്‍ പലപ്പോഴും സ്‌നേഹപ്രകടനം ഇങ്ങനെയാണ്. ഭാര്യയെ മനസ്സ് നിറയെ സ്‌നേഹിക്കാന്‍ ഭര്‍ത്താവിനും നേരെ മറിച്ചും കഴിയാതെ വരുന്നു.
നമ്മുടെ കുടുംബങ്ങളിലെ സ്‌നേഹം എവിടെയാണ് അപ്രത്യക്ഷമാവുന്നത്? എങ്ങനെയാണത് സംഭവിക്കുന്നത്? സ്‌നേഹ ദാരിദ്ര്യത്തിന്റെ വ്യത്യസ്ത ഘട്ടങ്ങള്‍ ഭൂരിപക്ഷം പേരിലും എങ്ങനെ വന്നുചേരുന്നുവെന്ന് വിശദീകരിക്കാം.
പരസ്പര സംഭാഷണം കുറയുന്നതാണ് ആദ്യഘട്ടം. വിവാഹത്തിന് മുമ്പ് വിവാഹ നിശ്ചയം നടന്നതുമുതല്‍ വാതോരാതെ, ഇടമുറിയാതെ സംസാരിച്ചിരുന്നവരും വിവാഹത്തിന്റെ ആദ്യനാളുകളില്‍ കളിയും തമാശയുമായി ഉല്ലസിച്ചവരും കുറച്ച് നാള്‍ കഴിയുന്നതോടു കൂടി മടുപ്പിന്റെ തലത്തിലെത്തുന്നു. പിന്നീട് ദിവസത്തില്‍ ഒരു തവണ പോലും സ്വന്തം പത്‌നിയോട് സംസാരിക്കാത്തവര്‍ അതിനു കാരണമായി മറവിയെന്ന് പറഞ്ഞ് രക്ഷപ്പെടുകയും ചെയ്യും. അല്ലെങ്കില്‍ തിരക്ക് പിടിച്ച ഷെഡ്യൂളിനെക്കുറിച്ച് അക്കൂട്ടര്‍ ന്യായവാദം നിരത്തും.
രണ്ടാം ഘട്ടത്തില്‍ ഭര്‍ത്താവിന് സ്വന്തം വീട്ടില്‍ കുറച്ച് നേരത്തിലധികം തങ്ങുന്നത് തന്നെ അസാധ്യമാകും. എങ്ങനെയെങ്കിലും എന്തെങ്കിലും കാരണം പറഞ്ഞ് തന്റെ സുഹൃത്തുക്കളുടെ അടുത്തെത്താനാകും അയാളുടെ ശ്രമം.
ഭാര്യയുടെ കുറ്റങ്ങള്‍ ഭര്‍ത്താവും ഭര്‍ത്താവിന്റെ കുറ്റങ്ങള്‍ ഭാര്യയും തേടിപ്പിടിക്കുന്നതാണ് മൂന്നാം ഘട്ടം. നെഗറ്റീവുകള്‍ മാത്രം കാണാനായിരിക്കും ഈ ഘട്ടത്തില്‍ ഇരുവര്‍ക്കും താല്‍പര്യം. ഇവ്വിഷയകമായി ഒരു പ്രവാചക വചനമുണ്ട്. ''വിശ്വാസിനിയായ ഒരുവളുടെ ഒരു സ്വഭാവം നിന്നെ മടുപ്പിക്കുന്നുവെങ്കില്‍, നിന്നെ തൃപ്തനാക്കാന്‍ പോന്ന ഗുണവും അവളുടെ പക്കലുണ്ട്.'' പക്ഷേ വീണ്ടും വീണ്ടും പഴിചാരി ഇവര്‍ കുടുംബത്തിന്റെ അടിത്തറ ഇളക്കിക്കൊണ്ടിരിക്കും. 'അവള്‍ക്ക് അവളുടെ വീട്ടുകാരെ മാത്രം മതി' എന്ന് ഭര്‍ത്താവും 'അയാള്‍ക്ക് സ്വന്തം ഉമ്മയുടെ വാക്കിനപ്പുറം ഒന്നുമില്ല' എന്ന് ഭാര്യയും പറയുന്നത് ഒരു ഉദാഹരണം മാത്രം.
ഇതിനെതുടര്‍ന്ന് വരുന്ന ഘട്ടമാണ് അടുത്തത്. വിവാഹത്തിന്റെ ആദ്യനാളുകളില്‍ ഒരേ വിരിപ്പില്‍ സ്‌നേഹപൂര്‍വം കിടന്നിരുന്നവര്‍, കുറച്ച് നാള്‍ കഴിയുമ്പോള്‍ പരസ്പരം ചേര്‍ന്നിരിക്കാന്‍ തന്നെ മടിക്കുന്നു. കിടപ്പറയില്‍ പോലും മാനസികമായ അകല്‍ച്ചയുടെ നിഴല്‍ വരുന്നു.
ഈ ഘട്ടവും കഴിഞ്ഞ് പരസ്പരം വഞ്ചന നടത്തുന്നവരും ഉണ്ട്. പരസ്ത്രീ, പരപുരുഷ ബന്ധം ഇതിന്റെ ഫലമായി വന്നുചേരുന്നതിനെക്കുറിച്ചാണ് പറഞ്ഞത്. നിഷ്‌കളങ്കയായ ഭാര്യയോട് വഞ്ചന കാണിക്കുന്ന ഭര്‍ത്താക്കന്മാരും, സ്‌നേഹനിധിയായ ആണ്‍ ഇണകളോട് ചതി ചെയ്യുന്ന ഭാര്യമാരും ഉണ്ട്. 'വഞ്ചന നടത്തിയ ഓരോരുത്തര്‍ക്കുമായി ഖിയാമത്ത് നാളില്‍ വഞ്ചനയുടെ വിശദീകരണം എഴുതിയ കൊടി ഉയര്‍ത്തപ്പെടും' എന്ന പ്രവാചക വചനം ഇക്കൂട്ടരുടെ ശ്രദ്ധയിലുണ്ടോ ആവോ?
'നിങ്ങള്‍ക്കിടയില്‍ സ്‌നേഹവും കരുണയും നിറച്ചു വെച്ചു' എന്ന ഖുര്‍ആനിക വാക്യം ദാമ്പത്യത്തിനുള്ളിലെ ദൈവികമായ ഇടപെടലിനെക്കുറിച്ചാണ് സൂചന നല്‍കുന്നത്. അല്ലാഹു നിറച്ചുവെച്ച ഈ സ്‌നേഹവും കരുണയും ജീവിതം മുഴുവനും അനുഭവിക്കാന്‍ സാധിക്കേണ്ടതില്ലേ? ഒക്കുമെങ്കില്‍ മരണ ശേഷവും.
മക്കാവിജയദിനത്തില്‍ പ്രവാചകനെ സല്‍ക്കരിക്കാനും ആതിഥ്യമരുളാനും മത്സരിച്ചവരോട് പ്രവാചകന്‍ പറഞ്ഞ വാക്കുകള്‍ ദമ്പതികള്‍ക്കൊരു സൂചനയാകട്ടെ. ഖദീജയുടെ വിയോഗാനന്തരം 14 വര്‍ഷം പിന്നിട്ട് മക്കയിലെത്തിയ പ്രവാചകന്‍ പറഞ്ഞത്, ഞാന്‍ ഖദീജയുടെ ഖബ്‌റിടത്തിങ്കല്‍ പോയിട്ട് വരാം എന്നാണ്.
ഖദീജ മരണപ്പെട്ടിട്ട് ഒരു വര്‍ഷം തികഞ്ഞു. ഒരു സ്വഹാബി വനിത പ്രവാചകനെ സമീപിച്ച് ചോദിച്ചു: ''പ്രവാചകരേ, താങ്കളുടെ ഈ കുഞ്ഞുങ്ങള്‍ക്ക് സംരക്ഷണം നല്‍കാന്‍ താങ്കള്‍ ഒരു വിവാഹം കഴിക്കുന്നില്ലേ?'' ഒരുപാട് നേരത്തെ നിശ്ശബ്ദതക്ക് ശേഷം തലതാഴ്ത്തി കണ്ണീര്‍ വീഴ്ത്തി തന്റെ പ്രിയപത്‌നിയെക്കുറിച്ച് പ്രവാചകന്‍ മൊഴിഞ്ഞതിങ്ങനെ: ''ഖദീജക്ക് ശേഷം പകരം വെക്കാന്‍ ആരുണ്ട്?'' തന്റെ സ്‌നേഹനിധിയായ ഭാര്യ മരണശേഷവും മനസ്സില്‍ തങ്ങി നില്‍ക്കുന്നതിന്റെ നേര്‍ക്കാഴ്ച.
മരണം കാത്തുകിടക്കുന്ന പ്രഥമ ഖലീഫ അബൂബക്കര്‍(റ) തന്റെ പ്രിയപത്‌നിയായിരിക്കണം തന്റെ മയ്യിത്ത് കുളിപ്പിക്കേണ്ടത് എന്ന് വസ്വിയ്യത്ത് ചെയ്തിരുന്നു. എന്തിനാണ് ഇപ്രകാരം വസ്വിയ്യത്ത് എന്ന് ചോദിച്ചവരോട് മറുപടിയായി അദ്ദേഹം പറഞ്ഞു: ''അതാണ് എന്റെ മനസ്സിന് ഏറ്റവും പ്രിയങ്കരം.'' അദ്ദേഹത്തിന്റെ പത്‌നി അസ്മാഅ്ബിന്‍ത് ഉമൈസ് തന്നെ അദ്ദേഹത്തെ കുളിപ്പിക്കുകയും ചെയ്തു.
പ്രമുഖ താബിഇ അബ്ദുല്ലാഹിബ്‌നു മുബാറക് ഹജ്ജ് നിര്‍വഹിക്കാനായി പുറപ്പെട്ടപ്പോള്‍ തന്റെ പത്‌നിക്കായി എഴുതിയയച്ച മനോഹരമായ ഒരു കത്തുണ്ട്. 'എന്റെ പ്രിയപ്പെട്ടവളേ, എന്റെ റൂഹ് നിന്റെ റൂഹിനെ സദാ ആഗ്രഹിക്കുന്നു. നിനക്കത് അനുഭവപ്പെടുന്നില്ലേ?' എന്നതാണ് അതിലെ മനോഹരമായ ഒരുവാചകം. നോക്കൂ, എന്തു മനോഹരമായ വാചകം! എത്ര ഉദാത്തമായ സ്‌നേഹം!
ഖദീജയുടെ മരണ ശേഷം കുറച്ചുകാലം പ്രവാചകന്‍ സാധാരണയില്‍ കവിഞ്ഞ് ദുഃഖിതനായിരുന്നു. ഇസ്‌ലാമിക ചരിത്രത്തില്‍ ദുഖഃവര്‍ഷവും (ആമുല്‍ ഹുസ്ന്‍) ഈ സന്ദര്‍ഭത്തിലായിരുന്നുവല്ലോ. ഇക്കാലയളവില്‍ ഒരിക്കല്‍ പ്രവാചകന്റെ വീടിന്റെ വാതിലില്‍ ആരോ ഒരാള്‍ വന്നു മുട്ടിവിളിച്ചു. പ്രവാചകന്‍ ആരാണെന്ന് തിരക്കി. ഒരു സ്ത്രീയുടെ ശബ്ദമായാണ് പുറത്ത് നിന്ന് കേട്ടത്. 'ഞാന്‍ അകത്തേക്ക് വരട്ടെ' എന്ന്. പ്രവാചകന്‍ അമ്പരന്നു. ''പടച്ചോനേ, ഖദീജയുടെ ശബ്ദമല്ലേ ഇത്, ഖദീജ വിളിക്കുന്ന പോലുണ്ടല്ലോ? പടച്ചോനേ, ഈ സ്ത്രീ ഹാല തന്നെയാകേണമേ...''
വാതില്‍ തുറന്നപ്പോഴതാ ഖദീജയുടെ സഹോദരി ഹാല ബിന്‍ത് ഖുവൈലിദ് മുന്നില്‍. പ്രവാചകന്‍ അവരെ ആദരിച്ചിരുത്തുകയും വിശേഷങ്ങള്‍ തിരക്കുകയും ചെയ്തു. നോക്കൂ, തന്റെ പ്രിയപ്പെട്ടവളുടെ മരണ ശേഷവും ഓരോ നിമിഷത്തിലും പ്രവാചകന്‍ അവരെക്കുറിച്ച ഓര്‍മകള്‍ താലോലിക്കുന്നു.
സ്‌നേഹം ഒരു വൃക്ഷം കണക്കെയാണ്. അതിന് വെള്ളവും വളവും ആവശ്യത്തിന് നല്‍കിപ്പോന്നാല്‍ അത് പൂത്തുലഞ്ഞ് നില്‍ക്കും. അല്ലാത്ത പക്ഷം അത് ഉണങ്ങി ദ്രവിച്ച് പോകും. പുഞ്ചിരിയും തലോടലും കളിതമാശകളും അഭിനന്ദനങ്ങളും അഭിവാദ്യങ്ങളും സ്‌നേഹമെന്ന മരത്തെ കൂടുതല്‍ മിഴിവുറ്റതാക്കും.
ഇണകള്‍ ഒരുമിച്ച് ദൈവത്തിലേക്കടുക്കട്ടെ. ഒരുമിച്ച് ദിവ്യഗ്രന്ഥം പാരായണം ചെയ്യട്ടെ. തദ്ഫലമായി ദൈവം അവര്‍ക്ക് കൂടെക്കൂടെ ഹൃദയങ്ങളില്‍ സ്‌നേഹം നിറച്ച് കൊടുക്കട്ടെ.
'ഹുബ്ബും' 'വുദ്ദും' സ്‌നേഹത്തെക്കുറിക്കാന്‍ ഉപയോഗിക്കാറുള്ള പദങ്ങളാണ്. ഇന്നാല്‍ ഹുബ്ബിനേക്കാള്‍ വുദ്ദിനാണ് സ്ഥാനം. കാരണം അത് സ്‌നേഹത്തിന്റെ പ്രകടനമാണ്. ഹുബ്ബാകട്ടെ വെറും സ്‌നേഹവും. അതുകൊണ്ടാണ് അല്ലാഹുവിനെക്കുറിച്ച് 'വദൂദ്' എന്ന് ഖുര്‍ആന്‍ പറഞ്ഞത്, ഹബീബ് എന്ന് പരിചയപ്പെടുത്താതെ. ദാമ്പത്യ ബന്ധത്തിലും വേണ്ടത് വെറും ഹുബ്ബല്ല. വുദ്ദ് ആണ്. അതാണ് അല്ലാഹും 'റഹ്മത്തും മവദ്ദത്തും' നിറച്ച് വെച്ചു എന്ന് പറയാന്‍ കാരണം.
സാമ്പത്തിക മേഖലയിലെ പിശുക്ക് മാത്രമല്ല ഇസ്‌ലാം കൈകാര്യം ചെയ്തത്. മനസ്സിന്റെ ലുബ്ധും കുടുസ്സും അത് വിശകലനത്തിന് വിധേയമാക്കിയിട്ടുണ്ട്. നിങ്ങളുടെ ഇണകള്‍ മറ്റാരേക്കാളും നിങ്ങളുടെ സ്‌നേഹത്തിന് അര്‍ഹരാണ്. അതിന്റെ പ്രകടനത്തില്‍ ഒരു വീഴ്ചയും വരാന്‍ അനുവദിക്കരുത്. ഒരാള്‍ വന്ന് പ്രവാചകനോട് പറഞ്ഞു: ''പ്രവാചകരേ, ഞാന്‍ ഇന്നയാളെ ഇഷ്ടപ്പെടുന്നു.'' പ്രവാചകന്‍ തിരിച്ചു ചോദിച്ചു: ''അക്കാര്യം നീ അയാളെ അറിയിച്ചുവോ?'' ''ഇല്ല'' എന്ന് അയാള്‍. ''എങ്കില്‍ നേരെ അയാളുടെ അടുത്ത് ചെന്ന് നീ അയാളെ ഇഷ്ടപ്പെടുന്നുവെന്ന് അറിയിക്കുക''- പ്രവാചകന്റെ മറുപടി. സ്‌നേഹം വിളംബരം ചെയ്യുന്നതില്‍ ഇനി നമുക്കെന്തിനാണ് പിശുക്ക്?
വിവ: നഹാസ് മാള
[email protected]
Comments