ടി.സി മുഹമ്മദ് മൗലവി
ഇസ്‌ലാമിക പണ്ഡിതനും യൂനാനി ചികിത്സകനും ഗ്രന്ഥകാരനുമായിരുന്നു ടി.സി മുഹമ്മദ് മൗലവി. പ്രമുഖ പള്ളി ദര്‍സുകളില്‍ മുദര്‍രിസായും വിവിധ ഇസ്‌ലാമിക കലാലയങ്ങളില്‍ അധ്യാപകനായും സേവനമനുഷ്ഠിച്ച അദ്ദേഹം യാഥാസ്ഥിതികത്വത്തിനെതിരെ വലിയ പ്രവര്‍ത്തനങ്ങളാണ് നടത്തിയത്. മലപ്പുറം ജില്ലയിലെ എരമംഗലത്താണ് ജനനം. പാലക്കാട് ജില്ലയിലെ ചാലിശ്ശേരിയില്‍ 2016 നവംബര്‍ 14-നായിരുന്നു അന്ത്യം. 80 വയസ്സായിരുന്നു. പള്ളി ദര്‍സുകളില്‍ പഠനം.പ്രധാന ഉസ്താദ് കോട്ടുമല അബൂബക്കര്‍ മുസ്‌ലിയാര്‍. ദയൂബന്ദ് ദാറുല്‍ ഉലൂമില്‍ ഉപരിപഠനം. 1967-ല്‍ എടക്കഴിയൂര്‍ പള്ളിയില്‍ മുദര്‍രിസായിരിക്കുമ്പോഴാണ് ദിക്ര്‍ ചൊല്ലുമ്പോള്‍ ആടുന്നതിനെപ്പറ്റി വിവാദം ഉയരുന്നത്. 'സമസ്ത'യിലെ പണ്ഡിതന്മാരെല്ലാം അദ്ദേഹത്തിന്റെ അഭിപ്രായത്തിന് എതിരായിരുന്നു. ആ അവസരത്തിലാണ് അദ്ദേഹവും കെ.സി മുഹമ്മദ് മൗലവി, വെല്ലൂര്‍ ബാഖിയാത്തുസ്സ്വാലിഹാത്തിലെ ശൈഖ് ഹസന്‍ ഹസ്‌റത് തുടങ്ങിയ പണ്ഡിതന്മാരും മുന്‍കൈയെടുത്ത് സമസ്തക്ക് പകരം അഖില കേരള ജംഇയ്യത്തുല്‍ ഉലമ രൂപവത്കരിക്കുന്നത്. അങ്ങനെ, ദിക്ര്‍ ചൊല്ലുമ്പോള്‍ ആടാം എന്ന വിഷയത്തില്‍ 'സമസ്ത'യും മറുവാദവുമായി 'അഖില'യും തങ്ങളുടെ മുതിര്‍ന്ന പണ്ഡിതന്മാരെ അണിനിരത്തി എടക്കഴിയൂരില്‍ രണ്ട് സമ്മേളനങ്ങള്‍ നടത്തുകയുണ്ടായി. അക്കാലത്താണ് ഈ കുറിപ്പുകാരന്‍ ജമാഅത്തെ ഇസ്‌ലാമി സാഹിത്യങ്ങളുമായി അദ്ദേഹത്തെ സമീപിച്ചത്. ടി.സി താല്‍പര്യത്തോടെ പുസ്തകങ്ങള്‍ വായിച്ചു. അതോടെ അദ്ദേഹത്തിന്റെ ദര്‍സ് വിദ്യാര്‍ഥികളില്‍ പ്രബോധനവും ഇസ്‌ലാമിക ഗ്രന്ഥങ്ങളുമായി കടന്നുചെല്ലാനുള്ള സ്വാതന്ത്ര്യം ലഭിച്ചു. ടി.സിയുടെ അനുജന്‍ മര്‍ഹൂം ടി.സി മുഹമ്മദുണ്ണി സാഹിബും ദര്‍സ് വിദ്യാര്‍ഥിയായിരുന്നു. പിന്നീട് അദ്ദേഹം ജമാഅത്ത് പ്രവര്‍ത്തകനായി. ഇവര്‍ ഇരുവരും മനുഷ്യനോട് എന്ന പേരില്‍ ഒരു മാസിക നടത്തിയിരുന്നു. ഏതാനും ലക്കങ്ങളേ പുറത്തിറങ്ങിയുള്ളൂ.
സ്ഥലം മാറിപ്പോയ ടി.സി 1970-കള്‍ക്കൊടുവില്‍ വീണ്ടും എടക്കഴിയൂരില്‍ തിരിച്ചെത്തി. മലയാള പുസ്തകങ്ങള്‍ക്കു പുറമെ സയ്യിദ് ഖുത്്വബിന്റെ അറബികൃതികളും അദ്ദേഹം വായനയില്‍ ഉള്‍പ്പെടുത്തി. പിന്നീടദ്ദേഹം ജമാഅത്ത് സ്‌റ്റേജുകളില്‍ പ്രസംഗകനായി മാറി. മിമ്പറുകളിലും മതപ്രഭാഷണ വേദികളിലും സജീവമായി. ദര്‍സ് വിദ്യാര്‍ഥികളോട് കെ.സി അബ്ദുല്ല മൗലവിയുടെ പരലോകം ഖുര്‍ആനില്‍ വായിക്കാന്‍ പ്രത്യേകം നിര്‍ദേശിക്കുമായിരുന്നു. വാടാനപ്പള്ളി ഇസ്‌ലാമിയാ കോളേജില്‍ ഏതാനും വര്‍ഷം അധ്യാപകനായി സേവനമനുഷ്ഠിച്ചു. പെരുമ്പിലാവ് അന്‍സാര്‍ ഇംഗ്ലീഷ് സ്‌കൂളിന്റെ തുടക്കത്തില്‍ അവിടെ കേന്ദ്രീകരിച്ചായിരുന്നു അദ്ദേഹത്തിന്റെ ഗ്രന്ഥരചനയും ജുമുഅ ഖുത്്വബയുമൊക്കെ.
ദയൂബന്ദിലെ ഖാസിമി ബിരുദം കൂടാതെ ത്വിബ്ബ് യൂനാനിയില്‍ ഡി.യു.എം ഡിപ്ലോമയുമുണ്ട് ടി.സിക്ക്. ഖുര്‍ആന്‍ സമഗ്രപഠനം, ഹിപ്‌നോട്ടിസം ഗൈഡ്, യൂനാനി മെറ്റീരിയാ മെഡിക്ക, തിരുനബിയുടെ വൈദ്യവിധികള്‍, യൂനാനി ചികിത്സകന്‍ എന്നിവയാണ് കൃതികള്‍.
പുത്തന്‍പള്ളി, ചെലവൂര്‍, കടമേരി, പരപ്പനങ്ങാടി പള്ളിദര്‍സുകളിലും പട്ടിക്കാട് ജാമിഅ നൂരിയ, എടവണ്ണ ജാമിഅ നദ്‌വിയ്യ, പുളിക്കല്‍ ജാമിഅ സലഫിയ്യ എന്നീ കോളേജുകളിലും അധ്യാപനം നടത്തിയിട്ടുണ്ട്. പട്ടാമ്പിയില്‍ യൂനാനി ക്ലിനിക്ക് നടത്തിയിരുന്നു. ഷൊര്‍ണൂരിനടുത്ത വെട്ടിക്കാട്ടിരിയിലെ ജാറത്തിനെതിരായ 12 വര്‍ഷം നീണ്ട നിയമപോരാട്ടത്തിനൊടുവിലെ കോടതിവിധി ടി.സിക്ക് അനുകൂലമായിരുന്നു. പൊതു ഖബ്ര്‍സ്ഥാനില്‍ ജാറം പാടില്ലെന്നായിരുന്നു വിധി.
സി.ടി കുഞ്ഞിമുഹമ്മദ് മൗലവി
കരുവാരകുണ്ട് തരിശ് പ്രദേശത്തിന്റെ ഗുരുനാഥന്‍ സി.ടി എന്ന ചുരുക്കപ്പേരില്‍ അറിയപ്പെടുന്ന സി.ടി കുഞ്ഞിമുഹമ്മദ് മൗലവി അല്ലാഹുവിങ്കലേക്ക് യാത്രയായി. നാലു പതിറ്റാണ്ടിലേറെക്കാലം തലമുറകള്‍ക്ക് ദീനീവിജ്ഞാനം പഠിപ്പിക്കാന്‍ സാധിച്ചു എന്നതാണ് അദ്ദേഹത്തിന്റെ ജീവിതവിജയം. മാള, ഗുരുവായൂര്‍, എടവണ്ണപ്പാറ, ചെമ്മാണിയോട് തുടങ്ങിയ പള്ളികളില്‍ ഇമാമായും അദ്ദേഹം സേവനമനുഷ്ഠിച്ചു. ശാന്തപുരം ഇസ്‌ലാമിയാ കോളേജ്, എടവണ്ണ ജാമിഅ നദ്‌വിയ്യ എന്നീ പ്രശസ്ത കലാലയങ്ങളില്‍ പഠനം. ജീവിതത്തില്‍ ഒരുപാട് മാതൃകകള്‍ ബാക്കിയാക്കിയാണ് സി.ടി വിടവാങ്ങിയത്. ജമാഅത്ത് നമസ്‌കാരത്തിലെ അദ്ദേഹത്തിന്റെ കൃത്യത എടുത്തുപറയേണ്ടതാണ്. ഖുര്‍ആന്‍ പാരായണത്തിലെയും പഠനത്തിലെയും നൈരന്തര്യമാണ് മറ്റൊന്ന്. സയ്യിദ് മൗദൂദിയുടെ തഫ്ഹീമുല്‍ ഖുര്‍ആന്‍, അമാനി മൗലവിയുടെ ഖുര്‍ആന്‍ വിവരണം, സയ്യിദ് ഖുത്വ്ബിന്റെ ഫീ ളിലാലില്‍ ഖുര്‍ആന്‍, തഫ്‌സീറുല്‍ കബീര്‍ എന്നിവ എത്രയോ തവണ സി.ടി വായിച്ചിട്ടുണ്ട്. പ്രബോധനത്തിന്റെ വരവും പ്രതീക്ഷിച്ച് തരിശ് ടൗണ്‍ മസ്ജിദില്‍ നില്‍ക്കുന്ന സി.ടി ഓര്‍മയില്‍ തെളിയുന്നു.
കുടുംബ സംസ്‌കരണത്തിലും സി.ടി വിജയിച്ചു. മക്കള്‍ക്കെല്ലാം മതപരവും ഭൗതികവുമായ വിജ്ഞാനം നല്‍കാന്‍ അദ്ദേഹം കണിശത കാണിച്ചു. ഇസ്‌ലാമിക പ്രസ്ഥാനത്തിന്റെ സജീവ സഹയാത്രികരാണവര്‍. ഇളയ മകന്‍ വിഷന്‍-2016 ലെ അക്കൗണ്ടന്റായി സേവനമനുഷ്ഠിക്കുന്നു. സി.ടിയില്‍നിന്നുള്ള ഏറ്റവും വലിയ മാതൃക ജീവിതചിട്ടയായിരുന്നു. നമസ്‌കാരത്തിലെ കൃത്യതയും സൂക്ഷ്മതയും ജീവിതത്തിന്റെ എല്ലാ രംഗങ്ങളിലും അദ്ദേഹം കാത്തുസൂക്ഷിച്ചു.
എ.എം സുനീര്‍
വി.എം കുട്ടി മൗലവി
മലപ്പുറം അബ്ദുര്‍റഹ്മാന്‍ നഗറിലെ ഇസ്‌ലാമിക പണ്ഡിതനും ജമാഅത്തെ ഇസ്‌ലാമി അംഗവുമായിരുന്നു വി. മുഹമ്മദ് കുട്ടി മൗലവി (വി.എം കുട്ടി മൗലവി). 75 വയസ്സായിരുന്നു അന്തരിക്കുമ്പോള്‍. 1967-ല്‍ വെല്ലൂര്‍ ബാഖിയാത്തുസ്സ്വാലിഹാത്തില്‍നിന്ന് ബാഖവി ബിരുദം നേടിയ മൗലവി വളാഞ്ചേരിക്കടുത്ത് പൈങ്കണ്ണൂര്‍, ചെട്ടിപ്പടി, എടക്കാപറമ്പ്, തിരൂര്‍ കുറുമ്പടി എന്നിവിടങ്ങളില്‍ മുദര്‍രിസായും ഖത്വീബായും സേവനം ചെയ്തു. ആദ്യകാലങ്ങളില്‍തന്നെ ധാരാളം വായിക്കുമായിരുന്നു. വൈകാതെ പുരോഗമനാശയങ്ങളും അദ്ദേഹത്തെ സ്വാധീനിച്ചു. ബാഖിയാത്തില്‍നിന്ന് പഠനം പൂര്‍ത്തിയാക്കി നാട്ടില്‍ തിരിച്ചെത്തിയ ശേഷം കൊളപ്പുറത്തു നടന്നുവന്നിരുന്ന കൊടികുത്തി നേര്‍ച്ചക്കെതിരെ ശബ്ദിച്ചു.
വായനയിലൂടെയാണ് ഇസ്‌ലാമിക പ്രസ്ഥാനത്തില്‍ ആകൃഷ്ടനായതും. കൊളപ്പുറം അങ്ങാടിയില്‍ അദ്ദേഹം നിറസാന്നിധ്യമായിരുന്നു. മരണം വരെ സജീവ പ്രവര്‍ത്തകനും ജമാഅത്ത് അംഗവുമായി തുടര്‍ന്നു. അബ്ദുര്‍റഹ്മാന്‍ നഗര്‍ പ്രാദേശിക ജമാഅത്ത് അമീറായി ദീര്‍ഘകാലം മൗലവി ഉണ്ടായിരുന്നു. പ്രമാണങ്ങളുടെ ആഴങ്ങളറിഞ്ഞ പാണ്ഡിത്യം, ജീവിതത്തിലുടനീളം മാതൃകായോഗ്യമായ ലാളിത്യം, സൂക്ഷ്മതയാര്‍ന്ന സംസാരം എന്നിവ മൗലവിയുടെ വ്യക്തിത്വത്തിന് മാറ്റുകൂട്ടി.
അബ്ദുര്‍റഹ്മാന്‍ നഗറിലും പരിസരദേശങ്ങളിലും ഇസ്‌ലാമിക പ്രസ്ഥാനത്തെ ശക്തിപ്പെടുത്തുന്നതില്‍ അദ്ദേഹത്തിന്റെ വൈജ്ഞാനികവും കര്‍മപരവുമായ സേവനം അതുല്യമാണ്.
കുറ്റിയാടി, ശാന്തപുരം, വണ്ടൂര്‍ ഇസ്‌ലാമിയാ കോളേജുകളില്‍ കുറേക്കാലം അധ്യാപകനായിരുന്നു. വണ്ടൂര്‍ വിമന്‍സ് കോളേജില്‍ വൈസ് പ്രിന്‍സിപ്പലുമായി.
കര്‍മശാസ്ത്രത്തില്‍ സവിശേഷമായ അറിവുണ്ടായിരുന്നു. ചെമ്മാട് മനാറുല്‍ ഇസ്‌ലാം ചാരിറ്റബ്ള്‍ ട്രസ്റ്റ് ചെയര്‍മാന്‍, കൊളപ്പുറം ഹിറാ ചാരിറ്റബ്ള്‍ ട്രസ്റ്റ് വൈസ് ചെയര്‍മാന്‍, കൊളപ്പുറം മസ്ജിദുല്‍ ഫലാഹ് കമ്മിറ്റി പ്രസിഡന്റ് എന്നീ നിലകളിലും സേവനമനുഷ്ഠിച്ചു.
മാരക രോഗം പിടിപെട്ടപ്പോഴും അസാമാന്യ സ്ഥൈര്യത്തോടെ മൗലവി മാതൃകയായി. എറമാങ്കുന്നത്ത് ഖദീജയാണ് ഭാര്യ. 4 ആണ്‍മക്കളും 4 പെണ്‍മക്കളുമുണ്ട്.
വി. അന്‍വര്‍ ശമീം ആസാദ്
ഹൗലത്ത് കക്കോടി
ക്ഷമിച്ചും സഹിച്ചും ജീവിതം എങ്ങനെ അര്‍ഥപൂര്‍ണമാക്കാമെന്ന് കുടുംബത്തിനും സഹപ്രവര്‍ത്തകര്‍ക്കും മാതൃക കാണിച്ച വ്യക്തിത്വമായിരുന്നു ഇക്കഴിഞ്ഞ ഡിസംബറില്‍ നിര്യാതയായ കോഴിക്കോട് കക്കോടി പറയരുപറമ്പത്ത് ഹൗലത്ത് (68).
ഇസ്‌ലാമിക പ്രസ്ഥാനം കക്കോടിയില്‍ വനിതാ ഹല്‍ഖ രൂപീകരിച്ച ഘട്ടത്തില്‍തന്നെ സജീവ പ്രവര്‍ത്തകയായി അവര്‍ ഹല്‍ഖയിലുണ്ടായിരുന്നു. യൗവനത്തില്‍തന്നെ ശ്വാസകോശ സംബന്ധമായ രോഗം പിടികൂടുകയും 30 വര്‍ഷക്കാലം ചികിത്സയുടെ വിവിധ ഘട്ടങ്ങളിലൂടെ കടന്നുപോവുകയും ചെയ്യുമ്പോഴും പ്രവാസിയായ ഭര്‍ത്താവ് മമ്മു സാഹിബിന്റെ അഭാവത്തില്‍ മക്കളെ പരിപാലിക്കുകയും അവരുടെ ദീനീവളര്‍ച്ചയില്‍ ശ്രദ്ധപുലര്‍ത്തുകയും ചെയ്തു. നാല് പെണ്‍മക്കളെയും വിവാഹം കഴിപ്പിച്ച് പ്രസ്ഥാന കുടുംബങ്ങളില്‍ എത്തിക്കാനും അവര്‍ക്ക് സാധിച്ചു. ഹല്‍ഖാ യോഗങ്ങളില്‍ വളരെ ദൂരെനിന്ന് സമയത്തിനു മുമ്പ് എത്തിച്ചേരുകയും പഠിക്കാന്‍ ഏല്‍പ്പിച്ച ഭാഗങ്ങള്‍ തന്റെ കഴിവിന്റെ പരമാവധി പഠിക്കാന്‍ ശ്രദ്ധിക്കുകയും ചെയ്തിരുന്നു. രോഗം പിടിമുറുക്കുകയും പുറത്തിറങ്ങാന്‍ പരസഹായം ആവശ്യമായി വരികയും ചെയ്തപ്പോഴും പ്രവര്‍ത്തകരെ കാണാനും ആശയവിനിമയം നടത്താനും താല്‍പര്യം പ്രകടിപ്പിക്കുമായിരുന്നു. രോഗപീഡകളുണ്ടായിട്ടും ജില്ലാ സമ്മേളന വിവരങ്ങള്‍ അന്വേഷിച്ചുകൊണ്ടിരുന്നു. മരിക്കുന്നതിന്റെ തലേ ആഴ്ച നടന്ന ഗൃഹാങ്കണയോഗത്തില്‍ വരെ ആവേശത്തോടെ പങ്കെടുക്കുകയും ചെയ്തു.
മക്കള്‍: ഹാജറ, ഹസീന, ആശിഖ്, ത്വാഹിറ, റഹ്മത്ത്.
എം.സി സുബൈദ കക്കോടി
അല്ലാഹുവേ, പരേതരെ മഗ്ഫിറത്തും മര്‍ഹമത്തും നല്‍കി അനുഗ്രഹിക്കേണമേ-ആമീന്‍
Comments