അതിജീവനത്തിന്റെ രാഷ്ട്രമീമാംസ <br>ഉര്‍ദുഗാന്റെ ജീവിതകഥ - 12
അമേരിക്കന്‍ ഗവേഷകനായ ഗ്രഹാം ഇ. ഫുളര്‍ 2008-ല്‍ ഒരു പുസ്തകമിറക്കി. 'പുതിയ തുര്‍ക്കി റിപ്പബ്ലിക്: മുസ്‌ലിം ലോകത്ത് തുര്‍ക്കിയുടെ കേന്ദ്രസ്ഥാനം' (The New Turkish Republic: Turkey as a Pivotal Sate in the Muslim World) എന്നായിരുന്നു അതിന്റെ ശീര്‍ഷകം. അദ്ദേഹം നടത്തുന്ന വിശകലനത്തിന്റെ സംഗ്രഹം ഇതാണ്: ആധുനിക തുര്‍ക്കി ഒരൊറ്റ റിപ്പബ്ലിക്കല്ല; മൂന്ന് റിപ്പബ്ലിക്കുകളാണ്. ആദ്യത്തെ റിപ്പബ്ലിക്ക് ഒന്നാം ലോകയുദ്ധാനന്തരം മുസ്തഫ കമാല്‍ പാഷ നിര്‍മിച്ചത്. ഇസ്‌ലാമിക സംസ്‌കാരവുമായും ഉസ്മാനീ പൈതൃകവുമായുമുള്ള നാഭീനാളബന്ധം അത് മുറിച്ചുമാറ്റിയിരുന്നു. അത്താതുര്‍ക്കിന് ആധുനികവത്കരണം എന്നാല്‍ യൂറോപ്യന്‍ സംസ്‌കാരവും നിയമാവലികളും അതേപടി തുര്‍ക്കിയിലേക്ക് പറിച്ചുനടലായിരുന്നു. ഒരു എതിര്‍സ്വരത്തെയും അനുവദിച്ചില്ല. എല്ലാം മുകളില്‍നിന്ന് താഴേക്ക് അടിച്ചേല്‍പിക്കുന്ന ലക്ഷണമൊത്തെ ഏകാധിപത്യം. അമ്പതുകളിലാണ് രണ്ടാം തുര്‍ക്കി റിപ്പബ്ലിക്കിന്റെ തുടക്കം. ബഹു കക്ഷി ജനാധിപത്യമായിരുന്നു അതിന്റെ സവിശേഷത. അപ്പോഴും കമാലിസത്തിന് ഉരുക്കുമുഷ്ടികളുമായി മിലിട്ടറി കാവലിരുന്നു. തങ്ങള്‍ ഇഷ്ടപ്പെടാത്ത ഭരണകൂടങ്ങളെ അട്ടിമറിയിലൂടെ പുറത്താക്കി. ഈ രണ്ട് ഘട്ടങ്ങളിലും അമേരിക്കയുടെ ഉറ്റ തോഴനായിരുന്നു തുര്‍ക്കി. ശീതയുദ്ധകാലത്ത് മേഖലയിലെ അമേരിക്കന്‍ താല്‍പര്യങ്ങള്‍ സംരക്ഷിക്കപ്പെടുന്നതിന് തുര്‍ക്കിയുടെ തന്ത്രപ്രധാനമായ കിടപ്പ് വളരെ പ്രയോജനം ചെയ്തു. 1991-ല്‍ സോവിയറ്റ് യൂനിയന്‍ തകര്‍ന്നതോടെ ആ തന്ത്രപ്രാധാന്യം വളരെയേറെ ഇല്ലാതാവുകയും ചെയ്തു. അതാണ് മൂന്നാം റിപ്പബ്ലികിന്റെ ഉദയം. തുര്‍ക്കിയുടെ വിദേശനയത്തില്‍ വൈവിധ്യവും പുതുമയും ഉണ്ടാകുന്നത് ഈ ഘട്ടത്തിലാണ്. ആ വൈവിധ്യത്തിന്റെ പാരമ്യമാണ് അക് പാര്‍ട്ടി ഭരണത്തില്‍ കാണാനായതെന്ന് ഗ്രന്ഥകര്‍ത്താവ്. പടിഞ്ഞാറന്‍ യൂറോപ്പുമായും റഷ്യയുമായും അമേരിക്കയുമായും ഇറാനുമായും പശ്ചിമേഷ്യയുമായും ഒരേസമയം ബന്ധങ്ങള്‍ മെച്ചപ്പെടുത്തുന്ന ഇലാസ്തികതയുള്ള നയതന്ത്രം.
വൈരുധ്യങ്ങളെ സമചിത്തതയോടെയും സംഘട്ടനത്തിന് ഇടം നല്‍കാതെയും അഭിമുഖീകരിക്കുക എന്നതായിരുന്നു ഉര്‍ദുഗാന്റെ തന്ത്രം. മാറ്റങ്ങള്‍ക്ക് ഒരുപാട് സമയമെടുക്കും. അത്രയും കാലം ക്ഷമിച്ചിരിക്കണം. കഴിയുന്നതും വിവാദവിഷയങ്ങളില്‍ ഇടപെടാതിരിക്കുക. അതിന്റെ പേരില്‍ സ്വന്തം പക്ഷത്തുനിന്ന് നേരിടേണ്ടിവരുന്ന വിമര്‍ശനങ്ങള്‍ സഹിക്കുക. എന്നിട്ട് ഒരു മുന്‍ഗണനാ പട്ടിക തയാറാക്കുക. സാധാരണക്കാരുടെ ജീവിത പ്രശ്‌നങ്ങളാണ് അതില്‍ ഒന്നാമതായി വരേണ്ടത്. മനുഷ്യാവകാശങ്ങള്‍, നിയമപാലനം, അഴിമതിക്കെതിരെയുള്ള പോരാട്ടം തുടങ്ങിയ അടിസ്ഥാന കാര്യങ്ങളാണ് പിന്നെ ആ പട്ടികയില്‍ ഇടം പിടിക്കേണ്ടത്. ഇസ്‌ലാം/ തീവ്ര സെക്യുലരിസം, ഉസ്മാനീ സംസ്‌കാരം/ യൂറോപ്യന്‍ സംസ്‌കാരം, സ്വേഛാധിപത്യം/ ജനാധിപത്യം, ജനകീയ ഭരണം/ പട്ടാള ഭരണം, തെരുവുകളില്‍ നിറഞ്ഞൊഴുകുന്ന ഇസ്‌ലാം/ അതിനെ പല്ലും നഖവുമുപയോഗിച്ച് എതിരിടുന്ന ഭരണഘടന. ഇങ്ങനെ വൈരുധ്യങ്ങളുടെ ഘോഷയാത്ര നടക്കുന്ന ഒരു നാട്ടില്‍ ഭരണം മുന്നോട്ടുകൊണ്ടുപോകണമെങ്കില്‍ ചില ഞാണിന്മേല്‍കളികള്‍ നടത്താതെ വയ്യ. ഇത് ഒരു ഗന്നൂശിയന്‍ രാഷ്ട്രീയതന്ത്രമാണ്. റാശിദ് ഗന്നൂശി എന്ന ഇസ്‌ലാമിക ചിന്തകന്‍ മല്ലിടുന്ന തുനീഷ്യയില്‍ ഏറക്കുറെ ഇതേ രാഷ്ട്രീയ സാഹചര്യമാണ്. പക്ഷേ, തന്റേതല്ലാത്ത കാരണങ്ങളാല്‍ തുനീഷ്യയില്‍ ഈ രാഷ്ട്രീയ തന്ത്രം വേണ്ടത്ര വിജയിപ്പിച്ചെടുക്കാന്‍ അദ്ദേഹത്തിന് കഴിഞ്ഞിട്ടില്ല. അതൊരു വിജയഗാഥയായി മാറ്റിയത് തുര്‍ക്കിയിലെ ഉര്‍ദുഗാനാണ്. ഗന്നൂശിക്ക് പഠിക്കുന്ന വിനയാന്വിതനും സമര്‍ഥനുമായ വിദ്യാര്‍ഥിയായിരുന്നു എന്നും ഉര്‍ദുഗാന്‍.
ജനങ്ങളുടെ ജീവിത പ്രശ്‌നങ്ങള്‍ക്ക് തന്നെയായിരുന്നു ഉര്‍ദുഗാന്‍ ഗവണ്‍മെന്റിന്റെ പ്രഥമ പരിഗണന. അതിന് സാമ്പത്തിക നില ഭദ്രമാക്കണം. യൂറോപ്യന്‍ നാടുകളുമായി കൂടുതല്‍ വ്യാപാരബന്ധങ്ങള്‍ ഉണ്ടാക്കിക്കൊണ്ടേ അത് സാധ്യമാവൂ. അതിനിടക്ക് ഹിജാബ് പോലുള്ള പ്രശ്‌നങ്ങളില്‍ തൊട്ടാല്‍ അത് ഇസ്‌ലാമിസ്റ്റ് / അള്‍ട്രാ സെക്യുലരിസ്റ്റ് സംഘര്‍ഷത്തിന് വഴിവെക്കുകയും സൈന്യത്തിന് ഇടപെടാന്‍ അവസരമൊരുക്കുകയും ചെയ്യും. തക്കം പാര്‍ത്തിരിക്കുന്ന ഒരു ശത്രുവിനും പിടികൊടുക്കാതെ ഈ നയം നടപ്പിലാക്കാനും ഉര്‍ദുഗാന്‍ എന്ന രാഷ്ട്രീയ തന്ത്രശാലിക്ക് സാധിച്ചു. ഇതു കണ്ടാണ് ലബനാനിലെ കാര്‍നീഗ് മിഡിലീസ്റ്റ് സെന്ററിന്റെ ചെയര്‍മാന്‍ സാലിം പോള്‍ പറഞ്ഞത്: ''ഇങ്ങനെ പോവുകയാണെങ്കില്‍ ഇത് തുര്‍ക്കിയുടെ നൂറ്റാണ്ടാവും. കാരണം, പശ്ചിമേഷ്യയില്‍ വ്യക്തമായ ലക്ഷ്യങ്ങളോടെയും മുന്നൊരുക്കങ്ങളോടെയും ഭാവിയിലേക്ക് ചുവടുവെക്കുന്ന ഏകരാഷ്ട്രം തുര്‍ക്കിയാണ്.''
റോമന്‍, ബൈസാന്റിയന്‍, ഉസ്മാനീ എന്നിങ്ങനെ ലോക ചരിത്രത്തിലെ മൂന്ന് വന്‍ സാമ്രാജ്യങ്ങളുടെ തലസ്ഥാനമായിരുന്നിട്ടുണ്ട് ഇസ്തംബൂള്‍. ഭൂമിശാസ്ത്രപരമായ കിടപ്പും തന്ത്രപ്രാധാന്യതയും (Geo-political & Geo-strategic) ആണ് അതിന് കാരണം. ദൂരക്കാഴ്ചയുള്ള നേതാവുണ്ടെങ്കില്‍ നഷ്ടപ്പെട്ട ആ സ്ഥാനം തുര്‍ക്കിക്ക് തിരിച്ചുപിടിക്കാം. ഉര്‍ദുഗാനും സംഘവും ഇതിനെക്കുറിച്ചെല്ലാം നല്ല ഗൃഹപാഠം ചെയ്തിരുന്നു. നയതന്ത്രജ്ഞതയുടെ മൃദുശക്തി (Soft Power) പ്രയോഗമാണ് അവരതിന് തെരഞ്ഞെടുത്ത രീതി. വിവിധ നാടുകളുമായുള്ള അതിര്‍ത്തിതര്‍ക്കങ്ങളും ചരിത്രപരമായ കാരണങ്ങളാല്‍ ഉണ്ടായിട്ടുള്ള മറ്റു സംഘര്‍ഷങ്ങളും പറഞ്ഞുതീര്‍ത്ത് പ്രശ്‌നങ്ങളെ പൂജ്യത്തിലേക്ക് കൊണ്ടുവരിക (Zero Problem Policy) എന്നതാണ് തന്ത്രം. അടവുപരമായ ആഴം (Strategic Depth) എന്നും ഇത് വിശേഷിപ്പിക്കപ്പെടുന്നു.
ചുരുക്കിപ്പറഞ്ഞാല്‍, കൃത്യമായ ലക്ഷ്യബോധത്തോടെയും വേണ്ടത്ര മുന്നൊരുക്കത്തോടെയും തന്നെയാണ് ഒന്നാം ഉര്‍ദുഗാന്‍ മന്ത്രിസഭ ഭരണം തുടങ്ങിയത്. നാലു മേഖലകളിലായിരുന്നു ആ ഭരണത്തിന്റെ ഊന്നല്‍.
1. സാമ്പത്തിക നില മെച്ചപ്പെടുത്തുക
തെരഞ്ഞെടുപ്പില്‍ വിജയിക്കുന്നതിനു മുമ്പു തന്നെ അക് പാര്‍ട്ടിയുടെ സാമ്പത്തിക പഠന വിഭാഗം ഉടന്‍ നടപ്പാക്കേണ്ട മുന്നൂറ് സാമ്പത്തിക പദ്ധതികളുടെ ബ്ലൂപ്രിന്റ് തയാറാക്കിയിരുന്നു. അതിനാല്‍ ഭരണത്തുടക്കത്തില്‍ അവ്യക്തതയോ ആശയക്കുഴപ്പമോ ഉണ്ടായിരുന്നില്ല. ഒന്നാം ദിവസം മുതല്‍ ഭരണം ചലിച്ചുതുടങ്ങി. പാവപ്പെട്ടവര്‍ക്കായിരുന്നു മുഴുവന്‍ പ്രൊജക്ടുകളിലും പ്രഥമ പരിഗണന. എല്ലാ വിദ്യാര്‍ഥികള്‍ക്കും സൗജന്യ പാഠപുസ്തക വിതരണമായിരുന്നു ആദ്യപടി. പ്രയാസപ്പെടുന്ന വിദ്യാര്‍ഥികള്‍ക്ക് സ്‌കോളര്‍ഷിപ്പും ഏര്‍പ്പെടുത്തി. അതിശൈത്യം അനുഭവപ്പെടുന്ന മേഖലകളിലെ ദരിദ്രവിഭാഗങ്ങള്‍ക്ക് സൗജന്യമായി ഒന്നര മില്യന്‍ ടണ്‍ കല്‍ക്കരി എത്തിച്ചു. വളരെ ചെറിയ തുക ഈടാക്കിക്കൊണ്ട് പാവപ്പെട്ട കുടുംബങ്ങള്‍ക്ക് രണ്ട് ലക്ഷത്തി എണ്‍പതിനായിരം ഫഌറ്റുകള്‍ പണിതുകൊടുത്തു. അഴിമതിക്കെതിരെയും പോര്‍മുഖം തുറന്നു. ഉയര്‍ന്ന ഗവണ്‍മെന്റ് ഉദ്യോഗസ്ഥന്മാര്‍ അനധികൃതമായി സ്വന്തമാക്കിവെച്ചിരുന്ന ആയിരക്കണക്കിന് വില്ലകള്‍ പിടിച്ചെടുത്ത് വില്‍പന നടത്തി ആ പണം പൊതുഖജനാവിലെത്തിച്ചു.
തൊഴിലില്ലായ്മ 15 ശതമാനത്തില്‍നിന്ന് 9.7 ശതമാനമായി കുറക്കാനും ഉര്‍ദുഗാന്‍ ഗവണ്‍മെന്റിന്റെ ആദ്യ ഊഴത്തില്‍ സാധ്യമായി. പാവങ്ങള്‍ക്ക് ക്ഷേമ പദ്ധതികളും പ്രഖ്യാപിച്ചു. ആശുപത്രികള്‍ക്ക് പലതരം ഫണ്ടുകള്‍ ലഭ്യമാക്കി. 'ഗ്രീന്‍ കാര്‍ഡുകള്‍' കൊടുത്താല്‍ ദരിദ്ര കുടുംബങ്ങള്‍ക്ക് അവിടെനിന്ന് ചികിത്സയും മരുന്നുമൊക്കെ സൗജന്യമായിരിക്കും.
തുര്‍ക്കിയിലെ നഗരങ്ങള്‍ക്ക് അവയുടെ ഭൂമിശാസ്ത്ര പ്രത്യേകതകള്‍ കണക്കിലെടുത്തുകൊണ്ട് പുതുമയുള്ള വികസന മാതൃക കൊണ്ടുവന്നു. ഉദാഹരണത്തിന് ഇസ്തംബൂള്‍ നഗരം. അവിടെനിന്ന് 53 ലോക രാജ്യങ്ങളിലേക്ക് മൂന്നര മണിക്കൂറിനകം വിമാനം വഴി എത്തിച്ചേരാനാകും. യൂറോപ്യന്‍ യൂനിയന്‍, റഷ്യ, മധ്യേഷ്യ, അറബ് രാഷ്ട്രങ്ങള്‍, മിഡിലീസ്റ്റ് എന്നീ ലോക കമ്പോളങ്ങളുടെ മധ്യേയാണ് അതിന്റെ കിടപ്പ്. ഈ സാധ്യതകളെയെല്ലാം പ്രയോജനപ്പെടുത്തി. അങ്ങനെ 2005 ആയപ്പോഴേക്കും മൊത്തം ആഭ്യന്തര ഉല്‍പാദനം 362.5 ബില്യന്‍ ഡോളറിലെത്തി. 2001-ല്‍ അത് 147.7 ബില്യന്‍ മാത്രമായിരുന്നു. ഇതേ കാലയളവില്‍ ശരാശരി വാര്‍ഷിക ആളോഹരി വരുമാനം 2230 ഡോളറില്‍നിന്ന് 8400 ഡോളറായി കുതിച്ചുയര്‍ന്നു. ലോക ബാങ്കിന്റെ റിപ്പോര്‍ട്ടില്‍, 2003-2007 കാലയളവിലെ തുര്‍ക്കിയുടെ സാമ്പത്തിക വളര്‍ച്ച ആറു ശതമാനത്തില്‍ കുറഞ്ഞിട്ടില്ലെന്ന് വ്യക്തമാക്കുന്നുണ്ട്. 2002-ല്‍ മൊത്തം ആഭ്യന്തര ഉല്‍പാദനത്തിന്റെ 73 ശതമാനം ആയിരുന്നു പൊതുകടം. 2007 ആയപ്പോഴേക്കും 39 ശതമാനമായി കുറയുകയും ചെയ്തു. ചെറുകിട-ഇടത്തരം വ്യവസായികളുടെ കൂട്ടായ്മയായ MUSIAD പോലുള്ള സംരംഭങ്ങളാണ് ഈ സാമ്പത്തിക വിപ്ലവത്തിന് ചുക്കാന്‍ പിടിച്ചത്. രാഷ്ട്രത്തിന്റെ കയറ്റുമതി അഞ്ചു വര്‍ഷത്തിനകം 30 ബില്യന്‍ ഡോളറില്‍നിന്ന് 130 ബില്യന്‍ ഡോളറായി കുതിച്ചുയരുകയും ചെയ്തു.
2. ആഭ്യന്തര വെടിനിര്‍ത്തല്‍
വിവിധ ചിന്താധാരകള്‍ തമ്മിലുള്ള സംഘര്‍ഷമാണ് തുര്‍ക്കിയെ പിന്നോട്ടടിപ്പിക്കുന്നതിന് മുഖ്യ കാരണമെന്ന് മനസ്സിലാക്കി, എല്ലാ പ്രബല വിഭാഗങ്ങളുമായും സമവായത്തിനാണ് ഉര്‍ദുഗാന്‍ ഗവണ്‍മെന്റ് ശ്രമിച്ചത്. ആഭ്യന്തര പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനായിരുന്നു പ്രഥമ പരിഗണന. അക് പാര്‍ട്ടിക്ക് അടിത്തറയിട്ട സമ്മേളനത്തില്‍ ഉര്‍ദുഗാന്‍ പ്രഖ്യാപിച്ചിരുന്നു: ''ദാരിദ്ര്യവും പട്ടിണിയും തുടച്ചുനീക്കാന്‍ തന്നെയാണ് ഈ പാര്‍ട്ടി സ്ഥാപിക്കുന്നത്... ദാരിദ്ര്യം ഒരിക്കലും ഈ മഹത്തായ ജനതയുടെ ഭാഗധേയമാവാന്‍ പാടില്ല.'' മേഖലാപരമായി യാതൊരു വിവേചനവുമില്ലാതെയാണ് ദാരിദ്ര്യ നിര്‍മാര്‍ജന പദ്ധതികളെല്ലാം നടപ്പാക്കിയത്. എല്ലാ വംശീയ വിഭാഗങ്ങളുടെയും വിശ്വാസമാര്‍ജിക്കാന്‍ ഇതു കാരണമായി; പ്രത്യേകിച്ച് കുര്‍ദുകളുടെയും അലവികളുടെയും. മുന്‍ ഗവണ്‍മെന്റുകള്‍ ഒന്നൊഴിയാതെ സംശയക്കണ്ണോടെയാണ് കുര്‍ദ് ജനവിഭാഗങ്ങളെ നോക്കിക്കണ്ടിരുന്നത്. അതിന് ചരിത്രപരമായ കാരണങ്ങളുമുണ്ട്. അതിനൊരു തിരുത്തായിരുന്നു അക് പാര്‍ട്ടി ഭരണത്തില്‍ കണ്ടത്. കുര്‍ദുകള്‍ക്ക് അവരുടെ ഭാഷയില്‍ പാഠപുസ്തകങ്ങള്‍ തയാറാക്കാന്‍ അനുമതി നല്‍കി. ഔദ്യോഗിക റേഡിയോ-ടി.വി ചാനലുകളില്‍ കുര്‍ദ് പരിപാടികള്‍ ധാരാളമായി സംപ്രേഷണം ചെയ്തു.
തന്റെ ശക്തരായ രണ്ട് പ്രതിയോഗികളെക്കുറിച്ച് സദാ ബോധവാനായിരുന്നു ഉര്‍ദുഗാന്‍. ഒന്ന്, അള്‍ട്രാ സെക്യുലരിസ്റ്റുകള്‍. രണ്ട്, സൈന്യം. ഇരു വിഭാഗങ്ങളുമായും ഉരസലുണ്ടാകാതിരിക്കാന്‍ അദ്ദേഹം അതീവ ജാഗ്രത കാണിച്ചു. തുര്‍ക്കിയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ഹിജാബ് ധരിക്കാന്‍ അനുവാദമില്ലാത്തതിനാല്‍ തന്റെ മകളെ അമേരിക്കയിലയച്ച് പഠിപ്പിച്ചത് അതുകൊണ്ടാണ്. പ്രസിഡന്റിന്റെ കൊട്ടാരത്തിലും ഹിജാബ് പാടുണ്ടായിരുന്നില്ല. പ്രകോപനം ഒഴിവാക്കാന്‍, മന്ത്രിമാര്‍ പ്രസിഡന്റിനെ കാണാന്‍ പോകുമ്പോള്‍ പര്‍ദാധാരിണികളായ തങ്ങളുടെ ഭാര്യമാരെ കൂടെ കൂട്ടാറുണ്ടായിരുന്നില്ല. ഹിജാബ് പ്രശ്‌നം ദേശീയ സമവായത്തിലൂടെയാണ് പരിഹരിക്കപ്പെടേണ്ടതെന്നും അതുവരെ കാത്തിരിക്കണമെന്നുമായിരുന്നു പാര്‍ട്ടി നിലപാട്.
സൈനിക നേതൃത്വവുമായി നേരിട്ടുള്ള ഏറ്റുമുട്ടല്‍ ഒഴിവാക്കുന്നതോടൊപ്പം തന്നെ, പൊതുജീവിതത്തില്‍ സൈന്യം നടത്തുന്ന അമിതാധികാര പ്രയോഗങ്ങള്‍ തടയുന്നതിനും തന്ത്രപരമായ ചില നീക്കങ്ങള്‍ ഉര്‍ദുഗാന്റെ ഭാഗത്തു നിന്നുണ്ടായി. 2003 തുടക്കത്തില്‍ യൂറോപ്യന്‍ യൂനിയന്‍ പ്രവേശത്തിനുള്ള മാനദണ്ഡങ്ങള്‍ പാലിക്കുന്നതിന്റെ ഭാഗമായി ഏഴു നിയമങ്ങള്‍ കൊണ്ടുവന്നു. ദേശീയ സുരക്ഷാ സമിതിയിലും അതിന്റെ ജനറല്‍ സെക്രട്ടേറിയറ്റിലും പട്ടാളത്തിന്റെ ആധിപത്യമായിരുന്നു. ജനപ്രതിനിധികള്‍ക്ക് കാര്യമായ സ്ഥാനമൊന്നുമുണ്ടായിരുന്നില്ല. ഇതില്‍ മാറ്റം വരുത്തണമെന്ന് യൂറോപ്യന്‍ യൂനിയന്‍ ആവശ്യപ്പെട്ടുകൊണ്ടിരുന്നതാണ്. ആ പിന്‍ബലത്തില്‍ നിയമം കൊണ്ടുവരികയും സുരക്ഷാ സമിതിയുടെ സെക്രട്ടറി ജനറല്‍ ജനപ്രതിനിധിയായിരിക്കണമെന്ന് വ്യവസ്ഥപ്പെടുത്തുകയും ചെയ്തു. സുരക്ഷാ സമിതിക്ക് ഏതു കാര്യത്തിലും ഇടപെടാമെന്ന വ്യവസ്ഥ ഭേദഗതി ചെയ്തു. സുരക്ഷാ പ്രശ്‌നം മാത്രമേ കൈകാര്യം ചെയ്യാവൂ എന്ന് വ്യവസ്ഥപ്പെടുത്തി. സൈനിക അട്ടിമറിക്കുള്ള സാധ്യത ഇല്ലാതാക്കുകയായിരുന്നു ലക്ഷ്യം. കേന്ദ്ര വിദ്യാഭ്യാസ സമിതിയിലും റേഡിയോ-ടെലിവിഷന്‍ ഉന്നത സമിതികളിലും സൈനിക ജനറല്‍ ഉണ്ടായിരിക്കണമെന്ന വ്യവസ്ഥയും എടുത്തുകളഞ്ഞു. അഴിമതി നടത്തിയ മുന്‍ ജനറല്‍മാരെ വിചാരണ ചെയ്യാനും സിവിലിയന്മാരെ സൈനിക വിചാരണ ചെയ്യുന്നത് നിര്‍ത്തലാക്കാനും നിയമം കൊണ്ടുവന്നു.
3. വിദേശ രാഷ്ട്രങ്ങളെ 'ആശ്വസിപ്പിക്കല്‍'
അക് പാര്‍ട്ടി അധികാരത്തില്‍ വന്നതുമുതല്‍ വിദേശ രാജ്യങ്ങള്‍, പ്രത്യേകിച്ച് യൂറോപ്യന്‍ യൂനിയന്‍ രാഷ്ട്രങ്ങള്‍ തുര്‍ക്കിയുമായി അകലം പാലിക്കുന്നുണ്ടെന്ന് തോന്നിയപ്പോള്‍, സംശയങ്ങള്‍ അകറ്റാനും 'സമാശ്വസിപ്പിക്കാ'നും പ്രധാനമന്ത്രി ഉര്‍ദുഗാന്‍ നിരവധി വിദേശ സന്ദര്‍ശനങ്ങള്‍ നടത്തി. അദ്ദേഹത്തിന്റെ ആദ്യയാത്ര യൂറോപ്യന്‍ യൂനിയന്‍ ആസ്ഥാനമായ ബ്രസല്‍സിലേക്കായിരുന്നു. യൂനിയന്‍ പ്രവേശത്തിന് ഉപാധിയായ മനുഷ്യാവകാശ സംരക്ഷണത്തിന് നിര്‍ണിത മാനദണ്ഡങ്ങള്‍ പാലിക്കാമെന്ന് അദ്ദേഹം ഉറപ്പുനല്‍കി. ഒട്ടും വൈകാതെ അദ്ദേഹം അമേരിക്കയിലും സന്ദര്‍ശനം നടത്തി. സമാന്തരമായി, വിദേശകാര്യമന്ത്രി അബ്ദുല്ല ഗുല്‍ ഇതേ നയതന്ത്ര ലക്ഷ്യങ്ങള്‍ സാധിക്കാനായി അറബ് നാടുകളിലും സന്ദര്‍ശനം നടത്തിക്കൊണ്ടിരുന്നു.
4. ഇസ്രയേലുമായുള്ള ബന്ധം
ഇസ്രയേലുമായി നിലനിര്‍ത്തുന്ന നയതന്ത്ര ബന്ധത്തിന്റെ പേരിലായിരിക്കും ഉര്‍ദുഗാന്‍ ഒരുപക്ഷേ ഏറ്റവുമധികം വിമര്‍ശിക്കപ്പെട്ടിരിക്കുക. പക്ഷേ, വിസ്മരിക്കപ്പെടുന്ന ചില യാഥാര്‍ഥ്യങ്ങളുണ്ട്. വളരെ മുമ്പ് തന്നെ തുര്‍ക്കിയുമായി നയതന്ത്രബന്ധമുണ്ട് ഇസ്രയേലിന്. ഇസ്രയേല്‍ നടത്തുന്ന അതിക്രമങ്ങള്‍ക്കെതിരെ മുന്‍കാലങ്ങളില്‍ തുര്‍ക്കി കാര്യമായി പ്രതികരിക്കാറുണ്ടായിരുന്നില്ല. ഇരു രാഷ്ട്രങ്ങളും തമ്മിലുള്ള നയതന്ത്രബന്ധങ്ങളെ അത് ബാധിച്ചിരുന്നുമില്ല. അക് പാര്‍ട്ടി അധികാരത്തിലേറിയപ്പോള്‍ പുതിയ സംഘര്‍ഷങ്ങള്‍ സൃഷ്ടിക്കാതിരിക്കുക എന്ന വിദേശനയത്തിന്റെ ഭാഗമായി നയതന്ത്രബന്ധങ്ങള്‍ തുടര്‍ന്നു. അതേസമയം മുന്‍നിലപാടില്‍നിന്ന് ഭിന്നമായി, സയണിസ്റ്റ് രാഷ്ട്രം നടത്തുന്ന അതിക്രമങ്ങളെ രൂക്ഷമായി വിമര്‍ശിച്ചു. അന്താരാഷ്ട്ര വേദികളില്‍ ആ രാഷ്ട്രത്തിനെതിരെ സമ്മര്‍ദം ചെലുത്തി. ഫലസ്ത്വീനികളെ എല്ലാ അര്‍ഥത്തിലും സഹായിച്ചു. 2006-ലെ തെരഞ്ഞെടുപ്പില്‍ ഹമാസ് ഗസ്സയില്‍ അധികാരത്തിലേറിയപ്പോള്‍ അതിനെ ആദ്യമായി അംഗീകരിച്ചതും അഭിനന്ദിച്ചതും തുര്‍ക്കിയാണ്. ഇത് അമേരിക്കയെയും ഇസ്രയേലിനെയും ചൊടിപ്പിക്കുകയുണ്ടായി. ഉര്‍ദുഗാന്‍ നല്‍കിയ പിന്തുണ അറബ് രാഷ്ട്രങ്ങളില്‍നിന്ന് തങ്ങള്‍ക്ക് ലഭിക്കുന്നില്ലെന്ന് ഹമാസിന്റെ സമുന്നത നേതാവ് ഖാലിദ് മിശ്അല്‍ പറയാറുണ്ടായിരുന്നു.
(തുടരും)
Comments