Prabodhanm Weekly

Pages

Search

2017 ജനുവരി 13

2984

1438 റബീഉല്‍ ആഖിര്‍ 14

ഇസ്‌ലാംഭീതിയുടെ ഭൂഖണ്ഡാന്തര സഞ്ചാരങ്ങള്‍

സമദ് കുന്നക്കാവ്

1348-ല്‍ ഇറ്റലിയുടെ തെക്കുഭാഗത്ത് സിസിലിയില്‍ യൂറോപ്പിനെയാകെ ബാധിച്ച ഒരു മഹാമാരി പൊട്ടിപ്പുറപ്പെട്ടു. കാട്ടുതീപോലെ യൂറോപ്പിലാകെ പടര്‍ന്നുകയറി, മരണവും അരക്ഷിതാവസ്ഥയും സൃഷ്ടിച്ച പ്ലേഗ് രോഗമായിരുന്നു ആ വിപത്ത്. പ്ലേഗ് ബാധിതരുടെ ശരീരം കറുപ്പ് നിറമായതിനാല്‍ 'ബ്ലാക്ക് ഡെത്ത്' എന്നാണ് അത് അറിയപ്പെട്ടത്. യൂറോപ്പിനെ ആസകലം ഗ്രസിച്ച ഈ രോഗം അവിടത്തെ ജനസംഖ്യയുടെ അറുപത് ശതമാനംവരെ കവര്‍ന്നെടുത്തതായി ചരിത്രം പറയുന്നു. ഈ പ്ലേഗ് ബാധയുടെ ഉറവിടം ജൂതന്മാരില്‍ നിന്നാണെന്നാണ് യൂറോപ്പില്‍ പ്രചരിക്കപ്പെട്ടത്. ജൂതന്മാര്‍ യൂറോപ്പിലെ കിണറുകളില്‍ വിഷം കലര്‍ത്തുകയും ശേഷം ഇത്തരം പൊതുകിണറുകളില്‍നിന്ന് വെള്ളമെടുക്കാതെ വിട്ടുനില്‍ക്കുകയും ചെയ്തു എന്ന കിംവദന്തി വലിയ തോതില്‍ പ്രചരിപ്പിക്കപ്പെട്ടു. വംശീയ വിദേഷത്തില്‍ ഊട്ടപ്പെട്ട ഈ കള്ളക്കഥ പ്ലേഗ് ബാധയോടൊപ്പം യൂറോപ്പിലാകെ പടര്‍ന്നു. തല്‍ഫലമായി ജൂതസമൂഹം വ്യാപകമായ ആക്രമണങ്ങള്‍ക്കും കൂട്ടക്കൊലകള്‍ക്കും വിധേയമായി. 1894-ലാണ് 'ബൂബോണിക് പ്ലേഗ്'എന്ന ഈ രോഗത്തിന്റെ യഥാര്‍ഥ കാരണം കണ്ടെത്താനായത്. എലികളുടെ രോമത്തിനിടയില്‍ കഴിഞ്ഞുകൂടുന്ന ഒരുതരം ചെള്ളുമുഖേനയാണ് രോഗം പരക്കുന്നതെന്നായിരുന്നു കണ്ടുപിടിത്തം.

ഒരു സമൂഹത്തെ ഉന്മൂലനം ചെയ്യാന്‍ വംശീയമായ വിദ്വേഷപ്രചാരണങ്ങളെ എങ്ങനെ ഉപയോഗപ്പെടുത്താമെന്നതിന്റെ ഏറെയൊന്നും മുമ്പല്ലാത്ത ചരിത്രസാക്ഷ്യമാണിത്. ഈ സംഭവമാണ് ചരിത്രത്തില്‍ 'ആന്റിസെമിറ്റിസം' എന്ന പേരിലറിയപ്പെടുന്നത്. യൂറോപ്പ് പിന്നീട് ഇതൊരു മഹാ അബദ്ധമായിരുന്നുവെന്ന് തിരിച്ചറിയുകയും ആന്റിസെമിറ്റിസത്തെ കുറ്റകൃത്യമായി പ്രഖ്യാപിച്ചുകൊണ്ട് നിയമനിര്‍മാണം നടത്തുകയും ചെയ്തു. ഇന്ന് യൂറോപ്പില്‍ ആന്റിസെമിറ്റിസം ഒരു ക്രിമിനല്‍ കുറ്റമാണ്. ചരിത്രം മധ്യകാല യുഗത്തില്‍നിന്നും പുതിയ കാലത്തെത്തി നില്‍ക്കുമ്പോള്‍ ഇതില്‍ വലിയ മാറ്റമൊന്നും സംഭവിച്ചിട്ടില്ല. കഥയും തിരക്കഥയും പഴയതുതന്നെ. പേരും കഥാപാത്രങ്ങളും മാത്രം മാറിയിരിക്കുന്നു. ആന്റിസെമിറ്റിസത്തിനു പകരം ഇസ്‌ലാമോഫോബിയ, ജൂതര്‍ക്ക് പകരം മുസ്‌ലിംകള്‍.

 

ഇസ്‌ലാംഭീതിക്ക് ഒരാമുഖം

ഒരു സമൂഹം മറ്റൊരു സമൂഹത്തിനുമേല്‍ അധീശത്വവും ആധിപത്യവും പുലര്‍ത്തുന്നത് ഉല്‍പാദന ബന്ധങ്ങള്‍ കൈയടക്കിവെച്ചുകൊണ്ട് മാത്രമല്ല എന്നത് ലളിതമായൊരു പാഠമാണ്. മറിച്ച്, ഉല്‍പാദന ബന്ധങ്ങളെയും സാമ്പത്തിക രൂപങ്ങളെയും നിയന്ത്രിക്കാന്‍ കഴിയുന്ന സാംസ്‌കാരിക രംഗങ്ങള്‍കൂടി വരേണ്യവര്‍ഗം ബോധപൂര്‍വം സൃഷ്ടിക്കുന്നു. ഇതിലൂടെ സമകാലിക ലോകത്തിന്റെ സാംസ്‌കാരിക ബോധങ്ങളിലും അവരുടെതന്നെ പ്രതിനിധാനരംഗങ്ങളിലും അധീശ താല്‍പര്യങ്ങളും വ്യാകുലതകളും പ്രത്യക്ഷപ്പെടുന്നു. സാംസ്‌കാരിക നിയന്താക്കളുടെ മൂല്യച്യുതികള്‍ മൂല്യങ്ങളായി വാഴ്ത്തപ്പെടുകയും പുതിയ രസവാസനക്ക് വിത്തുപാകുകയും ചെയ്യുന്നു. പൊതുബോധത്തില്‍ ഇത്തരം രസവാസനകള്‍ അടിച്ചേല്‍പ്പിക്കുന്നതിന് അധീശസമൂഹം വ്യാപകമായ സംവേദനതന്ത്രങ്ങള്‍ ഇന്ന് സ്വീകരിക്കുന്നു. സാംസ്‌കാരിക വൈവിധ്യങ്ങളുടേതായ നിറക്കൂട്ടുകളും രുചിഭേദങ്ങളും സാംസ്‌കാരിക ദേശീയതയുടെ അത്യന്തം സങ്കുചിതമായ ഏകതയിലേക്ക് ചുരുക്കപ്പെടുന്ന ഈ ഭീഷണകാലത്ത് നമ്മുടെ കാഴ്ചപ്പാടുകളും വായനകളുമെല്ലാം പുതിയൊരു സാംസ്‌കാരിക വിമര്‍ശനത്തിന്റെ സാധ്യതകള്‍ തേടേണ്ടതുണ്ട്.

മുഖ്യധാരയെന്ന ആശയം അടിപ്പടവായി സ്വീകരിച്ചുകൊണ്ടാണ് ദേശരാഷ്ട്രങ്ങള്‍ അതിന്റെ ഉദയവും വളര്‍ച്ചയും സാധ്യമാക്കുന്നത്. ഈ മുഖ്യധാരയുടെ നിര്‍മാണത്തിനും അതിന്റെ സ്ഥായീഭാവത്തിനും ചില കൈക്കൊള്ളലുകളും ചില കൈയൊഴിയലുകളും അനിവാര്യമാണ്. ദേശനിര്‍മിതിയുടെ പത്തൊമ്പതാം നൂറ്റാണ്ടില്‍ സാംസ്‌കാരിക മൂലധനമായി ഇന്ത്യ കൈക്കൊണ്ടത് വൈദിക ഭൂതകാലവും അപരമായി കൈയൊഴിഞ്ഞത് ഇസ്‌ലാമുമായിരുന്നു. അതിനാല്‍, ഇസ്‌ലാമിനെയും മുസ്‌ലിമിനെയും കുറിച്ചുള്ള മതഭ്രാന്തന്‍, തീവ്രവാദി, ഭീകരവാദി തുടങ്ങിയ വാര്‍പ്പുവിശേഷണങ്ങളും അത്തരം പദാവലികളെ ഉല്‍പാദിപ്പിക്കുന്ന സാംസ്‌കാരിക മണ്ഡലവും കേവലം നിരപേക്ഷ ഇടങ്ങളല്ല. മറിച്ച്, വിശുദ്ധീകരിച്ചെടുക്കപ്പെട്ട ദേശീയതയോടും ദേശീയവാദ ചരിത്രത്തോടും അതിന്റെ നിര്‍മാണ സാമഗ്രികളിലൊന്നായ കൊളോണിയല്‍ ആധുനികതയോടും അതിന് നാഭീനാള ബന്ധമുണ്ട്. കൊട്ടിയാഘോഷിക്കപ്പെട്ട യൂറോപ്യന്‍ നവോത്ഥാനം പ്രതിസ്ഥാനത്തു നിര്‍ത്തിയ ഇസ്‌ലാംഭ്രാന്ത് 9/11-നു ശേഷം ഇസ്‌ലാമോഫോബിയ എന്ന വാഴ്ത്തുപാട്ടിലേക്ക് തിടംവെച്ചുയര്‍ന്നതെങ്ങനെ? ആധുനികതയുടെ ഇന്ത്യന്‍ സാഹചര്യങ്ങളിലേക്ക് മെരുങ്ങിക്കിട്ടാത്ത ഇസ്‌ലാമിന്റെ മേല്‍ ചാര്‍ത്തപ്പെട്ട മതഭ്രാന്ത്/ ഭ്രാന്തന്‍ വിശേഷണങ്ങള്‍ ഭീകരവാദി, തീവ്രവാദി തുടങ്ങിയ ആധുനികോത്തര വിശേഷണങ്ങളിലേക്ക് വഴിമാറി സഞ്ചരിച്ചതെങ്ങിനെ? ഈ ചോദ്യങ്ങള്‍ക്ക് പുതിയകാല പഠനങ്ങള്‍ ഉത്തരം നല്‍കുന്നു.

 

അപരനായ മുസ്‌ലിമിന്റെ പിറവി

ലോകത്ത് അരങ്ങേറിയ മുഴുവന്‍ ബലപ്രയോഗങ്ങളെയും ചരിത്രപുരോഗതിയുടെ അനിവാര്യതയായാണ് ആധുനിക സ്‌റ്റേറ്റ് വീക്ഷിക്കുന്നത്. അതിനാല്‍, ഫ്രഞ്ച് വിപ്ലവത്തിന്റെ കാലംതൊട്ട് അക്രമം യൂറോപ്പിന്റെ കൂടപ്പിറപ്പായാണ് വിലയിരുത്തപ്പെടുന്നത്. രാഷ്ട്രീയാധുനികതയുടെ നടുത്തളത്തിലേക്ക് ഇറങ്ങിച്ചെല്ലാനിരുന്ന യൂറോപ്പ് ദേശത്തെ നോക്കിക്കണ്ടത് സംസ്‌കാരത്തിന്റെയും വംശത്തിന്റെയും കണ്ണടകളിലൂടെയായിരുന്നു. ഫെര്‍ഡിനന്റിന്റെയും ഇസബെല്ലയുടെയും ഉരുക്കുമുഷ്ടിയില്‍ അമര്‍ന്ന സ്‌പെയിനില്‍ ദേശരാഷ്ട്രം എന്നത് സര്‍വ പ്രധാനമായും ക്രൈസ്തവമായിരുന്നു. 1492-ല്‍ ഏകീകൃത സ്പാനിഷ് സ്റ്റേറ്റായി ഉദയം ചെയ്തപ്പോള്‍ അത് തദ്ദേശികളായ ജൂതന്മാര്‍ക്കും മുസ്‌ലിംകള്‍ക്കും മുമ്പില്‍ വെച്ചത് കര്‍ക്കശമായ ബദലുകളായിരുന്നു. ഒന്നുകില്‍ ക്രിസ്ത്യാനികളാവുക, അല്ലെങ്കില്‍ നാടുവിടുക. ഇതിനെ തുടര്‍ന്ന് 70000 ജൂതന്മാര്‍ ക്രിസ്തുമതം സ്വീകരിച്ചു സ്‌പെയിനില്‍ തന്നെ തങ്ങിയെന്നു ചരിത്രം. പുറമെ, 50000-ത്തോളം ജൂതന്മാര്‍ മുസ്‌ലിംകളോടൊപ്പം ഒട്ടോമന്‍(ഉസ്മാനിയ)പ്രവിശ്യകളായ ഉത്തരാഫ്രിക്കയിലേക്കും ബാള്‍ക്കനിലേക്കും പലായനം ചെയ്തു. അവിടങ്ങളിലാകട്ടെ അവര്‍ ഊഷ്മളമായി സ്വീകരിക്കപ്പെട്ടു. യൂറോപ്പിന്റെ ഒരു ഭാഗത്തുനിന്നല്ലെങ്കില്‍ മറുഭാഗത്തുനിന്ന് ജൂതന്മാരും മുസ്‌ലിംകളും പുറംതള്ളപ്പെട്ടുകൊണ്ടിരുന്ന ഈ ആധുനിക കാലത്തിന്റെ ചരിത്രം വംശീയ ചരിത്രത്തിന്റെ പര്യായമായും പരിഗണിക്കാവുന്നതാണ്.

19-ാം നൂറ്റാണ്ടിലെ യൂറോപ്യന്‍ ചിന്തയിലെ പ്രകൃതി ശാസ്ത്രങ്ങള്‍ മുതല്‍ ദര്‍ശനം, നരവംശപഠനം തുടങ്ങിയ വിഷയങ്ങളിലെല്ലാം വംശീയത കൂട്ടുചേര്‍ന്നു. 'അധമ വംശങ്ങളെ ഭൂതലത്തില്‍നിന്ന് ഒഴിവാക്കുകവഴി സാമ്രാജ്യവാദം നാഗരികതക്ക് ഒരു സേവനമാണ് ചെയ്തിട്ടുള്ളത്' എന്ന ആശയം പത്തൊമ്പതാം നൂറ്റാണ്ടിലെ യൂറോപ്യന്‍ ചിന്തയില്‍ വലിയ തോതില്‍ സ്ഥാനം പിടിച്ചു. 'ജീവിക്കുന്നവരും മരിച്ചുകൊണ്ടിരിക്കുന്നവരുമായി ലോക രാജ്യങ്ങളെ ഏതാണ്ട് രണ്ട് വിഭാഗങ്ങളായി വിഭജിക്കാവുന്നതാണ്' എന്നാണ് 1898 മെയ് നാലിന് ലണ്ടനിലെ ആല്‍ബര്‍ട്ട് ഹാളില്‍ നടത്തിയ തന്റെ പ്രസിദ്ധമായ പ്രസംഗത്തില്‍ അന്നത്തെ ബ്രിട്ടീഷ് പ്രധാനമന്ത്രിയായിരുന്ന സാലിസ്ബറി പ്രഭു അവകാശപ്പെട്ടത്. ഈ വസ്തുതകളെ മുന്‍നിര്‍ത്തി മഹ്മൂദ് മംദാനി പറയുന്നത് അന്ന് ഹിറ്റ്‌ലര്‍ക്ക് കേവലം ഒമ്പതുവയസ്സേ പ്രായമുണ്ടായിരുന്നുള്ളൂവെന്നതാണ് (നല്ല മുസ്‌ലിം, ചീത്ത മുസ്‌ലിം- മഹ്മൂദ് മംദാനി).

20-ാം നൂറ്റാണ്ടോടുകൂടി ചിന്തകളുടെ വികാസമെന്നോണം പരിഷ്‌കൃത യുദ്ധങ്ങളും കൊളോണിയല്‍ യുദ്ധങ്ങളും തമ്മില്‍ വേര്‍തിരിക്കുകയെന്ന വിവേചനബോധ്യത്തിലേക്ക് യൂറോപ്പ് എത്തിപ്പെട്ടു. പാശ്ചാത്യ രാജ്യങ്ങള്‍ തമ്മിലാവുമ്പോള്‍ യുദ്ധനിയമങ്ങള്‍ ബാധകമാവുകയും കൊളോണിയല്‍ യുദ്ധങ്ങളില്‍ ആ നിയമങ്ങള്‍ പാലിക്കപ്പെടാതിരിക്കുകയും ചെയ്യുന്ന വൈരുധ്യം സൃഷ്ടിക്കപ്പെട്ടു. കീഴ്‌വംശങ്ങളുടെ ഉന്മൂലനം ജീവശാസ്ത്രപരമായ ഒരനിവാര്യതയായി ചിത്രീകരിക്കപ്പെട്ടു. ബോംബിട്ട് നശിപ്പിക്കല്‍ ഒരു യുദ്ധമുറയായി കരുതപ്പെട്ടത് അപരിഷ്‌കൃതരായ ശത്രുക്കള്‍ക്കെതിരെ മാത്രമായിരുന്നുവെന്നതാണ് 'ബോംബിടലിന്റെ ചരിത്രം' എന്ന ഗ്രന്ഥത്തില്‍ സ്വെന്‍ലിന്‍ഡ് ക്വിസ്റ്റ് പറയുന്നത്. 1920-ല്‍ ബ്രിട്ടീഷ് റോയല്‍ എയര്‍ ഫോഴ്‌സ് ആകാശത്തുനിന്നുള്ള ആദ്യത്തെ ബോംബിംഗ് പരമ്പരക്ക് തുടക്കമിട്ടത് സോമാലിയക്കാര്‍ക്കെതിരായിരുന്നു എന്നത് കേവല ചരിത്രസന്ദര്‍ഭം എന്നതിനപ്പുറത്ത് സാംസ്‌കാരിക ഗൂഢലക്ഷ്യങ്ങളുമുള്ളതായിരുന്നു.

 

ജ്ഞാനോദയ കാലത്തെ മുസ്‌ലിം അപരസ്ഥലികള്‍

പാശ്ചാത്യ ചിന്തയും അതിന്റെ ആശയാവലികളും ചരിത്രബോധവുമൊക്കെ ബോധപൂര്‍വം ഇസ്‌ലാമിനെ പ്രതിസ്ഥാനത്ത് നിര്‍ത്തിയിരുന്നു. നവോത്ഥാനമെന്ന പരികല്‍പ്പന തന്നെ ഇസ്‌ലാമിനെ പാര്‍ശ്വവല്‍ക്കരിച്ചുള്ള ഉയിര്‍ത്തെഴുന്നേല്‍പ്പിന്റെ ചരിത്രമാണ്. ഇരുണ്ട യുഗം എന്ന് മുദ്രിതമാക്കപ്പെട്ട അറബ് കാലത്ത് യൂറോപ്പിനെ അപേക്ഷിച്ച് ബഗ്ദാദിലും ഈജിപ്തിലുമൊക്കെ വെളിച്ചത്തിന്റെ നിറവായിരുന്നു. ഇന്ത്യന്‍ വിജ്ഞാനവും ചൈനീസ് വിജ്ഞാനവും പേര്‍ഷ്യന്‍ വിജ്ഞാനവും പല ധാരകളിലൂടെ കടന്നുവരികയും കൂടിക്കലരുകയും വികസിക്കുകയും ചെയ്യുന്ന കാലം. ഇസ്‌ലാമിക ലോകത്തെ ശാസ്ത്രമുന്നേറ്റങ്ങള്‍ പടിഞ്ഞാറിനെയും ആധുനിക ശാസ്ത്രത്തെയും ആധുനിക തത്ത്വശാസ്ത്രത്തെയും സ്വാധീനിച്ചതിന്റെ തെളിവുകള്‍ ഇന്ന് വേണ്ടത്ര ലഭ്യമാണ്. യൂറോപ്പ് മുഴുവന്‍ വിജ്ഞാനവിരോധത്തിലും ഫ്യൂഡല്‍ മൂഢവിശ്വാസങ്ങളിലും ആണ്ടുകിടന്ന മധ്യയുഗമെന്ന് പറയുന്ന ഘട്ടത്തില്‍ ബഗ്ദാദിലെ വിദ്യാലയങ്ങള്‍ ബൗദ്ധിക-ശാസ്ത്രീയ സൃഷ്ടിപരതയുടെ ആഗോള കേന്ദ്രമായിരുന്നു.

ആധുനിക ചരിത്രത്തിന്റെ പിതൃസ്ഥാനത്ത് അവരോധിക്കപ്പെട്ട ഡാങ്കേയിനും ഹെഗലിനും 300-400 വര്‍ഷങ്ങള്‍ക്ക് മുമ്പാണ് ഇബ്‌നു ഖല്‍ദൂന്‍ 'മുഖദ്ദിമ' എഴുതിയത്. രക്തചംക്രമണ സിദ്ധാന്തത്തിന്റെ ഉപജ്ഞാതാവായി വിളിക്കപ്പെടുന്ന വില്യം ഹാര്‍വിക്ക് 300 വര്‍ഷം മുമ്പ് അല്‍നഫീസിന് അത് കണ്ടുപിടിക്കാന്‍ കഴിഞ്ഞു. സര്‍ജറിയുടെ പിതാവായി അബുല്‍ ഖാസിമും അലോപ്പതിയുെട പിതാവായി അവിസെന്നയും(ഇബ്‌നുസീന) കെമിസ്ട്രിയുടെ പിതാവായി ജാബിറുബ്‌നു ഹയാനും കേന്ദ്രസ്ഥാനം കൈയാളുന്നത് ഇക്കാലയളവിലാണ്. അറബ് വിജ്ഞാനത്തിന്റ ഇത്തരം മാതൃകകള്‍ പരിഷ്‌കരിക്കപ്പെട്ടും കൈമാറിയുമാണ് അവസാനം അത് ഗ്രീസില്‍ നാമ്പെടുക്കുന്നത്. എന്നാല്‍, അറിവിന്റെ കുത്തകാവകാശം താന്താങ്ങളില്‍ നിക്ഷിപ്തമാക്കിക്കൊണ്ടും മറ്റുള്ളവരെല്ലാം അസ്വാതന്ത്ര്യത്തിലും മതാന്ധതയിലും ഇരുട്ടിലും മുഴുകിക്കിടക്കുന്നവരാക്കിയുമാണ് നവോത്ഥാന വിളംബരം അരങ്ങുവാണത്. വിജ്ഞാനത്തിന്റെ പാരമ്പര്യത്തില്‍നിന്ന് അറേബ്യയെ അറുത്തുമാറ്റി അതിനെ യൂറോകേന്ദ്രിതമാക്കാനും അങ്ങനെ സ്വന്തം പാരമ്പര്യത്തെയും ജ്ഞാനത്തെയും ഉറപ്പിച്ചെടുക്കാനും കൊളോണിയലിസം കണ്ടുപിടിച്ച മാര്‍ഗമായിരുന്നു ജ്ഞാനോദയമെന്ന സംജ്ഞ. ഇസ്‌ലാമിനെയും ഇസ്‌ലാമിക സംസ്‌കാരത്തെയും എത്രമാത്രം അധമവല്‍ക്കരിക്കാന്‍ യൂറോപ്പിന് സാധിക്കുന്നുവോ അതിനനുസൃതമായിക്കൊണ്ടായിരുന്നു നവോത്ഥാന പാഠങ്ങളുടെ നിലനില്‍പ്പ് സാധ്യമായത്. ആധുനികതയുടെ പാശ്ചാത്യ പരിസരത്തില്‍നിന്ന് തുടങ്ങി കൊളോണിയല്‍ ആധുനികതയുടെ ഇന്ത്യന്‍ രംഗപ്രവേശത്തില്‍വരെ എത്തിനില്‍ക്കുന്ന ചരിത്രപാഠങ്ങളില്‍ ഇസ്‌ലാം അപരമതമായി നിലകൊള്ളുന്നതിന്റെ കാരണം യൂറോപ്പിന്റെ നവോത്ഥാന പാഠങ്ങള്‍ തന്നെയാണ്.

ശീതയുദ്ധത്തിനും സോവിയറ്റ് യൂനിയന്റെ പതനത്തിനും സെപ്റ്റംബര്‍ 11-നും മുമ്പുതന്നെ നാഗരികതയുടെ യൂറോ-അമേരിക്കന്‍ രീതികളോട് പൊരുത്തപ്പെടാത്ത ഇസ്‌ലാമിനെ സാമ്രാജ്യത്വം എതിര്‍സ്ഥാനത്ത് നിര്‍ത്തിയിരുന്നു. ആക്രമണോത്സുകത, അമിത ഭോഗാസക്തി, ആധുനികതയോടുള്ള വിമുഖത എന്നിവയായിരുന്നു അക്കാലത്തെ മുസ്‌ലിം മുഖമുദ്രകള്‍. ഇസ്‌ലാംവിരോധത്തിന്റെ ഈ ആഗോളതല ആവിഷ്‌കാരങ്ങളിലൂടെ അക്രമകാരികളും കാമവെറിയന്‍മാരും അസംസ്‌കൃതരും വന്യപ്രകൃതമുള്ളവരുമായി മുസ്‌ലിംകള്‍ രൂപപ്പെട്ടുവന്നു. വെട്ടിപ്പിടിക്കലുകളുടെ ഭൂഖണ്ഡാന്തര സമുദ്രസഞ്ചാരം ശീലമാക്കിയ കൊളോണിയലിസത്തിനും അതിന്റെ സാധൂകരണയുക്തിയായി കണ്ടുപിടിച്ച നവോത്ഥാനമെന്ന പരികല്‍പ്പനക്കും നിലനില്‍ക്കണമെങ്കില്‍ ഇസ്‌ലാമിക സംസ്‌കാരത്തെയും അതിന്റെ വംശമുദ്രകളെയും തേജോവധം ചെയ്യല്‍ അനിവാര്യമായിരുന്നു. സാംസ്‌കാരിക അപരത്വങ്ങളെ പൊതുജീവിതത്തില്‍നിന്ന് നിഷ്‌കാസനം ചെയ്യാന്‍ സാംസ്‌കാരിക മണ്ഡലത്തെ പിടിച്ചെടുക്കുക എന്ന തന്ത്രമാണ് കൊളോണിയലിസം നടപ്പാക്കിയത്. ഇതുവഴി ഇസ്‌ലാമിന്റെ സവിശേഷമായ അടയാളങ്ങളെയും അനുഷ്ഠാനങ്ങളെയും ഇകഴ്ത്തിക്കാട്ടുന്ന ആവിഷ്‌കാരങ്ങള്‍ സാ്രമാജ്യത്വം ആസൂത്രണം ചെയ്തു. അപരിഷ്‌കൃതനും യുക്തിഹീനനും വൈകാരികനും അക്രമോത്സുകനുമായ മുസ്‌ലിം ഇതിലൂടെ പൊതുമണ്ഡലത്തില്‍ വേരുറപ്പിക്കപ്പെട്ടു.

വേള്‍ഡ് ട്രേഡ് സെന്ററിന്റെ തകര്‍ച്ചക്കു ശേഷം ഈ മുസ്‌ലിം അപരത്വ കാഴ്ചപ്പാടിന് മുമ്പെങ്ങുമില്ലാത്ത പ്രചാരം കൈവന്നിരിക്കുന്നു. മുമ്പ്, മുസ്‌ലിം വിരുദ്ധതയുടെ വാര്‍പ്പുമാതൃകകള്‍ നിലനില്‍ക്കുമ്പോള്‍ തന്നെ സമാന്തരമായി കമ്യൂണിസമെന്ന ശത്രുവും സാമ്രാജ്യത്വത്തിന്റെ മുമ്പിലുണ്ടായിരുന്നു. എന്നാല്‍, ഗോര്‍ബച്ചേവിനും ബര്‍ലിന്‍ മതിലിന്റെ തകര്‍ച്ചക്കും ശേഷം കമ്യൂണിസമെന്ന സങ്കല്‍പം അണിയറയിലേക്ക് മാറ്റപ്പെട്ടു. 1990-കളിലെ സോഷ്യലിസ്റ്റ് ചേരിയുടെ അമരക്കാരനായിരുന്ന സോവിയറ്റ് റഷ്യയുടെ തകര്‍ച്ച സാമ്രാജ്യത്വത്തിന്റെ ആധിപത്യശ്രമങ്ങളെ ചടുലമാക്കി. ലോകം അമേരിക്ക നേതൃത്വം നല്‍കിയ ഏകധ്രുവലോക ക്രമത്തിലേക്ക് മാറ്റിപ്പണിയപ്പെട്ടു. ഇന്ത്യയാകട്ടെ എക്കാലവും കാത്തുസൂക്ഷിച്ച ചേരിചേരാനയം ഉപേക്ഷിക്കുകയും അമേരിക്കന്‍ ചേരിയില്‍ അണിനിരക്കുകയും ചെയ്തു. ഇസ്രയേലുമായി ഇന്ത്യ നിലനിര്‍ത്തിയിരുന്ന ആദര്‍ശാധിഷ്ഠിതമായ അകലം അതോടുകൂടി അവസാനിച്ചു. ഇസ്രയേലുമായി പുതിയ നയതന്ത്രബന്ധങ്ങള്‍ക്ക് തുടക്കമിട്ടതോടുകൂടി ഇന്ത്യയിലും ഇസ്‌ലാമോഫോബിയയുടെ പുതിയ പ്രചാരണ തന്ത്രങ്ങള്‍ ഇറക്കുമതി ചെയ്യപ്പെട്ടു. ഇപ്പോള്‍ ഏവരുടെയും ഉന്നം ഇസ്‌ലാമിക തീവ്രവാദമായി വികസിച്ചുവന്നിരിക്കുന്നു. ഈ ആഗോള അപരത്വത്തെ ഭാവനചെയ്തും വിസ്തരിച്ചും കൊണ്ടാണ് ഇന്ന് യൂറോ-അമേരിക്കന്‍ സാമ്രാജ്യത്വം സ്വയം നിര്‍വചിക്കുന്നത്. അതാകട്ടെ ഒരാഗോള ഭാവനയായി ഓരോ രാജ്യത്തിന്റെയും പ്രാദേശിക ബോധങ്ങളിലേക്കുവരെ പടര്‍ന്നുകൊണ്ടിരിക്കുന്നു. മുസ്‌ലിംകളെക്കുറിച്ച് ഇന്ത്യയില്‍ നിലനില്‍ക്കുന്ന മതഭ്രാന്തന്‍, തീവ്രവാദി, ഭീകരവാദി മുതലായ പദാവലികള്‍ ഇത്തരമൊരു സാഹചര്യവുമായി ചേര്‍ത്താണ് വായിക്കപ്പെടേണ്ടത്. 

 

ഇസ്‌ലാംഭീതിയുടെ ഇന്ത്യന്‍ പരിസരം

'ഇസ്‌ലാമോഫോബിയ' എന്ന പദം ഇന്ത്യക്ക് അത്രയൊന്നും പരിചയമുള്ള ഒന്നല്ല. എന്നാല്‍, ഓരോ മുസ്‌ലിമിനെ സംബന്ധിച്ചേടത്തോളവും അതൊരു അനുഭവ യാഥാര്‍ഥ്യമാണ്. പേര്, വേഷം, സംസ്‌കാരം എന്നിവയാല്‍ മുസ്‌ലിം സമൂഹം ഇന്ന് മുനകൂര്‍ത്ത നോട്ടങ്ങള്‍ക്ക് വിധേയമാക്കപ്പെടുന്നു. ദേശക്കൂറ് അവര്‍ നിരന്തരം ബോധ്യപ്പെടുത്തേണ്ടിവരുന്നു. തീവ്രവാദമെന്ന് കേള്‍ക്കുമ്പോഴേക്കും 'ഞാനല്ല' എന്ന നട്ടെല്ലുരുക്കത്തോടെ അവനവനിലേക്ക് അവര്‍ ചുരുണ്ടുകൂടുന്നു. ദേശത്തിനകത്ത് നടമാടുന്ന ഭരണകൂട ഭീകരതയും അതുതന്നെ പടച്ചുവിടുന്ന വിവേചന ഭീകരതയും കൂടുതല്‍ അന്യതാബോധത്തിലേക്ക് അവരെ എടുത്തെറിയുന്നു. ജനാധിപത്യരാഷ്ട്രമെന്ന് ഊറ്റംകൊള്ളുന്ന ഇന്ത്യയില്‍ മുസ്‌ലിംകളടക്കമുള്ള ന്യൂനപക്ഷങ്ങള്‍ അപ്രഖ്യാപിത അടിയന്തരാവസ്ഥ നേരിട്ടുകൊണ്ടിരിക്കുന്നു. ഫ്രാന്‍സ് കാഫ്കയുടെ 'പരിണാമം' എന്ന നോവലിലെ ഗ്രെഗര്‍ സാംസ എന്ന കേന്ദ്ര കഥാപാത്രത്തെ ഓര്‍മപ്പെടുത്തുംവിധം പരിണാമജീവിതം നയിക്കാന്‍ അവര്‍ വിധിക്കപ്പെട്ടിരിക്കുന്നു. 

കാഫ്കയുടെ 'പരിണാമം' ആരംഭിക്കുന്നതുതന്നെ വിസ്മയകരവും അതേസമയം ഭയപ്പെടുത്തുന്നതുമായ പരിണാമത്തില്‍നിന്നാണ്. ഗ്രഗര്‍ സാംസ ഒരു ദിവസം രാവിലെ ഉറക്കമുണര്‍ന്നപ്പോള്‍ താനൊരു ഭീകരജീവിയായി, ബീഭത്സ കീടമായി രൂപാന്തരപ്പെട്ടതായി കാണുന്നു. ഒരു ട്രാവലിംഗ് സെയില്‍സ്മാനായിരുന്ന ആ ചെറുപ്പക്കാരന്‍ ഇന്നലെവരെ നാടിന് സ്വീകാര്യനും കുടുംബത്തിനു പ്രിയങ്കരനുമായിരുന്നു. എന്നാല്‍, രൂപപരിണാമത്തിന് ശേഷം അവന്‍ ഏവര്‍ക്കും വെറുക്കപ്പെട്ടവനായി. വീടിന്റെ നാലു ചുമരുകള്‍ക്കിടയിലേക്ക് ഉള്‍വലിഞ്ഞവനായി. അവസാനം പട്ടിണി കിടന്ന്, പീഡനങ്ങളേറ്റ് മാനസിക വേദനകളോടുകൂടി ആ ഭീകരജീവി ചത്തുപോകുന്നു. ഗ്രഗര്‍ സാംസക്ക് സംഭവിച്ച ഈ രൂപപരിണാമമാണ് ഇന്ത്യയില്‍ മുസ്‌ലിം ന്യൂനപക്ഷങ്ങളും ഇന്ന് അനുഭവിക്കുന്നത്. മുസ്‌ലിം ന്യൂനപക്ഷങ്ങളുടെ ജീവിച്ചിരിക്കാനുള്ള അവകാശം ഭരണകൂടത്തിന്റെ ഒൗദാര്യമാകുന്ന സ്ഥിതിവിശേഷമാണിപ്പോള്‍ സംജാതമായിരിക്കുന്നത്. അഥവാ, മുസ്‌ലിംകള്‍ സ്റ്റേറ്റിന്റെ കൃപാവായ്പില്‍ മാത്രം കഴിഞ്ഞുകൂടേണ്ടിവരുന്ന ഒരവസ്ഥ. പുരാതന റോമിലെ 'ഹോമോസാസര്‍' എന്ന ദയനീയ രൂപത്തിന്റെ ആധുനിക രൂപമായി നമുക്കിതിനെ വായിക്കാവുന്നതാണ്. മതപരമായ അനുഷ്ഠാനങ്ങളുടെ ഭാഗമായി ബലികഴിക്കപ്പെടാന്‍ അര്‍ഹരായിരുന്ന, ആര്‍ക്കുവേണമെങ്കിലും കൊല്ലാന്‍ കഴിയുന്ന റോമിലെ ഹതഭാഗ്യരായിരുന്നു 'ഹോമോസാസര്‍' എന്നറിയപ്പെട്ടിരുന്നത്. മുസ്‌ലിം, ദലിത്, ആദിവാസി മുതലായ പുതിയ കാലത്തെ ഹോമോസാസര്‍മാര്‍ അവകാശങ്ങള്‍ അവകാശപ്പെടാനുള്ള അവകാശം പോലുമില്ലാത്തവരായി ഇന്ന് വേട്ടയാടപ്പെട്ടുകൊണ്ടിരിക്കുന്നു. മുസ്‌ലിം സമം തീവ്രവാദി എന്ന സമവാക്യം നമ്മുടെ പൊതുബാധത്തിന് വളരെ വേഗം സ്വീകാര്യമായിത്തീരുന്നു. തീവ്രവാദ മുദ്രകുത്തി എളുപ്പത്തില്‍ ജയിലിലടക്കാനും സാധിക്കുന്നു!നാഷ്‌നല്‍ ക്രൈം റെക്കോര്‍ഡ്‌സ് ബ്യൂറോയുടെ കണക്കുപ്രകാരം രാജ്യത്തെ മൊത്തം തടവുകാര്‍ 3,85,135 ആണ്. ഇതില്‍ വിചാരണത്തടവുകാരുടെ എണ്ണം ഏകദേശം 2,54,857 വരും. രാജ്യത്തെ മൊത്തം ജയിലുകളിലെ 62 ശതമാനം വരുന്ന ഈ വിചാരത്തടവുകാരില്‍ 21 ശതമാനവും മുസ്‌ലിംകളാണ്. രാജ്യത്തെ ആകെ ജനസംഖ്യയില്‍ 13 ശതമാനം മാത്രമാണ് മുസ്‌ലിംകള്‍. എന്നാല്‍, ജനസംഖ്യാനുപാതികമായി ജയിലിലുള്ള മുസ്‌ലിംകളുടെ എണ്ണം ഭൂരിപക്ഷ സമുദായത്തില്‍ പെട്ടവരുടെ ഇരട്ടിയോളമാണ്. വിചാരണാ നടപടികള്‍ അനിശ്ചിതമായി നീണ്ടുപോകുന്നു, പോലീസ് സമയബന്ധിതമായി കേസന്വേഷണം പൂര്‍ത്തിയാക്കുന്നില്ല, മതിയായ അഭിഭാഷകരില്ല, തടവുകാര്‍ക്ക് കേസ് നടത്താനുള്ള സാമ്പത്തിക ശേഷിയില്ല എന്നിവയെല്ലാമാണ് ഇതിന്റെ കാരണമായി പറയപ്പെടുന്നത്. എന്നാല്‍, ഇതിനെയെല്ലാം കവച്ചുവെക്കുംവിധമുള്ള ഉദ്യോഗസ്ഥ തലങ്ങളിലെ സവര്‍ണ ഫാഷിസ്റ്റ് മനോഭാവമാണ് യഥാര്‍ഥ പ്രശ്‌നം. പോലീസും അന്വേഷണ സംവിധാനങ്ങളും തങ്ങളോട് വിവേചനമനസ്സോടെ പെരുമാറുന്നുവെന്ന ന്യൂനപക്ഷ സംഘടനകളുടെ പ്രസ്താവനകളെ ശരിവെക്കുന്നതാണ് നാഷ്‌നല്‍ ക്രൈം റെക്കോര്‍ഡ്‌സ് ബ്യൂറോയുടെ കണക്ക്. രാജ്യത്ത് ഇവ്വിഷയകമായി അന്വേഷണം വേണമെന്ന ന്യൂനപക്ഷങ്ങളുടെ ആവശ്യം ഇന്നേവരെ ഒരു സര്‍ക്കാറും പരിഗണിച്ചിട്ടില്ല. ശിക്ഷാ കാലയളവിന്റെ പകുതിയെങ്കിലും അനുഭവിച്ചവരെ വിട്ടയക്കണമെന്നുള്ള സുപ്രീംകോടതിയുടെ പ്രസക്തമായ വിധി നിലനില്‍ക്കുമ്പോള്‍തന്നെ എതിര്‍ശബ്ദങ്ങളെ ഞെരിച്ചമര്‍ത്താനുള്ള മാര്‍ഗമായി വിചാരണത്തടവിനെ ഭരണകൂടം ഉപയോഗപ്പെടുത്തുന്നു.

 

ഏറ്റുമുട്ടല്‍ കൊലപാതകങ്ങളുടെ രാഷ്ട്രീയം

ഭരണകൂടം നോട്ടമിട്ട വിചാരണത്തടവുകാരില്‍ പലരും ഏറ്റുമുട്ടല്‍ കൊലപാതകങ്ങളിലൂടെ ഉന്മൂലനം ചെയ്യപ്പെടുന്നതിന്റെ ദൃശ്യങ്ങളും ഇന്ത്യയില്‍ വ്യാപകമാണ്. രാജ്യസുരക്ഷ, രാജ്യസ്‌നേഹം, വിദേശ ഇടപെടല്‍ തുടങ്ങിയ അതിവൈകാരിക പദങ്ങളിലൂടെയാണ് ഇത്തരം മനുഷ്യക്കുരുതികളെ ഭരണകൂടം ന്യായീകരിക്കുന്നത്. ഏറ്റവും വലിയ ബഹുസ്വര ജനാധിപത്യ രാഷ്ട്രമായ ഇന്ത്യയിലെ കശ്മീരിലും മഹാരാഷ്ട്രയിലും ആന്ധ്രയിലും ഗുജറാത്തിലും മധ്യപ്രദേശിലുമെല്ലാം ഏറ്റുമുട്ടല്‍ കൊലപാതകങ്ങള്‍ ഇന്ന് സാമൂഹിക ജീവിതത്തിന്റെ ഭാഗമായി കഴിഞ്ഞിരിക്കുന്നു.

ഭരണകൂടത്തിന് അനഭിമതരാകുന്നവര്‍ ഏറ്റുമുട്ടല്‍ കൊലപാതകങ്ങളിലൂടെ തുടച്ചുനീക്കപ്പെടുന്നതിന്റെ വിവരണമാണ് വിജയലക്ഷ്മിയുടെ 'ഊഴം' എന്ന കവിത. ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന നരേന്ദ്രമോദിയെ വധിക്കാന്‍ വന്നവര്‍ എന്ന് മുദ്രചാര്‍ത്തി കോളേജ് വിദ്യാര്‍ഥിനി ഇശ്‌റത്ത് ജഹാന്‍, മലയാളിയായ പ്രാണേഷ് കുമാര്‍ എന്ന ജാവേദ് ശൈഖ് എന്നിവരടങ്ങുന്ന നാലുപേരെ ഗുജറാത്ത് പോലീസ് കൊലപ്പെടുത്തിയ പശ്ചാത്തലത്തിലായിരുന്നു മലയാളത്തിന്റെ ക്രാന്തദര്‍ശിയായ എഴുത്തുകാരി 'ഊഴം' എഴുതിയത്. ഭരണകൂടം മുന്‍കൂട്ടി തയാറാക്കിയ ഏറ്റുമുട്ടല്‍ തിരക്കഥയുടെ ഭാഗമായിരുന്നു ആ കൊലപാതകങ്ങള്‍. അത്തരം ഹതഭാഗ്യരുടെ നിലവിളികള്‍ ഇന്ത്യയില്‍ ഇന്നും തുടരുന്നുണ്ടെന്നാണ് ഏറ്റവും പുതിയ ഭോപ്പാല്‍-നിലമ്പൂര്‍ വെടിമുഴക്കങ്ങള്‍ തെളിയിക്കുന്നത്.

തീവ്രവാദത്തെയും ഭീകരവാദത്തെയും കുറിച്ചുള്ള ഭരണകൂട ഭാഷ്യങ്ങളോട് മറുവാദങ്ങളുന്നയിക്കാന്‍ പാടില്ലാത്ത ഒരവസ്ഥ ഇന്ത്യയില്‍ നിലനില്‍ക്കുന്നുണ്ട്. അത്തരത്തിലുള്ള ഏതൊരു ശ്രമവും ദേശവിരുദ്ധമായി ചിത്രീകരിക്കാന്‍ ഇതിലൂടെ ഭരണകൂടത്തിന് സാധിക്കുന്നു. അതുകൊണ്ടുതന്നെ തീവ്രവാദത്തിലെ രക്തച്ചൊരിച്ചിലുകളെ വിമര്‍ശിക്കുന്ന പൊതുമണ്ഡലം രാഷ്ട്രസുരക്ഷയുടെ പേരുപറഞ്ഞ് നടത്തുന്ന കൂട്ടക്കൊലകളെ ന്യായീകരിക്കുകയും ചെയ്യുന്നു. ഭരണകൂടം സ്‌പോണ്‍സര്‍ ചെയ്യുന്ന രാജ്യസ്‌നേഹത്തില്‍ പെട്ടുപോകുമ്പോഴാണ് ഇത്തരം വൈരുധ്യങ്ങള്‍ സംഭവിക്കുന്നത്.

മുഖ്യമായും ഭരണകൂടവും ഭരണകൂടത്തിന്റെ ഭൗതിക സാമഗ്രികളും (പോലീസ്, പട്ടാളം, അന്വേഷണ ഏജന്‍സികള്‍) ദേശസ്‌നേഹത്തിന്റെ മകുടോദാഹരണങ്ങളാവുകയും തീവ്രവാദികളും ഭീകരവാദികളും ദേശവിരുദ്ധതയുടെ പ്രതീകങ്ങളാവുകയും ചെയ്യുന്ന അതീവലളിതമായ വര്‍ഗീകരണ യുക്തിയാണ് നമ്മുടെ പൊതുബോധത്തിനുള്ളത്. എന്നാല്‍, ഭരണകൂടം തന്നെ ഹിംസാത്മക പരിവേഷമണിയുകയും ഭരണകൂട സാമഗ്രികള്‍ കൂട്ടക്കൊലകളുടെ ഫാക്ടറിയാവുകയും ചെയ്യുന്ന സമകാലീന 'ജനാധിപത്യ' അന്തരീക്ഷത്തില്‍ മുന്‍വിധികളില്ലാതെ തീവ്രവാദമെന്ന പരികല്‍പ്പനകളെ സമീപിക്കുക സാധ്യമല്ല. അത്തരം മുന്‍വിധികളോടെയുള്ള ഏതൊരു വിശകലന ശ്രമവും തീവ്രവാദമെന്ന വാക്കിനോടും പ്രയോഗത്തോടും വിയോജിക്കുന്നതുപോലെ അതിനെ കറവപ്പശുവാക്കുന്ന രാഷ്ട്രീയ-സാമൂഹിക സാമഗ്രികളോടും ഇടയുന്നതായിരിക്കും. അത്തരം ധീരോദാത്തമായ ഇടപെടലുകളാണ് അക്കാദമിക മേഖലകളിലെ സംസ്‌കാര പഠനങ്ങളും കൊളോണിയലാനന്തര പഠനങ്ങളും ഇന്ന് നടത്തിക്കൊണ്ടിരിക്കുന്നത്.   

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-25 / അല്‍ ഫുര്‍ഖാന്‍ / (55-59)
എ.വൈ.ആര്‍

ഹദീസ്‌

ജീവിതം മൃദുലമാക്കുക
ജുമൈല്‍ കൊടിഞ്ഞി