Prabodhanm Weekly

Pages

Search

2017 ജനുവരി 13

2984

1438 റബീഉല്‍ ആഖിര്‍ 14

2016 സമുദായത്തിന് പരീക്ഷണങ്ങളുടെ വര്‍ഷം

എ.ആര്‍

2014-ല്‍ നരേന്ദ്ര മോദിയുടെ നേതൃത്വത്തില്‍ തീവ്രഹിന്ദുത്വശക്തികള്‍ അധികാരത്തിലേറിയതില്‍പിന്നെ അരക്ഷിതബോധവും ആശങ്കയും അനിശ്ചിതത്വവും പൂര്‍വാധികം വേട്ടയാടിയ ഇന്ത്യയിലെ മുസ്‌ലിം ന്യൂനപക്ഷം 2016-ല്‍ എത്തിയപ്പോള്‍ സമചിത്തതയും യാഥാര്‍ഥ്യബോധവും വീണ്ടെടുത്ത് പുതിയൊരു നിശ്ചയദാര്‍ഢ്യത്തോടെ പ്രയാണമാരംഭിച്ചു എന്നു പറയാന്‍ അനുഭവങ്ങള്‍ അനുവദിക്കുന്നില്ല. ഇതൊരു താല്‍ക്കാലികാവസ്ഥ മാത്രമാണെന്നും താമസിയാതെ സെക്യുലര്‍ കരങ്ങളിലേക്ക് രാജ്യത്തിന്റെ കടിഞ്ഞാണ്‍ തിരികെ വരുമെന്നും വിശ്വസിക്കാനും ആശ്വസിക്കാനുമാണ് വലിയൊരു വിഭാഗം മുസ്‌ലിംകള്‍ ഇഷ്ടപ്പെടുന്നത്. 2019 ആകുമ്പോഴേക്ക് ശിഥില മതേതര ക്യാമ്പിന്റെ കരുത്ത് കൂടുതല്‍ ചോര്‍ന്നുപോകാനാണ് സാധ്യതയെന്ന് നിരീക്ഷിക്കുന്നവരാകട്ടെ ഹിന്ദു ഇന്ത്യയെ ഒരു യാഥാര്‍ഥ്യമായി അംഗീകരിച്ചു പുതിയൊരു അതിജീവനതന്ത്രം ആവിഷ്‌കരിക്കാനുള്ള ശ്രമം ആരംഭിച്ചതായും തോന്നിയില്ല. 'ഞങ്ങളെ സഹായിക്കുന്നവരെ ഞങ്ങളും സഹായിക്കും' എന്ന രാഷ്ട്രീയനയം അഭിമാനപൂര്‍വം കൊണ്ടുനടക്കുന്ന വിഭാഗം മാത്രം മോദി സര്‍ക്കാര്‍ ന്യൂനപക്ഷസമുദായങ്ങള്‍ക്കു കൊടുത്ത ചൂണ്ടയില്‍ കൊത്തുന്നതിനും പോയവര്‍ഷം സാക്ഷ്യം വഹിച്ചു. മാര്‍ച്ച് 17-ന് ആര്‍.എസ്.എസ് സംഘടിപ്പിച്ച ആള്‍ ഇന്ത്യ ഉലമാ ആന്റ് മശാഇഖ് ബോര്‍ഡിന്റെ ആഭിമുഖ്യത്തില്‍ നടന്ന ചതുര്‍ദിന സൂഫി സമ്മേളനം അതിലേക്കുള്ള ചൂണ്ടുപലകയായിരുന്നു. 

എന്‍.ഡി.എ സര്‍ക്കാറില്‍ ന്യൂനപക്ഷ ക്ഷേമ മന്ത്രിയായി ചുമതലയേറ്റ നജ്മ ഹിബതുല്ല ആദ്യമായി നടത്തിയ പ്രസ്താവന ഇന്ത്യയില്‍ മുസ്‌ലിംകള്‍ ഒരു ന്യൂനപക്ഷമല്ല, പാഴ്‌സികള്‍ മാത്രമാണ് രാജ്യത്തെ മതന്യൂനപക്ഷം എന്നതായിരുന്നു. പക്ഷേ ഏറെ പ്രതികരണമൊന്നും സൃഷ്ടിക്കാതെ നജ്മയും അവരുടെ പ്രസ്താവനയും കടന്നുപോയി. മന്ത്രിസഭയില്‍ ഇടം നഷ്ടപ്പെട്ട നജ്മക്ക് ഏതോ അപ്രധാന രാജ്ഭവനിലാണ് വിശ്രമജീവിതം ഒരുക്കിയിരിക്കുന്നത്. 

തന്നെയല്ല, ബി.ജെ.പി സര്‍ക്കാറും ആര്‍.എസ്.എസും ന്യൂനപക്ഷങ്ങളെ ലക്ഷ്യമാക്കി പല പദ്ധതികളും നടപ്പാക്കിക്കൊണ്ടിരുന്നത്, അസ്തിത്വം തന്നെ നിഷേധിക്കുന്ന ആത്യന്തിക നയം ബഹുസ്വര ജനാധിപത്യ ഇന്ത്യയില്‍ തല്‍ക്കാലത്തേക്കെങ്കിലും നടപ്പാക്കാന്‍ സാധ്യമല്ലെന്ന തിരിച്ചറിവില്‍നിന്നാവാം. ചില സംസ്ഥാനങ്ങളിലെങ്കിലും ന്യൂനപക്ഷ വോട്ട് അധികാരത്തിന് അനുപേക്ഷ്യമാണ് എന്ന യാഥാര്‍ഥ്യബോധം കൊണ്ടുമാവാം. ശിഥിലവും ഛിന്നഭിന്നവുമായ ന്യൂനപക്ഷത്തില്‍നിന്ന് ഒരു വിഭാഗത്തെ അടര്‍ത്തിയെടുക്കുകയാണ് ദുഷ്‌പേരിന് ഇടവരുത്താത്ത രാഷ്ട്രീയ തന്ത്രം എന്ന് ഹിന്ദുത്വ മാനേജര്‍മാര്‍ കണക്കുകൂട്ടിയിട്ടുണ്ടെങ്കില്‍ അതും യുക്തിസഹം തന്നെ. മെയ് 21-ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം പുറത്തുവിട്ട കണക്കു പ്രകാരം ഇന്ത്യയില്‍ മുസ്‌ലിം ജനസംഖ്യ കുറയുകയാണെന്ന് അവര്‍ക്ക് തെല്ലൊരാശ്വാസം പകര്‍ന്നിരിക്കാനിടയുണ്ട്. മുസ്‌ലിം കുടുംബങ്ങളിലെ ശരാശരി അംഗങ്ങളുടെ എണ്ണം 5.61-ല്‍നിന്ന് 5.15-ലേക്ക് ചുരുങ്ങിയതായാണ് മതാടിസ്ഥാനത്തില്‍ തയാറാക്കിയ കേന്ദ്ര സര്‍വേ റിപ്പോര്‍ട്ട്. എങ്കിലും ഈ നൂറ്റാണ്ടിന്റെ പകുതിയാവുമ്പോഴേക്ക് ഇന്ത്യ മുസ്‌ലിംഭൂരിപക്ഷ രാഷ്ട്രമാവുമെന്ന വിശ്വഹിന്ദു പരിഷത്തിന്റെ മുറവിളിക്ക് ശമനമില്ല. നിര്‍ബന്ധ വന്ധ്യംകരണമാണ് അവരുടെ ആവശ്യം. 

തിബത്തില്‍ ബുദ്ധമതക്കാരുടെ കാര്യത്തില്‍ ചൈന നടപ്പാക്കുന്നതു പോലെ ഇന്ത്യയില്‍ മുസ്‌ലിംകളുടെ സ്വത്വ ഉന്മൂലനമാണ് ഹിന്ദുത്വ അജണ്ടയിലെ മുഖ്യ ഇനം. അതിന്റെ ഭാഗമാണ് അലീഗഢ് മുസ്‌ലിം യൂനിവേഴ്‌സിറ്റിയുടെയും ദല്‍ഹി ജാമിഅ മില്ലിയ്യയുടെയും ന്യനപക്ഷ പദവിയും സ്വഭാവവും പൂര്‍ണമായി നിരാകരിക്കുന്ന കേന്ദ്ര സര്‍ക്കാറിന്റെ സമീപനം. അലീഗഡ് മുസ്‌ലിം സര്‍വകലാശാലക്ക് ന്യൂനപക്ഷപദവി ആവശ്യമില്ലെന്ന് ജനുവരി 13-ന് മോദി സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ ബോധിപ്പിച്ചു. ഇതേ പ്രശ്‌നത്തില്‍ അലീഗഡിന്റെ ന്യൂനപക്ഷ പദവിയെ അനുകൂലിക്കുന്നില്ലെന്ന് അറ്റോര്‍ണി ജനറല്‍ ഏപ്രില്‍ ആറിന് സുപ്രീംകോടതിയെ അറിയിച്ചു.  ജാമിഅ മില്ലിയ്യയുടെ കാര്യത്തിലും പാര്‍ലമെന്റ് പാസാക്കിയ നിയമപ്രകാരം അത് ന്യൂനപക്ഷ സ്ഥാപനമല്ലെന്ന് അറ്റോര്‍ണി ജനറല്‍ ജനുവരി 16-ന് കേന്ദ്ര സര്‍ക്കാറിനെ അറിയിച്ചു. 

കൂടുതല്‍ അപകടകരവും ആശങ്കാജനകവുമാണ് സംഘ്പരിവാരിന്റെ ചിരകാല അജണ്ടയായ ഏകസിവില്‍ കോഡ് കൊണ്ടുവരാനുള്ള സര്‍ക്കാറിന്റെ ആസൂത്രിത നീക്കം. മുസ്‌ലിം സ്ത്രീകള്‍ വിവാഹ, വിവാഹമോചന വിഷയങ്ങളില്‍ വിവേചനം നേരിടുന്നുവെന്ന് പറഞ്ഞ് സുപ്രീംകോടതി ഫെബ്രുവരി രണ്ടിന് സ്വമേധയാ കേസ്സെടുത്തത് മോദി സര്‍ക്കാറിന് തേടിയ വള്ളി കാലില്‍ തടഞ്ഞ ആഹ്ലാദത്തിന് വഴിതുറന്നു. ഈ വിഷയത്തില്‍ വിശദ റിപ്പോര്‍ട്ട് തേടി കേന്ദ്ര സര്‍ക്കാറിനും ലോ കമീഷനും കോടതി നോട്ടീസയച്ചു. മുത്തലാഖ്, ബഹുഭാര്യത്വം എന്നിവയുടെ ഭരണഘടനാ സാധുത ചോദ്യം ചെയ്ത് നല്‍കപ്പെട്ട കേസില്‍ സുപ്രീംകോടതി മാര്‍ച്ച് ഒന്നിന് കേന്ദ്രത്തിന്റെ വിശദീകരണം തേടിയതോടെ നടപടി ത്വരിതപ്പെടുത്താന്‍ കേന്ദ്രസര്‍ക്കാറിന് ന്യായീകരണമുണ്ടായി. മുത്ത്വലാഖ് നിരോധിക്കണമെന്നാവശ്യപ്പെട്ട് സമര്‍പ്പിക്കപ്പെട്ട ഹരജിയില്‍ ഏപ്രില്‍ 23-ന് അഖിലേന്ത്യാ മുസ്‌ലിം വ്യക്തി നിയമബോര്‍ഡിനും പരമോന്നത കോടതി നോട്ടീസയച്ചു. ഒക്‌ടോബര്‍ നാലിന് ഏകസിവില്‍ കോഡ് തയാറാക്കുന്നതിന്റെ പ്രാരംഭപ്രവര്‍ത്തനമായി കേന്ദ്ര നിയമ കമീഷന്‍ ഒരു 16 ഇന  ചോദ്യാവലി തയാറാക്കി സ്ഥാപനങ്ങള്‍ക്കും സംഘടനകള്‍ക്കും പൊതുജനങ്ങള്‍ക്കും വിതരണം ചെയ്തു. ഭരണഘടന അനുവദിക്കുന്ന മതസ്വാതന്ത്ര്യത്തിന് കടകവിരുദ്ധമാണ് ഏക സിവില്‍ കോഡ് എന്നതിനാല്‍ അതിലേക്ക് രാജ്യത്തെ കൊണ്ടുപോകാനുള്ള നീക്കമെന്ന നിലയില്‍ ചോദ്യാവലിയെ പാടേ ബഹിഷ്‌കരിക്കാനാണ് മുസ്‌ലിം സംഘടനകളുടെ പൊതുവേദിയായ അഖിലേന്ത്യാ മുസ്‌ലിം പേഴ്‌സനല്‍ ലോ ബോര്‍ഡ് അസന്ദിഗ്ധമായി തീരുമാനിച്ചത്. കേരളത്തിലെ മതസംഘടനകളായ സമസ്തയുടെ ഇ.കെ, എ.പി വിഭാഗങ്ങളും സലഫീ സംഘടനകളും ഇതേ സമീപനമാണ് സ്വീകരിച്ചത്. തദ്വിഷയകമായ കാമ്പയിനുകള്‍ സംസ്ഥാനത്ത് സജീവമായിരിക്കെയാണ് 2016-ന് തിരശ്ശീല വീഴുന്നത്. ഇന്ത്യന്‍ ഭരണഘടനയുടെ മാര്‍ഗദര്‍ശക തത്ത്വങ്ങളില്‍ 44-ാം ഖണ്ഡിക സ്റ്റേറ്റ് ഏകീകൃത സിവില്‍ കോഡ് നടപ്പാക്കണമെന്ന് അനുശാസിക്കുന്നതിന്റെ മറവില്‍ മതേതര പാര്‍ട്ടികളും വ്യക്തികളും പൊതുവെ അതിനുവേണ്ടി വാദിക്കുന്നവരാണെങ്കിലും ഇപ്പോള്‍ സംഘ്പരിവാറും സര്‍ക്കാറും നടത്തുന്ന നീക്കത്തെ അവര്‍ പിന്താങ്ങുന്നില്ല. ആര്‍ഷ സംസ്‌കാരത്തിന്റെ മറവില്‍ ഏകമുഖമായ ഹിന്ദുത്വസംസ്‌കാരത്തെ ഇന്ത്യയുടെ മേല്‍ അടിച്ചേല്‍പ്പിക്കാനുള്ള പദ്ധതിയുടെ ഭാഗമാണിതെന്ന് അവര്‍ തിരിച്ചറിഞ്ഞതാണ് കാരണം. യോഗയും സൂര്യനമസ്‌കാരവുമൊക്കെ വിദ്യാലയങ്ങളില്‍ നിര്‍ബന്ധമാക്കിയതും ഹൈന്ദവവല്‍ക്കരണത്തിന്റെ ഭാഗം തന്നെ. അതിനിടെ തമിഴ്‌നാട്ടിലെ പള്ളികളോടനുബന്ധിച്ച് പ്രവര്‍ത്തിക്കുന്ന ശരീഅത്ത് കൗണ്‍സിലുകളുടെ പ്രവര്‍ത്തനം, സമാന്തര കോടതികളാണെന്ന് ചൂണ്ടിക്കാട്ടി മദ്രാസ് ഹൈക്കോടതി നിരോധിച്ചത് ഡിസംബര്‍ 19-നാണ്. വിവാഹവും വിവാഹമോചനവും സംബന്ധിച്ച തര്‍ക്കങ്ങള്‍ മാധ്യസ്ഥത്തിലുടെ ഒത്തുതീര്‍ക്കാനുള്ള ഏര്‍പ്പാടുകള്‍ സമാന്തര കോടതിയല്ലെന്ന് സുപ്രീംകോടതി മുമ്പേ വ്യക്തമാക്കിയതാണ്. 

മാട്ടിറച്ചിയുടെ പേരിലെ ന്യൂനപക്ഷവേട്ട പോയ വര്‍ഷവും തുടര്‍ന്നു. മാട്ടിറച്ചി കൈവശം വെച്ചെന്ന് ആരോപിച്ച് മധ്യപ്രദേശില്‍ ജൂലൈ 17-ന് മുസ്‌ലിം സ്ത്രീകളെ റെയില്‍വേ സ്റ്റേഷനില്‍ സംഘം ചേര്‍ന്ന് ആക്രമിച്ചു. ആഗസ്റ്റ് 14-ന് ഗോ സംരക്ഷണ സമിതിയുടെ മര്‍ദനമേറ്റ് മേവാത്തില്‍ മുസ്‌ലിം ദമ്പതികള്‍ കൊല്ലപ്പെട്ടു. രണ്ട് പെണ്‍കുട്ടികള്‍ കൂട്ടമാനഭംഗത്തിനിരയായി. മതസൗഹാര്‍ദത്തിന്റെ മഹിത പാരമ്പര്യം പുലരുന്ന കേരളത്തില്‍ പോലും അസഹിഷ്ണുത അതിന്റെ പാരമ്യത്തിലേക്ക് കുതിക്കുകയാണെന്ന് തെളിയിക്കുന്നതാണ് ഇസ്‌ലാമിലേക്ക് സ്വമേധയാ പരിവര്‍ത്തനം ചെയ്ത കൊടിഞ്ഞിയിലെ ഫൈസല്‍ എന്ന സുഊദി പ്രവാസിയുടെ നിഷ്ഠുരവധം. കേസന്വേഷണം പുരോഗമിക്കുമ്പോള്‍ ഇതേവരെ പതിനൊന്ന് പേര്‍ കസ്റ്റഡിയിലായിട്ടുണ്ട്. മലപ്പുറത്തെ സാമുദായികാന്തരീക്ഷം വഷളാവാന്‍ സംഭവം കാരണമായില്ലെന്നതാണ് ആശ്വാസകരം. ഏപ്രില്‍ 26-ന് മാലേഗാവ് സ്‌ഫോടനത്തില്‍ പ്രതിചേര്‍ക്കപ്പെട്ട് തടവിലായിരുന്ന ഒമ്പത് മുസ്‌ലിം യുവാക്കളെ മുംബൈ ഹൈക്കോടതി വെറുതെ വിട്ടപ്പോള്‍ സിമി ബന്ധമാരോപിച്ച് മധ്യപ്രദേശ് സര്‍ക്കാര്‍ ഭോപ്പാല്‍ ജയിലിലടച്ച എട്ട് യുവാക്കള്‍ ജയില്‍ ചാടുമ്പോള്‍ വെടിയേറ്റുമരിച്ചതായി ഒക്‌ടോബര്‍ 31-ന് വാര്‍ത്ത വന്നു. സാഹചര്യങ്ങള്‍ തീര്‍ത്തും വ്യാജ ഏറ്റുമുട്ടല്‍ കൊലയെന്ന് തോന്നിപ്പിച്ച സംഭവത്തെക്കുറിച്ച് വ്യാപക പ്രതിഷേധത്തെ തുടര്‍ന്ന് മധ്യപ്രദേശ് സര്‍ക്കാര്‍ ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ചു. 

പോയ വര്‍ഷത്തില്‍ മോദി സര്‍ക്കാറിന്റെ അമിതാധികാരപ്രമത്തതയും ഇസ്‌ലാമോഫോബിയയും മറനീക്കി കാണിച്ച സംഭവമാണ് മുംബൈയിലെ പ്രശസ്ത ഇസ്‌ലാമിക പ്രബോധകനായ ഡോ. സാകിര്‍ നായിക്കിനെതിരെ ധൃതിപിടിച്ച് സ്വീകരിച്ച നടപടികള്‍. ബംഗ്ലാദേശ് തലസ്ഥാനമായ ധാക്കയില്‍ നടന്ന സ്‌ഫോടനത്തിലെ പ്രതികളിലൊരാള്‍ തനിക്ക് പ്രചോദനമായത് മുംെബെയിലെ ഇസ്‌ലാമിക പ്രബോധകന്‍ സാകിര്‍ നായിക്കിന്റെ പ്രസംഗമാണെന്ന് കോടതിയില്‍ മൊഴി നല്‍കിയതായി ഡെയ്‌ലി സ്റ്റാര്‍ എന്ന ബംഗ്ലാദേശ് പത്രം ജൂലൈ ഏഴിന് റിപ്പോര്‍ട്ട് ചെയ്തു. പിറ്റേന്ന് പത്രം വാര്‍ത്ത പിന്‍വലിച്ചുവെങ്കിലും തക്കംപാര്‍ത്തിരുന്ന മഹാരാഷ്ട്രയിലെ ബി.ജെ.പി-ശിവസേന സര്‍ക്കാര്‍ നായിക്കിനും അദ്ദേഹത്തിന്റെ ഇസ്‌ലാമിക് റിസര്‍ച്ച് ഫൗണ്ടേഷനുമെതിരെ അന്വേഷണത്തിന് ഉത്തരവിട്ടു. ജൂലൈ 20-ന് സാകിര്‍ നായിക്കിന്റെ പ്രഭാഷണങ്ങളില്‍ പ്രകോപനപരമോ ദേശവിരുദ്ധമോ ആയ ഒന്നും കണ്ടെത്താനായില്ലെന്ന് മുംബൈ സ്‌പെഷ്യല്‍ ബ്രാഞ്ച് റിപ്പോര്‍ട്ട് നല്‍കിയെങ്കിലും സര്‍ക്കാര്‍ വിട്ടില്ല. ആഗസ്റ്റ് 10-ന് സാകിര്‍ നായിക്കും ഇസ്‌ലാമിക് റിസര്‍ച്ച് ഫൗണ്ടേഷനും നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നുണ്ടെന്ന് കേന്ദ്ര-സംസ്ഥാന അന്വേഷണ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്തു. തുടര്‍ന്ന് ഫൗണ്ടേഷന്‍ വിദേശസഹായം സ്വീകരിക്കുന്നത് നിരോധിച്ചു. സ്ഥാപനത്തെ തന്നെ യു.എ.പി.എ പ്രയോഗിച്ച് നിയമവിരുദ്ധമാക്കുകയും ചെയ്തു. അതിന്റെ പ്രവര്‍ത്തകരില്‍ ചിലരെ അറസ്റ്റ് ചെയ്തു. ഡോ. നായിക്കിനെ ഇന്റര്‍പോളിനെ ഉപയോഗിച്ച് പിടികൂടാനുള്ള നീക്കമാണിപ്പോള്‍ നടക്കുന്നത്. കേരളത്തില്‍ ഇദ്ദേഹത്തിന്റെ പീസ് സ്‌കൂളുകള്‍ക്കു നേരെയും ഭീഷണിയുണ്ട്. ആടിനെ പട്ടിയാക്കി പിന്നെ പേപ്പട്ടിയാക്കി തല്ലിക്കൊല്ലുക എന്ന ഭരണകൂട കുതന്ത്രങ്ങള്‍ പുതിയതല്ലല്ലോ.

തൃക്കരിപ്പൂരില്‍നിന്നും പരിസരങ്ങളില്‍നിന്നും ഏതാനും യുവതീയുവാക്കള്‍ ഐ.എസിലേക്ക് റിക്രൂട്ട് ചെയ്യപ്പെട്ടുവെന്ന വാര്‍ത്തയാണ് 2016-ല്‍ കേരളത്തെ സംബന്ധിച്ചേടത്തോളം ഏറ്റവും സ്‌തോഭജനകമായത്. തെഹ്‌റാന്‍ വഴി അഫ്ഗാനിസ്താനിലേക്ക് കടന്നതായി പറയപ്പെടുന്ന അവരില്‍ ചിലര്‍ നാട്ടിലെ കുടുംബങ്ങള്‍ക്കയച്ച ഫോണ്‍ സന്ദേശങ്ങളെ പിന്തുടര്‍ന്നു നടത്തിയ അന്വേഷണത്തില്‍ കാര്യമായ തുമ്പൊന്നും ലഭിച്ചില്ലെങ്കിലും സലഫികളോ സലഫി അനുഭാവികളോ ആയ ഇവരെച്ചൊല്ലി സംസ്ഥാനത്ത് വിവാദങ്ങള്‍ പിരിമുറുകാന്‍ തടസ്സമുണ്ടായില്ല. ആരോപണ പ്രത്യാരോപണങ്ങള്‍ മത-സാമൂഹിക രംഗങ്ങളെ ചൂടുപിടിപ്പിച്ചു. വിവാദപുരുഷനായ സാകിര്‍ നായിക്കും സലഫി പണ്ഡിതനാണെന്നിരിക്കെ സലഫികളെ മൊത്തം പ്രതിക്കൂട്ടിലാക്കാന്‍ ചിലര്‍ അവസരമുപയോഗിച്ചു. ഇതിന്റെ കൂടി പശ്ചാത്തലത്തിലാണ് വ്യാഴവട്ടക്കാലം പിളര്‍ന്ന് അന്യോന്യം നടത്തിയിരുന്ന കേരള നദ്‌വത്തുല്‍ മുജാഹിദീന്റെ രണ്ടു ഗ്രൂപ്പുകള്‍ പുനസ്സംയോജിച്ച് ഐക്യപ്പെട്ടത്. 2016 വര്‍ഷാവസാനത്തില്‍ മുസ്‌ലിം കേരളത്തിലെ ഏറ്റവും ശുഭകരമായ വാര്‍ത്തയും മുജാഹിദുകളുടെ പുനരേകീകരണം തന്നെ. 

ഏകസിവില്‍ കോഡ് ഭീഷണി ഇന്ത്യയിലെ മുസ്‌ലിം സംഘടനകളെ സമവായത്തിലേക്ക് നയിക്കുന്നത് ഉര്‍വശീശാപം ഉപകാരമായി എണ്ണണം. ശരീഅത്തിലധിഷ്ഠിതമായ ഇസ്‌ലാമിക് ബാങ്കിംഗ് ഘട്ടം ഘട്ടമായി പരിചയപ്പെടുത്തുന്നതിന്റെ ഭാഗമായി നിലവിലെ ബാങ്കുകളില്‍ ഇസ്‌ലാമിക ജാലകം തുറക്കാന്‍ റിസര്‍വ് ബാങ്ക് നിര്‍ദേശിച്ചത് പോയ വര്‍ഷത്തെ നല്ല വാര്‍ത്തകളിലൊന്നാണ്. 2011-ലെ സെന്‍സസ് പ്രകാരം 2001-2011 കാലത്ത് രാജ്യത്ത് മുസ്‌ലിം വിദ്യാര്‍ഥികളുടെ എണ്ണം 44 ശതമാനം വര്‍ധിച്ചതായി വാര്‍ത്ത വന്നു. പെണ്‍കുട്ടികളില്‍ 53 ശതമാനമാണ് വര്‍ധനവ്. സര്‍ക്കാര്‍ ജീവനക്കാരായ മുസ്‌ലിംകള്‍ക്ക് ജുമുഅ നമസ്‌കാരത്തില്‍ സംബന്ധിക്കാന്‍ ഒന്നര മണിക്കൂര്‍ അനുവദിച്ച ഉത്തരാഖണ്ഡ് സര്‍ക്കാറിന്റെ തീരുമാനമാണ് ഡിസംബറില്‍ പുറത്തുവന്ന മറ്റൊരു വാര്‍ത്ത. ഹിസ്ബുല്‍ മുജാഹിദീന്‍ കമാന്റര്‍ ബുര്‍ഹാന്‍ വാനിയുടെ വധത്തെത്തുടര്‍ന്ന് ജമ്മു-കശ്മീരില്‍ പൊട്ടിപ്പുറപ്പെട്ട പ്രക്ഷോഭം നൂറില്‍പരം പേരുടെ ജീവനപഹരിച്ച ശേഷവും സംസ്ഥാനം അശാന്തവും അസ്വസ്ഥവും നിശ്ചലവുമായി തുടരുന്നു. 

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-25 / അല്‍ ഫുര്‍ഖാന്‍ / (55-59)
എ.വൈ.ആര്‍

ഹദീസ്‌

ജീവിതം മൃദുലമാക്കുക
ജുമൈല്‍ കൊടിഞ്ഞി