മുത്ത്വലാഖ് മദ്ഹബ് വിരുദ്ധമാണ്
ധാരാളം മുസ്‌ലിം-അമുസ്‌ലിം പെണ്‍കുട്ടികള്‍ പഠിക്കുന്ന ഒരു സ്ഥാപനത്തിലെ അധ്യാപികയാണ് ഞാന്‍. മുത്ത്വലാഖുമായി ബന്ധപ്പെട്ട ചില സംശയങ്ങള്‍. ലോക മുസ്‌ലിംകളില്‍ ബഹുഭൂരിപക്ഷം മദ്ഹബുകള്‍ പിന്‍പറ്റുന്നവരാണ്. മദ്ഹബുകളുടെ വീക്ഷണത്തില്‍ മുത്ത്വലാഖ് അനുവദനീയമാണോ? മുത്ത്വലാഖിന്റെ ഇസ്‌ലാമിക വിധി എന്താണ്? ഇസ്‌ലാമില്‍ വിവാഹമോചനത്തിന്റെ ശരിയായ രൂപം എങ്ങനെയാണ്? വിശദമായ മറുപടി പ്രതീക്ഷിക്കുന്നു.
മുത്ത്വലാഖിന് പ്രേരിപ്പിക്കുകയോ പ്രോത്സാഹിപ്പിക്കുകയോ ചെയ്യുന്ന ഒരു മദ്ഹബും പരിശോധിച്ചേടത്തോളം കാണാന്‍ കഴിഞ്ഞിട്ടില്ല. എന്നല്ല, അത് നിരുത്സാഹപ്പെടുത്തുകയും കുറ്റകരമാണെന്ന് വിധിക്കുകയുമാണ് ഭൂരിപക്ഷം മദ്ഹബുകളും ചെയ്യുന്നത്. കേരളത്തിലെ ഭൂരിപക്ഷം മുസ്‌ലിംകളും പിന്തുടരുന്ന ശാഫിഈ മദ്ഹബ് മുത്ത്വലാഖിനെ കടുത്ത കറാഹത്ത് (അനഭിലഷണീയ പ്രവൃത്തി) ആയിട്ടാണ് കാണുന്നത്. ഓരോ മദ്ഹബിന്റെയും വീക്ഷണം കാണുക.
ഹനഫീ മദ്ഹബ്:
ഇമാം അല്‍ കര്‍ഖി പറഞ്ഞു: ''ഒറ്റയിരിപ്പിന് മൂന്നു ത്വലാഖും ഒന്നിച്ചു ചൊല്ലുന്നത് കറാഹത്താണെന്ന കാര്യത്തില്‍ പണ്ഡിതന്മാര്‍ക്കിടയില്‍ അഭിപ്രായവ്യത്യാസമുള്ളതായി എനിക്കറിയില്ല. ഇബ്‌നുസീരീന് അങ്ങനെയൊരഭിപ്രായമുണ്ടെങ്കിലും അദ്ദേഹത്തിന്റെ അഭിപ്രായം പ്രമാണമല്ലല്ലോ. മുത്ത്വലാഖ് രഞ്ജിപ്പിനുള്ള കവാടം അടച്ചുകളയുകയും ചെയ്ത പ്രവൃത്തിയില്‍ ഖേദം തോന്നുന്ന പക്ഷം പുനസ്സമാഗമത്തിനുള്ള അവസരം ഇല്ലാതാക്കുകയും ചെയ്യുന്നു. മാത്രമല്ല, ശരീഅത്തിന്റെ താല്‍പര്യത്തിന് വിരുദ്ധവുമാണത്. അടിമകളെ മോചിപ്പിക്കുക പോലുള്ള എല്ലാ വിമോചന പ്രക്രിയകളും ഒന്നിലധികം തവണകളാകാതിരിക്കുക എന്നതാണ് മൗലിക തത്ത്വം. എന്നാല്‍ ത്വലാഖ് മാത്രം ഒന്നിലധികം തവണയായി നിശ്ചയിച്ചിട്ടുള്ളത് ഖേദം തോന്നുന്ന പക്ഷം പുനസ്സംഗമത്തിന് അവസരമുണ്ടാക്കാനാണ്. അതിനാല്‍ ശരീഅത്ത് ഈയൊരു തത്ത്വം പരിഗണിച്ചിരിക്കെ, അത് ഇല്ലാതാക്കുക എന്നത് അനുവദനീയമല്ല തന്നെ'' (അല്‍ മബ്‌സൂത്വ്: 7/135).
മാലികീ മദ്ഹബ്:
''ഇമാം മാലികിന്റെ വീക്ഷണമനുസരിച്ച് മുത്ത്വലാഖ് അനുവദനീയമല്ല. എന്നാല്‍ ആരെങ്കിലും അങ്ങനെ ചെയ്താല്‍ ത്വലാഖ് സംഭവിക്കും. അശ്ശാമില്‍ എന്ന ഗ്രന്ഥത്തില്‍ മുത്ത്വലാഖ് തടയുന്ന വിഷയത്തിലും അത് കറാഹത്താണോ എന്നതിലും രണ്ടഭിപ്രായമുണ്ട്. ലുബാബ് എന്ന ഗ്രന്ഥത്തിലാകട്ടെ നിഷിദ്ധം (ഹറാം) ആണെന്ന വീക്ഷണം മാത്രമേ പറഞ്ഞിട്ടുള്ളൂ. മുത്ത്വലാഖ് നിഷിദ്ധം (ഹറാം) ആണ് എന്നുതന്നെ പറഞ്ഞിരിക്കുന്നു. മുദവ്വന എന്ന ഗ്രന്ഥത്തിലാകട്ടെ കറാഹത്താണെന്നാണ് പറഞ്ഞിട്ടുള്ളത്'' (മവാഹിബുല്‍ ജലീല്‍ 1/5).
ഹമ്പലീ മദ്ഹബ്:
ഹമ്പലീ മദ്ഹബില്‍ മുത്ത്വലാഖ് ഹറാമാണെന്നും അല്ലെന്നും രണ്ടഭിപ്രായമുണ്ട്. എന്നാല്‍ ഹമ്പലീ മദ്ഹബിലെ ഏറ്റവും ബൃഹത്തും ആധികാരികവുമായ കിതാബുല്‍ മുഗ്‌നിയില്‍ മുത്ത്വലാഖ് ഹറാമാണെന്ന വീക്ഷണം ബലപ്പെടുത്തിക്കൊണ്ട് ഇമാം ഇബ്‌നു ഖുദാമ പറയുന്നു:
''ഭാര്യയുമായി ബന്ധപ്പെടാനുള്ള സൗകര്യം യാതൊരു കാരണവും കൂടാതെ നിഷിദ്ധമാക്കുകയാണ് മുത്ത്വലാഖ്. ളിഹാര്‍ പോലെയോ അതിലേറെയോ ഗൗരവമുള്ളതാണിത്. കാരണം ളിഹാര്‍ മുഖേനയുള്ള വിലക്ക് പ്രായശ്ചിത്തം വഴി നീങ്ങിക്കിട്ടും. എന്നാല്‍ മുത്ത്വലാഖ് വഴിയുള്ള ഈ വിലക്ക് നീക്കാന്‍ ഭര്‍ത്താവിന് ഒരു നിലക്കും സാധ്യമല്ല (അതായത് തൗബ ചെയ്തതുകൊണ്ടോ, പ്രായശ്ചിത്തം നല്‍കിയതുകൊണ്ടോ മുത്ത്വലാഖിന്റെ പ്രത്യാഘാതങ്ങള്‍ ഇല്ലാതാക്കാനാകില്ല). മുത്ത്വലാഖ് സ്വയം ദോഷം സൃഷ്ടിക്കുന്നതിനുപുറമെ മറ്റുള്ളവര്‍ക്കും ദോഷം വരുത്തുന്നു. അതാകട്ടെ പൊതുവെ തന്നെ വിലക്കപ്പെട്ടതാണുതാനും. കൂടാതെ വിലക്കപ്പെട്ട മാര്‍ഗത്തിലൂടെ അവളുമായി സന്ധിക്കാന്‍ വഴിതുറക്കുകയും ചെയ്‌തേക്കാം. അല്ലെങ്കില്‍ വല്ല കൗശലവും ഒപ്പിച്ച് അവളെ തിരിച്ചെടുക്കുകയും അതിന്റെ പേരില്‍ പിന്നീട് ദുഃഖിക്കാനിടവരികയും ചെയ്‌തേക്കാം. ഇതുകൊണ്ടൊക്കെത്തന്നെ ആര്‍ത്തവകാലത്ത് ത്വലാഖ് ചൊല്ലുന്നതിനേക്കാള്‍ ഗൗരവമുള്ള ഹറാമാണ് മുത്ത്വലാഖെന്ന് മനസ്സിലാക്കാം'' (അല്‍ മുഗ്‌നി: 16/204). ഒറ്റയിരിപ്പിന് മൂന്നു ത്വലാഖും ഒന്നിച്ചു ചൊല്ലുന്നത് അനുവദനീയമല്ല എന്നുതന്നെയാണ് ഇതില്‍ നിന്ന് ബോധ്യമാകുന്നത്.
ശാഫിഈ മദ്ഹബ്:
ഇമാം ശാഫിഈയുടെ വീക്ഷണത്തില്‍ ത്വലാഖ് സുന്നി, ബിദ്ഈ എന്നിങ്ങനെ രണ്ടണ്ട് തരമുണ്ടണ്ട്. ഈ തരം തിരിവ് സമയം പരിഗണിച്ചുകൊണ്ടുമാത്രമാണ്; ത്വലാഖിന്റെ എണ്ണം പരിഗണിച്ചുകൊണ്ടല്ല. അതായത്, സഹശയനം നടന്നിട്ടുള്ള, മാസമുറയുള്ള സ്ത്രീയെ ആര്‍ത്തവവേളയില്‍ ത്വലാഖ് ചൊല്ലുന്നതും സഹശയനം നടന്നിട്ടുള്ള ശുദ്ധിവേളയില്‍ ഗര്‍ഭമുണ്ടോ ഇല്ലേ എന്ന് വ്യക്തമായിട്ടില്ലാത്ത അവസ്ഥയില്‍ ത്വലാഖ് ചൊല്ലുന്നതും ബിദ്അത്തും നിഷിദ്ധവുമാകുന്നു. എന്നാല്‍, ത്വലാഖിന്റെ എണ്ണം, അത് ഒറ്റയടിക്ക് മൂന്നായാലും ഒരേ ശുദ്ധിവേളയില്‍ പല സമയത്തായാലും വ്യത്യസ്ത ശുദ്ധിവേളകളിലായാലും പ്രവാചകചര്യക്ക് (സുന്നത്ത്) എതിരാകുന്നില്ല. സഹശയനം ഉണ്ടായിട്ടില്ലാത്ത സ്ത്രീയുടെയും ആര്‍ത്തവം ആരംഭിച്ചിട്ടില്ലാത്തവളോ, ആര്‍ത്തവം നിലച്ചവളോ, ഗര്‍ഭിണിയെന്ന് വ്യക്തമായവളോ ആയ സ്ത്രീയുടെയും കാര്യത്തില്‍ ത്വലാഖില്‍ സുന്നി, ബിദ്ഈ എന്ന വ്യത്യാസമില്ല'' (മുഗ്‌നില്‍ മുഹ്താജ്: 519).
ശാഫിഈ മദ്ഹബില്‍ മുത്ത്വലാഖ് അനുവദനീയമാണെന്നു പറഞ്ഞ ഇമാമുകള്‍ പോലും അതിനെ നിരുത്സാഹപ്പെടുത്തുന്നതു കാണാം. മറ്റു മദ്ഹബുകളുടെ ഇമാമുകള്‍ അഭിപ്രായപ്പെട്ടപോലെ മക്‌റൂഹാണെന്ന് പറഞ്ഞവരും ശാഫിഈ മദ്ഹബില്‍ ഉണ്ട്.
ത്വലാഖ് ഉദ്ദേശിക്കുന്ന ഭര്‍ത്താവ് പരിഗണിക്കേണ്ട കാര്യങ്ങള്‍ വിശദീകരിക്കവെ, രണ്ടാമത്തെതായി ഇമാം ഗസാലി പറയുന്നു: ''ഒറ്റത്ത്വലാഖ് മാത്രം ചൊല്ലുക, മൂന്നെണ്ണം ഒരുമിച്ച് ചൊല്ലാതിരിക്കുക. കാരണം ഒറ്റത്ത്വലാഖ് കൊണ്ടുതന്നെ ഇദ്ദ കാലം കഴിയുന്നതോടെ ഉദ്ദേശ്യം (വിവാഹ മോചനം) നടക്കും. ഇദ്ദ കാലത്ത് ഖേദം തോന്നുന്നപക്ഷം തിരിച്ചെടുക്കാന്‍ ഉപകരിക്കുകയും ചെയ്യും. ഇദ്ദ കഴിഞ്ഞാല്‍ പുതിയ നികാഹിലൂടെയും തിരിച്ചെടുക്കാം...
''മൂന്നു ത്വലാഖും ചൊല്ലിയാല്‍ ഒരു വേള ഖേദം തോന്നിയെന്നു വരാം. അപ്പോള്‍ മറ്റൊരാള്‍ അവളെ വിവാഹം ചെയ്ത് മൊഴിചൊല്ലി തനിക്ക് ഹലാലാക്കണം, ഒരു നിശ്ചിത കാലം ക്ഷമിച്ചു കഴിയണം, തദാവശ്യാര്‍ഥമുള്ള വിവാഹക്കരാര്‍ വിലക്കപ്പെട്ട കാര്യവുമാണ്. അങ്ങനെയുള്ള ഒരു കാര്യത്തിനു വേണ്ടി പരിശ്രമിക്കുകയാണ് അപ്പോഴവന്‍ ചെയ്യുന്നത്. തുടര്‍ന്ന് അവന്റെ ഹൃദയം മറ്റൊരാളുടെ ഭാര്യയുമായി ബന്ധപ്പെട്ടു കിടക്കും. അയാള്‍ തനിക്ക് അവളെ ഹലാലാക്കിത്തരാന്‍ വേണ്ടി വിവാഹം ചെയ്തവനാണ്. അതാകട്ടെ ഭാര്യക്ക് ഭര്‍ത്താവിനോട് വിരക്തിയുണ്ടാക്കും. ഇപ്പറഞ്ഞതൊക്കെയും മൂന്നു ത്വലാഖും ഒന്നിച്ചു ചൊല്ലുന്നതിന്റെ പ്രത്യാഘാതങ്ങളാണ്. വിലക്കപ്പെട്ട യാതൊന്നും ചെയ്യാതെ (ബന്ധം വേര്‍പ്പെടുത്തുക എന്ന) ഉദ്ദേശ്യം നടക്കാന്‍ ഒരു ത്വലാഖു തന്നെ മതിയാകുന്നതാണ്...
''ഒന്നിച്ചു ചൊല്ലല്‍ ഹറാമാണെന്ന് ഞാന്‍ പറയുന്നില്ലെങ്കിലും ഇത്തരം കാര്യങ്ങള്‍ വെച്ചുകൊണ്ട് അത് മക്‌റൂഹാകുമെന്നാണ് എനിക്ക് പറയാനുള്ളത്. ഇവിടെ വെറുക്കപ്പെട്ടത് എന്നതുകൊണ്ട് ഞാനുദ്ദേശിച്ചത് അവനവന്‍ തനിക്കതാണ് ഗുണം എന്ന് മനസ്സിലാക്കി അത് (മുത്ത്വലാഖ്) ഒഴിവാക്കണം എന്നാണ്'' (ഇഹ്‌യാ ഉലൂമിദ്ദീന്‍-ദാമ്പത്യ മര്യാദകള്‍ എന്ന അധ്യായം: 2/55).
ഘട്ടം ഘട്ടമായാണ് ത്വലാഖ് ചൊല്ലേണ്ടതെന്ന് സമര്‍ഥിച്ച ശേഷം ഇനി അഥവാ ആരെങ്കിലും അങ്ങനെ ചെയ്താല്‍ അതിന്റെ വിധിയെപ്പറ്റി ഇമാം റാസി പറയുന്നത് കാണുക:
''രണ്ട് ത്വലാഖോ മൂന്ന് ത്വലാഖോ ഒന്നിച്ചു ചൊല്ലിയാല്‍ ഒന്നേ സംഭവിക്കുകയുളളൂ എന്നതാണ് ഒന്നാമത്തെ വീക്ഷണം. ഒരു പാട് പണ്ഡിതന്മാര്‍ തെരഞ്ഞെടുത്തിട്ടുളളത് ഈ അഭിപ്രായമാണ്. ശരീഅത്തിന്റെ മൗലിക തത്ത്വങ്ങളോട് ഏറ്റവും അടുത്തുനില്‍ക്കുന്ന വീക്ഷണവും ഇതു തന്നെ. കാരണം ഒരു കാര്യം വിലക്കുക എന്നതിനര്‍ഥം വിലക്കപ്പെട്ട കാര്യം പല കുഴപ്പങ്ങളും ഉള്‍ക്കൊള്ളുന്നുണ്ട് എന്നാണ്. അപ്പോള്‍ മൂന്നും സംഭവിക്കുമെന്ന വാദം അത്തരം കുഴപ്പങ്ങള്‍ പ്രയോഗതലത്തില്‍ കടത്തിക്കൂട്ടുക എന്നതാണ്. അതാകട്ടെ അനുവദനീയമല്ല താനും. അപ്പോള്‍ മൂന്നും സംഭവിക്കുകയില്ല എന്നുതന്നെ വിധി കല്‍പ്പിക്കല്‍ നിര്‍ബന്ധമായിത്തീര്‍ന്നു'' (തഫ്‌സീറുര്‍റാസി-അല്‍ ബഖറ: 6/83).
'സമസ്ത'യുടെ മദ്‌റസാ പുസ്തകത്തില്‍ കോടമ്പുഴ ബാവ മുസ്‌ലിയാര്‍ എഴുതുന്നു:
''നേരത്തേ പറഞ്ഞതുപോലെ അനിവാര്യമായെങ്കിലല്ലാതെ ത്വലാഖ് ചൊല്ലല്‍ കറാഹത്താകുന്നു. ഒറ്റയിരിപ്പിന് മൂന്നും ചൊല്ലുന്നതാകട്ടെ കടുത്ത കറാഹത്താകുന്നു. അതിനാല്‍ ഒന്നോ അല്ലെങ്കില്‍ രണ്ടോ ത്വലാഖില്‍ ഒതുക്കേണ്ടതാണ്'' (ഖുലാസത്തുല്‍ ഫിഖ്ഹില്‍ ഇസ്‌ലാമി അഥവാ ഇസ്‌ലാമിക കര്‍മശാസ്ത്ര സംഗ്രഹം: മൂന്നാം വാല്യം-കോടമ്പുഴ ബാവ മുസ്‌ലിയാര്‍).
വിവാഹബന്ധം വേര്‍പ്പെടുക എന്ന ഉദ്ദേശ്യം സഫലമാകാന്‍ ഒറ്റത്ത്വലാഖുതന്നെ ധാരാളം മതി. പിന്നീട് ഭര്‍ത്താവ് വിചാരിച്ചാലല്ലാതെ ത്വലാഖ് ചൊല്ലപ്പെട്ട ഭാര്യയെ തിരിച്ചെടുക്കാന്‍ കഴിയില്ല. ഭര്‍ത്താവിനെ അക്കാര്യത്തിന് നിര്‍ബന്ധിക്കാന്‍ ഭരണാധികാരിയുള്‍പ്പെടെ ആര്‍ക്കും അധികാരവുമില്ല. ഭര്‍ത്താവ് സ്വന്തം നിലക്ക് തീരുമാനിച്ച് തിരിച്ചെടുക്കാത്തിടത്തോളം ഇദ്ദ കാലം കഴിഞ്ഞാന്‍ അവള്‍ക്ക് മറ്റൊരു പുരുഷനെ വിവാഹം ചെയ്യാവുന്നതാണ്. എന്നാല്‍ വല്ല നിലക്കും ഭാവിയില്‍ ഒരുമിച്ച് ജീവിക്കണമെന്നു വെച്ചാല്‍ അതിനുള്ള വഴി എന്നന്നേക്കുമായി അടഞ്ഞുപോവുക എന്നതാണ് മൂന്നാമത്തെ പ്രാവശ്യം ത്വലാഖ് ചൊല്ലിയാല്‍ ഉണ്ടാവുക.
ഒറ്റത്തവണയായി മൂന്നു ത്വലാഖും ചൊല്ലിയവരോട് നബി (സ) അനുവര്‍ത്തിച്ച നയം എന്തായിരുന്നു എന്നു കൂടി അറിയുമ്പോള്‍ എത്ര ശക്തവും ഗൗരവവുമുള്ള ശൈലിയിലാണ് മുത്ത്വലാഖ് ഇസ്‌ലാം വിലക്കിയതെന്നു മനസ്സിലാക്കാം. നസാഈ ഉദ്ധരിക്കുന്നു: ''ഒരാള്‍ തന്റെ ഭാര്യയെ ഒറ്റത്തവണയായി മൂന്നു ത്വലാഖും ചെയ്തതായി ഒരിക്കല്‍ നബി(സ) അറിഞ്ഞു. ഉടനെ രോഷത്തോടെ എഴുന്നേറ്റുകൊണ്ട് അദ്ദേഹം പറഞ്ഞു: 'അല്ലാഹുവിന്റെ ഗ്രന്ഥത്തോടു കളിക്കുകയോ, അതും ഞാന്‍ നിങ്ങള്‍ക്കിടയിലുള്ളപ്പോള്‍!' ഈ നടപടിയില്‍ പ്രവാചകനുണ്ടായ കോപം കണ്ട് സദസ്യരിലൊരാള്‍ ചോദിച്ചുപോയി; 'ഞങ്ങളയാളെ വധിക്കട്ടെ തിരുദൂതരേ?'' (സാദുല്‍ മആദ്: 5/241, ഫത്ഹുല്‍ ബാരി: 4854).
അബ്ദുല്ലാഹിബ്നു ഉമര്‍ (റ) തന്റെ ഭാര്യയെ അവരുടെ ആര്‍ത്തവകാലത്ത് വിവാഹമോചനം ചെയ്ത സന്ദര്‍ഭത്തില്‍ നബി (സ), 'നിങ്ങള്‍ സ്ത്രീകളെ വിവാഹമോചനം ചെയ്യുമ്പോള്‍ അവരുടെ ഇദ്ദക്ക് വേണ്ടി ചെയ്യുക' എന്ന അത്ത്വലാഖ് അധ്യായത്തിലെ ഒന്നാം വാക്യത്തിന്റെ താല്‍പര്യം വിശദീകരിച്ചിട്ടുണ്ട്. സംഭവം മിക്ക ഹദീസ് ഗ്രന്ഥങ്ങളിലും ഉദ്ധരിക്കപ്പെട്ടിട്ടുള്ളതാണ്. അതുതന്നെയാണ് യഥാര്‍ഥത്തില്‍ ഈ വിഷയത്തിലുള്ള നിയമത്തിന്റെ ആധാരവും. സംഭവം ഇപ്രകാരമാണ്:
അബ്ദുല്ലാഹിബ്നു ഉമര്‍ തന്റെ ഭാര്യയെ അവരുടെ ആര്‍ത്തവകാലത്ത് വിവാഹമോചനം ചെയ്തു. ഉമര്‍ (റ) അക്കാര്യം നബി(സ)യെ അറിയിച്ചപ്പോള്‍ അവിടുന്ന് കടുത്ത അപ്രീതി പ്രകടിപ്പിച്ചുകൊണ്ട് പറഞ്ഞു: 'ഇബ്‌നു ഉമറിനോട് കല്‍പിക്കൂ; അദ്ദേഹം ഭാര്യയെ തിരികെ സ്വീകരിച്ച് കൂടെ താമസിപ്പിക്കട്ടെ-അവള്‍ ശുദ്ധിയാകുന്നതുവരെ. പിന്നെ അവള്‍ക്ക് വീണ്ടും ആര്‍ത്തവമുണ്ടാവുകയും അതില്‍നിന്ന് മുക്തയാവുകയും ചെയ്യട്ടെ. അതിനുശേഷം അവളെ വിവാഹമോചനം ചെയ്യാന്‍ ആഗ്രഹിക്കുകയാണെങ്കില്‍ സഹശയനം നടക്കാത്ത ശുദ്ധിവേളയില്‍ വിവാഹമോചനം ചെയ്തുകൊള്ളട്ടെ. ഇതാണ് ഇദ്ദക്കു വേണ്ടി ത്വലാഖ് ചെയ്യണമെന്ന് അല്ലാഹു കല്‍പിച്ചതിന്റെ താല്‍പര്യം'' (മുസ്‌ലിം: 3729).
അബ്ദുല്ലാഹിബ്നു ഉമറിന്റെ സംഭവത്തില്‍ ഇത്ര കൂടി കാണാം, പിന്നീട്, ആരെങ്കിലും തന്റെ ഭാര്യയെ ഋതുമതിയായിരിക്കെ വിവാഹമോചനം ചെയ്യുന്നതിനെപ്പറ്റി ഇബ്‌നു ഉമറിനോട് ചോദിച്ചാല്‍ അദ്ദേഹം ഇങ്ങനെ കല്‍പ്പിക്കുമായിരുന്നു: 'അയാള്‍ ഭാര്യയെ തിരികെ സ്വീകരിച്ച് കൂടെ പൊറുപ്പിക്കട്ടെ-അവള്‍ ശുദ്ധയാകുന്നതുവരെ. പിന്നെ അവള്‍ക്ക് വീണ്ടും ആര്‍ത്തവമുണ്ടാവുകയും അതില്‍നിന്ന് മുക്തയാവുകയും ചെയ്യട്ടെ. അതിനുശേഷം അവളെ വിവാഹമോചനം ചെയ്യാന്‍ ആഗ്രഹിക്കുകയാണെങ്കില്‍ സഹശയനം നടക്കാത്ത ശുദ്ധിവേളയില്‍ വിവാഹമോചനം ചെയ്തുകൊള്ളട്ടെ. താങ്കള്‍ മൂന്നു ത്വലാഖും ചെയ്തിരിക്കെ നിങ്ങള്‍ അല്ലാഹുവിനെ ധിക്കരിച്ചിരിക്കുന്നു, അവരാകട്ടെ നിങ്ങളില്‍നിന്ന് എന്നന്നേക്കുമായി വേര്‍പ്പെടുകയും ചെയ്തിരിക്കുന്നു' (മുസ്‌ലിം: 3729).
ഇവ്വിഷയകമായി സ്വഹാബിവര്യന്മാരില്‍നിന്ന് ഉദ്ധരിക്കപ്പെട്ടിട്ടുള്ള ഫത്വകളും ഈ പ്രവാചക മാര്‍ഗനിര്‍ദേശങ്ങള്‍ക്കനുസൃതമാണ്.
അബൂദാവൂദ് മുജാഹിദില്‍നിന്ന് ഉദ്ധരിക്കുന്നു: ''അദ്ദേഹം ഇബ്നു അബ്ബാസിന്റെ സദസ്സില്‍ ഇരിക്കുകയായിരുന്നു. അപ്പോള്‍ അവിടെ വന്ന ഒരാള്‍ പറഞ്ഞു: 'ഞാന്‍ എന്റെ ഭാര്യയെ മൂന്നു ത്വലാഖും ചെയ്തുകളഞ്ഞു.' ഇബ്നു അബ്ബാസ് കുറേനേരം മൗനം ദീക്ഷിച്ചു. ഭാര്യയെ തിരിച്ചെടുക്കാന്‍ അദ്ദേഹം അയാള്‍ക്കനുമതി നല്‍കിയേക്കുമെന്ന് എനിക്കു തോന്നിപ്പോയി. പിന്നീടദ്ദേഹം പറഞ്ഞു: 'നിങ്ങളിലൊരാള്‍ ഒന്നാമത്തെ ത്വലാഖില്‍തന്നെ വിഡ്ഢിത്തം കാണിക്കുന്നു. എന്നിട്ട് ഓടിവന്ന് ഓ, ഇബ്നു അബ്ബാസ്, ഓ ഇബ്നു അബ്ബാസ് എന്ന് വിലപിക്കുകയാണ്. അല്ലാഹു പറയുന്നതോ, അല്ലാഹുവിനെ സൂക്ഷിച്ചു വര്‍ത്തിക്കുന്നവര്‍ക്ക് അവന്‍ മോചനമാര്‍ഗമരുളുമെന്നാണ്. നീ അല്ലാഹുവിനെ സൂക്ഷിച്ചില്ല. ഞാനിനി നിനക്കൊരു പരിഹാരമാര്‍ഗവും കാണുന്നില്ല. നീ നിന്റെ നാഥനെ ധിക്കരിച്ചു. നിന്റെ ഭാര്യ നിന്നില്‍നിന്ന് എന്നന്നേക്കുമായി വേര്‍പ്പെടുകയും ചെയ്തു. നിങ്ങള്‍ സ്ത്രീകളെ വിവാഹമോചനം ചെയ്യുമ്പോള്‍, അവരുടെ ഇദ്ദക്കുവേണ്ടി ചെയ്യുക എന്നാണ് അല്ലാഹു പറഞ്ഞിട്ടുള്ളത്'' (അബൂദാവൂദ്-2197).
വിവാഹമോചനത്തിന്റെ ശരിയായ രൂപം
വിവാഹമോചനത്തിന്റെ ശരിയായ രൂപം, ഖുര്‍ആനില്‍നിന്നും ഹദീസില്‍നിന്നും മനസ്സിലാകുന്നതിങ്ങനെയാണ്, ഭാര്യയെ അവളുടെ ശുദ്ധികാലത്ത് ഒരുതവണ വിവാഹമോചനം ചെയ്യുക. സ്ത്രീ ആര്‍ത്തവകാലത്തായിരിക്കുമ്പോഴാണ് കുഴപ്പം തുടങ്ങിയതെങ്കില്‍ അതേസമയത്തുതന്നെ വിവാഹബന്ധം വേര്‍പ്പെടുത്തുന്നത് ശരിയല്ല; സ്ത്രീ ആര്‍ത്തവകാലം കഴിഞ്ഞ് ശുദ്ധിയാകുന്നതുവരെ കാത്തിരിക്കണം. അപ്പോഴും ആവശ്യമെന്നു തോന്നുന്നപക്ഷം ഒരുതവണ മാത്രം വിവാഹമോചനം ചെയ്തു മതിയാക്കണം.
വീണ്ടും വിവാഹമോചനം ചെയ്യണമെന്നുദ്ദേശിച്ചാല്‍ അടുത്ത ആര്‍ത്തവകാലം കഴിഞ്ഞ് ശുദ്ധിയായതിനു ശേഷം ഒരു തവണകൂടി വിവാഹമോചനം ചെയ്യാം. പക്ഷേ, ആദ്യത്തെ ത്വലാഖ് കൊണ്ടുതന്നെ മതിയാക്കുകയാണ് നല്ലത്. ഈ രൂപത്തില്‍ ഇദ്ദ കഴിയുന്നതിനു മുമ്പ് ഉദ്ദേശിക്കുന്ന ഏതവസരത്തിലും സ്ത്രീയെ മടക്കിയെടുക്കാന്‍ ഭര്‍ത്താവിന് അവകാശമുണ്ടായിരിക്കും. ഇദ്ദയുടെ കാലം കഴിഞ്ഞാല്‍തന്നെ, അന്യോന്യം തൃപ്തിപ്പെട്ട് വീണ്ടും വിവാഹം ചെയ്യാനുള്ള അവസരം രണ്ടു പേര്‍ക്കും അവശേഷിക്കുന്നതുമാണ്.
എന്നാല്‍, മൂന്നാമത്തെ ശുദ്ധികാലത്ത് മൂന്നാം തവണയും വിവാഹബന്ധം വേര്‍പ്പെടുത്തുന്നപക്ഷം, ഭാര്യയെ മടക്കിയെടുക്കാന്‍ ഭര്‍ത്താവിന് അവകാശമുണ്ടായിരിക്കുകയില്ലെന്നു മാത്രമല്ല, ഇദ്ദക്കുശേഷം അവര്‍ തമ്മില്‍ വീണ്ടും വിവാഹം നടത്താനും സാധ്യമാവുകയില്ല. എന്നാല്‍, അജ്ഞരായ ജനങ്ങള്‍ ഇക്കാലത്ത് പൊതുവെ സ്വീകരിച്ചുകാണുന്നതുപോലെ, ഒരേസമയത്ത് മൂന്നു ത്വലാഖ് ഒന്നിച്ചു ചൊല്ലുക എന്ന സമ്പ്രദായം ശരീഅത്തിന്റെ ദൃഷ്ടിയില്‍ തികച്ചും തെറ്റാണ്. നബി (സ) അതിനെ കഠിനമായി ആക്ഷേപിച്ചിട്ടുണ്ട്. ഒരേസമയത്ത് ഭാര്യയെ മൂന്നു ത്വലാഖ് ചൊല്ലുന്നവനെ ഉമര്‍ (റ) ചമ്മട്ടികൊണ്ട് അടിക്കുകപോലും ചെയ്തിരുന്നു. (ഫത്ഹുല്‍ ബാരി: 4854).
അല്ലാഹു അനുവദിച്ച കാര്യങ്ങളില്‍ ഏറ്റവും വെറുക്കപ്പെട്ട (അബൂദാവൂദ്: 2180) കാര്യമെന്ന് നബി (സ) പഠിപ്പിച്ച ത്വലാഖ് ഇസ്‌ലാമിക ശരീഅത്ത് പ്രകാരം ഒട്ടും എളുപ്പമുള്ള പ്രക്രിയയല്ല. കടുത്ത നിബന്ധനകള്‍ പാലിച്ചുകൊണ്ടല്ലാതെ അതിന് തുനിയരുത് എന്ന ശക്തമായ താക്കീതോടെയാണ് അക്കാര്യം പ്രതിപാദിക്കപ്പെട്ടിരിക്കുന്നത്. അതും ഘട്ടം ഘട്ടമായി വേണം നിര്‍വഹിക്കാന്‍.
വിവാഹമോചനം വഴി ഉണ്ടായേക്കാവുന്ന പ്രയാസങ്ങള്‍ കണക്കിലെടുത്ത് എങ്ങനെ ബന്ധം തുടരാം എന്നല്ലാതെ, എങ്ങനെ വേര്‍പ്പെടുത്താം എന്ന് ഒരു പുരുഷനും ചിന്തിക്കാത്ത പരുവത്തിലാണ് വിവാഹമോചനക്രമം വ്യവസ്ഥപ്പെടുത്തിയിരിക്കുന്നത്. അതുകൊണ്ടുതന്നെ ഒരു ന്യൂനപക്ഷ മൊഴിച്ച് മിക്കവാറും എല്ലാ പണ്ഡിതന്മാരും മുത്ത്വലാഖിനെ ബിദ്അത്തും കുറ്റകരവും പാടില്ലാത്തതുമായിത്തന്നെയാണ് എണ്ണിയിട്ടുള്ളത്.
കുറിപ്പുകള്‍:
1. അല്‍ മുദവ്വന-മാലികീ മദ്ഹബിലെ പണ്ഡിതന്‍ അബ്ദുസ്സലാമുബ്‌നു സഈദ് അന്നൂഖിയുടെ കൃതി
2. അശ്ശാമില്‍-ബഹ്‌റാമുബ്‌നു അബ്ദുല്ലാഹിബ്‌നു അബ്ദില്‍ അസീസ് അദ്ദിംയരിയുടെ പുസ്തകം.
3. ലുബാബ്-അബൂ അബ്ദുല്ല മുഹമ്മദുബ്‌നു മുഹമ്മദുബ്‌നു അബ്ദുല്ലാ അല്‍ഖഫ്‌സിയുടെ ഗ്രന്ഥം.
Comments