Prabodhanm Weekly

Pages

Search

2017 ജനുവരി 13

2984

1438 റബീഉല്‍ ആഖിര്‍ 14

ഇസ്‌ലാംഭീതി: ചരിത്രപരമായ ഇടപെടലായി അക്കാദമിക് കോണ്‍ഫറന്‍സ്

വി.ടി അനീസ് അഹ്മദ്

സാമ്രാജ്യത്വവും ഫാഷിസവും സഹകരിച്ച് ഉല്‍പാദനമികവോടെയും പ്രചാരണക്ഷമതയോടെയും നടപ്പാക്കിക്കൊണ്ടിരിക്കുന്ന 'ഇസ്ലാംഭീതി'യുടെ ജനാധിപത്യവിരുദ്ധതയും അന്തസ്സാരശൂന്യതയും തുറന്നുകാട്ടുന്നതായി സോളിഡാരിറ്റി യൂത്ത് മൂവ്മെന്റ് കോഴിക്കോട് യൂനിവേഴ്സിറ്റി കാമ്പസില്‍ സംഘടിപ്പിച്ച 'ഇസ്ലാമോഫോബിയ അക്കാദമിക് കോണ്‍ഫറന്‍സ്'. മുസ്ലിം ജനസാമാന്യത്തെ  സാമൂഹികമായ സന്ധിബന്ധങ്ങള്‍ അറുത്തുമാറ്റി ഭീതിയുടെ കറുത്ത മൂടുപടമണിയിച്ച് മാറ്റിനിര്‍ത്താനുള്ള രാഷ്ട്രീയ നീക്കങ്ങളെ വൈജ്ഞാനിക ഭൂമികയില്‍നിന്ന്  കണിശമായ വിശകലനങ്ങള്‍ക്ക് വിധേയമാക്കുകയായിരുന്നു 2016 ഡിസംബര്‍ 16,17,18 തീയതികളില്‍ നടന്ന കോണ്‍ഫറന്‍സ്. അന്താരാഷ്ട്ര തലത്തിലേതടക്കം വിവിധ യൂനിവേഴ്സിറ്റികളിലെ പ്രഫസര്‍മാരും ഗവേഷകരും സംബന്ധിച്ച സമ്മേളനം ഈടുറ്റ വൈജ്ഞാനിക ഇടപെടലായി. 

ഡിസംബര്‍ 16-ന് വൈകീട്ട് ആസൂത്രണ കമീഷന്‍ മുന്‍ അംഗവും സി.എം.പി നേതാവുമായ സി.പി. ജോണാണ് കോണ്‍ഫറന്‍സ് ഉദ്ഘാടനം ചെയ്തത്. ഇസ്ലാംഭീതി നഖത്തിനടിയില്‍ ഒളിപ്പിച്ചുവെച്ച സമൂഹമാണ് കേരളമെന്ന് അദ്ദേഹം പറഞ്ഞു. ഇസ്ലാമോഫോബിയ ഒരു ജ്വരമായി കേരളത്തിലെ രാഷ്ട്രീയ സമൂഹത്തെ പിടികൂടിയിരിക്കുകയാണ്. ഏതു സമയവും ഇസ്ലാംഭീതിയിലേക്ക് വീഴാന്‍ പാകത്തിലാണ് കേരളത്തിലെ ഇടതുരാഷ്ട്രീയം. അഞ്ച് മുസ്ലിം മന്ത്രിമാരെ സഹിക്കാന്‍ കഴിയാത്തതുപോലും ഈ സവിശേഷതകൊണ്ടാണ്. ജാതീയ വിവേചനം പോലെതന്നെ ഇസ്ലാമോഫോബിയയും കേരളീയ പൊതുസമൂഹത്തിന്റെ ഭാഗമാണ്. മുസ്ലിം സാന്നിധ്യമില്ലാത്ത സദസ്സുകളില്‍ ഇത് ഏറെ ദൃശ്യമാണ്. വംശീയമായ തമാശപ്രയോഗങ്ങള്‍ പോലും ഇത്തരം വേദികളിലുണ്ടാവുന്നു. മുസ്ലിം സമൂഹം ഏതു സാചര്യത്തിലായാലും ആക്ഷേപാര്‍ഹമാവുന്നു. പഠിക്കാത്തവരും താഴ്ന്ന ജോലി ചെയ്യുന്നവരുമെന്നായിരുന്നു പഴയ ആക്ഷേപമെങ്കില്‍ പണമുള്ളവരും പഠിപ്പുള്ളവരുമെന്നതാണ് ഇപ്പോള്‍ പറയുന്നത്. ഇത്തരം തമാശകള്‍ പോലും തുറന്ന് ചര്‍ച്ച ചെയ്താലേ ഇസ്ലാമോഫോബിയയെ പ്രതിരോധിക്കാന്‍ കഴിയൂ. മുസ്ലിം സമൂഹത്തെ അംഗീകരിക്കുന്ന പൊതുസമൂഹമുണ്ടാവുക എന്നത് കേരളത്തിന്റെ ഭാവിയെ സംബന്ധിച്ചേടത്തോളം പ്രധാനമാണെന്നും സി.പി ജോണ്‍ പറഞ്ഞു. അമേരിക്കയിലെ ബര്‍ക്ക്‌ലി യൂനിവേഴ്സിറ്റിയില്‍ എത്ത്‌നിക്ക് സ്റ്റഡീസ് വിഭാഗം പ്രഫസറായ റെമോണ്‍ ഗ്രോസ്ഫുഗല്‍ മുഖ്യാതിഥിയായി.

ഹൈദരാബാദ് കേന്ദ്ര സര്‍വകലാശാലാ പ്രഫ. എം.ടി അന്‍സാരി അധ്യക്ഷത വഹിച്ചു. സോളിഡാരിറ്റി സംസ്ഥാന പ്രസിഡന്റ് ടി. ശാകിര്‍, ഡോ. പി.കെ പോക്കര്‍, ഡോ. അശ്റഫ് കടയ്ക്കല്‍, ഡോ. എം.ബി മനോജ് എന്നിവര്‍ സംസാരിച്ചു. ജോഹന്നാസ്ബര്‍ഗ് സര്‍വകലാശാലയിലെ ഗവേഷകന്‍ കെ. അശ്റഫ്, കാലിഫോര്‍ണിയ യൂനിവേഴ്സിറ്റിയിലെ ഡോ. വര്‍ഷ ബശീര്‍, ഹൈദരാബാദ് ഇഫ്ളുവിലെ ഗവേഷകന്‍ പി.കെ. സാദിഖ് പ്രബന്ധങ്ങള്‍ അവതരിപ്പിച്ചു. 

രണ്ടാം ദിവസത്തെ കോണ്‍വര്‍സേഷന്‍ സെഷനില്‍ സോളിഡാരിറ്റി സംസ്ഥാനസമിതിയംഗം ശഹീന്‍ കെ. മൊയ്തുണ്ണി അധ്യക്ഷത വഹിച്ചു.  മുസ്ലിംകളുടെ ഭരണഘടനാപരമായ അവകാശങ്ങള്‍ നിയമനിര്‍മാണങ്ങളിലൂടെയും ഭരണപരമായ നടപടികളിലൂടെയും കവര്‍ന്നുകൊണ്ടിരിക്കുകയാണെന്ന് ദല്‍ഹി ജവഹര്‍ലാല്‍ നെഹ്റു യൂനിവേഴ്സിറ്റിയിലെ  പ്രഫസര്‍ ഡോ. എ.കെ. രാമകൃഷ്ണന്‍ പറഞ്ഞു. യു.എ.പി.എ പോലുള്ള നിയമനിര്‍മാണം വഴി മുസ്ലിം യുവാക്കള്‍ക്ക് പൗരാവകാശങ്ങള്‍ ബാധകമാകാത്ത സാഹചര്യത്തിലേക്കാണ് രാജ്യം പോകുന്നതെന്നും അദ്ദേഹം പറഞ്ഞു. ഇസ്ലാംഭീതിയുടെ ദീര്‍ഘകാല ചരിത്രമാണ് ഇന്ത്യക്കുള്ളത്. ഇസ്ലാമിനെയും മുസ്ലിമിനെയും പുറത്തുനിര്‍ത്തിയാണ് ദേശീയതയുടെ രൂപവല്‍ക്കരണം പോലുമുണ്ടായതെന്നും അദ്ദേഹം പറഞ്ഞു. പോര്‍ച്ചുഗീസുകാരുടെ വരവു മുതല്‍ തുടങ്ങുന്നതാണ് കേരളത്തിലെ ഇസ്ലാംഭീതിയുടെ ചരിത്രമെന്ന് സംഭാഷണത്തില്‍ ഇടപെട്ടുകൊണ്ട് എം.ടി. അന്‍സാരി അഭിപ്രായപ്പെട്ടു. ഗുജറാത്ത് കലാപത്തില്‍ പീഡിപ്പിക്കപ്പെട്ട മുസ്ലിം സ്ത്രീകള്‍ക്കു വേണ്ടി ഒന്നും പറയാതെ മുത്ത്വലാഖുമായി ബന്ധപ്പെട്ട് വാചാലമാവുന്നത് കാപട്യമാണെന്ന് ഹൈദരാബാദ് ഇഫ്ളുവിലെ അസി. പ്രഫസര്‍ ബി.എസ്. ഷെറിന്‍ അഭിപ്രായപ്പെട്ടു. സോളിഡാരിറ്റി സംസ്ഥാന സെക്രട്ടറി സമദ് കുന്നക്കാവ് സംസാരിച്ചു. 

പാനല്‍ ചര്‍ച്ചയില്‍ ഇന്റര്‍ഫെയ്ത്ത് ഡയലോഗ് ഇന്ത്യ സെക്രട്ടറി വി.എ.എം. അശ്റഫ്, ഹൈദരാബാദ് യൂനിവേഴ്സിറ്റി ഗവേഷക വിദ്യാര്‍ഥികളായ മുഹമ്മദ് ഷാ, താഹിര്‍ ജമാല്‍ പ്രബന്ധങ്ങളവതരിപ്പിച്ചു. ഡോ. കെ.എസ്. മാധവന്‍ അധ്യക്ഷത വഹിച്ചു. ഡോ. യാസീന്‍ അശ്റഫ്, കെ.പി. സേതുനാഥ്, മുജീബുര്‍റഹ്മാന്‍ കിനാലൂര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു. 

മറ്റൊരു സെഷനില്‍ ഐ.പി.എച്ച് അസി. ഡയറക്ടര്‍ കെ.ടി. ഹുസൈന്‍, കാലിക്കറ്റ് യൂനിവേഴ്സിറ്റി മലയാളം പഠനവിഭാഗം അസി. പ്രഫസര്‍ ഡോ. വി. ഹിക്മത്തുല്ല, സോളിഡാരിറ്റി സംസ്ഥാന കമ്മിറ്റി അംഗം ശഹീന്‍ കെ. മൊയ്തുണ്ണി എന്നിവര്‍ പ്രബന്ധങ്ങളവതരിപ്പിച്ചു.  വെല്‍ഫെയര്‍ പാര്‍ട്ടി സംസ്ഥാന സമിതിയംഗം ടി. മുഹമ്മദ് വേളം അധ്യക്ഷത വഹിച്ചു. ജമാഅത്തെ ഇസ്ലാമി സംസ്ഥാന സെക്രട്ടറി ശിഹാബ് പൂക്കോട്ടുര്‍, ഡോ. പി.എ അബൂബക്കര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു. 

മൂന്നാം ദിവസത്തെ ചര്‍ച്ചാ സെഷനില്‍ പ്രഫ. എ.കെ. രാമകൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. ദല്‍ഹി 'ക്വില്‍' ഫൗണ്ടേഷന്‍ ഡയറക്ടര്‍ കെ.കെ. സുഹൈല്‍ 'ഇന്ത്യയിലെ ഇസ്ലാമിക ഭീകരത; മിത്തും യാഥാര്‍ഥ്യവും' എന്ന വിഷയത്തില്‍ പ്രബന്ധം അവതരിപ്പിച്ചു. ഫറോക്ക് ഇര്‍ശാദിയാ കോളജ് ലക്ചറര്‍ ശുഹൈബ് മുഹമ്മദ്, എഴുത്തുകാരന്‍ കെ.കെ. ബാബുരാജ്, ചെന്നൈ ദി ന്യൂ കോളജ് ചരിത്രവിഭാഗം അസി. പ്രഫസര്‍ ഇ.എസ്. അസ്ലം, ജെ.എന്‍.യു ഗവേഷക വിദ്യാര്‍ഥിനി ഉമ്മുല്‍ ഫായിസ, സാമൂഹിക പ്രവര്‍ത്തക കെ.പി. സല്‍വ, ഹൈദരാബാദ് ഇഫ്ളുവിലെ അസി. പ്രഫസര്‍ ഡോ. ബി.എസ്. ഷെറിന്‍ എന്നിവര്‍ പ്രബന്ധങ്ങള്‍ അവതരിപ്പിച്ചു. 

സമാപന സമ്മേളനം ജമാഅത്തെ ഇസ്ലാമി കേരള അമീര്‍ എം.ഐ അബ്ദുല്‍ അസീസ് ഉദ്ഘാടനം ചെയ്തു. മുസ്ലിം സമൂഹത്തെ ഭീതിയുടെ മുനമ്പില്‍ നിര്‍ത്താന്‍ ബോധപൂര്‍വമായ ശ്രമം നടക്കുന്നതായി അദ്ദേഹം അഭിപ്രായപ്പെട്ടു. അന്താരാഷ്ട്ര തലത്തില്‍ സാമ്രാജ്യത്വമാണെങ്കില്‍ ഇന്ത്യയില്‍ സംഘ്പരിവാറിന്റെ മേല്‍നോട്ടത്തിലാണ് ഇസ്ലാംഭീതി പടര്‍ത്താന്‍ ശ്രമിക്കുന്നത്. അടിസ്ഥാനരഹിതമായ വാര്‍ത്തകള്‍ക്ക് മുന്‍തൂക്കം നല്‍കി മാധ്യമങ്ങളും ഈ ശ്രമത്തില്‍ പങ്കുചേരുന്നു. ലൗ ജിഹാദ് സംഭവത്തിലും മറ്റും നടന്നത് ഉദാഹരണം. മുസ്ലിം പേര് സ്വീകരിക്കുന്നതുപോലും അപകടകരമായി കാണുന്ന സാമൂഹിക സാഹചര്യമാണ് നിലവിലുള്ളത്. ഈ അവസ്ഥയെ തിരിച്ചറിയാനും പ്രതിരോധിക്കാനും കേരള സമൂഹത്തിന് കഴിയേണ്ടതുണ്ട്. ഇസ്ലാമിന്റെ വിമോചനപരമായ ഉള്ളടക്കമാണ് വേട്ടയാടപ്പെടലിന് കാരണം. മാതൃകാപരമായ സമൂഹസൃഷ്ടിക്കുള്ള ശ്രമം മുസ്ലിം സമൂഹത്തിന്റെ ഭാഗത്തുനിന്ന് ഉണ്ടാകണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പ്രസിഡന്റ് ടി. ശാകിര്‍ അധ്യക്ഷത വഹിച്ചു. ന്യുനപക്ഷ വികസന കോര്‍പറേഷന്‍ ചെയര്‍മാന്‍ പ്രഫ. എ.പി അബ്ദുല്‍ വഹാബ്, എം.ഇ.എസ് സംസ്ഥാന പ്രസിഡന്റ് ഡോ. പി.എ ഫസല്‍ ഗഫൂര്‍, വെല്‍ഫെയര്‍ പാര്‍ട്ടി ദേശീയ സെക്രട്ടറി കെ. അംബുജാക്ഷന്‍, മാധ്യമം-മീഡിയവണ്‍ ഗ്രൂപ്പ് എഡിറ്റര്‍ ഒ. അബ്ദര്‍ുറഹ്മാന്‍, ജമാഅത്തെ ഇസ്ലാമി സംസ്ഥാന അസി. അമീര്‍ ശൈഖ് മുഹമ്മദ് കാരകുന്ന്, എസ്.ഐ.ഒ സംസ്ഥാന പ്രസിഡന്റ് സി.ടി സുഹൈബ്, ജി.ഐ.ഒ സംസ്ഥാന സെക്രട്ടറി ഫസ്ന മിയാന്‍ സംസാരിച്ചു. സാദിഖ് ഉളിയില്‍ സ്വാഗതവും മിയാന്‍ദാദ് നന്ദിയും പറഞ്ഞു. അഞ്ചു സെഷനുകളിലായി നടന്ന അക്കാദമിക് കോണ്‍ഫറന്‍സില്‍ 25 പ്രബന്ധങ്ങളാണ്  അവതരിപ്പിക്കപ്പെട്ടത്.

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-25 / അല്‍ ഫുര്‍ഖാന്‍ / (55-59)
എ.വൈ.ആര്‍

ഹദീസ്‌

ജീവിതം മൃദുലമാക്കുക
ജുമൈല്‍ കൊടിഞ്ഞി