വാര്‍ധക്യമില്ല, യൗവനം മാത്രം
നമ്മില്‍ പലരും അകാലത്തില്‍ വൃദ്ധരാവുന്നു. നാല്‍പതോ അമ്പതോ വയസ്സാകുമ്പോള്‍ തന്നെ 'ഞങ്ങള്‍ക്കൊക്കെ വയസ്സായി, ഇനി നിങ്ങള്‍ യുവാക്കള്‍ ഏറ്റെടുക്കുക' എന്ന പല്ലവിയുമായി കര്‍മരംഗം വിടാന്‍ ശ്രമിക്കുന്നവരെ കാണാം. വാര്‍ധക്യം ഒരര്‍ഥത്തില്‍ ഒരു മാനസികാവസ്ഥയാണ്. തൊണ്ണൂറ് വയസ്സിലും നിങ്ങള്‍ക്ക് യുവാവായി ജീവിക്കാം; ആര്‍ജവത്തോടെ, ഔത്സുക്യത്തോടെ, കൃത്യാന്തരബാഹുല്യത്തോടെ. ആദ്യം മനസ്സില്‍നിന്ന് 'ഞാന്‍ വൃദ്ധനായി' എന്ന തോന്നല്‍ പാടേ മാറ്റുക; 'ഞാനിപ്പോഴും യുവാവ് തന്നെ' എന്ന ആത്മബോധം തല്‍സ്ഥാനത്ത് പ്രതിഷ്ഠിക്കുക.
പ്രവാചകന്‍(സ) പഠിപ്പിച്ചു: ''ആയുസ്സ് നീളുകയും കര്‍മം സുകൃതമാവുകയും ചെയ്യുന്ന മനുഷ്യനെ അല്ലാഹു അനുഗ്രഹിക്കുന്നു.'' പ്രവാചകന്റെ മാതൃക നോക്കൂ; നാല്‍പതു വയസ്സിനു ശേഷമാണ് അദ്ദേഹത്തിന്റെ പ്രധാന ജീവിത നേട്ടങ്ങളെല്ലാം തന്നെ. നിരവധി വെല്ലുവിളികള്‍, യുദ്ധങ്ങള്‍, വന്‍ ശക്തികളോടുള്ള ഏറ്റുമുട്ടലുകള്‍, ഒടുവില്‍ തകര്‍പ്പന്‍ വിജയങ്ങള്‍, മാനവചരിത്രത്തില്‍ തുല്യതയില്ലാത്ത ഒരു സാമൂഹിക-രാഷ്ട്രീയ ക്രമത്തിന്റെ കെട്ടിപ്പടുക്കല്‍, മദീനാ മുനവ്വറയെന്ന കൊച്ചുനഗരത്തെ ലോകത്തിന്റെ ആസ്ഥാനവും പ്രതീക്ഷാകേന്ദ്രവുമാക്കല്‍... ഇതൊക്കെ അവിടുന്ന് നേടിയെടുത്തത് നാല്‍പതു വയസ്സിനു ശേഷമാണ്.
നിങ്ങളുടെ വ്യക്തിത്വത്തെ നിത്യകര്‍മോത്സുകവും പുരോഗമനോന്മുഖവും പ്രതീക്ഷാനിര്‍ഭരവുമാക്കാന്‍ സാധിക്കും; വയസ്സെത്രയാകട്ടെ. ഒന്നു മാത്രമാണ് ആവശ്യം; നിഷേധാത്മക സമീപനം വര്‍ജിക്കുക, രചനാത്മക സമീപനം കൈക്കൊള്ളുക.
പ്രായം കൂടുംതോറും യൗവനം നിലനിര്‍ത്താന്‍ സഹായിക്കുന്ന വിദ്യകളും ചര്യകളും സമ്പ്രദായങ്ങളും സമഗ്രമായി പ്രതിപാദിക്കുക ഈ ലേഖനത്തിന്റെ ഉദ്ദേശ്യമല്ല. ആ പട്ടിക നീണ്ടതാണ്. ചില വീക്ഷണങ്ങള്‍ പങ്കുവെക്കുകയാണിവിടെ:
ഒരാള്‍ക്ക് ആത്മവിശ്വാസമില്ലെങ്കില്‍ മറ്റാരിലും തന്നെക്കുറിച്ച് വിശ്വാസവും മതിപ്പുമുണ്ടാക്കാനാവില്ല. ജീവിതവിജയം (Life Success) എന്ന ഗ്രന്ഥത്തിന്റെ കര്‍ത്താവ് വേണുജി സോമിനിനി പറയുന്നു: ''ആത്മവിശ്വാസം അമൂല്യമായ ഒരു സ്വത്താണ്. മോശം കാലത്ത് നിങ്ങള്‍ക്കെല്ലാം നഷ്ടപ്പെടാം-സ്ഥാനം, സമ്പത്ത്, ആരോഗ്യം, സന്തോഷം എല്ലാം. എന്നിരുന്നാലും വര്‍ഷങ്ങളിലൂടെ നിങ്ങള്‍ വളര്‍ത്തിയെടുത്ത വിദ്യകള്‍, തത്ത്വദീക്ഷ, ആത്മവിശ്വാസ ശ്രേണികള്‍ എന്നിവ ഒരിക്കലും നഷ്ടപ്പെടുകയില്ല. എല്ലാം കൂടുതലായി തിരിച്ചുകൊണ്ടുവരാന്‍ പോന്നതാണ് ആത്മവിശ്വാസം......
''ആത്മബോധം, വിജ്ഞാനം, പരിചയം, യുക്തിബോധം എന്നിവയിലാണ് ആത്മവിശ്വാസം നിലകൊള്ളുന്നത്. എത്ര വലിയതാണോ നിങ്ങള്‍ പരിഹരിക്കുന്ന പ്രശ്‌നം, അതിനനുസരിച്ച് കൂടുതല്‍ ആത്മവിശ്വാസം നിങ്ങള്‍ കെട്ടിപ്പടുക്കുന്നു. സ്വാശ്രയത്വവും ആത്മവിശ്വാസവും പരസ്പരപൂരകങ്ങളാണ്. മറ്റുള്ളവരെ അത്രയൊന്നും അവലംബിക്കരുത്. സ്വന്തം പരിചയത്തിലൂടെ ഏറ്റവും സാധ്യമായ പരിഹാരങ്ങള്‍ തെരഞ്ഞെടുത്തുകൊണ്ട് സ്വയം തീരുമാനങ്ങളെടുക്കാന്‍ നിങ്ങള്‍ക്ക് കഴിയണം. അതേസമയം പുതിയ ആശയങ്ങള്‍, ചിന്തകള്‍ എന്നിവയൊക്കെ സ്വീകരിക്കാന്‍ തുറന്ന മനസ്സുമുണ്ടാവണം. അപ്പോഴാണ് നിങ്ങള്‍ ചെയ്യാനുദ്ദേശിക്കുന്ന കാര്യങ്ങളില്‍ പ്രധാന മാറ്റം സൃഷ്ടിക്കാനാവുക....
''ചുരുക്കത്തില്‍, അധിക ജീവിതവിജയികളും സ്വാശ്രയത്വമുള്ളവരും വലിയ ആത്മവിശ്വാസമുള്ളവരുമാണ്. ലോകത്ത് മറ്റാരേക്കാളുമധികം അവര്‍ സ്വന്തത്തില്‍ വിശ്വസിക്കുന്നു, എപ്പോഴും തങ്ങളുടെ ഹൃദയമന്ത്രങ്ങള്‍ പിന്തുടരുന്നു.''
നിര്‍മാണാത്മക ചിന്ത (Positive Thinking)
പ്രവാചകന്‍(സ) നിര്‍മാണാത്മക ചിന്തയെ പ്രോത്സാഹിപ്പിച്ചു. എല്ലാ നിഷേധാത്മക ചിന്തകളെയും പൂര്‍ണമായി നിരുത്സാഹപ്പെടുത്തി. അവിടുന്ന് പഠിപ്പിച്ച ഒരു പ്രാര്‍ഥന നോക്കൂ: ''അല്ലാഹുവേ! മനോവ്യഥയില്‍നിന്നും ദുഃഖത്തില്‍നിന്നും ദൗര്‍ബല്യത്തില്‍നിന്നും മടിയില്‍നിന്നും ഭീരുത്വത്തില്‍നിന്നും പിശുക്കില്‍നിന്നും ഞാന്‍ നിന്നില്‍ അഭയം തേടുന്നു.'' എല്ലാ നിഷേധാത്മക മാനസികാവസ്ഥകളില്‍നിന്നും ചിന്തകളില്‍നിന്നും മുക്തമാകാന്‍ ഈ ഹദീസ് നമ്മെ പഠിപ്പിക്കുന്നു.
മനുഷ്യനെ എന്നും സക്രിയനും പ്രതീക്ഷാഭരിതനും ശുഭാപ്തി വിശ്വാസിയും കര്‍മോത്സുകനുമാക്കാനാണ് പ്രവാചകന്‍(സ) ശ്രമിച്ചത്; തന്റെ മാതൃകയിലൂടെയും അധ്യാപനങ്ങളിലൂടെയും. അങ്ങനെ കര്‍മോത്സുകരും ധീരരും എന്തിനും സജ്ജരുമായ ഒരു മനോഹര സമൂഹത്തെ അവിടുന്ന് വാര്‍ത്തെടുത്തു; മനുഷ്യചരിത്രത്തില്‍ തുല്യതയില്ലാത്ത സമൂഹം.
ഒരിക്കല്‍ പ്രവാചകന്‍ ഉപദേശിച്ചു: 'അബലനാവല്ല. ഞാനിങ്ങനെ ചെയ്തിരുന്നെങ്കില്‍, അങ്ങനെ ചെയ്തിരുന്നെങ്കില്‍ എന്ന പല്ലവിയുടെ അടിമയാവല്ല. 'എങ്കില്‍' എന്നത് പൈശാചികപ്രവര്‍ത്തനത്തിന്റെ കവാടമാണ്.'' പോയകാലത്തില്‍ കണ്ണുടക്കിനിര്‍ത്തുന്നതിനു പകരം ഭാവിയിലേക്ക് ഉറ്റുനോക്കാനാണ് പ്രവാചകന്‍ പഠിപ്പിക്കുന്നത്. ജനങ്ങള്‍ പൊതുവെ 'എന്റുപ്പാപ്പക്കൊരാനണ്ടാര്‍ന്നു' പ്രകൃതക്കാരാണ്. അവര്‍ ഭൂതത്തില്‍ ജീവിക്കുന്നു. ഭാസുര ഭാവിയെക്കുറിച്ച ചിന്ത കടുത്ത പരീക്ഷണഘട്ടങ്ങളുടെ നടുവില്‍ പോലും മനുഷ്യനെ കര്‍മോത്സുകനും പ്രവര്‍ത്തനോന്മുഖനുമാക്കുന്നു.
പരാജയങ്ങളെ വിജയങ്ങളാക്കുക
ഏതെങ്കിലുമൊരു കാര്യത്തില്‍ നേരിയ പരാജയം നേരിടുമ്പോഴേക്കും തളരുന്നവരുണ്ട്. അത്തരക്കാര്‍ തങ്ങളുടെ ജീവിതം സ്വയം നശിപ്പിക്കുന്നു. പരാജയങ്ങള്‍ വിജയത്തിന്റെ കവാടങ്ങളാണെന്ന് അവരറിയുന്നില്ല. ഫലം, പരാജയം അവരുടെ സന്തതസഹചാരിയാവുന്നു.
അമേരിക്കയുടെ പതിനാറാമത്തെ പ്രസിഡന്റായിരുന്ന അബ്രഹാം ലിങ്കന്‍ പരാജയങ്ങളെ ഒന്നിനു പിറകെ മറ്റൊന്നായി നേരിട്ട് പരാജയപ്പെടുത്തിയതില്‍ ഏറ്റവും നല്ല മാതൃകയാണ്. പ്രസിഡന്റ് പദവിയിലെത്താന്‍ അദ്ദേഹത്തിന് മുപ്പതു വര്‍ഷത്തെ നിതാന്ത ശ്രമം വേണ്ടിവന്നു. പരാജയങ്ങള്‍ അദ്ദേഹത്തെ നിഴല്‍ പോലെ പിന്തുടര്‍ന്നു. വീട്ടില്‍നിന്ന് പുറത്താക്കപ്പെട്ടു; വാടക കൊടുക്കാന്‍ കഴിയാത്തതിനാല്‍. ബിസിനസ് പരാജയപ്പെട്ടു. കടബാധിതനായി; പതിനേഴു വര്‍ഷം കൊണ്ടാണ് ആ കടം തീര്‍ത്തത്. ആറു മാസത്തോളം രോഗബാധിതനായി ശയ്യാവലംബിയായി. സ്‌റ്റേറ്റ് അസംബ്ലിയിലേക്ക് മത്സരിച്ചു. മിക്കപ്പോഴും പരാജയപ്പെട്ടു. 1848-ല്‍ അമേരിക്കന്‍ കോണ്‍ഗ്രസ്സിലേക്കും 1854-ലും 1858-ലും സെനറ്റിലേക്കും മത്സരിച്ചു. എല്ലാറ്റിലും പരാജയം. ഒടുവില്‍ 1860-ല്‍ അമേരിക്കന്‍ പ്രസിഡന്റായി അബ്രഹാം ലിങ്കന്‍ തെരഞ്ഞെടുക്കപ്പെട്ടു.
ദൃഢനിശ്ചയം (Determination)
വിജയികളുടെ വ്യക്തിത്വത്തിന്റെ മറ്റൊരു അവിഭാജ്യ ഘടകമാണ് ദൃഢനിശ്ചയം. പാറപോലെ ഉറച്ചുനില്‍ക്കാനും ഏതു വെല്ലുവിളിയെയും നേരിടാനും എല്ലാ പ്രതിബന്ധങ്ങളെയും തൃണവത്ഗണിച്ച് മുന്നോട്ടു പോകാനുമുള്ള മനോധൈര്യം. ഒരു കാര്യത്തില്‍ തീരുമാനമെടുത്തുകഴിഞ്ഞാല്‍ രണ്ടും കല്‍പിച്ച് അതങ്ങ് നടപ്പില്‍വരുത്തുക. ഖുര്‍ആന്‍ പറയുന്നു: ''തീരുമാനമെടുത്താല്‍ പിന്നെ അല്ലാഹുവില്‍ അവലംബിക്കുക. അല്ലാഹു അവനെ അവലംബിക്കുന്നവരെ സ്‌നേഹിക്കുന്നു'' (3:159).
നേരത്തേ പരാമര്‍ശിച്ച 'ഘശളല ടൗരരല'ൈ എന്ന ഗ്രന്ഥത്തില്‍ പറയുന്നു: ''മാനുഷിക കാര്യക്ഷമത ദൃഢനിശ്ചയ കലയെ ആസ്പദിച്ചിരിക്കുന്നു. ദൃഢനിശ്ചയത്തിന്റെ ശക്തികൊണ്ട് നീ ആഗ്രഹിക്കുന്ന എന്തും നേടിയെടുക്കാനുള്ള മനശ്ശക്തി ബഹിര്‍ഗമിപ്പിക്കാനും പരാജയം കടന്നുകൂടാനുള്ള എല്ലാ വാതിലുകളും കൊട്ടിയടക്കാനും സാധിക്കുന്നു. ജീവിത വിജയികളായ അധികപേരും തങ്ങള്‍ ചെയ്യുന്നതില്‍ ജാഗ്രമനഃസ്ഥിതിക്കാരാണ്. എന്നാല്‍ ഒട്ടുമിക്കയാളുകളും ശിഥില ചിന്തകളാല്‍ ശ്വാസം മുട്ടുകയും വിജയത്തിന്റെ മുത്തുകള്‍ കാണാന്‍ കഴിയാതെ കുഴങ്ങുകയും ചെയ്യുന്നു.....
''പൂര്‍ണമായും കേന്ദ്രീകൃതവും (എീരൗലൈറ) സമര്‍പ്പിതവും (ഇീാാശേേലറ) ആയിക്കൊണ്ട് പ്രവര്‍ത്തിക്കാതെ ഈ ലോകത്തെന്തെങ്കിലും നേടിയെടുക്കുക പ്രയാസകരമാണ്. നിങ്ങളൊരു കാര്യം പൂര്‍ണ സമര്‍പ്പണഭാവത്തോടെ ചെയ്യാനാരംഭിച്ചാല്‍ സ്വന്തത്തോടും ഭാര്യയോടും കുടുംബാംഗങ്ങളോടും സ്‌നേഹിതന്മാരോടും ഇഷ്ടജനങ്ങളോടും വാഗ്ദത്തം ചെയ്യുക; അത് നിറവേറ്റുക തന്നെ ചെയ്യുമെന്ന്.... വല്ലതും നിര്‍മിച്ചെടുക്കാന്‍ ധാരാളം ശ്രമം വേണം. പക്ഷേ നിമിഷങ്ങള്‍ മതി എന്തും തകര്‍ക്കാന്‍.....
''എന്തെങ്കിലും ചെയ്യാന്‍ തീരുമാനമെടുത്താല്‍ നിശ്ചിത തീയതിക്കും സമയത്തിനും പൂര്‍ത്തീകരിക്കുമെന്നുറപ്പുവരുത്തുക. ഒരിക്കലും ഒഴികഴിവുകളില്‍ പിടിച്ചുതൂങ്ങരുത്'' (പേജ് 11).
ശുഭാപ്തി
കര്‍മോന്മുഖ വ്യക്തിത്വത്തിന്റെ മറ്റൊരു ഘടകമാണ് ശുഭാപ്തി. അശുഭാപ്തിയോടെ കാര്യങ്ങള്‍ കാണുന്ന പലരുമുണ്ട്. ഒരു ചെറിയ സംഗതിയെക്കുറിച്ചു പോലും 'എന്തൊക്കെയാണുണ്ടാവുക പടച്ചോനേ' എന്ന ഭയത്തിന്റെ സ്വരമാണവര്‍ക്കുാവുക. ഇന്ന കാര്യം ചെയ്യൂ എന്നു പറയുമ്പോള്‍ അത്തരക്കാരുടെ ആദ്യ പ്രതികരണം അത് സാധ്യമല്ല എന്നായിരിക്കും. സാധ്യതയെക്കുറിച്ച അന്വേഷണത്തിനു മുമ്പുതന്നെ 'സാധ്യമല്ല' എന്ന മുന്‍വിധിയിലെത്തിയ ശേഷം എത്രയോ കാര്യങ്ങള്‍ നിഷ്പ്രയാസം ചെയ്തുതന്ന ഒരാളെ എനിക്കറിയാം.
ശുഭാപ്തി കൊണ്ട് ഒന്നും നഷ്ടപ്പെടാനില്ല, നേടാന്‍ മാത്രമേയുള്ളൂ. മനസ്സിന് ശാന്തിയും സാന്ത്വനവും ലഭിക്കുന്നു. നല്ലതേ ഭവിക്കൂ എന്ന ഉറച്ച വിശ്വാസം-അപകടസാധ്യതയുള്ള ഘട്ടങ്ങളില്‍ പോലും- മനസ്സമാധാനം പകരുന്നു. ഇവിടെ ഒരു ചോദ്യം പ്രസക്തമാണ്. അപകടങ്ങള്‍ മുന്‍കൂട്ടിക്കണ്ട് മുന്‍കരുതലെടുക്കുന്നതില്‍നിന്ന് ശുഭാപ്തി വിശ്വാസിയെ അത് തടയുകയില്ലേ? അത്തരം മുന്‍കരുതലുകളെടുക്കുക ആവശ്യം തന്നെ. എന്നാല്‍ അത്തരം സന്ദര്‍ഭങ്ങളില്‍ പോലും ശുഭാപ്തി ധൈര്യവും മനശ്ശാന്തിയും പകരുന്നു.
നബിചരിത്രത്തില്‍നിന്ന് ഒരു ഭാഗം ഉദ്ധരിക്കാം. പ്രവാചകപത്‌നി ആഇശ(റ)യെക്കുറിച്ച അപവാദ പ്രചാരണം മദീനയെ ഒന്നടങ്കം പിടിച്ചുകുലുക്കിയ സന്ദര്‍ഭം. ഖുര്‍ആനും പ്രവാചകനും കെട്ടിപ്പടുത്ത ധാര്‍മിക, സദാചാര സൗധത്തിന്റെ അടിത്തറയാണ് കുലുങ്ങുന്നത്. മദീനയിലെ മുസ്‌ലിം സമൂഹവും അടിമുടി വ്യാകുലതയിലും വെപ്രാളത്തിലുമായി. അപ്പോള്‍ അന്നൂര്‍ എന്ന ഖുര്‍ആനികാധ്യായം അവതരിക്കുന്നു. അതില്‍ അല്ലാഹുവിന്റെ ഒരു പ്രഖ്യാപനമുണ്ട്: ''അത് നിങ്ങള്‍ക്ക് തിന്മയാണെന്ന് കരുതേണ്ട. മറിച്ച് അത് നന്മയാണ്.'' കുപ്രചാരണമെന്ന സംഭവ യാഥാര്‍ഥ്യത്തെ പാടേ നിസ്സാരമാക്കി അശുഭ കാര്യങ്ങള്‍ നന്മയാക്കി മാറ്റാനുള്ള ഉജ്ജ്വല ആഹ്വാനം. അപവാദ പ്രചാരണത്തിനും വ്യഭിചാരത്തിനും ശിക്ഷകള്‍ വിധിക്കുന്ന ഈ ഖുര്‍ആനികാധ്യായം മുസ്‌ലിം സമൂഹത്തിന്റെ ധാര്‍മികവും സദാചാരപരവുമായ അടിത്തറ വിശദീകരിക്കുകയും ചെയ്തു. ആഇശ(റ)യുടെ നിരപരാധിത്വം ആകാശത്ത് വിളംബരം ചെയ്യപ്പെട്ടു. മദീനയിലെ മുസ്‌ലിം സമൂഹത്തെ അത് സന്തോഷഭരിതരും കൂടുതല്‍ കര്‍മോന്മുഖരുമാക്കി. ഏതു സന്ദിഗ്ധഘട്ടത്തിലും പ്രക്ഷുബ്ധമായ സാഹചര്യങ്ങളുടെ തടവുകാരാവാതെ പ്രതീക്ഷയുടെ കെടാവിളക്കുമായി ഭാവിയിലേക്ക് മുന്നേറാന്‍ ആ സംഭവം നമ്മെ പഠിപ്പിക്കുന്നു.
മക്കന്‍ നെരിപ്പോടില്‍ ബിലാല്‍-അമ്മാറുമാര്‍ വെന്തുരുകുന്ന കാലം. ഖുറൈശീപ്രമാണിമാര്‍ അതു കണ്ട് രസിക്കുന്നു. അനുചരന്മാര്‍ പ്രവാചകനോട് അപേക്ഷിച്ചു: ''അല്ലാഹുവിന്റെ റസൂലേ, അങ്ങ് അല്ലാഹുവിനോട് പ്രാര്‍ഥിക്കുന്നില്ലേ...'' അവിടുന്ന് പറഞ്ഞു: ''നിങ്ങള്‍ തിരക്കു കൂട്ടുകയാണ്. (ഭാസുരമായ) ഒരു കാലം വരാനിരിക്കുന്നു. അന്ന് സ്വന്‍ആ മുതല്‍ ഹദ്‌റമൗത്ത് വരെ സ്ത്രീ നിര്‍ഭയയായി സഞ്ചരിക്കും.'' കൊള്ളയും കൊലയും പിടിച്ചുപറിയും സാധാരണ ജീവിതത്തിന്റെ ഭാഗമായിരുന്ന ആ പ്രദേശങ്ങളിലും ശാന്തിയും സമാധാനവും പുലരുന്ന കാലം വരുമെന്നാണ് - ഇസ്‌ലാമിന്റെ വിജയത്തോടെ- പ്രവാചകന്‍ പ്രവചിക്കുന്നത്. ആ പ്രവചനം അക്ഷരംപ്രതി പുലരുകയും ചെയ്തു.
ഭാവനകള്‍, സ്വപ്‌നങ്ങള്‍
ഭാവിയെക്കുറിച്ച നല്ല ഭാവനകള്‍, സുന്ദര സ്വപ്‌നങ്ങള്‍ കൊണ്ടുനടക്കുന്നവര്‍ വിജയികളും ജേതാക്കളുമായിരിക്കും. ഇമാം ഹസനുല്‍ ബന്നാ പറയാറുണ്ടായിരുന്നു: ''ഇന്നിന്റെ സ്വപ്‌നങ്ങളാണ് നാളെയുടെ യാഥാര്‍ഥ്യങ്ങള്‍'' (അഹ്‌ലാമുല്‍ യൗമി ഹഖാഇഖുല്‍ ഗദ്).
ഇമാം ബന്നായുടെ ജീവചരിത്രം പഠിക്കുന്ന, അദ്ദേഹത്തിന്റെ ഗ്രന്ഥങ്ങള്‍ (വിശിഷ്യാ തഅ്‌ലീമാത്ത്) വായിക്കുന്ന ഏതൊരാള്‍ക്കും ബോധ്യപ്പെടും; എത്ര വലിയ ഭാവനാശാലിയും സ്വപ്‌നങ്ങള്‍ കാണുന്നവനുമായിരുന്നു അദ്ദേഹമെന്ന്. അധഃപതനത്തിന്റെ അടിത്തട്ടിലേക്കാണ്ട മുസ്‌ലിം സമൂഹത്തെ നോക്കി അദ്ദേഹം പറഞ്ഞു: ''ഉണരുക, ദീര്‍ഘ സുഷുപ്തിയില്‍നിന്ന് സടകുടഞ്ഞെഴുന്നേല്‍ക്കുക. അന്തസ്സിന്റെയും അഭിമാനത്തിന്റെയും ലോകം അതാ നിങ്ങളെ കാത്തിരിക്കുന്നു. നമുക്കൊരു പുതുലോകം പണിയാം. നവ ലോക നിര്‍മിതിക്കാവശ്യമായ എല്ലാ കരുക്കളും മൂല്യങ്ങളും ഇസ്‌ലാമിലുണ്ട്.'' അധര്‍മത്തിന്റെ കാവല്‍ക്കാര്‍, ബ്രിട്ടീഷ് സാമ്രാജ്യത്വത്തിന്റെ ഏജന്റുമാര്‍ നാല്‍പത്തിരാം വയസ്സില്‍ ഹസനുല്‍ ബന്നായെ രക്തസാക്ഷിത്വത്തിനിരയാക്കിയിരുന്നില്ലെങ്കില്‍ അദ്ദേഹം ആ നവലോകം നിര്‍മിച്ചേനെ. എന്നാല്‍, അദ്ദേഹം സ്ഥാപിച്ച മഹാ പ്രസ്ഥാനം ഒരളവോളം ആ നവലോക നിര്‍മിതിക്ക് അടിത്തറയിടുകതന്നെ ചെയ്തു. കയ്‌റോയിലെ ബ്രിട്ടീഷ് എംബസിയില്‍ ഒരു ഫയലുണ്ടായിരുന്നു; അതില്‍ ഹസനുല്‍ ബന്നായെ കുറിച്ച് ഇപ്രകാരം അവര്‍ എഴുതിവെച്ചു: ''മധ്യപൂര്‍വദേശത്തെ ഏറ്റവും അപകടകാരിയായ മനുഷ്യന്‍.''
പുഞ്ചിരി, മുഖപ്രസാദം
പ്രവാചകന്‍(സ) പുഞ്ചിരിക്ക് വലിയ പ്രാധാന്യം കല്‍പിച്ചിരുന്നു. അവിടുന്ന് പറഞ്ഞു: ''എല്ലാ നന്മയും സ്വദഖയാണ്. നീ നിന്റെ സഹോദരനെ സുസ്‌മേരവദനനായി അഭിമുഖീകരിക്കുന്നതും ധര്‍മമാണ്'' (ബുഖാരി, മുസ്‌ലിം). ചില ആളുകളുടെ മുഖത്ത് സദാ ദേഷ്യഭാവമായിരിക്കും. മനശ്ശാസ്ത്രജ്ഞര്‍ പറയുന്നത് പുഞ്ചിരിതൂകാന്‍ അല്‍പം നാഡികളേ ചലിക്കേണ്ടതുള്ളൂ, എന്നാല്‍ ക്രോധത്തിന് അതിനേക്കാള്‍ എത്രയോ ഇരട്ടി നാഡികള്‍ ചലിക്കണം. ദൈവദൂതന്‍ ഉപദേശിച്ച പുഞ്ചിരി എത്ര സാര്‍ഥകം, ഫലപ്രദം!
Mercy: Prophet Muhammed's Legacy to All Creations (ദയാനിധിയായ ദൈവദൂതന്‍) എന്ന ഗ്രന്ഥത്തിന്റെ കര്‍ത്താവാണ് ലേഖകന്‍. Messenger of Mercy Foundation International എന്ന പേരില്‍, പ്രവാചകവ്യക്തിത്വത്തിന്റെ കാരുണ്യം എന്ന വശത്തിലൂന്നി പ്രചാരണപ്രവര്‍ത്തനങ്ങള്‍ നടത്തുന്ന സംഘടനക്ക് അദ്ദേഹം രൂപം നല്‍കിയിട്ടു്. ലോകത്തിന്റെ എല്ലാ ഭാഗത്തുനിന്നുമുള്ള അമ്പതിനായിരത്തില്‍പരം പണ്ഡിതന്മാരുടെയും ചിന്തകരുടെയും വേദിയായ, ശൈഖ് യൂസുഫുല്‍ ഖറദാവി നേതൃത്വം നല്‍കുന്ന ലോക മുസ്‌ലിം പണ്ഡിതസഭ- International Union For Muslim Scholars-യുടെ സ്ഥാപകാംഗവുമാണ്.
Comments