Prabodhanm Weekly

Pages

Search

2017 ജനുവരി 13

2984

1438 റബീഉല്‍ ആഖിര്‍ 14

സെവില്‍ ശാഹിദ പ്രധാനമന്ത്രിയാവില്ല

അബൂസ്വാലിഹ

ചുണ്ടിനും കപ്പിനുമിടയില്‍ സെവില്‍ ശാഹിദക്ക് പ്രധാനമന്ത്രി പദവി നഷ്ടമായി. അവര്‍ റൊമാനിയയുടെ ആദ്യത്തെ മുസ്‌ലിം വനിതാ പ്രധാനമന്ത്രിയാവുമെന്നാണ് കരുതപ്പെട്ടിരുന്നത്. പക്ഷേ, റൊമാനിയന്‍ പ്രസിഡന്റ് ക്ലോഡ് ഇഹോനിസ് അവരുടെ നോമിനേഷന്‍ അംഗീകരിച്ചില്ല. സോഷ്യല്‍ ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ മുതിര്‍ന്ന നേതാക്കളിലൊരാളായ സൊറിന്‍ ഗ്രിന്‍ഡിയാനു ആണ് പുതിയ പ്രധാനമന്ത്രി. കഴിഞ്ഞ ഡിസംബറില്‍ നടന്ന തെരഞ്ഞെടുപ്പില്‍ ഡെമോക്രാറ്റിക് പാര്‍ട്ടി വന്‍ വിജയം കൊയ്തിരുന്നു. പാര്‍ട്ടിയെ നയിച്ച ലിവിയു ഡ്രാഗ്നിയ പ്രധാനമന്ത്രിയാകുമെന്നാണ് കരുതപ്പെട്ടിരുന്നതെങ്കിലും തെരഞ്ഞെടുപ്പില്‍ കൃത്രിമം കാണിച്ചതിന് ശിക്ഷിക്കപ്പെട്ടയാളായതുകൊണ്ട് അദ്ദേഹത്തെ അംഗീകരിക്കാന്‍ പ്രസിഡന്റ് കൂട്ടാക്കിയില്ല. അങ്ങനെയാണ് നിരവധി പരിചയസമ്പന്നരായ നേതാക്കള്‍ ഉണ്ടായിരിക്കെ, ഡ്രാഗ്നിയ ഭരണ പരിചയം വേണ്ടത്രയില്ലാത്ത ശാഹിദയെ നോമിനേറ്റ് ചെയ്തത്.

ശാഹിദയുടെ നോമിനേഷന്‍ തള്ളാന്‍ പ്രത്യേക കാരണമൊന്നും പ്രസിഡന്റ് പറഞ്ഞിട്ടില്ല. പരിചയക്കുറവാകാം കാരണമെന്നും അത് മുസ്‌ലിമായതിന്റെ പേരിലല്ലെന്നുമാണ് രാഷ്ട്രീയ വൃത്തങ്ങളുടെ അഭിപ്രായം. ഒരു പുതുമുഖത്തെ മുന്നില്‍ നിര്‍ത്തി പിന്‍സീറ്റ് ഡ്രൈവിംഗിനാണ് ഡ്രാഗ്നിയ ശ്രമിച്ചതെന്നും അവര്‍ ചൂണ്ടിക്കാട്ടുന്നു. ശാഹിദയുടെ ഭര്‍ത്താവിന്റെ സിറിയന്‍ ബന്ധമാണ് കാരണമെന്ന് വാദിക്കുന്നവരും ഉണ്ട്. 2011-ലായിരുന്നു ഇവരുടെ വിവാഹം. സിറിയന്‍ പൗരനായിരുന്ന അദ്ദേഹം 20 വര്‍ഷം സിറിയന്‍ കൃഷി വകുപ്പില്‍ ജോലി ചെയ്തിട്ടുണ്ട്. സിറിയന്‍ പ്രസിഡന്റ് ബശ്ശാറിനെയും ലബനാനിലെ ഹിസ്ബുല്ലയെയും പിന്തുണച്ചുകൊണ്ട് പല തവണ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്. ശാഹിദ പ്രധാനമന്ത്രിയായാല്‍ വിവരങ്ങള്‍ ചോര്‍ന്നേക്കുമെന്നും രാജ്യസുരക്ഷ അപകടത്തിലാകുമെന്നും ആരൊക്കെയോ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ടാവണം. ഏതായാലും കാരണങ്ങള്‍ തുറന്നുപറയാതെ നോമിനേഷന്‍ തള്ളിയത് വ്യാപക പ്രതിഷേധങ്ങള്‍ക്ക് ഇടവരുത്തി. 

 

 

താരിഖ് റമദാന്റെ പ്രതിഷേധം

 

'ഇസ്‌ന' (ഇസ്‌ലാമിക് സൊസൈറ്റി ഓഫ് നോര്‍ത്ത് അമേരിക്ക)യുടെയും ആര്‍.ഐ.എസി(റിവൈവിംഗ് ദി ഇസ്‌ലാമിക് സ്പിരിറ്റ്)ന്റെയും സമ്മേളനങ്ങളില്‍ ഇനി മുതല്‍ താന്‍ പങ്കെടുക്കില്ലെന്ന് ഓക്‌സ്‌ഫോഡ് യൂനിവേഴ്‌സിറ്റി പ്രഫസറും യൂറോപ്യന്‍ മുസ്‌ലിം ചിന്തകനുമായ താരിഖ് റമദാന്‍. അമേരിക്കയിലെ മുസ്‌ലിം കൂട്ടായ്മകളുടെ ഏറ്റവും വലിയ പൊതുവേദിയാണ് 'ഇസ്‌ന'. അതിന്റെ സമ്മേളനങ്ങളില്‍ പ്രമുഖ ആഗോള മുസ്‌ലിം ചിന്തകര്‍ പങ്കെടുക്കാറുമുണ്ട്. അമേരിക്കയില്‍ നടക്കുന്ന കടുത്ത നീതിനിഷേധങ്ങള്‍ക്കെതിരെ 'ഇസ്‌ന' പ്രതികരിക്കുന്നില്ലെന്നാണ് അദ്ദേഹത്തിന്റെ പരാതി. പൗരന്മാരെ എപ്പോള്‍ വേണമെങ്കിലും പിടിച്ചുകൊണ്ടുപോകുന്നു, അവര്‍ക്ക് തോന്നിയ പോലെ തടവ്ശിക്ഷ വിധിക്കുന്നു, ഏകാന്ത തടവറയിലിട്ടും മറ്റും അവരെ ശാരീരികമായും മാനസികമായും കടുത്ത പീഡനങ്ങള്‍ക്ക് വിധേയമാക്കുന്നു. എഫ്.ബി.ഐയുടെ ഇത്തരം രീതികള്‍ കാരണമാണ് ചിലരെങ്കിലും തീവ്രവാദത്തില്‍ എത്തിപ്പെടുന്നത്. ഇസ്‌ലാമിന്റെ പേരിലല്ല, അമേരിക്ക ഉയര്‍ത്തിപ്പിടിക്കുന്ന മൂല്യങ്ങളുടെ പേരില്‍തന്നെ ഇത്തരം നടപടികളെ ചെറുക്കേണ്ടതുണ്ട്. ഭയം കാരണം 'ഇസ്‌ന' നേതൃത്വം ഇത്തരം അതിക്രമങ്ങള്‍ക്ക് മുന്നില്‍ മൗനമവലംബിക്കുകയാണെന്നാണ് താരിഖ് റമദാന്റെ പരാതി. ഇസ്രയേല്‍ അതിക്രമങ്ങള്‍ക്കെതിരെയും 'ഇസ്‌ന' നേതൃത്വം മിണ്ടുന്നില്ല. വൈറ്റ് ഹൗസ് നടത്തിയ ഇഫ്ത്വാര്‍ പാര്‍ട്ടിയില്‍ പോലും പ്രസിഡന്റ് ഒബാമ ഇസ്രയേലിന്റെ മനുഷ്യത്വരഹിതമായ കൈയേറ്റങ്ങളെ ന്യായീകരിച്ചു. അപ്പോഴും സംഘടനക്ക് മൗനം തന്നെയായിരുന്നു. താന്‍ 'ഇസ്‌ന'യുടെ സമ്മേളനത്തില്‍ പങ്കെടുക്കുന്നത് അവരുടെ മൗനത്തിന് അംഗീകാരം നല്‍കലാവുമെന്നാണ് താരിഖ് റമദാന്റെ വാദം.

ആര്‍.ഐ.എസിന്റെ കാര്യത്തിലാവട്ടെ അവരുടെ 'അരാഷ്ട്രീയത'യാണ് റമദാനെ പ്രകോപിപ്പിക്കുന്നത്. സംഘടന സ്വയം എടുത്തണിയുന്ന 'സൂഫി' മുദ്ര മുസ്‌ലിം ലോകത്തെ ഒട്ടും ദാക്ഷിണ്യമില്ലാത്ത ചില ഏകാധിപത്യ ഭരണകൂടങ്ങള്‍ക്ക് ഓശാന പാടാനുള്ള മറയായി മാറ്റുന്നുണ്ടെന്നാണ് അദ്ദേഹത്തിന്റെ കണ്ടെത്തല്‍. ഈ 'സൂഫി അരാഷ്ട്രീയ'തയാണ് ആര്‍.ഐ.എസ് സമ്മേളനത്തിന്റെ അടിയാധാരമായി നില്‍ക്കുന്നത്. ''സമ്മേളനത്തില്‍ പങ്കെടുക്കുന്ന ചില പണ്ഡിതന്മാരുടെ വര്‍ത്തമാനങ്ങള്‍ ഏകാധിപത്യ ഭരണകൂടങ്ങള്‍ക്കുള്ള സ്തുതിഗീതങ്ങളായി മാറുന്നുണ്ട്. അത്തരം നിലപാടുകള്‍ സ്വീകരിക്കുന്നവര്‍ക്കൊപ്പമിരിക്കാന്‍ എനിക്ക് വയ്യ.'' 

 

അന്ദലൂസിന്റെ പതനം 525

 

ചരിത്രത്തില്‍ സുവര്‍ണ ലിപികളില്‍ എഴുതപ്പെട്ട മുസ്‌ലിം സ്‌പെയിനിന്റെ പതനത്തിന് കഴിഞ്ഞ ജനുവരി 2-ന് 525 വര്‍ഷം തികഞ്ഞു. സോഷ്യല്‍ മീഡിയയില്‍ ദുഃഖം പങ്കുവെച്ചവര്‍ നിരവധി. 770 വര്‍ഷം ഭരണം നടത്തിയ ശേഷമാണ് മുസ്‌ലിംകള്‍ സ്‌പെയിനില്‍നിന്ന് പിന്‍വാങ്ങുന്നത്. 1492-ലായിരുന്നു പിന്മാറ്റം. ഗ്രാനഡയിലെ അല്‍ ഹംറാ കൊട്ടാരത്തില്‍ ഒമ്പതു മാസം ഉപരോധിക്കപ്പെട്ട മുസ്‌ലിം ഭരണാധികാരി അബൂ അബ്ദുല്ല മുഹമ്മദ് അസ്സ്വഗീര്‍ ഒടുവില്‍ ഭരണച്ചെങ്കോല്‍ ഫെര്‍ഡിനാന്റ് അഞ്ചാമന്‍ രാജാവിന് കൈമാറി.

മുസ്‌ലിം സ്‌പെയിനിന്റെ പതന കാരണങ്ങള്‍ അന്വേഷിച്ചുപോവുകയാണ് സോഷ്യല്‍ മീഡിയയില്‍ ചിലര്‍. അനൈക്യമാണ് അവര്‍ കണ്ടെത്തുന്ന പ്രധാന കാരണം. നഷ്ടപ്പെട്ടതോര്‍ത്ത് വിലപിച്ചിട്ടൊന്നും കാര്യമില്ലെന്ന് മറ്റു ചിലര്‍. 'അര്‍ഹതയുള്ളതേ കൈയില്‍ നില്‍ക്കൂ, അല്ലാത്തത് വഴുതിപ്പോകും. അതാണ് ജീവിതത്തിന്റെ നടപടിക്രമം. അതില്‍ നിലവിളിച്ചിട്ടെന്തു കാര്യം?' മുസ്‌ലിം സ്‌പെയിനിന്റെ സംഭാവനയായ മനോഹരമായ എടുപ്പുകളുടെ ചിത്രങ്ങള്‍ പോസ്റ്റ് ചെയ്തുകൊണ്ട് ഈ നാഗരികതക്ക് മരണമില്ലെന്ന് ആശ്വാസം കൊള്ളുന്നവരും ഉണ്ട്. 


Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-25 / അല്‍ ഫുര്‍ഖാന്‍ / (55-59)
എ.വൈ.ആര്‍

ഹദീസ്‌

ജീവിതം മൃദുലമാക്കുക
ജുമൈല്‍ കൊടിഞ്ഞി