പൗരബോധം
സര്‍,
അങ്ങ് ചൂല്‍ തന്നപ്പോള്‍
ഞാന്‍ റോഡടിച്ചു,
ആധാറിനു നിര്‍ബന്ധിച്ചപ്പോള്‍
ആധാറെടുത്തു,
ഗോമാംസം കഴിക്കരുതെന്ന് പറഞ്ഞപ്പോള്‍
അതുമൊഴിവാക്കി
ഭാരത് മാതാ കീ ജയ്
വിളിക്കാന്‍ പറഞ്ഞപ്പോള്‍
ഒന്നല്ല, ഒരായിരം വട്ടം വിളിച്ചു
യോഗാ ദിനത്തിന്റെ പേരില്‍
കുനിയാന്‍ പറഞ്ഞപ്പോള്‍ കുനിഞ്ഞു
ഇഴയാന്‍ പറഞ്ഞപ്പോള്‍ ഇഴഞ്ഞു
ഇന്ധനങ്ങള്‍, അവശ്യ മരുന്നുകള്‍
നിത്യോപയോഗ സാധനങ്ങള്‍
വില കുത്തനെ കൂട്ടുമ്പോള്‍
കണ്ണടക്കാന്‍ പറഞ്ഞു
അന്നടച്ച കണ്ണ് ഇതുവരെ തുറന്നില്ല
അതുകൊണ്ട്
ബലാത്സംഗം ചെയ്യപ്പെട്ട
എന്റെ പെങ്ങളെ
ഞാന്‍ കണ്ടില്ല
തൊലിയുരിക്കപ്പെട്ട
എന്റെ അനുജനെ
ഞാന്‍ കണ്ടില്ല
അടിച്ചു കൊല്ലപ്പെട്ട
എന്റെ ഉപ്പയെ ഞാന്‍ കണ്ടില്ല
കാണാതായ
എന്റെ കൂടപ്പിറപ്പിനെ
ഞാന്‍ തെരഞ്ഞില്ല
ഇപ്പോഴിതാ
അധ്വാനിച്ചുണ്ടാക്കിയ കാശ്
പൊരിവെയിലില്‍ ക്യൂ നിന്ന്
യാചിച്ചു വാങ്ങാന്‍ പറഞ്ഞപ്പോള്‍
അതും ചെയ്യുന്നു,
അല്ല, ചെയ്തുകൊണ്ടേയിരിക്കുന്നു
സാര്‍,
താങ്കളിങ്ങനെ മൗനിയായിരിക്കല്ല
ഒന്നു പറ, പ്ലീസ്
ഞാനൊരു ഇന്ത്യന്‍ പൗരനായോ;
രാജ്യസ്‌നേഹിയായ പൗരന്‍?
Comments