Prabodhanm Weekly

Pages

Search

2017 ജനുവരി 13

2984

1438 റബീഉല്‍ ആഖിര്‍ 14

വേണ്ടത് സാര്‍വദേശീയ സാഹോദര്യം ഉദ്‌ഘോഷിക്കുന്ന ബഹുസ്വരത

ഡോ. കെ.എന്‍ പണിക്കര്‍ / സമദ് കുന്നക്കാവ്

'നാനാത്വത്തില്‍ ഏകത്വം' എന്നത് നാം നമ്മുടെ ഇന്ത്യക്ക് എക്കാലവും പതിച്ചുനല്‍കിയ ഒരംഗീകാരമാണ്. എന്നാല്‍, ഈ അംഗീകാരം നിലനില്‍ക്കുമ്പോള്‍തന്നെ ഇന്ത്യയില്‍ ചരിത്രപരമായി ഒരധീശ സംസ്‌കാരം ഉയര്‍ന്നുനില്‍ക്കുന്നുണ്ട്. വൈദികവും സവര്‍ണവുമായ ആ ധാരയാകട്ടെ മറ്റു പലതിനെയും പാര്‍ശ്വവത്കരിക്കുകയും ചെയ്യുന്നു. സാംസ്‌കാരികമായ വൈവിധ്യങ്ങളും രുചിഭേദങ്ങളും, സാംസ്‌കാരിക ദേശീയതയുടെ അത്യന്തം സങ്കുചിതമായ ഏകതയിലേക്ക് ചുരുക്കപ്പെടുന്ന പുതിയകാലത്ത് ദേശീയതയെ താങ്കള്‍ എങ്ങനെ നോക്കിക്കാണുന്നു?

ഇന്ത്യയുടെ ചരിത്രം ആഴത്തില്‍ പരിശോധിക്കുകയാണെങ്കില്‍ പലവിധ സംസ്‌കാരങ്ങളും ബഹുമത ജീവിതരീതികളുമായാണ് അത് വികസിച്ചുവന്നിട്ടുള്ളത് എന്നു കാണാം. സാംസ്‌കാരികമായും സാമൂഹികമായും ഒന്നിച്ചുകഴിയുക എന്നതുകൊണ്ട് എന്താണ് നമ്മള്‍ അര്‍ഥമാക്കുന്നത്? സാധാരണ ഇന്ത്യയുടെ സഹജഭാവം വൈവിധ്യമാണെന്ന് പറയാറുണ്ട്. അതിന്റെ അര്‍ഥം എല്ലാ സംസ്‌കാരങ്ങളും ഒരേപോലെ, സമഭാവനയോടെ നിലനില്‍ക്കുന്നു എന്നതാണ്. ഒരധീശ സംസ്‌കാരത്തിന്റെ പ്രശ്‌നമതില്‍ ഉദിക്കുന്നില്ല. ബഹുസ്വരത എന്ന് നമ്മള്‍ പറയുമ്പോള്‍ സ്ഥിതിസമത്വമുള്ള ബഹുസ്വരതയാണ്. എന്നാല്‍, ഇന്ന് സാംസ്‌കാരിക സമത്വമെന്നത് നമുക്കിടയിലില്ല. മറിച്ച്, ഉള്ളത്  കേവലം കള്‍ച്ചറല്‍ പ്ലൂരലിസമാണ്. അതിന്റെയൊരു പ്രശ്‌നം ഒരു വിഭാഗത്തിന് മറ്റൊരു വിഭാഗത്തോട് അപകര്‍ഷബോധം നിലനില്‍ക്കുന്നു, അപരനോടുള്ള പെരുമ നടിക്കലിന് അത് കാരണമാകുന്നു, എന്നിട്ടതിനെ രാഷ്ട്രീയവത്കരിക്കാനുള്ള ശ്രമവും നടക്കുന്നു എന്നതാണ്. മുമ്പ്, രാഷ്ട്രീയമായൊരു കാഴ്ചപ്പാട് അതിനുണ്ടായിരുന്നില്ല. ചില സാമൂഹിക ബന്ധങ്ങളിലാണ് അതുണ്ടായിരുന്നത്. ഇന്നത് ജനാധിപത്യത്തില്‍ വന്നതോടു കൂടി രാഷ്ട്രീയവത്കരിക്കപ്പെട്ടു. അതുകൊണ്ട് അടിസ്ഥാനപരമായി സംസ്‌കാരത്തോടുള്ള നമ്മുടെ സമീപനം മാറേണ്ടിയിരിക്കുന്നു. 

ദേശീയത അതിന്റെ ചരിത്രത്തിലെ ഏറ്റവും ആശങ്കാജനകമായ ഗതിവിഗതികളെയാണ് നേരിട്ടുകൊണ്ടിരിക്കുന്നത്. രാഷ്ട്രീയത്തില്‍ മതസ്വാധീനം വര്‍ധിച്ചതും ദേശീയതയുടെ സാമൂഹിക പരിസരത്തെ മാറ്റിമറിച്ചിരിക്കുന്നു. സാര്‍വദേശീയമായ സാഹോദര്യം ഉദ്‌ഘോഷിക്കുന്ന ഒരു ബഹുമത -ബഹു സംസ്‌കാര വീക്ഷണം രാജ്യത്തിന് ഇന്ന് ആവശ്യമാണ്. ഇന്ത്യന്‍ ഫാഷിസ്റ്റുകളുടെ താല്‍പര്യങ്ങള്‍ക്ക് അനുരൂപമായി ദേശീയതയും മതനിരപേക്ഷതയും അതിന്റെ ആശയങ്ങളെ വിട്ടൊഴിയുകയാണ്. അത്തരത്തില്‍ ദേശീയതയെയും മതേതരത്വത്തെയും പുനര്‍നിര്‍വചിക്കാനുള്ള തന്ത്രം സ്റ്റേറ്റിന്റെ പിന്തുണയോടെ തന്നെ പുരോഗമിക്കുന്നു. അതിനെ ചോദ്യം ചെയ്യുന്നവരെ തിരുത്തല്‍വാദികളായും ദേശദ്രോഹികളായും മുദ്രകുത്തുന്നു.

ദേശീയതയെ മതവത്കരിക്കാനുള്ള ശ്രമങ്ങള്‍ ദേശീയ പ്രസ്ഥാനകാലത്തുതന്നെ ആരംഭിക്കുന്നുണ്ട്. എന്നാല്‍, സമീപകാലത്ത് മാറിയ രാഷ്ട്രീയ സാഹചര്യത്തില്‍ അത് പുതിയൊരു തലത്തിലേക്ക് നീങ്ങിക്കൊണ്ടിരിക്കുകയാണ്. ഇന്ത്യന്‍ ദേശീയതയുടെ കപടമുഖമായി സംഘ്പരിവാര്‍ ഉയര്‍ത്തിക്കാട്ടുന്നത് കമ്യൂണിസ്റ്റുകള്‍, സോഷ്യലിസ്റ്റുകള്‍, ദലിതര്‍, ന്യൂനപക്ഷങ്ങള്‍ എന്നിവരെയാണ്. അവരെല്ലാം ദേശീയതയുടെ മാറ്റ് തെളിയിക്കാന്‍ നിര്‍ബന്ധിതരാകുന്നു. മനുഷ്യാവകാശമോ ഭരണഘടനാ ദത്തമായ അവകാശങ്ങളോ പരിഗണിക്കാതെ വിവേചനപരായ കൈയേറ്റത്തിന് അവര്‍ ഇരകളാവുന്നു. പ്രത്യേകിച്ച് ദലിത്, ന്യൂനപക്ഷ വിഭാഗങ്ങള്‍. ദേശീയതയുടെ മറപിടിച്ച് സ്റ്റേറ്റിന്റെ അധികാരമുപയോഗിച്ച് അവരെ സംഘ്പരിവാര്‍ വേട്ടയാടുന്നു. രാജ്യത്തെ മുഴുവന്‍ ഭരണകൂട സ്ഥാപനങ്ങളിലും ദേശീയതയുടെ നിന്ദകര്‍ നുഴഞ്ഞുകയറിയെന്ന പൊതുധാരണ പരത്താനാണ് ഫാഷിസ്റ്റുകള്‍ ശ്രമിക്കുന്നത്. നേരത്തേ ഹിന്ദു വര്‍ഗീയവാദികളുടെ നിഘണ്ടുവില്‍ കമ്യൂണിസ്റ്റുകള്‍, ന്യൂനപക്ഷങ്ങള്‍, ദലിതുകള്‍ മാത്രമാണ് ഉണ്ടായിരുന്നത്. എന്നാല്‍, ഇന്ന് ദേശവിരുദ്ധര്‍ എന്ന വല വ്യാപിക്കുകയാണ്. പ്രത്യേകിച്ച് ദലിത്, ഇടതുപക്ഷ, ന്യൂനപക്ഷ വിദ്യാര്‍ഥികള്‍ ഈ പട്ടികയില്‍ പുതുതായി ഉള്‍ച്ചേര്‍ന്നിരിക്കുന്നു.

ഇന്ത്യയിലെ കാമ്പസുകള്‍ വിമത ശബ്ദങ്ങളുടെയും പ്രതിഷേധങ്ങളുടെയും കേന്ദ്രമാണെന്ന പൊതുധാരണ സൃഷ്ടിക്കാനാണ് സംഘ്പരിവാറിന്റെ ശ്രമം. കൊളോണിയല്‍ കാലം തൊട്ടേ കാമ്പസ് വിദ്യാര്‍ഥി രാഷ്ട്രീയമെന്നത് ഏകാധിപത്യത്തെ വെല്ലുവിളിക്കുന്നതാണ്. അതിനര്‍ഥം അവരൊന്നടങ്കം ഭരണകൂടവിരുദ്ധരും വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ നിയമങ്ങളെ കാറ്റില്‍ പറത്തുന്നവരുമാണെന്നുമല്ല. വ്യവസ്ഥയോട് പുറംതിരിഞ്ഞുള്ള നില്‍പ് വിദ്യാര്‍ഥി രാഷ്ട്രീയത്തിന് എന്നുമുണ്ട്. പത്തൊമ്പതാം നൂറ്റാണ്ടിന്റെ ആദ്യ വര്‍ഷങ്ങളില്‍ കൊല്‍ക്കത്ത ഹിന്ദു കോളേജിലുണ്ടായിരുന്ന ഡെറോസിയന്‍സ് (ഉലൃീ്വശമി)െമുതല്‍ ജവഹര്‍ലാല്‍ നെഹ്‌റു യൂനിവേഴ്‌സിറ്റിയിലെ പുതിയ വിദ്യാര്‍ഥി പ്രക്ഷോഭം വരെ അതിന്റെ തെളിവാണ്. അഥവാ, യുവാക്കളെപ്പോഴും കാലത്തിനൊപ്പവും സമൂഹത്തിന് ഒരു ചുവട് മുന്നിലായും സഞ്ചരിച്ചവരാണ്. ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്ന വിദ്യാര്‍ഥി പ്രക്ഷോഭങ്ങള്‍ ദേശീയതയെക്കുറിച്ചുള്ള പുനരാലോചനകള്‍ നല്‍കാന്‍ വകനല്‍കുന്നതാണ്. വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ പൗരാവകാശങ്ങള്‍ ലംഘിച്ചതിനെതിരെയും വിദ്യാഭ്യാസ മേഖലയെ കാവിവത്കരിക്കാനുള്ള ശ്രമത്തിനെതിരെയും ഉണ്ടായ പ്രക്ഷോഭങ്ങളാണ് അവ. പുരോഗമന ആശയക്കാരായ വ്യത്യസ്ത യുവാക്കളാണ് ഭരണകൂടത്തിനെതിരായി തിരിഞ്ഞിരിക്കുന്നത്.

വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ഹോസ്റ്റല്‍ സൗകര്യങ്ങളും യാത്രാ സൗകര്യങ്ങളുമടക്കുള്ള ഭൗതികാവശ്യങ്ങളുമായി ബന്ധപ്പെട്ട് ദലിത്-പിന്നാക്ക സമൂഹങ്ങള്‍ വിവേചനങ്ങള്‍ അനുഭവിക്കുന്നുണ്ട്. ഇതൊന്നും പുതിയ വിഷയമല്ല. സ്വാതന്ത്ര്യപൂര്‍വ ഇന്ത്യ അനുഭവിച്ച സാമൂഹിക വിവേചനങ്ങളാണിവ. സ്വാതന്ത്ര്യാനന്തരം ഇതിനൊരു സ്വീകാര്യമായ പരിഹാരമുണ്ടാകുമെന്ന് പലരും പ്രതീക്ഷിച്ചിരുന്നു. ആ പ്രതീക്ഷകള്‍ പൊലിഞ്ഞുപോകുന്ന സ്ഥിതിവിശേഷം ഇന്നത്തെ ദേശീയ സാഹചര്യത്തിലുണ്ട്. ആ നിരാശകൂടിയാണ് പുതിയ കാലത്തെ വിദ്യാര്‍ഥി പ്രക്ഷോഭങ്ങള്‍. ജീവിതദുരിതങ്ങള്‍ സഹിക്കവയ്യാതെ നിരാശ്രയരായ കര്‍ഷകര്‍ ആത്മഹത്യ ചെയ്യുന്നതുപോലെ വിദ്യാര്‍ഥികള്‍ പ്രതികരണത്തിന്റെ ഭാഗമായി ആ പാത തെരഞ്ഞെടുക്കുകയാണ്. ഭൂതകാലത്തില്‍ ധാരാളം രോഹിത് വെമുലമാര്‍ ഉണ്ടായിട്ടുണ്ട്. ഭാവിയിലും വെമുലമാര്‍ ഉണ്ടാകും. വെമുലയുടെ വാചാലമെങ്കിലും മൗനമായ ആത്മാഹുതി ദേശീയതലത്തില്‍ ഒരു തെറ്റു തിരുത്തലിനുള്ള ആഹ്വാനമാണ്. ഇന്ത്യയിലെ പാര്‍ശ്വവത്കൃതമായ ദലിത്, ആദിവാസി, ന്യൂനപക്ഷ, കര്‍ഷക, തൊഴിലാളി വിഭാഗങ്ങളുടെ ദുരിതത്തിന്റെ സൂചകമാണ് രോഹിത് വെമുല. തന്റെ ഉജ്ജ്വലവും ഹൃദയസ്പര്‍ശിയുമായ ആത്മഹത്യാ കുറിപ്പില്‍ അദ്ദേഹം പറഞ്ഞതുപോലെ യുവാക്കള്‍ നിഴലുകളില്‍നിന്ന് മാറി നക്ഷത്രങ്ങളില്‍ ഇടം തേടാന്‍ ശ്രമിക്കുകയാണ്.


മതേതരത്വത്തെക്കുറിച്ച ഏതൊരു ആലോചനയിലും തെളിഞ്ഞുവരുന്ന യാഥാര്‍ഥ്യമാണ് ഇന്ത്യയിലും കേരളത്തിലുമുള്ള അതിന്റെ പാരമ്പര്യം. പക്ഷേ, പലപ്പോഴും ആധുനികതയുടെ ഭാഗമായി രൂപപ്പെട്ടുവന്ന ആശയവും കാഴ്ചപ്പാടുമാണ് മതേതരത്വം എന്ന ബോധമാണ് ഇവിടെ നിലനില്‍ക്കുന്നത്. യഥാര്‍ഥത്തില്‍ ചരിത്രത്തില്‍, പാരമ്പര്യത്തില്‍ ഇന്ത്യന്‍ ജനത താഴെതട്ടില്‍ പരസ്പരം ജീവിച്ചുണ്ടാക്കിയ ഒരനുഭവത്തിന്റെ പേരാണല്ലോ മതേതരത്വം. ഈ മതസഹിത മതേതരത്വം നിരാകരിക്കപ്പെടുകയും മോഡേണിറ്റിയുടെ ഭാഗമായ മതനിരപേക്ഷത കൊണ്ടാടപ്പെടുകയും ചെയ്യുന്ന സ്ഥിതിവിശേഷം നിലനില്‍ക്കുന്നുണ്ടല്ലോ.

മോഡേണിറ്റിയുടെ ഇന്ത്യന്‍ സാഹചര്യവും അതിന്റെ ആരംഭവും സാമുദായിക വീക്ഷണത്തോടു കൂടിയാണ്. കൊളോണിയല്‍ കാലഘട്ടത്തില്‍ ഇന്ത്യയില്‍ സംഭവിച്ചത് പാശ്ചാത്യവത്കരണമായിരുന്നു. അതുകൊുതന്നെ കൊളോണിയല്‍ ആധുനികത നമ്മുടെ സാംസ്‌കാരികാവബോധത്തെ ആന്തരികമായി നവീകരിച്ചില്ല. അതുകൊുതന്നെ കൊളോണിയലിസത്തിന്റെ പൈതൃകമായി നമുക്ക് കിട്ടിയത് സാംസ്‌കാരികമായ പിന്നാക്കാവസ്ഥയാണ്. ഇവിടെ ആധുനികത വന്നത് സമൂഹത്തിലെ എല്ലാ വിഭാഗങ്ങളെയും ഒരേപോലെ കണ്ടുകൊണ്ടല്ല. ജാതിയുടേതും മതത്തിന്റേതുമായ ആധുനീകരണമാണ് ഇവിടെ നടന്നത്. അതുകൊണ്ട് സംഭവിച്ചത്, പരിഷ്‌കരിക്കാനുള്ള വാസന നമ്മുടെ സാമൂഹികപരിഷ്‌കരണങ്ങളിലുണ്ടായി എന്നതാണ്. ജാതി, മത ദൃഢീകരണ പ്രസ്ഥാനങ്ങളായി അവ മാറുകയും ചെയ്തു. അന്യോന്യം ബന്ധങ്ങളില്ലാത്ത പ്രസ്ഥാനങ്ങളായി അവ പരിണമിച്ചു. ഈ പ്രസ്ഥാനങ്ങളിലും വിഭാഗങ്ങളിലുമെല്ലാം ഹ്യൂമനിസത്തിന്റെ ആശയങ്ങളാണുള്ളത്. എന്നാല്‍, എന്റെ സംഘടന, എന്റെ ജാതി എന്നതാണ് പ്രയോഗത്തില്‍ വന്നത്. ഇതിനൊരു മാറ്റം വരുന്നത് ഈ സംഘടനകളെല്ലാം ദേശീയ പ്രസ്ഥാനവുമായി ബന്ധപ്പെടുമ്പോഴാണ്. ദേശീയ പ്രസ്ഥാനത്തിലൂടെ രൂപപ്പെട്ടുവന്ന മാറ്റം പിന്നീട് വികസിപ്പിച്ചത് ശേഷം വന്ന ഇടതുപക്ഷ പ്രസ്ഥാനങ്ങളാണ്. ദേശീയ പ്രസ്ഥാനം സാമൂഹിക പരിഷ്‌കരണങ്ങളെ ഉള്‍ക്കൊണ്ടിരുന്നു. പക്ഷേ, അപ്പോള്‍ പോലും സാമൂഹിക പരിഷ്‌കരണ പ്രസ്ഥാനങ്ങളും ദേശീയ പ്രസ്ഥാനവും രണ്ടായിക്കൊണ്ടാണ് നിലനിന്നത്. ദേശീയ പ്രസ്ഥാനത്തിന് സാമൂഹിക പരിഷ്‌കരണവുമായി ജൈവ ബന്ധമുണ്ടായിരുന്നില്ല. അതാകട്ടെ, അതിന്റെ വേര്‍തിരിവിന് കാരണമായി. പിന്നീട് ഇടതുപക്ഷം ചില മാറ്റങ്ങള്‍ക്ക് ശ്രമിച്ചു. എങ്കിലും അതും പരിപൂര്‍ണമായില്ല.

ഞാന്‍ നവോത്ഥാനത്തെ കാണുന്നത് മൂന്ന് ഘട്ടങ്ങളിലായാണ്. ഒന്ന്, ആദ്യകാല നവോത്ഥാന പ്രസ്ഥാനം. സാമൂഹിക പരിഷ്‌കരണത്തിലാണ് അതാദ്യം ശ്രദ്ധയൂന്നുന്നത്. പിന്നീടത് രാഷ്ട്രീയമായി ബന്ധപ്പെടാന്‍ ശ്രമിക്കുന്നു. അഥവാ, ദേശീയ പ്രസ്ഥാനവുമായുള്ള ബന്ധം. മൂന്നാമത് അത് സാധാരണക്കാരന്റെ ജീവിതവുമായി ബന്ധപ്പെടുന്നു. ഇടതുപക്ഷ പ്രസ്ഥാനങ്ങള്‍ വരുന്നതോടുകൂടിയാണ് ഈ മൂന്നാം ഘട്ടം സംഭവിക്കുന്നത്. എങ്കിലും അത് അപൂര്‍ണമായിരുന്നു. പല വിഭാഗങ്ങളെയും പൂര്‍ണമായി ഉള്‍ക്കൊള്ളാന്‍ അതിന് കഴിഞ്ഞില്ല. ദലിതരുടെ, ന്യൂനപക്ഷങ്ങളുടെ സംസ്‌കാരങ്ങളെ വേണ്ടവിധത്തില്‍ അത് ഉള്‍ക്കൊണ്ടില്ല. സ്വാതന്ത്ര്യാനന്തര ഇന്ത്യ പ്രധാനമായും ശ്രദ്ധയൂന്നിയത് ഈ സാമൂഹികമായ പിന്നാക്കാവസ്ഥയെ മറികടക്കാനും പുതിയ സാംസ്‌കാരികാവബോധം സൃഷ്ടിക്കാനുമായിരുന്നു. ആ സംരംഭത്തില്‍ നാം എത്രമാത്രം വിജയം വരിച്ചിട്ടുന്നെ് വിമര്‍ശനാത്മകമായി വിലയിരുത്തേിയിരിക്കുന്നു.


ഇന്ത്യന്‍ ദേശീയതക്ക് ബ്രാഹ്മണികതയുമായും വൈദിക സംസ്‌കാരവുമായുള്ള ബന്ധം ഇന്ന് വലിയ തോതില്‍ തിരിച്ചറിയപ്പെട്ടിരിക്കുന്നുവല്ലോ. ഇതിന്റെ ചരിത്രപരമായ കാരണമെന്തായിരിക്കും?

പത്തൊമ്പത്, ഇരുപത് നൂറ്റാണ്ടുകളില്‍ ലോകമെമ്പാടും സാധാരണ മനുഷ്യരെ സ്റ്റേറ്റിനൊപ്പം വൈകാരികമായി അണിനിരത്താന്‍ സഹായിച്ച ശക്തമായ രാഷ്ട്രീയ ആശയമായിരുന്നു ദേശീയത. യൂറോപ്പിലെ ദേശരാഷ്ട്രങ്ങളുടെ ഉദയവും ഏഷ്യയിലെയും ആഫ്രിക്കയിലെയും കോളനികള്‍ സ്വാതന്ത്ര്യം നേടിയതും ദേശീയതയുടെ പുരോഗമനത്തെയും വിമോചനപരതയെയുമാണ് സൂചിപ്പിക്കുന്നത്. അതേസമയം തന്നെ ദേശീയതക്ക് ഒരു വിരൂപ മുഖവുമുണ്ട്. അടിച്ചമര്‍ത്തലുകളും വംശഹത്യകളും ദേശീയതയില്‍ അന്തര്‍ലീനമാണ്. ഇന്ത്യന്‍ ദേശീയതക്കും ചരിത്രപരമായി ഈ രണ്ടനുഭവങ്ങളുണ്ട്.

ആധുനികതയുടെ ഭാഗമായിക്കൊണ്ടാണ് ഇന്ത്യയില്‍ ദേശീയത രൂപപ്പെടുന്നത്. അപ്പോള്‍ ആധുനികതയെന്താണ് എന്ന ഒരന്വേഷണത്തിന് പ്രസക്തിയുണ്ട്. എന്താണ് ആധുനികതയെന്നതിന്റെ മറുവശം? എന്താണ് പാരമ്പര്യം? അതിന് ഉത്തരം തേടിപ്പോയവരെല്ലാം എത്തിപ്പെട്ടത് വൈദികമതത്തിലാണ്. ഇന്ത്യയുടെ വേരുകള്‍ തേടിയുള്ള ആ യാത്രയില്‍ അവരെത്തിച്ചേര്‍ന്നത് സിന്ധു നദീതടത്തിലാണ്. ഇന്ത്യക്ക് ഒരു ഹിന്ദുസ്വഭാവം ഇതിലൂടെ കൈവന്നു. ദേശീയ പ്രസ്ഥാനകാലത്ത് അത്തരമൊരു ധാര സജീവമായി. ഇന്ത്യന്‍ നാഷ്‌നല്‍ കോണ്‍ഗ്രസിനകത്ത് ഹിന്ദു വിഭാഗമുണ്ടായിരുന്നു. അതുപോലെ മുസ്‌ലിം വിഭാഗവുമുണ്ടായിരുന്നു. നാഷ്‌നലിസം ഒരളവുവരെ ഈ വിഭജനത്തെ മറികടന്നു. പക്ഷേ, ഡെമോക്രസിയുടെ ആശയം ഉയര്‍ന്നുവന്നതോടെ പൊതുവായ വോട്ടവകാശമെന്നത് മതാടിസ്ഥാനത്തില്‍ വിഭജിക്കപ്പെട്ടു.

 

അപ്പോള്‍തന്നെ ഇവിടെയുണ്ടായിരുന്ന ആര്യേതരമായ സംസ്‌കാരത്തെ ദേശീയത കൈയൊഴിയുന്നുണ്ടല്ലോ. ബ്രാഹ്മണികതയോട് ഏറ്റുനില്‍ക്കാനും എതിരിടാനും കഴിയുന്ന വിപുലമായ കലാ പാരമ്പര്യവും മതപാരമ്പര്യവും ഇന്ത്യയിലുണ്ടായിരുന്നല്ലോ?

അതുകൊണ്ടാണല്ലോ ജാതി പ്രസ്ഥാനങ്ങള്‍ സജീവമായത്. ദേശീയ പ്രസ്ഥാനം ജാതിയുമായി ബന്ധപ്പെട്ട സാമൂഹിക വശം വേണ്ടത്ര പരിഗണിച്ചില്ല. കീഴാള സമൂഹങ്ങളിലെ പരിഷ്‌കരണ പ്രസ്ഥാനങ്ങള്‍ ഉയര്‍ന്നുവരുന്നത് അതിനെ തുടര്‍ന്നാണ്. ഗാന്ധിജി കേരളത്തില്‍ വരുന്നതുതന്നെ ഇവിടത്തെ കീഴാള സമൂഹങ്ങളുടെ മുന്‍കൈയില്‍ വൈക്കം സത്യഗ്രഹം രൂപപ്പെടുന്നതുകൊണ്ടാണ്. സാമൂഹികസംബന്ധമായ വിഷയങ്ങള്‍ ഏറ്റെടുക്കാന്‍ ദേശീയ പ്രസ്ഥാനം നിര്‍ബന്ധിതമാകുന്നതുപോലും പിന്നാക്ക സമൂഹങ്ങള്‍ സൃഷ്ടിച്ച സാമൂഹിക സമ്മര്‍ദങ്ങളാണ്.

ദേശീയ പ്രസ്ഥാനത്തിന്റെ വളര്‍ച്ചയില്‍ കര്‍ഷകരും തൊഴിലാളികളും ബുദ്ധിജീവികളുമടക്കമുള്ള വ്യത്യസ്തങ്ങളായ ജനവിഭാഗങ്ങള്‍ പങ്കാളികളായിട്ടുണ്ട്. ദേശീയവും ജനകീയവുമായ സ്വഭാവത്തിലേക്ക് ആ മൂവ്‌മെന്റ് എത്തിപ്പെടുന്നതും അങ്ങനെയാണ്. അപ്പോള്‍ പോലും അടിച്ചമര്‍ത്തപ്പെട്ടവരെയും പ്രാന്തവത്കരിക്കപ്പെട്ടവരെയും വേണ്ടപോലെ ഉള്‍ക്കൊള്ളാന്‍ അതിന് കഴിഞ്ഞില്ല. കൊളോണിയലിസത്തെ അഭിമുഖീകരിക്കാനുള്ള തത്രപ്പാടില്‍ ദേശീയതയുടെ വിശാലമായ പരിധിക്കുള്ളില്‍ വരുന്ന ദലിതര്‍, ആദിവാസികള്‍, ന്യൂനപക്ഷങ്ങള്‍, സ്ത്രീകള്‍ എന്നീ വിഭാഗങ്ങളുടെ ഉത്കണ്ഠകള്‍ക്ക് അര്‍ഹിക്കുന്ന പരിഗണന കൊടുക്കാന്‍ ദേശീയ പ്രസ്ഥാനത്തിനായില്ല.

 

മഹാത്മാ ഫൂലെ അടക്കുള്ള കീഴാള പ്രസ്ഥാന നായകര്‍ ദേശീയതലത്തിലും നാരായണ ഗുരു, അയ്യങ്കാളി, കെ. അയ്യപ്പന്‍ മുതലായവര്‍ കേരളത്തിലും നേതൃത്വം നല്‍കിയ മുന്നേറ്റങ്ങള്‍ ദേശീയ പ്രസ്ഥാനത്തിന്റെയും അതിന്റെ നിയന്താക്കളായ സവര്‍ണ സമൂഹങ്ങളുടെയും ഭാവിയെ അനിശ്ചിതമാക്കിയപ്പോള്‍ അവര്‍ തന്നെ കണ്ടുപിടിച്ച രക്ഷാ മാര്‍ഗത്തിന്റെ ഭാഗമല്ലേ കീഴാള വിഭാഗങ്ങളുടെ പ്രശ്‌നങ്ങള്‍ ഏറ്റെടുക്കല്‍?

ദേശീയ പ്രസ്ഥാനത്തിന്റെ മൗലികമായ കാഴ്ചപ്പാട് ഇന്ത്യയിലെ ജനങ്ങളും ബ്രിട്ടീഷ് കൊളോണിയലിസവും തമ്മിലുള്ള വൈരുധ്യം എന്തായിരുന്നു എന്നതാണ്. അവരുടെ മുന്നിലുണ്ടായിരുന്ന ഏക ശത്രു ബ്രിട്ടീഷ് സാമ്രാജ്യത്വമായിരുന്നു. ബാഹ്യമായ ഈ ശത്രുവിനെ പരാജയപ്പെടുത്തിക്കഴിഞ്ഞ് സ്വാതന്ത്ര്യാനന്തരം രാജ്യത്തിലെ ആന്തരികമായ വൈരുധ്യങ്ങളെ ഇല്ലായ്മ ചെയ്യാം എന്നതായിരുന്നു ദേശീയ പ്രസ്ഥാനം കണക്കുകൂട്ടിയത്. എന്നാല്‍, ബാഹ്യ കൊളോണിയലിസവും ആന്തരികമായ വൈരുധ്യങ്ങളും തമ്മില്‍ ബന്ധമുണ്ട് എന്ന് ദേശീയ പ്രസ്ഥാനം തിരിച്ചറിഞ്ഞില്ല. കീഴാള പ്രസ്ഥാനങ്ങളും ന്യൂനപക്ഷ പ്രസ്ഥാനങ്ങളും ഉയര്‍ന്നുവന്നാണ് ഈ ആന്തരിക വൈരുധ്യങ്ങളെ അഭിമുഖീകരിച്ചത്. ബഹുസ്വരത ദേശീയ പ്രസ്ഥാനത്തിന്റെ വാക്കുകളിലുണ്ടായിരുന്നു. പക്ഷേ, പ്രയോഗത്തിലുണ്ടായില്ല. ദലിത് കര്‍ഷകന്റെ ജന്മിയുമായുള്ള പ്രശ്‌നം പരിഹരിക്കാന്‍ ദേശീയ പ്രസ്ഥാനത്തിന് സാധിച്ചിരുന്നില്ല. കാരണം, ഹിന്ദു ജന്മിക്കായിരുന്നു ദേശീയ പ്രസ്ഥാനത്തില്‍ സ്വാധീനമുണ്ടായിരുന്നത്. അതിനൊരു മാറ്റം വരുന്നത് ഇടതുപക്ഷ പ്രസ്ഥാനത്തോടു കൂടിയാണ്. എന്നാല്‍, സോഷ്യലിസ്റ്റ് പ്രസ്ഥാനങ്ങള്‍ക്കും അതിന്റെ പൂര്‍ണതയില്‍ അതിനെ മുന്നോട്ടുകൊണ്ടുപോകാന്‍ കഴിഞ്ഞില്ല.

ഇന്ത്യയില്‍ നിലനിന്നിരുന്ന സാമ്പത്തികവും സാംസ്‌കാരികവും സാമൂഹികവുമായ ചൂഷണങ്ങളെയും അതിന്റെ ഇരകളായ ദലിത്-ആദിവാസി സമൂഹങ്ങളെയും മുഖ്യധാരാ പ്രസ്ഥാനങ്ങള്‍ അവഗണിക്കുകയാണ് ചെയ്തത്. അതാകട്ടെ ബഹുഭൂരിപക്ഷം വരുന്ന പിന്നാക്ക ജനങ്ങളില്‍നിന്ന് രാഷ്ട്രത്തിന്റെ വിഭവങ്ങള്‍ മാറ്റിനിര്‍ത്തി. ഈ പുറംതള്ളല്‍ സാമൂഹിക വിവേചനങ്ങളെ പിന്നെയും വര്‍ധിപ്പിച്ചു. ദേശീയതക്കകത്ത് പിന്നാക്ക സമൂഹങ്ങള്‍ അനുഭവിക്കുന്ന ഈ പ്രശ്‌നങ്ങളെ അഭിമുഖീകരിക്കുകയാണ് ജ്യോതിറാം ഫൂലെ, രാമസ്വാമി, നാരായണ ഗുരു, ഭീം  റാവ് അംബേദ്കര്‍ എന്നിവര്‍ ചെയ്തത്. ജാതി, വര്‍ഗം, ലിംഗം തുടങ്ങിയ അസമത്വത്തിന്റെ വശങ്ങള്‍ ഉയര്‍ത്തിക്കൊണ്ടുവരാനാണ് അവര്‍ ശ്രമിച്ചത്. അടിച്ചമര്‍ത്തപ്പെട്ടവരുടെയും പുറന്തള്ളപ്പെട്ടവരുടെയും അവകാശങ്ങള്‍ നേടിയെടുക്കാനുള്ള അന്വേഷണത്തിലാണ് അവര്‍ ഏര്‍പ്പെട്ടത്.

കൊളോണിയല്‍ വിരുദ്ധ ദേശീയതയുടെ പരിമിതികളെ ഉയര്‍ത്തിക്കാണിച്ചുകൊണ്ട് രാമസ്വാമി ചോദിക്കുന്നുണ്ട്: ''പറയന്മാര്‍ക്കു വേണ്ടി ബ്രാഹ്മണന്‍ സ്വരാജ് വാഴുമോ? എലിക്കായി പൂച്ച സ്വരാജ്യം വാഴുമോ? കര്‍ഷകര്‍ക്കായി ഭൂവുടമ സ്വരാജ്യം വാഴുമോ? തൊഴിലാളികള്‍ക്കായി മുതലാളി സ്വരാജ് വാഴുമോ?''

 

ഇന്ത്യയില്‍ ബങ്കിംചന്ദ്ര ചാറ്റര്‍ജി, ബാല ഗംഗാധര തിലകന്‍, സര്‍ദാര്‍ വല്ലഭായ് പട്ടേല്‍ തുടങ്ങിയവരുടെ രചനകളിലും ഇടപെടലുകളിലും സവര്‍ണ ഹിന്ദുത്വത്തിന്റെ പ്രാഗ് രൂപങ്ങള്‍ കൂടുതല്‍ വെളിപ്പെടുന്നില്ലേ?

അത്തരമൊരു ധാര ദേശീയതക്കകത്തും ദേശീയ പ്രസ്ഥാനത്തിനകത്തും സജീവമായിരുന്നു. ഇന്ത്യയെ മുന്‍നിര്‍ത്തി അതിന്റെ രാഷ്ട്രസ്വത്വം എന്തായിരിക്കണം എന്നതിനെക്കുറിച്ചുള്ള ആലോചനകളും അന്വേഷണങ്ങളും കൊളോണിയല്‍ കാലത്ത് സജീവമായിരുന്നു. പത്തൊമ്പതാം നൂറ്റാണ്ടില്‍ സതിയുടെ അടിസ്ഥാനമെന്താണ് എന്ന ചോദ്യവുമായി രണ്ട് ഗ്രൂപ്പുകള്‍ ഉയര്‍ന്നുവരുന്നു. രണ്ടു കൂട്ടരും മുന്നോട്ടുവെക്കുന്ന ആശയം ഋഗ്വേദത്തില്‍നിന്നാണ്. രണ്ടു വിഭാഗവും ഉദ്ധരിക്കുന്നതും ഹിന്ദുവേദങ്ങളെയാണ്.  സതിക്കനുകൂലമായും പ്രതികൂലമായും വാദങ്ങള്‍ കണ്ടെടുക്കുന്നത് ഒരേ ഗ്രന്ഥത്തില്‍നിന്ന്. ഇതിലെ യാഥാസ്ഥിതിക പക്ഷത്തിന്റെ പിന്തുടര്‍ച്ചയിലാണ് ബങ്കിം ചന്ദ്രനും തിലകനുമെല്ലാമുള്ളത്. രാജ്യത്തിന്റെ ഐഡന്റിറ്റി എന്താണ് എന്നായിരുന്നു ബ്രിട്ടീഷ് സാമ്രാജ്യത്വത്തെ അഭിമുഖീകരിച്ചപ്പോള്‍ അവര്‍ അന്വേഷിച്ചത്. അതാകട്ടെ ഹിന്ദുമതത്തിലുമാണ് എത്തിപ്പെട്ടത്.

 

ഇന്ത്യയിലുണ്ടായിരുന്ന ദ്രാവിഡ സംസ്‌കാരത്തെ കോണ്‍ഗ്രസ് ദേശീയ പ്രസ്ഥാനം ബ്രാഹ്മണേതരമായ സംസ്‌കാരമെന്ന് പുഛിച്ച് പുറംതള്ളി. സോഷ്യലിസ്റ്റ് ധാരയാകട്ടെ ദ്രാവിഡ വാദത്തെ മാത്രമല്ല, കീഴ്ജാതി സമുദായങ്ങളെ ഒന്നടങ്കം പൂര്‍വ മുതലാളിത്ത അംശങ്ങളെന്ന പേരില്‍ എഴുതിത്തള്ളുകയും ചെയ്തു. ഇന്ത്യന്‍ സവര്‍ണ ദേശീയതക്ക് ബദലായി മാറാന്‍ കഴിയുമായിരുന്ന ദ്രാവിഡ സംസ്‌കാരത്തിന് അയിത്തം കല്‍പിച്ചതിനു പിന്നില്‍ ഇ.എം.എസ്സിനെ പോലുള്ളവര്‍ക്ക് പങ്കുണ്ട് എന്ന് ദിലീപ് മേനോനെ പോലുള്ളവര്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ടല്ലോ.

സ്വത്വരാഷ്ട്രീയം മനുഷ്യജീവിതത്തില്‍ വലിയ പ്രാധാന്യമര്‍ഹിക്കുന്ന ഒരാശയമാണ്. അതേസമയം, സ്വത്വബോധത്തിന്റെ അടിസ്ഥാനത്തില്‍ സമുദായങ്ങളെ കാണുമ്പോള്‍ അതിലൊരു പ്രശ്‌നമുണ്ട്. ഓരോ സമുദായത്തിലും സാമൂഹിക പരിഷ്‌കരണങ്ങളുമുണ്ടായിട്ടുള്ളത് ചരിത്രത്തിലെ ചില ഘട്ടങ്ങളിലാണ്. അതിന് പ്രധാനപ്പെട്ട കാരണം, ആ സമൂഹത്തിലുണ്ടായിട്ടുള്ള മാറ്റങ്ങള്‍ തന്നെയാണ്. ആ മാറ്റങ്ങളും പ്രവര്‍ത്തനങ്ങളും കാണാതെ ഈ പ്രശ്‌നത്തെ മറികടക്കാന്‍ കഴിയില്ല. ആ പ്രവര്‍ത്തനങ്ങള്‍ ഏതാണെന്നും അവയുടെ മൂല്യാധിഷ്ഠിത കാഴ്ചപ്പാട് എന്താണെന്നും നോക്കിക്കാണേണ്ടതുണ്ട്. താങ്കള്‍ സൂചിപ്പിച്ച പ്രശ്‌നം ദേശീയ പ്രസ്ഥാനത്തിലുണ്ട്. സോഷ്യലിസ്റ്റ് ധാരക്കകത്തുമുണ്ട്. അംബേദ്കര്‍ വന്നില്ലായിരുന്നുവെങ്കില്‍ ദേശീയ പ്രസ്ഥാനത്തിന്റെ കാഴ്ചപ്പാടുകള്‍ ആത്യന്തികമാവുമായിരുന്നു. കേരളത്തില്‍തന്നെ ഇവിടത്തെ കീഴാള സമൂഹങ്ങളുടെ ആവശ്യങ്ങളെ പരിഗണിക്കാന്‍ ദേശീയ പ്രസ്ഥാനത്തിന് സാധിച്ചിരുന്നില്ല.

 

ദേശീയ പ്രസ്ഥാനത്തിന് സംഭവിച്ച ചരിത്രപരമായ ഈ അപചയം ഏറ്റക്കുറച്ചിലോടെ ഇടതുപക്ഷത്തിനകത്തും സംഭവിച്ചിട്ടില്ലേ?

ഇടതുപക്ഷത്തിനും ആ വിഷയത്തില്‍ വീഴ്ചകള്‍ സംഭവിച്ചിട്ടുണ്ട്. എന്നാല്‍, ഇടതുപക്ഷവും ഇ.എം.എസ്സുമെല്ലാം സവര്‍ണ ധാരക്കകത്താണ് എന്ന് തീര്‍പ്പ് കല്‍പിക്കുന്നതിനോടും എനിക്ക് യോജിപ്പില്ല. കമ്യൂണിസ്റ്റ് പ്രസ്ഥാനത്തില്‍ പ്രവര്‍ത്തിച്ചവരുടെ ജാതി എന്തായിരുന്നാലും അതിന് കീഴ്‌പ്പെട്ടവരായിരുന്നില്ല അവര്‍. ആര്യന്മാര്‍ക്കു മുമ്പുള്ള സമൂഹത്തെ അടയാളപ്പെടുത്തിയതും കേരളത്തിലെ ജാതിരൂപീകരണ പ്രക്രിയയെ സമീപിച്ചതുമാണ് ഇ.എം.എസിനെ പ്രതിസ്ഥാനത്ത് നിര്‍ത്തുന്നത്. ആര്യന്മാര്‍ക്ക് മുമ്പുള്ള സംസ്‌കാരങ്ങള്‍ക്കും അവയുടെ നേട്ടങ്ങള്‍ക്കും അര്‍ഹമായ പരിഗണന അദ്ദേഹം നല്‍കിയില്ല എന്നതാണ് വിമര്‍ശനം. അദ്ദേഹം ആര്യസംസ്‌കാരത്തോട് അനുഭാവം കാണിച്ചെന്നും അതിന്റെ സംഭാവനകളെ പര്‍വതീകരിച്ചുകാണിച്ചെന്നും വിമര്‍ശകര്‍ വാദിക്കുന്നു. അദ്ദേഹത്തിന്റെ നമ്പൂതിരി എന്ന സ്വത്വവും അദ്ദേഹം വളര്‍ന്നുവന്ന ചുറ്റുപാടും അതിന്റെ കാരണമായി അവര്‍ ആരോപിക്കുന്നു. എന്നാല്‍, താന്‍ ആര്യസമൂഹത്തെ മഹത്വവത്കരിക്കുകയോ ആര്യന്മാര്‍ക്ക് മുമ്പുള്ളവരെ അധമവത്കരിക്കുകയോ ചെയ്തിട്ടില്ലെന്ന് വിമര്‍ശനങ്ങളോട് പ്രതികരിച്ചുകൊണ്ട് ഇ.എം.എസ് പറഞ്ഞിട്ടുണ്ട്. അദ്ദേഹത്തെ സംബന്ധിച്ചേടത്തോളം രണ്ട് കാഴ്ചപ്പാടുകള്‍ക്കും പരിമിതികളേറെയുണ്ടായിരുന്നു. മാത്രമല്ല, അവസാന വാക്ക് എന്ന നിലക്കല്ല, ഒരു നിഗമനം എന്ന നിലയിലാണ് അദ്ദേഹം തന്റെ വീക്ഷണങ്ങള്‍ അവതരിപ്പിച്ചത്. ഇ.എം.എസിനെ അദ്ദേഹത്തിന്റെ വീടും അവിടത്തെ ഗാര്‍ഹിക അന്തരീക്ഷവുമെല്ലാം സ്വാധീനിച്ചിട്ടുണ്ടാകും. എന്നാല്‍, അദ്ദേഹത്തെ പോലൊരു സോഷ്യലിസ്റ്റ് ചെയ്തത് അതിനെ മറികടക്കുകയാണ്. ബ്രാഹ്മണര്‍ക്കായി വിധിച്ചതെല്ലാം അദ്ദേഹം ത്യജിക്കുകയാണ് ചെയ്തത്; ഭക്ഷണം പോലും. ഇ.എം.എസ് ജന്മം കൊണ്ടത് ബ്രാഹ്മണനും കര്‍മം കൊണ്ടത് അബ്രാഹ്മണനുമായാണല്ലോ. എന്നാല്‍, ഇടതുപക്ഷ നേതൃത്വങ്ങളിലുണ്ടായിരുന്ന ഈ മൂല്യങ്ങളെ അണികളിലും അടിത്തട്ടിലുള്ള പ്രവര്‍ത്തനങ്ങളിലും എത്തിക്കാന്‍ കഴിഞ്ഞിട്ടില്ല എന്നാണ് ഞാന്‍ മനസ്സിലാക്കുന്നത്.


അഥവാ, ഇടതുപക്ഷത്തിനകത്ത് ഒരു സവര്‍ണ സംസ്‌കാരം ഒളിഞ്ഞിരിപ്പുണ്ട് എന്നുതന്നെയല്ലേ താങ്കളും പറയുന്നത്?

സവര്‍ണ സംസ്‌കാരമല്ല, ജാതി-മത അവബോധമാണ് നിലനില്‍ക്കുന്നത്. കേരളത്തിന്റെ എല്ലാ സാമൂഹിക, രാഷ്ട്രീയ തലങ്ങളിലും ജാതി-മത സ്വാധീനം ദൃശ്യമാണ്. കേരളത്തിലെ കമ്യൂണിസ്റ്റ് പാര്‍ട്ടിക്ക് സംഭവിച്ച വലിയൊരു സാംസ്‌കാരികാപചയം ജാതി-മത അവബോധത്തെ മറികടക്കാന്‍ കഴിഞ്ഞില്ല എന്നതാണ്. പാര്‍ട്ടിക്കോ അതിന്റെ പ്രവര്‍ത്തനങ്ങള്‍ക്കോ അതിനെ മറികടക്കാന്‍ കഴിഞ്ഞിട്ടില്ല. ബ്രാഹ്മണിസവും അതിന്റെ സംസ്‌കാരങ്ങളും ഇവിടെ വളര്‍ന്നുകൊണ്ടിരിക്കുന്നു. കീഴാള സമൂഹങ്ങളെയും അവരുടെ സംസ്‌കാരങ്ങളെയും ഹിന്ദുയിസം പിടിച്ചെടുത്തുകൊണ്ടിരിക്കുന്നു. സാംസ്‌കാരിക ഏകത്വത്തിലേക്ക് മറ്റുള്ളവരെയെല്ലാം കൂട്ടിപ്പിടിക്കുകയാണ്. അതില്‍ ഇടതുപക്ഷത്തിനകത്തുള്ളവര്‍ പോലും പെട്ടുപോവുകയാണ്. കമ്യൂണിസ്റ്റ് പാര്‍ട്ടിക്ക് വോട്ട് ചെയ്യുന്നു, അല്ലെങ്കില്‍ അതിന്റെ മീറ്റിംഗുകളില്‍ പങ്കെടുക്കുന്നു എന്നതല്ല കാര്യം. അകമേ, അങ്ങേയറ്റം സവര്‍ണ യാഥാസ്ഥിതികതക്ക് വഴിപ്പെട്ടിരിക്കുന്നു എന്നതാണ്. കമ്യൂണിസ്റ്റ് പാര്‍ട്ടികള്‍ ഇന്ന് രണ്ട് അപകടങ്ങളെയാണ് പ്രധാനമായും മറികടക്കേണ്ടത്. അതിലൊന്ന് ആഗോളവത്കരണത്തിന്റെ സ്വാധീനമാണ്. മറ്റൊന്ന് സവര്‍ണ സ്വാധീനമാണ്.

 

ഇന്ത്യയിലെ ജാതിയുമായി ബന്ധപ്പെട്ടും ആന്തരികമായ പ്രതിസന്ധി ഇടതുപക്ഷ പ്രസ്ഥാനങ്ങള്‍ അനുഭവിക്കുന്നുണ്ടല്ലോ. അഥവാ, ജാതി വിമര്‍ശനത്തിന്റെ തലം വികസിപ്പിക്കാന്‍ കഴിയാത്ത നിസ്സഹായാവസ്ഥ പാര്‍ട്ടി അഭിമുഖീകരിക്കുന്നില്ലേ?

ജാതിയും ഇടതുപക്ഷമനുഭവിക്കുന്ന വര്‍ത്തമാന പ്രതിസന്ധിയാണ്. ദല്‍ഹിയില്‍ ഞാനറിയുന്ന മലയാളികളില്‍ പലരും പുരോഗമനക്കാരായിരിക്കുമ്പോള്‍ തന്നെ ജാതിയില്‍ വിശ്വസിക്കുന്നവരാണ്. ഇടതുപക്ഷത്തിന് വോട്ടു ചെയ്യുമ്പോള്‍ തന്നെ എന്‍.എസ്.എസിന്റെ പ്രവര്‍ത്തനങ്ങളില്‍ സജീവമാണ് അവര്‍. പുരോഗമന ചിന്താഗതിക്കാര്‍ ഒരിക്കലും ജാതിയോട് സന്ധി ചെയ്യില്ല എന്ന് ഉറച്ച തീരുമാനമെടുക്കണം.

കേരളത്തിന്റെ കഴിഞ്ഞ അറുപത് വര്‍ഷത്തെ രാഷ്ട്രീയമായും സാംസ്‌കാരികമായും കരുപ്പിടിപ്പിച്ചത് മൂന്ന് ആശയധാരകളാണ്. നവോത്ഥാനവും സ്വാതന്ത്ര്യസമരവും ഇടതുപക്ഷവുമാണ് അവ. സ്വാതന്ത്ര്യസമരത്തിന്റെയും ഇടതുപക്ഷ പ്രസ്ഥാനത്തിന്റെയും അടിസ്ഥാനപരമായ സങ്കല്‍പങ്ങളും കാഴ്ചപ്പാടുകളും ജാതിക്കും ജാതീയതക്കും എതിരായിരുന്നു. ജാതിയുടെ ഉള്‍പ്പിരിവുകള്‍ ദേശീയതയുടെ സ്വാധീനത്തില്‍ അലിഞ്ഞുപോകുമെന്ന് സ്വാതന്ത്ര്യസമര പ്രവര്‍ത്തകര്‍ വിശ്വസിച്ചു. വര്‍ഗാധിഷ്ഠിത കാഴ്ചപ്പാട് ജാതിയെ അപ്രസക്തമാക്കുമെന്ന് ഇടതുപക്ഷവും വിചാരിച്ചു. എന്നാല്‍, ഈ തിരിച്ചറിവുകള്‍ ജാതിയുടെ സാംസ്‌കാരികവും പ്രത്യയശാസ്ത്രപരവുമായ സ്വാധീനത്തെ വേണ്ടത്ര കണക്കിലെടുത്തില്ല. അതുകൊണ്ടുതന്നെ ഈ രണ്ട് പ്രസ്ഥാനങ്ങളിലും ജാതിക്കും ജാതീയതക്കുമെതിരായ സാംസ്‌കാരികവും രാഷ്ട്രീയവുമായ ജാഗ്രത വേണ്ടത്ര ഉണ്ടായില്ല. അതുകൊണ്ട് സംഭവിച്ചത്, ജാതിയുടെ പ്രത്യക്ഷ ലക്ഷണങ്ങളായ തൊട്ടുകൂടായ്മയും കണ്ടുകൂടായ്മയുമൊക്കെ കേരളത്തില്‍നിന്ന് നിര്‍മാര്‍ജനം ചെയ്യപ്പെട്ടു. എന്നാല്‍, കുടഞ്ഞെറിഞ്ഞ ആ  ജാതീയത പുതിയ രൂപഭാവങ്ങളോടെ അരങ്ങ് നിറഞ്ഞുനില്‍ക്കുന്നു. 

(തുടരും)

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-25 / അല്‍ ഫുര്‍ഖാന്‍ / (55-59)
എ.വൈ.ആര്‍

ഹദീസ്‌

ജീവിതം മൃദുലമാക്കുക
ജുമൈല്‍ കൊടിഞ്ഞി