സ്‌നേഹമെന്ന സുന്നത്ത്
ഒരു യാത്ര കഴിഞ്ഞ് തിരിച്ചുവന്ന അലിയ്യുബ്‌നു അബീത്വാലിബ് പ്രിയപത്‌നി ഫാത്വിമ(റ) അറാക് മരത്തിന്റെ തണ്ടു കൊണ്ടു പല്ലു വൃത്തിയാക്കുന്നത് കാണാനിടയായി. അവരെ നോക്കി, പ്രണയപൂര്‍വം അദ്ദേഹം പാടി:
ഹേ, അറാക്കു മരത്തിന്റെ ശിഖരമേ,
നീ എത്ര ഭാഗ്യം ചെയ്തവന്‍!
എന്റെ നോട്ടം നിന്നില്‍ പരിഭ്രാന്തിയുണ്ടാക്കുന്നില്ലേ?
നീയല്ലാതെ മറ്റൊരാളായിരുന്നെങ്കില്‍,
ഹേ മിസ്‌വാക്, നിന്റെ അന്ത്യം തീര്‍ച്ച!
എനിക്ക് മുമ്പേ ഈ ആലിംഗനം ലഭിച്ച ഒരേ ഒരു ഭാഗ്യവാന്‍!
തകര്‍ന്ന വിശ്വാസവും തകര്‍ച്ചയുടെ വക്കിലെത്തിയ ബന്ധങ്ങളും വീണ്ടെടുക്കാന്‍ ശ്രമിക്കുന്ന ഒരുപാട് ദമ്പതികള്‍ ഇമെയിലിലൂടെയും ഫെയ്‌സ്ബുക്കിലൂടെയും എന്നെ ബന്ധപ്പെടാറുണ്ട്. നമുക്കിടയിലുള്ള സൈബര്‍ ദൂരം സംഭാഷണത്തെ ഏകപക്ഷീയമാക്കാന്‍ സാധ്യതയുള്ളതിനാല്‍ ഉപദേശം നല്‍കാന്‍ എനിക്ക് വൈമുഖ്യമുണ്ടെന്നാണ് മിക്കവരോടും മറുപടി പറയാറുള്ളത്. അവിഹിത ബന്ധങ്ങളുടെയും പീഡനങ്ങളുടെയും ധിക്കാരത്തിന്റെയും കഥകള്‍ അനവധിയാണ്. ശിഥിലീകരിക്കപ്പെട്ടുപോകുന്ന കുടുംബ ബന്ധങ്ങളാണ് പുതിയ കാലത്ത് സമൂഹം നേരിടുന്ന ഏറ്റവും വലിയതും സങ്കീര്‍ണവുമായ പ്രതിസന്ധി എന്നത് അവഗണിക്കാനാവാത്ത സത്യമാണ്. മുസ്‌ലിം സമൂഹത്തിലെ കുടുംബങ്ങളിലും പ്രശ്‌നങ്ങള്‍ നിരവധിയാണ്.
കണക്കുകള്‍ പലപ്പോഴും നമ്മെ പേടിപ്പെടുത്തുന്നു. ഒരു വശത്ത് ശരിയായ കൗണ്‍സലിംഗ് രീതികളെക്കുറിച്ച് മതനേതാക്കള്‍ക്കും ഇമാമുമാര്‍ക്കും അറിവില്ലാതിരിക്കുകയും പള്ളികളും മഹല്ലുകളും സമ്മര്‍ദത്തിലാവുകയും ചെയ്യുമ്പോള്‍ തന്നെ മറുവശത്ത് ഇസ്‌ലാമിക അനുശാസനങ്ങളെ ആധാരമാക്കിയുള്ള കൗണ്‍സലിംഗ് രീതികളെക്കുറിച്ച് പലര്‍ക്കും കേട്ടുകേള്‍വി പോലുമില്ല. തുറന്നുപറയുന്ന കാര്യങ്ങള്‍ രഹസ്യമായിരിക്കുമെന്ന് ആര്‍ക്കും ഉറപ്പുനല്‍കാന്‍ കഴിയുന്നുമില്ല.
അനുരാഗത്തിന്റെയും അനുകമ്പയുടെയും സുന്നത്തിനെ പുരാതന കാലത്തിന്റെ അവശിഷ്ടമായി കണ്ട് ജീവിതത്തില്‍നിന്ന് പുറന്തള്ളുമ്പോഴാണ് ഗാര്‍ഹിക-ദാമ്പത്യ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കപ്പെടുന്നത്. യഥാര്‍ഥ പ്രേമത്തില്‍നിന്ന് ഉടലെടുത്ത വികാരപ്രകടനങ്ങളുടെയും ആത്മാര്‍ഥതയുടെയും ത്യാഗത്തിന്റെയും അതിശയിപ്പിക്കുന്ന കഥകള്‍ നമുക്കിടയില്‍ പലപ്പോഴും ചര്‍ച്ച ചെയ്യപ്പെടാറേയില്ല. എന്നാല്‍ മുഹമ്മദ് നബി(സ)യുടെയും അനുയായികളുടെയും ജീവിതങ്ങളില്‍നിന്നെടുത്ത പല ഉദാഹരണങ്ങളും ചേര്‍ത്തുവെച്ചാല്‍ ഗാഢമായ സ്‌നേഹത്തിന്റെ വിശാലമായ സുന്നത്ത് തന്നെ രൂപപ്പെട്ടുവരുന്നത് കാണാം.
സുഖത്തിന്റെയും സ്‌നേഹത്തിന്റെയും യഥാര്‍ഥ ദാതാവായ അല്ലാഹു തന്റെ ഭക്തരായ സൃഷ്ടികളുടെ ഹൃദയങ്ങളില്‍ പാകിയ സ്‌നേഹത്തിന്റെ വിത്തില്‍നിന്ന് വളരുന്ന, ഭാര്യാ-ഭര്‍ത്താക്കന്മാര്‍ക്കിടയിലുള്ള യഥാര്‍ഥമായ പ്രണയം.
'വിത്ത്' എന്ന പദം അറബിഭാഷയില്‍ അക്ഷരാര്‍ഥത്തിലും ആലങ്കാരികമായും സൂചിപ്പിക്കുന്നത് പ്രണയത്തെയാണ്. 'ഹുബ്ബ്' എന്ന അറബി പദം വരുന്നത് വിത്ത് എന്നര്‍ഥം വരുന്ന 'ഹബ്ബ്' എന്ന പദത്തില്‍നിന്നാണ്. പ്രയോഗത്തില്‍ രണ്ടു പദങ്ങളും ഏതാണ്ട് സമമാണ്.
ഒരു പൊട്ടില്‍നിന്നാണ് പ്രണയം ജനിക്കുന്നത്, അതിനെ സ്വീകരിക്കാന്‍ തയാറായ ഒരു ഹൃദയത്തിന്റെ അന്തരങ്ങളില്‍ മൂടിക്കിടക്കുന്ന ഒരു വിത്ത്. അതിശയിപ്പിക്കുന്ന സൗന്ദര്യം അത് അതിന്റെയുള്ളില്‍ ഒളിപ്പിച്ചുവെച്ചിട്ടുണ്ട്. പോഷണവും പരിപാലനവും തണലും സ്വീകരിച്ച് വളരുന്ന ഈ വിത്തില്‍ കാലം കടന്നുപോകുമ്പോള്‍ ഏതാപത്തിനെയും അതിജീവിക്കാന്‍ കരുത്തുള്ള നീണ്ട വേരുകള്‍ മുളക്കുന്നു.
ഒരിക്കല്‍ മുഹമ്മദ് നബി(സ) അംറുബ്‌നുല്‍ ആസ്വിനെ പ്രധാനപ്പെട്ട ഒരു ദൗത്യം ഏല്‍പിച്ചു. അദ്ദേഹത്തേക്കാള്‍ കെല്‍പുള്ള പലരും ഉണ്ടായിരിക്കെയാണ് അദ്ദേഹത്തിന് ഈ ചുമതല ലഭിച്ചത്. ഇതില്‍ അഭിമാനം കൊണ്ട അംറുബ്‌നുല്‍ ആസ്വ്(റ) സ്വഹാബികളുടെ മുന്നില്‍ വെച്ച് നബി(സ)യോട് ചോദിച്ചു; അദ്ദേഹം ആരെയാണ് കൂടുതല്‍ സ്‌നേഹിക്കുന്നത്? ഏതൊരു ഭാര്യയും തന്റെ ഭര്‍ത്താവ് പറയണമെന്ന് ആഗ്രഹിച്ചുപോകുന്ന ഉത്തരമാണ് പ്രവാചകന്‍(സ) നല്‍കിയത്. അദ്ദേഹം പ്രിയപത്‌നി ആഇശ ബീവിയുടെ പേരു പറഞ്ഞു.
ഒരാള്‍ തന്റെ കൂട്ടുകാരനെ സ്‌നേഹിക്കുന്നുണ്ടെങ്കില്‍ അതവനെ അറിയിക്കണമെന്ന പ്രവാചകന്റെ വാക്കുകള്‍ ഓര്‍ത്തുകൊണ്ടാണ് അംറുബ്‌നുല്‍ ആസ്വ് ചോദ്യം ഉന്നയിച്ചത്. റസൂലുല്ല അതിനെ തെറ്റായി മനസ്സിലാക്കി എന്ന് തോന്നിയപ്പോള്‍ അദ്ദേഹം പറഞ്ഞു; ഞാന്‍ അങ്ങയുടെ അനുയായികളുടെ കൂട്ടത്തില്‍നിന്ന് ആരെയാണ് കൂടുതല്‍ സ്‌നേഹിക്കുന്നത് എന്നാണ് ഉദ്ദേശിച്ചത്. അപ്പോള്‍ നബി പറഞ്ഞു: 'അവരുടെ പിതാവ്!'
അബൂബക്ര്‍ സിദ്ദീഖ്(റ) എന്നു പറയാതെ ആഇശ ബീവിയുമായി ബന്ധപ്പെടുത്തി ഉത്തരം പറഞ്ഞതില്‍നിന്നുതന്നെ പ്രവാചകന്റെ മനസ്സിലും ഹൃദയത്തിലും അപ്പോഴും ആഇശ(റ) നിറഞ്ഞുനില്‍ക്കുകയായിരുന്നു എന്ന് മനസ്സിലാകും.
പ്രണയം
പ്രവാചകന്‍ പ്രണയപൂര്‍വം അല്‍ഹുമൈറ (ചുവന്ന കവിളുള്ളവള്‍) എന്നു വിളിച്ചിരുന്ന ഉമ്മുല്‍ മുഅ്മിനീന്‍ ആഇശ(റ) ഏറെ സ്‌നേഹിക്കുകയും സ്‌നേഹിക്കപ്പെടുകയും ചെയ്ത വ്യക്തിയായിരുന്നു.
കോടികള്‍ വാരുന്ന സിനിമാ/സാഹിത്യ പരമ്പരകളില്‍ കാണുന്നതുപോലെ മായക്കാഴ്ചകള്‍ നിറഞ്ഞതോ അതീവ ലളിതമോ അല്ല പ്രണയത്തിന്റെ സുന്നത്ത്. ഇതില്‍ പോരാട്ടം രക്തരക്ഷസ്സുകളും ചെന്നായമനുഷ്യരും തമ്മിലല്ല. ഇതില്‍ ചാഞ്ചല്യമോ കൗശലമോ ഇല്ല. പരമകാരുണികന്റെ ഉത്തരവിനെ മാനിച്ചുകൊണ്ട് ശാന്തിയും സുഖവും മനസ്സമാധാനവും തേടിയിറങ്ങിയവര്‍ക്കിടയിലുള്ള വികാരമാണ് പ്രണയം. മായാലോകത്തിലല്ല, സാധാരണമായ ദൈനംദിന ജീവിതത്തിലാണ് ഈ അനുരാഗം ഏറ്റവും നന്നായി തഴച്ചുവളരുന്നത്. കൂട്ടിയിട്ട അഴുക്കുപാത്രങ്ങള്‍ക്കും മുഷിഞ്ഞ കുട്ടിക്കുപ്പായങ്ങള്‍ക്കും ജോലിത്തിരക്കിനും പച്ചക്കറിക്കടയിലേക്കുള്ള ഓട്ടത്തിനും തീരാത്ത ചുമതലകള്‍ക്കും നടുവില്‍ കണ്ടെത്തുന്ന സ്‌നേഹത്തിന്റെയും കൂട്ടുകെട്ടിന്റെയും നിമിഷങ്ങള്‍. രാവിലെ വീട്ടില്‍നിന്ന് തിരക്കിട്ടിറങ്ങുമ്പോള്‍ പങ്കാളിയില്‍നിന്ന് കിട്ടുന്ന സ്‌നേഹം നിറഞ്ഞ നോട്ടം, അന്ന് നടന്ന കാര്യങ്ങളെപ്പറ്റി അറിയിക്കാന്‍ വെറുതെ ഒരു ഫോണ്‍ കോള്‍, വീട്ടിലേക്കുള്ള വഴിയില്‍ വാങ്ങാനുള്ള പച്ചക്കറിയുടെ പട്ടികയുടെ കൂടെ അവരോടുള്ള സ്‌നേഹം വിളിച്ചു പറയുന്ന ഒരു അടിക്കുറിപ്പ് എല്ലാം ഓരോ ചിഹ്നങ്ങളാണ്.
പരസ്പരമുള്ള സ്‌നേഹം പ്രകടിപ്പിക്കാന്‍ മുഹമ്മദ് നബി(സ)യും ആഇശ(റ)യും ഒരു 'കോഡു' ഭാഷ ഉപയോഗിച്ചിരുന്നു. ഒരിക്കല്‍ ആഇശ(റ) തന്നോടുള്ള സ്‌നേഹത്തെ നബി(സ) എങ്ങനെയാണ് വിവരിക്കുക എന്ന് നബി(സ)യോട് ചോദിച്ചു. വലിക്കുംതോറും കൂടുതല്‍ മുറുകുന്ന ശക്തമായ ഒരു കെട്ടിനോടാണ് നബി(സ) അതിനെ ഉപമിച്ചത്. അതിനു ശേഷം ആഇശ(റ) പലപ്പോഴും തന്റെ ഭര്‍ത്താവിനോട് തമാശയായി ചോദിക്കും, 'കെട്ട് എങ്ങനെ?' നബി(സ)യുടെ പതിവായി ഉത്തരം നല്‍കും, 'നീ ചോദിച്ച അന്നത്തെ അത്രയും ശക്തിയായി തന്നെ ഇരിക്കുന്നു.'
ഇങ്ങനെ ഒരുപാട് ഉദാഹരണങ്ങള്‍ കേട്ടിട്ടുള്ള ഞാന്‍ പലപ്പോഴും ചിന്തിക്കാറുണ്ട്; നമ്മുടെ സമുദായത്തിന് എന്താണ് സംഭവിച്ചത്? നിങ്ങളും ചിന്തിക്കേണ്ട വിഷയമാണിത്. സ്വന്തം ഭാര്യയോടുള്ള സ്‌നേഹം തുറന്നു പ്രകടിപ്പിക്കാന്‍ എന്തുകൊണ്ടാണ് ഇത്രയും വിഷമം? പങ്കാളിയെ പുകഴ്ത്തി പറയുന്ന ഒരു സഹോദരന്‍ എന്തുകൊണ്ടാണ് 'ലോല'നായി വിലയിരുത്തപ്പെടുന്നത്?
ഒരു ഭാഗത്ത് പ്രാര്‍ഥന നയിക്കാന്‍ വീട്ടില്‍നിന്നിറങ്ങുമ്പോള്‍ ഭാര്യയെ പ്രവാചകന്‍(സ) ചുംബിച്ചിരുന്നുവെങ്കില്‍ മറുഭാഗത്ത് സമുദായത്തിലെ ചില അംഗങ്ങള്‍ ചിരിക്കാന്‍ പോലും ഇന്ന് പ്രയാസപ്പെടുന്നത് എന്തു കാരണം കൊണ്ടാണ്?
യുദ്ധത്തിന്റെ സന്ദര്‍ഭത്തില്‍ അടുത്ത് വെള്ളം പോലും കിട്ടാനില്ലാത്ത ഒരിടത്ത് തന്റെ സൈന്യത്തെ മുഴുവന്‍ മുന്നോട്ടു പോകുന്നതില്‍നിന്ന് വിലക്കി ഭാര്യയുടെ കളഞ്ഞുപോയ മുത്തുമാല തിരയാന്‍ മുഹമ്മദ് നബി(സ)ക്കാവുമായിരുന്നെങ്കില്‍ തന്റെ പങ്കാളിക്ക് വല്ലപ്പോഴും അവരര്‍ഹിക്കുന്ന പ്രശംസ നല്‍കാന്‍ നമ്മളില്‍ പലര്‍ക്കും എന്തുകൊണ്ട് സാധിക്കുന്നില്ല? എന്നു മുതലാണ് കാര്‍ക്കശ്യം നേതൃത്വത്തിന്റെ ലക്ഷണമായും പാരുഷ്യം ദാമ്പത്യജീവിതത്തിന്റെ അവിഭാജ്യ ഘടകമായും കണക്കാക്കപ്പെടാന്‍ തുടങ്ങിയത്?
മുഹമ്മദ് നബി(സ)ക്ക് സ്വന്തം വസ്ത്രം തുന്നിച്ചേര്‍ക്കാനും വീട്ടുകാര്യങ്ങളില്‍ ശ്രദ്ധിക്കാനും സാധിക്കുമായിരുന്നെങ്കില്‍, ഭാര്യക്ക് അസുഖമൊന്നുമില്ലെങ്കില്‍ കഴിച്ച പാത്രം കഴുകിവെക്കുക പോയിട്ട് മേശയില്‍നിന്ന് ഒന്ന് മാറ്റിവെക്കാന്‍ പോലും ഒരു സഹോദരനാവാത്തത് എന്തുകൊണ്ടാണ്? പാലില്‍ തേനൊഴിച്ച് കഴിക്കുന്നത് ഇഷ്ടപ്പെട്ടിരുന്ന മുഹമ്മദ് നബി(സ) ഭാര്യമാര്‍ അതിന്റെ വാസനയെപ്പറ്റി പരാതി പറഞ്ഞപ്പോള്‍ അത് കഴിക്കുന്നത് നിര്‍ത്തുകയും അതു കാരണം 'ഭാര്യമാരെ പ്രീതിപ്പെടുത്താന്‍ വേണ്ടി' അനുവദനീയമായത് തനിക്ക് തന്നെ നിഷേധിക്കരുത് എന്ന് അല്ലാഹു ആയത്ത് ഇറക്കുകയും (ഖുര്‍ആന്‍-66:1) ചെയ്തിടത്ത് ഇന്ന് സമുദായത്തിലെ ചിലര്‍ ഭാര്യമാര്‍ക്ക് അവകാശപ്പെട്ട കാര്യങ്ങള്‍ പോലും അനുവദിച്ചുകൊടുക്കാത്തത് എന്തുകൊണ്ടാണ്?
ഒരു വശത്ത് മൂന്നു ദിവസത്തില്‍ കൂടുതല്‍ ഒരാളോട് പിണങ്ങി നില്‍ക്കരുതെന്ന് പ്രവാചകന്‍(സ) പഠിപ്പിച്ചിട്ടും, ചെറിയ തര്‍ക്കങ്ങളുടെ പേരില്‍ ആഴ്ചകളോളം വീടിനെ മൗനത്തിലാഴ്ത്തി ഭാര്യയുടെ അടുക്കലേക്ക് പോകാന്‍ ഭര്‍ത്താവ് മടിക്കുന്ന സാഹചര്യം ഉണ്ടാകുന്നത് എന്തുകൊണ്ടാണ്? ഒരാളുടെ വീട്ടില്‍ അയാളുടെ അനുവാദമില്ലാതെ മറ്റൊരാള്‍ പ്രാര്‍ഥന നയിക്കരുതെന്ന് നബി(സ) പഠിപ്പിച്ചിരുന്നെങ്കില്‍ മറുഭാഗത്ത് ഇന്ന് തീരാകലഹങ്ങളും പഴിചാരലുകളും കാരണം ഒരാള്‍ക്ക് സ്വന്തം വീട്ടില്‍ പരിചാരകനായതുപോലെ അനുഭവപ്പെടേണ്ടിവരുന്നത് എന്തുകൊണ്ട്? സുന്നത്തിനെ തെറ്റായി വ്യഖ്യാനിച്ച്, ഏറ്റവും സാധാരണമായതടക്കം ജീവിതത്തിലെ എല്ലാ വശങ്ങളുമായി അതിനെ ബന്ധപ്പെടുത്താതിരിക്കുമ്പോഴാണ് തെറ്റുകള്‍ സംഭവിക്കുന്നത്.
വുദൂ എടുക്കാന്‍ വെള്ളമില്ലെങ്കില്‍ മണ്ണോ പൊടിയോ ഉപയോഗിച്ച് തയമ്മും ചെയ്യാം എന്നത് ഇസ്‌ലാമിന്റെ ബാലപാഠങ്ങള്‍ മനസ്സിലാക്കിയ ഏതൊരാള്‍ക്കും അറിയുന്ന കാര്യമാണ്. പക്ഷേ, നബി(സ)യുടെ പത്‌നിയുടെ കളഞ്ഞുപോയ ആഭരണം കാരണമാണ് അങ്ങനെയൊരു അനുവാദം അല്ലാഹുവില്‍നിന്ന് ലഭിച്ചതെന്ന സത്യം നമ്മുടെ പാഠപുസ്തകങ്ങളില്‍നിന്ന്, ചിലപ്പോള്‍ മനപ്പൂര്‍വം, ഒഴിവാക്കിയിരിക്കാം. മുന്നോട്ടു പോയിക്കൊണ്ടിരുന്ന ഒരു സൈന്യത്തോടാണ് ഇരുട്ടു വീണ നേരത്ത് കൈയിലുണ്ടായിരുന്ന വെള്ളം തീരാറാവുകയും തൊട്ടടുത്തൊന്നും വെള്ളം കിട്ടാനില്ലാത്തതുമായ ഒരു സാഹചര്യത്തില്‍ മുഹമ്മദ് നബി(സ) തമ്പടിക്കാന്‍ ആജ്ഞാപിക്കുന്നത്. ആഇശ(റ)യുടെ മാല കളഞ്ഞുപോയത് ഒരു നിസ്സാര സംഭവമായി കണ്ട അവരുടെ പിതാവ് അബൂബക്ര്‍(റ) ഇക്കാര്യം നബി(സ)യോട് പറഞ്ഞതില്‍ മകളോട് ദേഷ്യപ്പെട്ടു. എങ്കിലും പത്‌നിയുടെ സന്തോഷം കരുതി അറേബ്യയുടെ മരുഭൂമിയില്‍ അവരുടെ മുത്തുമാലക്കു വേണ്ടി അന്വേഷിക്കാന്‍ പ്രവാചകന്‍(സ) സൈനികരെ പറഞ്ഞയച്ചു. ഇക്കാര്യങ്ങളോ അതിനു ശേഷം അനുയായികളെ അത്യധികം സന്തോഷിപ്പിച്ചു കൊണ്ട് മൊത്തം ഉമ്മത്തിനു തന്നെ ആശ്വാസമായി തയമ്മും അനുവദിച്ചുകൊണ്ടുള്ള ആയത്ത് അവതരിച്ചതാണെന്ന വസ്തുതയോ നമ്മളില്‍ പലരും കേട്ടിട്ടുണ്ടാവില്ല, അല്ലെങ്കില്‍ നമ്മളോട് പറഞ്ഞിട്ടുണ്ടാവില്ല. ഇതാണ് പ്രണയത്തിന്റെ സുന്നത്ത്. അകലെയുള്ളവര്‍ക്ക് അസൗകര്യമുണ്ടാക്കിയാലും അടുത്തുള്ളവരെ പരിപാലിക്കുക.
പ്രവാചകന്‍(സ) തന്റെ ചെരുപ്പുകള്‍ക്ക് എന്തെങ്കിലും സംഭവിച്ചാല്‍ അത് സ്വയം ശരിയാക്കുകയായിരുന്നു പതിവ്. ഒരിക്കല്‍ ഇങ്ങനെ ചെരുപ്പ് ശരിയാക്കിക്കൊണ്ടിരുന്നപ്പോള്‍ മുറിയിലുണ്ടായിരുന്ന ആഇശ(റ) അദ്ദേഹത്തിന്റെ നെറ്റിയിലെ വിയര്‍പ്പുതുള്ളികള്‍ ശ്രദ്ധിച്ചു. വിസ്മയഭരിതയായി കുറേ നേരം അതിലേക്ക് ഉറ്റുനോക്കിയ ആഇശ(റ)യുടെ നോട്ടം നബി(സ)യുടെ ശ്രദ്ധയില്‍പെട്ടു. എന്താണ് കാര്യമെന്ന് അദ്ദേഹം അന്വേഷിച്ചു.
'കവിയായ അബൂബക്ര്‍ അല്‍ഹുതാലി അങ്ങയെ ഇപ്പോള്‍ കാണുകയാണെങ്കില്‍ തീര്‍ച്ചയായും അദ്ദേഹത്തിന്റെ ആ കവിത താങ്കള്‍ക്ക് സമര്‍പ്പിച്ചേനെ' എന്നായിരുന്നു ആഇശ(റ)യുടെ മറുപടി. കവി എന്താണ് പറഞ്ഞതെന്ന് പ്രവാചകന്‍ ചോദിച്ചു. അവരുടെ മറുപടി ഇങ്ങനെയായിരുന്നു:
'ചന്ദ്രന്റെ ഗാംഭീര്യത്തിലേക്ക് നോക്കൂ, അത് പ്രകാശിക്കുകയും മറ്റുള്ളവര്‍ക്ക് കാണാന്‍ വേണ്ടി ലോകത്തെ മുഴുവന്‍ പ്രകാശം കൊണ്ട് നിറക്കുകയും ചെയ്യുന്നു' എന്നാണ് കവി പറഞ്ഞത്.''
ഇതുകേട്ട പ്രവാചകന്‍(സ) ആഇശ(റ)യുടെ കണ്ണുകള്‍ക്കിടയില്‍ ചുംബിച്ചുകൊണ്ട് പറഞ്ഞു: 'അല്ലാഹുവാണ, നീയെനിക്ക് ചന്ദ്രനെപ്പോലെയും അതിലേറെയുമാണ്.' ഇതാണ് പ്രണയത്തിന്റെ സുന്നത്ത്.
ഇസ്‌ലാമിന്റെ പ്രചാരണം തുടങ്ങിയ കാലം മുതല്‍ തന്നെ മുഹമ്മദ് നബി(സ)യുടെ ജീവിത ശീലങ്ങള്‍ നേരില്‍ കണ്ട ഒരാളായിരുന്നു അലി(റ). അദ്ദേഹത്തിന്റെ ജീവിതത്തിലെ നിറഞ്ഞ സ്‌നേഹത്തിന് അലി(റ) സാക്ഷിയായിരുന്നു. അലി(റ) ഒരിക്കല്‍ വീട്ടില്‍ കയറിയപ്പോള്‍ തന്റെ പ്രിയപത്‌നി വിശ്രമിക്കുന്നത് കണ്ട ഒരു സംഭവം രേഖപ്പെടുത്തപ്പെട്ടിട്ടുണ്ട്. യാതൊരു പ്രത്യേകതയുമില്ലാത്ത സാധാരണ ഒരു ദിവസം. ഉപഭോക്താക്കളുടെ പണം വാരാന്‍ തന്ത്രപൂര്‍വമിറക്കുന്ന പരസ്യവാചകങ്ങള്‍ മനസ്സിലില്ല. വൈരത്തിന്റെ കാരറ്റ് കണക്കനുസരിച്ച് സന്തോഷത്തിന്റെ അളവെടുക്കുന്ന തട്ടിപ്പുകളില്ല. നീണ്ട ദിവസത്തെ ജോലിക്കു ശേഷം വീട്ടിലേക്ക് വരുന്ന ഒരു മനുഷ്യന്‍ മാത്രം. എന്നാല്‍ അദ്ദേഹം അവിടെ കണ്ടത് ഏതു മനുഷ്യനും നേടാനും നഷ്ടപ്പെടാതെ സൂക്ഷിക്കാനുമാഗ്രഹിക്കുന്ന ഒരു വലിയ സ്വപ്‌നമായിരുന്നു; അവരുടെ സാന്നിധ്യം കൊണ്ടു മാത്രം അദ്ദേഹത്തെ സന്തോഷത്തിന്റെ കൊടുമുടിയിലെത്തിക്കുന്ന ഒരു ഭാര്യ. മുഹമ്മദ് നബി(സ) പറഞ്ഞിട്ടുണ്ട്: 'ലോകത്തെ എല്ലാ സാധനങ്ങളും വിലപ്പെട്ടതാണ്. പക്ഷേ, സന്മാര്‍ഗിയായ ഒരു സ്ത്രീയേക്കാള്‍ വിലപ്പെട്ടതായി ഒന്നുമില്ല.'
സുജൂദിന്റെ നീളവും ആരാധനാകര്‍മങ്ങളോടുള്ള ആത്മാര്‍ഥതയും മാത്രമായിരുന്നില്ല സന്മാര്‍ഗത്തിന്റെ മാനദണ്ഡങ്ങള്‍. നബി(സ), ഉമറി(റ)നോട് വിശദീകരിച്ചതുപോലെ:
'ഒരു പുരുഷനു കിട്ടാവുന്ന ഏറ്റവും വലിയ നിധി എന്താണെന്ന് ഞാന്‍ നിനക്ക് പറഞ്ഞുതരട്ടെയോ? ഓരോ നോട്ടത്തിലും അവനെ സന്തോഷം കൊണ്ട് പൊതിയുന്ന ഒരു ഭാര്യയാണത്'. ആദ്യനോട്ടത്തില്‍തന്നെ തോന്നുന്ന ഇമ്പമല്ല, ഓരോ നോട്ടത്തിലും പതിന്മടങ്ങ് വര്‍ധിക്കുന്ന പ്രണയമാണത്.
അല്ലാഹുവേ എനിക്കും എന്റെ പങ്കാളിക്കുമിടയില്‍ സ്‌നേഹമുണ്ടാക്കുകയും ഞങ്ങളുടെ ഗൃഹത്തില്‍ സുഖവും കാരുണ്യവും നിറക്കുകയും ചെയ്യേണമേ, അല്ലാഹുവേ നിന്റെ ദിവ്യമായ കാരുണ്യം ഞങ്ങള്‍ക്കു പകര്‍ന്നു തരേണമേ, അല്ലാഹുവേ നിന്നെ സ്‌നേഹിക്കുന്നവരുടെ സ്‌നേഹം ലഭിക്കാന്‍ നീ ഞങ്ങളെ അനുഗ്രഹിക്കേണമേ,അല്ലാഹുവേ, നിന്റെ സ്‌നേഹം സമ്പാദിക്കുന്ന കാര്യങ്ങള്‍ ചെയ്യാന്‍ നീ ഞങ്ങള്‍ക്ക് ഭാഗ്യം നല്‍കേണമേ.
വിവ: സയാന്‍ ആസിഫ്
Comments