സംഘ് പരിവാര്‍ ഉത്തരം പറയേണ്ട ചോദ്യങ്ങള്‍
ഇന്ത്യന്‍ സമ്പദ്ഘടനയെ കുത്തുപാളയെടുപ്പിച്ച നോട്ട്‌നിരോധം പോലുള്ള കേന്ദ്ര ഗവണ്‍മെന്റ് നടപടികളെക്കുറിച്ച് ഒരക്ഷരം മിണ്ടിപ്പോകരുതെന്ന അലിഖിത നിയമം നമ്മുടെ നാട്ടില്‍ നിലനില്‍ക്കുന്നുണ്ട്. മിണ്ടിയാല്‍ മിണ്ടിയവനെതിരെ അസഹിഷ്ണുതയുടെ ആക്രോശങ്ങള്‍. പ്രധാനമന്ത്രിയായാലും മറ്റാരായാലും അവര്‍ ചെയ്യുന്ന പ്രവൃത്തികളെ വിമര്‍ശിക്കാനും വിചാരണ ചെയ്യാനുമുള്ള അവകാശം ഇന്ത്യയിലെ ഓരോ പൗരനുമുണ്ട്. ജവഹര്‍ലാല്‍ നെഹ്‌റു മുതല്‍ക്കിങ്ങോട്ടുള്ള നേതാക്കള്‍ ആ ചോദ്യം ചെയ്യലുകളുടെ ചൂട് നന്നായി അറിഞ്ഞവരാണ്. എന്നാല്‍, ഒരു തരത്തിലുള്ള വിമര്‍ശനവും അഭിപ്രായപ്രകടനവും പൊറുപ്പിക്കില്ലെന്ന ശാഠ്യത്തിലാണ് സംഘ്പരിവാര്‍. തിയേറ്ററുകളില്‍ സിനിമാ പ്രദര്‍ശനത്തിനു മുമ്പ് ദേശീയഗാനം ചൊല്ലുന്നതുമായി ബന്ധപ്പെട്ടു വന്ന കോടതി പരാമര്‍ശങ്ങളുടെ പശ്ചാത്തലത്തില്‍, തിരുവനന്തപുരത്ത് നടന്ന അന്താരാഷ്ട്ര ചലച്ചിത്ര മേളയിലെ അനാവശ്യ പോലീസ് ഇടപെടലിനെക്കുറിച്ച് അഭിപ്രായ പ്രകടനം നടത്തിയതിനാണ് സംവിധായകന്‍ കമലിനെ തനി വര്‍ഗീയമായി കൈകാര്യം ചെയ്തത്. മലയാളത്തിന്റെ അഭിമാനമായ എം.ടി വാസുദേവന്‍ നായര്‍ നടത്തിയ വളരെ മാന്യമായ അഭിപ്രായ പ്രകടനത്തിനെതിരെയും സംഘ്പരിവാറിന്റെ ഉത്തരവാദപ്പെട്ടവര്‍ തന്നെ ഉറഞ്ഞുതുള്ളി. ആയിരത്തിന്റെയും അഞ്ഞൂറിന്റെയും നോട്ടുകള്‍ പിന്‍വലിച്ചതിനെത്തുടര്‍ന്ന് സാധാരണ മനുഷ്യര്‍ അനുഭവിക്കുന്ന കഷ്ടപ്പാടുകളെക്കുറിച്ചാണ് എം.ടി സംസാരിച്ചത്. ഗ്രാമീണ മേഖലയിലെ കഷ്ടപ്പാടും ദുരിതവും ഗവേഷണം നടത്തി കണ്ടെത്തേണ്ട ഒരു തര്‍ക്ക വിഷയമൊന്നുമല്ലല്ലോ. ഒരു നിത്യ ജീവിത യാഥാര്‍ഥ്യമാണത്. അതുപോലും സമ്മതിക്കാനുള്ള ആര്‍ജവം ഇന്ത്യ ഭരിക്കുന്ന കക്ഷിക്ക് ഇനിയും ഉണ്ടായിക്കഴിഞ്ഞിട്ടില്ല.
വിമര്‍ശനങ്ങളെ മുളയിലേ നുള്ളിക്കളയാന്‍ പലതരം പുകമറകള്‍ സൃഷ്ടിക്കുകയാണ് സംഘ്പരിവാര്‍. അതിലൊന്നാണ് തീവ്ര ദേശീയത. ഫാഷിസ്റ്റുകളും നാസികളും അങ്ങനെയാണ് പ്രതിയോഗികളെ നേരിട്ടിരുന്നത്. ദേശസ്‌നേഹവുമായി അതിന് യാതൊരു ബന്ധവും ഉണ്ടാവുകയില്ല. എന്നാല്‍, ദേശസ്‌നേഹത്തിന്റെ പര്യായമായിട്ടായിരിക്കും തീവ്ര ദേശീയത അവതരിപ്പിക്കപ്പെടുക. ഗവണ്‍മെന്റ് മെഷിനറിയും മീഡിയയുമെല്ലാം ദേശസ്‌നേഹത്താല്‍ പൊതിഞ്ഞ തീവ്രദേശീയതയുടെ വക്താക്കളായി രംഗത്തു വരും. ഗവണ്‍മെന്റ് നയങ്ങളെ എതിര്‍ക്കുന്നവരും അധഃസ്ഥിത, പിന്നാക്ക ജനവിഭാഗങ്ങള്‍ക്കു വേണ്ടി സംസാരിക്കുന്നവരുമൊക്കെ ഈയൊരു പശ്ചാത്തലത്തില്‍ ദേശവിരുദ്ധരോ തീവ്രവാദികളോ ആയി മുദ്രകുത്തപ്പെടുക സ്വാഭാവികം. അതാണിപ്പോള്‍ ഇന്ത്യയില്‍ സംഭവിച്ചുകൊണ്ടിരിക്കുന്നത്. മുഖ്യധാരാ മീഡിയ ഏറക്കുറെ പൂര്‍ണമായി വന്‍കിട കുത്തക മുതലാളിമാരുടെ കൈപ്പിടിയിലൊതുങ്ങിക്കഴിഞ്ഞു. അവരുടെ സര്‍വവിധ പിന്തുണയും സ്വീകരിച്ചുകൊണ്ടാണ് കേന്ദ്രത്തില്‍ ബി.ജെ.പി അധികാരത്തിലെത്തിയത്. ക്രോണി കാപ്പിറ്റലിസം എന്നു വിളിക്കപ്പെടുന്ന, കുത്തക മുതലാളിമാരും ഭരണകൂടവും തമ്മിലുള്ള ഈ അവിശുദ്ധ ബാന്ധവത്തിന്റെ സൃഷ്ടിയാണ് ഇപ്പോഴുള്ള നോട്ട് പ്രതിസന്ധി എന്ന വിലയിരുത്തലുമുണ്ട്.
ഇത്തരം വിമര്‍ശനങ്ങളെ ഭരണകൂടം മറികടക്കുന്നത്, തങ്ങളുടെ ഓരോ പ്രവൃത്തിയും ദേശസ്‌നേഹത്താല്‍ പ്രചോദിതമാണ് എന്ന് ജനങ്ങളെ വ്യാപകമായി തെറ്റിദ്ധരിപ്പിച്ചുകൊണ്ടാണ്. സംഘ്പരിവാര്‍ ആദ്യകാലം മുതല്‍ക്കേ അഭിമുഖീകരിച്ചുപോന്ന ആന്തരിക വൈരുധ്യങ്ങളെ ജനങ്ങളില്‍നിന്ന് സമര്‍ഥമായി മറച്ചുപിടിച്ചിരുന്നതും പലതരം വൈകാരിക വിഷയങ്ങള്‍ പുറത്തെടുത്തുകൊണ്ടായിരുന്നു. തൊള്ളായിരത്തി മുപ്പതുകളിലെയും നാല്‍പതുകളിലെയും ഇന്ത്യന്‍ രാഷ്ട്രീയ സംഘര്‍ഷങ്ങളെ വിലയിരുത്തിക്കൊണ്ട് മൗലാനാ മൗദൂദി എഴുതിയ ലേഖനങ്ങളില്‍ ഇതു സംബന്ധമായ ധാരാളം സൂചനകള്‍ കാണാം. ഇന്നത്തെപ്പോലെ അന്നും 'വന്ദേമാതരം' വിവാദ വിഷയമാക്കപ്പെട്ടിരുന്നു. അത് മനപ്പൂര്‍വം ചെയ്യുന്നതാണെന്ന് മൗലാനാ മൗദൂദി ചൂണ്ടിക്കാട്ടി. ജാതീയത ഉയര്‍ത്തുന്ന വലിയ പ്രതിസന്ധിയില്‍നിന്ന് തലയൂരാനുള്ള ശ്രമമാണത്. ജാതീയത മനുഷ്യരെ പല തട്ടുകളിലാക്കി തിരിക്കുകയാണ്. വിവിധ ജാതികള്‍ തമ്മില്‍ സാമൂഹികമായ ബന്ധങ്ങളില്ല. തൊട്ടുകൂടായ്മയും തീണ്ടിക്കൂടായ്മയും നിലനില്‍ക്കുന്നു. ഒരു നവോത്ഥാന പ്രസ്ഥാനത്തിനും ജാതീയ വിവേചനത്തിന് ഇളക്കം തട്ടിക്കാന്‍ കഴിഞ്ഞിട്ടില്ല. ഒരു നാട്ടില്‍ ജീവിക്കുന്ന മനുഷ്യരെ ഒരു കാലത്തും തുല്യരായി പരിഗണിക്കാന്‍ കഴിയില്ലെന്നര്‍ഥം. ഏതൊരു ദേശീയ വിഭാവനയുടെയും ആധാരമായി വര്‍ത്തിക്കേണ്ട മനുഷ്യസമത്വവും സാഹോദര്യവും ഇന്ത്യന്‍ പശ്ചാത്തലത്തില്‍ സാധ്യമല്ലെന്നത് ഹിന്ദുത്വ ശക്തികള്‍ക്ക് എക്കാലത്തും വലിയ വെല്ലുവിളിയായിരുന്നു. ജനശ്രദ്ധ ഈ മൗലിക പ്രശ്‌നത്തില്‍നിന്ന് തിരിച്ചുവിടുകയേ നിവൃത്തിയുള്ളൂ. അങ്ങനെയാണത് മനുഷ്യസമത്വവും സാഹോദര്യവും വിട്ട്, അമൂര്‍ത്തമായ ദേശസ്‌നേഹ സങ്കല്‍പത്തില്‍ അഭിരമിക്കാന്‍ തുടങ്ങിയത്.
ഇതൊരു ഒളിച്ചോട്ടമാണ്. എന്താണ് ദേശസ്‌നേഹമെന്ന് അവര്‍ നിര്‍വചിക്കേിയിരിക്കുന്നു. ഇന്ത്യാ ദേശത്ത് ജീവിക്കുന്ന എല്ലാവരെയും തുല്യരായി അവര്‍ കാണുന്നുണ്ടോ? ബ്രാഹ്മണരും ദലിതരും തുല്യരാണോ? ആണെങ്കില്‍ എന്തുകൊണ്ടാണ് ദലിതര്‍ നൂറ്റാണ്ടുകളായി ഉയര്‍ന്ന ജാതികളുടെ നിരന്തര ആക്രമണങ്ങള്‍ക്ക് ഇരകളാകേണ്ടിവരുന്നത്? സംഘ്പരിവാറിന്റെ ഭരണകാലത്ത് എന്തുകൊണ്ടാണ് ദലിത് പീഡനങ്ങള്‍ വര്‍ധിക്കുന്നത്? മത- വംശീയ ന്യൂനപക്ഷങ്ങളോടുള്ള അവരുടെ നിലപാട് ദേശസ്‌നേഹത്തിന്റെ നിര്‍വചനവുമായി എങ്ങനെയാണ് ഒത്തുപോവുക?
സംഘ്പരിവാര്‍ മാത്രമല്ല കോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ള മുഖ്യധാരാ കക്ഷികളെല്ലാം തന്നെ ജാതീയത ഉയര്‍ത്തുന്ന മനുഷ്യാന്തസ്സുമായി ബന്ധപ്പെട്ട അടിസ്ഥാന ചോദ്യങ്ങളെ അതിവൈകാരികതയുടെ പുകപടലങ്ങളുണ്ടാക്കി മൂടിവെക്കാനാണ് ശ്രമിച്ചിട്ടുള്ളത്. എന്നുവെച്ച് ആ ചോദ്യങ്ങള്‍ ഇല്ലാതാകുന്നില്ല. അംബേദ്കര്‍ ഉള്‍പ്പെടെയുള്ള പാര്‍ശ്വവത്കൃതര്‍ അവ വളരെ ശക്തിയായി ഉന്നയിച്ചിട്ടുമുള്ളതാണ്. അംബേദ്കറുടെ ചിന്തകള്‍ നമ്മുടെ കാലത്ത് കൂടുതല്‍ പ്രസക്തമായിത്തീരുന്നതും അതുകൊണ്ടുതന്നെ. രണ്ടാം ഖലീഫ ഉമറുബ്‌നുല്‍ ഖത്ത്വാബിന്റെ പ്രശസ്തമായ ഒരു വചനമുണ്ട്: 'അബൂബക്ര്‍ നമ്മുടെ നേതാവാണ്, നമ്മുടെ നേതാവിനെ മോചിപ്പിച്ചയാളാണ്' (അബൂബക്ര്‍ സയ്യിദുനാ, വ അഅ്തഖ സയ്യിദനാ). ആദ്യ ഖലീഫയാണ് അബൂബക്ര്‍. ധനാഢ്യനായിരുന്ന അദ്ദേഹമാണ് കറുത്ത വര്‍ഗക്കാരനായ ബിലാല്‍ എന്ന അടിമയെ മോചിപ്പിച്ചത്. അബൂബക്ര്‍ എപ്രകാരം നമ്മുടെ നേതാവാണോ അതേപ്രകാരം ബിലാലും നമ്മുടെ നേതാവാണ് എന്നാണ് ഉമര്‍ പ്രഖ്യാപിക്കുന്നത്. ഇതൊരു വീമ്പുപറച്ചിലല്ലെന്നതിന് ഇസ്‌ലാമിക ചരിത്രം സാക്ഷി. എല്ലാ മനുഷ്യരും ഒരേ മാതാപിതാക്കളുടെ മക്കള്‍ എന്ന വിശ്വദര്‍ശനത്തിന് മാത്രമേ ഏതുതരം വിവേചനങ്ങളെയും ഇല്ലായ്മ ചെയ്ത് സമത്വവും സാഹോദര്യവും ഉയര്‍ത്തിപ്പിടിക്കാനാവൂ.
Comments