Prabodhanm Weekly

Pages

Search

2017 ജനുവരി 13

2984

1438 റബീഉല്‍ ആഖിര്‍ 14

ദേശീയത അഭയകേന്ദ്രമല്ല

മുഹമ്മദ് ശമീം

ദേശീയതയുടെ എല്ലാ രൂപങ്ങള്‍ക്കും ഞാന്‍ എതിരാണ്, അത് ദേശസ്‌നേഹത്തിന്റെ രൂപം ധരിച്ചാല്‍പോലും 

-ആല്‍ബര്‍ട് ഐന്‍സ്റ്റീന്‍

 

ദേശസ്‌നേഹത്തിന് നമ്മുടെ ആത്മീയ അഭയമാവാന്‍ സാധിക്കില്ല. എന്റെ രക്ഷാസ്ഥാനം മാനവികതയാണ് 

-രബീന്ദ്രനാഥ ടാഗോര്‍

 

അതിര്‍വരമ്പുകളെ അതിലംഘിക്കുന്ന ചില പദങ്ങളുണ്ട്. ഖുര്‍ആനില്‍ 'മുസ്‌ലിം' എന്ന വാക്ക് അങ്ങനെയാണ് ഉപയോഗിക്കുന്നത്. 'ഇപ്പോഴും ഇതിനു മുമ്പും ഈ നിലപാട് കൈക്കൊണ്ടവര്‍ മുസ്‌ലിംകള്‍ തന്നെ' എന്നാണ് ഖുര്‍ആന്‍ അല്‍ ഹജ്ജ് അധ്യായത്തിലെ അവസാന സൂക്തത്തില്‍ പറയുന്നത്. ഇതിലൂടെ ദേശത്തെ മാത്രമല്ല, കാലത്തെക്കൂടി അതിവര്‍ത്തിക്കുന്ന ഒരു സംജ്ഞയാണ് ഖുര്‍ആന്‍ അതിന്റെ അനുഗാതാക്കള്‍ക്ക് നല്‍കുന്നത് എന്നു വരുന്നു. ബനൂ ഇസ്രാഈല്‍ എന്ന് ഖുര്‍ആന്‍ വിളിക്കുന്ന യൂദ സമൂഹത്തിന്റെ ആദ്യകാല നാമം എബ്രായ എന്നായിരുന്നു. ഈ പേരിന്റെ ഉത്ഭവത്തെപ്പറ്റി ഇവിടെ പ്രസക്തമായ ചില നിരീക്ഷണങ്ങളുണ്ട്. അതിലൊന്ന്, അബ്രഹാമില്‍നിന്ന് ഉണ്ടായതാണ് ആ പദം എന്നാണ്. അബ്രഹാമിനെ, ഇബ്‌റാഹീമിനെ വേദഗ്രന്ഥം പരിചയപ്പെടുത്തുന്നത് 'ഇമാമുന്‍ ലിന്നാസ്' എന്നാണല്ലോ - ജനതകളുടെ നേതാവ്. ഇതിലെ 'അന്നാസ്' എന്ന സംവര്‍ഗം എല്ലാ അതിരുകളെയും ഭേദിക്കുന്ന ഒന്നാണ്; ദേശമോ വംശമോ ഗോത്രമോ ഇല്ലാത്തത്. ഇല്ലാത്തത് എന്നു പറഞ്ഞാല്‍ പൂര്‍ണമായും ഇല്ലാത്തത് എന്നുതന്നെ. ഇബ്‌റാഹീമിന്റെ മില്ലത്ത് (മാര്‍ഗം) എന്നു പറഞ്ഞാല്‍ എല്ലാതരം വിഭാഗീയ കാഴ്ചപ്പാടുകളെയും പൂര്‍ണമായും നിശിതമായും തള്ളിക്കളയുന്നു. 

എബ്രായ എന്ന പദത്തിന്റെ മറ്റൊരു വിശദീകരണം അത് യൂദസമൂഹത്തിന്റെ ഭാഷയുടെ പേരാണ് എന്നാണ്. എന്നാല്‍ യഥാര്‍ഥത്തില്‍ ഇസ്രായേല്‍ സമൂഹം എബ്രായ എന്ന് വിളിക്കപ്പെട്ടതുകൊണ്ടാണ് അവരുടെ ഭാഷക്കും ആ പേര് വന്നത്. ആദിമ കനാന്യഭാഷയുടെ ഡയലക്ട് ആണ് എബ്രായ. കനാന്യനില്‍ ആ പദത്തിന്റെ അര്‍ഥം 'അതിരുകള്‍ ഭേദിക്കുന്നത്' എന്നാകുന്നു. സാമുദായികമോ ദേശീയമോ ആയ എല്ലാ അതിരുകളെയും ഭേദിക്കുന്നു എന്നാണ് അത്  സൂചിപ്പിക്കുന്നത്. പ്രവാചകന്മാരുടെ സമൂഹം എന്ന നിലയില്‍ ദൈവം അവര്‍ക്ക് നല്‍കിയ പേരാണത് എന്ന് ചിന്തിക്കാം. 

ഓരോ സമൂഹവും താന്താങ്ങളുടെ ചരിത്രത്തിലും പാരമ്പര്യത്തിലും സംസ്‌കാരത്തിലും നിലകൊള്ളുമ്പോള്‍തന്നെയും ഇപ്പറഞ്ഞതൊന്നും വൈകാരികമായ മേല്‍ക്കൈ നേടരുതെന്നും അത്തരം സങ്കുചിതത്വങ്ങളെ അതിവര്‍ത്തിക്കുക എന്നതാണ് യഥാര്‍ഥ ലക്ഷ്യത്തിലേക്കുള്ള ഉപായം എന്നുമാണ് ഇതിലൂടെ പഠിപ്പിക്കപ്പെടുന്നത്. 

 

ദേശം, ദേശീയത്വം, ദേശീയതാവാദം 

Natio എന്ന ലത്തീന്‍ പദത്തിന്റെ അര്‍ഥം Place of Birth എന്നാണ്. ഇതില്‍നിന്നാണ് Nation (ദേശം) എന്ന വാക്കുണ്ടാവുന്നത്. മനുഷ്യന്‍ ഉള്‍പ്പെടെ മിക്ക ജന്തുക്കളിലും കാണപ്പെടുന്ന രണ്ട് വികാരങ്ങള്‍ ദേശം എന്ന യാഥാര്‍ഥ്യത്തിന്റെ ആവിഷ്‌കാരത്തിന് നിമിത്തമാകുന്നുണ്ട്. സ്വഗൃഹ പ്രേമവും സംഘബോധവുമാണത്. ജന്മസ്ഥലം ഉള്‍പ്പെടെ സ്വന്തം ചുറ്റുപാടുകളോടുള്ള സഹജവും സ്വാഭാവികവുമായ പ്രതിബദ്ധതയെ സ്വഗൃഹപ്രേമം എന്നു വിളിക്കാം. അതാകട്ടെ, സ്വന്തം കുടുംബം, ഗോത്രം, സമുദായം എന്നിങ്ങനെ വികസിച്ച് ദേശത്തിലേക്കെത്തുകയാണ് ചെയ്യുക. അതായത് സ്വഗൃഹപ്രേമം ഒരാളില്‍ ദേശസ്‌നേഹമായും പ്രകാശിതമാകുന്നു. മനുഷ്യന്‍ എന്ന കാഴ്ചപ്പാട് ദേശത്തെ റദ്ദ് ചെയ്യുന്ന ഒന്നല്ല. അതിനാല്‍തന്നെ സമുദായങ്ങളെയും സാമുദായികവും പ്രാദേശികവുമായ സംസ്‌കാരങ്ങളെയും റദ്ദ് ചെയ്യാന്‍ ദേശത്തിനും അധികാരമില്ല. ജന്മസ്ഥലം എന്ന യാഥാര്‍ഥ്യത്തെ ദേശം എന്നതിലേക്ക് വികസിപ്പിച്ചത് മനുഷ്യനാണ്. ആ വിഭജനം പ്രകൃതിപരമൊന്നുമല്ല. കുടുംബം, സമുദായം തുടങ്ങിയവയാകട്ടെ, ദേശം എന്നതിനേക്കാള്‍ ശുദ്ധവും മൗലികവുമായ (genuine) യാഥാര്‍ഥ്യങ്ങളാകുന്നു. ഭൂമിശാസ്ത്രപരമായ അതിരുകളാണ് ദേശത്തെ നിര്‍ണയിക്കുന്നത്. അതിനാല്‍ ദേശം ഒരു ആദര്‍ശമല്ല. അതേസമയം കുടുംബം എന്നതില്‍ രക്തബന്ധം എന്ന ജൈവികത കുടികൊള്ളുന്നു. സമുദായമാകട്ടെ, ആദര്‍ശത്താലോ വിശ്വാസത്താലോ ബന്ധിതവുമായിരിക്കും. 

ഒരാളുടെ ദേശീയമായ സ്വത്വത്തെ അയാളുടെ ദേശീയത്വം (Nationality) ആയി മനസ്സിലാക്കാം. അതായത്, രാജ്യത്തിന്റെ അതിരുകള്‍ അതിനകത്തുള്ളവര്‍ക്ക് നല്‍കുന്ന ഐഡന്റിറ്റിയാണ് നാഷ്‌നാലിറ്റി. അതേസമയം ദേശം ആദര്‍ശമായി മാറുന്നേടത്താണ് ദേശീയതയും ദേശീയതാവാദവും (Nationalism) ഉത്ഭവിക്കുന്നത്. 

സ്വഗൃഹം എന്നതില്‍ വ്യവഹരിക്കാവുന്ന ഏതൊരു തലവും എന്ന പോലെത്തന്നെ ദേശത്തിന്റെയും ആദര്‍ശവല്‍ക്കരണം ദേശീയബോധത്തിന്റെ അതിരുകവിച്ചില്‍ (Chauvinism) സൃഷ്ടിക്കുന്നു. ഇതാകട്ടെ, ദേശത്തിന്റെ അതിരുകള്‍ക്കപ്പുറത്തുള്ളവരെ അപരന്മാര്‍ ആക്കുകയും അവരോടുള്ള വിദ്വേഷം വളര്‍ത്തുകയും ചെയ്യുന്നു. സെനഫോബിയ (Xenophobia) എന്ന് ഈ മാനസികാവസ്ഥക്ക് പേരുണ്ട്. തലിീി എന്നാല്‍ അപരന്‍, വിദേശി എന്നെല്ലാമാണ് അര്‍ഥം. 

അതോടൊപ്പം, ദേശീയതാവാദത്തിന്റെ തലത്തില്‍നിന്നു കൊണ്ട് പരിശോധിക്കുമ്പോള്‍, ഒരു രാഷ്ട്രത്തിന്റെ പൊതുവായ സാംസ്‌കാരിക പൈതൃകത്തെയും മറ്റും എങ്ങനെയാണ് നിര്‍വചിക്കുക? പൊതുവെ ബഹുസ്വരമാണ് മിക്കവാറും ആധുനിക രാഷ്ട്രങ്ങളിലെ ജനതയെല്ലാം തന്നെ. സ്വിറ്റ്‌സര്‍ലന്റ്, ഇന്ത്യ തുടങ്ങിയ രാജ്യങ്ങളിലാകട്ടെ, ഈ ബഹുത്വം അതിന്റെ ഏറ്റവും ഉന്നതിയില്‍ നില്‍ക്കുന്നു. ഒട്ടേറെ ഭാഷകള്‍ സംസാരിക്കുന്ന ജനതയാണ് സ്വിറ്റ്‌സര്‍ലന്റിലേത്. ഇന്ത്യയിലെ മത, ഭാഷാ വൈവിധ്യങ്ങളാകട്ടെ അസംഖ്യം. ഈ ബഹുസ്വരതയെ അതേ നിലക്ക് അഭിമുഖീകരിക്കാനോ അംഗീകരിക്കാന്‍ പോലുമോ പലപ്പോഴും ദേശീയതക്ക് സാധിക്കാറില്ല. ചരിത്രപരമോ സാമൂഹികമോ ആയ സാഹചര്യങ്ങളാല്‍ അധീശപദവി കൈയടക്കുന്ന വിഭാഗങ്ങള്‍ ദേശീയ ജനതയുടെ സ്ഥാനത്ത് തങ്ങളെത്തന്നെ പ്രതിഷ്ഠിക്കുകയും തങ്ങളുടെ സംസ്‌കാരവും പാരമ്പര്യവും മാത്രമാണ് ദേശസംസ്‌കാരമെന്ന ബോധം അടിച്ചേല്‍പിക്കുകയും ചെയ്യാറുണ്ട്. ഇതുവഴി ഒരുമിച്ചുചേര്‍ത്താല്‍ രാജ്യപൗരന്മാരില്‍ ബഹുഭൂരിപക്ഷം വന്നേക്കാവുന്ന സമൂഹങ്ങള്‍ തന്നെ അപരവല്‍ക്കരിക്കപ്പെടുന്നു. അങ്ങനെ ദേശീയത ജനവിരുദ്ധവും അക്കാരണത്താല്‍തന്നെ ദേശവിരുദ്ധവുമായിത്തീരുകയും ചെയ്യുന്നു.

ഒരര്‍ഥത്തില്‍ ഇന്ത്യയെപ്പോലുള്ള സ്ഥലങ്ങളിലെങ്കിലും രാജഭരണകാലത്തെ രാജഭക്തിയാണ് ആധുനികതയില്‍ ദേശീയതാവാദമായി പരിണമിച്ചതെന്നു പറയാം. അതിര്‍ത്തികളോടുള്ള വ്യഗ്രത രണ്ടിലുമുണ്ട്. അതിര്‍ത്തി വിപുലീകരണ വ്യഗ്രതയും (രാഷ്ട്ര വികസനവാദം) ഇതിലടങ്ങിയിട്ടുണ്ട്. ഈ വികാരത്തിലൂടെ രാജാവിന്റെ അധികാരാതിര്‍ത്തിയാണ് സംരക്ഷിക്കപ്പെടുകയോ വിപുലീകരിക്കപ്പെടുകയോ ചെയ്യുന്നത്. കൊളോണിയല്‍ കാലത്ത് രാജാവിന്റെ അധികാരാതിര്‍ത്തി എന്നതിനു പകരം വിപണിയുടെ അതിരടയാളങ്ങള്‍ എന്ന മനോനില വന്നു. രാജാവിന്റെ സ്വേഛാധികാരമായാലും വിപണിയുടെ അതിരടയാളങ്ങളായാലും സംരക്ഷിക്കപ്പെടുകയും വിപുലീകരിക്കപ്പെടുകയും ചെയ്യുക എന്നത് ദേശസ്‌നേഹം എന്ന, പവിത്രീകരിക്കപ്പെട്ട വികാരത്തിന്റെ പേരിലാവുന്നതോടെ അതുമായി ബന്ധപ്പെട്ട സംരംഭങ്ങളില്‍ പങ്കുചേരാന്‍ ദേശത്തിലെ മുഴുവനാളുകളും നിര്‍ബന്ധിതരാകുന്നു. മാത്രവുമല്ല, ദേശീയതയേക്കാള്‍ പവിത്രമായ മറ്റൊന്നില്ലെന്നു വരുന്നതോടെ രാഷ്ട്രവികസനശ്രമത്തിനിടയിലെ അമാനവികമായ നിഷ്ഠുരതകള്‍ ന്യായീകരിക്കപ്പെടുകയും ചെയ്യുന്നു. പുതിയ കാലത്തെ ദേശീയ പ്രതിബദ്ധതയുമായി ബന്ധപ്പെട്ട ക്രൂരതകളെ സോഷ്യല്‍ ഡാര്‍വിനിസം കൊണ്ട് ന്യായീകരിക്കാറുമുണ്ട്. രാഷ്ട്രങ്ങള്‍ തമ്മിലുള്ള ബന്ധത്തിലെ പ്രകൃതിനിയമമാണത് എന്ന് വാദിക്കപ്പെടാറുണ്ട്. രാജ്യതന്ത്രത്തിന്റെ അനിവാര്യവികാസമായി യുദ്ധവും ആക്രമണവും മാറുന്നതങ്ങനെയാണ്. 

 

ദേശീയതാവാദത്തിന്റെ വികാസം 

ദേശീയതയെ ഒരു ആദര്‍ശമായി വളര്‍ത്തിയതും പ്രചരിപ്പിച്ചതും യൂറോപ്യരാണ്. ഫ്രഞ്ച് വിപ്ലവം, ജ്ഞാനോദയം, മതനവീകരണം, വ്യവസായ വിപ്ലവം, മുതലാളിത്തവും കോളനീകരണവും തുടങ്ങിയ പശ്ചാത്തലങ്ങള്‍ ആധുനികകാലത്തെ യൂറോപ്യന്‍ ദേശീയതാവികാരത്തിന്റെ വളര്‍ച്ചക്കു പിറകിലുണ്ട്.

മധ്യകാലഘട്ടത്തില്‍ യൂറോപ്പ് വിശുദ്ധ റോമാ സാമ്രാജ്യത്തിന്റെയും മാര്‍പാപ്പയുടെയും കീഴിലായിരുന്നപ്പോള്‍ ദേശവുമായി ബന്ധപ്പെട്ട വികാരങ്ങള്‍ അത്ര ശക്തമായിരുന്നില്ല. അക്കാലത്ത് ലാറ്റിന്‍ യൂറോപ്പിന്റെ പൊതുഭാഷയുമായിരുന്നു. പിന്നീട് ശക്തരായ രാജാക്കന്മാര്‍ക്കു കീഴില്‍, റോമിന്റെയും പോപ്പിന്റെയും അധികാരത്തില്‍നിന്ന് യൂറോപ്യന്‍ രാജ്യങ്ങള്‍ മുക്തമായിത്തുടങ്ങിയതോടെയാണ് ദേശീയത ശക്തിപ്രാപിച്ചുതുടങ്ങിയത്. ലാറ്റിന്റെ പദവി നഷ്ടപ്പെടുകയും ഫ്രഞ്ച്, ജര്‍മന്‍, ഇംഗ്ലീഷ് തുടങ്ങിയ പ്രാദേശിക ഭാഷകള്‍ ശ്രദ്ധിക്കപ്പടുകയും ചെയ്തു. മതനവീകരണത്തെത്തുടര്‍ന്ന് പ്രൊട്ടസ്റ്റന്റ് സഭകള്‍ ശക്തിപ്പെട്ടതോടെ പോപ്പിന്റെ അധികാരത്തിനു പുറത്ത്, ദേശീയതലത്തിലുള്ള സഭകള്‍ വളര്‍ന്നുവന്നു. പള്ളിയുടെ ഉഗ്രശാസനകളില്‍ കഴിഞ്ഞിരുന്ന യൂറോപ്പിനെ സംബന്ധിച്ചേടത്തോളം കൂടുതല്‍ മതമുക്തരായിത്തീരാന്‍ കൂടുതല്‍ ദേശഭക്തരാവേണ്ടതുണ്ടായിരുന്നു. 

ഫ്രഞ്ച് വിപ്ലവവും ദേശീയതാവാദത്തിന് ഊര്‍ജം പകര്‍ന്നു. ഫ്രഞ്ച് ദാര്‍ശനികനായ റൂസ്സോ പിതൃരാജ്യത്തോടുള്ള കൂറിനെ ഒരു പൗരന്റെ മറ്റെന്തിനേക്കാളും വലിയ ഗുണമായി അവതരിപ്പിച്ചു. ദേശീയ ചിഹ്നങ്ങള്‍, അവയുടെ പവിത്രത തുടങ്ങിയവയെ ലോകത്തിനു പരിചയപ്പെടുത്തിയതും ഫ്രഞ്ച് വിപ്ലവമാണ്. ഒരര്‍ഥത്തില്‍ പഴയ ഗോത്രജീവിതവ്യവസ്ഥയിലെ റ്റോട്ടം സമ്പ്രദായത്തിനു തുല്യമാണ് ദേശീയ ചിഹ്നങ്ങള്‍ എന്നു പറയാം.

വ്യവസായ വിപ്ലവാനന്തരം മുതലാളിത്തത്തിന്റെ വികാസം, പുതിയ ഭൂപ്രദേശങ്ങളുടെ കണ്ടുപിടിത്തം എന്നിവ യൂറോപ്പില്‍ ദേശീയബോധത്തെ ശക്തിപ്പെടുത്തി. കൂട്ടത്തില്‍ വെള്ളക്കാരന്റെ വംശീയ അഹന്ത കൂടി ഒത്തുചേര്‍ന്നതോടെ ഇതര ഭൂപ്രദേശങ്ങള്‍ക്കും ജനതകള്‍ക്കും മേലുള്ള കൈയേറ്റങ്ങള്‍ ന്യായീകരിക്കപ്പെട്ടു. അമേരിക്കന്‍ ഭൂപ്രദേശത്ത് കടന്നു കയറിയ യൂറോപ്യന്മാര്‍ അവിടത്തെ ആദിമ ഗോത്രങ്ങളില്‍ ഏതാണ്ട് മിക്കതിനെയും ഭൂമുഖത്തുനിന്ന് തുടച്ചുനീക്കി. അതോടെ അവിടെ ആധിപത്യം കൈയടക്കിയ വെള്ളക്കാരാവട്ടെ, അധികം താമസിയാതെ പുതിയ അമേരിക്കന്‍ ദേശീയബോധം വളര്‍ത്തിയെടുക്കുകയും മാതൃരാജ്യങ്ങളുമായി പോരാട്ടങ്ങളിലേര്‍പ്പെട്ട് സ്വതന്ത്രരാജ്യങ്ങളായിത്തീരുകയും ചെയ്തു. ദേശീയബോധവും ദേശീയതയും പരിവര്‍ത്തനങ്ങള്‍ക്കു വിധേയമാവുന്നതിന്റെ ഉദാഹരണവും കൂടിയായിത്തീര്‍ന്നു അത്. തൊട്ടു മുമ്പു വരെ ഇംഗ്ലീഷ് ദേശീയതയുടെയും മറ്റും പരിധിയില്‍ വന്നിരുന്നവരാണ് പുതുതായൊരു അമേരിക്കന്‍ ദേശീയത സ്ഥാപിച്ചെടുത്തത്. 

വെള്ളവംശീയത, ദേശീയതാവാദത്തിന് അതിക്രൂരമായ മുഖമാണ് നല്‍കിയത്. അധിനിവിഷ്ട ദേശങ്ങളില്‍ വെള്ളക്കാര്‍ ചെയ്തുകൂട്ടിയ ക്രൂരതകള്‍ക്ക് കണക്കില്ല. വൈറ്റ് മാന്‍സ് ബേഡന്‍, വെസ്റ്റ് ആന്റ് റെസ്റ്റ്, റെസ്റ്റ് ഒഫ് ദ വേള്‍ഡ് തുടങ്ങിയ പ്രയോഗങ്ങള്‍തന്നെ കൊളോണിയല്‍ അധിനിവേശകാലത്തെ യൂറോപ്യന്‍ വംശീയബോധത്തിന്റെ മൂര്‍ധന്യത്തെയാണ് സൂചിപ്പിക്കുന്നത്.

വ്യവസായ വിപ്ലവത്തെത്തുടര്‍ന്ന് രൂപപ്പെട്ട ഉദാരതാ സിദ്ധാന്തങ്ങളുടെയും ജനാധിപത്യത്തിന്റെയും അടിസ്ഥാനം ഈ ദേശീയബോധം തന്നെയായിരുന്നെന്നു കാണാം. ഉദാര ദേശീയതാവാദം (Liberal Nationalism) പൗരന്മാരില്‍ അങ്ങേയറ്റത്തെ രാഷ്ട്രവിധേയത്വം സൃഷ്ടിച്ചു. അതോടൊപ്പം ഗവണ്‍മെന്റിന്റെ ലക്ഷ്യം സ്വന്തം രാജ്യപരിധിക്കകത്തുള്ള ജനങ്ങള്‍ക്ക് പരമാവധി സുഖവും സന്തോഷവും നല്‍കുക എന്നതുമായിത്തീര്‍ന്നു. എന്നാല്‍ ഇത് രാജ്യങ്ങള്‍ തമ്മിലുള്ള അന്യായമായ ഏറ്റുമുട്ടലുകള്‍ക്കും രക്തച്ചൊരിച്ചിലുകള്‍ക്കുമിടയാക്കി. ദേശതാല്‍പര്യങ്ങള്‍ ഏതക്രമത്തിനും ന്യായീകരണമായിത്തീരുകയാണല്ലോ. യുദ്ധത്തില്‍ തങ്ങളുടെ ഭൂപരമായ അതിര്‍ത്തിക്കകത്തുള്ള സൈനികര്‍ വീരന്മാരും അതിനു പുറത്തുള്ളവര്‍ അക്രമികളുമായി മാറുന്നതിന്റെ മനശ്ശാസ്ത്രവും ഇതുതന്നെ. അതിരാണ് നന്മതിന്മകളുടെ പരമമായ മാനദണ്ഡം. 

 

ഇന്ത്യന്‍ ദേശീയതയുടെ രൂപീകരണം 

ചരിത്രപരമായി ഇന്ത്യ എന്നത് ഒരു ഏകസംസ്‌കാരത്തിന്റെ പിന്തുടര്‍ച്ചയല്ല. കൊളോണിയല്‍ കാലഘട്ടത്തിനു മുമ്പ് ഒരു ദേശമായിട്ടല്ലാതെ ഒരു ദേശരാഷ്ട്രമായി ഇന്ത്യ നിലനിന്നിട്ടേയില്ല. ബി.സി.ഇ അയ്യായിരത്തോടടുത്ത് ഇവിടെ ആഫ്രിക്കയില്‍നിന്നുള്ള നീഗ്രോയ്ഡുകളും ആസ്‌ത്രേലിയയില്‍നിന്നുള്ള ആസ്ത്രലോയ്ഡുകളുമാണ് പ്രവേശിച്ചത്. അവരാണ് മെഹര്‍ഗഢ് സംസ്‌കാരം എന്നറിയപ്പെടുന്ന ഇന്ത്യയിലെ ആദിമസംസ്‌കാരത്തിന്റെ പ്രയോക്താക്കള്‍. ബി.സി.ഇ മൂവായിരത്തോടെ ഏഷ്യാമൈനറില്‍നിന്ന് ദ്രാവിഡരും ആയിരത്തറുന്നൂറോടെ മധ്യേഷ്യയില്‍നിന്ന് ആര്യന്മാരും പ്രവേശിച്ചു. മേധാവിത്തം പിടിച്ചടക്കാനുള്ള ഏറ്റുമുട്ടലുകള്‍ അവര്‍ക്കിടയില്‍ ഉണ്ടായെങ്കിലും അതത് സംസ്‌കാരങ്ങള്‍ ഒട്ടൊക്കെ തനിമകള്‍ നിലനിര്‍ത്തിക്കൊണ്ടും ആദാനപ്രദാനങ്ങളിലൂടെയും ഇവിടെ വികസിച്ചു. തുടര്‍ന്ന് പാര്‍സികളും അറബികളുമൊക്കെയായി ഒട്ടേറെ ജനവിഭാഗങ്ങള്‍ ഈ പ്രദേശത്തേക്ക് പ്രവേശിക്കുകയും ഇവിടെ അതിജീവനം കണ്ടെത്തുകയും ചെയ്തിട്ടുണ്ട്. ഈ എല്ലാ ജനവിഭാഗങ്ങളുടെയും സംഭാവനകള്‍ സ്വീകരിച്ചുകൊണ്ടാണ് ഇന്ത്യയുടെ വളര്‍ച്ച. അതായത് കിരഹൗശെീി ആയിരുന്നു അതിന്റെ സ്വഭാവം. എന്നാല്‍ വര്‍ണാശ്രമധര്‍മത്തിന്റെ പ്രയോഗം സൃഷ്ടിച്ച ശ്രേണീബദ്ധത അധികാരത്തിന്റെ സ്വഭാവമാര്‍ജിച്ചതോടെയാണ് Exclusion വരേണ്യതയുടെ സ്വഭാവമായി മാറിയത്. 

കൊളോണിയല്‍ അധിനിവേശങ്ങളോടുള്ള ചെറുത്തുനില്‍പ്പ് ആണ് ഇന്ത്യയില്‍ ദേശീയമായ ബോധം സൃഷ്ടിച്ചത്. ദേശീയബോധം അധിനിവേശവിരുദ്ധമായ പോരാട്ടങ്ങളില്‍ വഹിച്ചിട്ടുള്ള പങ്ക് ചെറുതല്ല. മഹാത്മാ ഗാന്ധിയും മറ്റു ഇന്ത്യന്‍ ദേശീയ നേതാക്കളും ഇന്ത്യന്‍ ദേശീയബോധത്തെ ഉദ്ദീപിപ്പിച്ചത് ബ്രിട്ടീഷധീശത്വവിരുദ്ധ പോരാട്ടത്തിന് ഊര്‍ജം പകര്‍ന്നു. പത്തൊമ്പതാം നൂറ്റാണ്ടിലുണ്ടായ സാംസ്‌കാരികവും സാമൂഹികവുമായ നവോത്ഥാന മുന്നേറ്റങ്ങള്‍ ഇതിനെ ഒന്നുകൂടി ശക്തിപ്പെടുത്തി. പുരോഗമനാശയങ്ങളുടെ പിന്‍ബലം ദേശീയ സ്വാതന്ത്ര്യപ്രസ്ഥാനത്തിന് ലഭിക്കുകയും ചെയ്തു.

ഇപ്രകാരം പല രാജ്യങ്ങളിലും രാഷ്ട്രങ്ങളുടെ സ്വാതന്ത്ര്യത്തിനും വിദേശ മേല്‍ക്കോയ്മകളില്‍നിന്നുള്ള മോചനത്തിനും ദേശീയത ഉപകരണമായിത്തീര്‍ന്നു. യൂറോപ്പിനകത്തും പുറത്തും ഇതിനുദാഹരണങ്ങളുണ്ട്. ഹോളണ്ടിന്റെ അധീശത്വത്തില്‍നിന്ന് ബെല്‍ജിയവും റഷ്യന്‍ മേധാവിത്വത്തില്‍നിന്ന് പോളണ്ടും വിമുക്തി നേടിയതങ്ങനെയാണ്. സൈമണ്‍ ബോളിവറിനെപ്പോലുള്ള നേതാക്കന്മാര്‍ ലാറ്റിനമേരിക്കയിലെ വിവിധ രാജ്യങ്ങളെ ഇതുപോലെ ഉദ്ദീപിപ്പിച്ചു. അമേരിക്കയിലെ കുടിയേറ്റക്കാര്‍ സ്വരാജ്യത്തിലെ സര്‍ക്കാറിന്റെ ആധിപത്യത്തിനെതിരായി നടത്തിയ സമരങ്ങളുടെ ഫലമായാണ് ഐക്യനാടുകളെന്ന രാജ്യം തന്നെ. എന്നാല്‍ യൂറോപ്പിലെ ഈ ഓരോ രാജ്യവും തങ്ങളുടെ അതിര്‍ത്തികളെ വിപുലീകരിക്കാന്‍ ഇതര ദേശങ്ങളുടെയും സംസ്‌കാരങ്ങളുടെയും മേല്‍ ഭീകരമായ ആക്രമണങ്ങളഴിച്ചുവിട്ടതിനും ചരിത്രം സാക്ഷിയായി. 

കൊളോണിയല്‍വിരുദ്ധ ദേശീയബോധത്തിന് ഒരു പരിധിവരെയെങ്കിലും ഈ ഉള്‍ക്കൊള്ളല്‍ സ്വഭാവമുണ്ടായിരുന്നെങ്കിലും വരേണ്യബോധവും അതിനെ ആദര്‍ശമായി സ്വീകരിച്ച് വളര്‍ന്നുവന്ന ആര്‍.എസ്.എസ് പോലുള്ള കക്ഷികളും ഇന്ത്യന്‍ ദേശീയതയെ ഋഃരഹൗശെ്ശേെ ആയിത്തന്നെ സമീപിച്ചു. 

 

ദേശീയതയും മാനുഷികതയും 

ചരിത്രം, സംസ്‌കാരം, രാഷ്ട്രാതിര്‍ത്തി, വംശം, രാഷ്ട്രീയ- സാമ്പത്തിക ഘടകങ്ങള്‍ തുടങ്ങി ദേശീയവാദം ഉന്നയിക്കുന്ന ന്യായങ്ങളൊന്നും തന്നെ സ്ഥായിയല്ല. ഇപ്പറഞ്ഞതൊന്നും തന്നെ ഏകതാനമോ ഏകമുഖമോ അല്ല. യുക്തിഭദ്രമോ സാര്‍വലൗകികമോ ആയ ആശയങ്ങളല്ല ഇതൊന്നും. തികച്ചും വരേണ്യമായ പ്രതിലോമ വ്യവഹാരങ്ങള്‍ക്കകത്താണ് ഇന്ത്യയിലെ ദേശീയ സ്വാതന്ത്ര്യസമര പ്രസ്ഥാനം പോലും വികസിച്ചത്. ആദ്യകാല നേതാക്കന്മാരില്‍ പലരും ഈ സവര്‍ണ ദേശീയതയെയാണ് സ്വപ്‌നം കണ്ടിരുന്നത്. അതേസമയം സവര്‍ണ ചിട്ടകള്‍ക്കു പുറത്തായിരുന്നു ഇന്ത്യന്‍ ജനതയില്‍ ബഹുഭൂരിഭാഗവും ജീവിച്ചിരുന്നത്. അവരുടെ ജീവിതം, സംസ്‌കാരം, ബന്ധങ്ങള്‍, അതിജീവനം തുടങ്ങിയ കാര്യങ്ങളെല്ലാം വിസ്മരിക്കപ്പെട്ടു. മാനസികമായി ഹിന്ദുത്വ രാഷ്ട്രീയത്തിന്റെ തടവുകാരായി വരേണ്യപാരമ്പര്യം പിന്തുടരാനായിരുന്നു മിക്ക നേതാക്കന്മാരും ശ്രമിച്ചത്. 

അല്ലെങ്കില്‍ ആരാണ് വിദേശി? ഇന്ത്യന്‍ വരേണ്യത സൃഷ്ടിക്കുന്ന പൊതുബോധത്തില്‍ പാകിസ്താനികളും ബംഗ്ലാദേശികളും ഏറ്റവും വെറുക്കപ്പെടേണ്ട വിദേശശക്തികളാണ്. എന്നാല്‍ ഭൂപരമായി ഈ രണ്ടു ജനതകളെയും ഇന്ത്യക്കാരില്‍നിന്ന് വേര്‍തിരിക്കുന്ന അതിര്‍രേഖ രൂപപ്പെട്ടിട്ട് ആറരപ്പതിറ്റാണ്ടു മാത്രമല്ലേ ആയുള്ളൂ? അതിനു മുമ്പ് അവര്‍ ഇന്ത്യന്‍ ദേശീയതയുടെ തന്നെ ഭാഗമായിരുന്നല്ലോ? ഒന്നുകൂടി കൃത്യമായിപ്പറഞ്ഞാല്‍ ഇന്ത്യന്‍ ദേശീയത തന്നെയും കൊളോണിയല്‍ വാഴ്ചയുടെ ഉല്‍പന്നം മാത്രമായിരുന്നല്ലോ. വെള്ളക്കാരന്റെ അധീശത്വത്തിനു കീഴില്‍ വരുന്നതിനു മുമ്പ് ഇന്ത്യ ഒട്ടേറെ നാട്ടുരാജ്യങ്ങളായി നില്‍ക്കുകയായിരുന്നല്ലോ? നാടു വാഴുന്ന പൊന്നുതമ്പുരാന്മാരോടുള്ള ഭയഭക്തിബഹുമാനാദരവുകള്‍ മാത്രമായിരുന്നു അന്ന് നിലനിന്നിരുന്ന ദേശീയബോധം. ദേശരാഷ്ട്രമെന്ന പാശ്ചാത്യ ആധുനിക സങ്കല്‍പത്തിന്മേല്‍ പടുത്തുയര്‍ത്തപ്പെട്ടതാണ് എവിടെയുമെന്നതുപോലെ ഇന്ത്യയിലെയും ദേശീയത. അതിനോടുള്ള ഷോവനിസ്റ്റിക് ഭ്രമമാണ് നിലവില്‍ ഇന്ത്യക്കാരന്റെ ദേശീയബോധം. സത്യത്തില്‍ ആധുനിക ദേശരാഷ്ട്രമെന്നത് ഒരു ഭാവന ചെയ്യപ്പെടുന്ന രാഷ്ട്രീയ സമുദായം (Imagined Political Community) മാത്രമാകുന്നു (ബെനഡിക്റ്റ് ആന്റേഴ്‌സന്‍). 

വരേണ്യതയുടെ ഈ സ്വാധീനത്തെ ഒട്ടൊക്കെ സ്തംഭിപ്പിച്ചത് മഹാത്മാ ഗാന്ധിയാണ്. ഇന്ത്യന്‍ ദേശീയതയെ ഗാന്ധിജി സമീപിച്ചതും അതിനെ വികസിപ്പിക്കാന്‍ ശ്രമിച്ചതും മറ്റൊരു രീതിയിലായിരുന്നു. ഇന്ത്യന്‍ പാരമ്പര്യത്തെയും ആത്മീയതയെയും അദ്ദേഹം കൊളോണിയല്‍ വിരുദ്ധവികാരമുണര്‍ത്തുന്നതിനു വേണ്ടി ഉപയോഗിച്ചു. ദേശീയതക്കും ദേശീയപ്രസ്ഥാനത്തിനും മറ്റൊരു മുഖം നല്‍കാന്‍ പരിശ്രമിച്ചു.

അതേസമയം, ഗാന്ധിജിയുടെ ഈ പരിശ്രമങ്ങളുടെ പ്രതിലോമപ്രതികരണമായാണ് ഹിന്ദുമഹാസഭയും ആക്രാമക ഹിന്ദുത്വ ദേശീയതയും വളര്‍ന്നുവന്നതെന്നു പറയാം. 

(തുടരും)


Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-25 / അല്‍ ഫുര്‍ഖാന്‍ / (55-59)
എ.വൈ.ആര്‍

ഹദീസ്‌

ജീവിതം മൃദുലമാക്കുക
ജുമൈല്‍ കൊടിഞ്ഞി