Prabodhanm Weekly

Pages

Search

2016 ഡിസംബര്‍ 02

2978

1438 റബീഉല്‍ അവ്വല്‍ 02

ആഡം സ്മിത്തും ലയണല്‍ റോബിന്‍സും ഇസ്‌ലാമിക ചിന്തയും

ഫൈസല്‍ കൊച്ചി

സിദ്ധാന്തവും തത്ത്വങ്ങളും സമൂഹത്തെ സ്വാധീനിക്കുന്നത് അതിന്റെ ഉപജ്ഞാതാക്കളും പ്രചാരകരും വിചാരിച്ച അതേ അളവിലും ശൈലിയിലുമായിക്കൊള്ളണമെന്നില്ല. ചില പദങ്ങളെയും പദാവലികളെയും നിയതമായ അര്‍ഥനിര്‍വചന വേലിക്കെട്ടുകളില്‍ ഒതുക്കിനിര്‍ത്താനാവില്ല. വ്യാഖ്യാനങ്ങളുടെ വിശാലമായ വിഹായസ്സിലേക്ക് അവ കുതിച്ചു പറക്കുക തന്നെ ചെയ്യും. സെക്യുലരിസം, ജനാധിപത്യം, മനുഷ്യാവകാശം എന്നീ പദങ്ങള്‍ ഇന്നും വ്യാഖ്യാനിക്കുന്നവരുടെ കുലം, ജാതി,  ഇനം എന്നിവക്കനുസരിച്ചുള്ള കസര്‍ത്തുകള്‍ക്കും വേഷപ്പകര്‍ച്ചകള്‍ക്കും വിധേയമാകാറുണ്ട്. 'മതം മനുഷ്യനെ മയക്കുന്ന കറുപ്പാണ്' എന്ന മാര്‍ക്‌സിന്റെ പ്രസ്താവന, മാര്‍ക്‌സ് പോലും അര്‍ഥംവെക്കാത്ത തരത്തിലാണ് വോട്ടുരാഷ്ട്രീയ കാലത്ത് വിശദീകരിക്കപ്പെട്ടുപോരുന്നത്. ബിഗ് ബാംഗ് തിയറിയും ചാര്‍സ് ഡാര്‍വിന്റെ പരിണാമസിദ്ധാന്തവും പ്രപഞ്ച-മനുഷ്യ ഉല്‍പ്പത്തികളെക്കുറിച്ച് ശാസ്ത്രീയമായ വിശദീകരണങ്ങള്‍ എന്ന മട്ടില്‍ പാഠപുസ്തകങ്ങളില്‍ ഇടംപിടിക്കുകയും വിദ്യാര്‍ഥിസമൂഹത്തെ ഏറെ സ്വാധീനിക്കുകയും ചെയ്തിട്ടുണ്ട്. മതസമൂഹങ്ങള്‍ക്ക് മേല്‍കൈയുള്ള നമ്മുടെ രാജ്യത്തുപോലും പ്രപഞ്ചം തനിയെ ഉണ്ടായതാണെന്നും മനുഷ്യന്‍ കുരങ്ങില്‍നിന്ന്  പരിണമിച്ചവനാണെന്നും ചൊല്ലിപ്പഠിപ്പിച്ചുപോരുകയാണ് സര്‍വവിജ്ഞാനകേന്ദ്രങ്ങള്‍. 

ദൈവവുമായുള്ള കരാറും മാതാപിതാക്കളുമായുള്ള പൊക്കിള്‍കൊടിബന്ധവും (നാസ്തികരാണെങ്കില്‍) മറന്നുകൊണ്ട് മൃഗമായും മൃഗത്തെ തോല്‍പ്പിക്കുന്ന കുറ്റവാളികളായും പുതുതലമുറ പരിണമിക്കുന്നതിനു പിന്നില്‍ അവര്‍ പാടിപ്പഠിച്ച സിദ്ധാന്തങ്ങള്‍ കുറച്ചൊന്നുമല്ല സഹായകമേകുന്നത്. ദൈവം മനുഷ്യനെ ശുദ്ധപ്രകൃതിയിലാണ് സൃഷ്ടിച്ചത് എന്ന വിശ്വാസപാഠങ്ങള്‍ 'അന്ധവിശ്വാസം' കണക്കെ അവഗണിച്ചുതള്ളപ്പെടുകയും ക്രൂരത പ്രധാന മുഖമുദ്രയാവുകയും ചെയ്യുന്നു. ഇതേയളവില്‍തന്നെ തലമുറകളെ സ്വാധീനിച്ച ചില സാമ്പത്തികചിന്താഗതികളുമുണ്ട്. ഒരു കാലത്ത് നാം അവയെ ഏറെ ആഘോഷിച്ച് അംഗീകരിക്കുകയാണ് ചെയ്തിട്ടുള്ളത്. അതില്‍ പ്രധാനമാണ് സമ്പത്തിനെ കുറിച്ച ആഡം സ്മിത്തിന്റെ നിര്‍വചനവും (Wealth Definition) ലയണല്‍ റോബിന്‍സിന്റെ വിഭവദുര്‍ലഭ സിദ്ധാന്തവും (Scarcity Definition). മനുഷ്യന്റെ ഉള്ളിന്റെയുള്ളില്‍നിന്ന് ദൈവത്തിന്റെയും ആത്മാവിന്റെയും ഭാവങ്ങളെ ചോര്‍ത്തിക്കളയുകയും  ക്രൗര്യമുള്ള ജന്തുപരത ഊട്ടിയുറപ്പിക്കുകയും ചെയ്യുന്നതില്‍ ഈ രണ്ടു തത്ത്വങ്ങള്‍ വഹിക്കുന്ന പങ്ക് ചില്ലറയല്ല. 

ഒരേസമയം ആധുനിക സാമ്പത്തികശാസ്ത്രത്തിന്റെയും മുതലാളിത്തത്തിന്റെയും പിതാവായാണ് ആഡംസ്മിത്ത് (1723-1790) അറിയപ്പെടുന്നത്. സ്‌കോട്‌ലന്റുകാരനായ ധാര്‍മിക തത്ത്വചിന്തകന്‍ എന്ന നിലയിലാണ് സ്മിത്ത് ആദ്യം പൊതുമണ്ഡലത്തിലെത്തുന്നത്. 'സദാചാരവികാര സിദ്ധാന്തം' (The Theory of Moral Sentiments-1759) ആണ് അദ്ദേഹത്തിന്റെ ആദ്യത്തെ ശ്രദ്ധേയ പുസ്തകം. മനുഷ്യപ്രകൃതിയെക്കുറിച്ചും മറ്റുള്ളവരോടുള്ള മനുഷ്യരുടെ അനുകമ്പയെക്കുറിച്ചും സ്‌നേഹവായ്പിനെക്കുറിച്ചുമൊക്കെയാണ് ആ പുസ്തകത്തില്‍ സ്മിത്ത് വിവരിച്ചിരുന്നത്. മനുഷ്യാത്മാവിന്റെ വികാരവിചാരങ്ങളെകുറിച്ചുള്ള മനോഹരമായ പുസ്തകമാണ് 'സദാചാരവികാരസിദ്ധാന്തം'. ''മനുഷ്യര്‍ എത്ര തന്നെ സ്വാര്‍ഥരാണെങ്കിലും പ്രകൃതിപരമായി ഓരോത്തരുടെയും ഉള്ളിന്റെയുള്ളില്‍ മറ്റുള്ളവരുടെ സൗഭാഗ്യത്തില്‍ സന്തോഷിക്കുന്ന (കണ്ടു സന്തോഷിക്കുകയെന്നതല്ലാത്ത മറ്റൊരു നേട്ടവും അതില്‍നിന്ന് ലഭ്യമാവുകയില്ലെന്നറിഞ്ഞിട്ടും) വികാരം പങ്കുവെക്കപ്പെട്ടിട്ടുണ്ട്.'' ഇത് പുസ്തകത്തിന്റെ ആദ്യവാചകം മാത്രമല്ല ആകത്തുകതന്നെയാണ്. എന്നാല്‍ 'രാഷ്ട്രങ്ങളുടെ സമ്പത്തിനെക്കുറിച്ച അന്വേഷണം' (Wealth of Nations-1776) എഴുതുമ്പോഴേക്കും സ്മിത്തിന്റെ ആശയങ്ങളും ആദര്‍ശങ്ങളും അട്ടിമറിക്കപ്പെട്ടതായി അനുഭവപ്പെടുന്നു. 'സ്വന്തം കാര്യം (Self Interest) സിന്ദാബാദ്' എന്ന രീതിയിലാണ്  മനുഷ്യന്‍ പെരുമാറുന്നതും പ്രവര്‍ത്തിക്കുന്നതും എന്ന നിരീക്ഷണത്തിലേക്ക് അദ്ദേഹം മാറുന്നു. ഇപ്രകാരമുള്ള അദ്ദേഹത്തിന്റെ മാറ്റത്തെ വിശകലനം ചെയ്യുന്ന പല പഠനങ്ങളും പ്രസിദ്ധീകരിക്കപ്പെട്ടിട്ടുണ്ട്. രണ്ടു പുസ്തകങ്ങളിലും പറഞ്ഞിരിക്കുന്ന കാര്യങ്ങള്‍ ഒന്നുതന്നെയാണ് എന്ന മട്ടില്‍ സിദ്ധാന്തിക്കുന്നവരുണ്ട് (ദൈ്വതവും അദൈ്വതവും ഒന്നുതന്നെ എന്നു വാദിക്കുന്നതുപോലെയാണ് ഈ കാഴ്ചപ്പാട്!). സ്മിത്ത് ഒരു കോമാളിയാണെന്നും ചിന്തകളില്‍ സ്ഥിരസ്വഭാവം പ്രകടിപ്പിക്കുന്ന സ്വഭാവക്കാരനല്ലെന്നും ചിലര്‍ ആക്ഷേപിക്കുന്നുണ്ട്. 1752 മുതല്‍ 1764 വരെ സ്മിത്ത് ഗ്ലാസ്‌കോ സര്‍വകലാശാലയില്‍ 14-നും 17-നുമിടയില്‍ പ്രായമുള്ള വിദ്യാര്‍ഥികളെയാണ് പഠിപ്പിച്ചിരുന്നതെന്നും അതുകൊണ്ടാണ് അപ്രകാരം ധാര്‍മിക സിദ്ധാന്തങ്ങളെ കുറിച്ച് പ്രബോധനം നടത്തിയതെന്നുമാണ് ഭൂരിപക്ഷം പേരുടെയും അഭിപ്രായം. 

കമ്പോളത്തില്‍ കശാപ്പുകാരനും കള്ളുകച്ചവടക്കാരനും പാചകക്കാരനും ഇടപെടുന്നത് മറ്റുള്ളവരുടെ സന്തോഷത്തിനുവേണ്ടിയല്ല, സ്വന്തം താല്‍പര്യത്തിനും ലാഭത്തിനും വേണ്ടി മാത്രമാണ് എന്ന തത്ത്വമാണ് 'രാഷ്ട്രങ്ങളുടെ  സമ്പത്ത്' എന്ന പുസ്തകത്തില്‍ അദ്ദേഹം അവതരിപ്പിക്കുന്നത്. ഇവിടെ മനുഷ്യരുടെ അനുകമ്പ (Sympathy), അനുതാപം എന്നിവയെക്കുറിച്ച യാതൊരു പരാമര്‍ശവും കാണുക സാധ്യമല്ല. ഇത്രമാത്രം സ്മിത്തിനെ  ചിന്തകളില്‍ തട്ടിയെടുത്തുകൊണ്ടുപോയത് ആരാണ് എന്നത് ഊഹിക്കാവുന്നതേയുള്ളൂ. കോര്‍പ്പറേറ്റുവല്‍ക്കരണത്തിന്റെ ആദിരൂപമായ ഫാക്ടറി സംവിധാനത്തിനും അതിന്റെ അമിതലാഭതാല്‍പര്യത്തിനും സ്മിത്ത് കീഴടങ്ങുകയായിരുന്നുവെന്ന് 'തൊഴില്‍ വിഭജനം' (Division of Labour) എന്ന ആശയം അദ്ദേഹം അവതരിപ്പിക്കുന്ന സന്ദര്‍ഭത്തില്‍ ആര്‍ക്കും ബോധ്യപ്പെടും. പത്തു തൊഴിലാളികള്‍ക്ക് ഒരു ദിവസം കൊണ്ട് എപ്രകാരം നാല്‍പത്തിയെണ്ണായിരം പിന്‍ (Pin) നിര്‍മിച്ച് മുതലാളിയുടെ സ്വന്തം താല്‍പര്യത്തെ വിജയിപ്പിക്കാനാകുമെന്ന് ഏറെ വീറോടെ വരച്ചുവിവരിക്കുന്നതില്‍നിന്ന് സ്മിത്തിന്റെ പുറംപൂച്ച് വ്യക്തമാകുന്നുണ്ട്. ഇതിനുള്ള പ്രത്യുപകാരമെന്ന നിലയിലാവാം സ്മിത്തിന് ഒരേസമയം മുതലാളിത്തത്തിന്റെയും സാമ്പത്തികശാസ്ത്രത്തിന്റെയും പിതാവ് എന്ന ഇരട്ടമുഖം പതിച്ചുകിട്ടിയിരിക്കുന്നത്. വേദഗ്രന്ഥങ്ങളും പ്രവാചകന്മാരും പഠിപ്പിച്ച ആത്മാവിന്റെ സമുന്നത താല്‍പര്യങ്ങളില്‍ മായം കലര്‍ത്തുകയും പൈശാചികതയിലേക്ക് മനുഷ്യനെ നയിക്കുകയും ചെയ്തതില്‍ ഇത്രത്തോളം പങ്കുവഹിച്ച മറ്റൊരു എഴുത്തുകാരനെ നമുക്ക് കാണാനാവുകയില്ല. എന്നിട്ടും സ്മിത്തിന്റെ സിദ്ധാന്തങ്ങളില്‍ ഇബ്‌നു ഖല്‍ദൂന്റെയും ഇമാം ഗസാലിയുടെയും ലക്ഷണങ്ങള്‍ വായിച്ചെടുക്കാനുള്ള സഹതാപാര്‍ഹമായ ശ്രമമാണ് ചില ഇസ്‌ലാമിക സമ്പദ്ശാസ്ത്ര ചിന്തകര്‍ വരെ നടത്തുന്നത്. സാമ്പത്തികപ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കേണ്ടത് സമ്പത്ത് കുന്നുകൂട്ടണമെന്ന് ദുരാഗ്രഹമുള്ള സ്വാര്‍ഥരായിരിക്കണമെന്ന സ്മിത്തിന്റെ നിര്‍വചനത്തെ ഏതു വേദവാക്യം കൊണ്ടാണ് വ്യാഖ്യാനിക്കാന്‍ കഴിയുക? 

ആഡം സ്മിത്ത്, ഇസ്‌ലാമിക ഖിലാഫത്തിനെ പുകഴ്ത്തിപ്പറഞ്ഞിട്ടുണ്ടെന്നത് അദ്ദേഹത്തിന്റെ ഇസ്‌ലാമികാഭിമുഖ്യത്തിന്റെ തെളിവായി ചില ലേഖനങ്ങളില്‍ വായിക്കാനിടയായി. വിജ്ഞാനത്തോട് ആഭിമുഖ്യം പുലര്‍ത്തുന്ന കാര്യത്തില്‍ ഖലീഫമാരുടെ ഭരണം ഏറെ ശ്രദ്ധേയമാണെന്നായിരുന്നു അദ്ദേഹം പ്രകടിപ്പിച്ച അഭിപ്രായം. എന്നാല്‍ വിശുദ്ധഖുര്‍ആന്‍ സാമ്പത്തികപ്രവര്‍ത്തനങ്ങളുടെ ഭാഗമാകണമെന്നു നിര്‍ദേശിക്കുന്ന ആത്മീയചിന്താഗതികള്‍ക്ക്, രാഷ്ട്രങ്ങളുടെ സമ്പത്ത് എന്ന പുസ്തകം എഴുതിയതിനുശേഷമുള്ള സ്മിത്തിന്റെ സിദ്ധാന്തങ്ങളില്‍ യാതൊരു സ്ഥാനവുമുണ്ടായിട്ടില്ല. ആത്മീയവും ഭൗതികവുമായ ജീവിതവിജയത്തെക്കുറിച്ചാണ് വിശുദ്ധ വേദഗ്രന്ഥം സംസാരിക്കുന്നത്. മനുഷ്യന്‍ ശരീരമാത്രപ്രധാന ജീവിയല്ല. അത്മാവിന്റെ സാന്നിധ്യം അവന്‍ അനുഭവിക്കുന്നുണ്ട്. ആത്മാവിന്റെ താല്‍പര്യങ്ങള്‍ സാമ്പത്തികപ്രവര്‍ത്തനങ്ങളില്‍ ചില നിയന്ത്രണങ്ങള്‍ സ്വയംതന്നെ ഏര്‍പ്പെടുത്താന്‍ മനുഷ്യനെ പ്രേരിപ്പിക്കുന്നു. സാമ്പത്തികപ്രവര്‍ത്തനങ്ങളില്‍ മിതത്വം ഉണ്ടാകണമെന്നത് ഖുര്‍ആനിന്റെ സുപ്രധാന കാഴ്ചപ്പാടാണ്. ഉപഭോഗത്തെ (Consumption) അതനുവദിക്കുന്നുണ്ട്. എന്നാല്‍ ധാരാളിത്തത്തെയും ആഡംബരത്തെയും വിലക്കുന്നു. ഉപജീവനം തേടാനുള്ള മനുഷ്യരുടെ താല്‍പര്യത്തെ അംഗീകരിക്കുകയും അതിനു പ്രചോദനമേകുകയും ചെയ്യുന്നു. 

വെള്ളിയാഴ്ച ജുമുഅ നമസ്‌കാരം കഴിഞ്ഞാലുടന്‍ ഭൂമിയില്‍ വ്യാപരിച്ച് വിഭവങ്ങള്‍ അന്വേഷിക്കണമെന്ന് ഖുര്‍ആന്‍ ആവശ്യപ്പെടുന്നു (സൂറത്തുല്‍ ജുമുഅ). ഉപജീവനമന്വേഷിച്ചുപോകുന്നതിന് ബുദ്ധിമുട്ടുണ്ടാക്കാത്ത വിധത്തില്‍ രാത്രി നമസ്‌കാരം ക്രമീകരിക്കണമെന്ന് സൂറഃ അല്‍മുസ്സമ്മില്‍ വിവരിക്കുന്നുണ്ട്. വിശുദ്ധഹജ്ജിന്റെ യാത്രാസന്ദര്‍ഭങ്ങളില്‍ പോലും ഉപജീവനം തേടുന്നതില്‍ വിരോധമില്ലെന്നും ഖുര്‍ആന്‍ പ്രഖ്യാപിക്കുന്നുണ്ട്. എന്നാല്‍ ചെലവഴിക്കുന്ന കാര്യത്തില്‍ മിതത്വം നിബന്ധനയാക്കണമെന്നും ദാനധര്‍മങ്ങളില്‍ പോലും അതു ബാധകമാണെന്നും ഇസ്‌ലാം വ്യക്തമാക്കുന്നു. സ്മിത്തിനെ കുറിച്ചും നിയോക്ലാസിക്കല്‍ സാമ്പത്തികവിദഗ്ധരെകുറിച്ചുമുള്ള അമര്‍ത്യാ സെന്നിന്റെ വിമര്‍ശനം എത്രയോ ശരിയാണ്. അവര്‍ സാമ്പത്തിക പ്രവര്‍ത്തനങ്ങളില്‍ ധാര്‍മികതയുടെ (Ethics) സ്ഥാനം നിരാകരിക്കുകയും മൂല്യങ്ങള്‍ (Values) എന്നത് അര്‍ഥശൂന്യമായ പദമായി അവഗണിക്കുകയും ചെയ്തുവെന്നാണ് സെന്‍ വിലയിരുത്തുന്നത്. രാഷ്ട്രീയത്തില്‍നിന്നും തുടങ്ങി പിന്നീട് സ്വകാര്യജീവിതത്തില്‍ നിന്നുവരെ മതചിന്തകളെയും ചിഹ്നങ്ങളെയും വേര്‍പ്പെടുത്തിയ പാശ്ചാത്യ മതേതര ചിന്തയെ ശക്തിപ്പെടുത്തുകയായിരുന്നു യഥാര്‍ഥത്തില്‍ ആഡം സ്മിത്ത്. 

 

ലയണല്‍ റോബിന്‍സിന്റെ വിഭവ ദുര്‍ലഭ സിദ്ധാന്തം

മനുഷ്യനിലെ ജന്തുപരതയെ ഏറെ ത്വരിതപ്പെടുത്തിയ മറ്റൊരു സാമ്പത്തികശാസ്ത്രജ്ഞനാണ് ലയണല്‍ റോബിന്‍സ് (1898-1984). 1932-ല്‍ അദ്ദേഹം സാമ്പത്തികശാസ്ത്രത്തെ ബഹുമുഖ ഉപയോഗമുള്ള ദുര്‍ലഭ വിഭവങ്ങളെ (Scarce Resources) അതിരുകളില്ലാത്ത മോഹങ്ങളുമായി (Unlimited Wants) ബന്ധിപ്പിച്ച് മനുഷ്യസ്വഭാവത്തെ വിശകലനം ചെയ്യുന്ന ശാസ്ത്രമായി അവതരിപ്പിച്ചു. മൂന്നു കാര്യങ്ങളാണ് ഈ സിദ്ധാന്തത്തിലൂടെ റോബിന്‍സ് വ്യക്തമാക്കിയത്. 

ഒന്ന്, മനുഷ്യമോഹങ്ങള്‍ അതിരറ്റതാണ്.

രണ്ട്, വിഭവങ്ങള്‍ വളരെ പരിമിതമാണ്.

മൂന്ന്, വിഭവങ്ങള്‍ക്കാകട്ടെ ഒന്നില്‍ കൂടുതല്‍ ഉപയോഗമുണ്ട്.

മനുഷ്യസമൂഹം എല്ലാ കാലത്തും അവരുടെ ജീവിതസൗകര്യങ്ങള്‍ മെച്ചപ്പെടുത്തുന്നതിനുള്ള ശ്രമങ്ങള്‍ക്ക് മുന്‍ഗണന നല്‍കിയിട്ടുണ്ട്. എന്നാല്‍ വിഭവങ്ങളുടെ ദുര്‍ലഭതയെ സംബന്ധിച്ച ചിന്തകള്‍ ആദിമകാലത്തുണ്ടായിരുന്നില്ല. പുരാതന ഗ്രീസില്‍ നഗരങ്ങളിലെ ജനസംഖ്യ കുറവായിരുന്നതുകൊണ്ട് വിഭവദാരിദ്ര്യം എന്ന പ്രശ്‌നം അവര്‍ അഭിമുഖീകരിച്ചിരുന്നില്ല. അക്കാലത്ത് ജനങ്ങളുടെ ജീവിതശൈലിയും വളരെ ലളിതമായിരുന്നു. എങ്കിലും ചില വസ്തുക്കളെ അവര്‍ അപൂര്‍വം (Rarity) എന്ന പട്ടികയില്‍ ഉള്‍പ്പെടുത്തുകയും അവയെ സൂക്ഷ്മതയോടെ കൈകാര്യം ചെയ്യുകയും ചെയ്തിരുന്നു. സീനിയര്‍ (1790-1864) എന്ന ചിന്തകനാണ് ഉല്‍പ്പന്നങ്ങളുടെ അപൂര്‍വത എന്ന വിഷയത്തിലേക്ക് ആദ്യമായി ശ്രദ്ധ ക്ഷണിച്ചത്. ലയണല്‍ റോബിന്‍സ് പിന്നീട് ഈ ആശയത്തെ വികസിപ്പിക്കുകയാണ് ചെയ്തത്. ഇസ്‌ലാമിക സാമ്പത്തികവിദഗ്ധരില്‍ ചിലര്‍ ഈ ആശയത്തിന്റെ അക്ഷരങ്ങളെ മാത്രം വായിച്ചു വളരെ നിരുപദ്രവകരവും നിഷ്‌കളങ്കവുമായ യാഥാര്‍ഥ്യം എന്ന മട്ടില്‍ പരക്കെ സ്വാഗതം ചെയ്തിട്ടുണ്ട്. സാമ്പത്തികസിദ്ധാന്ത വിശകലനങ്ങളില്‍ സാധാരണ സംഭവിക്കാറുള്ള അബദ്ധമാണ് ഇത്. 

ഉദാഹരണത്തിന് കമ്പോളം (Market) എന്ന പദം മാത്രമെടുക്കുക. മുതലാളിത്തത്തിലും ഇസ്‌ലാമിലും കമ്പോളം എന്ന പദം ഒന്നു തന്നെയാണെങ്കിലും രണ്ടു കമ്പോളവും പക്ഷേ ഒരേ സ്വഭാവത്തിലുള്ളതല്ലെന്ന് വ്യക്തമാണ്. പദങ്ങളെയും നിര്‍വചനങ്ങളെയും സൂക്ഷ്മതയോടെ വിശകലനം ചെയ്തില്ലെങ്കില്‍ പല തെറ്റായ ആശയങ്ങളെയും അറിയാതെ നാം സ്വാംശീകരിക്കാനിടയുണ്ട്. മുന്‍ദിര്‍ കഹ്ഫ്, ഖുര്‍ശിദ് അഹ്മദ് തുടങ്ങിയ പണ്ഡിതര്‍ ഇസ്‌ലാമിന്റെ മൗലികാശയങ്ങള്‍ക്ക് വിരുദ്ധമാണ് വിഭവദുര്‍ലഭസിദ്ധാന്തം എന്ന് വ്യക്തമാക്കുന്നുണ്ട്. ദൈവം കാരുണ്യവാനാണ്. ആകാശവും ഭൂമിയും വിഭവങ്ങള്‍ കൊണ്ട് നിറക്കപ്പെട്ടിരിക്കുകയാണ്. മനുഷ്യര്‍ക്ക് മാത്രമല്ല ഇതര ജീവജാലങ്ങള്‍ക്കും ആവശ്യമായ അളവില്‍ ഭക്ഷണം ഉറപ്പുവരുത്തുകയെന്നത് സ്രഷ്ടാവിന്റെ കാരുണ്യഭാവമാണ്. ഖുര്‍ആന്‍ ഇക്കാര്യം  വിവിധ സൂക്തങ്ങളില്‍ സ്പഷ്ടമാക്കുന്നുണ്ട്. ദൈവം അനുഗ്രഹിച്ചരുളിയ വിഭവങ്ങള്‍ ആവശ്യമായ അളവില്‍ മനുഷ്യരിലേക്ക് എത്തിച്ചേരാതിരിക്കുന്നതാണ് പ്രശ്‌നം. മനുഷ്യരുടെ പ്രവര്‍ത്തനഫലമായി തന്നെയാണ് ഈ ദുരന്തം സംഭവിക്കുന്നത്. ചൂഷണാത്മകമായ ലോകക്രമത്തെകുറിച്ച് ചര്‍ച്ച ചെയ്യുന്നതിനു പകരം വിഭവങ്ങള്‍ കുറച്ചുനല്‍കി എന്ന കുറ്റം ദൈവത്തിനു മേല്‍ ചാര്‍ത്താനാണ് ലയണല്‍ റോബിന്‍സും പ്രഭൃതികളും ശ്രമിക്കുന്നത്. 

മനുഷ്യരുടെ അറിവുകള്‍ പരിമിതമാകുന്നതും കാലത്തിനനുസരിച്ച വികാസം പ്രാപിക്കുന്നതില്‍ അവ വേഗത കൈവരിക്കാത്തതും ദൈവിക വിഭവങ്ങളെ കണ്ടെത്തുന്നതിനും മനുഷ്യാവശ്യങ്ങള്‍ക്ക് ഉപയോഗപ്പെടുത്തുന്നതിനും തടസ്സമാകുന്നുണ്ട്. മാല്‍തൂസ്, റികാര്‍ഡോ തുടങ്ങിയ സമ്പദ് ശാസ്ത്രജ്ഞര്‍ വിഭവങ്ങള്‍ എല്ലാ മനുഷ്യര്‍ക്കും ലഭ്യമാകുന്നതിനു കടുത്ത ജനസംഖ്യാ നിയന്ത്രണം ആവശ്യമാണ് എന്ന വാദം ഉന്നയിക്കുന്നുണ്ട്. ജനസംഖ്യ പെരുകിയാല്‍ പരിമിതമായ വിഭവങ്ങള്‍ മനുഷ്യര്‍ തിന്നുതീര്‍ത്ത് ലോകത്തെ നരകമാക്കുമെന്ന് അവര്‍ മുന്നറിയിപ്പ് നല്‍കുന്നു. എന്നാല്‍ സെലിഗ്മന്‍ ആകട്ടെ, ഒരോ കുഞ്ഞിന്റെയും ജനനത്തില്‍ സന്തോഷിക്കുന്ന സമ്പദ്ശാസ്ത്രജ്ഞനാണ്. കുഞ്ഞ് ജനിക്കുന്നത് തിന്നു തീര്‍ക്കുന്ന വായയുമായി മാത്രമല്ലെന്നും അധ്വാനിക്കുന്ന രണ്ടു കൈകള്‍ കൂടി ഒപ്പമുണ്ടെന്നും അത് ഉല്‍പാദന പ്രവര്‍ത്തനത്തെ ശക്തിപ്പെടുത്തുമെന്നും ഭൂമി സ്വര്‍ഗരാജ്യമായി മാറുമെന്നും അദ്ദേഹം അഭിപ്രായപ്പെടുന്നു. രാജ്യങ്ങളുടെ സാമ്പത്തികപ്രവര്‍ത്തനങ്ങളെ കുറിച്ച സ്ഥിതിവിവരവും ദുര്‍ലഭ സിദ്ധാന്തത്തെ തള്ളിക്കളയുന്നതാണ്. 1999-ലെ ജനസംഖ്യ 1950-ലേതിനേക്കാള്‍ വര്‍ധിച്ചത് 2.4 മടങ്ങു മാത്രമാണ്. എന്നാല്‍ ഇക്കാലയളവില്‍ ലോകത്തിലെ മൊത്തം വിഭവങ്ങളുടെ വര്‍ധന 7 മടങ്ങ് കൂടുതലായാണ് രേഖപ്പെടുത്തിയത്. വ്യക്തിഗത വിഭവങ്ങളുടെ ലഭ്യതയുടെ കാര്യത്തിലുമുണ്ട് മൂന്ന് മടങ്ങ് വര്‍ധന. ജനസംഖ്യയേക്കാള്‍ ഇരട്ടിക്കിരട്ടിയായാണ് വിഭവങ്ങള്‍ വര്‍ധിക്കുന്നതെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു. ഈ ഉറപ്പുള്ളതുകൊണ്ടാണ് ദാരിദ്ര്യം ഭയന്ന് നിങ്ങള്‍ സന്താനങ്ങളെ കൊല്ലരുതെന്നു ഖുര്‍ആന്‍ കല്‍പ്പിക്കുന്നത്. 

ആഗ്രഹങ്ങള്‍ (Wants) അതിരറ്റതാണ് എന്ന സിദ്ധാന്തം സാമൂഹികശാസ്ത്രപരമായി ശരിയാണെങ്കിലും മനുഷ്യാവശ്യങ്ങള്‍ (Needs) ഈ നിര്‍വചനത്തിനു പുറത്താണ്. ആഗ്രഹങ്ങളില്‍നിന്ന് ആഡംബരം കുറച്ചാല്‍ അവശേഷിക്കുന്നതാണ് ആവശ്യം. മനുഷ്യരുടെ ആഗ്രഹങ്ങളെ നിയന്ത്രിക്കുകയും വിഭവങ്ങള്‍ സൂക്ഷ്മതയോടെ ഉപയോഗപ്പെടുത്തി ആവശ്യങ്ങള്‍ നിവര്‍ത്തിക്കുകയും ചെയ്യാനാണ് വേദവും പ്രവാചകന്മാരും അവശ്യപ്പെടുന്നത്. വിഭവങ്ങള്‍ ദുര്‍ലഭമാണ് എന്ന കാഴ്ചപ്പാട് അനാവശ്യമായ മത്സരങ്ങളിലേക്കാണ് സമൂഹത്തെ നയിക്കുന്നത്. അതു പരസ്പരമുള്ള വിശ്വാസം നഷ്ടപ്പെടുത്തുന്നു. തനിക്കവകാശപ്പെട്ടത് അപരന്‍ തട്ടിയെടുക്കുമോയെന്ന ഭയം ഓരോ മനുഷ്യന്റെയും ഉള്ളിന്റെയുള്ളില്‍ സദാ നിലനിര്‍ത്തുന്നു. അക്രമവാസനകളും ജന്തുപരമായ വികാരങ്ങളും മനുഷ്യരില്‍ ഉദ്ദീപിപ്പിക്കുന്നു. ലോകം കുറ്റകൃത്യങ്ങളുടെ പാതാളമായി മാറുന്നതിന് മറ്റു കാരണങ്ങളൊന്നും അന്വേഷിക്കേണ്ടതില്ല. ബിഗ് ബാംഗ് തിയറി, പരിണാമസിദ്ധാന്തം, സ്മിത്തിന്റെ ദുരാഗ്രഹസിദ്ധാന്തം, റോബിന്‍സന്റെ വിഭവദുര്‍ലഭ നിര്‍വചനം എന്നിവ ലോകത്തെയും മനുഷ്യരെയും വ്യക്തിപരമായും സാമൂഹികമായും എവിടെയെത്തിച്ചുവെന്ന ചോദ്യത്തിന് അക്രമം നിറഞ്ഞ സമകാലികലോകം തന്നെയാണ് ഏറ്റവും വലിയ ഉത്തരം. 

 

 

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-25 / അല്‍ ഫുര്‍ഖാന്‍ /(33-37)
എ.വൈ.ആര്‍