Prabodhanm Weekly

Pages

Search

2016 ഡിസംബര്‍ 02

2978

1438 റബീഉല്‍ അവ്വല്‍ 02

ആണുങ്ങളെ അറിയാന്‍

ഡോ. ജാസിമുല്‍ മുത്വവ്വ

ഭര്‍ത്താവുമായി ഇടപെടാന്‍ വളരെ പ്രയാസമാണ് എന്ന പരാതിയുമായാണ് അവര്‍ കയറിവന്നത്. 

അവര്‍: 'എന്റെ ഭര്‍ത്താവ് ഒരു 'മൂഡീ മാന്‍' ആണ്. കൂടാതെ ധിക്കാരിയും. അയാള്‍ക്ക് എന്നോട് സ്‌നേഹമില്ല. പക്ഷേ അയാളോട് ബന്ധപ്പെട്ടുകൊണ്ടാണ് ഞാന്‍ എപ്പോഴുമുള്ളത്. എനിക്കറിയേണ്ടത് ഞാന്‍ ഈ വിവാഹബന്ധം തുടരണമോ വേണ്ടയോ?' 

ഞാന്‍ പറഞ്ഞു: 'നിങ്ങളുടെ വിവരണത്തില്‍നിന്ന് എനിക്ക് മനസ്സിലാക്കാന്‍ കഴിഞ്ഞത് നിങ്ങള്‍ക്ക് ഇപ്പോഴും ആണുങ്ങളുടെ മനഃശാസ്ത്രവും അവരുടെ ചിന്താരീതിയും അവരുടെ ഇടപെടല്‍ ശൈലിയും മനസ്സിലാക്കാന്‍ കഴിഞ്ഞിട്ടില്ല എന്നാണ്.'' 

അവര്‍: 'ഞാന്‍ നിങ്ങളോട് പറഞ്ഞതെല്ലാം സത്യം മാത്രമാണ്.'' 

ഞാന്‍: 'നിങ്ങള്‍ പറഞ്ഞത് നേരു തന്നെ. നിങ്ങളുടെ ഭര്‍ത്താവിനെ വിലയിരുത്തുന്നതില്‍ നിങ്ങള്‍ക്ക് തെറ്റു പറ്റിയിട്ടുണ്ട.് എനിക്കുറപ്പുണ്ട്; ഞാനിപ്പോള്‍ അയാളോട് 'നിങ്ങള്‍ നിങ്ങളുടെ ഭാര്യയെ സ്‌നേഹിക്കുന്നുണ്ടോ' എന്ന് ചോദിച്ചാല്‍ അയാളുടെ മറുപടി 'ഉണ്ട്' എന്നായിരിക്കും.''

അവര്‍: 'അതു തന്നെ അയാള്‍ എന്നോട് പറയും. പക്ഷേ എനിക്ക് അയാളുടെ വാക്കുകളില്‍ വിശ്വാസമില്ല. ഞാന്‍ സംശയിക്കുന്നു.'' 

ഞാന്‍: 'ലോകത്തുള്ള സര്‍വ പുരുഷന്മാരുടെയും സ്വഭാവസവിശേഷതകളില്‍ ചിലത് ഞാന്‍ നിങ്ങള്‍ക്ക് ചുണ്ടിക്കാട്ടിത്തരാം. എന്നിട്ട് നിങ്ങളുടെ ഭര്‍ത്താവിനെ കുറിച്ച് നിങ്ങള്‍ തീര്‍പ്പു കല്‍പ്പിക്കൂ.''

എന്നിട്ട് ഞാന്‍ തുടര്‍ന്നു: ഒന്നാമതായി, പുരുഷന്മാര്‍ അധികവും തങ്ങളുടെ ചിന്തകളിലും കര്‍മങ്ങളിലും സ്വതന്ത്രരാവാനാണ് ആഗ്രഹിക്കുന്നത്. തങ്ങളുടെ ജീവിതത്തിന്റെ വിശദാംശങ്ങളില്‍ സ്ത്രീകള്‍ കൈകടത്തുന്നത് അവര്‍ ഇഷ്ടപ്പെടുന്നില്ല. പുരുഷലോകത്ത് സാധാരണയാണിത്. ചിലപ്പോള്‍ അയാളെ ഉപദേശിക്കാന്‍ നിങ്ങള്‍ മുതിര്‍ന്നെന്നിരിക്കട്ടെ. അയാള്‍ അത് നിരസിക്കും. കാരണം അയാള്‍ നിങ്ങളോട് ഉപദേശം തേടിയിട്ടില്ലല്ലോ. സ്ത്രീ ഇത് വ്യാഖ്യാനിക്കുന്നത് നിഗൂഢസ്വഭാവവും പൊങ്ങച്ചവുമായിട്ടായിരിക്കും. തെറ്റാണ് ഈ വ്യാഖ്യാനം. 

രണ്ട്: അധിക സന്ദര്‍ഭങ്ങളിലും 'ഇല്ല/അല്ല' എന്ന പദം പ്രയോഗിക്കാനാണ് പുരുഷന്‍ ആഗ്രഹിക്കുന്നത്. കാരണം ഈ പദം തന്റെ മേല്‍ക്കോയ്മയുടെയും ആണ്‍കരുത്തിന്റെയും അടയാളമായി അയാള്‍ കാണുന്നു. നിങ്ങളുടെ കൊച്ചുകൊച്ചു ആവശ്യങ്ങള്‍ പോലും അയാള്‍ നിരസിച്ചെന്നു വരും. കാരണം തന്റെ ശക്തിയെയും കരുത്തിനെയും കുറിച്ച ബോധം തന്നില്‍ തന്നെ അങ്കുരിപ്പിക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണത്. തര്‍ക്കിക്കാന്‍ നിന്നാല്‍ താന്‍ ഉദ്ദേശിച്ചത് അയാള്‍ നടപ്പിലാക്കിക്കഴിഞ്ഞിരിക്കും. അതോടെ കാര്യം കഴിഞ്ഞു. 

മൂന്ന്: അധിക പുരുഷന്മാരും തങ്ങളുടെ വസ്ത്രധാരണത്തിലോ ജീവിതത്തിലോ ഒരു മാറ്റം ആഗ്രഹിക്കുന്നില്ല; മാറ്റത്തിനുള്ള നിര്‍ദേശം ഭാര്യയുടെ പക്ഷത്തുനിന്നാവുമ്പോള്‍ പ്രത്യേകിച്ചും. ഭാര്യ തന്നെ ദുര്‍ബലനായി ഗണിക്കുമോ എന്നായിരിക്കും അയാളുടെ ആശങ്ക. ഇത് സംഭവിക്കുന്നത് അധികവും വിവാഹത്തിന്റെ ആദ്യഘട്ടത്തിലാണ്. 

നാല്: പുരുഷന്മാര്‍ അധികവും 'പൊന്തയില്‍ തല്ലാതെ' വിഷയത്തിലേക്ക് നേരിട്ട് പ്രവേശിക്കാനാണ് ഇഷ്ടപ്പെടുന്നത്. മറിച്ചൊരു രീതി നിങ്ങള്‍ സ്വീകരിച്ച് വളച്ചുതിരിച്ചു പറഞ്ഞു തുടങ്ങിയാല്‍ അയാള്‍ ഭാര്യയുമായി വര്‍ത്തമാനം നീട്ടിക്കൊണ്ടുപോവാതെ നോക്കും. അപ്പോള്‍ അവള്‍ കരുതുക, ഭര്‍ത്താവ് തന്നെ ഇഷ്ടപ്പെടുന്നില്ലെന്നാവും, നിങ്ങളോട് വര്‍ത്തമാനം പറയാന്‍ ആഗ്രഹിക്കുന്നില്ലെന്നാവും. സത്യമെന്താണ്? അവള്‍ അയാളുടെ ഭാഷയില്‍ സംസാരിച്ചില്ല എന്നതാണ്. 

അഞ്ച്: അധിക ആണുങ്ങളും കാഴ്ചയിലെ ഭംഗിയും മനോഹാരിതയും ഇഷ്ടപ്പെടുന്നവരാണ്. ആകൃതിയും രൂപവും അവരുടെ ദൃഷ്ടിയില്‍ പ്രധാനമാണ്. ഏത് നേരവും സൗന്ദര്യത്തെ തേടും അവരുടെ കണ്ണുകള്‍. അത് ശരീരത്തിലോ വസ്ത്രത്തിലോ ഒക്കെയാവാം. സ്ത്രീകള്‍ നേരെ മറിച്ചാണ്. കേള്‍വിയാണ് അവര്‍ക്ക് മുഖ്യം. വര്‍ത്തമാനം, സല്ലാപം, ശൃംഗാരം, പ്രശംസാ വചനങ്ങള്‍ തുടങ്ങിയവ എത്ര നേരവും അവര്‍ കേട്ടിരിക്കും. അതിനാല്‍ നിങ്ങള്‍ വേണ്ടത് അയാള്‍ എന്ത് ഇഷ്ടപ്പെടുന്നുവോ അത് നല്‍കുകയാണ്. എങ്കില്‍ അയാള്‍ നിങ്ങളെ ഇഷ്ടപ്പെടും, സ്‌നേഹിക്കും. 

ആറ്: തന്റെ വിലയും നിലയും മനസ്സിലാക്കി പെരുമാറാത്ത സ്ത്രീയെ പുരുഷന്‍ ഇഷ്ടപ്പെടുകയില്ല. തന്നോട് അനാദരവായി പെരുമാറുന്ന സത്രീയെയും പുരുഷന് വെറുപ്പായിരിക്കും. പ്രത്യേകിച്ച് പുരുഷന്‍ സമൂഹത്തില്‍ നിലയും വിലയും പദവികളും സ്ഥാനമാനങ്ങളും ഒക്കെ ഉള്ള ആളാണെങ്കില്‍. അത്തരം സന്ദര്‍ഭങ്ങളില്‍ പുരുഷന്‍ അധികനേരം വീട്ടിനു പുറത്ത് കഴിച്ചുകൂട്ടാനാണ് ആഗ്രഹിക്കുക. കാരണം വീട്ടില്‍ അയാള്‍ക്ക് കിട്ടാത്ത ആദരവും അംഗീകാരവും ബഹുമാനവും കൊടുക്കാന്‍ പുറത്ത് ധാരാളം ആളുകള്‍ കാത്തിരിക്കുന്നുണ്ട് എന്ന് അയാള്‍ക്കറിയാം. 

ഏഴ്: അടക്കിയൊതുക്കിവെക്കാനും അണിഞ്ഞൊരുങ്ങാനും സ്ത്രീയേക്കാള്‍ വേഗതയുണ്ട് പുരുഷന്. അയാള്‍ക്ക് അതിനൊക്കെ പത്ത് മിനിറ്റേ വേണ്ടൂ. നിമിഷനേരത്തിനകം അയാള്‍ പുറത്തിറങ്ങാന്‍ റെഡിയായിക്കഴിഞ്ഞിരിക്കും. സ്ത്രീ ഇതിനൊക്കെ ദീര്‍ഘനേരമെടുക്കും. അതുകൊണ്ടാണ് മിക്ക പുരുഷന്മാരും സ്ത്രീയോടൊപ്പം പുറത്തുപോകാന്‍ മടികാണിക്കുന്നത്. കാരണം സ്ത്രീയുടെ 'ടൈം മാനേജ്‌മെന്റ്' തങ്ങളുടേതില്‍നിന്ന് ഭിന്നമാണെന്ന് അവര്‍ക്കറിയാം. 

എട്ട്: മിക്ക പുരുഷന്മാരുടെയും സംസാരം ആനുപാതികമായി സ്ത്രീയുടെ സംസാരത്തിന്റെ മൂന്നിലൊന്നേ കാണുകയുള്ളൂ. അയാള്‍ സംസാരം ചുരുക്കുന്നു എന്നതിനര്‍ഥം നിങ്ങളുമായി സംസാരിക്കാന്‍ അയാള്‍ ഇഷ്ടപ്പെടുന്നില്ല എന്നല്ല. അത് പുരുഷന്റെ പ്രകൃതിയാണ് എന്ന് തിരിച്ചറിയുക. 

ഒമ്പത്: പുരുഷന്മാര്‍ പൊതുവായി ലക്ഷ്യത്തിലും ഒരു സംഗതിയുടെ സാകല്യത്തിലുമാണ് ശ്രദ്ധയൂന്നുന്നത്. സ്ത്രീക്ക് ലക്ഷ്യത്തില്‍ എത്തുക എന്നതിനേക്കാള്‍ പ്രധാനം വിശദാംശങ്ങളിലേക്ക് വര്‍ത്തമാനം കൊണ്ടുപോവുക എന്നതാണ്. പുരുഷനെ സംബന്ധിച്ചേടത്തോളം ഷോപ്പിംഗ് എന്നത് തനിക്ക് ആവശ്യമുള്ള വസ്തുക്കള്‍ വാങ്ങുക എന്നാണ്. എന്നാല്‍ സ്ത്രീയെ സംബന്ധിച്ചേടത്തോളം ഷോപ്പിംഗ് ആനന്ദോപാധിയും പുറത്ത് ഒന്നിറങ്ങി ഉല്ലസിക്കാനുള്ള സന്ദര്‍ഭവുമാണ്. പുരുഷനോടൊപ്പം സ്ത്രീ വാഹനത്തില്‍ കയറിയാല്‍ അയാളുടെ ചിന്ത, വേഗം ലക്ഷ്യസ്ഥാനത്ത് എത്തണമെന്നായിരിക്കും. അവള്‍ക്കാവട്ടെ വഴിയോരക്കാഴ്ചകള്‍ കണ്ട് ആസ്വദിക്കുകയെന്നതാണ് മുഖ്യം. കൂടാതെ അവള്‍ വളരെ സന്തോഷവതിയായിരിക്കും അന്നേരം. കാരണം തന്റെ ഭര്‍ത്താവ് സമീപം തന്നെയുണ്ടല്ലോ എന്ന വിചാരം അവളെ കൂടുതല്‍ ഉല്ലാസവതിയാക്കും. ഈ വ്യത്യാസവും സ്വാഭാവികമാണ്. 

പത്ത്: പുരുഷന് തന്നോടുള്ള സ്‌നേഹവും പ്രേമവും പരീക്ഷിച്ചറിയാന്‍ സ്ത്രീക്ക് വലിയ താല്‍പര്യമാണ്. ആ പരീക്ഷണം ദിവസവും ആവാം. ഓരോ മണിക്കൂറിലും ആവാം. അയാളെ സംബന്ധിച്ചേടത്തോളം അത് വര്‍ഷത്തില്‍ ഒന്നായാലും മതി. അവളുടെ ഏതെങ്കിലും ഒന്നോ അതില്‍ അധികമോ ആയ നിലപാടുകളില്‍നിന്ന് അയാള്‍ മനസ്സിലാക്കിയെടുക്കും അവള്‍ക്ക് തന്നോട് സ്‌നേഹമാണോ പ്രേമമാണോ അകല്‍ച്ചയാണോ എന്നൊക്കെ. പുരുഷനെ സംബന്ധിച്ചേടത്തോളം സ്‌നേഹം 'എന്ത്' എന്നതാണ്. അതായത് പുരുഷന്‍ 'ക്വാളിറ്റി'യില്‍ ഊന്നുന്നു. അവള്‍ക്ക് അയാള്‍ നല്‍കുന്ന സേവനം, ചെലവഴിക്കുന്ന പണം, സമയം, അവളുടെയോ അവളുടെ കുടുംബക്കാരുടെയോ പ്രശ്‌നപരിഹാരത്തിന് അയാളുടെ ശ്രമങ്ങള്‍. ഇതൊക്കെയാണ് അയാളുടെ പരിഗണനാ വിഷയങ്ങള്‍. സ്ത്രീയെ സംബന്ധിച്ചേടത്തോളം ഇത് 'എത്ര' എന്നതാണ്. അതായത് 'ക്വാണ്ടിറ്റി'യില്‍ ആണ് അവളുടെ കണ്ണ്. അവള്‍ക്ക് വേണ്ടത് ഒരുപാട് എണ്ണമാണ്, നിരവധി തവണയാണ്. ഉദാഹരണത്തിന് നിങ്ങള്‍ അവള്‍ക്ക് പ്രേമോപഹാരമായി ഒരു പൂക്കുട സമ്മാനിച്ചുവെന്നിരിക്കട്ടെ. അതവള്‍ക്ക് വലിയ വില കാണില്ല. എന്നാല്‍ ഓരോ ദിവസവും ഒരു പൂ സമ്മാനമായി കൊടുത്തുനോക്കൂ. ദിനേന നാലോ അഞ്ചോ തവണ നിങ്ങള്‍ അവളെ ഫോണില്‍ വിളിച്ചുനോക്കൂ. അവള്‍ക്ക് അതാണ് വലിയ കാര്യം. ഒരു പൂവ് ഓരോ ദിവസവും, മൂന്നോ നാലോ ഫോണ്‍വിളി ദിനേന. ഇങ്ങനെയൊക്കെയാണ് പെണ്‍മനസ്സ്. 

അവര്‍: 'ഞാന്‍ നിങ്ങളുടെ സംസാരം ശ്രദ്ധാപൂര്‍വം കേട്ടുകൊണ്ടിരിക്കുകയായിരുന്നു. നിങ്ങള്‍ ഞങ്ങളോടൊപ്പം ജീവിക്കുന്നതുപോലെ എനിക്ക് തോന്നി. യഥാര്‍ഥത്തില്‍ എന്റെ ഭര്‍ത്താവ് നിങ്ങള്‍ ഇപ്പോള്‍ വിവരിച്ച രീതിയിലാണ്.''

ഞാന്‍: 'നിങ്ങള്‍ അയാളെ മുറുകെപ്പിടിച്ചുകൊള്ളുക. അദ്ദേഹം ഉത്തമനായ ഒരു ഭര്‍ത്താവാണ്. നിങ്ങളുടെ ഭര്‍ത്താവ് ധാര്‍ഷ്ട്യമുള്ള വ്യക്തിയല്ല, 'മൂഡീ മാന്‍' അല്ല. നിങ്ങളെ അയാള്‍ നന്നായി സ്‌നേഹിക്കുന്നുണ്ട്. പക്ഷേ അത് നിങ്ങള്‍ കരുതുന്ന രൂപത്തില്‍ അല്ലെന്ന് മാത്രം.'' 

വിവ: പി.കെ ജമാല്‍ 

 

 

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-25 / അല്‍ ഫുര്‍ഖാന്‍ /(33-37)
എ.വൈ.ആര്‍