Prabodhanm Weekly

Pages

Search

2016 ഡിസംബര്‍ 02

2978

1438 റബീഉല്‍ അവ്വല്‍ 02

സാകിര്‍ നായിക്കിനെ ഭീകരനായി മുദ്രകുത്തുമ്പോള്‍

ഇഹ്‌സാന്‍

രോ തവണ ബി.ജെ.പി ഭരണകൂടങ്ങള്‍ ഇന്ത്യയില്‍ അധികാരമേല്‍ക്കുമ്പോഴും മുസ്ലിം സമൂഹത്തെ പ്രത്യക്ഷമായോ പരോക്ഷമായോ ഉന്നംവെക്കുന്ന നീക്കങ്ങള്‍ വാജ്പേയിയുടെ കാലം മുതലേ നടന്നുവരുന്നുണ്ട്. ഭീകരത എന്ന ഊരും പേരുമില്ലാത്ത പ്രതിഭാസത്തെ ഇസ്ലാമിന്റെ വിലാസത്തില്‍ തെറ്റിദ്ധരിപ്പിക്കാനുള്ള നീക്കങ്ങള്‍ പഴയ എന്‍.ഡി.എ സര്‍ക്കാര്‍ തുടക്കമിട്ടതിന്റെ പ്രതിഫലനമാണ് പില്‍ക്കാലത്ത് ഇന്ത്യന്‍ സമൂഹത്തില്‍ ബി.ജെ.പി സ്വാധീനമുറപ്പിച്ച സാമൂഹിക ധ്രുവീകരണത്തിന് വഴിമരുന്നിട്ടത്. സാങ്കേതികമായി കുറേക്കൂടി പ്രവര്‍ത്തന സ്വാതന്ത്ര്യമുണ്ടായിരുന്നിട്ടും ആ ആരോപണങ്ങളുടെ വസ്തുത പൊതുജനസമക്ഷം ചര്‍ച്ചക്കു വെക്കാനുള്ള നട്ടെല്ല് കഴിഞ്ഞ പതിറ്റാണ്ടില്‍ ഒരിക്കല്‍ പോലും കാണിക്കാതിരുന്നവരുടെ സ്ഥാനത്ത് ഇന്നുള്ളത് ഇന്നത്തെ വിലയ്ക്കു വാങ്ങപ്പെട്ട മാധ്യമങ്ങളാണ്. അതുകൊണ്ടുതന്നെ സിമിയില്‍ നിന്നും ഇന്ത്യന്‍ മുജാഹിദീനിലൂടെ സാകിര്‍ നായിക്കിലെത്തി നില്‍ക്കുന്ന ഇസ്ലാമോഫോബിയക്ക് അതിന്റെ അജണ്ടകള്‍ നടപ്പാക്കാന്‍ കുറേക്കൂടി സൗകര്യവും പിന്തുണയുമുണ്ട് ഇപ്പോള്‍. പ്രധാനമന്ത്രിക്കെതിരെ മുദ്രാവാക്യം വിളിച്ചവര്‍ക്കെതിരെ രാജ്യദ്രോഹത്തിന് കേസെടുക്കുന്നതും തങ്ങള്‍ക്ക് ഇഷ്ടമില്ലാത്ത രീതിയില്‍ ഇസ്ലാമിനെ കുറിച്ച് പറയുന്ന സാകിര്‍ നായിക്കിനെ ഭീകരന്റെ ചാപ്പകുത്തുന്നതുമൊക്കെ എളുപ്പമായിത്തീരുന്നത് ഈ പശ്ചാത്തലത്തിലാണ്.

ആളുകളെ ഐ.എസില്‍ ചേരാന്‍ പ്രേരിപ്പിക്കുന്ന പ്രസംഗങ്ങള്‍ നടത്തിയെന്നാണ് സാകിര്‍ നായിക്കിനെതിരെ ഉയര്‍ന്ന ആരോപണം. കോടിക്കണക്കിന് ഇസ്ലാം വിശ്വാസികള്‍ക്കിടയില്‍ നിന്ന് ഐ.എസില്‍ ചേര്‍ന്നതോ ചേരാന്‍ തീരുമാനിച്ചതോ ആയ വിരലിലെണ്ണാവുന്നവര്‍ നായിക്കിന്റെ പ്രസംഗം കേള്‍ക്കുകയല്ലേ യഥാര്‍ഥത്തില്‍ സംഭവിച്ചത്? ബംഗ്ലാദേശിലെയോ രാജസ്ഥാനിലെയോ ഏറിയാല്‍ രണ്ടു ഡസന്‍ വരുന്ന തീവ്രവാദികള്‍ ഇനി ഒരു വാദത്തിന് നായിക്കിന്റെ പ്രസംഗം കേട്ടാണ് സിറിയയിലേക്ക് പുറപ്പെട്ടതെന്ന് കരുതുക. ലോകത്തെ ഏതാണ്ടെല്ലാ മുസ്ലിം രാജ്യങ്ങളിലും ഇദ്ദേഹത്തിന്റെ പ്രഭാഷണങ്ങള്‍ കേട്ട കോടിക്കണക്കിന് ആളുകള്‍ ഇപ്പോഴും ഐ.എസില്‍ ചേരാത്തവരായി ബാക്കിയില്ലേ? അതിന്റെ കാരണം എന്താണെന്നു കൂടി ഭരണകൂടം വിശദീകരിക്കേണ്ടതില്ലേ?

കാലത്തിന്റെ ചതിക്കുഴികള്‍ തിരിച്ചറിയുന്നതില്‍ മുസ്ലിം സമൂഹത്തിന് പലപ്പോഴും തെറ്റു പറ്റുന്നുണ്ട്. ഇന്റര്‍നെറ്റ് വഴിയുള്ള മസ്തിഷ്‌ക പ്രക്ഷാളനമാണ് പുതിയ കാലത്ത് ലോകത്തുടനീളം നടക്കുന്നത്. ഐ.എസ് അടക്കമുള്ളവരുടെ പേരില്‍ ചാരസംഘടനകള്‍ നേരിട്ടു നടത്തുന്ന ഇത്തരം വെബ്സൈറ്റുകള്‍ സജീവമാണെന്നു മാത്രമല്ല മുസ്ലിം സംഘടനകളില്‍ പലരുടെയും വെബ്‌സൈറ്റുകളില്‍ ഇവര്‍ നുഴഞ്ഞുകയറുന്നതായും റിപ്പോര്‍ട്ടുകളുണ്ട്.The Intercept എന്ന വെബ്‌സൈറ്റ് ഇതേക്കുറിച്ച് പുറത്തുവിടുന്ന വിവരങ്ങള്‍ ശ്രദ്ധേയമാണ്. അമേരിക്കയുടെയും ബ്രിട്ടന്റെയും ചാരസംഘടനകള്‍ ആഗോള മുസ്‌ലിം സംഘടനകളുടെ ഇന്റര്‍നെറ്റ് ഗ്രൂപ്പുകള്‍ക്കകത്ത് വ്യാജ മേല്‍വിലാസങ്ങളുപയോഗിച്ച് കടന്നുകയറിയതായാണ് വെബ്‌സെറ്റ് സ്ഥാപകനായ ഗ്ലന്‍ ഗ്രീന്‍വാല്‍ഡ് പറയുന്നത്. ബ്രിട്ടീഷ് ചാരസംഘടനയായ ഗവണ്‍മെന്റ് കമ്യൂണിക്കേഷന്‍സ് ഹെഡ്ക്വാര്‍ട്ടേഴ്സ് (ജി.സി.എച്ച്.ക്യു) എന്‍.എസ്.എക്കായി തയാറാക്കിയ 50 പേജ് വരുന്ന സചിത്ര വിവരണത്തില്‍ വിവിധ തരം നുഴഞ്ഞുകയറ്റങ്ങളുടെ മാതൃകകള്‍ വിശദീകരിക്കുന്നുണ്ട്. Infiltration Operation, ruse operation, false flag operation, false rescue operation, discredit a target, set up honey trap  മുതലായ നിരവധി തലക്കെട്ടുകളിലാണ് ഈ വിഷയങ്ങള്‍ വിശദീകരിക്കുന്നത്. തകര്‍ക്കാന്‍ ഉദ്ദേശിക്കുന്ന വ്യക്തിയുടെ ഇമെയിലില്‍നിന്ന് തെറ്റായ സന്ദേശങ്ങള്‍ സുഹൃത്തുക്കള്‍ക്കും സഹപ്രവര്‍ത്തകര്‍ക്കുമൊക്കെ അയക്കാനുള്ള പദ്ധതികള്‍ പോലും ഇക്കൂട്ടത്തിലുണ്ട്. എഡ്വേര്‍ഡ് സ്‌നോഡന്‍ ആണ് ഇത് ചോര്‍ത്തി പ്രസിദ്ധീകരിച്ചത്. ഐ.ആര്‍.എഫിന്റെ വെബ്‌സൈറ്റില്‍ ഇങ്ങനെയൊക്കെ നടന്നു എന്നല്ല പറഞ്ഞുവരുന്നത്. നായിക്കിന്റെ പ്രവൃത്തിമണ്ഡലത്തിന്റെ നീക്കങ്ങള്‍ കൂടി വിലയിരുത്താതെ സൈബര്‍ ലോകത്ത് ഉയരുന്ന ആരോപണങ്ങള്‍ മാത്രം ഒറ്റയടിക്ക് വിശ്വസിക്കുക എളുപ്പമായിരുന്നില്ല എന്നു ചൂണ്ടിക്കാണിക്കുകയാണ്.

പിന്നെയുള്ളത് പ്രേരണാ കുറ്റമാണ്. ഇന്ത്യക്കെതിരെ അസംതൃപ്തി ഉണ്ടാക്കുന്ന രീതിയില്‍ നായിക്ക് പ്രസംഗിച്ചുവെന്നും അതുവഴി യുവാക്കള്‍ ഭീകരതയിലേക്ക് ആകര്‍ഷിക്കപ്പെട്ടുവെന്നുമാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയം നിരോധനത്തിന്റെ കാരണമായി ചൂണ്ടിക്കാട്ടുന്നത്. മൗലികാവകാശം പോലും എടുത്തുകളയാനാണ് സര്‍ക്കാര്‍ ഒരുങ്ങുന്നതെങ്കിലും അവര്‍ക്കെതിരെ അങ്ങാടിയില്‍ മുദ്രാവാക്യം വിളിക്കുന്നത് രാജ്യദ്രോഹമാണെന്ന് ഒരു ലോക്കല്‍ പോലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥന്‍ തീരുമാനിക്കുന്നതിന്റെ നിലവാരവും അതുതന്നെ. പറയുന്ന കാര്യം തികച്ചും വ്യത്യസ്തമായ ഭാഷയിലാണെങ്കിലും കേട്ടുനില്‍ക്കുന്നവരില്‍ ചിലര്‍ വികലമായ സ്വന്തം നിലപാടുകള്‍ തിരുത്തുന്നില്ലെങ്കില്‍ ഈ കുറ്റം സാകിര്‍ നായിക്കിന്റേതായി മാറുകയാണ്. മറുഭാഗത്ത് യാഥാര്‍ഥ്യമോ? ഭീകരതക്കും തീവ്രവാദത്തിനും മതവിദ്വേഷത്തിനും എതിരായാണ് അദ്ദേഹത്തിന്റെ പ്രസംഗങ്ങളിലെ പരാമര്‍ശങ്ങളത്രയും. ഭരണകൂടം താറടിച്ചുകാണിക്കുന്ന ഇസ്‌ലാമിനെ മറ്റൊരു ഭാഷയില്‍ അവതരിപ്പിക്കുന്നു എന്നതാണ് യഥാര്‍ഥത്തില്‍ മറ്റുള്ളവരെ ചൊടിപ്പിക്കുന്ന ഈ മനുഷ്യന്റെ ഏക കുറ്റം. ഈ യാഥാര്‍ഥ്യങ്ങള്‍ മറച്ചുപിടിച്ച് ഭരണകൂടം കല്ലെറിയാന്‍ തീരുമാനിച്ചവനെതിരെ പൊതുബോധം സൃഷ്ടിച്ചുകൊടുക്കുന്ന പണി മാത്രമേ ഇന്ത്യന്‍ മാധ്യമങ്ങള്‍ ചെയ്യുന്നുള്ളൂ.

കേന്ദ്രസര്‍ക്കാര്‍ സിമിയെ നിരോധിച്ചപ്പോള്‍ വിരലിലെണ്ണാവുന്ന കേസുകള്‍ മാത്രമാണ് അതുവരെ ആ സംഘടനയുടെ പേരില്‍ രജിസ്റ്റര്‍ ചെയ്യപ്പെട്ടിരുന്നത്. കശ്മീര്‍ ഭൂപടവുമായും പ്രസ്താവനകളുമായും ബന്ധപ്പെട്ട കേസുകളായിരുന്നു അവ. ബോംബ് സ്ഫോടനം നടത്തിയതുമായി ബന്ധപ്പെട്ട ഒറ്റക്കേസ് പോലും ഇതില്‍ ഉണ്ടായിരുന്നില്ല. കോടതികളില്‍ സ്വയം പ്രതിരോധിക്കാനുള്ള അവകാശം എടുത്തുകളഞ്ഞ കാലത്താണ് സിമിക്കെതിരെ എണ്ണമറ്റ ബോംബ് സ്ഫോടന കേസുകള്‍ ആരോപിക്കപ്പെട്ടത്. ഇന്ന് ഐ.ആര്‍.എഫിനെതിരെയുളള നീക്കങ്ങള്‍ മുന്നോട്ടുപോകുന്നതും ഇതേ ശൈലിയിലാണ്. മോദി കാലത്തെ അനീതിയെ ചോദ്യം ചെയ്യുന്ന ഏതൊരാളും യു.എ.പി.എയുടെ പരിധിയില്‍ വരുമെന്നല്ലേ ഇതിനര്‍ഥം? നീതിവാഴ്ചയെ കുറിച്ച ബോധം നഷ്ടപ്പെട്ട ഒരു സമൂഹത്തില്‍ മുസ്‌ലിംകള്‍ക്കെതിരെ പറയുന്നതെന്തിനും കാര്യകാരണബന്ധത്തിന്റെ ആവശ്യമില്ലെന്ന പൊതുബോധത്തിനാണ് നായിക്കിനെ ഭീകരനായി പ്രഖ്യാപിക്കുമ്പോള്‍ സമൂഹം പാലിക്കുന്ന നിശ്ശബ്ദത അടിവരയിടുന്നത്. 


Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-25 / അല്‍ ഫുര്‍ഖാന്‍ /(33-37)
എ.വൈ.ആര്‍