എഴുത്തുകാരന്റെ ഭാഷ; മറുവായനയും സാധ്യമാണ്
വാക്കുകളും അര്ഥങ്ങളും ദിനേന മാറിക്കൊണ്ടിരിക്കുകയും പുതിയ വാക്കുകള് ഭാഷണങ്ങളിലും വ്യവഹാരങ്ങളിലും അനുദിനം വന്നുനിറയുകയും ചെയ്യുന്ന ഒരു ലോകത്ത് ജീവിച്ചുകൊണ്ട് 'മധുരവും ലളിതവുമായ' ഭാഷ ആവശ്യപ്പെടുന്ന വായനാശീലം പ്രബോധനം വായനക്കാര് പതിയെയെങ്കിലും ഉപേക്ഷിച്ചുതുടങ്ങേണ്ടതുണ്ട് ('എഴുത്തിന്റെ ഭാഷ' എന്ന തലക്കെട്ടിലെ കത്ത്, ലക്കം 2976). ലോകം മാറി എന്നു പറഞ്ഞാല് വാക്കുകളും അര്ഥങ്ങളും മാറി എന്നുകൂടിയാണ് അര്ഥം. പഴയ 'ഗമണ്ടന്' വാക്കുകള് പുതിയ അര്ഥത്തിലും പഴയ അര്ഥത്തിന്റെ പുതിയ പ്രയോഗത്തിലും ഇടംപിടിക്കും. 'റാഡിക്കലായ ഐഡിയോളജി', 'ശ്രേണീവത്കൃതമായ അധികാര വ്യവഹാരം', 'ആധുനികത അപരവത്കരിച്ച മതത്തിന്റെ വിമോചനമൂല്യങ്ങള്' എന്നിങ്ങനെയുള്ള പ്രയോഗങ്ങളും അത്തരം പ്രയോഗങ്ങള് സാധ്യമാക്കുന്ന വിചാരങ്ങളും 'വരേണ്യ ഭാഷാപ്രമത്തത'യാണ് എന്ന വാദം ശരിയല്ല.
പ്രബോധനം വായനക്കാരില് ഒരു വിഭാഗം റാഡിക്കലായ ഐഡിയോളജി എന്ന് കണ്ടാല് അസ്വസ്ഥരാകുന്നവരോ അതിനോട് അസഹിഷ്ണുത പുലര്ത്തുന്നവരോ അല്ല. സന്ദര്ഭങ്ങളും സാഹചര്യങ്ങളും ചേര്ന്ന് സ്വാഭാവികമായി നിര്മിക്കപ്പെടുന്ന അര്ഥതലങ്ങളിലേക്ക് എത്തിച്ചേരാന് സാമാന്യ വായനക്കാരന് കഴിയും. പഴയ പ്രബോധനം ലക്കങ്ങള് ഇക്കാര്യത്തില് വലിയ പങ്കുവഹിച്ചിട്ടുണ്ട് എന്ന കാര്യം നിസ്തര്ക്കമാണ്. ആ അര്ഥത്തില് മലയാളി മുസ്ലിമിന് സമ്പന്നവും സുന്ദരവുമായ ഒരു ഭാഷാ ഭാവുകത്വത്തിന്റെ പാരമ്പര്യം തന്നെ അവകാശപ്പെടാം. ഇന്ന് അത് എത്രമാത്രം വികസ്വരവും വികാസക്ഷമവുമാണ് എന്നത് ആലോചിക്കേണ്ട കാര്യം തന്നെ.
അക്ഷരാര്ഥവാദത്തിന്റെ പുതിയ ഗതി പഴയ ചില വാക്കുകള്/ പ്രയോഗങ്ങള് (റാഡിക്കലിസം, ഐഡിയോളജി മുതലായവ) ഇനി വേണ്ട എന്നാണ്. സമഗ്രവും സമൂര്ത്തവുമായ പരിശോധനകള്, വിശകലനങ്ങള് മുതലായവ ഇനി വേണ്ടതില്ല എന്നതാണ് നവ അക്ഷരാര്ഥ വാദികള് ഉദ്ദേശിക്കുന്നത്. കാര്യങ്ങള് സമഗ്രമായി പരിശോധിക്കുന്നതിന്റെ സാധ്യതയെ ആനുകാലിക-നവലിബറല് സാമ്രാജ്യത്വം പ്രതിരോധിക്കുന്നത് 'റാഡിക്കല് ഇസ്ലാമി'നെ നിര്മിച്ച് സാംസ്കാരിക വിപണിയില് ഇറക്കിക്കൊണ്ടാണ്. സമഗ്രത എന്ന നിത്യനൂതനമായ ആശയത്തെ ഇല്ലാതാക്കിക്കൊണ്ടിരിക്കുന്നത് ഈ വിധത്തിലാണ്. പ്രത്യയശാസ്ത്രം (ഐഡിയോളജി) അസ്തമിച്ചു, ചരിത്രം അവസാനിച്ചു, സമഗ്രതയുടെ കാലം കഴിഞ്ഞു എന്നെല്ലാം ഇന്ന് സാഘോഷം മുന്നോട്ടുവെക്കപ്പെടുന്നത് ഇത്തരം വായനാസമൂഹത്തെ കരുവാക്കിക്കൊണ്ടാണ്.
ആശയസംവാദത്തിന്റെ നൈരന്തര്യത്തിലൂടെ മാത്രം ലഭ്യമാകേണ്ട ഒന്നാണ് ഇസ്ലാമിന്റെ വികസ്വരതയും സംവാദക്ഷമതയും. പറഞ്ഞുവരുന്നത്, ആശയസംവാദത്തിന്റെ സ്ഥാനത്ത് വാക്കുകളെ കേന്ദ്രീകരിച്ച അസഹിഷ്ണുതയാണ് പുതിയ അക്ഷരാര്ഥവാദം എന്നാണ്.
ന്യൂനപക്ഷമെങ്കിലും ഒരു നിര മുസ്ലിം യുവാക്കള് റാഡിക്കലായും ഐഡിയോളജിക്കലായും ചിന്തിച്ചു തുടങ്ങുന്നുണ്ട് എന്നത് ശുഭോദര്ക്കമാണ്. നിലനില്ക്കുന്ന ലാവണ്യബോധങ്ങളെ അത് പലപ്പോഴും തുടച്ചുകളയുന്നുണ്ട്. നിര്മലമായ നിര്മലതകളെ അത് വിഛേദിക്കുന്നുണ്ട്. ഒരേസമയം അവര് എഴുത്തുകാരും വായനയെ സര്ഗാത്മകവും സംവാദാത്മകവുമാക്കുന്നതില് മുഖ്യ പങ്കുവഹിക്കുന്നവരുമാണ്. അവരുടെ കാര്യങ്ങള് അവര് തന്നെ നോക്കിക്കൊള്ളും.
കാവിയെഴുത്തിന്റെ വേരുകള്
അബ്ദുര്റസ്സാഖ് മുന്നിയൂര്
മാതൃഭൂമിയുടെ ജനിതക വൈകല്യമാണ് മുസ്ലിംകളോടും മലപ്പുറം ജില്ലയോടുമുള്ള ശത്രുത എന്ന് ഓര്മപ്പെടുത്തി 'ഇനിയും അവസാനിക്കാത്ത മലപ്പുറം കഥകളുടെ വേരുകള്' (ബഷീര് തൃപ്പനച്ചി, ലക്കം 2974) എന്ന പുസ്തക നിരൂപണം.
മലപ്പുറം ജില്ലാ രൂപീകരണ ചര്ച്ചയുടെ ഘട്ടം മുതല് അതിനെ മിനി പാകിസ്താനെന്നും വിധ്വംസക ശക്തികളുടെ പ്രഭവ കേന്ദ്രമെന്നും അവിടെ ആയുധ കപ്പലുകള് ഇടക്ക് വന്നുകൊണ്ടിരിക്കുന്നുവെന്നും ലൗ ജിഹാദും നിര്ബന്ധ മതപരിവര്ത്തനവും നടത്തുന്നവരുടെ വിഹാര കേന്ദ്രമാണെന്നുമൊക്കെയുള്ള നട്ടാല് മുളക്കാത്ത കാവിനുണകള് ആവര്ത്തിക്കുന്നവര്ക്ക് എന്നും വെള്ളവും വളവും നല്കുന്നു മാതൃഭൂമി. വീരേന്ദ്രകുമാര് എന്ന സോഷ്യലിസ്റ്റ് തലപ്പത്തിരുന്നിട്ടും ഈ പുള്ളിപ്പുലിയുടെ പാടുകള് മായുന്നില്ല. സംഘ്പരിവാറിന് വിടുവേല ചെയ്യുന്ന മാതൃഭൂമിയുടെ കാവിക്കണ്ണട എടുത്തുകാട്ടിയ ലേഖകന് അഭിനന്ദനങ്ങള്.
Comments