Prabodhanm Weekly

Pages

Search

2016 ഡിസംബര്‍ 02

2978

1438 റബീഉല്‍ അവ്വല്‍ 02

ഫൈസല്‍ പറഞ്ഞു; 'എനിക്കിനി കൊടിഞ്ഞി പള്ളിയില്‍ കിടക്കാം'

മഅ്‌റൂഫ് പി. കൊടിഞ്ഞി

രക്തസാക്ഷ്യത്തിന്റെ മഞ്ചലിലേറി, മാലാഖമാരുടെ അകമ്പടിയോടെ ഫൈസല്‍ അല്ലാഹുവിങ്കലേക്ക് യാത്രയായി- ഇന്നാ ലില്ലാഹി വഇന്നാ ഇലൈഹി റാജിഊന്‍... ''മഹത്തായ ഉദ്യാനത്തിലേക്ക് അവന്‍ സ്വാഗതം ചെയ്യപ്പെട്ടു. അപ്പോഴവന്‍ പറഞ്ഞു: ഹാ എന്റെ ഈ ആനന്ദം എന്റെ സമൂഹവും കൂടി അറിഞ്ഞിരുന്നെങ്കില്‍! എന്റെ നാഥന്‍ എനിക്ക് തന്ന വിട്ടുവീഴ്ച, എനിക്ക് നല്‍കിയ ആദരവ്...'' (സൂറഃ യാസീന്‍). പരിശുദ്ധ ഖുര്‍ആന്‍ പറഞ്ഞതെത്ര സത്യം! സത്യവിശ്വാസം സ്വീകരിക്കാന്‍ സൗഭാഗ്യമുാവുക, പിന്നീട് ആ വിശ്വാസത്തിന്റെ പേരില്‍ രക്തസാക്ഷ്യം വരിക്കാന്‍ മഹാഭാഗ്യം സിദ്ധിക്കുക! മണ്ണിലും വിണ്ണിലും ഒരു മനുഷ്യജന്മം കൊ് ഇതിലപ്പുറം എന്തു നേടാനാണ്! സത്യസാക്ഷ്യവും രക്തസാക്ഷ്യവും സാര്‍ഥകമാക്കിയാണ് ഫൈസല്‍ ഈ ലോകം വെടിഞ്ഞത്. സ്വന്തം ജീവിതത്തില്‍ സത്യദീന്‍ പ്രാവര്‍ത്തികമാക്കി, പിന്നെ കുടുംബത്തെയും ആ പുണ്യവഴിയില്‍ നടത്തി. സത്യസാക്ഷ്യത്തിന്റെ ഘട്ടങ്ങള്‍ മനോഹരമായി പൂര്‍ത്തീകരിച്ച ശേഷം, അതേ മാര്‍ഗത്തില്‍ ജീവന്‍ ത്യജിച്ചു. ശഹീദ് അമരനാണ്, എന്നെന്നും അല്ലാഹുവിങ്കല്‍ ജീവിക്കുന്നവന്‍! 

 

സ്വര്‍ഗം അണഞ്ഞ ശഹീദിന്റെ മുന്നീന്ന് സങ്കടപ്പെട്ട് കരയേ നിങ്ങള്‍... 

ബന്ധം മുറിഞ്ഞൊരു വേര്‍പാടിതാണെന്ന് എന്തിന് തെറ്റിദ്ധരിക്കേണം നിങ്ങള്‍....

* * * *

2016 നവംബര്‍ 19 ശനിയാഴ്ച രാവിലെ 5 മണിക്കാണ് മലപ്പുറം  ജില്ലയിലെ തിരൂരങ്ങാടി കൊടിഞ്ഞി ഫാറൂഖ് നഗര്‍ സ്വദേശി പുല്ലാണി ഫൈസല്‍ വര്‍ഗീയവാദികളാല്‍ കൊല്ലപ്പെട്ടത്. ഇസ്‌ലാമിനെ ജീവിതരീതിയായി തെരഞ്ഞെടുത്തതിന്റെ പേരിലായിരുന്നു ഫൈസലിനെ നിഷ്ഠുരമായി അരിഞ്ഞുവീഴ്ത്തിയത്. അടുത്ത ദിവസം ഗള്‍ഫിലേക്ക് തിരിച്ചു പോകാന്‍ ഒരുങ്ങുകയായിരുന്നു ഫൈസല്‍, പക്ഷേ യാത്ര അല്ലാഹുവിങ്കലേക്കായിരുന്നു.

കഴിഞ്ഞ റമദാനില്‍ സുഊദി അറേബ്യയിലെ രിയാദില്‍ വെച്ചാണ് ഫൈസല്‍ ഇസ്‌ലാം സ്വീകരിക്കുന്നത്. ചെറുപ്പത്തിലേ ഇസ്‌ലാമിനോടും മുസ്‌ലിംകളോടും ആഭിമുഖ്യം പുലര്‍ത്തിയിരുന്നു. മുസ്‌ലിംകളുടെ പെരുമാറ്റ മര്യാദകളും ഇതര മതസ്ഥരെ പോലും സഹായിക്കുന്ന മാനസിക വിശാലതയും അനില്‍കുമാറിനെ ആകര്‍ഷിച്ച ഘടകങ്ങളായിരുന്നു. വര്‍ഷങ്ങള്‍ മുമ്പേ ഇസ്‌ലാം സ്വീകരിച്ച അമ്മായി പഠിപ്പിച്ച വിശുദ്ധ ഖുര്‍ആന്‍ സൂക്തങ്ങള്‍ മനഃപാഠമാക്കിയിരുന്നു. സ്ഥിരം മദ്യപാനിയായ അഛന്റെ പെരുമാറ്റത്തില്‍ മനം മടുത്ത് ഒരിക്കലും മദ്യം ഉപയോഗിക്കില്ലെന്ന് പ്രതിജ്ഞയെടുത്തിരുന്നു അദ്ദേഹം. 

ചെറുപ്പം മുതല്‍ അദ്ദേഹം സ്വഭാവശുദ്ധി കാത്തുസൂക്ഷിക്കുകയും തെറ്റുകളില്‍നിന്ന് അകന്നുനില്‍ക്കുകയും ചെയ്തിരുന്നതായി നാട്ടുകാരായ സുഹൃത്തുക്കള്‍ അനുസ്മരിക്കുന്നു. പുഞ്ചിരിക്കുന്ന മുഖവുമായി എല്ലാവരോടും അടുത്ത് ഇടപഴകുകയും എല്ലാവരെയും വിശ്വസിക്കുകയും ചെയ്ത ഫൈസല്‍ ഏതാനും ബന്ധുക്കളില്‍നിന്ന് വധഭീഷണി ഉണ്ടായപ്പോഴും എല്ലാം അല്ലാഹുവിലര്‍പ്പിച്ച് മുന്നോട്ടുപോയി. 

ചില ബന്ധുക്കളില്‍നിന്നും വര്‍ഗീയവാദികളില്‍നിന്നും ഭീഷണിയും പ്രലോഭനങ്ങളുമുണ്ടായെങ്കിലും അവയെല്ലാം മറികടന്ന് ഫൈസലിന്റെ ഭാര്യയും മൂന്ന് മക്കളും കഴിഞ്ഞ മാസം ഇസ്‌ലാം സ്വീകരിച്ചു. സ്വന്തം കുടുംബത്തിന് സന്മാര്‍ഗത്തിന്റെ വെളിച്ചം കാണിക്കാന്‍ കഴിഞ്ഞ ഫൈസല്‍ ഇരട്ട ഭാഗ്യം നേടിയവനാണ്! ഫൈസലിനു പിന്നാലെ ഭാര്യയും മൂന്ന് മക്കളും കൂടി ഇസ്‌ലാം സ്വീകരിച്ചത് ആദര്‍ശപാപ്പരത്തമുള്ള വര്‍ഗീയവാദികളെ പ്രകോപിപ്പിച്ചു. ഫൈസലിനെ ഇല്ലാതാക്കുന്നതോടൊപ്പം കൊടിഞ്ഞിയിലെ സമാധാനാന്തരീക്ഷം തകര്‍ക്കാമെന്നും ആളുകള്‍ ഇസ്‌ലാമിലേക്ക് ആകര്‍ഷിക്കപ്പെടുന്നത് തടയാമെന്നും ആ ഭീരുക്കള്‍ കരുതി.

എന്നാല്‍, ഇതുവരെ മുസ്‌ലിംകളില്‍ സാധാരണക്കാരനായ ഒരാള്‍ മാത്രമായിരുന്ന ഫൈസല്‍ രക്തസാക്ഷ്യത്തോടെ മുഴുവന്‍ മുസ്‌ലിംകളുടെയും  സവിശേഷ സ്‌നേഹഭാജനമായി മാറി. കാരണം, അദ്ദേഹം അല്ലാഹുവിന് പ്രിയപ്പെട്ടവനായി മാറിയല്ലോ. ഫൈസലിനും കുടുംബത്തിനും വേണ്ടി ജനലക്ഷങ്ങള്‍ പ്രാര്‍ഥിച്ചു. കൊടിഞ്ഞിയും പരിസര പ്രദേശങ്ങളും ക ചരിത്രത്തിലെ ഏറ്റവും വലിയ ജനസഞ്ചയമായിരുന്നു ഫൈസലിന്റെ ജനാസയില്‍ പങ്കെടുക്കാനെത്തിയത്. ഒരു നാട് അദ്ദേഹത്തെ ഹൃദയത്തിലേറ്റെടുത്തു.  ഫാഷിസ്റ്റ്  നരാധമന്മാര്‍ സമൂഹത്തില്‍ ഒറ്റപ്പെടുക മാത്രമല്ല, ജീവനെടുത്ത് തോല്‍പിക്കാം എന്ന അവരുടെ മോഹമാണ് തകര്‍ന്നുവീണത്. ഫൈസലിന്റെ കൊലപാതകത്തില്‍ പ്രതിഷേധിച്ച് ആരും ആഹ്വാനം ചെയ്യാതെതന്നെ നന്നമ്പ്ര ഗ്രാമപഞ്ചായത്ത് മുഴുവന്‍ കടകളടച്ച് ഹര്‍ത്താലാചരിച്ചു. കൊടിഞ്ഞി മഹല്ല് കമ്മിറ്റി ഫൈസലിന്റെ  കുടുംബത്തെ ഏറ്റെടുത്തു. കേരളത്തിലെ മുസ്‌ലിം സംഘടനാ നേതൃത്വം ഒന്നടങ്കം ഫൈസലിന്റെ വീട്ടിലെത്തി. ആ കുടുംബത്തെ ഒരു സമൂഹം അക്ഷരാര്‍ഥത്തില്‍ ഏറ്റെടുക്കുകയായിരുന്നു.

ഫൈസലിന്റെ  ദാരുണ മരണത്തിനു ശേഷം കൊടിഞ്ഞിയിലെ ജനങ്ങള്‍ പുലര്‍ത്തിയ സംയമനം ഫാഷിസ്റ്റുകളെ പോലും അത്ഭുതപ്പെടുത്തി. ജനങ്ങള്‍ ഈ കൊലപാതകത്തോട് പ്രതികരിച്ച രീതിയില്‍നിന്ന് പലതും പഠിക്കാനുണ്ട്. കൊല്ലപ്പെട്ടത് മറ്റാരെങ്കിലുമായിരുന്നാലുള്ള അവസ്ഥ ഒന്നാലോചിച്ചുനോക്കുക. കൊലയാളികളുടേതെന്ന് സംശയിക്കപ്പെടുന്ന സമുദായത്തില്‍പെട്ട ആളുകളുടെ വീടുകളും കച്ചവട സ്ഥാപനങ്ങളും തെരഞ്ഞുപിടിച്ച് കൊള്ളയടിക്കുകയും കണ്ണില്‍ കണ്ടവനെ കൊന്ന് പ്രതികാരം ചെയ്യുകയും ചെയ്തിട്ടുണ്ടാവും. മാധ്യമങ്ങളില്‍ മുസ്‌ലിം തീവ്രവാദത്തെ പറ്റിയുള്ള ചര്‍ച്ചകള്‍ പൊടിപൊടിക്കും. മലപ്പുറത്ത് സൈന്യത്തെ ഇറക്കണമെന്ന് പെരുമ്പറ മുഴങ്ങും. എന്നാല്‍ ഇത്തരത്തിലൊരു ക്രൂരകൃത്യം നടന്നിട്ടും യാതൊരു ബുദ്ധിമുട്ടും ആര്‍ക്കുമുണ്ടായില്ല എന്നത് കൊടിഞ്ഞിയുടെ പ്രത്യേകതയാണെന്ന് നൂറുകണക്കിന് യുവാക്കളെ അഭിസംബോധന ചെയ്ത് തിരൂരങ്ങാടി പോലീസ് ഇന്‍സ്‌പെക്ടര്‍ പറഞ്ഞു. കൊടിഞ്ഞിയിലെയും പരിസരത്തെയും യുവജന കൂട്ടായ്മകളും മത സംഘടനകളുമൊക്കെ പ്രദേശത്തിന്റെ സൗഹൃദാന്തരീക്ഷം കാത്തുസൂക്ഷിക്കാന്‍ അവസരോചിതമായ ഇടപെടലുകള്‍ തന്നെ നടത്തുകയുായി. കൊടിഞ്ഞിയിലെയും മലപ്പുറം ജില്ലയിലെയും ശാന്തിയും സമാധാനവും ഇല്ലാതാക്കാനുള്ള  സംഘ്പരിവാര്‍ ശ്രമങ്ങള്‍ക്കെതിരെ സൗഹൃദ കൂട്ടായ്മക്കും മറ്റുമായി ക്ലബുകളും സംഘടനകളും രംഗത്തിറങ്ങിയത് നാടിന്റെ നന്മ വിളിച്ചോതുന്നു. ഫാഷിസ്റ്റുകളെ ഏറെ വിറളിപിടിപ്പിക്കുന്നതും ഇതുതന്നെയാണല്ലോ.

മകനെ കൊല്ലുമെന്ന് ബി.ജെ.പി-ആര്‍.എസ്.എസ് പ്രവര്‍ത്തകര്‍ ഭീഷണിപ്പെടുത്തിയിരുന്നതായി ഫൈസലിന്റെ മാതാവ് മിനി പറയുന്നു. ഫൈസലിന്റെ തലയറുക്കുമെന്ന് അവരുടെ ഒരടുത്ത ബന്ധു എപ്പോഴും പറയാറുണ്ടത്രെ. സ്വന്തം ഇഷ്ടപ്രകാരം മതം മാറി ആര്‍ക്കും ഒരു പ്രയാസവുമുണ്ടാക്കാതെ ജീവിച്ചവനായിരുന്നു തന്റെ മകനെന്നും മതം മാറട്ടേയെന്ന് ഉണ്ണി (ഫൈസല്‍) തന്നോട് ചോദിച്ചിരുന്നുവെന്നും മാതാവ് പറയുന്നു.

ഇസ്‌ലാം സ്വീകരിച്ച ശേഷം കുടുംബ ബന്ധങ്ങളൊന്നും ഫൈസല്‍ വിഛേദിച്ചിരുന്നില്ല.  ഊഷ്മളമായിത്തന്നെ അത് തുടര്‍ന്നു. ഫൈസലിന്റെ പ്രേരണയില്‍ ഭാര്യയും മക്കളും മുസ്‌ലിംകളാകുമെന്ന് ചിലര്‍ ഭയപ്പെട്ടിരുന്നു. പിന്തിരിപ്പിക്കാന്‍ ഇക്കൂട്ടര്‍ പലതവണ ശ്രമിച്ചെങ്കിലും ശരിയാണെന്ന് തോന്നുന്ന മാര്‍ഗം പിന്തുടരുമെന്നായിരുന്നു ഭാര്യ ജസ്‌നയുടെ മറുപടി. ആരെയും ബുദ്ധിമുട്ടിക്കരുതെന്ന് കരുതി അവര്‍ വാടക ക്വാര്‍ട്ടേഴ്‌സിലേക്ക് മാറുകയായിരുന്നു.

മരണപ്പെട്ടാല്‍ ആളുകളെ ദഹിപ്പിക്കുന്നത് പേടിയായിരുന്ന ഫൈസല്‍ ഇസ്‌ലാം സ്വീകരിച്ചതിനു ശേഷം അമ്മയോട് പറഞ്ഞു; 'ഇനി എനിക്ക് കൊടിഞ്ഞി പള്ളിയില്‍ കിടക്കാം.' കൊടിഞ്ഞി ജുമുഅത്ത് പള്ളി കണ്ടതില്‍ വെച്ചേറ്റവും വലിയ ജനക്കൂട്ടമായിരുന്നു മയ്യിത്ത് നമസ്‌കാരത്തിനായി എത്തിയത്. പള്ളിപ്പറമ്പിന് ഉള്‍ക്കൊള്ളാനാവാതെ കവിഞ്ഞൊഴുകി ആ ജനക്കൂട്ടം. 

 

 


Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-25 / അല്‍ ഫുര്‍ഖാന്‍ /(33-37)
എ.വൈ.ആര്‍