ഏകസിവില്‍ കോഡ് അടിച്ചേല്‍പ്പിക്കുന്നതിനെതിരെ മുസ്‌ലിം പേഴ്‌സനല്‍ ലോ ബോര്‍ഡ്
കൊല്‍ക്കത്ത: രാജ്യത്ത് ഏകസിവില്‍ കോഡ് കൊണ്ടുവരാനുള്ള കേന്ദ്രസര്‍ക്കാര്‍ നീക്കത്തെ പ്രതിരോധിക്കുമെന്ന് 2016 നവംബര്‍ 18,19,20 തീയതികളില്‍ കൊല്‍ക്കത്തയില്‍ നടന്ന മുസ്‌ലിം പേഴ്‌സനല്‍ ലോ ബോര്‍ഡിന്റെ 25-ാം വാര്‍ഷിക സമ്മേളനം പ്രഖ്യാപിച്ചു. ഏക സിവില്‍ കോഡ്, മുത്ത്വലാഖ് തുടങ്ങിയ വിഷയങ്ങള്‍ ഉയര്‍ത്തിക്കൊുവന്ന് ഉത്തര്‍പ്രദേശ് തെരഞ്ഞെടുപ്പിന് മുന്നോടിയായി സാമുദായിക ധ്രുവീകരണമുണ്ടാക്കാനുള്ള ശ്രമങ്ങളാണ് നടക്കുന്നതെന്ന് ബോര്‍ഡ് മെമ്പര്‍ കമാല്‍ ഫാറൂഖി പറഞ്ഞു. കേന്ദ്ര സര്‍ക്കാറുമായി ഈ വിഷയത്തില്‍ ചര്‍ച്ച നടത്താന്‍ ബോര്‍ഡ് സന്നദ്ധമായിരുന്നെങ്കിലും മറുഭാഗം അനുകൂലമായി പ്രതികരിച്ചില്ലെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മുസ്‌ലിം സ്ത്രീ അടിച്ചമര്‍ത്തപ്പെടുകയാണെന്ന് പ്രചരിപ്പിക്കാനുള്ള ശ്രമമാണ് സര്‍ക്കാറിന്റേതെന്ന് ബോര്‍ഡിലെ വനിതാ അംഗം അസ്മാ സഹ്‌റ പറഞ്ഞു. നിരപരാധികളായ മുസ്‌ലിം യുവാക്കള്‍ നിരന്തരം വേട്ടയാടപ്പെടുന്നതും കണ്‍വെന്‍ഷനില്‍ ചര്‍ച്ചയായി. ദേശവിരുദ്ധ പ്രവര്‍ത്തനത്തിലേര്‍പ്പെട്ടു എന്ന് പറഞ്ഞ് കേന്ദ്രത്തിലെ ബി.ജെ.പി സര്‍ക്കാര്‍ മുസ്‌ലിം യുവാക്കള്‍ക്കെതിരെ കേസെടുക്കുകയും പീഡിപ്പിക്കുകയും ചെയ്യുന്നതായി വ്യക്തിനിയമബോര്‍ഡ് പ്രസിഡന്റ് മൗലാനാ റാബിഅ് ഹസനി നദ്‌വി ഉദ്ഘാടന പ്രസംഗത്തില്‍ പറഞ്ഞു. കേന്ദ്ര സര്‍ക്കാറിന്റെ ഏക സിവില്‍ കോഡ് നീക്കത്തെ ചോദ്യം ചെയ്ത് മുസ്‌ലിംകള്‍ സുപ്രീംകോടതിയില്‍ നടത്തുന്ന നിയമയുദ്ധത്തില്‍ അണിചേരാന്‍ പട്ടിക ജാതി-വര്‍ഗ വിഭാഗങ്ങള്‍, ലിംഗായത്തുകള്‍, ബുദ്ധിസ്റ്റുകള്‍, മറ്റു പിന്നാക്ക സമുദായ സംഘടനകള്‍ എന്നിവര്‍ മുന്നോട്ടു വന്നിട്ടുണ്ടെന്ന് ബോര്‍ഡ് ജനറല്‍ സെക്രട്ടറി മുഹമ്മദ് വലി റഹ്മാനി അവതരിപ്പിച്ച റിപ്പോര്‍ട്ടില്‍ വ്യക്തമാക്കി.
വനിതാ വിംഗ് രൂപവത്കരിക്കും
മുസ്‌ലിം സ്ത്രീകളെ സംബന്ധിച്ച വിഷയങ്ങള്‍ പരിശോധിക്കുന്നതിന് മുസ്‌ലിം വ്യക്തി നിയമ ബോര്‍ഡ് വനിതാവിംഗ് രൂപവത്കരിക്കാന്‍ വാര്‍ഷിക സമ്മേളനത്തില്‍ തീരുമാനിച്ചതായി സെക്രട്ടറി സഫര്‍യാബ് ജീലാനി അറിയിച്ചു. ത്വലാഖിന് പുറമെ കുടുംബപ്രശ്‌നങ്ങള്‍, വിദ്യാഭ്യാസം തുടങ്ങിയ വിഷയങ്ങളും വനിതാവിഭാഗം കൈകാര്യം ചെയ്യും. മുസ്‌ലിം സ്ത്രീകള്‍ക്ക് സഹായം നല്‍കുന്നതിന് ഉര്‍ദുവിലും ഇംഗ്ലീഷിലും എട്ട് പ്രാദേശിക ഭാഷകളിലും ടോള്‍ ഫ്രീ നമ്പറുകള്‍ സജ്ജമാക്കാനും തീരുമാനിച്ചിട്ടുണ്ട്.
Comments