Prabodhanm Weekly

Pages

Search

2016 ഡിസംബര്‍ 02

2978

1438 റബീഉല്‍ അവ്വല്‍ 02

ഇബ്‌റാഹീം കുട്ടി മാസ്റ്റര്‍

അന്‍ഷിദ് ഊട്ടേരി

കൊയിലാണ്ടിക്കടുത്ത ഊരാളൂര്‍ ഊട്ടേരി മഹല്ലിലെ പ്രസ്ഥാന പ്രവര്‍ത്തകനായ ഇബ്‌റാഹീം കുട്ടി മാഷ് ജീവിതംകൊണ്ട് സമൂഹത്തെ സേവിക്കേണ്ടതെങ്ങനെയെന്ന് കാണിച്ചുതന്ന, പേരും പ്രശസ്തിയും തേടിപ്പോവാത്ത ഒരു വലിയ മാതൃകയായിരുന്നു. 

'മാഷ്' എന്ന് മാത്രമാണ് നാട്ടുകാര്‍ അദ്ദേഹത്തെ വിളിച്ചിരുന്നത്. പതിനെട്ടാം വയസ്സില്‍ തൊട്ടടുത്ത പ്രദേശമായ കാവുംവടം മുസ്‌ലിം യു.പി സ്‌കൂളില്‍ അധ്യാപകനായി ചേര്‍ന്ന മാഷിന് വിശാലമായ ശിഷ്യസമ്പത്തുണ്ട്. ഈ കുറിപ്പുകാരന്റെ ഒാര്‍മകളിലേക്ക് മാഷ് വരുന്നത് മദ്‌റസയിലെ ഖുര്‍ആന്‍ അധ്യാപകനായിട്ടാണ്. മാഷിന്റെ ഖുര്‍ആന്‍ പാരായണശൈലി വ്യത്യസ്തമായിരുന്നു. ആ പ്രായത്തില്‍ തന്നെ പ്രസ്ഥാനത്തെ ഞങ്ങളുടെ ഇളം മനസ്സിലേക്ക് മാഷ് ഇട്ടുതന്നിരുന്നു. എസ്.ഐ.ഒ രൂപീകരിക്കാനുണ്ടായ സാഹചര്യവും നാട്ടില്‍ അതിന്റെ ഘടകം രൂപീകരിക്കാന്‍ കഠിനശ്രമം നടത്തിയതും മറ്റും മാഷ് വിവരിക്കുമ്പോള്‍ യുവത്വത്തിലേക്ക് അദ്ദേഹം തിരിച്ചുപോകുന്നതായി തോന്നും. 

ഊട്ടേരിയില്‍ ജമാഅത്തെ ഇസ്‌ലാമിയുടെ സാന്നിധ്യം ഉറപ്പിക്കാന്‍ പരിശ്രമിച്ചവരില്‍ പ്രധാനിയാണ് ഇബ്‌റാഹീം കുട്ടി മാഷ്. സംഘാടന മികവും അര്‍പ്പണവുമാണ് മാഷിനെ വ്യത്യസ്തനാക്കിയത്. മാഷ് പ്രഭാഷണങ്ങള്‍ നടത്തുന്നത് അപൂര്‍വമായേ കണ്ടിട്ടുള്ളൂ. തിരശ്ശീലക്കു പിന്നിലെ അക്ഷീണ പ്രവര്‍ത്തനങ്ങളിലൂടെ മാഷ് ആഗ്രഹിച്ചത് വിജയമായിരുന്നു, ഖ്യാതിയായിരുന്നില്ല. 

മാഷിനു ചുറ്റും ഒരുപറ്റം യുവാക്കള്‍ എപ്പോഴുമുണ്ടാകും. കാലം മാറുന്നതിനനുസരിച്ച് അവരുടെ തലമുറകള്‍ മാറിക്കൊണ്ടിരിക്കും. ആ ചേര്‍ത്തുനിര്‍ത്തല്‍ മാഷിന് മാത്രം കഴിയുന്ന ഒന്നാണെന്ന് പറയാതെ വയ്യ. വാഹനമോടിക്കാന്‍ പരിശീലിപ്പിക്കുക, ലൈസന്‍സ് എടുത്തുകൊടുക്കുക, വീട്ടിലും പുറത്തും സല്‍ക്കാരങ്ങള്‍ ഒരുക്കുക, യാത്രകളില്‍ കൂടെക്കൂട്ടുക, സാമ്പത്തികമായി സഹായിക്കുക, വിദ്യാലയങ്ങള്‍ സന്ദര്‍ശിക്കുക, ഉന്നത നിലവാരമുള്ള ഇസ്‌ലാമിക കലാലയങ്ങളില്‍ കുട്ടികളെ ചേര്‍ത്തു പഠിപ്പിക്കുക-ഇതിനെല്ലാം പുറമെ കലാപരമായി കഴിവുള്ളവര്‍ക്ക് അവസരങ്ങളൊരുക്കിക്കൊടുക്കാനും ഇബ്‌റാഹീം കുട്ടി മാഷ് ശ്രദ്ധിച്ചിരുന്നു. 

തനിക്കു ചുറ്റുമുള്ളവരുടെ കഷ്ടപ്പാടുകള്‍ തന്റേതുകൂടിയാണെന്ന് മനസ്സിലാക്കിയ മാഷ് സ്വന്തം വീട് വിറ്റു  കിട്ടിയ പണത്തിന്റെ ഗണ്യമായ ഒരു വിഹിതം മറ്റൊരാളുടെ വീടു നിര്‍മാണത്തിന് നല്‍കിയതും തന്റെ ഭവനത്തിനു വേണ്ടി പണിതുവെച്ച വസ്തുക്കള്‍ ചോദിച്ചുവന്നയാള്‍ക്ക് ഉടനടി എടുത്തുകൊടുത്തതും മറ്റും ആ ഹൃദയവിശാലതയില്‍  ചിലത് മാത്രം. സ്‌കൂളില്‍നിന്ന് റിട്ടയര്‍ ചെയ്തതിനു ശേഷം എല്ലാ മാസവും കിട്ടുന്ന പെന്‍ഷന്‍ പണം രണ്ടു ദിവസം കൊണ്ട് പല വിഹിതമാക്കി ആവശ്യക്കാര്‍ക്ക് വിതരണം ചെയ്യുമായിരുന്നു. നാട്ടിലെ മിക്ക വീടുകളിലും ആ മനുഷ്യന്റെ സഹായസ്പര്‍ശം ഒഴിച്ചുകൂടാത്തതായി മാറിയതില്‍ അത്ഭുതപ്പെടാനില്ല. അവിടെ മത-സംഘടനാ ഭേദമുണ്ടായിരുന്നില്ല. 

ജമാഅത്ത് അംഗമായിരുന്ന മാഷില്‍നിന്ന് ഇസ്‌ലാമിക ചരിത്രവും വിശദീകരണങ്ങളും കുറച്ചൊന്നുമല്ല തലമുറകള്‍ക്ക് ലഭിച്ചത്. മാഷ് സംസാരപ്രിയനായിരുന്നു. അതുകൊണ്ടുതന്നെ, മാഷിനൊപ്പമുള്ള യാത്രകള്‍ നാട്ടിലെ ചെറുപ്പക്കാര്‍ക്ക് പ്രിയങ്കരമായിരുന്നു. യാത്രയിലുടനീളം ഒരു സുഹൃത്തിനോടെന്ന പോലെ സംസാരിക്കും. എന്തും പറയാം, ചര്‍ച്ച ചെയ്യാം, പരിഹാരം തേടാം. കൗമാരക്കാരുടെ പ്രശ്‌നങ്ങള്‍ക്കും മാനസിക പ്രയാസങ്ങള്‍ക്കുമുള്ള മരുന്ന് മാഷിന്റെ വാക്കുകളായിരുന്നു. മാഷിനോട് ഇടപഴകുന്ന ഓരോരുത്തര്‍ക്കും അദ്ദേഹത്തിന് ഏറ്റവും പ്രിയപ്പെട്ടവന്‍ താനാണെന്ന് തോന്നിപ്പോകും. തനിക്ക് ചുറ്റുമുള്ള ചെറുപ്പക്കാരെ വിദ്യാഭ്യാസം നല്‍കി നാട്ടിനും പ്രസ്ഥാനത്തിനും പ്രയോജനപ്പെടുന്നവരായി മാറ്റിയെടുക്കാന്‍ മാഷ് പ്രത്യേകം ശ്രദ്ധിച്ചു. 

ഊട്ടേരി ജുമാ മസ്ജിദിനും മഹല്ലിനും അടിത്തറ പാകിയവരില്‍ പ്രധാനിയും ജമാഅത്തെ ഇസ്‌ലാമി എന്ന പ്രസ്ഥാനത്തെ നാടിനു പരിചയപ്പെടുത്തിയ വ്യക്തിത്വവുമായിരുന്ന മര്‍ഹൂം ഇ.കെ അഹ്മദ് കുട്ടി ഹാജിയാണ് പിതാവ്. ഭാര്യ ആഇശ ടീച്ചര്‍ പ്രസ്ഥാനരംഗത്ത് സജീവസാന്നിധ്യമാണ്. മക്കള്‍ ഖദീജ, മുഹമ്മദലി, ഹാമിദലി എന്നിവരും ആ പാരമ്പര്യം പിന്തുടര്‍ന്നവരാണ്. 

69-ാമത്തെ വയസ്സിലും പ്രായവും രോഗവും തളര്‍ത്താത്ത മനസ്സും ശരീരവും കൊണ്ട് കര്‍മോത്സുകനായി മാഷ് നിറഞ്ഞുനിന്നു, 'പ്രസ്ഥാനം തേടുന്ന പ്രവര്‍ത്തകനാ'യി. അല്ലാഹു അദ്ദേഹത്തെയും നമ്മെയും സ്വര്‍ഗത്തില്‍ ഒരുമിച്ചു ചേര്‍ക്കുമാറാകട്ടെ!

 

മൊയ്തീന്‍ കോയ ഹാജി 

 

കുട്ട്യാലിക്കണ്ടി മൊയ്തീന്‍ കോയ ഹാജി സ്വാര്‍ഥതയും കാപട്യവുമില്ലാത്ത കറകളഞ്ഞ വ്യക്തിത്വത്തിന് ഉടമയായിരുന്നു. കോഴിക്കോട് കണ്ണംകടവിലെ ഖാദര്‍ ഹാജിയും അബ്ദുല്ലക്കോയയും മൂസക്കോയയും അബൂബക്കറും കാട്ടില്‍പീടികയിലെ ബദ്ര്‍ മസ്ജിദിലും പരിസരങ്ങളിലും കാഴ്ചവെച്ച പ്രവര്‍ത്തനങ്ങള്‍ തലമുറകള്‍ക്ക് മാതൃകയായിരുന്നു. മൊയ്തീന്‍ കോയ ഹാജിയുടെ ഹൃദയനൈര്‍മല്യം ഒരു സിദ്ധിവിശേഷം തന്നെയായിരുന്നു. പാരമ്പര്യപ്രതീകങ്ങളെ മനസ്സിലുണര്‍ത്തി, അഭിമാനബോധത്തില്‍ ആവേശം കൊള്ളിച്ച് പുതുതലമുറയെ കര്‍ത്തവ്യനിരതരാക്കുകയും അങ്ങനെ മസ്ജിദിനെയും വിദ്യാഭ്യാസസ്ഥാപനത്തെയും സജീവമാക്കുകയും ചെയ്തു അദ്ദേഹം. വായനാശീലമുള്ള മൊയ്തീന്‍ കോയ ഹാജി എല്ലാ പത്രങ്ങളും വായിക്കുകയും ഓരോ പത്രത്തിന്റെയും സവിശേഷത വിലയിരുത്തുകയും ചെയ്യുമായിരുന്നു. 

കെ.പി കുഞ്ഞിമൂസ, കോഴിക്കോട് 

 

 

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-25 / അല്‍ ഫുര്‍ഖാന്‍ /(33-37)
എ.വൈ.ആര്‍