Prabodhanm Weekly

Pages

Search

2016 ഡിസംബര്‍ 02

2978

1438 റബീഉല്‍ അവ്വല്‍ 02

അന്ദലൂസ്: തുടച്ചുനീക്കപ്പെട്ടവര്‍ തിരിച്ചുവരുന്നതും കാത്ത്

ആര്‍. യൂസുഫ്

മുസ്‌ലിം സാംസ്‌കാരിക സംഭാവനകളെക്കുറിച്ച ക്ലാസ് മുറികളിലെ സംവാദം എന്നും മനസ്സില്‍ അണയാതെ നിലനിര്‍ത്തിയ ഒരാഗ്രഹമായിരുന്നു, അന്ദലൂസും യൂറോ വൈജ്ഞാനിക പുരോഗതിയുടെ പ്രഭവകേന്ദ്രങ്ങളായി അറിയപ്പെടുന്ന സാംസ്‌കാരിക കേന്ദ്രങ്ങളും സന്ദര്‍ശിക്കുക എന്നത്. യേശുവിന്റെ ജനനത്തിന്റെ 27 വര്‍ഷം മുമ്പ് സമാരംഭം കുറിച്ചതും ക്രി. 476-ല്‍ തിരോഭവിച്ചതുമായ ക്ലാസിക്കല്‍ റോമന്‍ സാമ്രാജ്യത്തോട് യൂറോപ്പിന്റെ പൂര്‍വചരിത്രത്തെ കൂട്ടി ഘടിപ്പിക്കാന്‍ നടത്തുന്ന ശ്രമങ്ങളോട് വിസമ്മതം രേഖപ്പെടുത്തുന്ന പഠനങ്ങള്‍ പടിഞ്ഞാറന്‍ ചരിത്രകാരന്മാരില്‍തന്നെ സ്വീകാര്യത നേടുന്നു്. അഥവാ ക്ലാസിക്കല്‍ റോമന്‍ നാഗരികതയുടെ വേരുകള്‍ ഗ്രീക്ക് ഹെല്ലനിസ്റ്റിക് പാരമ്പര്യത്തില്‍ മാത്രമല്ല, മെഡിറ്ററേനിയന്‍ സംസ്‌കൃതിയുടെ ഭാഗമായ നൈല്‍ നദീ തീര സംസ്‌കാരത്തില്‍ കൂടി അന്വേഷിക്കണമെന്നും യൂറോപ്പിന്റെ വൈജ്ഞാനിക പുരോഗതിയുടെ സ്രോതസ്സ് അന്ദലൂസിലും പരതണമെന്നുമുള്ള പഠനങ്ങള്‍ ശ്രദ്ധേയമായിക്കൊണ്ടിരിക്കുന്നു. ഇത്തരമൊരു  പശ്ചാത്തലത്തില്‍ സ്‌പെയിനും യൂറോപ്പും അനുഭവിച്ചറിയുക എന്നത് ചരിത്രവിദ്യാര്‍ഥി എന്ന നിലയില്‍ എക്കാലത്തെയും ആഗ്രഹമായിരുന്നു. ഏതാനും മാസങ്ങള്‍ക്കു മുമ്പ് റോമില്‍ നടന്ന ഒരു അക്കാദമിക് സെമിനാറില്‍ പ്രബന്ധമവതരിപ്പിക്കാന്‍ ലഭിച്ച അവസരം യൂറോപ്പിന്റെ സാംസ്‌കാരിക തലസ്ഥാനങ്ങളില്‍ ചിലത് സന്ദര്‍ശിക്കാന്‍ ഉപയോഗപ്പെടുത്തിയത് ഈ ചരിത്ര കൗതുകം കാരണമാണ്. റോമായിരുന്നു ലക്ഷ്യമെങ്കിലും യാത്രയുടെ ആരംഭം സ്‌പെയിനില്‍നിന്നായിരുന്നു.

അറബ്-മുസ്‌ലിം നാഗരികതയുടെ സര്‍വ നേട്ടങ്ങളും പകര്‍ന്നുകൊടുത്ത് യൂറോപ്പിനെ പ്രതാപത്തിലേക്ക് നയിച്ചത് അന്ദലൂസാണെന്ന വസ്തുത ഇടക്കിടെ ഓര്‍മകളില്‍ തെളിഞ്ഞുവരുമ്പോള്‍, അന്ദലൂസിയന്‍ സാംസ്‌കാരിക ശേഷിപ്പുകളുമായി  സംവദിക്കുന്നതിനു മുമ്പുള്ള യൂറോപ്പിന്റെ ഇരുണ്ട ചിത്രം ഭാവനയില്‍ തെളിഞ്ഞുവരും. ഭക്ഷണത്തിനു മുമ്പും ശേഷവും കൈ കഴുകുന്ന അറബ് സമൂഹത്തെ കണ്ട് ആശ്ചര്യംകൊണ്ട് പകച്ചുപോയ വെള്ള നാട്ടു രാജാക്കന്മാര്‍, വന്യമൃഗങ്ങളോട് മല്‍പിടിത്തം നടത്തി ദാരുണാന്ത്യം വരിക്കാന്‍ റോമന്‍ കൊളോസിയത്തിന്റെ നടുക്കളത്തിലേക്ക് വലിച്ചെറിയപ്പെട്ട അടിമകള്‍, വന്യമൃഗങ്ങളുടെ പല്ലിനും നഖത്തിനുമിടയില്‍ അടിമകള്‍ പറിച്ച് ചീന്തപ്പെടുന്നതു കണ്ട് ആര്‍ത്തട്ടഹസിച്ച് ആഹ്ലാദനൃത്തം ചവിട്ടിയ റോമന്‍ പ്രഭുക്കന്മാര്‍, സൗരയൂഥത്തിന്റെ കേന്ദ്രം ഭൂമിയല്ല, സൂര്യനാണെന്ന് വാദിച്ചതിനാല്‍ മതവിചാരണാ കോടതിയില്‍ കുറ്റവിചാരണ ചെയ്യപ്പെട്ട ഗലീലിയോ- ഇപ്രകാരം ചിലപ്പോള്‍ വേദനയും മറ്റു ചിലപ്പോള്‍ കടുത്ത അമര്‍ഷവും വേറെ ചിലപ്പോള്‍ അതീവ ആശ്ചര്യവും പ്രസരിപ്പിക്കുന്ന ഭിന്നമായ ചിത്രങ്ങളാണ് മനസ്സില്‍ മിന്നിമറയുക.

ഈ ചിത്രങ്ങളെല്ലാം പെട്ടെന്ന് ഓടിമറഞ്ഞ് കടുത്ത ദുഃഖം മാത്രം മനസ്സില്‍ തളംകെട്ടി നില്‍ക്കുന്ന ചില സന്ദര്‍ഭങ്ങളുമുണ്ട്. പില്‍ക്കാല ചരിത്രം നേര്‍വിപരീത ദിശയില്‍ സഞ്ചരിക്കുന്നത് വിവരിക്കുമ്പോള്‍ അങ്ങനെയല്ലാത്ത ഒരു മനോനിലയില്‍ നമുക്ക് എത്താനാവില്ല.

അന്ദലൂസിലൂടെ കൈമാറ്റം ചെയ്യപ്പെട്ട സാംസ്‌കാരിക ശേഷിപ്പുകള്‍ മാറോടു ചേര്‍ത്തുപിടിച്ചതു കാരണം പടിഞ്ഞാറിന്റെ വൈജ്ഞാനിക-സാംസ്‌കാരിക ചക്രവാളം വികസിച്ച നേരത്ത്, മധ്യകാല യൂറോ യുഗത്തിന്റെ ഇരുണ്ട ഇടനാഴികളിലേക്ക് മുസ്‌ലിംകള്‍ തിരിച്ചുനടക്കുകയാണ് ചെയ്തത്. സര്‍വത്ര കൂരിരുട്ട് മുസ്‌ലിം ലോകത്ത് വ്യാപിച്ചു എന്നത് ഇതിന്റെ അനന്തരഫലം. മുസ്‌ലിംലോകത്തിന്റെ ദാരുണമായ ഈ അവസ്ഥയെ അധിനിവിഷ്ട ഈജിപ്തിലെ ചരിത്രകാരനായ അല്‍ ജബാര്‍തീല്‍ രേഖപ്പെടുത്തിയത് ഇപ്രകാരമായിരുന്നു: ''ഫ്രഞ്ചുകാര്‍ ഈജിപ്തില്‍ സ്ഥാപിച്ച വിദ്യാലയങ്ങളും അച്ചടി യന്ത്രങ്ങളും ഒരത്ഭുത പ്രദര്‍ശനം കാണുന്ന രീതിയില്‍ മാത്രം നോക്കിക്കണ്ടു ഈജിപ്തുകാര്‍. കാരണം നമ്മെ പോലെ ചിന്തിക്കുന്നവര്‍ക്ക് ഒരിക്കലും ഉള്‍ക്കൊള്ളാനാവാത്ത കാര്യങ്ങളായിരുന്നു അവയെല്ലാം'' (അവലംബം: ഡ്യൂണ്‍. ജെ, ഏന്‍ ഇന്‍ട്രഡക്ഷന്‍ റ്റു ദ ഹിസ്റ്ററി ഓഫ് ദ എജുക്കേഷന്‍ ഇന്‍ മോഡേണ്‍ ഈജിപ്ത്, ലണ്ടന്‍: ല്യൂസക് & കമ്പനി, 1939, പേജ് 97). നെപ്പോളിയന്റെ ജീവചരിത്രകാരനായ ബൗറീനെ, ഫ്രഞ്ചുകാര്‍ സ്ഥാപിച്ച ഈജിപ്തിലെ ലബോറട്ടറികളിലൊന്ന് സന്ദര്‍ശിച്ച അക്കാലത്തെ ഈജിപ്ഷ്യന്‍ മുഫ്തി ശൈഖ് അല്‍ബക്‌രിയെയും അനുചരന്മാരെയും കുറിച്ച ഒരു വിവരണം നല്‍കുന്നുണ്ട്. അതിപ്രകാരമാണ്: ''അവിടെ നടക്കുന്ന ശാസ്ത്രീയ പരീക്ഷണങ്ങള്‍ അവരില്‍ യാതൊരു ഭാവഭേദവും സൃഷ്ടിച്ചില്ല. അതുല്യ പ്രതിഭാശാലികളായ ശാസ്ത്രജ്ഞരുടെ പരീക്ഷണങ്ങളെല്ലാം വളരെ തണുത്തതും നിഷ്‌ക്രിയവുമായ പ്രതികരണം മാത്രമാണ് അവരില്‍ ഉളവാക്കിയത്. പരീക്ഷണങ്ങള്‍ നിര്‍ത്തിയ ഒരു ശാസ്ത്രജ്ഞനോട് ശൈഖ് ചോദിച്ചു: ഇതൊക്കെ ചെയ്യുന്ന താങ്കള്‍ക്ക് എന്നെ ഒരേസമയം മൊറോക്കോയിലും കയ്‌റോയിലും പ്രത്യക്ഷപ്പെടുത്താനാവുമോ? നിഷേധാര്‍ഥത്തില്‍ ശാസ്ത്രജ്ഞന്‍ തലകുലുക്കിയപ്പോള്‍ 'ഓ എങ്കില്‍ താങ്കള്‍ ഒരു അര്‍ധ മാരണക്കാരന്‍ കൂടിയല്ലല്ലോ' എന്നതായിരുന്നു ശൈഖിന്റെ പ്രതികരണം'' ( ദ മെമ്മറീസ് ഓഫ് നെപ്പോളിയന്‍ ബോണപാര്‍ട്ട്, 1832, പേജ് 132). ശാസ്ത്രവും മാരണവും തിരിച്ചറിയാനാവാത്ത വിധം അജ്ഞത ബാധിച്ചവരെക്കുറിച്ച അധിനിവേശ മനസ്സിന്റെ പരിഹാസം ഈ വിവരണത്തില്‍ കാണാമെങ്കിലും അപ്രകാരം പരിഹസിക്കപ്പെടാന്‍ മാത്രം വൈജ്ഞാനിക മുരടിപ്പ് മുസ്‌ലിം ലോകത്തെ ബാധിച്ചിരുന്നു എന്ന കയ്‌പേറിയ സത്യം നമുക്ക് അവഗണിക്കാനാവില്ല. ഇസ്‌ലാം ഉജ്ജ്വലമായി പ്രസരിപ്പിച്ച ജ്ഞാനസംസ്‌കൃതിയും സഹവര്‍ത്തിത്വ സംസ്‌കാരവുമെല്ലാം തിരോഭവിക്കുകയും വന്യമായ മറ്റേതോ സംസ്‌കൃതി സംഹാരതാണ്ഡവമാടുകയും ചെയ്യുന്ന ഈ ദുരന്ത കാഴ്ച തന്നെയാണ് സമകാലിക മുസ്‌ലിം ലോകത്തിന്റെയും പൊതുസ്വഭാവം.

എന്നാല്‍ ദയനീമായ ഇത്തരം എണ്ണിയാലൊടുങ്ങാത്ത വര്‍ത്തമാനാനുഭവങ്ങളില്‍നിന്ന് എത്രയോ വിദൂരമായിരുന്നു ഇസ്‌ലാമിക സംസ്‌കൃതിയില്‍നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട് മുസ്‌ലിംകള്‍ യൂറോപ്പിന്റെ മണ്ണില്‍ വിരിയിച്ച അന്ദലൂസ്. ജര്‍മാനിക് ഗോത്ര വിഭാഗങ്ങള്‍, ക്ലാസിക്കല്‍ റോമന്‍ സാമ്രാജ്യത്തിന്റെ അന്ത്യത്തെ തുടര്‍ന്ന് പശ്ചിമ യൂറോപ്യന്‍ രാജ്യങ്ങളില്‍ അധികാര മത്സരത്തിലേര്‍പ്പെടുകയും പരസ്പരം അങ്കം കുറിക്കുകയും ചെയ്ത ഒരു കാലത്താണ് മരുഭൂമി പോലെ വരണ്ടതും തകര്‍ന്ന ചില കെട്ടിടങ്ങള്‍ മാത്രം അവശേഷിക്കുന്നതുമായ ഒരു നാട്ടില്‍ മുസ്‌ലിംകള്‍ അക്കാലത്തെ ശ്രദ്ധേയമായ നഗരങ്ങള്‍ ഒന്നൊന്നായി കെട്ടിപ്പടുത്തത്. അക്കാലത്ത് ഫ്രഞ്ചുകാരുടെ നാട്ടില്‍ എത്തിപ്പെട്ട ഒരു സഞ്ചാരിയുടെ കഥയുണ്ട് ചരിത്രഗ്രന്ഥങ്ങളില്‍. പന്ത്രണ്ടാം നൂറ്റാണ്ടില്‍ വിജ്ഞാനം തേടി പാരീസിലെത്തിയതായിരുന്നു ഡാനിയല്‍ ഓഫ് മോര്‍ലി എന്ന ഇംഗ്ലീഷ് തത്ത്വചിന്തകന്‍. അദ്ദേഹം തന്റെ ഓര്‍മക്കുറിപ്പുകളില്‍ കുറിച്ചിട്ടത് ഇപ്രകാരമാണ്: ''ജ്ഞാനം തേടി പാരീസിലെത്തിയ എനിക്ക് കാണാന്‍ സാധിച്ചത് ജ്ഞാനപീഠങ്ങളില്‍ കയറിയിരിക്കുന്ന മന്ദബുദ്ധികളായ കഴുതകളെയാണ്; മനുഷ്യരെയല്ല. നീക്കി മാറ്റാനാവാത്ത ബൃഹദ് ഗ്രന്ഥങ്ങളുടെ ഭാരം കാരണം ആടിക്കളിക്കുന്ന ഡസ്‌കുകള്‍ക്കപ്പുറം ഇരുന്ന് ആധികാരിക അറിവ് കൈവശം ഉണ്ടെന്ന് നടിക്കുന്ന, എന്നാല്‍ പലപ്പോഴും മൗനം പാലിക്കുന്ന അവരുടെ അവസ്ഥ മാര്‍ബിള്‍ പ്രതിമകളേക്കാള്‍ ഒട്ടും മെച്ചപ്പെട്ടതായിരുന്നില്ല... സമാനമായ മരവിപ്പ് തന്നെയും ബാധിക്കുമോ എന്ന് കരുതി ആലോചിച്ചിരിക്കുമ്പോഴാണ് ടൊളിഡോയിലെ അറബ് ചിന്തകളെക്കുറിച്ച് ഞാന്‍ കേള്‍ക്കുന്നത്. ഞാന്‍ അങ്ങോട്ട് ഓടി. അവിടെ വെച്ചാണ് ലോകത്തിലെ ഏറ്റവും പ്രതിഭാശാലികളായ തത്ത്വചിന്തകരെ ഞാന്‍ കേള്‍ക്കുന്നത്'' (അവലംബം: ബര്‍നട്ട് ചാര്‍ലിസ്, ദ ഇന്‍ട്രഡക്ഷന്‍ ഓഫ് അറബ് ലേണിംഗ് ഇന്റ്റു ഇംഗ്ലിഷ്, ലന്‍: ബ്രിട്ടീഷ് ലൈബ്രറി, 1997, പേജ് 60,61). യൂറോപ്യന്‍ ചക്രവാളത്തില്‍ ഒരു പുതിയ അധ്യായത്തിന് തുടക്കമിട്ട അന്ദലൂസിലായിരുന്നു ഈ ടൊലേഡൊ. സെവില്ല, കൊര്‍ദോവ, ഗ്രാനഡ തുടങ്ങി അന്ദലൂസിയന്‍ വസന്തം സമ്മാനിച്ച നഗരങ്ങളില്‍ ഒന്ന്. ഇറ്റലിയില്‍ തുടക്കമിട്ട യൂറോപ്യന്‍ നവോത്ഥാനത്തിന്റെ ചാലക ശക്തിയായി വര്‍ത്തിച്ച കേന്ദ്രം. ജ്ഞാനം തേടി മഹാ ചിന്തകന്മാര്‍ സഞ്ചരിച്ച ഇത്തരമൊരു നാട്ടിലേക്ക്, അന്ദലൂസിയന്‍ സംസ്‌കാരത്തിന്റെ ഭൗതിക ശേഷിപ്പുകളല്ലാത്ത മറ്റൊന്നും അവശേഷിക്കാത്ത കാലത്ത് വെറും കാഴ്ചക്കാരനായി യാത്രയാകുമ്പോള്‍ അനുഭവിക്കുന്ന ശൂന്യത പറഞ്ഞറിയിക്കാനാവാത്ത വിധം ആഴമേറിയതാണ്. അന്ദലൂസിയന്‍ സംസ്‌കാരത്തിന്റെ മഹാസ്മാരകമായി അവശേഷിക്കുന്ന കൊര്‍ദോവയില്‍, സ്‌പെയിന്‍ തലസ്ഥാനമായ മാഡ്രിഡില്‍നിന്ന് അഞ്ചു മണിക്കൂര്‍ നീണ്ട ബസ് യാത്ര കഴിഞ്ഞ് എത്തിയപ്പോള്‍ ഒരുപാട് ചരിത്രനിമിഷങ്ങള്‍ കോറിയിട്ടതിനു ശേഷം നിഷ്‌കാസിതമായതിന്റെ നോവുന്ന ഓര്‍മകള്‍ പങ്കുവെക്കുന്ന ആ തെരുവില്‍ തീര്‍ത്തും ഒറ്റപ്പെട്ടതുപോലെ തോന്നി.

അന്ദലൂസിനെ കുറിച്ച ഗതകാല ചരിത്രത്തിന്റെ മധുര സ്മരണകളുമായി കൊര്‍ദോവയിലെത്തുന്ന ഏതൊരു മുസ്‌ലിം സഞ്ചാരിയും തീക്ഷ്ണമായ ഈ അനാഥത്വം അനുഭവിക്കും, തീര്‍ച്ച. കാരണം ഇസ്‌ലാമിക സംസ്‌കൃതിയുടെ ഗാംഭീര്യം വിളിച്ചുപറയുന്ന ചരിത്ര സ്മാരകങ്ങളാണ് മുന്നില്‍ നിറഞ്ഞുനില്‍ക്കുന്നത്. ഗ്രേറ്റ് മസ്ജിദ് എന്ന പേരില്‍ ചരിത്രത്തില്‍ അറിയപ്പെടുന്ന, പില്‍ക്കാലത്ത് ചര്‍ച്ചായി പരിവര്‍ത്തിപ്പിക്കപ്പെട്ട പ്രസിദ്ധമായ മസ്ജിദ് ഖുര്‍ത്വുബ. മുസ്‌ലിം അടയാളങ്ങള്‍ പേറുന്ന നഗരഭിത്തി. എന്നാല്‍ ചുറ്റുവട്ടത്തൊന്നും ഒരു മുസ്‌ലിമിനെ പോലും കാണാനില്ല. ഹലാലായ ഭക്ഷണം കഴിച്ചേ മതിയാവൂ എന്ന് തീരുമാനിച്ചാല്‍ ഒന്നും കഴിക്കാതെ വല്ല പാനീയവും കുടിച്ച് വിശപ്പകറ്റേണ്ടിവരുന്ന അവസ്ഥ. നൂറ്റാണ്ടുകളോളം മുസ്‌ലിം നാഗരികതയുടെ കേന്ദ്രമായ ഒരു പ്രദേശത്തുനിന്ന് പൂര്‍ണമായും പിഴുതെറിയപ്പെട്ട ഒരു സമൂഹത്തിന്റെ നിസ്സഹായാവസ്ഥ സ്വയം അനുഭവിക്കുന്ന പ്രതീതി. 1236-ല്‍ കൊര്‍ദോവയില്‍നിന്ന് നിഷ്‌കാസിതമായതോടെ അന്യാധീനപ്പെട്ടുപോയ ഗ്രേറ്റ് മസ്ജിദില്‍നിന്ന് ബാങ്കൊലിക്ക് പകരം നാഴിക മണി മുഴങ്ങുന്നതിന്റെ ശബ്ദം കേള്‍ക്കേണ്ടിവരുമ്പോള്‍ ഒരു മുസ്‌ലിം അനുഭവിക്കുന്ന നഷ്ടപ്രതാപത്തെക്കുറിച്ച വിരഹവേദന അതികഠിനം തന്നെ.

കൊര്‍ദോവ മസ്ജിദിനോട് ചേര്‍ന്നുനില്‍ക്കുന്ന ജ്യൂയിഷ്-അറബ് ക്വാര്‍ട്ടറുകള്‍ എന്നറിയപ്പെടുന്ന ഗല്ലികള്‍, മനോഹരമായി സംവിധാനിച്ചിരിക്കുന്ന നഗരത്തിലെ കെട്ടിടങ്ങള്‍ അവയെല്ലാം തമസ്‌കരണത്തിന്റെ ചരിത്രം രേഖപ്പെടുത്താന്‍ വിസമ്മതിക്കുന്ന ഒരു നഗരത്തെയാണ് അടയാളപ്പെടുത്തുന്നത്. കൊര്‍ദോവയുടെ പതനത്തിനു ശേഷം നൂറ്റാണ്ടുകള്‍ പിന്നിട്ടിട്ടും, 1200 വര്‍ഷത്തിലധികം പഴക്കമുള്ള ഒരു പള്ളി അതിന്റെ സകല ഗാംഭീര്യത്തോടും കൂടി നിലനില്‍ക്കുന്നു എന്നതും, എല്ലാതരം നവീകരണ പ്രവര്‍ത്തനങ്ങളെയും അതിജീവിച്ച് അതിന്റെ ചുമരുകളും മേല്‍പുരയും അകവും മുറ്റവും പുറംഭിത്തികളും ഒരുപോലെ മുസ്‌ലിം കാലഘട്ടത്തിന്റെ കലാ-വാസ്തുശില്‍പ മാതൃകകള്‍ അണയാതെ കാത്തുസൂക്ഷിക്കുന്നു എന്നതും ഒരത്ഭുതം തന്നെയാണ്. ആര്‍ക്കും പിഴുതെറിയാനാവാത്തവിധം ഉല്ലേഖനം ചെയ്യപ്പെട്ട ദൈവിക വചനങ്ങള്‍, ഭംഗി ചോര്‍ന്നുപോവാതെ പുനഃക്രമീകരിക്കാന്‍ സാധ്യമല്ലാത്തവിധം സംവിധാനിക്കപ്പെട്ട മിഹ്‌റാബ്, മുസ്‌ലിം-ജൂത-ക്രൈസ്തവ സൗഹൃദത്തെ അടയാളപ്പെടുത്തുന്ന ഗല്ലികള്‍- അതാണ് കൊര്‍ദോവയെ ഇന്നും ഒരു മുസ്‌ലിം പരിസരമായി നിലനിര്‍ത്തുന്നത്; പേരിനു പോലും ഒരു മുസ്‌ലിമിനെ കണ്ടെത്താനാവില്ലെങ്കിലും.

വിവിധ മതവിഭാഗങ്ങള്‍ തമ്മില്‍ അക്കാലത്ത് നിലനിന്ന സൗഹാര്‍ദത്തെ ഉജ്ജ്വലമായി പ്രതിനിധാനം ചെയ്യുന്ന ഒരു ശില്‍പഘടന തന്നെ കൊര്‍ദോവ നഗരത്തിനുണ്ട് എന്നതാണ് ശ്രദ്ധേയം. യേശുവിനും ഒരു നൂറ്റാണ്ട് മുമ്പ് നിര്‍മിക്കപ്പെട്ട റോമന്‍ ബ്രിഡ്ജ് എന്നറിയപ്പെടുന്ന പാലമാണ് കൊര്‍ദോവ നഗരത്തിലേക്കുള്ള ഒരു പ്രവേശന കവാടം. പിന്നീട് നശിച്ചുപോയ ഈ പാലം മുസ്‌ലിം കാലഘട്ടത്തില്‍ പുനര്‍നിര്‍മിക്കപ്പെടുകയും, എന്നാല്‍ ഇന്നും റോമന്‍ സംഭാവനയെ അനുസ്മരിച്ച് പ്രസ്തുത പേരില്‍ തന്നെ അറിയപ്പെടുകയും ചെയ്യുന്നു. ബ്രിഡ്ജിന്റെ തെക്കു ഭാഗത്ത് അതിന്റെ സംരക്ഷണം ഉറപ്പുവരുത്താന്‍ 12-ാം നൂറ്റാണ്ടില്‍  മുസ്‌ലിം കാലഘട്ടത്തില്‍ നിര്‍മിക്കപ്പെട്ട കലഹാര ടവര്‍ കാണാം. വടക്കു ഭാഗത്ത് ആറാം നൂറ്റാണ്ടില്‍ ക്രിസ്ത്യന്‍ കാലഘട്ടത്തില്‍ നിര്‍മിക്കപ്പെട്ട  പോര്‍ട്ട് ഡെ പോയിന്റെ (Puerta- de- Puente) എന്ന മറ്റൊരു വന്‍ കവാടവും കാണാം. അതിനോട് ചേര്‍ന്ന് കൊര്‍ദോവ മസ്ജിദിനെ വലയം ചെയ്ത് നില്‍ക്കുന്ന പുറംഭിത്തി. അല്‍പം വടക്കോട്ട് പോകുമ്പോള്‍ മസ്ജിദിന്റെ മറുഭാഗത്തെ പുറംഭിത്തിയോട് ചേര്‍ന്ന് ജ്യൂയിഷ് ക്വാര്‍ട്ടര്‍. ഇപ്രകാരം റോമന്‍ -മുസ്‌ലിം-ക്രൈസ്തവ - ജ്യൂയിഷ് സംഭാവനകള്‍ ഒരുപോലെ ഒരു ചെറുപ്രദേശത്ത് മനോഹരമായി സമ്മേളിക്കുന്ന കാഴ്ച അത്യപൂര്‍വമാണ്. 

789-ല്‍ സുല്‍ത്താന്‍ അബ്ദുല്‍ഹമീദ് പണി പൂര്‍ത്തിയാക്കിയ പള്ളിയുടെ ഗാംഭീര്യവും തലയെടുപ്പും ശില്‍പഭംഗിയും കാലിഗ്രഫിയും നമ്മെ അത്ഭുതപ്പെടുത്തുമ്പോള്‍തന്നെ,  ചുരുങ്ങിയ വര്‍ഷങ്ങള്‍ കൊണ്ട് കൊര്‍ദോവ കൈവിട്ടുപോയതിനെക്കുറിച്ചും നാം ആലോചിക്കേണ്ടിവരും. ഐബീരിയന്‍ പെനിന്‍സുല എന്നറിയപ്പെടുന്ന, ഇന്നത്തെ സ്‌പെയിനിന്റെയും പോര്‍ച്ചുഗലിന്റെയും ഏകദേശം എല്ലാ ഭാഗങ്ങളും, ഫ്രാന്‍സിന്റെ ചെറിയ ഒരു പ്രദേശവും ഉള്‍ക്കൊള്ളുന്ന അന്ദലൂസ് എന്ന ഒരു വലിയ പ്രദേശത്തേക്ക് മുസ്‌ലിംകള്‍ക്ക് കടന്നുവരാനായത് ഒരുകാലത്ത് പുരാതന റോമന്‍ സാമ്രാജ്യത്തിന്റെ ഭാഗമായി അറിയപ്പെട്ടിരുന്ന പ്രസ്തുത പ്രദേശങ്ങളില്‍ ഭരണം നടത്തിയ വിസിഗോത്ത് വിഭാഗക്കാരുടെ അന്തഃഛിദ്രതയും കൊള്ളരുതായ്മയും കാരണമായിരുന്നു. ഐബീരിയന്‍ മേഖലയില്‍ യാതൊരു താല്‍പര്യവും കാണിക്കാതിരുന്ന ദമസ്‌കസിലെ ഉമവീ രാജാക്കന്മാരെ ചിലര്‍ അങ്ങോട്ട് ആനയിക്കുകയായിരുന്നു. സ്വന്തം മകളെ മാനഭംഗപ്പെടുത്തിയ വിസിഗോത്ത് രാജാവ് റോഡ്രികി(Roderick) നോട് പകരം വീട്ടാന്‍ മറ്റൊരു വിസിഗോത്ത് നേതാവ് ഉത്തരാഫ്രിക്കയിലെ ഉമവീ സൈന്യാധിപനായ താരിഖുബ്‌നു സിയാദിനെ ക്ഷണിച്ചുവരുത്തി. കൊര്‍ദോവയില്‍നിന്നും ഗ്രാനഡയില്‍നിന്നും മുസ്‌ലിംകള്‍ കുടിയിറക്കപ്പെട്ടതിന്റെ ചരിത്രത്തിലും ഇപ്രകാരം പരസ്പരം കൊലവിളി നടത്തിയ മുസ്‌ലിം സുല്‍ത്താന്മാര്‍ക്കും വിഭാഗീയതയുടെ വിഷവിത്തുകള്‍ സമൂഹത്തില്‍ വിതച്ച ഗോത്ര-നാട്ടു രാജാക്കന്മാര്‍ക്കും പങ്കുണ്ടെന്നത് അനിഷേധ്യ യാഥാര്‍ഥ്യമാണ്. 

'ഓരോ ഗോത്രത്തിനും ഓരോ ഖിബ്‌ലയും പള്ളിയുമുണ്ടായിരുന്നു' എന്ന് അന്ദലൂസിനെക്കുറിച്ച് ഒരു അറബി കവി പാടിയിട്ടുണ്ട്. മഹിതമായ ഇസ്‌ലാമിക സംസ്‌കാരത്തില്‍നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട് വ്യത്യസ്ത മത വിഭാഗങ്ങള്‍ക്കിടയില്‍ സൗഹൃദം ഊട്ടിയുറപ്പിക്കാന്‍ പരിശ്രമിച്ചതുപോലെ മുസ്‌ലിം സമൂഹത്തിലെ വിവിധ ദേശീയ-ഗോത്ര വിഭാഗങ്ങള്‍ക്കിടയിലും സൗഹൃദം സ്ഥാപിക്കാന്‍ ശ്രമിച്ചിരുന്നുവെങ്കില്‍ കൊര്‍ദോവക്ക് ഇത്തരമൊരു ദുരന്തം അഭിമുഖീകരിക്കേണ്ടിവരുമായിരുന്നോ എന്ന് ആരും ആലോചിച്ചുപോവും.

സ്പാനിഷ് ഇന്‍ക്വിസിഷന്‍ എന്ന് ചരിത്രത്തില്‍ അറിയപ്പെടുന്ന കുപ്രസിദ്ധമായ പീഡനങ്ങളുടെ നേര്‍ചിത്രങ്ങള്‍ വളച്ചുകെട്ടില്ലാതെ ചിത്രീകരിക്കുന്ന ഇന്‍ക്വിസിഷന്‍ മ്യൂസിയം കൂടി കൊര്‍ദോവയിലുണ്ട് എന്നതാണ് കൗതുകകരം. മുസ്‌ലിംകളെയും ജൂതരെയും, ക്രൈസ്തവരിലെ തന്നെ നിലനില്‍ക്കുന്ന ധാരണകളെ തിരുത്താന്‍ ഉദ്യമിച്ച വിമതരെയും പീഡിപ്പിക്കാന്‍ സ്പാനിഷ് കാത്തലിക് രാജാക്കന്മാരുടെ കാലത്ത് വികസിപ്പിച്ച എണ്ണമറ്റ പീഡന ഉപകരണങ്ങളുടെ യഥാര്‍ഥ രൂപങ്ങള്‍ ആ എക്‌സിബിഷന്‍ ഹാളില്‍ കാണുമ്പോള്‍ നടുങ്ങിപ്പോകും. ഒരുപക്ഷേ ഗ്വാണ്ടനാമോയും അബൂഗുറൈബും എത്ര നിസ്സാരം എന്ന് നാം ചിന്തിച്ചുപോവും. അത്രമാത്രം വൈവിധ്യമാര്‍ന്ന പീഡനോപകരണങ്ങളാണ് മനുഷ്യരെ ഇഞ്ചിഞ്ചായി പീഡിപ്പിക്കാനും കടുത്ത യാതനകള്‍ ദിവസങ്ങളോളമേറ്റുവാങ്ങി അസഹനീയ വേദന അനുഭവിപ്പിച്ചുകൊണ്ടുള്ള മരണം ഉറപ്പിക്കാനും അക്കാലത്ത് വികസിപ്പിച്ചത്. 711 മുതല്‍ 1492 വരെ നിലനിന്ന അന്ദലൂസിയന്‍ സംസ്‌കാരം പകര്‍ന്ന ശാന്തവും മനുഷ്യനെ വിലമതിക്കുന്നതും സൗഹാര്‍ദപരവുമായ ഒരു സംസ്‌കൃതിയില്‍നിന്ന് എന്തുമാത്രം വിദൂരമായിരുന്നു പില്‍ക്കാലഘട്ടം എന്ന് കൃത്യമായി വിളംബരം ചെയ്യുന്നുണ്ട് ഈ ചരിത്രമ്യൂസിയം. 

മുസ്‌ലിം -ക്രൈസ്തവ- ജൂത സൗഹൃദത്തിന്റെ സവിശേഷ മാതൃക അന്ദലൂസിനുണ്ടായിരുന്നു എന്നത് ഒരു ചരിത്ര യാഥാര്‍ഥ്യമാണ്. ഈ സഹവര്‍ത്തിത്വ ചരിത്രത്തില്‍നിന്ന് പ്രചോദനമുള്‍ക്കൊ് മുസ്‌ലിംകള്‍ നൂറ്റാണ്ടുകളോളം ഉപയോഗിച്ച ഒരു മസ്ജിദെന്ന നിലക്ക് കൊര്‍ദോവാ പള്ളിയില്‍ മുസ്‌ലിംകള്‍ക്കും ആരാധന നിര്‍വഹിക്കാന്‍ ഒരിടം അനുവദിക്കണമെന്നതാണ് സ്പാനിഷ് മുസ്‌ലിംകളുടെ കൂട്ടായ്മയായ ഇസ്‌ലാമിക് കൗണ്‍സില്‍ സമീപകാലത്ത് മുന്നോട്ടുവെച്ച ഒരു നിര്‍ദേശം. 2000-ല്‍ പ്രസ്തുത നിര്‍ദേശത്തെ കൊര്‍ദോവ ചര്‍ച്ച് അധികാരികളും വത്തിക്കാനും ഒരുപോലെ തള്ളിക്കളഞ്ഞെങ്കിലും  ഇസ്‌ലാമിക് കൗണ്‍സില്‍ ആ നിര്‍ദേശം വീണ്ടും മുന്നോട്ടുവെക്കുന്നുണ്ട്. ഇത് അംഗീകരിക്കപ്പെടുകയാണെങ്കില്‍ സഹവര്‍ത്തിത്വത്തിന്റെ ഉദാത്ത സ്മരണകള്‍ ചരിത്രത്തിന് സമ്മാനിച്ച അന്ദലൂസിയന്‍ കാലത്തിന്റെ മറ്റൊരാവിഷ്‌കാരമായിരിക്കും അത്.

കൊര്‍ദോവയുടെ തെക്കു ഭാഗത്ത് ഏകദേശം ഇരുനൂറ് കിലോമീറ്റര്‍ മാറി സ്ഥിതിചെയ്യുന്ന ഗ്രാനഡയിലെത്തിയപ്പോള്‍ കൊര്‍ദോവയില്‍ അനുഭവപ്പെട്ട ഒറ്റപ്പെടല്‍ അല്‍പം നീങ്ങിയതുപോലെ. മുസ്‌ലിം സാന്നിധ്യം അനുഭവിച്ചറിയാനുള്ള സാധ്യത കൊര്‍ദോവയില്‍ അപൂര്‍വമാണെങ്കില്‍ ഗ്രാനഡയിലെത്തുമ്പോള്‍ ഒരു മുസ്‌ലിം തെരുവിലാണ് നില്‍ക്കുന്നതെന്ന പ്രതീതിയാണുണ്ടാവുക. ഉത്തരാഫ്രിക്കന്‍ നാടുകളില്‍നിന്ന്, പ്രത്യേകിച്ച് മൊറോക്കോയില്‍നിന്ന് കുടിയേറിയ കച്ചവടക്കാരുടെ വിപുലമായ സാന്നിധ്യമാണ് ഗ്രാനഡയിലെ തെരുവുകളുടെ പ്രത്യേകത. സ്പാനിഷിനേക്കാള്‍ അറബി സംസാരിക്കുന്നവരാണ് കച്ചവടക്കാരില്‍ നല്ലൊരു പങ്കും. മൊറോക്കോയുടെ തനതു ശൈലിയില്‍ പാകം ചെയ്യുന്നതടക്കമുള്ള വ്യത്യസ്തമായ അറബ് ഭക്ഷണശാലകള്‍ വേണ്ടത്രയുണ്ട്. എന്നാല്‍ കൊര്‍ദോവയുടെ ഓരോ ദിശയും കെട്ടിടങ്ങളും മുസ്‌ലിം സാംസ്‌കാരിക പൈതൃകം അടയാളപ്പെടുത്തുന്നതുപോലെ ഗ്രാനഡയുടെ നഗരഹൃദയം അടയാളപ്പെടുത്തുന്നില്ല. കാരണം അവയെല്ലാം യാതൊരടയാളവും നിലനില്‍ക്കാത്ത വിധം ഇവിടെ തുടച്ചുനീക്കപ്പെട്ടു. 1492-ല്‍ ഗ്രാനഡയുടെ പതനത്തെത്തുടര്‍ന്ന് അധിനിവേശ സ്വപ്‌നങ്ങളുമായി യാത്രതിരിച്ച കൊളംബസിന് ഫെര്‍ഡിനാന്റ് രാജകുമാരനും ഇസബെല്ല രാജ്ഞിയും സമര്‍പ്പിക്കുന്ന സമ്മതപത്രം കൃത്യമായി അടയാളപ്പെടുത്തുന്ന സ്തൂപവും ജലധാരയുമാണ് നഗരചത്വരത്തിലെ പ്രധാന ആകര്‍ഷണങ്ങളിലൊന്ന്. അതിന് തൊട്ടടുത്തായി  ഗ്രാനഡ കത്തീഡ്രല്‍ എന്നറിയപ്പെടുന്ന, 1523-ല്‍ നിര്‍മാണം ആരംഭിച്ച യൂറോപ്പിലെ തന്നെ ശ്രദ്ധേയമായ ചര്‍ച്ചുണ്ട്. ഈ ചര്‍ച്ച് നിന്ന സ്ഥാനത്തായിരുന്നു പില്‍ക്കാലത്ത് തുടച്ചുനീക്കപ്പെട്ട ഗ്രാനഡയിലെ ഗ്രാന്റ് മസ്ജിദും ലൈബ്രറിയും മുസ്‌ലിം സാംസ്‌കാരിക കാലഘട്ടത്തെ അടയാളപ്പെടുത്തിയ മറ്റു പല വൈജ്ഞാനിക കേന്ദ്രങ്ങളും ചിഹ്നങ്ങളും ഉണ്ടായിരുന്നത്.

നഗരഹൃദയത്തില്‍നിന്ന് അല്‍പം മാറി ഘനഗാംഭീര്യത്തോടെ തലയുയര്‍ത്തിനില്‍ക്കുന്ന അല്‍ഹംറാ കൊട്ടാരവും അതിനഭിമുഖമായി മറ്റൊരു കുന്നിന്‍ചെരുവ് മുഴുക്കെ പരന്നുകിടക്കുന്ന അല്‍ബേസിന്‍ നഗരസമുച്ചയവുമാണ് പിഴുതെറിയാന്‍ സാധ്യമാകാതെ ഇന്നും അവശേഷിക്കുന്ന ഗ്രാനഡയിലെ പ്രധാന അന്ദലൂസിയന്‍ ചരിത്ര ശേഷിപ്പുകള്‍. അല്‍ഹംറാ എന്ന ചുവന്ന കൊട്ടാരം സ്ഥിതിചെയ്യുന്നത് ചെങ്കുത്തായ ഒരു കുന്നിന്റെ മുകളിലാണ്. ആ കുന്ന് മുഴുവന്‍ അല്‍ഹംറാ പാലസാണ് എന്ന് പറയലായിരിക്കും ഉചിതം. കാരണം, അല്‍ഹംറാ എന്നത് ഒരൊറ്റ കെട്ടിടത്തിന്റെ പേരല്ല; കുന്നിന്‍പുറത്ത് പരന്നുകിടക്കുന്ന വിവിധ കെട്ടിട സമുച്ചയങ്ങളെല്ലാം ഉള്‍ക്കൊള്ളുന്നതാണ് അല്‍ഹംറാ. 889-ല്‍ നിര്‍മിക്കപ്പെട്ട ഒരു ചെറിയ കോട്ട മുതല്‍ പതിമൂന്നാം നൂറ്റാണ്ടില്‍ ഗ്രാനഡ അമീര്‍ മുഹമ്മദുബ്‌നുല്‍ അഹ്മര്‍ നിര്‍മിച്ച പാലസും ഭിത്തിയും 1333-ല്‍ സുല്‍ത്താന്‍ യൂസുഫ് ഒന്നാമന്‍ പൂര്‍ത്തീകരിച്ച അനുബന്ധ കൊട്ടാരങ്ങളും ഉള്‍ക്കൊള്ളുന്ന അല്‍ഹംറയെ ഒരു കോട്ടയോ കൊട്ടാരമോ എന്നതിലുപരി രണ്ടും ഉള്‍ച്ചേര്‍ന്ന  ഗംഭീരമായ ഒരു ചരിത്രസ്മാരകം എന്ന് വിശേഷിപ്പിക്കാം. ഏറ്റവും ശക്തമായ സൈനികാക്രമണത്തെ വരെ അതിജയിക്കാന്‍ ശേഷിയുണ്ടെന്ന പ്രതീതി ജനിപ്പിക്കുന്ന, ചുവന്ന കല്ലുകള്‍ കൊണ്ട് നിര്‍മിക്കപ്പെട്ട അല്‍ കസബ അഥവാ പ്രതിരോധ ഭിത്തികളാണ് അല്‍ ഹംറായുടെ പ്രൗഢി അടയാളപ്പെടുത്തുന്ന പ്രധാന ഭാഗം. 

അല്‍ബേസിനായിരുന്നു അന്നത്തെ ഗ്രാനഡയുടെ പ്രധാനപ്പെട്ട മറ്റൊരു ഭാഗം. മുസ്‌ലിം കാലഘട്ടത്തിലെ നിര്‍മാണകലയെയും ശില്‍പഭംഗിയെയും അടയാളപ്പെടുത്തി മലയടിവാരം മുതല്‍ മുകള്‍പ്പരപ്പ് വരെ നീണ്ടു പരന്നു കിടക്കുന്ന വെള്ള നഗരമാണ് അല്‍ബേസിന്‍. വെള്ള നിറമുള്ള ബില്‍ഡിംഗുകള്‍ അന്ദലൂസിയന്‍ കാലത്തെ പൊതുരീതിയായിരുന്നു. ഗ്രാനഡയുടെ പതനശേഷം 1499-ല്‍ അതിശക്തമായ ഒരു പ്രതിരോധം കാഴ്ചവെച്ച പ്രദേശം എന്ന പ്രത്യേകത കൂടിയുണ്ട് അല്‍ബേസിന്‍ നഗരത്തിന്. മുസ്‌ലിംകള്‍ സ്‌പെയിനില്‍നിന്ന് പൂര്‍ണമായും ഉന്മൂലനം ചെയ്യപ്പെട്ട അവസാന നാളുകള്‍ വരെ പിടിച്ചുനിന്ന സ്വതന്ത്ര ഭരണപ്രദേശമാണ് ഗ്രാനഡയെങ്കില്‍ ഏറ്റവും നല്ല പ്രതിരോധം കൊണ്ട് വംശീയ ഉന്മൂലനത്തെ പില്‍ക്കാലത്ത് ചെറുക്കാന്‍ ഉദ്യമിച്ച മറ്റൊരു കഥയാണ് അല്‍ബേസിന് പറയാനുള്ളത്. 

അല്‍ഹംറാ കൊട്ടാരത്തിന് അഭിമുഖമായി നില്‍ക്കുന്ന കുന്നിന്‍ചെരുവ് മുഴുവന്‍ പരന്നുകിടക്കുന്ന അല്‍ബേസിന്‍ പൂര്‍വകാല ചരിത്രത്തിലെ എല്ലാ ചിഹ്നങ്ങളെയും അണയാതെ നിലനിര്‍ത്തുന്ന ഒരു മുസ്‌ലിം തെരുവായിരിക്കും എന്ന ധാരണയോടെയാണ് ഞങ്ങള്‍ അതിന്റെ ഗല്ലികളിലൂടെ സഞ്ചരിച്ചത്. രാവിലെ അല്‍ഹംറയിലേക്ക് നടന്നുകയറിയതിന്റെയും അല്‍ ഹംറാ പാലസുള്‍പ്പെടെ പ്രസ്തുത പ്രദേശമൊന്നടങ്കം ചുറ്റിക്കറങ്ങിയതിന്റെയും ക്ഷീണം വകവെക്കാതെ അല്‍ബേസിനിലൂടെ നടക്കാന്‍ തീരുമാനിച്ചത് സ്പാനിഷ് പൗരന്മാരായ ചില മുസ്‌ലിംകളെ കാണാനും കുശലാന്വേഷണം നടത്താനും സാധിക്കും എന്ന ധാരണയോടെയാണ്. മൊറോക്കോയില്‍നിന്ന് തൊഴില്‍ വിസയില്‍ വന്ന് കച്ചവടം ചെയ്യുന്ന ഒരുപാട് പേരെ ഗ്രാനഡയിലെ മാര്‍ക്കറ്റുകളില്‍ കണ്ടെങ്കിലും ഒരു സ്പാനിഷ് മുസ്‌ലിമിനെയും കൊര്‍ദോവയിലോ ഗ്രാനഡ നഗരത്തിലോ അല്‍ഹംറായുടെ പരിസരത്തോ കാണാനാവുന്നില്ല എന്നത് ഒരു ചോദ്യചിഹ്നമായി മനസ്സില്‍ തങ്ങിനില്‍ക്കുന്നുണ്ടായിരുന്നു. ഒറ്റപ്പെട്ട ചില മുസ്‌ലിം വീടുകളും വംശവേരുകള്‍ മൊറോക്കോയിലേക്ക് നീണ്ടുകിടക്കുന്ന ചില കുടിയേറ്റക്കാരെയും മാത്രമേ കാണാനായുള്ളൂ. കുന്നിന്‍മുകളില്‍ അല്‍ ഹംറാ പാലസിനെ അഭിമുഖീകരിച്ച് നിലയുറപ്പിച്ചിരിക്കുന്ന ഗ്രേറ്റ് മസ്ജിദില്‍ എത്തിയാല്‍ ഒരുപാട് പേരെ കാണാനാവും എന്ന പ്രതീക്ഷയോടെ വീണ്ടും മുകളിലേക്ക് നടക്കാനാരംഭിച്ചു. ഒരു വലിയ പള്ളി പ്രതീക്ഷിച്ചെത്തിയ ഞങ്ങളെ ശരിക്കും തളര്‍ത്തി, ഗ്രേറ്റ് മസ്ജിദെന്ന പേരില്‍ അറിയപ്പെടുന്ന ആ മസ്ജിദ്. അതൊരു ചെറിയ പള്ളിയായിരുന്നു. ഗ്രാന്റ് മസ്ജിദെന്നും ഗ്രേറ്റ് മസ്ജിദെന്നും വിശേഷിപ്പിക്കാന്‍ മാത്രം ഇതിലെന്തിരിക്കുന്നു എന്ന് ആരും ആശ്ചര്യപ്പെട്ടുപോവും. തൊട്ടടുത്ത് പ്രൗഢിയോടെ തലയുയര്‍ത്തി നില്‍ക്കുന്ന സെന്റ് നിക്കോളസ് ചര്‍ച്ച് നില്‍ക്കുന്ന സ്ഥാനത്താണ് ചരിത്രഗ്രന്ഥങ്ങളില്‍ സ്ഥലം പിടിച്ച അല്‍ബേസിനിലെ ഗ്രേറ്റ് മസ്ജിദ് ഉായിരുന്നത് എന്ന് പിന്നീടാണ് മനസ്സിലാവുന്നത്. ഗ്രാനഡയില്‍ സമീപകാലത്ത് ഉദയം കൊണ്ട മുസ്‌ലിംകള്‍ക്കു വേണ്ടി സ്പാനിഷ് ഗവണ്‍മെന്റ് അനുമതി കൊടുത്തതിന്റെ അടിസ്ഥാനത്തില്‍ 2003-ല്‍ ഉദ്ഘാടനം ചെയ്യപ്പെട്ട മസ്ജിദാണ് ഈ കൊച്ചു മസ്ജിദ് എന്ന് തിരിച്ചറിയുന്നതും പിന്നീടാണ്. ചെറുതാണെങ്കിലും അന്ദലൂസിയന്‍ സ്മരണകളെ പുനരാവിഷ്‌കരിക്കാനുള്ള ഒരു ശ്രമം പ്രസ്തുത മസ്ജിദിനുണ്ട്. അന്ദലൂസിയന്‍ കാലത്തെ ഉജ്ജ്വലമായി വിളംബരം ചെയ്യുന്ന രൂപഘടനയും മിനാരവുമായിരുന്നു പ്രസ്തുത പള്ളിയുടെ യഥാര്‍ഥ പ്ലാന്‍. പക്ഷേ, ചില വിഭാഗങ്ങളുടെ കടുത്ത എതിര്‍പ്പിനെ തുടര്‍ന്ന് അതില്‍ ഒരുപാട് മാറ്റം വരുത്തേണ്ടിവന്നു. എങ്കിലും അല്‍ഹംറായെ അഭിമുഖീകരിക്കുംവിധം തലയെടുപ്പോടെ നിലകൊള്ളുന്ന ഈ പള്ളി യാഥാര്‍ഥ്യമായതിന്റെ സന്തോഷത്തിലാണ് അല്‍ബേസിനിലെ മുസ്‌ലിംകള്‍. ഈ സന്തോഷം പള്ളിയുടെ പരിപാലനം നടത്തുന്ന ചെറുപ്പക്കാരുടെയും അവിടെ നമസ്‌കാരത്തില്‍ പങ്കെടുക്കാനെത്തിയവരുടെയും മുഖത്ത് പ്രകടം. ആവേശത്തോടെയാണ് അവര്‍ പള്ളിയും പരിസരവും സന്ദര്‍ശകര്‍ക്ക് കാണിച്ചുകൊടുക്കുന്നത്. ഈ പള്ളി നില്‍ക്കുന്ന കുന്നിന്‍ചെരുവിനെ അഭിമുഖീകരിച്ച് നില്‍ക്കുന്ന മറ്റൊരു കുന്നിലാണ് അല്‍ ഹംറാ കൊട്ടാരം. ഈ പള്ളിയുടെ മുറ്റത്തുനിന്ന് നോക്കുമ്പോള്‍ നൂറ്റാണ്ടുകള്‍ക്കു മുമ്പ് നസ്വ്ര്‍ രാജവംശം പൂര്‍ത്തീകരിച്ച അല്‍ ഹംറാ കൊട്ടാരസമുച്ചയം പ്രൗഢമായ അന്ദലൂസിയന്‍ സംസ്‌കാരത്തിന്റെ അടയാളങ്ങള്‍ നിലനിര്‍ത്തി ഗ്രാനഡയില്‍ അക്കാലത്ത് നിലയുറപ്പിച്ചതിന്റെ പൂര്‍വസ്മരണകള്‍ നമ്മുടെ മനസ്സിലേക്ക് കടന്നുവരും.

ഈ കൊച്ചു പള്ളിയില്‍ വെച്ച് ജമാഅത്തായി മഗ്‌രിബ് നമസ്‌കരിക്കണം എന്ന അദമ്യമായ ആഗ്രഹത്തോടെ മണിക്കൂറുകളോളം കാത്തിരിക്കാന്‍ തന്നെ തീരുമാനിച്ചു. സമയഘടന പ്രകാരം ഏകദേശം 9.30-നാണ് മഗ്‌രിബ്. നേരത്തേ കൊര്‍ദോവയില്‍ ഒരു പള്ളി തെരഞ്ഞ അനുഭവമുണ്ടായിരുന്നു. യാദൃഛികമായി കണ്ടുമുട്ടിയ ഒരു പാക്-ബ്രിട്ടീഷ് പൗരനാണ് കൊര്‍ദോവയില്‍ ഒരു കൊച്ചു മസ്ജിദ് ഉണ്ടെന്നു പറഞ്ഞത്. ജ്യൂയിഷ് ക്വാര്‍ട്ടറിന്റെ ഗല്ലികള്‍ക്കിടയില്‍ അത് കണ്ടെത്താന്‍ തന്നെ അല്‍പം സമയമെടുത്തു. പിന്നീട് ളുഹ്ര്‍ നമസ്‌കാരത്തിന് പള്ളിയിലെത്തിയെങ്കിലും പരിസരത്തൊന്നും നമസ്‌കരിക്കാനായി ആരുമുണ്ടായിരുന്നില്ല. രണ്ട് മണിക്കൂര്‍ നേരം സന്ദര്‍ശകര്‍ക്കായി തുറന്നുകൊടുക്കുന്ന പ്രസ്തുത പള്ളി തുര്‍ക്കി ഗവണ്‍മെന്റുമായി സ്പാനിഷ് സര്‍ക്കാര്‍ ഒപ്പുവെച്ച ഒരു കരാറിന്റെ അടിസ്ഥാനത്തില്‍ തുര്‍ക്കി നിര്‍മിച്ചതാണ്. എന്നാല്‍, അല്‍ബേസിനിലെ മഗ്‌രിബ് നമസ്‌കാരം കൊര്‍ദോവ അനുഭവത്തില്‍നിന്ന് വ്യത്യസ്തമായിരുന്നു. സന്ദര്‍ശകര്‍ക്കു പുറമെ പരിസരവാസികളായ ഏതാനും ചെറുപ്പക്കാരും കുട്ടികളുമടക്കം അമ്പതോളം പേര്‍ പങ്കെടുത്ത നമസ്‌കാരത്തിന് നേതൃത്വം നല്‍കിയത് മൊറോക്കോക്കാരനായ ഇമാമാണ്. അവിടെ വെച്ചാണ് സ്പാനിഷ് പൗരനായ ഹാമിദുമായി പരിചയപ്പെടുന്നത്. എല്ലാ ശനിയാഴ്ച തോറും പള്ളിയില്‍ പരിസരവാസികള്‍ ഒരുമിച്ചുചേരുന്ന വാരാന്ത ഇജ്തിമാഅ് ആണ് ജുമുഅക്കു പുറമെ അല്‍ബേസിനിലെ മുസ്‌ലിം സമൂഹത്തിലെ നല്ലൊരു വിഭാഗം പങ്കുകൊള്ളുന്ന പ്രധാന കൂടിച്ചേരല്‍ എന്ന് ഹാമിദ് സൂചിപ്പിക്കുകയുണ്ടായി. മുറാബിത്വൂന്‍ ത്വരീഖയോട് ചേര്‍ന്നു നില്‍ക്കുന്നവര്‍ നടത്തുന്നതാണ് ഈ ഇജ്തിമാഅ്. 

പടിഞ്ഞാറന്‍ മൊറോക്കോയിലെ മറാക്കിശ് കേന്ദ്രീകരിച്ച് പതിനൊന്നാം നൂറ്റാണ്ടില്‍ സ്ഥാപിതമായതും പിന്നീട് അന്ദലൂസിലേക്ക് വ്യാപിച്ചതുമായ മൂറാബിത്വൂന്‍ (Al-Moravid) ഭരണകൂടത്തിന്റെ നാമത്തിലേക്ക് ചേര്‍ത്തുകൊണ്ട്, എഴുപതുകളില്‍ ഇസ്‌ലാം സ്വീകരിച്ച സ്‌കോട്ട്‌ലന്റുകാരനായ അബ്ദുല്‍ ഖാദിര്‍ സൂഫി ഏതാനും വര്‍ഷങ്ങള്‍ക്കു മുമ്പ് സ്ഥാപിച്ച സൂഫി ഓര്‍ഡറാണ് മുറാബിത്വൂന്‍ ത്വരീഖ. ദര്‍ഖവി-ശാദുലി-ഖാദിരി പാരമ്പര്യത്തിന്റെ ഭാഗമാണ് തങ്ങളെന്നാണ് അവര്‍ അവകാശപ്പെടുന്നത്. ഒരു അമീറിന് ബൈഅത്ത് ചെയ്തുകൊണ്ടുള്ളതായിരിക്കണം മുസ്‌ലിംകളുടെ ജീവിതം, സകാത്ത് സ്വീകരിക്കപ്പെടേണ്ടത് വെള്ളി-സ്വര്‍ണ നാണയങ്ങളിലാണ്, സകാത്തിന്റെ വിതരണം നീട്ടിവെക്കുംവിധം അത് ശേഖരിച്ചുവെക്കുന്നതിന് പകരം ലഭിച്ച ഉടനെ വിതരണം ചെയ്യപ്പെടണം തുടങ്ങി മൂന്ന് അടിസ്ഥാനങ്ങള്‍ മുറാബിത്വൂന്‍ ത്വരീഖയിലെ പ്രധാന ആശയങ്ങളാണ്. മുറാബിത്വൂന്‍ ത്വരീഖയെ കുറിച്ച് ഹാമിദുമായി സംസാരിച്ചപ്പോഴാണ് സഹോദരന്‍ ശഹീന്‍ യാത്രയയക്കുന്ന വേളയില്‍ സൂചിപ്പിച്ച ഗോള്‍ഡ് ദീനാറിനെക്കുറിച്ച് ഓര്‍മവന്നത്. പേപ്പര്‍ കറന്‍സി സന്തുലിതമല്ലെന്ന് അഭിപ്രായപ്പെട്ടുകൊണ്ട് വെള്ളി ദിര്‍ഹമും സ്വര്‍ണ ദീനാറും ഈ ത്വരീഖയോട് ബന്ധപ്പെട്ടവര്‍ വികസിപ്പിച്ചിട്ടുണ്ടെന്നും തന്റെ യാത്രയില്‍ അത് സംഘടിപ്പിക്കാനാവാത്തതിലെ ഖേദവും അവ എങ്ങനെയെങ്കിലും സംഘടിപ്പിക്കണമെന്നും ശഹീന്‍ ഉണര്‍ത്തിയിരുന്നു. പക്ഷേ, 2014 ആയപ്പോഴേക്കും ദിര്‍ഹമും ദീനാറും നിര്‍മിക്കുന്നതിലെയും ഉപയോഗിക്കുന്നതിലെയും അപ്രായോഗികത കാരണമാണോ എന്നറിയില്ല ഇതിനേക്കാള്‍ മെച്ചപ്പെട്ട ബദല്‍ മാര്‍ഗം സാമ്പത്തിക ഇടപാടുകള്‍ക്ക് കണ്ടെത്തണമെന്നാവശ്യപ്പെട്ട് ദീനാര്‍ -ദിര്‍ഹം ഇടപാടുകളില്‍നിന്ന് ശൈഖ് അബ്ദുല്‍ഖാദിര്‍ സ്വയം വിട്ടുനില്‍ക്കുകയുണ്ടായി എന്ന് പിന്നീടാണ് മനസ്സിലായത്. എങ്കിലും അല്‍ബേസിനിലും ഗ്രാനഡയിലും അവ കണ്ടെത്താനാവുമെന്നും ഗ്രാനഡയിലെ ഇസ്‌ലാമിക് സെന്ററുമായി ബന്ധപ്പെട്ട ചിലരുടെ കൈവശം അവ ഉണ്ടെന്നുമാണ് ഹാമിദ് സൂചിപ്പിച്ചത്. ഏകദേശം 200 യൂറോ ആണ് ദീനാറിന്റെ വില. ദിര്‍ഹമിന് ആറ് യൂറോയും. ദിര്‍ഹം സംഘടിപ്പിച്ചുതരാമെന്ന് വാക്ക് തന്നെങ്കിലും പിറ്റേ ദിവസം ഗ്രാനഡയില്‍നിന്ന് റോമിലേക്ക് യാത്ര തിരിക്കുന്നതിന് മുമ്പെങ്കിലും അത് ലഭിക്കും എന്ന ആഗ്രഹം പക്ഷേ സഫലമായില്ല. എന്നാല്‍ ഈ ഖേദം മുഴുവന്‍ അസ്തമിച്ച അനുഭവമായിരുന്നു പിറ്റേ ദിവസം അല്‍ ഹംറാ സ്ഥിതിചെയ്യുന്ന കുന്നിന്‍മുകളിലേക്ക് മുസ്‌ലിം ശ്മശാനം തേടി നടന്ന യാത്ര. 

(തുടരും)


Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-25 / അല്‍ ഫുര്‍ഖാന്‍ /(33-37)
എ.വൈ.ആര്‍