എന്തുകൊണ്ട് പ്രബോധനം വാരിക പ്രചരിക്കണം?
ഏഴ് പതിറ്റാണ്ടുകളായി പ്രബോധനം പുറത്തിറങ്ങിക്കൊണ്ടിരിക്കുന്നു. പ്രബോധനം വായിക്കുന്നവര്‍ക്ക് അതെന്താണ് നല്‍കിയിട്ടുണ്ടാവുക? ഒരൊറ്റ വാക്കില്‍ അതിനെ സംക്ഷേപിക്കാം; ഇസ്‌ലാം.
ഇസ്‌ലാമാണ് പ്രബോധനം മലയാളികള്‍ക്ക് നല്‍കിയത്. വെട്ടിമാറ്റലുകളും കൂട്ടിച്ചേര്‍ക്കലുകളുമില്ലാത്ത ഇസ്‌ലാം. തനിമയുള്ള ഇസ്‌ലാമിനെ പ്രതിനിധീകരിക്കുന്ന പ്രസ്ഥാനത്തിന്റെ മുഖപത്രമാണ് പ്രബോധനം. മനുഷ്യര്‍ക്ക് അവരുടെ സ്രഷ്ടാവ് നല്‍കിയ സന്മാര്‍ഗത്തിന്റെ തെളിനീരു നുകരാന്‍ പരശ്ശതങ്ങള്‍ക്ക് അവസരമൊരുക്കിയത് പ്രബോധനമായിരുന്നു. അഥവാ 'പ്രബോധന'മെന്നത് ഒരു തലക്കെട്ട് മാത്രമായിരുന്നില്ല, പ്രബോധനം (ദഅ്‌വത്ത്) ഒരു നിയോഗം തന്നെയായിരുന്നു. മനുഷ്യ വിമോചനത്തെ കുറിച്ചും മോക്ഷത്തെ കുറിച്ചും സംസാരിക്കുന്ന, പ്രവാചകന്മാര്‍ പ്രബോധനം ചെയ്ത ഇസ്‌ലാമിനെ പരിചയപ്പെടുത്തിയെന്നതാണ് പ്രബോധനം മലയാളിക്ക് നല്‍കിയ ഏറ്റവും പ്രധാനപ്പെട്ട സംഭാവന.
പ്രബോധനം അഭിസംബോധന ചെയ്ത മുഖ്യമായ വിഭാഗം മുസ്‌ലിം സമുദായം തന്നെയായിരുന്നു. അവര്‍ ഇസ്‌ലാമിന്റെ വക്താക്കളായിരുന്നു. പക്ഷേ, അവരില്‍ തിടംവെച്ച അന്ധവിശ്വാസങ്ങളും അനാചാരങ്ങളും ഇസ്‌ലാമിന്റെ തനിമയില്‍നിന്ന് അവരെ തടഞ്ഞു. ദിശയറിയാതെ സമുദായം ഉഴറിയപ്പോഴെല്ലാം കറകളഞ്ഞ വിശ്വാസം കരുപ്പിടിപ്പിച്ചും അതിന്റെ പ്രയോക്താക്കളായി മാറാന്‍ അവരെ അഹ്വാനം ചെയ്തും പ്രബോധനം മുന്നില്‍ നടന്നിട്ടു്. അത് ചെവിക്കൊണ്ടവര്‍ വിപ്ലവകാരികളും ത്യാഗിവര്യന്മാരുമായി മാറി.
ഒരാദര്‍ശത്തിന് വിധേയപ്പെട്ടവര്‍ എന്ന നിലക്ക് പരസ്പരം ഐക്യപ്പെട്ട് നില്‍ക്കേണ്ടവരാണ് മുസ്‌ലിം സമൂഹം. എന്നാല്‍ അനൈക്യത്തില്‍ അഭിരമിച്ച കഴിഞ്ഞകാലം സമുദായത്തിനുണ്ട്. ഇപ്പോള്‍ അനൈക്യം പുതിയ രൂപഭാവങ്ങളാര്‍ജിച്ചുകൊിരിക്കുന്നു. പക്ഷേ, പ്രബോധനം എപ്പോഴും മുസ്‌ലിം സമുദായത്തിന്റെ ഐക്യത്തിനുവേണ്ടിയാണ് ജാഗ്രതയോടെ നിലകൊണ്ടത്. പൊതുപ്രശ്‌നങ്ങളില്‍ ഒന്നിച്ചുനില്‍ക്കാനും ജീര്‍ണതക്കെതിരെ പൊരുതാനുമായിരുന്നു പ്രബോധനം ആവശ്യപ്പെട്ടത്. ഗുണകാംക്ഷയല്ലാതൊന്നും അത് വിമര്‍ശനം കൊണ്ട് ഉദ്ദേശിച്ചിട്ടില്ല. ഒരു ന്യൂനപക്ഷ സമുദായമെന്ന നിലക്ക് അവരുടെ അസ്തിത്വ സംരക്ഷണവും വിശ്വാസ സംരക്ഷണവും എന്നും പ്രബോധനത്തിന്റെ മുഖ്യ അജണ്ടകളാണ്. ഇസ്‌ലാമിനെതിരെയുള്ള വിമര്‍ശന പ്രവാഹങ്ങള്‍ക്ക് മുന്നില്‍ കന്മതില്‍ കണക്കെ പ്രബോധനമുണ്ടായിരുന്നു. 1980-കളിലെ ആ പേജുകള്‍, ഏകസിവില്‍കോഡും മുത്ത്വലാഖും വീണ്ടും ചര്‍ച്ചയാകുമ്പോള്‍ ഇന്നും റഫറന്‍സുകളാണ്.
പ്രബോധനത്തിന്റെ വായനക്കാരനായ സാധാരണക്കാരന്റെ രസകരമായ ഒരു ഹജ്ജനുഭവമുണ്ട്. ഹറമില്‍ ജമാഅത്ത് നമസ്‌കാരത്തിനായി കാത്തിരിക്കുകയാണ് അദ്ദേഹം. തൊട്ടടുത്തിരിക്കുന്നത് തുര്‍ക്കിപൗരനെന്ന് തിരിച്ചറിഞ്ഞതോടെ വല്ലാത്ത ആവേശമായി. എങ്ങനെയെങ്കിലും അദ്ദേഹവുമായി ഒന്ന് പരിചയപ്പെടണം. രണ്ടുപേര്‍ക്കുമറിയാവുന്ന പൊതുഭാഷയുമില്ല. അവസാനം, ഒരു തന്ത്രം പ്രയോഗിച്ചു. തുര്‍ക്കിക്കാരന് കൈകൊടുത്തുകൊണ്ട് 'നജ്മുദ്ദീന്‍ അര്‍ബകാന്‍.....നജ്മുദ്ദീന്‍ അര്‍ബകാന്‍' എന്ന് പറഞ്ഞു. ഇതു കേട്ടയുടനെ ആ അപരിചിതന്‍, ഇദ്ദേഹത്തെ ഗാഢമായി ആലിംഗനം ചെയ്തു! നജ്മുദ്ദീന്‍ അര്‍ബകാന്റെ പാര്‍ട്ടിയിലെ അംഗമായിരുന്നു അയാള്‍. എത്രയോ കാതങ്ങള്‍ക്കപ്പുറമാണ് ഇരുവരുടെയും ജീവിത പരിസരം. സാഹോദര്യത്തെ കുറിച്ചും ജീവിത ദൗത്യത്തെ കുറിച്ചും പരലോകത്തോളം ചെന്നെത്തുന്ന അവരുടെ സ്വപ്നങ്ങളെ കുറിച്ചും നജ്മുദ്ദീന്‍ അര്‍ബകാന്‍ എന്ന ശബ്ദത്തിലൂടെ, ആലിംഗനത്തിലൂടെ പറയേണ്ടതെല്ലാം അവര്‍ പറഞ്ഞുതീര്‍ത്തു. ഭാഷ അവര്‍ക്കൊരു പ്രതിബന്ധമായില്ല. പ്രബോധനം അവര്‍ക്കിടയില്‍ ദ്വിഭാഷിയായി നിന്നു. മലയാളി മുസ്‌ലിമിന്റെ ചക്രവാളത്തെ ആഗോള ഇസ്‌ലാമിന്റെ മിടിപ്പുകളോട് കണ്ണിചേര്‍ക്കുകയായിരുന്നു പ്രബോധനം.
ആചാരബദ്ധമായി മാത്രം മനസ്സിലാക്കപ്പെട്ട ഇസ്‌ലാമിനെ പ്രബോധനം 'ലൈവാ'ക്കി. സാമൂഹിക, രാഷ്ട്രീയ, സാമ്പത്തിക മേഖലകളിലെ ഓളങ്ങളോട് ഇസ്‌ലാമികമായി പ്രതിധ്വനിച്ചു. പരമ്പരാഗത മതമീംമാസാ ഭാഷക്കപ്പുറം തെളിമലയാളത്തില്‍ ഇസ്‌ലാമിനെ അവതരിപ്പിച്ചു. പിറകില്‍ കടന്നുവന്ന മുസ്‌ലിം മലയാള പ്രസിദ്ധീകരണങ്ങളുടെ കാമ്പിലും കാതലിലും ഭാവനയിലും പ്രബോധനത്തിന്റെ സ്വാധീനമുണ്ട്. ദീനിനെ കുറിച്ച് ആത്മവിശ്വാസത്തോടെ അച്ചുനിരത്താന്‍ അവര്‍ക്ക് പ്രബോധനം ഉയര്‍ത്തിവിട്ട ആശയലോകം കരുത്തേകി.
പ്രബോധനം ഒരു ആനുകാലികം മാത്രമല്ല, മികച്ചൊരു വൈജ്ഞാനിക ഇടപെടല്‍ കൂടിയാണ്. ലോകത്തെല്ലായിടത്തും ഇസ്‌ലാമിനകത്ത് നടന്നുകൊണ്ടിരിക്കുന്ന പഠന ഗവേഷണങ്ങളെ കേരളത്തിന് പരിചയപ്പെടുത്തി. വൈജ്ഞാനിക പ്രവണതകളെ ഇസ്‌ലാമികമായ അളവുതൂക്കങ്ങള്‍ക്ക് വിധേയമാക്കി.
ഖുര്‍ആന്‍ പരിഭാഷ ഹറാമെന്നു കരുതിയ കാലം കേരളത്തില്‍ കഴിഞ്ഞു പോയിട്ടുണ്ട്. പ്രബോധനം ഖുര്‍ആന്‍ പഠനത്തെ ജനകീയമാക്കി. തുടര്‍ച്ചയുള്ള, കൃത്യതയുള്ള ഖുര്‍ആന്‍ പഠനം ആഗ്രഹിക്കുന്നവര്‍ പ്രബോധനം വായന നിര്‍ബന്ധമെന്ന് കരുതി. അതിന്റെ തുടര്‍ച്ചയാണ് കേരളത്തിലെ മുതിര്‍ന്നവര്‍ക്കായുള്ള ഖുര്‍ആന്‍ പഠന കേന്ദ്രങ്ങള്‍.
വ്യക്തിസംസ്‌കരണ ചിന്തകള്‍, ആര്‍ദ്രമായ കുടുംബത്തെ കുറിച്ച ഉദ്‌ബോധനങ്ങള്‍, ഹദീസ് പഠനം, ദേശീയ-അന്തര്‍ദേശീയ വിഷയങ്ങളിലെ അവലോകനങ്ങള്‍, രാഷ്ട്രീയ-സാമൂഹിക പ്രശ്‌നങ്ങളെക്കുറിച്ച നിരൂപണങ്ങളും നിലപാടുകളും, ഇസ്‌ലാമിക ജീവിതത്തെ സംബന്ധിച്ചുയരുന്ന ചോദ്യങ്ങള്‍ക്കുള്ള ഉത്തരങ്ങള്‍- അങ്ങനെ ഇസ്‌ലാമിക ജീവിതത്തിന്റെ എല്ലാ അടരുകളോടും പ്രബോധനം പ്രതിബദ്ധപ്പെട്ടു കിടക്കുന്നു, ഓരോ ലക്കത്തിലും. അതിനാല്‍, ഇസ്‌ലാമിക പ്രവര്‍ത്തകന്റെ ആഴ്ചതോറുമുള്ള മുഖ്യമായൊരു ഇസ്‌ലാമിക പ്രവര്‍ത്തനമാണ് പ്രബോധനത്തിന്റെ വായന. വാരാന്തയോഗങ്ങള്‍ ഇസ്‌ലാമിക പ്രവര്‍ത്തനത്തെ കുറിച്ച ആലോചനയും അത് ആവിഷ്‌കരിക്കാനുള്ള ശ്രമവുമാണെങ്കില്‍, പ്രബോധനം അതിനെ നവീകരിച്ചുകൊണ്ടേയിരിക്കുന്നു. അപ്പോള്‍ വായിക്കുക എന്നതുപോലെ വായിപ്പിക്കുക എന്നതും ഒരിസ്‌ലാമിക പ്രവര്‍ത്തനമാണ്.
2016 ഡിസംബര്‍ ഒന്നു മുതല്‍ ഒരാഴ്ച പ്രബോധനം പ്രചാരണ കാമ്പയിനാണ്. ജില്ലാസമ്മേളനങ്ങളുടെ പ്രചാരണത്തിന്റെ ഭാഗം തന്നെയാണ് പ്രബോധനം കാമ്പയിനും. കാരണം സമ്മേളനമുയര്‍ത്തുന്ന സന്ദേശമാണ് പ്രബോധനത്തിനും പറയാനുള്ളത്. പുതിയൊരു മനുഷ്യനിലേക്ക് പ്രബോധനം എത്തുന്നതിലൂടെ ഒരിസ്‌ലാമിക പ്രവര്‍ത്തകന്‍ ചുമതലപ്പെട്ടിരിക്കുന്ന ഉത്തരവാദിത്തത്തിന്റെ വലിയൊരു പങ്ക് നിര്‍വഹിക്കാന്‍ സാധിക്കും. അതിനാല്‍, എല്ലാ വിഭാഗം ജനങ്ങള്‍ക്കും പ്രബോധനം എത്തിക്കുക. അവര്‍ നമ്മെയും നമ്മുടെ നിലപാടുകളെയും ആദര്‍ശത്തെയും അറിയട്ടെ; സമുദായത്തിനകത്തുള്ളവരാവട്ടെ, ഇതര മതസ്ഥരാവട്ടെ. ഒന്നുറപ്പുണ്ട്, ഇസ്‌ലാമിനെ കുറിച്ച് അവര്‍ നല്ലതേ വിചാരിക്കൂ. ചേര്‍ക്കപ്പെടുന്ന ഓരോ വരിയും പതിന്മടങ്ങായി ആകാശങ്ങളില്‍ കുറിക്കപ്പെടും.
Comments