മനുഷ്യജീവിതത്തിനൊരു ഓര്‍മപ്പെടുത്തല്‍
യാദൃഛികതകള്‍ നിറഞ്ഞതാണ് നൈമിഷികമായ മനുഷ്യജീവിതം. നാളേക്ക് വിധിനിയന്താവ് എന്താണ് ഒരുക്കിവെച്ചിരിക്കുന്നത് എന്ന് പ്രവചിക്കുക മനുഷ്യന് സാധ്യമല്ല. ശാന്തമായി മുന്നോട്ടു ഗമിക്കുന്നതിനിടയില്‍ പെട്ടെന്നായിരിക്കും ജീവിതതാളം നഷ്ടപ്പെടുന്നത്. ഇങ്ങനെ വീണുപോയ കനലെരിയുന്ന ജീവിതങ്ങള്‍ പകര്‍ത്തിവെച്ചതാണ് എ.യു റഹീമ രചിച്ച് ഐ.പി.എച്ച് പ്രസിദ്ധീകരിച്ച നൊമ്പരപ്പൂക്കള്‍. കണ്ണുനിറഞ്ഞുകൊണ്ടല്ലാതെ വായിച്ചുതീര്‍ക്കാന്‍ കഴിയില്ല ഈ കൊച്ചുപുസ്തകം.
എണ്ണിത്തീര്‍ക്കാന്‍ കഴിയാത്ത അനുഗ്രഹങ്ങള്‍ ആസ്വദിച്ചുകൊണ്ടാണ് നാം ഭൂമിയില്‍ ജീവിക്കുന്നത്. പക്ഷേ അവ തിരിച്ചറിഞ്ഞ് കൃതജ്ഞതാപൂര്‍വം ജീവിക്കുന്നതിനു പകരം ഭൗതിക സുഖങ്ങളെ ആസക്തിയോടെ വാരിപ്പുണരുകയാണ് അധികപേരും. ജീവിതയാത്രയില്‍ അക്ഷരാര്‍ഥത്തില്‍ നിരാലംബരായിപ്പോയ കുറേ മനുഷ്യരുടെ നേര്‍ചിത്രങ്ങള്‍ വരച്ചുകാണിക്കുന്ന നൊമ്പരപ്പൂക്കള്‍ നാം അനുഭവിക്കുന്ന അനുഗ്രഹങ്ങളുടെ ആഴം വീണ്ടും വീണ്ടും നമ്മെ ഓര്‍മപ്പെടുത്തുന്നു. കൈപ്പിഴ, ഇരുപത്തൊന്നാം വാര്‍ഷികം, അനുഭവങ്ങളുടെ തീക്കാറ്റ്, ദുര്‍വൃത്തിയുടെ ദുരന്തങ്ങള്‍, നിലച്ചുപോയ താളം, പാഴ്‌ച്ചെലവ്, മുള്‍ക്കിരീടം, കഴുത്തറ്റു പോയ പുഞ്ചിരി തുടങ്ങി 15-ലധികം അധ്യായങ്ങളുണ്ട് പുസ്തകത്തില്‍.
നീരു വന്നു വീര്‍ത്ത കാല്‍ വളക്കാനോ നിലത്തിരുന്ന് അടുപ്പില്‍ തീ കത്തിക്കാനോ കഴിയാത്ത, ആരോരുമില്ലാത്ത ആമിനയുമ്മക്ക് വസ്ത്രങ്ങള്‍ അലക്കിക്കൊടുക്കുകയും വെള്ളം കോരിക്കൊടുക്കുകയും ചെയ്യുന്ന അയല്‍വാസി വൃദ്ധയായ സരസ്വതിയമ്മ; സൗഹൃദം കൈവിട്ടുപോവുകയും മതത്തിന്റെ പേരില്‍ മാനുഷിക ബന്ധങ്ങള്‍ അറുത്തു മാറ്റാനുള്ള കുത്സിത ശ്രമങ്ങള്‍ നടന്നുകൊണ്ടിരിക്കുകയും ചെയ്യുന്ന ഈ ആസുരകാലത്തും നമ്മുടെ നാട്ടിന്‍പുറങ്ങളില്‍ നിലനില്‍ക്കുന്ന ഹൃദ്യമായ മനുഷ്യബന്ധങ്ങളെ അടയാളപ്പെടുത്തുന്നു.
ജോലിയില്‍നിന്ന് വിരമിച്ചവരും പ്രവാസജീവിതം അവസാനിപ്പിച്ചവരുമൊക്കെ ഇനിയെന്ത് എന്ന ചോദ്യം ഉയര്‍ത്തുന്നതു കാണാം. ജീവസന്ധാരണത്തിന് ആവശ്യമായ സാമ്പത്തിക ഭദ്രത കൈവരിച്ചതുകൊണ്ട് ജീവിതം വിശ്രമിച്ചുതീര്‍ക്കുന്നവരാണ് അവരില്‍ നല്ലൊരു വിഭാഗവും. ആധുനിക സൗകര്യങ്ങള്‍ ഒരുക്കിത്തന്ന ജീവിതക്രമം മൂലം ധാരാളം ഒഴിവുസമയമുള്ള വീട്ടമ്മമാരും അനവധിയുണ്ട്. ഇത്തരക്കാര്‍ക്ക് കൃത്യമായ ഉത്തരം ഈ കൊച്ചു പുസ്തകം പറഞ്ഞുതരുന്നു.
Comments