Prabodhanm Weekly

Pages

Search

2016 ഡിസംബര്‍ 02

2978

1438 റബീഉല്‍ അവ്വല്‍ 02

മുഖംമൂടിയില്ലാതെ ഒരു അമേരിക്കന്‍ പ്രസിഡന്റ്

ടി.കെ.എം ഇഖ്ബാല്‍

അമേരിക്കയുടെ പുതിയ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട ഡൊണാള്‍ഡ് ട്രംപിന്റെ അട്ടിമറി വിജയം അമേരിക്കന്‍ കുത്തക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത് 'ഞെട്ടലോ'ടെയായിരുന്നു. അമേരിക്കന്‍ മീഡിയയും എസ്റ്റാബ്ലിഷ്‌മെന്റും മാത്രമല്ല, ലോകം മുഴുവന്‍  ഞെട്ടി. ചരിത്രപ്രധാനമാണ് ഈ ഞെട്ടല്‍. അമേരിക്കന്‍ പ്രസിഡന്റുമാര്‍ കാലങ്ങളായി കാത്തുസൂക്ഷിച്ചുപോന്ന കപട നയതന്ത്രഭാഷ ഉപേക്ഷിച്ച് പച്ചയായ വംശീയതയും മുസ്‌ലിം വിദ്വേഷവും സ്ത്രീവിരോധവും ജനാധിപത്യവിരുദ്ധതയും പ്രസംഗിച്ച് ഒരാള്‍ 'ഏറ്റവും വലിയ' ജനാധിപത്യരാജ്യത്തിന്റെ പ്രസിഡന്റ് പദവിയിലേക്ക് കയറിപ്പറ്റുന്നത് അമ്പരപ്പോടും അവിശ്വാസത്തോടും കൂടിയാണ് ലോകം കണ്ടുനിന്നത്. അമേരിക്കന്‍ ജനാധിപത്യത്തിന് ചുറ്റും കെട്ടിപ്പൊക്കിയ ഒരുപാട് മിഥ്യകളാണ് സ്വന്തം വാക്കുകളിലൂടെയും ശരീരഭാഷയിലൂടെയും അതിലൂടെ നേടിയെടുത്ത തിളക്കമാര്‍ന്ന വിജയത്തിലൂടെയും ട്രംപ് തകര്‍ത്തുകളഞ്ഞത്.  ട്രംപിനെ തോല്‍പിക്കുന്നതില്‍ അമേരിക്കന്‍ ജനത പരാജയപ്പെട്ടത് ജനാധിപത്യത്തിന്റെ തന്നെ പരാജയമായി വിലയിരുത്തണം. 

'പ്രവചനാതീതന്‍' (Unpredictable) എന്ന വാക്ക് അമേരിക്കന്‍ നയതന്ത്ര ഭാഷയില്‍ സാധാരണ ഉപയോഗിക്കുന്നത്, തങ്ങളുടെ ചൊല്‍പടിക്ക് നില്‍ക്കാത്ത മിഡിലീസ്റ്റിലെയും ലാറ്റിനമേരിക്കയിലെയും ഭരണാധികാരികളെ വിശേഷിപ്പിക്കാന്‍ വേണ്ടിയാണ്. ചരിത്രത്തിലാദ്യമായി സ്വന്തം പ്രസിഡന്റിനെ വിശേഷിപ്പിക്കാന്‍ അതേ വാക്ക് അമേരിക്കന്‍ മാധ്യമങ്ങള്‍ക്ക് ഉപയോഗിക്കേണ്ടിവന്നത് വിധിവൈപരീത്യമാവാം.

വൈറ്റ് ഹൗസിലും കിറുക്കന്മാര്‍ക്ക് പ്രവേശനമുണ്ടെന്ന് ട്രംപ് തെളിയിച്ചു. പെന്റഗണിന്റെയും സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റിന്റെയും രീതികള്‍ വേണ്ടത്ര വശമില്ലാത്ത ഈ കച്ചവടക്കാരനെ അമേരിക്കന്‍ എസ്റ്റാബ്ലിഷ്‌മെന്റ് പോലും ഭയക്കുന്നു എന്നതാണ് യാഥാര്‍ഥ്യം.

അമേരിക്കന്‍ ജനത എന്തുകൊണ്ട് ട്രംപിനെ തെരഞ്ഞെടുത്തു എന്നതിനെക്കുറിച്ച് ഒരുപാട് വിശകലനങ്ങള്‍ നടന്നുകഴിഞ്ഞു. തങ്ങള്‍ കാലങ്ങളായി കേട്ടുമടുത്ത ഹിലരിയുടെ തേച്ചുമിനുക്കിയ വാദങ്ങളേക്കാള്‍ ട്രംപിന്റെ പരുക്കന്‍ തുറന്നുപറച്ചിലുകളെ ജനങ്ങള്‍ ഇഷ്ടപ്പെട്ടതാവാം ഒരു കാരണം. അമേരിക്കന്‍ മാധ്യമങ്ങള്‍ ട്രംപിന് നല്‍കിയ നെഗറ്റീവ് പബ്ലിസിറ്റി അത്ഭുതകരമാംവിധം അദ്ദേഹത്തിന് അനുകൂലമായി മാറുന്നതാണ് തെരഞ്ഞെടുപ്പില്‍ കണ്ടത്. അമേരിക്കക്കാരുടെ മനസ്സില്‍ ആണ്ടിറങ്ങിയ ഒരുപാട് ഫോബിയകളുടെ പുറത്താണ് ട്രംപ് തന്റെ വിജയം കെട്ടിപ്പടുത്തത്. മിഡിലീസ്റ്റ് രാഷ്ട്രീയത്തിന്റെ സങ്കീര്‍ണതകളിലേക്കോ അമേരിക്കയുടെ വിദേശനയത്തിന്റെ വിശദാംശങ്ങളിലേക്കോ കടന്നുചെല്ലാതെ, തന്റെ കാമ്പയിന്‍ മുഴുവന്‍ 'ഭീകരവാദത്തെ ഇല്ലാതാക്കുക' എന്ന ഒരു പോയിന്റില്‍ കേന്ദ്രീകരിച്ചു. 'ഇസ്‌ലാമിക് സ്റ്റേറ്റി'നെ ഉന്മൂലനം ചെയ്യുമെന്ന് സവിശേഷമായ ശരീര ഭാഷയില്‍ ട്രംപ് അമേരിക്കന്‍ ജനതക്ക് ഉറപ്പുനല്‍കി. ഐ.എസ് അമേരിക്കന്‍ താല്‍പര്യങ്ങള്‍ക്ക് ഒരിക്കല്‍ പോലും വെല്ലുവിളി ഉയര്‍ത്തിയിട്ടില്ല എന്നറിയാഞ്ഞിട്ടല്ല, 9/11 അമേരിക്കന്‍ ജനതയുടെ മനസ്സില്‍ കൊത്തിവെച്ച ഭയപ്പാടിനെ സമര്‍ഥമായി വോട്ടാക്കി മാറ്റുകയായിരുന്നു അദ്ദേഹം. കുടിയേറ്റക്കാര്‍ക്കെതിരെ യുദ്ധം പ്രഖ്യാപിച്ചപ്പോഴും മുസ്‌ലിംകളെ അമേരിക്കയില്‍നിന്ന് പുറന്തള്ളുമെന്ന് ആക്രോശിച്ചപ്പോഴും, കോളേജ് വിദ്യാഭ്യാസം നേടിയവരും അല്ലാത്തവരുമായ വലിയൊരു വിഭാഗം വെളുത്ത അമേരിക്കക്കാരുടെ സ്വപ്‌നങ്ങള്‍ക്ക് ചിറക് നല്‍കുകയായിരുന്നു ട്രംപ്. കുത്തക മാധ്യമങ്ങള്‍ക്ക് ട്രംപിനേക്കാള്‍ പ്രിയം ഹിലരിയോടായിരുന്നു. പക്ഷേ, മീഡിയ നേരത്തേ പാകമാക്കിവെച്ച ഇസ്‌ലാമോഫോബിയയുടെ മണ്ണിലാണ് ട്രംപ് വിത്തെറിഞ്ഞതും വിള കൊയ്തതും. 'ലോക രക്ഷകന്‍' എന്ന അമേരിക്കയുടെ നഷ്ടമായ ഇമേജ് തിരിച്ചുപിടിക്കും എന്ന് വീമ്പു പറഞ്ഞ ഹിലരിയേക്കാള്‍, അമേരിക്കയെ രക്ഷിക്കാനായിരിക്കും തന്റെ ശ്രമം എന്ന് പ്രഖ്യാപിച്ച ട്രംപിനെ ജനങ്ങള്‍ സ്വീകരിച്ചതില്‍ അത്ഭുതപ്പെടാനില്ല.

പ്രവചനാതീതനായ ട്രംപ് ലോക രാഷ്ട്രീയത്തെ പൊതുവിലും സംഘര്‍ഷഭരിതമായ പശ്ചിമേഷ്യന്‍ രാഷ്ട്രീയത്തെ വിശേഷിച്ചും എങ്ങനെയൊക്കെ സ്വാധീനിക്കും എന്നതിനെക്കുറിച്ച പ്രവചനങ്ങള്‍ ആരംഭിച്ചുകഴിഞ്ഞു. ട്രംപിന്റെ നിലപാടുകളിലെ വൈരുധ്യങ്ങള്‍ നിരീക്ഷകര്‍ ചൂണ്ടിക്കാണിക്കുന്നു. റഷ്യയുമായുള്ള ശീതയുദ്ധത്തിന് അന്ത്യംകുറിക്കുമെന്ന് സൂചന നല്‍കുന്ന ട്രംപ്, സിറിയയില്‍ റഷ്യന്‍ നിലപാടിനെ പിന്തുണച്ചാല്‍ മേഖലയിലെ അമേരിക്കയുടെയും ഇസ്രയേലിന്റെയും താല്‍പര്യങ്ങളെ എങ്ങനെ സംരക്ഷിക്കും എന്ന ചോദ്യം ബാക്കിനില്‍ക്കുന്നു. മറുവശത്ത്, ഇറാനോടും ആണവകരാറിനോടുമുള്ള എതിര്‍പ്പ് ട്രംപ് പരസ്യമായി പ്രകടിപ്പിച്ചുകഴിഞ്ഞിട്ടുണ്ട്. ഇസ്രയേല്‍-ഫലസ്ത്വീന്‍ സംഘര്‍ഷത്തിന് ശാശ്വത പരിഹാരം കാണുമെന്ന് തുടക്കത്തില്‍ പ്രഖ്യാപിച്ച ട്രംപ്, പിന്നീട് അമേരിക്കയിലെ ശക്തമായ ജൂത കൂട്ടായ്മയായ ഐപാകുമായുള്ള (AIPAC) മുഖാമുഖത്തില്‍ ഫലസ്ത്വീന്‍ രാഷ്ട്രം എന്ന ആശയത്തെ തള്ളിപ്പറയുകയും താന്‍ ഇസ്രയേലിന്റെ കൂടെ ഉറച്ചുനില്‍ക്കുമെന്ന് പ്രഖ്യാപിക്കുകയും ചെയ്തു. ട്രംപിന്റെ വിജയത്തില്‍ ആഹ്ലാദം രേഖപ്പെടുത്തിയവരുടെ മുന്‍നിരയില്‍ തീവ്ര നിലപാടുകള്‍ക്ക് പേരുകേട്ട ഇസ്രയേലിലെ വിദ്യാഭ്യാസമന്ത്രി ഉള്‍പ്പെടെ നിരവധി ജൂതന്മാര്‍ ഉണ്ടായിരുന്നു.

അമേരിക്ക ഇതുവരെ പിന്തുടര്‍ന്നുവന്ന നയതന്ത്ര ചട്ടക്കൂട് ഭേദിച്ച് ട്രംപ് എന്തെങ്കിലും അത്ഭുതങ്ങള്‍ കാണിക്കുമെന്ന് പലരും വിശ്വസിക്കുന്നില്ല. അതേസമയം, അദ്ദേഹത്തിന്റെ വാക്കുകള്‍ മുഴുവന്‍ ഇലക്ഷന്‍ ഗിമ്മിക്കുകളായി തള്ളിക്കളയുന്നതും അസ്ഥാനത്താവും. സ്വഭാവവും പ്രകൃതവും വെച്ചു നോക്കിയാല്‍ പുടിന്റെ മാത്രമല്ല, മിഡിലീസ്റ്റിലെ ഏകാധിപതികളുടെയും ഒരു നല്ല  ചങ്ങാതിയായിരിക്കും ട്രംപ് എന്നാണ് ഒരു വിലയിരുത്തല്‍. സീസിക്കും ബശ്ശാറിനും മറ്റു അറബ് ഭരണാധികാരികള്‍ക്കും പുതിയ അമേരിക്കന്‍ പ്രസിഡന്റ് ആത്മധൈര്യം പകര്‍ന്നുനല്‍കിയേക്കും. ഒബാമയുടെ നയം തിരുത്തിക്കൊണ്ട് സുഊദിയുമായുള്ള അമേരിക്കയുടെ പരമ്പരാഗത സൗഹൃദം ട്രംപ് പുനഃസ്ഥാപിച്ചാല്‍ പോലും അത്ഭുതപ്പെടാനില്ല എന്ന് കരുതുന്ന നിരീക്ഷകരുണ്ട്.

മിഡിലീസ്റ്റില്‍ അമേരിക്ക തുടര്‍ന്നുവരുന്ന നയം സുന്നികളെയും ശീഈകളെയും, സുന്നികളെയും സുന്നികളെയും തമ്മിലടിപ്പിച്ച് ദുര്‍ബലമാക്കി, ഇസ്രയേലിന്റെ സുരക്ഷ ഉറപ്പുവരുത്തുക എന്നതാണ്. രക്തരൂഷിതമായ വംശീയ സംഘര്‍ഷങ്ങള്‍ക്ക് സാക്ഷ്യം വഹിക്കുന്ന ഇറാഖിലും സിറിയയിലും ഈ സൃഗാലതന്ത്രമാണ് വിജയകരമായി നടപ്പാക്കപ്പെട്ടുകൊണ്ടിരുന്നത്. മേഖലയില്‍ ഇസ്രയേലിന് ഏറ്റവും ശക്തവും സമീപസ്ഥവുമായ സൈനിക ഭീഷണി സദ്ദാം ഹുസൈന്റെ ഇറാഖായിരുന്നു. ഇറാഖിനെ ഛിന്നഭിന്നമാക്കിയ ശേഷം, ഇറാനും ഹിസ്ബുല്ലയുമാണ് സയണിസ്റ്റ് രാഷ്ട്രത്തിന്റെ മുന്നിലുള്ള അവശേഷിക്കുന്ന വെല്ലുവിളി. ശത്രുവിന്റെ ശത്രു മിത്രം എന്നതാണ് ഇപ്പോള്‍ മിഡിലീസ്റ്റ് രാഷ്ട്രീയത്തിന്റെ അടിസ്ഥാന സമവാക്യം. ഇറാനെ പൊതുശത്രുവായി കാണുന്നതുകൊണ്ടാണ് സുഊദി മാത്രമല്ല, തുര്‍ക്കിയും ഇപ്പോള്‍ ഇസ്രയേലുമായി നല്ല ബന്ധം കാത്തുസൂക്ഷിക്കാന്‍ ശ്രമിക്കുന്നത് എന്ന വിശകലനം അത്രയെളുപ്പം തള്ളിക്കളയാവുന്നതല്ല. ട്രംപ് സിറിയന്‍ വിഷയത്തില്‍ റഷ്യക്കും അസദിനും അനുകൂല നിലപാട് സ്വീകരിക്കുക എന്നതിന്റെ അര്‍ഥം ഇറാന് മേഖലയില്‍ മേല്‍ക്കൈ നേടാന്‍ സഹായിക്കുക എന്നായിരിക്കും. ഇത് ഇസ്രയേലിന്റെ ഇപ്പോഴത്തെ താല്‍പര്യങ്ങളുമായി ഒത്തുപോകുന്നതല്ല. ഐ.എസ് അല്ല ഇറാനാണ് ഇസ്രയേലിന്റെ മുഖ്യശത്രു എന്ന് ഇസ്രയേല്‍ പ്രതിരോധമന്ത്രി മോഷെ യാലോന്‍ മാസങ്ങള്‍ക്കു മുമ്പ് നടത്തിയ ഒരു പ്രസ്താവനയില്‍ തുറന്നു പറയുകയുണ്ടായി.  ഇസ്രയേല്‍ വഹാബി തീവ്രവാദികളെ മൊഴിചൊല്ലി, ഷായുടെ കാലത്ത് ഇറാനുമായി ഉണ്ടായിരുന്ന തരത്തിലുള്ള ഊഷ്മള ബന്ധം പുനഃസ്ഥാപിക്കണം എന്ന് വാദിക്കുന്ന ജൂത ബുദ്ധിജീവികള്‍ ഉണ്ടെന്നത് നേരാണ്. പക്ഷേ, സമകാലിക മിഡീലിസ്റ്റ് രാഷ്ട്രീയത്തില്‍ ഒരേസമയം ഇസ്രയേലിന്റെയും  സുഊദിയുടെയും തുര്‍ക്കിയുടെയും  മറുപക്ഷത്താണ് ഇറാന്‍. ഈ സങ്കീര്‍ണ സമവാക്യങ്ങളെ ട്രംപ് എങ്ങനെ കൈകാര്യം ചെയ്യുന്നു എന്ന് കാത്തിരുന്നു കാണണം.

റഷ്യ, ചൈന, ഫ്രാന്‍സ് ഉള്‍പ്പെടെ യു.എന്‍ സെക്യൂരിറ്റി കൗണ്‍സിലിലെ അഞ്ച് അംഗങ്ങളും അതിന് പുറമെ ജര്‍മനിയും ഉള്‍പ്പെട്ട ഇറാന്‍ ആണവകരാറില്‍നിന്ന് അമേരിക്കക്ക് ഏകപക്ഷീയമായി പിന്‍വാങ്ങാന്‍ കഴിയുമെന്ന് ട്രംപിന്റെ ഉപദേശകര്‍ പോലും വിശ്വസിക്കുന്നില്ല. ഇറാനെതിരെ അമേരിക്ക പുതിയ ഉപരോധങ്ങള്‍ കൊണ്ടുവന്നാല്‍ മറ്റു കക്ഷികളുടെ പിന്തുണയില്ലാതെ വിജയിക്കാന്‍ സാധ്യത കുറവാണ്. കരുതലോടെയാണ് ട്രംപിന്റെ നിലപാടുകളെ ഇറാന്‍ നിരീക്ഷിക്കുന്നത്. 'ഇറാനെ ഇല്ലാതാക്കും' എന്ന് ഒരിക്കല്‍ ഭീഷണി മുഴക്കിയ ഹിലരിയേക്കാള്‍ ഭേദം ട്രംപ് തന്നെ എന്ന് വിശ്വസിക്കുകയും പറയുകയും ചെയ്യുന്ന ശീഈ മത നേതാക്കന്മാരുണ്ട്. സിറിയയില്‍ ട്രംപ് റഷ്യക്കും അസദിനും അനുകൂലമായി നിലപാട് സ്വീകരിച്ചാല്‍ അത് ഇറാനെയും ഹിസ്ബുല്ലയെയും ശക്തരാക്കും എന്ന് അവര്‍ കരുതുന്നു. ഡെമോക്രാറ്റുകളേക്കാള്‍ റിപ്പബ്ലിക്കന്‍സുമായി മാനസികപ്പൊരുത്തമുള്ള ചില അറബ് നേതാക്കള്‍ ട്രംപ് തങ്ങളെ കൈവെടിയുകയില്ലെന്ന് ആശ്വസിക്കുന്നതു പോലെ.

വഹാബി തീവ്രവാദത്തെ ഇല്ലാതാക്കുമെന്നും ഐസിസിനെ തുടച്ചുനീക്കുമെന്നും ശപഥം ചെയ്ത ട്രംപ് മിഡിലീസ്റ്റ് എന്ന ചതുരംഗപ്പലകയില്‍ ഈ ഭീകര ഗ്രൂപ്പിനെ എവിടെ പ്രതിഷ്ഠിക്കും എന്നതും കണ്ടറിയേണ്ടതാണ്. തങ്ങളുടെ ആശയവും അധികാരവും അംഗീകരിക്കാത്ത എല്ലാവരുമായും യുദ്ധത്തിലാണ് ഐ.എസ്. മൂസ്വിലില്‍ ഇറാഖി സൈന്യവുമായും സിറിയയില്‍ സുന്നി-ശീഈ മിലീഷ്യകളുമായും അവര്‍ ഏറ്റുമുട്ടുന്നു. പലപ്പോഴും അധിനിവേശകരുടെ കരുവായി മാറിയിട്ടുള്ള ഐ.എസ് സ്വയം ഒരു അധിനിവേശ ശക്തിയാണ്. സുന്നീ മിലീഷ്യകള്‍ക്കു വേണ്ടി ഒരുക്കിയ ഇറാഖിലെ തടങ്കല്‍പാളയങ്ങളില്‍നിന്ന് ഉത്ഭവിച്ച്, അറബ് സംഘര്‍ഷങ്ങളെ ചെഞ്ചായമണിയിക്കുന്നതില്‍ നിര്‍ണായക പങ്കുവഹിച്ച ഭീകര സംഘം. ഐ.എസിനെതിരെ ഒരു നിര്‍ണായക യുദ്ധത്തിലേക്ക് അമേരിക്ക പോകുമോ എന്നത് മേഖലയിലെ ശാക്തിക സന്തുലനവുമായി കെട്ടുപിണഞ്ഞു കിടക്കുന്ന ചോദ്യമാണ്. 

ഒബാമയായാലും ഹിലരിയായാലും ട്രംപ് ആയാലും ഫലസ്ത്വീനികള്‍ക്ക് കഞ്ഞി കുമ്പിളില്‍ തന്നെ. ഇസ്രയേലിന് അധിനിവേശം നിര്‍ബാധം തുടരാനുള്ള മൗനാനുവാദം ട്രംപ് നല്‍കിയാല്‍ അതിശയിക്കാനില്ല. ഫലസ്ത്വീനികള്‍ക്ക് സ്വന്തമായ ഒരു രാഷ്ട്രം എന്ന സ്വപ്‌നം സ്വപ്‌നമായിത്തന്നെ അവശേഷിക്കും. ജറൂസലം ആസ്ഥാനമായുള്ള ഫലസ്ത്വീന്‍ രാഷ്ട്രം എന്ന ആശയത്തിന് ചരമക്കുറിപ്പെഴുതാന്‍ അമേരിക്ക അതിന്റെ നയതന്ത്ര കാര്യാലയം തെല്‍അവീവില്‍നിന്ന് ജറൂസലമിലേക്ക് മാറ്റണം എന്ന ആവശ്യം സയണിസ്റ്റ് തീവ്രവാദികള്‍ ട്രംപിന്റെ മുന്നില്‍ ഉയര്‍ത്തിക്കഴിഞ്ഞു.

എല്ലാ നിരീക്ഷകരും ഒരുമിച്ചുനില്‍ക്കുന്ന ഒരു ബിന്ദുവുണ്ട്. അറബ് ലോകത്തിന്റെ 'ജനാധിപത്യവത്കരണം' എന്ന കപടനാടകം ട്രംപിന്റെ കീഴില്‍ അമേരിക്ക തുടരാന്‍ വഴിയില്ല എന്ന്. സ്വാതന്ത്ര്യപ്പോരാളികളെ പിന്തുണക്കുന്നുവെന്ന് നടിക്കുകയും നിര്‍ണായക സന്ധികളിലെല്ലാം  മര്‍ദകരായ ഏകാധിപതികളെ പിന്നില്‍നിന്ന് താങ്ങുകയും  ചെയ്യുന്ന പതിവു ശൈലിക്ക് പകരം അറബ് ലോകത്തെ ആഭ്യന്തര സംഘര്‍ഷങ്ങളില്‍നിന്ന് മാറിനില്‍ക്കുക എന്ന നയമാണ് ട്രംപ് മുന്നോട്ടുവെക്കുന്നത്. അറബ് ജനതയുടെ ഭാഗധേയം അവര്‍ക്കുതന്നെ വിട്ടുകൊടുക്കുന്ന ഗുണപരമായ ഒരു നിലപാടിലേക്ക് ഇത് പരിണമിക്കുമെന്ന് അമേരിക്കയുടെ ഇതുവരെയുള്ള ചരിത്രം വെച്ച് നോക്കുമ്പോള്‍ പ്രതീക്ഷിക്കാന്‍ വയ്യ. അമേരിക്കന്‍ ഇടപെടല്‍ ഇല്ലായിരുന്നെങ്കില്‍ മിഡിലീസ്റ്റിന്റെ ചിത്രം തന്നെ മറ്റൊന്നാകുമായിരുന്നല്ലോ. ട്രംപിന്റെ ലോകക്രമത്തില്‍ ജനതകളുടെ സ്വാതന്ത്ര്യാഭിലാഷങ്ങളെ ചോരയില്‍ മുക്കിക്കൊല്ലുന്ന ഏകാധിപതികള്‍ക്ക് സൈ്വരവിഹാരം സാധ്യമായേക്കും. ഇത് പുതിയതരം സംഘര്‍ഷങ്ങളിലേക്കും മറ്റൊരു ലോകക്രമത്തിലേക്കും വഴിതെളിച്ചുകൂടായ്കയില്ല. 


Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-25 / അല്‍ ഫുര്‍ഖാന്‍ /(33-37)
എ.വൈ.ആര്‍